ഹരിശങ്കർ അൽപ്പം അസ്വസ്ഥതയോടെ ചോദിച്ചു. “ഇതിനെന്താ കുഴപ്പം അച്ഛാ, ഇത് ഇപ്പോൾ
നിഴൽ വീഴുന്ന വഴികൾ
തന്റെ പതിനാലുകാരിയായ മകൾ ദേവിക ഒട്ടും ചേരാത്തതും ശരീരഭാഗങ്ങൾ പ്രകടമാകുന്നതുമായ വസ്ത്രവും ധരിച്ച് മുറിയിൽ നിന്നും ഇറങ്ങിവരുന്നത് കണ്ട് ഹരിശങ്കർ അമ്പരപ്പോടെ നക്ഷത്രങ്ങളെപ്പോലെ കണ്ണുചിമ്മി അവളുടെ മുന്നിൽ നിന്നു. “പോകാം അച്ഛാ, വൈകി,” എന്ന് ഉത്സാഹത്തോടെ പറഞ്ഞ മകളോട്, “നീ ഈ വേഷത്തിലാണോ പുറത്തേക്ക് വരുന്നത്?” എന്ന് ഹരിശങ്കർ അൽപ്പം അസ്വസ്ഥതയോടെ ചോദിച്ചു. “ഇതിനെന്താ കുഴപ്പം അച്ഛാ, ഇത് ഇപ്പോൾ എല്ലാവരും ഇടുന്ന നല്ല ഒന്നാന്തരം ഡ്രസ്സല്ലേ?” എന്ന് മകൾ തിരിച്ചു ചോദിച്ചപ്പോൾ, ഹരിശങ്കർ നെടുവീർപ്പോടെ അവളുടെ വസ്ത്രത്തിലേക്ക് വീണ്ടും നോക്കി. “എന്റെ മോളെ, നിനക്ക് ആരാണ് ഈ വസ്ത്രമൊക്കെ വാങ്ങി തന്നത്?” എന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ ദിവസം വീട്ടിൽ വന്ന അയൽപക്കത്തെ മാമി കൊണ്ടുവന്നതാണെന്നും ഇത് പുതിയ ട്രെൻഡാണെന്നും അവൾ വളരെ നിരപരാധിത്വത്തോടെ മറുപടി നൽകി. എന്നാൽ, “നീ മര്യാദയ്ക്ക് പോയി നല്ലൊരു വസ്ത്രം മാറ്റിയിട്ട് വാ, നമ്മൾ പോകുന്നത് ഒരു കുടുംബചടങ്ങിലേക്കാണ്, അല്ലാതെ ഫാഷൻ ഷോയ്ക്കല്ല” എന്ന് ഹരിശങ്കർ ഉറപ്പിച്ചു പറഞ്ഞപ്പോൾ, “അച്ഛൻ ഈ പഴയകാല ചിന്തകളൊക്കെ ഒന്ന് മാറ്റിപ്പിടിക്ക്, ഇത് പണ്ടത്തെ ലോകമല്ല” എന്ന് അവൾ അല്പം പിറുപിറുത്തു. ഒടുവിൽ അച്ഛന്റെ കടുപ്പിച്ചുള്ള നോട്ടവും ശാസനയും കണ്ട് മനസ്സില്ലാ മനസ്സോടെ അവൾ വസ്ത്രം മാറാനായി അകത്തേക്ക് പോയി.
ദേവികയ്ക്ക് വെറും ആറുമാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ജോലിയുടെ ഭാഗമായി വിദേശത്തേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ, അമ്മയുടെയും അച്ഛന്റെയും സ്നേഹവും പരിചരണവും ഒരുപോലെ നൽകി അവളെ വളർത്തിയത് ഹരിശങ്കർ തന്നെയായിരുന്നു. ഇടയ്ക്ക് അവധിക്ക് വീട്ടിലെത്തുന്ന അമ്മയേക്കാൾ മകൾക്ക് എപ്പോഴും പ്രിയവും അടുപ്പവും തന്നോടായിരുന്നു എന്ന കാര്യത്തിൽ ഹരിശങ്കറിന് ഒട്ടും സംശയമില്ലായിരുന്നു. മകളുടെ ഓരോ കൊച്ചു കൊച്ചു വളർച്ചയും കുസൃതികളും കൺമുന്നിൽ കണ്ടു വളർത്തിയ ഒരു പിതാവാണ് താൻ. എന്നാൽ ഈ ആധുനിക യുഗത്തിൽ, വളർന്നു വരുന്ന മകളുടെ കാര്യത്തിൽ വലിയൊരു ഭയം അയാളെ ഉള്ളിൽ നിന്നും വേട്ടയാടാൻ തുടങ്ങിയിരുന്നു. പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വസ്ത്രധാരണത്തിലെ മാന്യതയും പറഞ്ഞു കൊടുക്കാൻ അവളുടെ അമ്മ കൂടെയില്ലല്ലോ എന്ന ചിന്ത അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി. ഉമ്മറത്തെ കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് അയാൾ പഴയകാല ഓർമ്മകളിലേക്ക് ഊളിയിട്ടു. സമയം എത്ര വേഗത്തിലാണ് കടന്നുപോകുന്നത് എന്ന് അയാൾ അത്ഭുതത്തോടെ ചിന്തിച്ചു.
കാലത്തിന്റെ ഒഴുക്കിൽ മനുഷ്യരുടെ ചിന്തകളും ശീലങ്ങളും എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്.
ഇന്നിപ്പോൾ പൊതുയിടങ്ങളിലും സോഷ്യൽ മീഡിയയിലും നോക്കിയാൽ മാന്യതയില്ലാത്ത വസ്ത്രധാരണവും ശരീരപ്രദർശനവും മാത്രമാണ് കാണാൻ സാധിക്കുന്നത്. ഫോണെടുത്ത് ഏതെങ്കിലും ഒരു ദൃശ്യം കാണാമെന്ന് വിചാരിച്ചാൽ, സ്വന്തം മാന്യത മറന്ന് ആളുകളെ ആകർഷിക്കാൻ മത്സരിക്കുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഒഴുക്കാണ് കാണുന്നത്. പ്രായഭേദമന്യേ ചെറിയ കുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെ ലൈക്കുകൾക്കും വ്യൂസുകൾക്കും വേണ്ടി ശരീരം കാണിച്ച് പണമുണ്ടാക്കുകയും ആർഭാട ജീവിതം നയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നാപ്പത്തിയൊന്ന് വർഷത്തെ ജീവിത പരിചയവും പക്വതയുമുള്ള തനിക്ക് ഈ രീതികളെ ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. തന്റെ കോളേജ് കാലഘട്ടത്തിൽ ജീൻസും മോഡേൺ വസ്ത്രങ്ങളും ധരിക്കുന്ന ധാരാളം സഹപാഠികൾ ഉണ്ടായിരുന്നു. എന്നാൽ അവരൊക്കെ എത്ര മോഡേൺ വസ്ത്രം ധരിച്ചാലും മറയ്ക്കേണ്ട ഭാഗങ്ങൾ കൃത്യമായി മറയ്ക്കുകയും വസ്ത്രധാരണത്തിൽ ഒരു അന്തസ്സ് പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തവും ഭയപ്പെടുത്തുന്നതുമാണ്.
ആളുകളെ തെറ്റായ രീതിയിൽ ആಕರ್ഷിക്കുന്നതിനായി നിർമ്മിച്ച വസ്ത്രങ്ങൾ പോലും ഇന്ന് വിപണിയിൽ ധാരാളമായി ലഭ്യമാണ്. ഇല്ലാത്ത ഭംഗി വച്ചുകെട്ടി ഉണ്ടാക്കി ആളുകളെ പ്രലോഭിപ്പിച്ച് ജീവിക്കുന്ന സാംസ്കാരിക അധഃപതനം സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ആണുങ്ങൾ ഇതുപോലെ മാന്യതയില്ലാത്ത വസ്ത്രം ധരിച്ച് പൊതുയിടങ്ങളിൽ ഇറങ്ങിയാൽ സമൂഹം അതിനെ അംഗീകരിക്കുമോ എന്ന് അയാൾ ചിന്തിച്ചു. അങ്ങനെ ചെയ്താൽ അത് വലിയ കുറ്റകൃത്യമായി കാണുകയും കേസ് കൊടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണിത്. സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് വലിയ വർത്തമാനങ്ങൾ പറയുന്നവർ പോലും ഇത്തരം കാര്യങ്ങളിൽ വിവേചനം കാണിക്കുന്നു. എപ്പോഴും സ്ത്രീകൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്ന രീതിയാണ് ഇവിടെ കാണുന്നത്. ഒരു പുരുഷനായതുകൊണ്ട് തന്നെ സ്വാഭാവികമായ ആകർഷണം സ്ത്രീകളോട് തോന്നുക എന്നത് സ്വാഭാവികമാണ്. എന്നാൽ സകലതും പ്രദർശിപ്പിച്ചുകൊണ്ട് നടക്കുന്ന കാഴ്ചകൾ കാണുമ്പോൾ പ്രലോഭനത്തിന് പകരം വലിയൊരു അറപ്പാണ് ഉള്ളിൽ ഉണ്ടാകുന്നത്.
ഇത്തരം ശരീരപ്രദർശനം നടത്തുന്നവരെ ഉത്ഘാടനങ്ങൾക്കും പൊതുപരിപാടികൾക്കും വിളിച്ച് വലിയ കാര്യമായി ആഘോഷിക്കുന്നത് കാണുമ്പോൾ, അവർ എന്തോ വലിയ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവരാണോ എന്ന് തോന്നിപ്പോകും. എന്നാൽ കാലം മാറിയതിന്റെ കുഴപ്പമാണോ അതോ പുതിയ കാലത്തിനൊത്ത് ചിന്തിക്കാൻ തനിക്ക് കഴിയാത്തതിന്റെ പ്രശ്നമാണോ ഇതെന്ന് ഹരിശങ്കർ സ്വയം ചോദിച്ചു.
ശരീരപ്രദർശനത്തേക്കാൾ എത്രയോ മികച്ച കാര്യങ്ങൾ ചെയ്ത് സമൂഹത്തിന് മാതൃകയാകേണ്ടവരാണ് ഇന്നത്തെ യുവതലമുറ. സ്വന്തം കഴിവും ബുദ്ധിയും ഉപയോഗിച്ച് ക്രിയേറ്റീവായ നിരവധി കാര്യങ്ങൾ ചെയ്യുകയും അതിലൂടെ മാന്യമായി പണം സമ്പാദിക്കുകയും ചെയ്യുന്ന ധാരാളം ചെറുപ്പക്കാരായ ആൺകുട്ടികളെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. എന്ന് കരുതി എല്ലാ സ്ത്രീകളും മോശക്കാരാണെന്ന് പറയാൻ കഴിയില്ല. തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ സോഷ്യൽ മീഡിയയെ ശരിയായ രീതിയിൽ ഉപയോഗിക്കുകയും മാന്യമായി ജീവിക്കുകയും ചെയ്യുന്ന ഒട്ടനവധി സ്ത്രീകളുണ്ട്. അവരോടൊക്കെ വലിയ ബഹുമാനവും ആരാധനയും തന്നെയാണ് ഉള്ളത്.
ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ ഫോൺ നോക്കുന്ന ശീലം തനിക്കും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മറ്റുള്ളവരുടെ മുന്നിൽ വച്ച് ഫോൺ തുറക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്. അടുത്തതായി ഫോൺ സ്ക്രീനിൽ തെളിയുന്നത് എന്താണെന്ന് പറയാൻ കഴിയില്ലല്ലോ.
ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യവും ഇഷ്ടങ്ങളുമായിരിക്കാം. മാന്യമായി വസ്ത്രം ധരിക്കുന്ന എല്ലാവരും ഉള്ളുകൊണ്ട് നല്ലവരാകണമെന്നുമില്ല. എങ്കിലും, ഇത്തരം രീതികൾ സർവ്വസാധാരണമായി മാറിയ ഈ കാലഘട്ടത്തിൽ, മുതിർന്നവരെ അതേപടി അനുകരിക്കാൻ ചെറിയ കുട്ടികൾ മത്സരിക്കുന്നത് കാണുമ്പോൾ ഒരു പിതാവെന്ന നിലയിൽ വലിയ ഭയവും ആശങ്കയുമാണ് തോന്നുന്നത്. കാലക്രമേണ ഇതൊക്കെ ഒരു ശീലമായി മാറുകയും, ആളുകൾ ഇതിനോട് പൊരുത്തപ്പെടുകയും ചെയ്യുമായിരിക്കും. കാരണം മാറ്റങ്ങളിലൂടെയാണല്ലോ മനുഷ്യസമൂഹത്തിന്റെ വികാസം നടന്നിട്ടുള്ളത്.
പക്ഷേ നമ്മളെ കണ്ടു വളരുന്ന നമ്മുടെ കൊച്ചുകുട്ടികളെ നമ്മൾ ഒരിക്കലും മറക്കരുത്. അവർ കണ്ടുവളരുന്നത് ഇത്തരം അനാവശ്യമായ കാഴ്ചകളാണെങ്കിൽ, ഇതാണ് ശരിയായ വഴിയെന്ന് അവർ തെറ്റിദ്ധരിക്കും. സ്വന്തമായി ചിന്തിക്കാനും ശരിയും തെറ്റും വേർതിരിച്ചറിയാനുമുള്ള പക്വത കുട്ടികൾക്ക് ഉണ്ടാകുന്നതുവരെ അവർ കണ്ടതിനെ അന്ധമായി അനുകരിക്കാൻ ശ്രമിക്കും. സ്വയം കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു പ്രായത്തിൽ മാത്രമേ അവർക്ക് ശരിയായ വ്യക്തിത്വം രൂപപ്പെടുകയുള്ളൂ. ഇപ്പോഴും നോക്കൂ, എന്റെ മോളും മറ്റുള്ളവരെ അന്ധമായി അനുകരിക്കാനാണ് നോക്കിയത്. പക്ഷെ ഒരു പിതാവെന്ന നിലയിൽ അവളെ ശരിയായ വഴി കാണിക്കേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ട് ഞാൻ അവളെ തിരുത്തുക തന്നെ ചെയ്യും.
നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. എന്നാൽ മറയ്ക്കേണ്ട കാര്യങ്ങൾ മറച്ചുകൊണ്ടുതന്നെയായിരിക്കണം ആ വസ്ത്രധാരണം. വസ്ത്രമല്ല, മറിച്ച് മികച്ച വ്യക്തിത്വവും നല്ല പെരുമാറ്റവുമാണ് ഒരു മനുഷ്യനെ സമൂഹത്തിൽ യഥാർത്ഥത്തിൽ അടയാളപ്പെടുത്തുന്നത്. എങ്കിലും, മികച്ച വ്യക്തിത്വമുള്ള മനുഷ്യർ എപ്പോഴും തങ്ങളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മാന്യതയും അന്തസ്സും പുലർത്താറുണ്ടെന്ന സത്യം ആരും മറന്നുപോകരുത്. അകത്തുനിന്നും വസ്ത്രം മാറി പുഞ്ചിരിയോടെ ഇറങ്ങിവന്ന മകളെ നോക്കി ഹരിശങ്കർ സംതൃപ്തിയോടെ പുഞ്ചിരിച്ചു.






