22/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 03

രചന – ഷംസിയ ഫൈസൽ

അവസാനമായി ഒരു കാര്യം കൂടെ പറഞ്ഞേക്കാം
നിന്‍റെ കഴുത്തില്‍ ഒരു താലി വീഴുന്നുണ്ടെങ്കില്‍ അതെന്‍റെ കൈ കൊണ്ടായിരിക്കും!!!,,,

അഭിനന്ദ് ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി

അവന്‍റെ വാശിയോടെയുള്ള സംസാരം കേട്ടതും അവള്‍ തളര്‍ച്ചയോടെ ബെഡിലിരുന്നു

അവന്‍റെ അവസാന വാക്കുകള്‍ അവളെ ചെവിയില്‍ മുഴങ്ങി കേട്ടുകൊണ്ടിരുന്നു

ചെവി രണ്ടും പൊത്തി പിടിച്ച് കണ്ണ് ഇറുകെ അടച്ച് തലയണയില്‍ മുഖം അമര്‍ത്തി കിടന്നു

കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിന് അവസാനമുണ്ടായിരുന്നില്ല

”ദച്ചൂ..,,മോളെ വാതില്‍ തുറക്ക്.,,

അച്ഛന്‍റെ ശബ്ദം കേട്ടവള്‍ ചാടി എണീറ്റു

എത്രനേരം കരഞ്ഞെന്നറിയില്ല

കണ്ണ് അമര്‍ത്തി തുടച്ചവള്‍ മുഖം കണ്ണാടിയില്‍ നോക്കി

കണ്ണും മുഖവും ചുവന്ന് ചീര്‍ത്തിട്ടുണ്ട്

കണ്ണിനും തലക്കും വല്ലാത്തൊരു വേദന തോന്നിയവള്‍ക്ക്

ഇങ്ങനെ ഒരു കോലത്തില്‍ അച്ഛന്‍ കണ്ടാല്‍ ആകെ പ്രശ്നമാകും

അഭിനന്ദിന് വേണ്ടിയിനി കരയില്ലെന്ന് അച്ഛന് വാക്ക് കൊടുത്തതാണ്

”ദച്ചൂ…!!!

വീണ്ടും അച്ഛന്‍ ഡോറില്‍ മുട്ടിയതും രണ്ടും കല്പിച്ചവള്‍ മുറിയുടെ വാതില്‍ തുറന്നു

”നീയെന്തെടുക്കാ ദച്ചൂ മുറിക്കുള്ളില്‍ എന്താ ഇത്ര താമസം വാതില്‍ തുറക്കാന്‍.,,

അച്ഛന്‍ അകത്തോട്ട് കയറി വന്നു
കൈയ്യില്‍ മെഡിക്കല്‍ ഷോപ്പിലെ കവറുമുണ്ട്

”ഞാനൊന്ന് ഉറങ്ങി പോയച്ഛാ,,

ദച്ചു മാക്സിമമം അച്ഛന് മുഖം കൊടുക്കാതെ നിന്നു

”നിന്‍റെ അമ്മ വിളിച്ച് പറഞ്ഞിരുന്നു എവിടെയോ വീണ് മുറിവും പറ്റി വന്നിട്ടുണ്ടെന്ന്.,
സൂക്ഷിച്ച് നടന്നൂടെ മോളെ നിനക്ക്‌,,

അച്ഛന്‍ അവളെ തലയില്‍ തലോടി

”മഴ അല്ലെ അച്ഛാ നല്ല വഴുക്കലാ,
ഒന്ന് സ്ലിപ്പായി വീണതാ.,
വേറെ കുഴപ്പൊന്നുല്ല.,

ദച്ചു അച്ഛന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു

”നീയൊന്നെന്‍റെ മുഖത്തേക്ക് നോക്കിക്കെ.,
നീ കരഞ്ഞോ ദച്ചൂ..,,നിനക്കെന്തേലും പ്രശ്നം ഉണ്ടോ?

അവളെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റി അച്ഛന്‍ ചോദിച്ചു

”അ..അതോ അത് പിന്നെ അച്ഛാ..,,
എനിക്കെന്തോ തലവേദനയൊക്കെ.,
മുറിവൊക്കെ നല്ല വേദന.,
അതാ..,,

ദച്ചു അച്ഛന് മുന്നിലൊന്ന് പതറി

”ഹ്മ് ശെരി.,നോക്കട്ടെ.,,

അച്ഛന്‍ അവളെ കൈയ്യിലും കാലിലുമെല്ലാം പിടിച്ച് നോക്കി

”കൈയ്യിലെ മുറിവിത്തിരി വലുതാ.,
വാ മരുന്ന് കെട്ടിവെച്ച് തരാം.,,

അച്ഛന്‍ അവളെ സ്റ്റെഡി ടേബിളിനരികെയുള്ള ചെയറിലിരുത്തി

”അമ്മ ഒരുവട്ടം മരുന്ന് പുരട്ടി തന്നതാ അച്ഛാ.,

”അതൊന്നും ശെരിയായിട്ടില്ല.,
എന്‍റെ കെട്ട്യോളായോണ്ട് പറയല്ല സുമക്കൊരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നേ,
അതല്ലെ രോഗികളെങ്കിലും രക്ഷപ്പെടെട്ടേന്ന് കരുതി ഞാനിങ് കെട്ടികൊണ്ട് വന്നെ,,,

അച്ഛന്‍ ദച്ചൂനെ നോക്കി കണ്ണിറുക്കി അവളെ മുറിവ് ക്ലീന്‍ ചെയ്തു

”ദേ അച്ഛാ അമ്മ കേള്‍ക്കണ്ട.,,

അവളൊന്ന് ചിരിച്ചു

”അച്ഛന്‍റെ പൊന്ന് മോള് അവളോട് പറഞ്ഞേക്കല്ലെ.,
അവളെ തന്തക്ക് വിളിച്ചാലും കുഴപ്പല്ല പക്ഷെ സുമേടെ നേഴ്സിങിനെ കുറ്റം പറഞ്ഞാ എന്നെ കാലേ വാരി നിലത്തടിക്കും.,,

അച്ഛന്‍ പറയുന്നത് കേട്ട് ദച്ചു പൊട്ടിചിരിച്ചു

അച്ഛന്‍ മരുന്ന് പുരട്ടി ഒരു കോട്ടണ്‍ വെച്ച് മുറിവ് കെട്ടി

”സെറ്റ്., ഇനി നാളെ രാത്രി ഇത് അഴിച്ച് ഒന്നൂടെ മാറ്റി കെട്ടാം.,
മോള് കുറച്ച് കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ താഴത്തോട്ട് വയോ.,,

അച്ഛന്‍ പോയതും ദച്ചു ഡോറടച്ച് ചെയറില്‍ വന്നിരുന്നു

കുറച്ച് നോട്ട് കംപ്ലീറ്റ് ചെയ്യാനുണ്ടായിരുന്നു ഇനിയിപ്പോ ഏതായാലും മുറിവിന്‍റെ പേരും പറഞ്ഞ് ആരോടേലും കംപ്ലീറ്റ് ചെയ്യിപ്പിക്കാം.,

തന്‍റെ ബാഗ് കഴുകിയിട്ടത് കൊണ്ട് ദച്ചു അപ്പുറത്തുള്ള അവളെ ചേട്ടമ്മാരുടെ മുറിയില്‍ പോയി ഒരാളെ ബാഗെടുത്ത് കൊണ്ട് വന്ന് അവളെ ബുക്കെല്ലാം അതിലിട്ടു

കുറച്ച് കഴിഞ്ഞ് താഴേക്ക് പോയപ്പോ അമ്മയും അച്ഛനും കൂടെ അവളെ ചേട്ടമ്മാര്‍ക്ക് വീഡിയോ കോള്‍ ചെയ്യുന്നുണ്ട്

അവളത് മൈന്‍റ് ചെയ്യാതെ അടുക്കളയിലോട്ട് പോയി

”ദച്ചൂ..നിന്നെ ദീപുവും ദേവനും വിളിക്കുന്നു.,,

അമ്മ ഫോണും കൊണ്ട് അങ്ങോട്ട് വന്നു

”എന്നെ ആരും വിളിക്കണ്ട.,
ലോകത്തെ ആദ്യത്തെ ട്വിന്‍ ബ്രദേഴ്സ് അവരാണെന്നാ വിചാരം.,
എപ്പോയും രണ്ട് കൂടെ കറക്കം തന്നെ പണി.,
ആകെ ഒരു അനിയത്തി ഉള്ളതല്ലെ ഞാന്‍
എന്നെ കൊണ്ട് പോകോ.,
അതില്ല.,
എന്നെ ഇഷ്ടല്ല അത് തന്നെ കാരണം.,
ഞാനിനി ആരോടും കൂട്ടില്ല.,,

ദച്ചു അമര്‍ഷത്തോടെ ഫോണിലേക്ക് നോക്കാതെ പറഞ്ഞു

”ഞങ്ങള്‍ പോയപ്പോ നിന്നെ വിളിച്ചതല്ല ദച്ചൂ..,
നിനക്ക് കോളേജുണ്ടെന്നും പറഞ്ഞ് അമ്മയല്ലെ സമ്മതിക്കാതിരുന്നത്.,
അതിനീ പാവം ഏട്ടമ്മാരോട് പിണങ്ങണോ ദച്ചൂട്ട്യേ..,,

ദീപു ചോദിക്കുന്നത് കേട്ടതും അവള്‍ ഫോണിലൂടെ അവരെ നോക്കി കണ്ണുരുട്ടി

”എനിക്കൊന്നും കേള്‍ക്കണ്ട.,

ദച്ചു പ്ലേറ്റെടുത്ത് ചപ്പാത്തിയും കറിയുമെടുത്ത് പുറത്ത് സിറ്റ് ഒൗട്ടില്‍ വന്നിരുന്നു

രാത്രിയില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ എന്തോ അവള്‍ക്ക് വല്ലാത്ത ഇഷ്ടമാണ്

നീലാകാശത്ത് വിരിഞ്ഞ് നില്‍ക്കുന്ന താരകങ്ങളും അവക്കിടയിലെ ചന്ദ്രനും
കിളികളുടെ കിളിനാദവും ചീവീടിന്‍റെ ശബ്ദവുമെല്ലാം കഴിക്കുമ്പോള്‍ തന്നെ മനസ്സ് ശാന്തമാണ്

ചേട്ടമ്മാരുണ്ടെങ്കില്‍ അവരും കൂടെ കാണും
അവരുടെ കൂടെ കളിയും ചിരിയും കൂടെ ആകുമ്പോ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതി താനാണെന്ന് തോന്നും

കഴിച്ച് കഴിഞ്ഞ് ദച്ചു എണീറ്റ് അടുക്കളയിലേക്ക് പോയി അവിടെ അച്ഛനും അമ്മയും ഒരുമിച്ചിരുന്ന് കഴിക്കുന്നുണ്ട്

രണ്ടാളും പരസ്പരം പാരപണിയുമെങ്കിലും ഇന്നും ഇണക്കുരുവികളാണ്

”ദച്ചു മോളെ വേദന എങ്ങനെയുണ്ട് കുറഞ്ഞോ,
തലവേദനക്ക് മെഡിസിന്‍ വല്ലോം വേണോ നിനക്ക്.,,

”വേണ്ടച്ഛാ.,അതൊക്കെ നാളെ രാവിലെ ആകുമ്പോയേക്കും മാറിക്കോളും.,
എന്നാ ഞാന്‍ കിടക്കാന്‍ പോവാ.,
ഗുഡ് നൈറ്റ്.,,

രണ്ട് പേര്‍ക്കും ഉമ്മയും കൊടുത്തവള്‍ മുകളിലേക്ക് പോയി

ബെഡ് ഷീറ്റെല്ലാം ഒന്ന് നേരയാക്കി ഫോണ്‍ കൈയ്യിലെടുത്ത് കിടന്നു

കുറച്ച് സമയം ഫോണില്‍ കളിച്ചപ്പോ തന്നെ കൈ വല്ലാതെ വേദന എടുത്ത് തുടങ്ങിയതും അലാറം സെറ്റ് ചെയ്ത് വെച്ച് കണ്ണടച്ച് കിടന്നു

മനസ്സിലേക്ക് കടന്ന് വരുന്ന ചിന്തകളെ വഴിതിരിച്ച് വിട്ട് മുന്നോട്ടിനി എന്തും നേരിടാന്‍ തയ്യാറായി അവള്‍ ഉറക്കത്തെ പുല്കി

രാവിലെ അലാറം അടിച്ചെങ്കിലും സ്ഥിരം കേള്‍ക്കുന്നത് കൊണ്ട് അവള്‍ക്കത് തരാട്ടായി മാത്രമെ തോന്നിയൊള്ളു

”ദച്ചൂ…എണീക്കുന്നുണ്ടോ നീ?.,
ഒരു ദിവസം പോലും എന്നെ ഇങ്ങോട്ട് വരുത്താതെ എണീക്കാന്‍ വയ്യെ നിനക്ക്.,
പുലര്‍ച്ചെ തുടങ്ങും അവളൊരു അലാറം എന്നാ അത് കേട്ടൊന്ന് എണീക്കാ അതില്ല.,
ദക്ഷ നിന്നോട് എണീക്കാനാ പറഞ്ഞെ.,,

അമ്മ തുര തുരാ ഡോറില്‍ മുട്ടി

”ആ വാതില് തല്ലി പൊട്ടിക്കണ്ട ഞാന്‍ എണീറ്റോളാം അമ്മ പൊക്കോ.,,

ദച്ചു തിരിഞ്ഞ് കിടന്നു

”നീ ഇങ്ങോട്ട് വന്നാല്‍ ദോശ തവി വെച്ച് ചന്തിക്ക് കിട്ടേണ്ടെങ്കില്‍ വാതില്‍ തുറന്നോ ദച്ചൂ.,,

അമ്മ നല്ല ചൂടിലാണ്
അവള്‍ ദേഷ്യത്തോടെ എണീറ്റ് ഡോര്‍ തുറന്നു

”നിന്ന് ഉറങ്ങാതെ പോയി ഫ്രഷായി കുളിച്ച് താഴോട്ട് വാ.,
നിനക്ക് കോളേജിലേക്കൊന്നും പോകണ്ടെ കൊച്ചെ.,,

അമ്മ അവളെ തോളിനിട്ടൊരു അടി കൊടുത്തു

”ഇന്ന് പോണോ അമ്മാ.,
എനിക്കെന്തോ നല്ല സുഖം തോന്നുന്നില്ല.,,

ദച്ചു നിന്ന് ചിണുങ്ങി

”എന്‍റെ ചൂട് തവി ചന്തിക്ക് വെക്കുമ്പോ നല്ല സുഖണ്ടാകും എന്തെ വേണോ.,,

അമ്മ പുരിഗം പൊക്കി

”ഞാന്‍ വന്നോളാം.,
ഒരു ദിവസം പോലും വീട്ടിലിരിക്കാന്‍ സമ്മതിക്കില്ല ദുഷ്ട.,,

ദച്ചു പിറുപിറുത്ത് ബാത്ത് റൂമില്‍ കയറി

കൈയ്യിലെ കെട്ടില്‍ നോക്കുമ്പോ ചോരപാട് പടര്‍ന്നിട്ടുണ്ട്.,
ഉറക്കത്തില്‍ എവിടേലും തട്ടിയതാകും
അവിടെ വെള്ളമാകാതെ കുളിച്ച് ഫ്രഷായി ഇറങ്ങി

അലമാരയില്‍ നിന്ന് ഒരു ബ്ലാക്ക് അനാര്‍ക്കലി ചുരിദാര്‍ എടുത്തിട്ടു

മുടി അഴിച്ചിട്ട് ഒരു ജിമിക്കി കമ്മലിട്ടു

കഴുത്ത് നഗ്നമായി തന്നെയിട്ട്
ഒരു കൈയ്യില്‍ വാച്ചും കെട്ടി

പുരിഗങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് കറുത്ത പൊട്ടും കുത്തി

കണ്ണെഴുതാന്‍ കണ്‍മഷി എടുത്തെങ്കിലും അവളത് തിരിച്ച് വെച്ചു

ബാഗും എടുത്ത് താഴേക്ക് പോയി

”അമ്മാ ചായ”

അവള്‍ ബാഗ് സോഫയില്‍ വെച്ച് കിച്ചണിലേക്ക് പോയി

”എന്താ സുഖം.,
രാവിലെ എട്ട് മണി ആകുമ്പോ എണീക്കാ ഒരുങ്ങി കെട്ടി വന്ന് ചായ കുടിക്കാ പോകാ.,
എന്നാ അമ്മയെ ഒന്ന് സഹായിക്കാ അതില്ല.,
ഞാനിവിടെത്തെ വേലക്കാരി അല്ലെ എല്ലാവര്‍ക്കും വെച്ച് വിളംബി തരാന്‍.,,

അമ്മ ദോശക്കുള്ള സാമ്പാര്‍ ചൂടാക്കുന്നതിനിടെ മുറുമുറുത്തു

”ഒാ..ഹ് കേട്ട് മടുത്തമ്മാ.,
ഡയലോഗ് മാറ്റാന്‍ സമയം ആയി.,

ദച്ചു ചിരിച്ചോണ്ട് പ്ലേറ്റെടുത്ത് ദോശ അതിലേക്കിട്ട് സാമ്പാറും ഒഴിച്ച് കഴിക്കാനിരുന്നു
അമ്മ നല്ല ചൂട് ചായയും കൊണ്ട് വെച്ചു

”അമ്മ കഴിച്ചായിരുന്നോ?

”ഞാന്‍ അച്ഛന്‍റെ കൂടെ കഴിച്ച് നീ നന്നായി കഴിക്ക് ഇല്ലേല് തലചുറ്റി വല്ലോട്ത്തും വീഴും.,
പിന്നെ കൈയ്യിലെ മുറിവ്
എവിടേയും തട്ടാതെ സൂക്ഷിച്ചോണം.,,

അമ്മ അവളെ അടുത്തിരുന്ന് തീറ്റിച്ചു

ദച്ചു കഴിച്ച് കഴിഞ്ഞ് കൈ കഴുകിയപ്പോയേക്കും അവള്‍ക്ക് ഉച്ചക്ക് കഴിക്കാനുള്ള ലച്ച് ബോക്സ് ബാഗില്‍ വെച്ച് കൊടുത്തു

”ഞാന്‍ ഇറങ്ങാ അമ്മാ.,,

ദച്ചു അമ്മേടെ കവിളില്‍ ചുംബിച്ചിറങ്ങി

”അച്ഛന്‍ പോയില്ലെ അമ്മെ സ്ക്കൂട്ടി ഇവിടെ കിടപ്പുണ്ടല്ലോ.,

മുറ്റത്ത് കിടക്കുന്ന സ്ക്കൂട്ടി കണ്ട് ദച്ചു ചോദിച്ചു

”അച്ഛന്‍ ഷോപ്പില്‍ നില്‍ക്കുന്ന ചെക്കന്‍ വന്നപ്പോ അവന്‍റെ കൂടെ പോയി.,,

”എന്നാ പിന്നെ അമ്മ ചാവി എടുത്ത് താ.,
ഞാന്‍ ഷോപ്പില്‍ കൊണ്ട് കൊടുത്തോളാം എനിക്കെന്തായാലും ഇന്ന് ലേറ്റായി ടൗണ്‍ വരെ നടന്ന് പോകണ്ടല്ലോ.,,

അമ്മ കീ കൊണ്ട് കൊടുത്തതും ദച്ചു സ്ക്കൂട്ടിയില്‍ ടൗണിലേക്ക് പോയി

പോകുന്ന വഴി അവളെ കാത്ത് ഹരി അവിടെ നില്‍ക്കുന്നുണ്ടെങ്കിലും അവളത് മൈന്‍റ് ചെയ്യാതെ പോയി

അച്ഛന്‍റെ മെഡിക്കല്‍ ഷോപ്പില്‍ സ്ക്കൂട്ടി വെച്ച് അച്ഛനോട് യാത്ര പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് ബസ് സ്റ്റോപ്പില്‍ ചെന്നപ്പോ അവിടെ ഹരി നില്‍ക്കുന്നു

”ഹായ് ദച്ചൂ..,,

”ഹായ് ഹരിയേട്ടാ.,ഇന്ന് ജോലിക്ക് പോണില്ലെ.,,

ദച്ചു ചിരിയോടെ ചോദിച്ചു

”ഒാ..ഹ് പോകുന്നുണ്ടല്ലോ.,നിന്നെ കണ്ടിട്ട് പോകാന്ന് വെച്ചു.,
ഇന്നലെ വീണിട്ട് എന്തേലും പറ്റിയോ.,
അയ്യോ കൈ മുറിഞ്ഞോ ദച്ചൂ?

ഹരി വേവലാതിയോടെ ചോദിച്ചു

”അത് ചെറിയ മുറിവാ.,
വേറെ ഒന്നും പറ്റിയില്ല.,
പിന്നെ താങ്ക്സ് എന്നെ ഇന്നലെ സഹായിച്ചതിന്.,

ദച്ചു നന്ദി പറഞ്ഞതും അവന്‍റെ മുഖം വിടര്‍ന്നു

”താങ്ക്സ് ഒന്നും വേണ്ട ദച്ചൂ.,
നമ്മള്‍ക്കിടയില്‍ അതിന്‍റെ ആവിശ്യം ഇല്ലല്ലോ.,,

”എന്നാ ശെരി ഹരിയേട്ടാ.,ബസ്‌ വരുന്നു.,,

ബസ് വന്നതും ദച്ചു അതില്‍ കയറി

കൃഷ്ണയുടെ സ്റ്റോപ്പെത്തിയതും അവളും കയറി

”ഗുഡ് മോണിംങ് ദച്ചു.,,

കൃഷ്ണ ദച്ചൂന്‍റെ അടുത്ത് വന്ന് പറഞ്ഞെങ്കിലും ദച്ചു അത് മൈന്‍റ് ചെയ്തില്ല

”ഹലോ.,നമ്മള്‍ വന്നതൊന്നും മാഡം അറിഞ്ഞില്ലെന്ന് തോന്നുന്നു.,വല്ല്യ മൈന്‍റില്ലല്ലോ.,,

കൃഷ്ണ അവളെ തോളിലൂടെ കൈയ്യിട്ടു

”കൃഷ്ണ എന്‍റെ മൂഡ് ശരിയല്ല.,
വഴിയില്‍ പോകുന്നവര്‍കൊക്കെ എന്‍റെ ഫോണ്‍ നമ്പര്‍ കൊടുക്കുന്നവരോട് ഞാനൊരിക്കലും ക്ഷമിക്കില്ല.,

ദച്ചു ഗൗരവത്തോടെ പറഞ്ഞ് തോളില്‍ നിന്ന് കൃഷ്ണയുടെ കൈ മാറ്റി

”ദച്ചുട്ട്യേ പിണങ്ങല്ലേടീ.,
ആ നന്ദു എന്നെ ഭീഷണിപ്പെടുത്തി വാങ്ങിയതാ.,
ഞാന്‍ കുറേ നിന്‍റെ നമ്പര്‍ അറിയില്ല ഇപ്പോ നമ്മള്‍ തമ്മില്‍ കോണ്‍ടാക്ട് ഇല്ലെന്നൊക്കെ പറഞ്ഞതാ.,

പക്ഷെ ഇന്നലെ എന്‍റെ സ്റ്റോപ്പില്‍ ഇറങ്ങിയ ഉടനെ നന്ദു കാറില്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തിയെടീ.,,
എന്‍റെ നാട്ടുക്കാര് തെണ്ടികള്‍ വല്ലോം കണ്ടാല്‍ പല കഥകള്‍ അടിച്ചിറക്കുമെന്ന് പേടിച്ച് വേഗം നമ്പര്‍ കൊടുത്ത് അവനെ ഒഴിവാക്കിയതാ., സത്യം പേടിച്ചിട്ടാടീ..,,

ദച്ചൂന്‍റെ കൈയ്യും കാലും പിടിച്ച് ഒരുവിധം കൃഷ്ണ പ്രശ്നം സോള്‍വാക്കി

കോളേജില്‍ ചെന്നിറങ്ങി ദച്ചു ഇന്നലെ നടന്നതൊക്കെ കൃഷ്ണയോട് പറഞ്ഞു

പക്ഷെ അവള്‍ക്കും ഇനിയെന്ത് ചെയ്യും എന്നതിനെ പറ്റി ഒരു ഉത്തരവും കിട്ടിയില്ല

കോളേജിലെ പഠനത്തിനും കളിക്കും ചിരിക്കുമിടയില്‍ ദച്ചു അഭിനന്ദിനെ പാടെ മറന്നിരുന്നു

കോളേജ് വിട്ട് സ്റ്റോപ്പിലേക്ക് നടക്കുമ്പോയാണ് ഇന്നലത്തെ അതേ സ്പോട്ടില്‍ അഭിനന്ദിനെ കാണുന്നത്

”ഇവന്‍ നിന്നെ കൊണ്ടേ പോകൂ മോളെ..,,

കൃഷ്ണ പ്രത്യേക താളത്തില്‍ പറഞ്ഞു

”എന്‍റെ പട്ടി പോകും അവന്‍റെ കൂടെ.,

ദച്ചു അതിനൊന്ന് പുച്ഛിച്ചു

”ശെരിക്കും എന്താ നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് ദച്ചു.,
എന്ത് ഹാപ്പി ആയിരുന്നു നിങ്ങള്‍.,
സത്യം പറഞ്ഞാ എനിക്ക് പോലും അസൂയ തോന്നിയിട്ടുണ്ട്.,
വീട്ടില് പോലും സമ്മതിച്ചതല്ലെ നിങ്ങളെ ബന്ധം.,
നന്ദു ലണ്ടനില്‍ പോയപ്പോ നീ ഇരുന്ന് കരഞ്ഞതൊക്കെ ഇപ്പോയും എനിക്ക് ഒാര്‍മയുണ്ട്.,
അതിന് ശേഷം എന്താ ദച്ചൂ നിനക്ക് പറ്റിയെ.,
എന്നോടെങ്കിലും പറഞ്ഞൂടെ നിനക്ക്‌,,

കൃഷ്ണ ദച്ചൂന്‍റെ ഇരു കൈയ്യും കവര്‍ന്നെടുത്ത് ചോദിച്ചു

”അതൊക്കെ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്,
നീ ആയിട്ട് ഒാര്‍മിപ്പിക്കരുത് കൃഷ്ണാ..,,

ദച്ചു ദേഷ്യത്തോടെ അവളെ കൈ പിടിച്ച് സ്റ്റോപ്പിലേക്ക് നടന്നു

”ദക്ഷ എനിക്കൊന്ന് സംസാരിക്കണം.,,

ബസ് സ്റ്റോപ്പിലേക്ക് കയറി നിന്ന ദച്ചൂന്‍റെ അടുത്ത് വന്ന് അഭിനന്ദ് പറഞ്ഞു

”എനിക്കാരേയും കാണും വേണ്ട സംസാരിക്കുകയും വേണ്ട.,

ദച്ചൂന്‍റെ വാക്കുകള്‍ ഉറച്ചതായിരുന്നു

”എന്ത് പറ്റി നിന്‍റെ കൂട്ടുക്കാരീടെ കൈക്ക്.,,

അഭിനന്ദ് കൃഷ്ണയോടായ് ചോദിച്ചു

”അവളിന്നലെ വൈകീട്ടൊന്ന് വീണതാ നന്ദേട്ടാ.,,

”ഹ്മ്.,,എന്നെ കണ്ട് പേടിച്ചോടിയപ്പോ ആയിരിക്കും.,
മര്യാദക്ക് ഞാന്‍ നില്‍ക്കാന്‍ പറഞ്ഞതല്ലെ.,
ഇതില്‍ തീര്‍ന്നത് തന്നെ ഭാഗ്യം.,,

അഭിനന്ദ് ദച്ചൂനെ നോക്കി പുച്ഛിച്ചു

”ഡോ താന്‍ എന്‍റെ കാര്യത്തില്‍ ഇടപെടേണ്ട.,
നമ്മള്‍ തമ്മിലുള്ള ബന്ധം രണ്ട് വര്‍ഷ മുമ്പ് തീര്‍ന്നതാ.,
എനിക്ക് തന്നെ കാണുന്നത് പോലും ഇഷ്ടമല്ല.,
ദയവ് ചെയ്ത് ഉപദ്രവിക്കരുത്.,,

ദച്ചു ദേഷ്യത്തോടെ അവന് മുന്നില്‍ കൈ കൂപ്പിയതും അഭിനന്ദിന്‍റെ മുഖം വലിഞ്ഞ് മുറുകി

”ച്ഛീ ശബ്ദം ഉയര്‍ത്താതെടീ,, എവിടേക്കാ നീ പറഞ്ഞ് കയറി പോകുന്നത്.,,എന്നെ നിനക്ക് ശെരിക്കറിയില്ല.!!,,

അഭിനന്ദ് ദച്ചൂന്‍റെ കൈയ്യില്‍ കയറി പിടിച്ചതും അവള്‍ പകപ്പോടെ ചുറ്റും നോക്കി

ബസ് സ്റ്റോപ്പിനുള്ളിലും പുറത്തുമായുള്ള സ്റ്റുഡന്‍സിന്‍റേയും നാട്ടുക്കാരുടേയും കണ്ണെല്ലാം അവര്‍ക്ക് നേരെ ആയിരുന്നു

*(തുടരും..)*