23/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 72

രചന – ശംസിയ ഫൈസൽ

ദച്ചു ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തില്‍ അമ്മയാണെന്ന് കരുതി പൊട്ടി തെറിച്ചതും മുന്നില്‍ കൈ കെട്ടി നില്‍ക്കുന്നയാളെ കണ്ട് അവള്‍ വായിം തുറന്ന് നിന്നു

മനു അവളെ തന്നെ നോക്കി കൈ കെട്ടി നിന്നു

”മനൂ.. എപ്പോ വന്നടാ ?
ഞാനെയ് ചെറുതിയിട്ടൊന്ന് ഉറങ്ങി പോയി.,

ദച്ചു ചമ്മിയ ചിരി ചിരിച്ച് ബെഡില്‍ എണീറ്റിരുന്നു

”ചെറിയ ഉറക്കിന്‍റെ പവര്‍ ഞാനിപ്പോള്‍ കണ്ട് ഞെട്ടിയെ ഒള്ളു,,
ഇരുന്ന് ഇളിച്ചോണ്ട് നില്‍ക്കാതെ പോയി പല്ല് തേക്കടീ..,
ഫ്രീ ആയിട്ട് ഞാന്‍ കുളിപ്പിച്ച് തന്നിട്ടുണ്ട്.,,
ഇനി പോയി പല്ലെങ്കിലും തേച്ച് പെട്ടന്ന് ഇറങ്ങാന്‍ നോക്ക്.,,

മനു ദച്ചൂനെ കടുപ്പിച്ച് നോക്കി

”നീയാണോ കാലമാടാ എന്‍റെ ദേഹത്തേക്ക് വെള്ളം കോരി ഒഴിച്ചത്.,,
ഇതിനുള്ള പണി മോന് പിന്നീട് തരാം.,,

ദച്ചു കബോഡില്‍ നിന്ന് ഡ്രസ്സെടുത്ത് ബാത്ത് റൂമിലേക്ക് കയറി പോയി

കുളിയെല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ മനു ഇല്ലായിരുന്നു

ദച്ചു വേഗം മുടിയെല്ലാം കെട്ടിവെച്ച് മുഖത്ത് പൗഡറും നെറ്റിയില്‍ പൊട്ടും തൊട്ട് കൈയ്യില്‍ വാച്ചും കെട്ടി ഇറങ്ങാന്‍ നിന്നപ്പോയാണ് തന്‍റെ കഴുത്തില്‍ കിടക്കുന്ന നന്ദൂന്‍റെ ചെയ്ന്‍ മിററിലൂടെ കണ്ടത്

ദച്ചു അത് കൈയ്യിലെടുത്ത് മാലയിലൊന്ന് മുത്തി ബാഗെടുത്ത് തോളിലിട്ട് പെട്ടന്ന് താഴേക്ക് പോയി

മനു അവിടെ അമ്മയോട് സംസാരിച്ച് ചായ കുടിക്കുന്നുണ്ട്

”മനൂ.. നമുക്കിറങ്ങിയാലോ ?

ദച്ചു താഴെ എത്തി ചോദിച്ചു

”ആ..ഹ് പെട്ടന്നിറങ് നിന്നെ കാത്ത് എനിക്കും കൂടെ ലേറ്റായി.,,
അല്ല നീ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലെ ?

മനു കൈ കഴുകി എണീറ്റ് കൊണ്ട് ചോദിച്ചു

”ടൈം ഇല്ല.,
ഞാന്‍ കോളേജില്‍ ചെന്ന് ക്യാന്‍റീനില്‍ നിന്ന് കഴിച്ചോളാം.,,

ദച്ചു പറഞ്ഞു

”എന്നാ ഞങ്ങളിറങ്ങാ ആന്‍റീ..,,

മനു ദച്ചൂന്‍റെ അമ്മയോട് പറഞ്ഞ് പുറത്തേക്കിറങ്ങി

”അമ്മാ പോയി വരാം.,,
ഇന്നെന്താ ലഞ്ച് ബോക്സ് ഇല്ലെ.,,

ദച്ചു അമ്മയുടെ കവിളില്‍ ചുംബിച്ച് ഇറങ്ങാന്‍ നേരത്ത് ചോദിച്ചു

”ഇല്ല ഉച്ചക്കും ക്യാന്‍റീനില്‍ നിന്ന് കഴിച്ചോ ?

അമ്മ പറഞ്ഞതും ദച്ചു കാര്യം മനസ്സിലായില്ലെങ്കിലും തലയാട്ടി മനൂന്‍റെ പിറകിലായി ബൈക്കില്‍ കയറി

”പാട്ട ബൈക്കാണ് കയറുമ്പോള്‍ സൂക്ഷിച്ചോ ?

മനു ദച്ചൂനിട്ട് താങ്ങി

”പാട്ട ബൈക്കോ .,,
അടിപൊളി ബൈക്കല്ലെ നിന്‍റേത്.,
ഈ ബൈക്കില്‍ കയറുന്ന സുഖം അപ്പന്‍റെ ബുള്ളറ്റില്‍ കയറിയാല്‍ പോലും കിട്ടില്ല.,,

ദച്ചു ചിരിയോടെ പറഞ്ഞത് കേട്ട് മനു നീട്ടിയൊന്ന് മൂളി

”നിനക്ക് ഒാന്തിന്‍റെ സ്വഭാവം ആണെന്ന് പോലും പറയാന്‍ പറ്റില്ല.
അതിനപ്പുറമാണ് നീ .

മനു പറഞ്ഞത് കേട്ട് ദച്ചു ചമ്മിയ ചിരി ചിരിച്ചു

”നീയല്ലെ മനൂ എന്നെ കൂട്ടാന്‍ വരില്ല ബസിന് പൊക്കോന്ന് പറഞ്ഞത്.,
എന്നിട്ടെന്ത് പറ്റി പെട്ടന്നൊരു മനംമാറ്റം.,,

ദച്ചു മിററിലൂടെ മനൂനെ നോക്കി

”’ആകെയുള്ള ഏട്ടത്തിയമ്മയല്ലെ .,,
എങ്ങനെ ഒരു ആവിശ്യം പറയുമ്പോള്‍ കേള്‍ക്കാതിരിക്കാ.,,
എന്ന് കരുതി മോളിത് സ്ഥിരമാക്കണ്ട
ഇടക്ക് ബസിനൊക്കെ പോകുന്നത് നല്ലതാ.,,

മനു ബൈക്കോടിക്കുന്നതിനിടെ പറഞ്ഞു

”ഹോ.. അതൊക്കെ ഒാക്കെ.,
എന്നാലും എന്‍റെ മനസ്സ് നിറഞ്ഞു.,
നീ ഇന്ന് വന്നില്ലെങ്കില്‍ ഞാനിന്ന് മടി പിടിച്ച് കോളേജ് ലീവാക്കിയേനെ.,,

ദച്ചു ചിരിയോടെ പറഞ്ഞു

”ഒാ..ഹ് ഇങ്ങനെ ഒരു മടിച്ചി.,
നിനക്ക് എന്നെ കണ്ട് പഠിച്ചൂടെ.,,
എന്‍റെ അത്ര ബുദ്ധിയും വിവരവും മടി എന്താന്ന് പോലും അറിയാത്ത ചെറുപ്പക്കാരന്‍ ഈ പഞ്ചായത്തില്‍ അല്ല ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലെന്നാ നാട്ടുക്കാര് പറഞ്ഞ് പരത്തുന്നത്

മനു സ്വയം പൊക്കി പറഞ്ഞു

”നാട്ടുക്കാര് മാത്രമല്ലടാ ബന്ധുകാര്‍ക്കിടയിലും ഇങ്ങനൊരു അഭിപ്രായമുണ്ട്.,,
ഇന്ന് മുതല്‍ അല്ലെങ്കില്‍ വേണ്ട നാളെ മുതല്‍ ഞാന്‍ നിന്നെ കണ്ട് പഠിച്ചോളാം.

ദച്ചു നടുറോഡില്‍ മനു ഇറക്കി വിടേണ്ടെന്ന് കരുതി കുറച്ച് ബുദ്ധിമുട്ടിയിട്ടാണേലും അവനെ സപ്പോര്‍ട്ട് ചെയ്തു

പ്രതീക്ഷിക്കാത്തൊരു മറുപടി ദച്ചുവില്‍ നിന്ന് കിട്ടിയ മനു ഒന്ന് ഞെട്ടി

”അയ്യോ എനിക്ക് വയ്യ.,
നിനക്ക് ഞാനൊരു ബിരിയാണി വാങ്ങിതരട്ടെ.,,

മനു ചോദിക്കുന്നത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു

”ഞാന്‍ വാങ്ങിക്കോളാം നീ പൈസ തന്നാല്‍ മതി.,,

ദച്ചു പറയുന്നത് കേട്ടവനൊന്ന് മൂളി

”പിന്നെയ് മനൂ..,
നാളെ ലീവല്ലെ എന്‍റെ കൂടെ ഒരിടം വരെ പോരുമോ ?

ദച്ചു ഒന്ന് മടിച്ച് ചോദിച്ചു

”എങ്ങോട്ട് വല്ല ബ്യൂട്ടി പാര്‍ലറിലേക്കോ ഡ്രസ്സെടുക്കാനോ എന്നെ വിളിച്ചേക്കരുത്.,,
എനിക്കൊന്നും വയ്യ മണിക്കൂറുകള്‍ പോസ്റ്റാകാന്‍.,,

അപ്പോയേക്കും ദച്ചൂന്‍റെ കോളേജിന്‍റെ മുന്നില്‍ എത്തിയിരുന്നു

മനു റോഡിനോട് ചേര്‍ന്ന് ബൈക്ക് സൈഡാക്കി

”’അങ്ങോട്ടൊന്നും അല്ല.,,
അര്‍പ്പണയുടെ അമ്മ നാട്ടിലേക്ക് വന്നിട്ടുണ്ട് അവരെ ഒന്ന് കാണണം.,,

ദച്ചു ബൈക്കില്‍ നിന്നിറങ്ങി കൊണ്ട് പറഞ്ഞു

”നിനക്ക് വേറെ പണിയില്ലെ ?

മനു ദച്ചൂനെ നോക്കി പുച്ഛിച്ചു

”എടാ അത്യാവിശ്യമാണ്.,
എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.,
എന്തായാലും നാളെ പറയാം.,

ദച്ചു മനൂനെ ദയനീയമായി നോക്കി

”ഒാക്കെ എപ്പോയാ പോകേണ്ടതെന്ന് നീ വിളിച്ച് പറ.,
പിന്നെയ് വൈകീട്ട് ഞാന്‍ കൂട്ടാന്‍ വരില്ലട്ടോ.,,
ശെരിയെന്നാ ഇപ്പോള്‍ തന്നെ ലേറ്റായി.,,

മനു അവിടെന്ന് അവന്‍റെ കോളേജിലേക്ക് പോയി

ദച്ചു നേരെ ക്ലാസിലേക്ക് പോയി.,
ലേറ്റായതിനാല്‍ ക്ലാസ് തുടങ്ങിയിരുന്നു.,

കൃഷ്ണ ഇന്ന് ലീവായതിനാല്‍ കോളേജ് ഭയങ്കര ബോറായി തോന്നി ദച്ചൂന്.,

ഒരു വിധം സമയം തള്ളി നീക്കി വൈകുന്നേരം ആയതും ദച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു

ഇടക്ക് നന്ദു ദച്ചൂന് മെസ്സെജ് അയച്ചിരുന്നു.,

നന്ദു ഇന്ന് തന്നെ ജോലിക്ക് കയറിയതിനാല്‍ അവന് വിളിക്കാന്‍ പറ്റിയിരുന്നില്ല

ബസ് വന്നതും ദച്ചു  തിരക്കിനിടയിലും വേഗം തന്നെ കമ്പിയില്‍ പിടിച്ച് ഉള്ളിലേക്ക് കയറി

ബസ്സിനുള്ളില്‍ ശ്വാസം വിടാന്‍ പോലും സ്ഥലമില്ലെന്ന് തോന്നിയവള്‍ക്ക്

അവളെ സ്റ്റോപ്പെത്തിയതും കുട്ടികളെ വകഞ്ഞ് മാറ്റി ഒരുവിധം ബസ്സില്‍ നിന്നിറങ്ങി

ഇറങ്ങിയ ഉടനെ ഒന്ന് ആഞ്ഞ് ശ്വാസം എടുത്ത്‌വിട്ടു

റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് നടന്നു

മൂളിപാട്ടും പാടി വയലിലെ കാഴ്ച്ചകളും കണ്ട് നടക്കുമ്പോയാണ് ഒരു ബൈക്ക് അവളെ മുന്നില്‍ ബ്രേക്കിട്ട് നിര്‍ത്തിയത്

ദച്ചു ഒന്ന് നടുങ്ങി തല ഉയര്‍ത്തി നോക്കിയതും മുന്നില്‍ ചിരിയോടെ ഹരി നില്‍ക്കുന്നു

പെട്ടന്ന് കണ്ടതിനാല്‍ അവളൊന്ന് പേടിച്ചു

പിന്നീട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും ഒന്ന് ചിരിച്ച് കൊടുത്തു

”എന്താണ് മോളെ കോളേജ് വിട്ട് വരുന്ന വഴിയാണോ ?

ഹരീടെ സംസാരം കേട്ട് ദച്ചു ഒന്ന് നെറ്റി ചുളിച്ചു

”ഹ്മ്..,,

എന്തോ ഒരു പന്തികേട് തോന്നിയതും ദച്ചു ഒന്ന് മൂളി പെട്ടന്നവിടെന്ന് പോകാന്‍ നിന്നു

”ആ..ഹ് പോകല്ലടോ.,,
നിന്‍റെ ഹീറോ എന്ത് പറയുന്നു.,
രണ്ട് പേരും എന്നെ സീറോ ആക്കിയതിന്‍റെ സന്തോഷത്തിലാകും അല്ലെ.,,

ഹരി എന്തോ അര്‍ത്ഥം വെച്ച് പറഞ്ഞു

”’ ഞങ്ങള്‍ അങ്ങോട്ട് വന്ന് ഹരിയേട്ടനെ ഒന്നും ചെയ്തില്ലല്ലോ .,
എല്ലാം താനായിട്ട് വരുത്തി വച്ചതല്ലെ.,,

ദച്ചു എങ്ങോട്ടോ നോക്കി പറഞ്ഞു

”അത് കൊച്ച് പറഞ്ഞത് ശെരിയാ.,
എന്നെ നാട്ടുക്കാരുടേയും ബന്ധുക്കളുടേയും മുന്നില്‍ നാണം കെടുത്തിയത് കൊണ്ടല്ലെ ഞാന്‍ നിങ്ങള്‍ക്ക് നേരെ തിരിഞ്ഞത് എന്നിട്ടെന്തായി അതും എനിക്കുള്ള പണിയായി.,,

ഹരി പറഞ്ഞതിന് ദച്ചു ഒന്നും മറുപടി കൊടുത്തില്ല

”അത് കൊണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു എനിക്ക് വന്ന നാണക്കേട് നിന്നേയും നിന്‍റെ കെട്ട്യോനെ കൂടെ അനുഭവിപ്പിച്ചാലോ എന്ന്.,

ഹരീടെ സംസാരം കേട്ട് ദച്ചു ഷോക്കായി

”തനിക്ക് കിട്ടിയതൊന്നും പോരെ.,
ഇനിയും ഒാരോ പ്രശ്നങ്ങള്‍ കൊണ്ട് ഞങ്ങളെ പിന്നാലെ വരാനാണോ ഉദ്ദേശം.,
എന്തിനാ സ്വയം നാറുന്നത്.,
ഇനിയെങ്കിലും നല്ല രീതിയില്‍ ഒന്ന് ജീവിച്ചൂടെ തന്‍റെ വീട്ടുകാര്‍ക്ക് വേണ്ടി എങ്കിലും.,,

ദച്ചൂന്‍റെ വാക്കിലെ ഉപദേശം ഹരിക്ക് പിടിച്ചില്ല

”നീ എന്നെ നന്നാക്കാന്‍ നോക്കണ്ട.,
ഞാന്‍ ഏതായാലും നാറി ഇനി ചീഞ്ഞ് നാറിയാലും എനിക്ക് കുഴപ്പമൊന്നുമില്ല.,
നിനക്കും മറ്റവനും ഇട്ട് ഞാന്‍ നല്ലൊരു പണി പണിയാന്‍ പോകാണ്.,
ഇപ്പോള്‍ തന്നെ നിന്‍റെ ചേട്ടമ്മാര് എന്‍റെ ഭാഗത്താ.,
ഇനി നിന്‍റെ അച്ഛനേയും അമ്മയേയും കൂടെ എന്‍റെ വരുതിയിലാക്കാന്‍ എനിക്ക് അധിക സമയം ഒന്നും വേണ്ട.,,

ഹരി പകയോടെ ചിരിച്ചു

”കഷ്ടം.,
തന്നെ കുറിച്ച് ഇതൊന്നുമല്ല ഞാന്‍ കരുതിയത്.,
നാട്ടുക്കാരുടെ കണ്ണിലുണ്ണിക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്നറിയാന്‍ കുറച്ച് വൈകിപോയി.,

ദച്ചു പറഞ്ഞത് കേട്ട് ഹരി പൊട്ടിചിരിച്ചു

”ഇനി നീ എന്തൊക്കെ കാണാന്‍ കിടക്കുന്നു.,
പിന്നൊരു കാര്യം ഇത് നീ പോയി വീട്ടില്‍ പറയണ്ട പറഞ്ഞാലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.,,

ഹരി ഇത് പറഞ്ഞപ്പോള്‍ ദച്ചൂന്‍റെ കണ്ണ് പോയത് ബൈക്കില്‍ വരുന്ന തന്‍റെ ചേട്ടമ്മാരെ നേര്‍ക്കാണ്

അവര്‍ വരുന്നത് ഹരി കാണുന്നുണ്ടായിരുന്നില്ല

”എന്തിന് പറയണം നേരിട്ട് കാണാന്‍ പോകുകയല്ലെ.,,

ദച്ചു മനസ്സാല്‍ പറഞ്ഞ് ഹരിയെ പുച്ഛത്തോടെ നോക്കി

*(തുടരും…)*