22/04/2026

മൂക്കുത്തി : ഭാഗം 23

രചന – ആയിഷ അക്ബർ

നീയെന്തിനാ ഇങ്ങനെ കിടന്നു ചാടുന്നത്…..
പഴയ സാരികളൊക്കെ പണിക്കാരി പെണ്ണുങ്ങൾക്ക് കൊടുക്കാറ് തന്നെയാ പതിവ്…….

ശോഭ സുകന്യയുടെ പക്ഷം പിടിച്ചത് പറഞ്ഞു നിർത്തുമ്പോൾ പുച്ഛത്തോടെയാണ് അഞ്‌ജലിയിലേക്ക് നോക്കിയത്….

ഓഹ്… അങ്ങനെയാണോ….
എങ്കിൽ അമ്മായിക്ക് തെറ്റി….
ഇവളിപ്പോ ആ പഴയ പണിക്കാരി പെണ്ണല്ല….
കിഴിശ്ശേരി മഹാദേവന്റെയും മംഗലത് വീട്ടിൽ പത്മയുടെയും ഒരേയൊരു മരുമകളാണ്…..
അതായത് എന്റെ ഭാര്യ…..

അർജുനതും പറഞ്ഞവിടെ നിന്നും നടക്കുമ്പോൾ അവൻ പോലുമറിയാതെ അവളുടേ കയ്യിൽ പിടിച്ചിരുന്നു……

സുകന്യയും ശോഭയും പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തി…..

അഞ്ജലി യാന്ത്രികമായി അവന്റെ കൂടെ പോകുമ്പോഴും തന്റെ കൈ ഇത് വരെയറിയാത്തൊരു സംരക്ഷണ വലയത്തെ അറിയുന്നുണ്ടായിരുന്നു…..

എന്റെ തലയെറിഞ്ഞു പൊട്ടിക്കാനും എന്നോട് വായിട്ടലക്കാനും നല്ല നാവായിരുന്നല്ലോ……
ഇപ്പൊ എന്താ ആ നാവിറങ്ങി പ്പോയോ…..

അർജുൻ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ മുമ്പിൽ നിൽക്കുന്നത് പഴയ അഞ്ജലിയല്ലാ യെന്നവന് വ്യക്തമായി അറിയാമായിരുന്നു……

നിന്നോടാ ചോദിച്ചത്….

തനിക്ക് മുമ്പിൽ തല കുനിച്ചു നിൽക്കുന്നവൾക്ക് നേരെ അവൻ വീണ്ടും ചോദ്യമെറിഞ്ഞു…..

അവരോട് ഞാനെന്താ പറയേണ്ടത്…..
ഇത് അവരുടെ വീടല്ലേ….
ഞാനിവിടെ ആരുമല്ല….
എനിക്കും അവരാരുമല്ല….

അപ്പൊ ഞാൻ നിനക്കാരായിരുന്നു…..

അവൾ അവനിൽ നിന്ന് കണ്ണുകൾ താഴ്ത്തി അത് പറഞ് നിർത്തിയതും അവന്റെ ചോദ്യം പെട്ടെന്നായിരുന്നു…..

അവൾ പെട്ടെന്ന് മിഴികൾ അവന് നേരെ ഉയർത്തി…..

അവന്റെ കണ്ണുകളിൽ താൻ കാണുന്ന ആ ഭാവങ്ങൾ തന്റെ തോന്നലാണോ എന്നവൾക്ക് സംശയം തോന്നി….

അത്രയേറെ വികാരങ്ങൾ അവനാ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു…..

അവന്റെ ചോദ്യം തന്റെ ഹൃദയത്തിലേക്ക് തൊടുത് വിട്ടത് പോലെ….

ശെരിയാണ്…. ഇപ്പൊ താനവനിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യമെടുക്കരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോൾ ഇതിനു മുൻപ് അവൻ തന്നിക്കെങ്ങനെയായിരുന്നു എന്നത് മറന്ന് പോയിരിക്കുന്നു…..

അന്ന് വഴക്ക് കൂടാനും ദേഷ്യപ്പെടാനുമൊന്നും താൻ മടിച്ചിരുന്നില്ല…..

അതെന്തിന്റെ പേരിലായിരുന്നു…..

അവൾ അവൻ പിടിച്ച തന്റെ കയ്യിലേക്കൊന്ന് മിഴികൾ നീക്കി….

അപ്പോഴാണ് ആ കൈ വീട്ടിട്ടില്ലെന്നത് അവനും ഓർക്കുന്നത്…..

അവൻ പതിയെ തന്റെ കൈ അയച്ചു ….

അവളെ ഒന്ന് നോക്കിയ ശേഷം കോണിപ്പടികൾ കയറി പ്പോകുന്നവനെ അവളൊന്ന് നോക്കി നിന്നു….

അന്ന് അത്രയും അവനോട് ഇടപഴകിയ സമയത്തൊന്നും മനസ്സ് ഇത്ര മേൽ അവനിലേക്ക് ചാഞ്ഞിരുന്നില്ല…..

എന്നാലിപ്പോൾ മനസ്സ് ഒരു കാന്തമെന്നോണം അവനിലേക്ക് നീങ്ങുന്നു….

അത് കൊണ്ട് തന്നെയാവാം മുമ്പത്തെ പോലെ അവനോട് ഇടപഴകാൻ താൻ ഭയക്കുന്നതും……..

അവൾ അവൻ കൂട്ടി പിടിച്ച കൈ പത്തിയിലേക്കൊന്ന് നോക്കി….

അത്രയേറെ മുറുകെ പിടിച്ചത് കൊണ്ടാവാം ചുവന്നിട്ടുണ്ട്…..

തന്നെ അത്ര മേൽ ചേർത്ത് നിർത്തുന്നവനോടുള്ള തന്റെ വികാരമെന്താണ്….

രക്ഷകൻ….

അത് മാത്രമേ ആക്കാൻ പാടു എന്നവൾ മനസ്സിനെ ഓർ മപ്പെടുത്തി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അജു ആ കുട്ടിക്ക് ഉടുത് മാറാൻ ഒന്നുമില്ലെന്ന കാര്യം ഞാൻ ഓർത്തതേയില്ല….

മുത്തശ്ശിയുടെ അടുത്തേക്ക് അതിനെ കുറിച് സംസാരിക്കാനാണ് ചെന്നതെങ്കിലും മുത്തശ്ശി വല്ലാത്തൊരു പ്രയാസത്തോടെ തന്നോടത് പറഞ്ഞപ്പോൾ അവൻ നിശബ്ദനായി….

ഞാനാ ഗീതയോട് പറഞ്ഞിട്ടുണ്ട് അവൾക്ക് പറ്റിയ കുറച് തുണികൾ കൊണ്ട് തരാൻ…..
അവള് തുണികൾ തുന്നി കടയിൽ കൊണ്ട് പോയി വിൽക്കുന്നുണ്ട്…..

പക്ഷെ…. ഇവിടെ ഇട്ട് നടക്കാനുള്ളതേ കിട്ടു…..
നല്ലത് കുറച്ച് കൂടി വാങ്ങണം…..
എന്തായാലും അവളിപ്പോ മംഗലത്തെ കുട്ടിയല്ലേ….

മുത്തശ്ശി അത് പറയുമ്പോൾ അവനിലും ഒരു പുഞ്ചിരി മിന്നി…..

നീ ടൗണിൽ പോയി അവൾക്ക് കോളേജിലേക്ക് ഇടാൻ പറ്റിയ കുറച്ച് തുണികലെടുത്തിട്ട് വരണം…..
ഞാൻ കാശ് തരാം…..
നാളെയോ അതിന്റെ അടുത്ത ദിവസമോ ഒക്കെയായി അവൾ കോളേജിൽ പോയി തുടങ്ങട്ടെ……

മുത്തശ്ശി അത് പറഞ്ഞതും അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു……
പകരം….. ഞാൻ കാശ് തരാം എന്ന് മുത്തശ്ശി പറഞ്ഞതൊരു നോവായി തങ്ങി നിന്നു….

എനിക്കെന്തിനാ കാശ് തരുന്നത്…..
അവളെന്റെയല്ലേ…
അവൾക്ക് ഈ ലോകത്ത് കിട്ടുന്ന എന്തും വാങ്ങി കൊടുക്കാൻ എനിക്കറിയാം….

അത്രയും നാവിനു തുമ്പിൽ വന്നു നിന്നെങ്കിലും അവൻ മിണ്ടിയില്ല…..

അതെങ്ങനെ ശെരിയാകും മുത്തശ്ശി….
കല്യാണം കഴിഞ്ഞല്ലേയുള്ളു….
കുറച്ച് ദിവസമൊക്കെ കഴിഞ്ഞിട്ടല്ലേ കോളേജിലേക്ക് പറഞ്ഞയക്കാനൊക്കൂ….

അർജുൻ കുസൃതി ചിരിയോടെ അത് പറഞ്ഞതും മുത്തശ്ശിയുടെ കണ്ണുകൾ തുറിച്ചു വന്നു….

അജു…..

അവരവനെ നീട്ടി വിളിക്കുമ്പോൾ ആ വിളിയിൽ കലർന്ന ആശങ്ക അറിഞ്ഞത് കൊണ്ട് തന്നെ അവൻ വീണ്ടും ചിരിച്ചു…..

ആ കുട്ടി പാവമാണ് അജു…. നീ വെറുതെ തമാശക്ക് നിൽക്കരുത്….

അപ്പോഴേക്കും അവരുടെ സ്വരം ഒന്ന് കൂടി കടുത്തു…..

അപ്പോഴേക്കും മുത്തശ്ശിക്കായൊരു കള്ള ചിരി നൽകി അവനവിടെ നിന്നും പോകുമ്പോൾ മുത്തശ്ശിയുടെ മനസ്സിൽ ചെറിയൊരു ആധി കടന്ന് കയറിയിരുന്നു…….
അജു അതേ ചിരിയോടെ മുറിയിലേക്ക് നടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും അവളുണ്ടാക്കിയത് കൊണ്ട് തന്നെ അവൾക്ക് കഴിക്കാൻ പ്രയാസം തോന്നിയിരുന്നില്ല….

ആ മേശ മേൽ താനിരിക്കുന്നത് ദഹിക്കാത്ത ഒരുപാട് പേരുണ്ടെങ്കിലും എന്തോ അരികിലിരിക്കുന്നവൻ എന്നുള്ള ധൈര്യം ചെറുതല്ലാത്തത് പോലെ….

അവൾ അവനിലേക്കൊന്ന് നോക്കി……

അവൻ താനുണ്ടാക്കിയ കറികളാണ് കഴിക്കുന്നത്….

മുഖത്ത് ഗൗരവമാണെങ്കിൽ പോലും അങ്ങേയറ്റം അലിവുള്ള അവന്റെ ഹൃദയത്തെ താനറിഞ്ഞിരിക്കുന്നു…

അല്ലെങ്കിൽ തന്നെ പോലെ ആരോരുമില്ലാത്തവളെ ഇത്രയേറെ സംരക്ഷിക്കേണ്ട ആവശ്യമേന്താണ്….

പക്ഷെ ആരാധനയിൽ കവിഞ് മറ്റൊരു വികാരവും തന്നിക്കവനോട് തോന്നാൻ പാടില്ലെന്ന് അവളൊന്ന് ഹൃദയത്തിൽ അടി വരയിട്ട് വെച്ചു..

അല്ലെങ്കിലൊരു പക്ഷെ താൻ അവനെന്ന ലോകത്ത് കുരുങ്ങിപ്പോയാലോ….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരം തുണികളുമായി ഗീത വന്നിട്ട് വിളിപ്പിച്ചപ്പോഴാണ് അവൾ മംഗലത്തമ്മയുടെ മുറിയിലേക്ക് വന്നത്…..

നിറമുള്ള പുതിയ വസ്ത്രങ്ങൾ അവളുടേ കണ്ണുകളെ ഈറനണിയിച്ചത് അത് തനിക്കാണെന്ന് അറിഞ്ഞപ്പോഴായിരുന്നു….

ഞാൻ… ഞാനൊരു ബുദ്ധിമുട്ടായി അല്ലേ….

അവൾ നിറഞ്ഞ കണ്ണുകളോടെ അത് ചോദിക്കുമ്പോൾ മംഗലത്തമ്മ അവളെ തുറിച്ചു നോക്കി……

പല നിറത്തിലായി ഭംഗിയിലുള്ള ഡ്രെസ്സുകൾ അവൾ കൈ കൊണ്ടൊന്നു തൊട്ട് നോക്കി……

അമ്മ ഇന്നുണ്ടായിരുന്നെങ്കിൽ തന്റെയീ അവസ്ഥയിൽ സന്തോഷിക്കുമായിരുന്നോ സങ്കടപ്പെടുമായിരുന്നോ എന്നു പോലും അവൾക്കറിയില്ലായിരുന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

തനിക്ക്….. കോളേജിൽ പോയി തുടങ്ങാമിനി…..
വെറുതെ ഇവിടെ നിന്ന് സമയം കളയേണ്ട ആവശ്യമില്ല…..

അവൾ കട്ടിലിൽ കിടന്നപ്പോഴാണ് നിലത്തു നിന്നും അവന്റെ ശബ്ദം കെട്ടത്…..

മ്മ്…..
അവൾ പതിയേ ഒന്ന് മൂളുക മാത്രം ചെയ്തു….

ഇനി രണ്ട് മൂന്ന് ദിവസം ലീവ് ആണ്….
അത് കഴിഞ്ഞാൽ പോയി തുടങ്ങണമെന്നവളും തീരുമാനിച്ചു…..

അവൾക്ക് മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി….

പഠനം തന്നെയാണ് മുഖ്യം…..
അത് കഴിഞ്ഞ് ഒരു ജോലി ആയാൽ പിന്നെ താനീ മംഗലത് വീട് പോലും കാണില്ലായിരിക്കാം….

അവൾക്കൊരു നോവ് തോന്നി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രണ്ട് ദിവസങ്ങൾ കൂടി അങ്ങനെ തന്നെ കടന്ന് പോയി…….

ഓരോ നേരത്തും തനിക്ക് വേണ്ടി ഉണ്ടാക്കേണ്ട ഭക്ഷണങ്ങൾ ഏതെന്നു പറയാൻ മാത്രം അവനവളോട് മിണ്ടി…..

അതും അവളെ അപേക്ഷിച്ചു വലിയ ആശ്വാസമായിരുന്നു…..

അവരുണ്ടാക്കിയ ഭക്ഷണം തനിക്ക് കഴിക്കേണ്ടി വരാറില്ലെന്ന് മാത്രമല്ല…

അടുക്കളയിൽ സ്വാതന്ത്ര്യത്തോടെ കയറാനും സാധിച്ചു കൊണ്ടിരുന്നു……

തനിക്ക് ചുറ്റും നീളുന്ന മുറു മുറുപ്പുകൾ ഒന്നും വക വെക്കാതെ തന്റെതായ ജോലികളിൽ മാത്രം ശ്രദ്ധിച്ചു……

താൻ അധിക സമയവും മുകളിലെ ആ മുറിയിൽ ചിലവഴിച്ചു…..

ഇത് വരെ കിട്ടാത്ത എന്തോ ആശ്വാസം തനിക്കവിടെ നിന്നും ലഭിച്ചിരുന്നു…..

ആരുടേയും ശല്യമില്ലാതെ ഓർമകളെ കൂട്ട് പിടിച്ചു താനവിടെ സമയം ചിലവഴിച്ചു…..

അത് കൊണ്ട് തന്നെയായിരിക്കാം പകൽ സമയങ്ങളിൽ അവൻ ആ മുറിയിലേക്ക് വരാതെ അപ്പുറത്തെ മുറിയിൽ ചിലവഴിക്കുന്നത്…..

അവൻ തനിക്ക് തരുന്ന പരിഗണനയും കരുതലും കാണുമ്പോൾ അവനോടുള്ള ആരാധന കൂടുകയാണ്…..

അവനോട് ചെയ്തതിനും പറഞ്ഞതിനും താനി ജന്മം മാപ്പ് പറഞ്ഞാൽ തീരില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നാളെ രാവിലെ ഇടിയപ്പം മതി….

അങ്ങനെയെന്തെങ്കിലും പറയാറുള്ള ആള് അന്ന് രാത്രി ലൈറ്റ് ഓഫ് ചെയ്തു കിടക്കുമ്പോൾ ഒന്നും പറയാത്തത് അവളിലൊരു പ്രയാസം നിറച്ചു….

ഇനിയിപ്പോ രാവിലെ എന്ത് ചെയ്യും……

അവൻ എഴുന്നേൽക്കാൻ ചിലപ്പോൾ വൈകും….
അപ്പോൾ താൻ അവരുണ്ടാക്കിയത് കഴിക്കേണ്ടി വരുമോയെന്നൊരു ആശങ്ക കൂടി അവളിലേക്ക് വന്നു…….

ചിലപ്പോ മറന്നതാവും…. ചോദിച്ചാലോ…..

വേണ്ട…. എങ്ങനെയാ ചോദിക്കാ…..

മനസ്സ് രണ്ട് ചോദ്യത്തെയും ഒരേ സമയം നിരത്തി……

നാളെ രാവിലെ കഴിക്കാനെന്താ വേണ്ടേ….

ആ ചോദ്യം തനിക്കത്യാവശ്യമാണെന്ന് തോന്നിയതും സകല ധൈര്യവും സംഭരിച് അവളത് ചോദിക്കുമ്പോൾ അവനിലേക്ക് നോക്കിയില്ല……

ആ ചോദ്യം തന്നോടാണെന്ന് മനസ്സിലാക്കാൻ അവനല്പം സമയമെടുത്തു…..

എന്തോ ഒരു കുളിര് മനസ്സിൽ നിറയും പോലെ…

ആദ്യമായാണ് അവളിത്ര ആർദ്രമായി ഒരു കാര്യം തന്നോട് ചോദിക്കുന്നത്….

മനസ്സ് എന്തെന്നറിയാതൊരു സന്തോഷത്തെ പേറി…..

മലർന്നു കിടന്നിരുന്ന അവൻ അവൾക്ക് നേരെന്ന പോലൊന്നു ചെരിഞ്ഞു കിടന്നു…..

ഇരുട്ടിൽ കട്ടിലിന് മുകളിൽ കിടന്നിരുന്നവൾ അത് കണ്ടിരുന്നില്ലെന്നത് കൊണ്ട് തന്നെ അവന്റെ മൗനം അവൾക്കൊരു നിരാശ നൽകി…..

അവരുണ്ടാക്കുന്നതല്ലാത്ത എ
മറ്റെന്തെങ്കിലും……..

അവൻ പെട്ടെന്നത് പറഞ്ഞതും ആ വാക്കുകളിൽ ഒരു പുഞ്ചിരിയുടെ കൂട്ടവൾക്ക് തോന്നി…..

ഇത് വരെ കേൾക്കാത്ത അവന്റെ മറ്റൊരു ഈണം ..

മനസ്സിനുള്ളിൽ ആ ശബ്ദം നൽകിയ തണുപ്പ് ചെറുതല്ല…..

അതാണ്‌ താൻ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ന പോൽ അവൻ പറഞ്ഞു നിർത്തിയത് കൊണ്ടാവും ആ പുഞ്ചിരി……

അത് അവളിലേക്കും പതിയേ വ്യാപിച്ചിരുന്നു…..

ആരാധനക്കപ്പുറം അവനോട് തന്റെ മനസ്സിൽ ഊറി കൂടിയ ഒരിഷ്ടത്തെ അവൾക്കന്നേരം വ്യക്തമായി മനസ്സിലായിരുന്നു….

പക്ഷെ അതിനെ എന്ത് പേരിട്ടു വിളിക്കണമെന്നറിയാത്തത് കൊണ്ട് തന്നെ അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി കിടന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞാൻ ടൗണിലേക്ക് പോകുകയാ…..കുറച് വൈകും വരാൻ……

ഇറങ്ങാൻ നേരം അവൻ തന്നോടത് പറയുമ്പോൾ അവൾ പതിയേ തല കുലുക്കി…..

തനിക്കെന്തെങ്കിലും വേണോ യെന്ന് ചോദ്യം നാവിൻ തുമ്പിലുണ്ടെങ്കിലും അവനെന്തോ ചോദിചില്ല……

അവൻ മുറിക്ക് പുറത്തേക്ക് പോകുമ്പോൾ ഒരു നിമിഷം അവളവനെ തന്നെ നോക്കി നിന്നു….

അവൻ തന്നെ ഒരു ഭാര്യയോടെന്ന പോൽ പരിഗണിക്കുന്നുണ്ടോ…..

അതവളിലൊരു ഭയത്തിനിടം നൽകിയെങ്കിൽ കൂടി മനസ്സാ ഭയത്തെ മനപ്പൂർവം മറക്കാൻ ശ്രമിക്കും പോൽ….

അത്ര മേൽ ആ പരിഗണനയെ അവൾ സ്നേഹിച്ചു തുടങ്ങിയിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മംഗലത് വീടിന്റെ മുമ്പിൽ ആ കാറ് വന്നു നിന്നതും സുകന്യയും ശോഭയും വേഗം പുറത്തേക്കിറങ്ങി….

ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത് അരുണായിരുന്നു…

എന്നാൽ കോ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ ആളേ കണ്ടതും സുകന്യയുടെയും ശോഭയുടെയും മുഖം ഒരുപോലെ തിളങ്ങി…..

പത്മ…..

അവർ കാത്തിരുന്നിരുന്നെന്ന പോലൊരു പുഞ്ചിരി അവർക്കായി നൽകി…..

(തുടരും)