18/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 79

രചന – ശംസിയ ഫൈസൽ

അവന്‍ കണ്ണ് കൊണ്ട് ദച്ചൂനോട്  പോകാന്‍ പറഞ്ഞെങ്കിലും അവള്‍ക്കവന്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റുണ്ടായിരുന്നില്ല

”എന്‍റെ പൊന്ന് ചേട്ടാ ഇങ്ങനെ കോക്രി കാണിക്കാതെ ഒന്നുറക്കെ പറ എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല.,,

നന്ദു പറയുന്നതവള്‍ക്ക് വ്യക്തമാകുന്നുണ്ടായിരുന്നില്ല

”ഡാ.. നന്ദൂ ഇത് നമ്മുടെ മനൂന്‍റെ കൂട്ടുകാരിയല്ലെ അന്ന് ഉത്സവത്തില്‍ വെച്ച് കണ്ട ആ കുട്ടി.,,

നന്ദൂനോട് സംസാരിച്ചിരിക്കുന്ന ദച്ചൂനെ കണ്ട് അമ്മ സംശയത്തോടെ ചോദിച്ചു

”അതേ ആന്‍റീ.,,
ആന്‍റിക്കിപ്പോയും എന്നെ ഒാര്‍മയുണ്ടല്ലെ ?

ദച്ചു ചിരിയോടെ ചോദിച്ചു

”ഒാ..ഹ് പെട്ടന്ന് മോളെ കണ്ടപ്പോള്‍ മനസ്സിലായില്ല അന്ന് പട്ടുവാടയില്‍ കണ്ട് ഇന്ന് ചുരിദാറിലേക്ക് മാറിയപ്പോള്‍ വല്ല്യ മാറ്റം പോലെ.,
വലിയ കുട്ടി ആയി ഇപ്പോള്‍.,

അമ്മ ദച്ചൂന്‍റെ തലയില്‍ തലോടി

”അതെയോ ?
പട്ടുപാവട ഇട്ടാല്‍ ഒന്നൂടെ കുഞ്ഞാകുമല്ലെ.,
അല്ല ആന്‍റി അമ്പലത്തില്‍ വരാറുണ്ടോ ?
നന്ദു ചേട്ടനെ ഇടക്കിടെ ഇവിടെ വെച്ച് കാണാറുണ്ട്.,,

ദച്ചു പറഞ്ഞതും അമ്മ നന്ദൂനെ ഒരു നോട്ടം നോക്കി

അമ്മേടെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായ നന്ദു ഒന്നും അറിയാത്ത പോലെ ദൂരേക്ക് കണ്ണോടിച്ചു

”ഞാനും നന്ദുവും ഒരുമിച്ചാണ് വരാറുള്ളത്.,,
എന്നെ മോളെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല.,,

അമ്മ പറഞ്ഞതിനോട് ദച്ചു ഒന്ന് മൂളി സമ്മതിച്ചു

”ആണോ എന്നാല്‍ ഇനി മുതല്‍ കാണാലോ ?
ഞാന്‍ മിക്ക ദിവസവും തൊഴാന്‍ വരാറുണ്ട്.,
ആന്‍റി വീട്ടിലേക്ക് വരുന്നോ ?
ഇവിടെ അടുത്ത് തന്നെയാ എന്‍റെ വീട് കുറച്ച് നടക്കാനൊള്ളു.,,

ദച്ചു വീട്ടിലേക്ക് ക്ഷണിച്ചു

”അയ്യോ സമയല്ല്യ മോളെ.,
പിന്നീടൊരിക്കെ വരാം.,,

”ഇത് തന്നെയല്ലെ അന്ന് ഉത്സവത്തില്‍ വെച്ച് കണ്ടപ്പോയും ആന്‍റി പറഞ്ഞെ.,
എന്നിട്ട് ഇത് വരെ വന്നില്ലല്ലോ ?
ഇനി എന്തായാലും മനൂന്‍റെ കൂടെ വരണം.,,

ദച്ചു പരിഭവത്തോടെ പറയുന്നത് കേട്ട് അമ്മ അറിയാതെ ചിരിച്ച് പോയി

അമ്മയോട് സംസാരിക്കുമ്പോയുള്ള  ദച്ചൂന്‍റെ  മുഖത്ത് വിരിയുന്ന ഭാവം ഒപ്പിയെടുക്കായിരുന്നു നന്ദു

കാറ്റില്‍ മുഖത്തേക്ക് പാറി വീഴുന്ന മുടി ഇഴകളെ കുപ്പിവള കൈ കൊണ്ട് ഇടക്കിടെ തട്ടി മാറ്റുന്നുണ്ട്

അമ്മയോട് സംസാരിച്ച് ചിരിക്കുമ്പോള്‍ കാതില്‍ കിടക്കുന്ന ജിമിക്കി കമ്മല്‍ ആടി കളിക്കുന്നു

ഇളം വെയിലേറ്റ് അവളെ മൂക്കിന്‍ തുമ്പിലെ വെള്ള കല്ല് മൂക്കുത്തി തിളങ്ങി നില്‍ക്കുന്നുണ്ട്

ചിരിക്കുമ്പോള്‍ ചെറുതാകുന്ന കണ്‍മഷി കണ്ണുകള്‍

അവളെ കണ്ണുകള്‍ പോലും കൂടെ ചിരിക്കുന്ന പോലെ തോന്നിയവന്

ദച്ചൂനെ തന്നെ നന്ദു ഉറ്റ് നോക്കി കൊണ്ടിരുന്നു

ഇത്രയും അടുത്ത് നിന്ന് താന്‍ സ്നേഹിക്കുന്ന പെണ്ണിനെ കണ്‍കുളിര്‍ക്കെ കാണുന്നത് ഇത് ആദ്യമായിട്ടാണ്

അവള്‍ക്കിത്ര സൗന്ദര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍

”എന്നാ ശെരി മോളെ.,
ഇനി പിന്നീട് എപ്പോയെങ്കിലും കാണാം.,,

അമ്മ ദച്ചൂനെ ചേര്‍ത്ത് പിടിച്ച് നന്ദൂന്‍റെ കൂടെ അമ്പലത്തില്‍ നിന്നിറങ്ങി

നന്ദു തിരിഞ്ഞ് നോക്കി ചിരിയോടെ അവള്‍ക്ക് കൈ വീശി

അവന്‍റെ ചിരി കണ്ട് ആദ്യമൊന്ന് ശങ്കിച്ച ദച്ചു പിന്നീടനെ നോക്കി തിരിച്ച് കൈ വീശി

”ഒാ..ഹോ അപ്പോള്‍ ഇതാണല്ലെ എന്‍റെ ചെര്‍ക്കന്‍റെ ഭക്തിക്ക് പിന്നിലെ രഹസ്യം.,,

വണ്ടിക്ക് പിന്നില്‍ കയറുന്നതിനിടെ അമ്മ അര്‍ത്ഥം വെച്ച് പറഞ്ഞു

”ഏത് അമ്മാ ?

നന്ദൂന് മനസ്സിലായെങ്കിലും അറിയാത്ത പോലെ ചോദിച്ചു

”അല്ലാ കള്ള കണ്ണനെ.,
നിനക്ക് അത്ര ഇഷ്ടമാണ് കൃഷ്ണനെ എന്ന് പറയായിരുന്നു.,,

അമ്മ പറഞ്ഞത് കേട്ട് നന്ദു ബൈക്കിന്‍റെ കണ്ണാടിയില്‍ കൂടെ പിറകിലിരിക്കുന്ന അമ്മയെ നോക്കി

”ആ കൊച്ച് കൊള്ളാലെ.,,
എന്ത് നന്നായാണ് സംസാരിക്കുന്നത്.,
നല്ല പെരുമാറ്റം.,, ഇങ്ങനെയാകണം പെണ്‍കുട്ടികളായാല്‍.,
എനിക്കൊരു പെണ്‍കുട്ടിയെ ദൈവം കനിഞ്ഞില്ലെങ്കിലും നല്ല മൂന്ന് തല തെറിച്ച സന്താനങ്ങളെ കിട്ടിയിട്ടുണ്ട്.,
ഇങ്ങനെ ഒരു മകളുണ്ടായിരുന്നെങ്കില്‍ എനിക്കൊരു കൂട്ടായേനെ.,,

അമ്മക്ക് ദച്ചൂനെ നന്നായി ഇഷ്ടപ്പെട്ടിരുന്നു

”അതിന് അമ്മ സങ്കടപ്പെടേണ്ട.,
മകളില്ലെങ്കില്‍ എന്ത് വന്ന് കയറുന്ന മരുമക്കളെ മകളായി കണ്ടാല്‍ പോരെ.,,,

നന്ദു കളിയാലെ പറഞ്ഞു

”അതൊക്കെ ഞാന്‍ കണ്ടോളാം.,
പക്ഷെ നിന്നെയൊക്കെ കെട്ടുന്ന പെണ്‍കുട്ടികളെ അവസ്ഥ അവരെ കാര്യമാണ് പരിതാപം.,,

അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു

”ദേ അമ്മേ..,
നിങ്ങള്‍ക്ക് ഞങ്ങളെ മൂന്ന് പേരേയും ഒരു വിലയും ഇല്ല.,
ഇങ്ങനെ മൂന്ന് ആണ്‍മക്കളെ കിട്ടിയ അമ്മ എത്ര ഭാഗ്യവതിയാ.
അമ്മക്ക് താങ്ങാവുന്നതിലും അപ്പുറം സ്നേഹം ഞങ്ങളും അപ്പനും തരുന്നില്ലെ.,,

അപ്പോയേക്കും വീട്ടിലെത്തിയിരുന്നു

”ഹോ അത് തന്നെയാടാ കുഴപ്പം.,
നിന്‍റെ ഒക്കെ സ്നേഹം കാരണം എനിക്ക് അടുക്കളയില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടുന്നില്ല.
ഒാരോരുത്തര്‍ക്കും ഒാരോ വീധം ഉണ്ടാകുമ്പോയേക്കും എന്‍റെ നടു ഒടിയും.,
ഇനിയിപ്പോള്‍ സ്നേഹം കുറച്ച് കുറഞ്ഞാലും പ്രശ്നമില്ല മൂന്നും നല്ല നിലയില്‍ എത്തി കണ്ടാല്‍ മതി.,

അമ്മ ബൈക്കില്‍ നിന്നിറങ്ങി വീട്ടിനുള്ളിലേക്ക് കയറി പോയി

നന്ദുവും ബൈക്ക് നിര്‍ത്തി ചാവി വിരലില്‍ കറക്കി മൂളി പാട്ട് പാടി ഉള്ളിലേക്ക് കയറിയതും അമ്മ മുന്നില്‍ വന്ന് നിന്നു

”എന്താ അമ്മാ ?

നന്ദു നെറ്റി ചുളിച്ച് ചോദിച്ചതും അമ്മ അവന്‍റെ ചെവിയില്‍ കയറി പിടിച്ചു

”ഇനി ഇവിടെന്ന് അമ്പലത്തിലേക്കെന്നും പറഞ്ഞ് ഇറങ്ങിയാല്‍ നിന്‍റെ മുട്ടും കാല് ഞാന്‍ തല്ലിയൊടിക്കും അഭിനന്ദെ.,
ആഴ്ച്ചയില്‍ അഞ്ച് ദിവസവും അമ്പലം എന്നും പറഞ്ഞ് ഉടുത്തൊരുങ്ങി പോകുമ്പോള്‍ തന്നെ ഞാന്‍ ഒാര്‍ക്കണമായിരുന്നു
അവന്‍റെ ഒരു ഭക്തി.,
ഇനി ആ കൊച്ചിനെ കാണാന്‍ അമ്പലത്തിലേക്കെന്നല്ല എങ്ങോട്ടും പോകാന്‍ പാടില്ല കേട്ടല്ലോ ?

അമ്മ നന്ദൂന്‍റെ ചെവി പിടിച്ച് തിരിച്ചു

”ആ..ഹ് വിടമ്മാ.,
ഞാനവളെ കാണാന്‍ പോയതല്ലമ്മാ.,
ഇനി മുന്നില്‍ വന്ന് നിന്നാല്‍ പോലും അവളെ മുഖത്തേക്ക് ഞാണ്‍ നോക്കൂല.,
അമ്മയാണ് സത്യം.,,

നന്ദു കുതറി മാറി

”ഇനി എന്നെ വെച്ച് സത്യം വെച്ചിട്ടെന്തിനാ എന്‍റെ തല പൊട്ടി തെറിക്കാനോ ?
ഇൗ പ്രേമം മണ്ണാക്കട്ടയെന്നും  പറഞ്ഞ് സപ്ലി വാങ്ങി കൂട്ടിയാല്‍ ഈ വീട്ടില്‍ നിന്നിറങ്ങിക്കോണം.,,

അമ്മ ചവിട്ടി തുള്ളി പോയി

”ഈ പോരാളി മനുഷ്യനെ പ്രേമിക്കാനും സമ്മതിക്കില്ലെ.,,

നന്ദു നിരാശയോടെ മുറിയിലേക്ക് കയറി പോയി

പിന്നീടങ്ങോട്ട് അമ്പലത്തിലേക്കുള്ള പോക്ക് അമ്മ മനപൂര്‍വ്വം നിര്‍ത്തിയിരുന്നു

ഇനി അമ്മ പോകുന്നത് കണ്ട് കൂടെ ഇറങ്ങിയാല്‍ തന്നെ അമ്മ ഒറ്റ നോട്ടം കൊണ്ട് നന്ദൂന്‍റെ പോക്ക് തടയും

പിന്നീട് നന്ദൂന്‍റെ കാത്തിരിപ്പ് കോളേജ് ഒാപ്പണ്‍ ചെയ്യുന്ന ദിവസത്തിന് വേണ്ടിയായിരുന്നു

കോളേജിന്‍റെ ഒരു മതിലിനപ്പുറം ദച്ചു ഉണ്ടാകുമെന്ന ആവേശമായിരുന്നു നന്ദൂന്

അങ്ങനെ ആ ദിവസം വന്നെത്തി

നന്ദു കോളേജിലെ രണ്ടാം വര്‍ഷത്തിലേക്ക് കാലെടുത്ത് വെച്ചു

ഇത്തവണ പഠനത്തേക്കാള്‍ അവന്‍റെ പ്രതീക്ഷ ദച്ചൂനോടുള്ള പ്രണയത്തിനായിരുന്നു

എങ്ങനെ എങ്കിലും ദച്ചൂനെ വളക്കുമെന്ന വിശ്വാസം അവനുണ്ടായിരുന്നു

എന്നാല്‍ നന്ദൂന് ക്ലാസ് തുടങ്ങിയിട്ടും ദച്ചൂന് തുടങ്ങിയിരുന്നില്ല

ഒടുക്കം ആ ദിവസം വന്നെത്തി

”എടാ.. അഭിനന്ദേ നമുക്ക് ഇവിടെന്ന് പോകാടാ.,,
ഇങ്ങനെ ഇവിടെ നിന്നാല്‍ ഒന്നെങ്കില്‍ നമ്മളെ ടീച്ചേഴ്സോ അല്ലെങ്കില്‍ ഹൈ സ്ക്കൂളിലെ ടീച്ചേഴ്സോ പൊക്കും.,,
അല്ലെങ്കില്‍ നാട്ടുകാര് എടുത്തിട്ടടിക്കും.,,

നന്ദൂന്‍റെ ഉറ്റ മിത്രം ഷമീറാണിത് പറഞ്ഞത്
ഹൈ സ്ക്കൂളിന് മുന്നില്‍ ബൈക്കിന് മുകളില്‍ ദച്ചൂനെ കാത്തിരിക്കാണ് നന്ദു

അവനെ എങ്ങനെ എങ്കിലും കോളേജിലേക്ക് പിടിച്ച് കൊണ്ടാകാന്‍ ശ്രമിക്കാണ് ഷമീറ്

”ഒന്ന് അടങ്ങി നില്‍ക്ക് ഷമീറെ.,
നിനക്ക് പേടിയാണെങ്കില്‍ നീ പോടാ.,,
ഞാനിന്ന് എന്‍റെ പെണ്ണിനെ കണ്ടിട്ടെ ഇന്ന് ക്ലാസില്‍ കയറുന്നൊള്ളു.,,

നന്ദു വാശിയോടെ അവിടെ തന്നെ ഇരുന്നു

”അയ്യേ എന്തോന്നാടാ നന്ദൂ
ഇവിടെ വന്ന് നിന്ന് നീ ആളുകളെ കണ്ട് പറയപ്പിക്കോ ?

അര്‍പ്പണ അങ്ങോട്ട് വന്നു

നന്ദുവും ഷമീറും അര്‍പ്പണയുമാണ് ഗ്യാങ്.,,

”അതേടീ അപ്പൂ.. ഇനി കോഴി എന്നുള്ള പേരും കൂടെ ഇവന്‍ വാങ്ങി തരും.,,

ഷമീര്‍ ദയനീയമായി പറഞ്ഞു

”ദേ… ദേ.. അതാ വരുന്നു എന്‍റെ പെണ്ണ്.,,

നന്ദു ബൈക്കില്‍ നിന്ന് ചാടിയെണീറ്റു

*(തുടരും..)*