17/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 130

രചന – ശംസിയ  ഫൈസൽ

അച്ഛനും അമ്മയും എന്തോ സംസാരിച്ച് മുന്നോട്ട് നടന്നു

ദച്ചു പിറകെ നടന്നപ്പോയാണ് അവളെ പിറകില്‍ നിന്നാരോ തട്ടി വിളിച്ചത്

”ഹാ അഭീ നീയോ ?

ദച്ചു തിരിഞ്ഞ് നോക്കി

”അതെ ഞാന്‍ തന്നെ
എങ്ങോട്ടാ അന്തംവിട്ട്.,
താഴെ നോക്കി നടക്ക്.,
ഇല്ലെങ്കില്‍ മൂക്കും കുത്തി വീണ് അപ്പന്‍റെ അപ്പുറത്തെ കട്ടിലില്‍ കിടക്കേണ്ടി വരും.,,

അഭി പറഞ്ഞതും ദച്ചു ചിരിച്ച് കാട്ടി

”ഞാനെയ് അപ്പനെ കാണാനുള്ള തിടുക്കത്തില്‍ നടന്നതാ,
അല്ലാ ”നീ എങ്ങോട്ടാ., ?

ദച്ചു അഭിയുടെ കൈയ്യില്‍ ഹെല്‍മറ്റ് കണ്ട് ചോദിച്ചു

”ഞാന്‍ തുണിക്കട വരെ.,
അപ്പന്‍ ആശുപത്രിയില്‍ ആയതിന് ശേഷം അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.
സ്റ്റാഫുണ്ടെന്ന് കരുതി നമ്മളങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെങ്കില്‍ പണി കിട്ടുന്ന വഴി കാണൂല.
നീ ചെല്ല് അപ്പന്‍ നിന്നെ തിരക്കിയിരുന്നു.,,

അഭി പാര്‍ക്കിംങ് ഏരിയയിലേക്ക് പോയതും ദച്ചു തിടുക്കത്തില്‍ ആശുപത്രിയുടെ ഉള്ളിലേക്ക് ഒാടി

അച്ഛനേയും അമ്മയേയും കാണാനെ ഇല്ല
ലിഫ്റ്റില്‍ കയറി റൂമിലേക്കോടി ചെന്നതും ആദ്യം തന്നെ കാണുന്നത് അച്ഛനെ വാരി പുണര്‍ന്ന് നില്‍ക്കുന്ന നന്ദൂനെയാണ്

അമ്മയേയും ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന നന്ദൂനെ കണ്ട് എന്തിനോ ദച്ചൂന്‍റെ കണ്ണൊന്ന് നിറഞ്ഞു

തന്നോടുള്ള ദേഷ്യം നന്ദു വീട്ടുക്കാരോടും കാണിക്കുമെന്നവള്‍ ഭയന്നിരുന്നു

അപ്പനെ കാണാനായി ദച്ചു അകത്തേക്ക് കയറി

ദച്ചു വന്നതാരും ശ്രദ്ധിച്ചിരുന്നില്ല

”അ.. അപ്പാ..,,

ദച്ചു ഇടര്‍ച്ചയോടെ വിളിച്ചതും എല്ലാവരും അവളെ നോക്കി

”മോ..മോളെ ദച്ചൂ..,,

അപ്പന് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു

”പേടിപ്പിച്ച് കളഞ്ഞല്ലൊ അപ്പാ.,,

ദച്ചു അപ്പന്‍റെ അടുത്തായി ഇരുന്ന് ഡ്രിപ്പിട്ട കൈയ്യിലൊന്ന് തലോടി

”ഇനി പേടിക്കേണ്ടട്ടൊ അപ്പനൊന്നുല്ല.,
കുറച്ച് ദിവസം കൂടെ കഴിഞ്ഞാല്‍ അപ്പന്‍ പഴയതിനും ഉഷാറാകും.,

അപ്പന്‍ വാത്സല്യത്തോടെ ദച്ചൂനോട് പറഞ്ഞു

”അപ്പനെന്തെങ്കിലും കഴിച്ചായിരുന്നോ ?

”കട്ടിയുള്ളതൊന്നും ഇപ്പൊ കഴിക്കാന്‍ വയ്യ കുഞ്ഞെ.,,
വിശപ്പടങ്ങിയാല്‍ പോലെ അതിന് ഈ മൂക്കിലൂടെ തരുന്ന ജ്യൂസ് തന്നെ ധാരാളമാണ്.,,

അപ്പന്‍ മൂക്കിലൂടെ ഇട്ട പൈപ്പില്‍ തൊട്ട് പറഞ്ഞു

ദച്ചൂന് വല്ലാത്ത സങ്കടം വന്നു.,
എല്ലാ ദിവസവും ഇറച്ചിയും മീനും കൊണ്ട് വരുന്നയാളാ.,
മീനിന്‍റെ മുള്ളെങ്കിലും ഇല്ലാതെ എങ്ങനാ ചോറ് ഇറങ്ങാ എന്ന് പറയുന്നയാള്‍ മൂക്കിലൂടെ കൊടുക്കുന്ന രുചിയറിയാത്ത ജ്യൂസ് ചാറുകളില്‍ തൃപ്തിയടങ്ങുന്നു

ജീവന്‍ തിരിച്ച് കിട്ടിയതിലുള്ള സമാധാനമാണത്

അപ്പനോട് കൊച്ചു വര്‍ത്താനമെല്ലാം പറഞ്ഞ് ദച്ചു അപ്പന്‍റെ അരികില്‍ നിന്നെണീറ്റ് നന്ദൂന്‍റെ അടുത്ത് പോയി നിന്ന് അവനെ നോക്കിയൊന്ന് ചിരിച്ചു

അവളെ ചിരി കണ്ടവന്‍ പുരിഗം ഉയര്‍ത്തി എന്താണെന്ന് ചോദിച്ചതും ദച്ചു ഒന്നുമില്ലെന്ന് ചുമല്‍ കൂചി

അപ്പനും അച്ഛനും നല്ല സംസാരമാണ്
രണ്ട് അമ്മമാരും ഒാരോന്ന് ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്

മനു ഒരു മൂലയില്‍ ഫോണില്‍ തോണ്ടി ഇരിപ്പുണ്ട്
നന്ദു അപ്പന്‍റെയും അച്ഛന്‍റെയും സംസാരം വീക്ഷിച്ച് കൊണ്ടിരിക്കാണ്

ദച്ചൂന് മനൂനെ എങ്ങനെ എങ്കിലും റൂമിന് പുറത്ത് എത്തിക്കണമായിരുന്നു

ദച്ചു ആരും കാണാതെ കൈയ്യും കാലും കാണിച്ചിട്ടും ചുമച്ചിട്ടൊന്നും മനു അവളെ ശ്രദ്ധിക്കുന്നതെയില്ല

അവസാനം ദച്ചു മനൂന്‍റെ ഫോണിലേക്ക് മെസ്സേജ് അയച്ചു

”കൊരങ്ങാ ഒന്നിങ് നോക്ക്.,,

ദച്ചൂന്‍റെ മെസ്സേജ് കണ്ട് മനു ചുറ്റും നോക്കി
ദച്ചൂനെ കണ്ട് മനു ചിരിച്ച് കൈ ഉയര്‍ത്തിയതും ദച്ചു അവനെ നോക്കി കണ്ണുരുട്ടി നന്ദൂനെ നോക്കി

”എന്താ..?

മനു ശബ്ദമുണ്ടാക്കാതെ ചോദിച്ചു

ദച്ചു ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവനോട് കണ്ണ് കൊണ്ട് പുറത്തേക്ക് വരാന്‍ പറഞ്ഞ് അവള്‍ വാതില്‍ തുറന്ന് പുറത്ത് പോയി

മനു മെല്ലെ എണീറ്റ് പുറത്തേക്ക് പോകാന്‍ നിന്നു

”മനൂ നീ എങ്ങോട്ടാ ?

അവന്‍ പോകുന്നത് കണ്ട് അമ്മ ചോദിച്ചു

”ഞാനൊരു ചായ കുടിച്ചിട്ട് വരാം നല്ല തൊണ്ട വേദന.,

മനു ഇതും പറഞ്ഞ് പുറത്ത് പോകാന്‍ നിന്നതും അടുത്ത ചോദ്യം

”അല്ലാ ദച്ചു എവിടെ ?
ഇവിടെ ഇരിപ്പുണ്ടായിരുന്നല്ലൊ.,,

നന്ദൂന്‍റെ അമ്മ ചുറ്റും നോക്കി

”ശെരിയാണല്ലെ ഈ പെണ്ണിത് ഒന്നും മിണ്ടാതെ എങ്ങോട്ടാ പോയത്.,

ദച്ചൂന്‍റെ അമ്മ ഇരിപ്പിടത്ത് നിന്നെണീറ്റു

”അവള് ഫോണ്‍ ചെയ്ത് പുറത്തേക്ക് പോകുന്നത് കണ്ടല്ലൊ.,
ആന്‍റി അവിടെ ഇരുന്നോ ഞാനവളോട് ഇങ്ങോട്ട് വരാന്‍ പറയാം.,,
അല്ലെങ്കില്‍ എനിക്കൊരു കമ്പനിക്ക് ചായ കുടിക്കാന്‍ അവളേയും കൂട്ടാം.,,

മനു ഇതും പറഞ്ഞ് റൂമില്‍ നിന്ന് പോകുന്നത് നന്ദു സംശയത്തോടെ നോക്കി

”എന്താടീ..,,

മനു ദച്ചൂന്‍റെ അടുത്തേക്ക് ചെന്നു

”എടാ ഒരു സംഭവം ഉണ്ടായി.,,

ദച്ചൂന്‍റെ മുഖത്തെ പരിഭ്രമം കണ്ട് മനു നെറ്റി ചുളിച്ചു

”എന്ത് സംഭവം ?

”ആ അര്‍പ്പണ തന്നെ പ്രശ്നം.,
അവള് വീണ്ടും ഭീഷണിയായി വന്നിട്ടുണ്ട്.,
നന്ദൂനോട് ഒന്നും പറയരുതെന്നും അവനോട് അടുക്കരുതെന്നുമൊക്കെയാ അവളെ ആജ്ഞ.,,

ദച്ചു വിഷമത്തോടെ പറഞ്ഞു

”അവളോട് പോയി പണി നോക്കാന്‍ പറ.,
നീയെല്ലാതെ ആരെങ്കിലും അവളെ പേടിച്ച് നില്‍ക്കോ.,
ഇനിയും നീയിങ്ങനെ അവളെ കാലില്‍ ചുവട്ടില്‍ കൈ കൂപ്പി നിന്നാല്‍.,
ജീവിതക്കാലം മുയുവന്‍ ആ നില്‍പ് നില്‍ക്കേണ്ടി വരും
ഒരു ദിവസം പോലും നന്ദൂന്‍റെ കൂടെ നിനക്ക് സന്തോഷത്തോടെ നില്‍ക്കാന്‍ പറ്റില്ല.,,

മനൂന്‍റെ ശബ്ദത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു

”ഇത് അങ്ങനെ അല്ലടാ.,
അവളോട് വെല്ലുവിളിക്കാറുള്ള ഞാന്‍ ഇന്ന് ഒന്ന് പതറി
നിനക്കറിയോ അപ്പന്‍ ഐസിയൂവില്‍ കിടക്കുന്ന ഫോട്ടോ അവള്‍ ഇങ്ങോട്ട് അയച്ച് തന്നേക്കുന്നു.,
അവള്‍ക്കെതിരെ തിരിഞ്ഞാല്‍ അപ്പനെ ജീവനോടെ കിട്ടില്ലെന്നാ ഭീഷണി.,
ഞാനാകെ ഇല്ലാതായി പോയി.,,
ഈ ആശുപത്രിയില്‍ വരെ അവളുടെ ആളുകളുണ്ട്.,,
അര്‍പ്പണക്കെതിരി അത്ര സിംപിളായി നീങ്ങാന്‍ പറ്റില്ല മനൂ.,
നമ്മള്‍ ഒന്നൂടെ സ്ട്രോങാകണം അതിനേക്കാള്‍ അവളെ സൂക്ഷിക്കണം.,,

ദച്ചു പറഞ്ഞത് കേട്ട് മനു വിരലുകള്‍ മുടിയില്‍ കൊരുത്ത് വലിച്ചു

”അവളെ എന്‍റെ കൈയ്യില്‍ കിട്ടിയാല്‍ കൊന്നു കളയും ഞാന്‍.,
ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട മനസ്സുണ്ടാകോ
ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാതെ അവള്‍ക്ക് പോയി ചത്തൂടെ.,,

മനു ദേഷ്യത്തോടെ ചുമരില്‍ ആഞ്ഞടിച്ചു

”ഇങ്ങനെ ഹീറ്റായിട്ട് കാര്യമില്ല.,
ചേട്ടമ്മാരോടും കൂടെ സംസാരിച്ചിട്ട് നമുക്ക് എന്തെങ്കിലും പെട്ടന്ന് ചെയ്യണം.,

ദച്ചു പറഞ്ഞതും മനു ഒന്ന് മൂളി

”നീയാ ഫോട്ടോ ഒന്ന് കാണിച്ച് തന്നെ.,
പിന്നെ അര്‍പ്പണ അയച്ച മെസ്സേജും.,,

മനു പറഞ്ഞതും ദച്ചു ഫോണെടുത്ത് വാട്സാപ്പ് ഒാപ്പണ്‍ ചെയ്ത് അര്‍പ്പണ അയച്ചത് കാണിച്ച് കൊടുത്തു

മനു ഫോണ്‍ വാങ്ങി കണ്ണോടിച്ചു
ദച്ചുവും അവന്‍റെ കൂടെ ഫോണിലേക്ക് നോക്കി ഒാരോന്നും കാണിച്ച് കൊടുക്കുമ്പോയാണ് അവര്‍ക്കടുത്തായി ഒരു നിഴല്‍ കണ്ടത്

ദച്ചുവും മനുവും ഒരുമിച്ച് തിരിഞ്ഞ് നോക്കി

മനു റൂമില്‍ നിന്നിറങ്ങി അല്പ സമയത്തിനുള്ളില്‍ നന്ദുവും അവിടെന്നിറങ്ങിയിരുന്നു

ദച്ചൂനും മനൂനും എന്തോ കള്ളത്തരം അവന് തോന്നിയിരുന്നു

ദച്ചുവും മനുവും കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ട് നന്ദു ശബ്ദമുണ്ടാക്കാതെ അവരെ അടുത്തേക്ക് നടന്നടുത്ത്
ഇടക്ക് മനൂന്‍റെ മുഖം വലിഞ്ഞ് മുറുകുന്നതും അവന്‍ ചുമരില്‍ ആഞ്ഞടിക്കുന്നതുമെല്ലാം നന്ദു സംശയത്തോടെ വീക്ഷിച്ചു

ദച്ചു ഫോണില്‍ എന്തോ മനൂന് കാണിച്ച് കൊടുക്കുന്നത് കണ്ട് നന്ദു പമ്മി അവരെ അടുത്ത് ചെന്ന് അതിലേക്ക് പാളി നോക്കിയപ്പോയാണ് നന്ദൂന്‍റെ നിഴലനക്കം അവര് കണ്ടത്

നന്ദൂനെ കണ്ടതും ദച്ചു പെട്ടന്ന് ഫോണ്‍ വാങ്ങി ഒാഫാക്കി ബാക്കിലേക്ക് പിടിച്ച് അവനോടൊന്ന് ചിരിച്ചതും നന്ദു അവളെ ചിറഞ്ഞ് നോക്കി മനൂന് നേരെ തിരിഞ്ഞു

”നിന്‍റെ തൊണ്ടവേദന മാറിയോ ?

”തൊണ്ട വേദനയോ ?
ഹാ തൊണ്ടവേദന
ഇല്ല മാറിയില്ല.,
ദച്ചൂ ഞാനെയ് ഒരു ചായ കുടിച്ചിട്ട് വരാം.,,

മനു മെല്ലെ മുങ്ങാന്‍ നിന്നതും അവനില്‍ നന്ദൂന്‍റെ പിടി  വീണു

”കുഞ്ഞനിയന്‍റെ ചായ കുടി എനിക്കത്ര ഇഷ്ടപ്പെട്ടില്ല.,
വാ ചേട്ടനൊന്ന് ചോദിക്കട്ടെ.,,

നന്ദു മനൂനെ കോളറില്‍ പിടിച്ച് ചുമരോടടുപ്പിച്ചു

നന്ദൂന്‍റെ സംസാരം അത്ര പന്തിയല്ലെന്ന് കണ്ട് മനു ദച്ചൂനോട് കണ്ണ് കൊണ്ട് പോകാന്‍ പറഞ്ഞു

ദച്ചു നന്ദൂന്‍റെ കണ്ണ് വെട്ടിച്ച് പോകാന്‍ നിന്നതും പിറകില്‍ നിന്ന് വിധി വന്നു

”നില്‍ക്കെടീ അവിടെ ?
ഞാന്‍ പറയാതെ അവിടെന്ന് അനങ്ങി പോകരുത്.,,

ഇതും പറഞ്ഞു നന്ദു മനൂന് നേരെ തന്നെ നോക്കി

ദച്ചു പിടിക്കപ്പെട്ട രീതിയില്‍ ദയനീയമായി മനൂനെ നോക്കി

”ഞാന്‍ ചോദിക്കുന്നതിന് സത്യം പറഞ്ഞോണം .,,

നന്ദു മനൂന്‍റെ കോളറിലുള്ള പിടുത്തം മുറുക്കിയതും മനു തലയാട്ടി

”ഞാന്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കാണ് നിങ്ങളെ ഒളിച്ച് കളി.,
കൂടെ ഇവളെ മറ്റെ ചേട്ടമ്മാരും.,
എന്തോ സീരിയസ്സ് കാര്യം പോലെയാണ് എനിക്ക് തോന്നുന്നത്.,
അഭിയെ നിങ്ങളെ കൂട്ടത്തില്‍ കണ്ടതുമില്ല.,
എന്നെയും അഭിയേയും ഒരുവാക്കിയുള്ള ഈ ചര്‍ച്ച കണ്ടിട്ട് ഞങ്ങളെ ബാധിക്കുന്ന എന്തോ ആണെന്ന് തോന്നുന്നു.,
എന്തായാലും തുറന്ന് പറ.,,

നന്ദു ഗൗരവത്തോടെ ചോദിച്ചു

”നിനക്ക് തെറ്റി ഞങ്ങളൊക്കെ ബാധിക്കുന്ന പോലെ മാത്രമെ അഭിയേയും ബാധിക്കൂ.,
നിന്നേയും നിന്‍റെ ഭാര്യയേയുമാണ് കൂടുതല്‍ ബാധിക്കുന്നത്.,,

മനു എടുത്ത് ചാടി പറഞ്ഞതും ദച്ചു അവനെ നോക്കി കണ്ണുരുട്ടി

”അ.. അല്ലാ.,
ഞാന്‍ ചുമ്മാ.,
എന്ത് ബാധിക്കാന്‍ ആരെ ബാധിക്കാന്‍.,
ഞങ്ങള്‍ ദച്ചൂന്‍റെ ചേട്ടമ്മാരെ യൂട്യൂബ് ചാനലിലേക്ക് പുതിയൊരു ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു അല്ലെ ദച്ചൂ..,,

മനു ദച്ചൂനെ നോക്കി

”അതേയതെ.,,
കുടുംബത്തിലെ കട്ടുറുമ്പ് അതാ ഷോര്‍ട്ട് ഫിലിമിന്‍റെ പേര്.,,

ദച്ചു പറഞ്ഞത് കേട്ട് നന്ദു ഒന്ന് പുച്ഛത്തോടെ ചിരിച്ചു

”ഞാന്‍ പൊട്ടനൊന്നും അല്ല.,
ഉള്ളത് ഉള്ളത് പോലെ പറഞ്ഞാല്‍ രണ്ടിനും കൊള്ളാം ഇല്ലെങ്കില്‍ അഭിനന്ദിന്‍റെ മറ്റൊരു രൂപം നിങ്ങള്‍ കാണും.,,

നന്ദൂന്‍റെ മുഖം മാറി

”അയ്യെ അതെനിക്ക് കാണേണ്ട.,
ദച്ചൂന് കാണിച്ച് കൊടുത്താല്‍ മതി.,

മനു കള്ളച്ചിരിയോടെ പറഞ്ഞതും നന്ദു ഒന്നൂടെ കോളറില്‍ പിടി മുറുക്കി

കഴുത്തില്‍ ഷര്‍ട്ട് കുരുങ്ങിയതും ശ്വാസം വിലങ്ങി മനൂന്‍റെ കണ്ണ് പുറത്തേക്ക് തള്ളി

*(തുടരും..)*