22/04/2026

പ്രിയേ.. പ്രാണനെ: ഭാഗം 42

രചന : ജിഫ്ന നിസാർ ❣️
“എന്തായി… നിന്റെ തീരുമാനം?”
ദീപുവിന്റെ ചോദ്യം കേട്ടതും മാളു അവനെ ദയനീയമായൊന്നു നോക്കി.രണ്ടുദിവസമായിട്ട് അവള് കമ്പനിയിലേക്ക് ജോലിക്ക് പോകുന്നില്ല.ദീപുവിനത് ഒട്ടും ഇഷ്ടമായില്ലെങ്കിൽ കൂടിയും അവനെ കൊണ്ടാവുന്ന വിധമെല്ലാം അവളെ അങ്ങോട്ട് തന്നെ പറഞ്ഞു വിടാൻ ശ്രമിക്കുന്നുണ്ട്.ഇനി അങ്ങോട്ട് പോകേണ്ടി വന്നാൽ ഞാൻ ചത്തു കളയുമെന്ന് മാളുവിന്റെ ഭീഷണിക്ക് മുന്നിൽ അവൻ ദേഹോപദ്രവമൊന്നും ചെയ്യുന്നില്ലെന്ന് മാത്രം.ആ രണ്ടു ദിവസം അവനും ജോലിക്ക് പോയില്ല എന്നതാണ് മറ്റൊരു സത്യം.

അന്നന്നു കിട്ടുന്നതുകൊണ്ട് മാത്രം കഴിഞ്ഞു കൂടിയിരുന്നു അവർക്ക് രണ്ടുദിവസം ജോലിയൊന്നമില്ലാതെ കഴിഞ്ഞു കൂടുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.”എന്നെയിനി അങ്ങോട്ട് പറഞ്ഞു വിടല്ലേ ദീപു ഏട്ടാ ഒട്ടും സഹിക്കാൻ വയ്യാഞ്ഞിട്ടാ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത്.”യാതൊരു പ്രയോജനവുമില്ല എന്നറിഞ്ഞിട്ടും മാളു ദീപുവിന്റെ മുന്നിൽ കൈകൂപ്പി കൊണ്ടാണത് പറഞ്ഞത്.”നീ പോവണ്ടടി. ഇനിയങ്ങോട്ട് ഞാനും പോകുന്നില്. നമുക്കിവിടെ കാറ്റ് വിഴുങ്ങിക്കൊണ്ട് ജീവിക്കാം.അങ്ങനെ ഞാൻ മാത്രം പട്ടി പോലെ പണിയെടുത്ത് കൊണ്ടുവരുന്നില്ലെന്ന് നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ. ഇന്നത്തെ കാലത്ത് ഒരാളെ കൊണ്ട് മാത്രം ജോലി ചെയ്താൽ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് നിനക്കറിയില്ലേ. അതും ബോംബെയെ പോലൊരു നഗരത്തിൽ.. എന്നിട്ടും അവളുടെയൊരു പതിവ്രത ചമയല്..”

ദീപുവിന്റെ കണ്ണിലേക്ക് ചുവപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു.” ദീപേട്ടാ, നിങ്ങൾക്കെന്തുകൊണ്ടാ ഞാൻ പറയുന്നത് മനസ്സിലാവാത്തത്?ഒരു ജോലിക്കായിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ പോയേനെ. എത്ര ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും ഞാൻ അവിടെ തന്നെ പിടിച്ചുനിൽക്കാൻ ശ്രമിച്ചേനെ. ഇതിപ്പോ അങ്ങനെയാണോ.?നിങ്ങൾക്കറിയാലോ അവരെന്താണ് ആവശ്യപ്പെടുന്നതെന്ന് അതിന് എന്നെക്കൊണ്ട് കഴിയില്ലെന്നും നിങ്ങൾക്കറിയാം പിന്നെയും എന്തിനാണ് എന്നോടിങ്ങനെ..? ഇതിന് വേണ്ടിയാണോ നമ്മൾ സ്നേഹിച്ചത്.അത്രേം ആളുകൾക്ക് മുന്നിൽ സ്വന്തം വീട്ടുകാരെ നാണം കെടുത്തി കൊണ്ട് ഞാൻ നിങ്ങളോട് ചേർന്നത്.എന്റെ…എന്റെ ദീപു ഏട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല… ”

മാളു അതിശക്തമായ ഒരു തേങ്ങലോടെ ദീപുവിനെ നോക്കി.പക്ഷേ കടുപ്പത്തോടെ കയറ്റിപ്പിടിച്ച അവന്റെ മുഖത്തിനപ്പോഴും, യാതൊരു മാറ്റവും വന്നിട്ടില്ല.
അവളുടെ ആ ഭാവവും വാക്കുകളും കേട്ടിട്ടും അവന്റെ തീരുമാനം മാറിയതുമില്ല.” മാളു നിന്നോട് ഞാൻ പറഞ്ഞു നീയിപ്പോൾ പറഞ്ഞ കാര്യത്തിൽ ഏറ്റവും എതിർപ്പ് വേണ്ടത് നിന്റെ ഭർത്താവായ എനിക്കാണെന്ന്.പക്ഷേ എനിക്കതിൽ ഒരു എതിർപ്പുമില്ലാത്ത സ്ഥിതിക്ക് ഇത് നമ്മളൊരു ജോലി ചെയ്യുന്നു എന്ന ലാഘവത്തോടെ കണ്ടാൽ പോരേ? നീ എന്തിനാണ് അതിന് ആവശ്യമില്ലാത്ത അർത്ഥങ്ങൾ ഒക്കെ കൊടുക്കുന്നത്.? അത് കൊണ്ടാണ് നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവാത്തതും ”

ദീപു അനുനയത്തിന്റെ ഭാഷയിൽ അവളുടെ അടുത്തേക്കിരുന്നുകൊണ്ട് പറഞ്ഞു.”നിങ്ങളിപ്പോ ഈസിയായി പറഞ്ഞ ഈ ജോലിക്ക് ഒരു പേരു കൂടിയുണ്ട്. അത് വേശ്യ എന്നാണ്. അതിന് മാളവിക ജീവനോടെയുള്ളിടത്തോളം കാലം കിട്ടുമെന്ന് നിങ്ങൾ വെറുതെ ആഗ്രഹിക്കുകയും വേണ്ട..”പറഞ്ഞു തീർന്നത് ദീപുവിന്റെ കൈ അതിശക്തമായി മാളുവിന്റെ മേൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
മാനസികവും ശാരീരികവുമായ പീഡനം കൊണ്ട് അവൾ ഏറെ ദുർബലയായിരുന്നു.

എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ യാതൊരു ഊഹവുമില്ല.
ഒരിക്കൽ ഈ ലോകത്തിലെ എല്ലാ വെറുപ്പും ഏറ്റുവാങ്ങിക്കൊണ്ട് ഇറങ്ങിപ്പോന്നിടത്തേക്ക് തിരികെ പോകുന്നതിനെ കുറിച്ച് അവൾക്ക് ഓർക്കാൻ കൂടി വയ്യ.വിട്ടു പോകുന്നതിനു ശേഷം അവരെ ഓർക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെന്ന് മാളവിക വേദനയോടെ ഓർത്തു.ഇതൊന്നുമല്ല , തനിക്ക് അനുഭവിക്കാൻ ഇനിയും ഇതിനേക്കാളും യാതനകൾ കാത്തിരിപ്പുണ്ടെന്ന് അവരുടെ ഉള്ളിൽ നിന്ന് ആരോ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു..

💞💞

“വൈഷ്ണവ്..”ഇന്ദുവിന് മുന്നിൽ വന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി കൊണ്ടവൻ ചിരിയോടെ പറഞ്ഞു.
“ഇന്ദുലേഖ..”അതേ ചിരിയോടെ അവളുടെ കൈകളും അവന് നേരെ നീണ്ടു.”വൗ.. നൈസ് നെയിം.. ഇന്ദു.. ലേഖ..”കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവനാ പേര് ഒരുവട്ടം കൂടി ഉരുവിട്ടു.അന്നാദ്യമായി ഒരു പെണ്ണുകാണൽ ചടങ്ങ് ഒരുങ്ങുന്നതിന്റെ എല്ലാ വിറയലും ഉണ്ടായിരുന്നുവെങ്കിലും വൈഷ്ണവിനു മുന്നിൽ താൻ കുറച്ചുകൂടെ ഫ്രീ ആണെന്ന് ഇന്ദുവിന് തോന്നി.” ഇന്ദു ലേഖ വർക്ക് ചെയ്യുന്നുണ്ടല്ലേ..? ”
ഓപ്പൺ ടെറസിസിലിട്ട കസേരയിലേക്കിരുന്നുകൊണ്ട് വൈഷ്ണവ് ഇന്ദുവിനെ നോക്കി ചോദിച്ചു

അവൾ അതേയെന്ന രീതിയിൽ തലയാട്ടി കാണിച്ചു.
“ഞാൻ വീ ആർ ഗ്രൂപ്പിൽ വർക് ചെയ്യുവാണ്…”
താഴെനിന്നും അവന്റെ ജോലിയെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും ഇന്ദു ആ ജാഡയോട്ടുമില്ലാത്ത സംസാരം കേട്ടതും ചിരിയോടെ തന്നെയാണ് തലയാട്ടി കാണിച്ചത്.” തനി പരിപാടി ഫസ്റ്റ് അറ്റംറ്റ് ആണോ? ഭക്ഷണം ചെറിയൊരു ചിരിയോടെ ചോദിച്ചു.”എന്താ..?ചോദ്യം മനസ്സിലാവാത്ത ചുളിവോടെ ഇന്ദു അവനെ നോക്കി.” എടാ താൻ ഈ പെണ്ണുകാണലിന് ആദ്യമായിട്ടാണോ നിന്നു കൊടുക്കുന്നതെന്നാണ് ഞാൻ ചോദിച്ചത്? ”
വൈഷ്ണവ് അവൾക്ക് മനസ്സിലാവാൻ വേണ്ടി കുറച്ചുകൂടെ ക്ലിയറായിട്ട്ചോദിച്ചു.”അതെ..”ഇന്ദുവൊരു ചിരിയോടെ തലയാട്ടി.”ഞാനും..”

അവൻ അതേ ചിരിയോടെ തന്നെ ഇന്ദുവിനെ നോക്കി പറഞ്ഞു.എന്തുകൊണ്ടോ, ആ തുറന്ന സംസാരവും ചിരിയും ഭാവവുമെല്ലാം ഇന്ദുവിനെറെ ഇഷ്ടമായിട്ടുണ്ടായിരുന്നു.” എങ്കിൽ ഇനി രണ്ടാമത് ഒരാൾക്ക് വേണ്ടി നമ്മുൾ അവസരം കൊടുക്കുന്നില്ലെന്ന് വീട്ടുകാരെ അറിയിച്ചാലോ? “കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് വൈഷ്ണവളോട് ചോദിച്ചത് കേട്ടതും ഇന്ദുവിന്റെ മുഖം ലജ്ജയാൽ തുടുത്തു പോയിരുന്നു.” ഇങ്ങനെ മുഖം കുനിച്ചു നിന്നിട്ട് കാര്യമില്ല ഇന്ദു ലേഖ..എനിക്കൊരു ഉത്തരം വേണം. എന്തായാലും ഇന്ദുലേഖയെ എനിക്കൊരുപാട് ഇഷ്ടമായി.. പക്ഷേ അതുകൊണ്ട് മാത്രം ഒരു തീരുമാനമെടുക്കാൻ ആവില്ലെന്നും എനിക്കറിയാം. അതുകൊണ്ട് താൻ ഇപ്പോൾ പറയണം.. തനിക്ക് എന്നെ ഇഷ്ടമായോയെന്ന്. എങ്കിലല്ലേ എനിക്ക് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയൂ… ”

വൈഷ്ണവ് ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ് ഇന്ദുവിന്റെ അരികിലേക്ക് വന്നു നിന്നിട്ടാണ് പറഞ്ഞത്.”പറയ്‌.. എനിക്കത് കേൾക്കാൻ ആഗ്രഹമുണ്ട്.”അവൻ അടുത്തുനിന്ന് വന്നു പറഞ്ഞിട്ടും ഇന്ദു മുഖമുയർത്തി നോക്കിയില്ല.” എങ്കിൽ ഞാൻ പറഞ്ഞോട്ടെ , നമ്മുടെ വീട്ടുകാരോട് നമുക്ക് രണ്ടുപേർക്കും ഈ കല്യാണത്തിന് സമ്മതമാണെന്ന്…? “മറുപടി അറിയാൻ വേണ്ടി തന്നിലേക്ക് മാത്രം നോക്കി നിൽക്കുന്നവനെ നേരെ ഇന്ദു മുഖമുയർത്തി..”പറയട്ടെ…?”
വീണ്ടും ചോദിച്ചതോടെ അവൾ അവന്റെ കണ്ണിലേക്ക് നോക്കി അറിയാതെ തന്നെ തലയാട്ടി….”ഞാനിപ്പോഴോരു കല്യാണത്തിന് പ്രിപ്പേഴ്ടല്ല.. കുറച്ചു സമയം വേണം. ദയവായി ഇയാൾ ഇതിൽ നിന്നൊന്ന് പിന്മാറി പോകണമെന്ന് പറയാനുറച്ചു വന്നവളുടെ ഉള്ളിലൊരു കല്യാണമേളം ചിറകടിച്ചു പറന്നുയരാൻ തുടങ്ങുന്നുണ്ടായിരുന്നു അപ്പോൾ മുതൽ..

💞💞

“നീയിന്ന് കോളേജിൽ പോണില്ലേ സഞ്ജു..?”
യാതൊന്നും സംഭവിക്കാത്തത് പോലെ ലക്ഷ്മിയുടെ ചോദ്യം കേട്ടതും സഞ്ജു ഭാരപ്പെട്ട മനസ്സോടെ അവർക്കു മുന്നിൽ നിന്നു.” നന്ദുവിന്റെ ഇങ്ങോട്ടുള്ള വരവിനു പിന്നിൽ അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നുവെന്ന് സത്യമായിട്ടും എനിക്കറിയില്ലായിരുന്നു സഞ്ജു.നിനക്കവളെ ഇഷ്ടമല്ലാത്ത സ്ഥിതിക്ക് ഞാൻ തന്നെ അവളെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. നിനക്കെങ്കിലും എല്ലാം എന്നോട് പറഞ്ഞു കൂടായിരുന്നോടാ…? ”
തൊട്ടുമുമ്പിൽ തലകുനിച്ചു നിൽക്കുന്നവന്റെ കയ്യിൽ പിടിച്ച് ലക്ഷ്മി അത് പറഞ്ഞതും അവന്റെ ഹൃദയത്തിലെ മുറിവിൽ നിന്നും വീണ്ടും രക്തമൊഴുകി ത്തുടങ്ങി..

“ഏട്ടത്തി.. ഞാൻ.. ഞാനറിയാതെ… അപ്പോഴാത്തെ ദേഷ്യത്തിനു ചെയ്തു പോയതാ.. അല്ലാതെ..”സഞ്ജുവിന് അവരോടെന്തു പറയണമെന്നറിയില്ലായിരുന്നു.സ്വന്തം അമ്മയോളം തന്നെ സ്നേഹിക്കുന്നവരാണ്.അവരുടെ ഏട്ടന്റെ ഒരേയൊരു മകളെയാണ്… താനിന്നലെ.അവളെ ഏട്ടത്തിക്കെത്ര മാത്രം ഇഷ്ടമാണെന്ന് തനിക്കറിയുകയും ചെയ്യും. എന്നിട്ടും.”അത്രേം സമയമായിട്ടും അവളൊന്ന് വിളിക്കുക കൂടി ചെയ്യാഞ്ഞപ്പോ.. കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ ഏട്ടത്തി.. നന്ദനക്കറിയാമല്ലോ.. ഹോസ്റ്റലിൽ അവളെത്താഞ്ഞാൽ വിളി വരുമെന്നും.. നമ്മളെല്ലാം ടെൻഷനാവുമെന്നും..എന്നിട്ടും വിളിക്കാഞ്ഞപ്പോ… ആ ദേഷ്യത്തിൽ.”സഞ്ജു പാതിയിൽ നിർത്തി ലക്ഷ്മിയെ നോക്കി.”എടാ.. അവളാ ടെൻഷനിൽ മറന്നു പോയെന്നാ പറഞ്ഞത്. കണ്മുന്നിൽ ഒരാൾ ജീവന് വേണ്ടി പിടയുവല്ലേ.. ബാഗ് എവിടെയാണെന്ന് പോലും അവൾക്കറിയില്ലായിരുന്നു. ഏട്ടന്റെ ഫ്രണ്ട് ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. അവനറിയാം നന്ദുവിനെ. അങ്ങനെയാണ് അവൻ ഏട്ടനെ അറിയിച്ചത്.”ലക്ഷ്മി അങ്ങനെയൊക്കെ പറഞ്ഞിട്ടും
നന്ദുവിന്റെ ആ പ്രവർത്തനത്തെ അപ്പോഴും അൽപ്പം പോലും ന്യായികരിക്കാൻ സഞ്ജുവിന് കഴിയുന്നില്ലായിരുന്നു.

വെറുതെ തന്നെ കേറി അവള് ചൊറിഞ്ഞാലും ഇത് വരെയും അവൾക്ക് നേരെ കൈ ഉയർത്തിയിട്ടില്ല.
ഇന്നലെ പക്ഷേ അത്ര മാത്രം പിടി വിട്ട് പോയതായിരുന്നു.ഓർക്കുമ്പോൾ ഇപ്പോഴും ദേഷ്യം തന്നെയാണ് തോന്നുന്നത്.എത്രയൊക്കെ ടെൻഷനിൽ ആണെന്നാലും അത്രേം സമയത്തിനിടക്ക് ഒരിക്കൽ പോലും തന്നെയോർത് ടെൻഷനാവുന്നവരെ അവൾക്കോർക്കാൻ കഴിഞ്ഞില്ലെങ്കിൽ അതവളുടെ തെറ്റ് തന്നെയാണെന്ന് സഞ്ജു വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു.ദേഷ്യത്തോടെ വിളിച്ചു പറഞ്ഞ വാക്കുകൾ അൽപ്പം കടന്നു പോയെന്ന് മാത്രം തോന്നുന്നുണ്ട്.അത്രേം പേർക്കു മുന്നിൽ വെച്ചിട്ട്.. അത് വേണ്ടായിരുന്നു.അടി കൊണ്ടതിനേക്കാൾ അവൾക്കാ വാക്കുകൾ കൊണ്ടായിരിക്കും വേദനിച്ചിട്ടുണ്ടാവുകയെന്നുറപ്പാണ്.അതിലോരിത്തിരി ശ്രദ്ധിക്കണമായിരുന്നു.”സാരമില്ല സഞ്ജു.. നീ എഴുന്നേറ്റു കോളേജിൽ പോവാൻ നോക്ക്.”
അവന്റെ ഇരിപ്പ് കണ്ടതും ലക്ഷ്മി അലിവോടെ പറഞ്ഞു.

ഇന്നലെ വീട്ടിൽ തിരിച്ചെത്തിയത് മുതൽ ലക്ഷ്മി മാത്രമാണ് സഞ്ജുവിനോട് സംസാരിക്കുന്നത്.നന്ദുവിനെ അവിടെ നിന്നും നേരെ ഹോസ്റ്റലിൽ അജയാണ് ആക്കി കൊടുത്തത്.അങ്ങോട്ടേക്ക് വരാൻ പാതി വഴിയിലെത്തിയ അവളുടെ പപ്പയോടു നന്ദു അവിടെ നിന്ന് തന്നെ വിളിച്ചു പറഞ്ഞത് സഞ്ജു കൂടി കേട്ടതാണ്.അവനെയൊന്ന് നോക്കുക കൂടി ചെയ്യാതെ ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ടവൾ കയറി പോകുന്നത് കണ്ടിട്ടും ഒരക്ഷരം മിണ്ടാതെയിരുന്ന് പോയി..പക്ഷേ അപ്പോൾ മുതൽ മനസ്സിൽ വല്ലാത്തൊരു അസ്വസ്ത്ഥതയുണ്ട്.

തുറന്നു പറയനാവാത്തൊരു വേവ്…
എന്തിനെന്നറിയാത്തൊരു നോവും..എല്ലാം കൂടി അവന് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.ആ അവസ്ഥയിൽ കോളേജിൽ പോകാൻ വയ്യെന്ന് തോന്നിയിട്ടാണ്‌ അന്ന് ലീവാക്കിയത്.
പക്ഷേ അതായിരുന്നു ഏറ്റവും വലിയൊരു അബദ്ധമെന്നിപ്പോൾ അവന് തോന്നുന്നുണ്ട്.
നന്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് പോലെ വീർത്തു കെട്ടിക്കിടക്കുന്ന ഓരോ മുഖങ്ങളും കഴിഞ്ഞുപോയതിനെക്കുറിച്ച് അവനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.ആദി സ്കൂളിലേക്ക് പോയത് കൊണ്ടങ്ങോട്ടും പോകാൻ വയ്യ.സഞ്ജുവൊരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി പോയി..

തുടരും..

ഇനി ഈ അടിയുടെ പേരിൽ ഒരിഷ്ടം… സഞ്ജുവും നന്ദുവും സെറ്റാവുന്നു. ഇതാണ് നിങ്ങള് കണ്ടാ കിനാശ്ശേരി എന്ന് എനിക്കുറപ്പുണ്ട്.

പക്ഷേ ആ പരിപ്പ് ഈ സഞ്ജു കലത്തിൽ വേവുമെന്ന് തോന്നുന്നില്ല ഗയ്സ്..
മറ്റൊരു വഴി കണ്ട് പിടിക്കേണ്ടിയിരിക്കുന്നു.
അല്ലേലും ഓളാ ചെയ്തത് ചെറ്റത്തരം തന്നെ അല്ല്യോ.പെൺകുട്ടികൾ ഇത്രേം കരുണയുള്ളവർ ആകാൻ പാടില്ല ഗയ്സ് 😎പിന്നെ ഇന്ദു…കല്യാണം ന്ന് കേട്ടപ്പോ തുള്ളിയത് ഇവള് തന്നെ അല്ലായിരുന്നോ.. എനിക്ക് തോന്നിയതല്ലല്ലോ ഇനി.. വൈഷ്ണവ് വന്നപ്പോ എജ്ജാതി കോഴി…ന്താ..ല്ലെ 😎പിന്നെ മാളവിക.. സ്വന്തം കെട്ട്യോൻ ഇങ്ങനെയൊക്കെ ചെയ്യുവോ ന്ന് കുറച്ചു പേർക്കേങ്കിലും തോന്നിയേക്കാം..
ചുറ്റുമുള്ള ജീവിതത്തിൽ ഇങ്ങനേം ചില മുഖങ്ങളെ കണ്ടേക്കാം പ്രിയപെട്ടവരെ..
പടച്ചോൻ കാത്ത് രക്ഷിക്കട്ടെ 🤲
സ്നേഹത്തോടെ jiff💞