23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 49

രചന – ശംസിയ ഫൈസൽ

ദീപു കോപത്തോടെ പറഞ്ഞതും നന്ദു ദച്ചൂനെ മാറ്റി നിര്‍ത്തി ദീപൂനും ദേവനും നേരെ വന്ന് നിന്നു

നന്ദുവിന്‍റെ നോട്ടം ദീപുവിനോ ദേവനോ പിടിച്ചില്ല

”എന്താടാ നോക്കുന്നെ.,
നീ നോക്കിയാല്‍ ഞങ്ങളങ് പേടിച്ച് പോകുമെന്ന് കരുതിയോ ?

ദേവന്‍ പുച്ഛത്തോടെ നന്ദൂനെ നോക്കി

”നിങ്ങളെ പേടിക്കണമെന്ന ഉദ്ദേശമൊന്നും എനിക്കില്ല.,
പക്ഷെ ഒന്നെനിക്കറിയണം.
ഞാന്‍ ചെയ്ത തെറ്റ് ?
അതെന്താണെന്ന് രണ്ടിലൊരാള്‍ പറഞ്ഞെ പറ്റൂ.,,

നന്ദു തീര്‍ത്ത് പറഞ്ഞു

”അത് ഞങ്ങളേക്കാള്‍ കൂടൂതല്‍ നിനക്ക് തന്നെ അറിയാലോ ,,
പിന്നെന്തിനാണാവോ നല്ലവായ ഉണ്ണിയുടെ ഈ അഭിനയം ,

ദീപു പറഞ്ഞതും നന്ദു പല്ല് കടിച്ചു

”ടേയ് ക്ഷമിക്കുന്നതിന് പരിധിയുണ്ട്.,,
ദച്ചൂന്‍റെ ബ്രദേഴ്സ് എന്നതിനപ്പുറം നിങ്ങളെന്‍റെ ഫ്രണ്ട്സായിരുന്നു.
ഇപ്പോ നിങ്ങള്‍ തന്നെ ഇല്ലാത്തത് പറഞ്ഞുണ്ടാക്കുമ്പോ….

നന്ദു പറഞ്ഞ് മുയുവന്‍ ആക്കിയില്ല അപ്പോയേക്കും ദേവന്‍ നന്ദൂന്‍റെ കോളറില്‍ കയറി പിടിച്ചു

”ആരടാ പറഞ്ഞുണ്ടാക്കുന്നെ ഞങ്ങളോ.,
ഒാരോ തെണ്ടിത്തരം കാണിച്ച് വെച്ചിട്ട് എന്താ അഭിനയം.,
ദച്ചൂനെ പറ്റിക്കാം പക്ഷെ ഞങ്ങളെ എളുപ്പമൊന്നും നിനക്ക് പറ്റിക്കാന്‍ പറ്റില്ല.,,

ദേവന്‍ വലിഞ്ഞ് മുറുകിയ മുഖത്തോടെ പറഞ്ഞു

”ഡാ..ദച്ചൂനെ കെട്ടിയത് ഇഷ്ടമില്ലെങ്കില്‍ അത് പറ.,,
അല്ലാതെ ഒാരോ കെട്ട് കഥ അടിച്ചിറക്കി എന്നെ ഒന്നിനും കൊള്ളാത്തവനാക്കണ്ട.,,

നന്ദു ശക്തിയില്‍ ദേവന്‍റെ കൈ എടുത്ത് മാറ്റി

”അതെ ഡാ ഞങ്ങള്‍ക്ക് ഞങ്ങളെ പെങ്ങളെ കെട്ടിയത് ഇഷ്ടപ്പെട്ടില്ല.,
ഇനിയെങ്കിലും നാണം കെട്ട് നില്‍ക്കാതെ ഇറങ്ങി പൊക്കൂടെ.,,

ദീപു വീണ്ടും നന്ദൂനെ പിടിച്ച് തള്ളി

”ഒാ..ഹ് തമ്മില്‍ തല്ലി ചാവ്.,,
നാണമില്ലല്ലോ കൊച്ച് പിള്ളേരെ പോലെ തല്ലുണ്ടാക്കാന്‍.,,
അതെങ്ങനെ മസിലും പെരുപ്പിച്ച് നടന്നിട്ട് കാര്യമില്ല .,
തലക്ക് അകത്ത് ആള്‍ താമസം വേണം.,,

സഹികെട്ട് ദച്ചു പൊട്ടി തെറിച്ചു

”ദച്ചൂ.. എന്താ അവിടെ ?

അമ്മ ശബ്ദം കേട്ട് അങ്ങോട്ട് കയറി വന്നു

”ഒന്നുല്ല ഞങ്ങള് ചുമ്മാ..,,

ദച്ചു ദേഷ്യം കടിച്ച് പിടിച്ചൊന്ന് ചിരിച്ചു

”ഹ്മ്..,, തമാശ കുറച്ച് കൂടുന്നുണ്ട്.,
ഇങ്ങനെ തമ്മിലടിച്ചാല്‍ കുടുംബത്തിന്‍റെ സമാധാനം പോകും എന്നല്ലാതെ ഒന്നും ഉണ്ടാകില്ല.,
ദീപൂ.. ദേവാ.. ഇവരോടുള്ള പിണക്കമൊക്കെ മാറ്റി നിര്‍ത്തി സ്നേഹത്തോടെ മുന്നോട്ട് പോകുന്നതാണ് നല്ലത്.,
നാലാളും ഭക്ഷണം കഴിക്കാന്‍ താഴേക്ക് വാ അച്ഛന്‍ മെഡിക്കല്‍ ഷോപ്പടച്ച് വന്നിട്ടുണ്ട്.,,

അമ്മ അവരെ ഒന്ന് ഇരുത്തി നോക്കി താഴേക്ക് പോയി

ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് വലിച്ച് അമ്മേടെ പിറകെ പോയി

ദച്ചു താഴേക്ക് ചെന്ന് അമ്മയുടെ കൂടെ കിച്ചണിലേക്ക് പോയി

”എന്‍റെ ദച്ചൂ…
പറയാതിരിക്കാന്‍ വയ്യ നിന്‍റെ ചേട്ടമ്മാര്‍ക്ക് കുറച്ച് അഹങ്കാരം കൂടുതലാണ്.,
ആ നന്ദൂനോടൊന്ന് മിണ്ടിയാല്‍ എന്താ

അവര്‍ക്ക് .,
പാവം നന്ദു മോന് നല്ല സങ്കടം ഉണ്ട്.,,

അമ്മ കറി ബൗളിലേക്ക് വിളംബുന്നതിനിടെ പറഞ്ഞു

”അമ്മേടെ പുന്നാര മക്കളല്ലെ.,
സമയം കിട്ടുമ്പോ ഒന്ന് ഉപദേശിക്കാന്‍ നോക്ക്.,
ഞാനൊന്ന് വിളിച്ചാല്‍ പോലും എടുക്കില്ല തെണ്ടികള്.,,

ദച്ചു പിറു പിറുത്തതും അമ്മ ദച്ചൂന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്തു

”ഹൗ എന്താ അമ്മാ..?

ദച്ചു കൈ ഉഴിഞ്ഞ് അമ്മയെ നോക്കി ചുണ്ട് ചുളുക്കി

”ഇനി നിന്‍റെ ചുണ്ടിനിട്ടാകും കിട്ടാ.,
നിന്നോട് പറഞ്ഞിട്ടില്ലെ തെറി പറയരുതെന്ന്.,,
വായ തുറന്നാ തെണ്ടി പട്ടിം.,,
ഇതൊക്കെ നന്ദൂന്‍റെ വീട്ടിലെങ്ങാനും പോയി പറഞ്ഞാ നാണക്കേട് എനിക്കാ.,
തള്ള നേര്‍വഴി പറഞ്ഞ് കൊടുത്തില്ലെന്ന് പറയും.,,

അമ്മ ദച്ചൂനെ നോക്കി കണ്ണുരുട്ടി

”എന്‍റെ മാതാജി പറഞ്ഞാലും.,
അവിടെത്തെ അപ്പനും അമ്മയും ഒന്നും പറയില്ല.,
അവരൊക്കെ മക്കളെ അതേ വൈബാണ്.,,

ദച്ചു അമ്മയെ നോക്കി കണ്ണിറുക്കി

”ഹോ അപ്പോ നമ്മള് പുറം പോക്ക്.,,

അമ്മ പിണക്കത്തോടെ പറഞ്ഞതും ദച്ചു അമ്മയെ പിറകില്‍ നിന്ന് കെട്ടിപിടിച്ചു

”ഹാ പിണങ്ങല്ലെന്നേയ് എന്‍റെ അമ്മ കഴിഞ്ഞെ എനിക്കാരുമൊള്ളു.,

ദച്ചു അമ്മേടെ കവിളില്‍ ചുംബിച്ചു

”അപ്പോ ഞാനോ ?

ശബ്ദം കേട്ട് ദച്ചു തിരിഞ്ഞ് നോക്കി

വാതിലിനടുത്ത് ചിരിയോടെ ചുമര് ചാരി നില്‍ക്കുന്ന അപ്പനെ കണ്ട് ദച്ചു ഒാടി ചെന്ന് കെട്ടിപിടിച്ചു

”അച്ഛാ മിസ്സ് യൂ..,,

നിങ്ങളൊന്നും എന്നെ ഒന്ന് കാണാന്‍ വരില്ലല്ലോ
എപ്പോയും ഷോപ്പെന്നും പറഞ്ഞ് നടക്കാ.,,

ദച്ചു പരിഭവത്തോടെ പറഞ്ഞു

”ഞങ്ങളെ കുറുമ്പിയെ കാണാന്‍ വരണം എന്ന് കരുതി ഇരിക്കുമ്പോയാ നിങ്ങള് ഇങ്ങോട്ട് വന്നത്.,,
നീ നന്ദൂന്‍റെ അടുത്തേക്ക് ചെല്ല്.,
അവന്‍ സിറ്റ് ഒൗട്ടില്‍ ഒറ്റക്കിരിക്കുന്നുണ്ട്.,,

അച്ഛന്‍ ദച്ചൂനെ നന്ദൂന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു

ദച്ചു നോക്കുമ്പോ നന്ദു പുറത്തേക്കിറങ്ങി നില്‍ക്കുന്നുണ്ട്

ദച്ചു പതിയെ അവന്‍റെ അടുത്തേക്ക് ഇറങ്ങി ചെന്നു

”എന്താ ഇവിടെ നില്‍ക്കുന്നെ ?

ദച്ചു നന്ദൂന്‍റെ തോളില്‍ തട്ടി ചോദിച്ചു

”ഹേയ് ഒന്നുല്ല.,,

നന്ദു തിരിഞ്ഞ് നോക്കാതെ ഒറ്റ വാക്കില്‍ ഉത്തരം കൊടുത്തു

”നന്ദേട്ടന് സങ്കടായോ ?
അവരെന്തേലും പറഞ്ഞെന്ന് കരുതി ഇങ്ങനെ സങ്കടപ്പെട്ടാലെങ്ങനെ ?
നന്ദേട്ടന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നന്ദേട്ടന് ഉറപ്പുണ്ടാകുമ്പോ വേറെ ആരെന്ത് പറഞ്ഞാലും ചെവി കൊടുക്കണ്ട.,,

ദച്ചു ആശ്വസിപ്പിക്കും വിധം പറഞ്ഞു

”അങ്ങനല്ല ദച്ചൂ..,
എന്‍റെ ഫ്രണ്ട്സായിരുന്നില്ലെ അവര്.,,
സ്വന്തം കൂട്ടുക്കാര് തള്ളി പറയുമ്പോ വല്ലാത്തൊരു വിഷമം.,,

നന്ദു ദച്ചൂനെ നോക്കി വിഷമത്തോടെ ഒന്ന് ചിരിച്ചു

”സാരല്ലാ.,
നന്ദേട്ടനോട് മാത്രമല്ല എന്നോടും മിണ്ടുന്നില്ലല്ലോ .,,
എന്തായാലും ഇന്ന് പ്രശ്നം സോള്‍വ് ചെയ്തിട്ടെ നമ്മളിവിടെന്ന് പോകുന്നൊള്ളു.,,

ദച്ചു ഉറപ്പോടെ പറഞ്ഞു

”അതിന് അവര് കാര്യമെന്താന്ന് തുറന്ന്

പറയണ്ടെ.,,
ഒരുമാതിരി മനുഷ്യന്‍റെ മേലേക്ക് കുതിര കയറാ എന്നല്ലാതെ ഞാന്‍ ചെയ്ത തെറ്റ് എന്താന്ന് പറഞ്ഞോ ?
ഇല്ലല്ലോ ?

നന്ദു അല്പം ദേഷ്യത്തോടെയാണത് പറഞ്ഞത്

”അതെങ്ങനെ പറയും ഒരുവിധം അവരെ കൊണ്ട് കാര്യം പറയുമ്പോയാ നന്ദേട്ടന്‍ കയറി വന്നത്..,
ഇനി ഒരു കാര്യം ചെയ്യ് ഞാന്‍ ഒന്നും കൂടെ ചോദിച്ച് നോക്കാം.,
ദയവ് ചെയ്ത് നന്ദേട്ടന്‍ ഇടക്ക് കയറരുത്.,
പ്ലീസ്.,,

ദച്ചു നന്ദൂന് നേരെ കൈ കൂപ്പിയതും നന്ദു സമ്മതമെന്നോണം തല കുലുക്കി

”എന്നാ വാ അകത്തിരിക്കാം.,,

ദച്ചു പോകാന്‍ നിന്നതും നന്ദു അവളെ പിടിച്ച് തോളിലൂടെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു

”ഹാ പോകല്ലെ.,
നല്ല കാലാവസ്ഥ
എന്ത് രസാ ഇരുട്ടിലിങ്ങനെ നില്‍ക്കാന്‍.,

ദേ അങ്ങോട്ട് നോക്ക്
കണ്ടോ ഇന്ന് പൂര്‍ണ്ണ ചന്ദ്രനാ.,
എന്ത് ഭംഗിയാലെ കാണാന്‍.,
നീ കൂടെ ഉണ്ടാകുമ്പോ അതിന്‍റെ ഭംഗി ഇരട്ടിയാകുന്ന പോലെ.,

നന്ദു ആകാശത്തേക്ക് ചൂണ്ടിയതും ദച്ചുവും അങ്ങോട്ട് നോക്കി

”ദച്ചൂ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ ?

നന്ദൂന്‍റെ ശബ്ദം നേര്‍ത്തു

”ഹ്മ് .. ചോദിക്ക്.,,

ദച്ചു നന്ദൂനെ നോക്കി

നന്ദു ചിരിയോടെ ദച്ചൂനെ തനിക്ക് നേരെ നിര്‍ത്തി കഴുത്തിലൂടെ കൈയ്യിട്ട് അവളെ നെറ്റിയില്‍ നെറ്റി മുട്ടിച്ച് നിന്നു

*(തുടരും..)*