23/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 71

രചന : ജിഫ്ന നിസാർ ❣️

ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നളിനി സഞ്ജുവിന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ വെച്ചുഅവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെയും…”ജില്ലാ കളക്ടറായൊന്നുമല്ലല്ലോ ഉദ്യോഗം കിട്ടിയത് .. ഇത്രേം കിടന്നു തുള്ളാൻ..”
ബാലൻ മാഷിന്റെ മുഖം പുച്ഛത്താൽ കോടിയതും നളിനി അയാളെ നോക്കി കണ്ണുരുട്ടി.ലക്ഷ്മിയുടെയും അജുവിന്റെയും കണ്ണുകൾ സഞ്ജുവിന് നേരെയാണ്.
എത്ര സന്തോഷത്തോടെ ഓടി വന്നവനാണ്. ഇപ്പോഴിതാ ആ മുഖം തെളിച്ചമില്ലാതെ… കാർമേഘമിരുണ്ട് കൂടിയത് പോലൊരു ഭാവം “ഇൻഫോപാർക്കിലെ ഈ ജോലി.. എനിക്ക് കലക്റുദ്യോഗം പോലെതന്നെയാണമ്മേ.. പിന്നെ ഞാൻ പഠിച്ചത് ഐഏഎസ് ഒന്നുമല്ലല്ലോ കളക്ടർ പണി കിട്ടാൻ..”

നളിനിയുടെ കയ്യിലെ അപ്പോയിന്മെന്റ് ലെറ്ററും തിരികെ വാങ്ങി അകത്തേക്ക് കയറി പോകുമ്പോൾ സഞ്ജു ബാലന്റെ മുഖത്തുള്ള അതേ പുച്ഛത്തോടെ തന്നെ പറയാനും മറന്നില്ല.സ്വന്തം മുറിയിലെത്തിയ അവൻ കയ്യിലെ ലെറ്റർ അലമാരയിൽ ഭദ്രമായെടുത്തു വെച്ചിട്ട് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.ഒരുപാട് സന്തോഷത്തോടെ വന്നതായിരുന്നു.
ഇപ്പോഴെന്തോ അതിന്റെയാ തിളക്കം മങ്ങിയത് പോലെ..അച്ഛനിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ…പക്ഷേ അവനെന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു അപ്പോഴൊക്കെയും.കാതിൽ കുറുമ്പോടെയൊരു വിളി കേൾക്കുന്നുണ്ട്..ആ വിളി ഇനി കേൾക്കില്ലെന്നുള്ളതാണോ തന്റെ മുന്നിലെ ശൂന്യതയെന്ന് പോലും അവൻ സംശയിച്ചു.സഞ്ജു അസ്വസ്ഥതയോടെ തല കുടഞ്ഞു..

❣️❣️

പ്രിയ ചെല്ലുമ്പോൾ ആദി കമിഴ്ന്നു കിടന്നുറക്കമാണ്.
രാവിലെ പോയപ്പോഴിട്ട ഡ്രസ്സ്‌ തന്നെ..കയ്യിലെ വാച്ചും കാലിലെ സോക്സ് പോലും അഴിച്ചു മാറ്റിയിട്ടില്ല.
എന്തൊരു സന്തോഷത്തോടെ ജീവിക്കേണ്ട ആളാണ്‌..!ദൈവം എല്ലാ സന്തോഷങ്ങളും ഒരാൾക്ക് തന്നെ കൊടുക്കില്ലെന്ന് പറയുന്നതെത്ര നേരാണ്.
അവനെ കുറിച്ച് സഞ്ജു പറഞ്ഞതെല്ലാം ഓർത്തതും അവൾക്കുള്ളം നീറി..അവനെ വിളിച്ചുണർത്താനും തോന്നിയില്ല.തിരിഞ്ഞു പോവാൻ തുടങ്ങിയ പ്രിയ ഒരു നിമിഷം അവനിൽ തന്നെ നോട്ടമുടക്കി നിന്ന് പോയി..നെറ്റിയിലേക്ക് അലസമായി ഒഴുകിയിറങ്ങി കിടക്കുന്ന മുടിയിഴകൾ, ഫാനിന്റെ കാറ്റിൽ ചെറുതായി ഇളകുന്നുണ്ട്.കുഞ്ഞ് കുട്ടികളെ പോലെ നിഷ്കളങ്ക നിറഞ്ഞ ഉറക്കം..

അവനെ നോക്കിയിരിക്കുമ്പോൾ അറിയാതെ തന്നെ പ്രിയയുടെ ചുണ്ടിലേക്കൊരു ചിരി ഒഴുകിയിറങ്ങി..”ഇവളെന്റെ ഭാര്യയാണ്.. എങ്ങനെയെന്റെ ഭാര്യയായി എന്നതെനിക്ക് മുന്നിലിപ്പോൾ യാതൊരു പ്രസക്തിയുമില്ല. പക്ഷേ എന്റെ മരണം കൊണ്ടല്ലാതെ ഞാനെന്റെ ഭാര്യയെ ഉപേക്ഷിച്ചു കളയില്ല..”ആദി മഹാദേവനോട് പറഞ്ഞതോർക്കേ അവൾക്കുള്ളം കുളിർന്നു.അന്ന് വരെയും അറിയാത്തൊരു പ്രണയത്തിന്റെ കുളിരോന്നാകേ പൊതിയുന്നത് പോലെ..
മഞ്ഞു പോലെ.. മഴ പോലെ…അല്ലല്ല… പ്രണയത്തോളം കുളിര് മഞ്ഞിനും മഴക്കുമില്ല..

നോക്കിയിരിക്കെ… അവൾക്കവനോട് വല്ലാത്തൊരിഷ്ടം തോന്നി..കണ്ണിമ വെട്ടാതെ അവനെ മാത്രം നോക്കിയിരിക്കാൻ മാത്രം തോന്നുന്നൊരിഷ്ടം..ഉള്ളിലെ നൂറായിരം നൊമ്പരങ്ങളെയെല്ലാം അവനെ നോക്കുമ്പോൾ മാഞ്ഞു പോകുന്നൊരിഷ്ടം..പെട്ടന്നുള്ള തോന്നലിൽ പ്രിയ എഴുന്നേറ്റു കൊണ്ടവന്റെ കാലിൽ നിന്നും സോക്സ് ഊരി മാറ്റി..നീട്ടി വെച്ച കൈ പിടിച്ചിയർത്തി ആദിയുടെ വാച്ചഴിച്ചെടുക്കുമ്പോൾ പ്രിയയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

പോക്കറ്റിൽ നിന്നും കിടക്കയിലേക്ക് വീണു കിടന്ന അവന്റെ ഫോണുമെടുത്ത് മേശ പുറത്തേക്ക് വെച്ചു.
ഫാൻ കൊറച്ചു കൂടി സ്പീഡിൽ കൂട്ടിയിട്ട് കൊടുത്തു കൊണ്ടവൾ വീണ്ടും അവനെ തന്നെ നോക്കി നിന്നു.
അപ്പൊഴിക്കെയും ഹൃദയം വല്ലാത്തൊരു നിർവൃതിയെ പേറുന്നുണ്ടായിരുന്നു.പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം അവളിലൊന്നാകെ പടർന്നു കയറി..ആ വീട്ടിൽ നിന്നും.. അവനിൽ നിന്നും തിരികെയിറങ്ങി പോവാനുറച്ച മനസ്സവൾ പാടെ മറന്നു..പ്രണയിക്കാൻ.. പ്രണയിക്കപ്പെടാൻ ഉള്ളിൽ വല്ലാത്തൊരു തീഷ്ണത ഉയർന്നു.

മുറിയിൽ നിന്ന് തിരികെയിറങ്ങി പോവുമ്പോഴും പ്രിയയുടെ ചുണ്ടിലാ മനോഹരമായ ചിരിയുണ്ടായിരുന്നു.അവളുടെ ചെയ്തികൾക്കെല്ലാം വല്ലാത്തൊരു ഉന്മേഷം… ഭംഗി..മാഷിനെയും പുറത്തൊന്നും കണ്ടില്ല.മുറിയിലേക്ക് ചെന്നപ്പോൾ അവിടെ ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ തിരികെയിറങ്ങി.വെറുതെയിരുന്നു മടുത്തു.കുറേ നാളുകൾക്ക് ശേഷമാണ് ഇത്രേം സമയംജോലിയൊന്നുമില്ലാതെവെറുതെയിരിക്കുന്നത്.എന്തൊക്കെയോ ചെയ്യണമെന്നുണ്ട്.പക്ഷേ എന്ത് ചെയ്യണമെന്നോ… ചെയ്താൽ തന്നെ ഇവിടത് ഇഷ്ടമാവുമോയെന്നുമുള്ള സംശയങ്ങളാണ് അവളുടെ ഉള്ള് നിറയെ.

അടുക്കളയിലേക്ക് തന്നെ ചെന്നു.
രാത്രിയിൽ കഴിക്കാനുള്ളത് കൂടി രമണി ഉണ്ടാക്കി വെക്കുന്നത് കൊണ്ട് തന്നെ ആ ജോലിയുമില്ല.
ചായ തിളപ്പിക്കാൻ വെച്ചു.എന്നും വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ബേക്കറിയാണ്.
എന്തെങ്കിലും പലഹാരമുണ്ടാക്കിയാലോ എന്ന് തോന്നി.എന്തുണ്ടാക്കാനും വേണ്ടുന്ന സാധനങ്ങളെല്ലാം അടുക്കളയിലുണ്ട്.”ആഹാ.. ഇവിടാണോ.. ഞാൻ കരുതി ഒച്ചയൊന്നും കേൾക്കാൻ കഴിയാഞ്ഞപ്പോ ഉറങ്ങി പോയോ ന്ന്…”മാഷ് അങ്ങോട്ടിറങ്ങി വന്നിട്ട് ചിരിയോടെ ചോദിച്ചു.നേരത്തേ ദേഷ്യം കൊണ്ട് വിറച്ചതീ മനുഷ്യനായിരുന്നോ എന്ന് സംശയം തോന്നും വിധം ആ മുഖം പ്രസന്നമായിരുന്നു.

“ആദിഎവിടെ..?”മാഷ്പ്രിയയെനോക്കി.”മുറിയിലുണ്ട്.. ഉറക്കമാണ്..”പ്രിയ അത് പറഞ്ഞപ്പോൾ മാഷൊന്ന് അമർത്തി മൂളുക മാത്രം ചെയ്തു.”ഞാൻ.. ഞാനിച്ചിരി പഴം പൊരി ഉണ്ടാക്കിയാലോ മാഷേ…?”പ്രിയ മാഷിനെ നോക്കി.അടുക്കള വാതിലിന്റെ കുറ്റി തുറന്നു അത് മലർക്കേ തുറന്നിട് കൊണ്ട് മാഷവൾക്ക് നേരെ തിരിഞ്ഞു.ആ നോട്ടം കണ്ടതും പ്രിയ പതറി.”എന്നും ബേക്കറിയല്ലെ.. ഇന്നൊരു വെറൈറ്റി ആയികോട്ടെ ന്ന് കരുതി…”പ്രിയ നുള്ളി പൊറുക്കി പറഞ്ഞു.
“ഞാൻ നിന്റെ ആരാ..?”മാഷിന്റെ ശബ്ദം കടുത്തു.
“മുത്തച്ഛൻ… “”ആണല്ലോ… അല്ലേ? ”

പ്രിയ അതേയെന്ന് തലയാട്ടി.”നിനക്കെന്ത് ചെയ്യണമെങ്കിലും ഇവിടാരോടും ചോദിക്കണ്ട കാര്യമില്ല.. ഇത് നിന്റെ കൂടി വീടാണ് മോളെ.. അതെന്തേ നീ മറന്നു പോകുന്നു..”അവളുടെ മങ്ങിയ മുഖം കണ്ടതും ആ തോളിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി മാഷ് പറഞ്ഞതും അവൾ സന്തോഷത്തോടെ തലയാട്ടി.”എങ്കിൽ വേഗമായിക്കോട്ടെ.. എനിക്ക് വിശക്കാൻ തുടങ്ങി..”
മാഷിന്റെ അനുവാദം കൂടി കിട്ടിയതോടെ പ്രിയ പൂർവാധികം ഉഷാറോടെ ജോലി ചെയ്യാൻ തുടങ്ങി.

“എന്റെ എന്തെങ്കിലും സഹായം വേണോ..?”മാഷ് ചിരിയോടെ ചോദിച്ചു.”ഒന്നും വേണ്ട… ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു.. മാഷ്.. അല്ലല്ല മുത്തച്ഛൻ ദേ ഈ ചായയും കുടിച്ചിട്ട് ഉമ്മറത്തു പോയിരിക്കൂ.. ഇതിപ്പോ തീരും…”മാഷിന് നേരെ ഒരു ഗ്ലാസ്‌ ചായയെടുത്തു നീട്ടി കൊണ്ട് പ്രിയ പറഞ്ഞു.
കയ്യൊന്നും പൊള്ളിക്കല്ലേ കേട്ടോ..”അത് വാങ്ങി തിരികെ പോകുമ്പോൾ മാഷ് ഓർമ്മിപ്പിച്ചു.മൂളി പാട്ടൊക്കെ പാടി തകൃതിയായി പാചകം ചെയ്യുന്നവളെ നോക്കി… അടുക്കള വാതിലിനോരം വന്നു നിന്ന ആദിയെ വളരെ നേരത്തിനു ശേഷമാണ് പ്രിയ കണ്ടത്.

പെട്ടന്ന് എന്തിനോ വേണ്ടി തിരിഞ്ഞ അവൾ തന്നെ നോക്കി ആ വാതിൽക്കൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്നവനെ കണ്ടതും ചമ്മി പോയിരുന്നു.”ശോ.. ഇതെപ്പോ എഴുന്നേറ്റു വന്നു..”നാവ് കടിച്ചു കൊണ്ടവൾ തിരിഞ്ഞു നിന്നോർത്തു..അവളെയെന്ന് കൂടി കൂർപ്പിച്ചു നോക്കി ആദിയിറങ്ങി വന്നു.
അവൾക്കരിക്കൂടെ തന്നെ ചെന്നിട്ട് ഒരു ഗ്ലാസ്‌ എടുത്തു കൊണ്ടവൻ ചായ പാത്രത്തിനരികിലേക്ക് ചെന്നു.”ഞാൻ.. ഞാനെടുത്തു തരാം..”പ്രിയ അവനു നേരെ നോക്കി കൊണ്ട് പറഞ്ഞു.”ഒരു ചായ എടുത്തു കുടുക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട് “അങ്ങേയറ്റം പരുഷമായ വാക്കുകൾ കേട്ടതും അവളിലെ ഉന്മേഷം ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി പോയിരുന്നു.ഉള്ളിലെ ആവേശവും മഞ്ഞു വീണത് പോലുള്ള ആ നിർവൃതിയുമെല്ലാം തീയിൽ വെള്ളമൊഴിച്ചത് പോലെ തണുത്തുറഞ്ഞു..പകരം… പഴയ പോലെ അസ്വസ്ത്ഥതകളാൽ ഹൃദയം നിറഞ്ഞു കവിഞ്ഞു.

എന്നാൽ ഇതൊന്നുമറിയാതെ ആദി ഗ്ലാസ്സിലേക്ക് ചായ പകർന്നെടുത്തു കൊണ്ട് അവിടെ നിന്നും പോയിരുന്നു.പിന്നിടുള്ള ജോലി വഴിപാട് പോലെയാണ് പ്രിയ പൂർത്തിയാക്കിയത്.പഴം പൊരിയെല്ലാം ഒരു പാത്രത്തിലേക്കൊതുക്കി വെച്ചു.അടുക്കള പെട്ടന്ന് തന്നെ വൃത്തിയാക്കി… ഒരു ജെഗ്ജിലേക്ക് ചായ പകർന്നെടുത്തു കൊണ്ടവൾ ഉമ്മറത്തേക്ക് ചെന്നു.
“ആഹാ… ഇത്ര പെട്ടന്ന് തീർന്നോ.. മിടുക്കി..”
മാഷ്മനസ്സറിഞ്ഞുകൊണ്ട്അഭിനന്ദനങ്ങളറിയിക്കുമ്പോഴും ആ അരികിലിരുന്നു മുറ്റത്തേക്ക് നോക്കിയിരുന്നവന്റെ നേരെയാണ് പ്രിയയുടെ നോട്ടമുടക്കി നിന്നത്.വീണ്ടും വീണ്ടും അവളിലെ ഉന്മേഷം ഇല്ലാതായി പോകുന്നുണ്ടായിരുന്നു.

“കൊള്ളാലോ.. നന്നായിട്ടുണ്ട്..”മാഷ് അവൾ കൊണ്ട് വന്ന പഴം പൊരിയെടുത്ത് കഴിച്ചു കൊണ്ട് പറഞ്ഞു.”ആദി.. ഇന്നാ കഴിച്ചു നോക്ക്..”
പാത്രം ആദിക്ക് നേരെ നീട്ടി.”എനിക്ക് വേണ്ട… ഞാൻ.. ഞാനൊന്ന് നടന്നിട്ട് വരാം..”അത് പറഞ്ഞിട്ട് അവരെയൊന്നു നോക്കുകകൂടി ചെയ്യാതെ അവനിറങ്ങി പോയി.”സാരമില്ല… സങ്കടവും ദേഷ്യവും കൂടുതലായാൽ അവനിങ്ങാനാ.. എങ്ങോട്ടെങ്കിലും ഇറങ്ങി ഒറ്റ പോക്കാണ്… ഒറ്റക്ക് എല്ലാം നേരിട്ടവന് അങ്ങനെ ചെയ്യാനല്ലേ മോളെ കഴിയൂ…”പ്രിയക്കുള്ള ഉത്തരമായിട്ടായിരുന്നു മാഷാ പറഞ്ഞത്.അവളൊന്നും മിണ്ടാതെ ചെറിയൊരു ചിരിയോടെ അവനിറങ്ങി പോയ വഴിയേ നോക്കി നിന്നു.

💞💞

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് സഞ്ജു കണ്ണ് തുറന്നു നോക്കിയത്.ആദിയാണ് വിളിക്കുന്നതെന്ന് കണ്ടതും അവൻ പൊള്ളിയത് പോലെ ചാടി എഴുന്നേറ്റു.”ദൈവമേ.. പെങ്ങള് ഒറ്റിയോ..?”
നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ ഒരു നിമിഷമിരുന്നു പോയി.പക്ഷേ നിർത്താതെ ബെല്ലടിക്കുന്ന ഫോൺ അവനെ അങ്ങനെയിരിക്കാൻ സമ്മതിച്ചു കൊടുത്തില്ല.”ഇങ്ങോട്ട് വാ.. ഞാനിവിടുണ്ട്..”വല്ലാത്തൊരു മുറുക്കമുള്ള ആദിയുടെ വാക്കുകൾ.”എങ്ങോട്…”
സഞ്ജു കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.”കുന്നിൻ മുകളിലേക്ക്…”അത് മാത്രം പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.
“അവിടെ കൊണ്ട് പോയിട്ട് ഇടിക്കാനാണോ ദൈവമേ… എല്ലാം ഷെയർ ചെയ്യാമെന്ന് വല്ല്യ വായിൽ വാക്കും കൊടുത്തു വന്നതിപ്പോ പാളിയോ.. “സഞ്ജു അങ്ങോട്ട് പോവാനിറങ്ങും വരെയും അനേകം ചിന്തകളിൽ തന്നെയായിരുന്നു..

💞💞

മഹാ ദേവൻ വന്നതും അവിടെ നിന്ന് പറഞ്ഞതുമെല്ലാം ആദി പറയുമ്പോൾ ആദ്യമായി കേൾക്കുന്ന ആകാംഷയോടെയാണ് സഞ്ജു.. ആദിക്കരികിൽ ഇരുന്നത്.”അവളെ.. ആ കൃഷ്ണ പ്രിയയെ അവിടെ നിന്നും പറഞ്ഞു വിടാനൊരു വഴി പറഞ്ഞുതാട.. മുത്തച്ഛനെ കൂടി കൺവീൻസ് ചെയ്യിക്കാൻ പറ്റിയൊരു കാരണമാവണം …”
ആദി പറഞ്ഞത് കേട്ടതും സഞ്ജുവിന്റെ കണ്ണുകൾ തുറിച്ചു.അവിടൊരുത്തിക്ക് ഇവനെ കറക്കിയെടുത്തു ഇവന്റെ ഭാര്യയായി സ്ഥിരതാമസത്തിനുള്ള വഴി പറഞ്ഞു കൊടുത്തു പോന്നിട്ട് മണിക്കൂറ് ഒന്നായില്ല.

അതിന് മുന്നേ ഇനിയിപ്പോ അവളെ തന്നെ ഓടിച്ചു വിടാനുള്ള പ്ലാൻ കൂടെ ഞാൻ പറഞ്ഞു കൊടുക്കാമെന്നോ..?എന്തോന്ന് വിരോധാഭാസമെന്ന് നോക്കണേ..”ഞാൻ തന്നെ പറഞ്ഞു തരണോടാ..?”
സഞ്ജു ദയനീയമായി ആദിയെ നോക്കി.”എന്ത് പറ്റി..?”സഞ്ജുവിന്റെ ഭാവം കണ്ടതും ആദി ചോദിച്ചു.
“ഇനിയൊന്നും പറ്റാനില്ല..”സഞ്ജു താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.”എന്താടാ നിനക്കൊരു കള്ള ലക്ഷണം…?”ആദി കണ്ണുരുട്ടി.”ഏയ്.. എനിക്കെന്ത്.. ഒന്നുല്ല. അത് വിട്.. എന്നിട്ട് നീ പറ.. ഏത് ടൈപ്പ് സഹായമാണ് നീ പ്രതീക്ഷിക്കുന്നത്..?”സഞ്ജു ആദിക്ക് നേരെ തിരിഞ്ഞിരുന്നു.

“എന്തായാലും അവൾ ഇനിയവിടെ പാടില്ല. എന്റച്ഛൻ ഇതോടെ പൊടി തട്ടി പോവുകയൊന്നുമില്ല. ഞാൻ കാരണം അവൾക്ക് കൂടി അച്ചന്റെ…. അത് വേണ്ട സഞ്ജു… അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നങ്ങളും കൊണ്ട് നടക്കുന്നവളാ… അവളെ അവളുടെ വഴിക്ക് വിടാം.. കുറച്ചു നാൾ പറഞ്ഞു നടന്നു മടുക്കുമ്പോ eഎനിക്ക് വയ്യ.. എല്ലാം കൂടി ഇട്ടെറിഞ്ഞു വല്ലായിടത്തേക്കും ഓടി പോവാൻ തോന്നുന്നു..”
ആദി നെറ്റി തടവി.”നീ എവിടെ പോയാലും നിന്റെച്ചൻ അവിടേം വരും…”സഞ്ജു ചെറിയൊരു ചിരിയോടെ പറഞ്ഞു.”എത്ര കാലം നീയിങ്ങനെ പേടിച്ചോടും…?”സഞ്ജു ചോദ്യത്തോടെ അവനെ നോക്കി.”ഞാൻ… ഞാൻ പിന്നെന്ത് ചെയ്യും… മനസ്സൊരു വിധം സമാധാനിച്ചു വരുമ്പോഴേക്കും അപ്പൊ തുടങ്ങും അടുത്ത പ്രശ്നം.. എനിക്ക് മടുത്തു..”

ആദി ദൂരേക്ക് നോക്കി…”ഞാനൊരു കാര്യം പറയട്ടെ… നീ കേൾക്കുവോ?”സഞ്ജു കുറച്ചു കൂടി അവനരികിലേക്ക് നീങ്ങിയിരുന്നു.”പുതിയ വല്ല പ്രശ്നവുമാണോ..?”ആദി മുഖം ചുളിച്ചു.”നിനക്ക് വേണമെങ്കിൽ മതി.. ആവിശ്യം നിന്റെയാണ് ഹേ..”
സഞ്ജു പുച്ഛത്തോടെ മുഖം ആദിയെ നോക്കി.
മ്മ്മ്.. വരാനുള്ളത് വഴീൽ തങ്ങില്ലല്ലോ… പറയങ്ങോട്ട്..”ആദി അവന്റെ നേരെ നോക്കി.
“ആഹ്.. അങ്ങനെ വഴിക്ക് വാ…”ആദി കേൾക്കാതെ പറഞ്ഞു കൊണ്ട് സഞ്ജു തിരിഞ്ഞിരുന്നു.”കലിപ്പ് കൊണ്ടെനന്തായാലും കൃഷ്ണ പ്രിയയെ അവിടെനിന്നിറക്കി വിടാൻ കഴിയുമെന്ന് തോന്നുന്നില്ല. പോരാത്തതിന് അവൾക്ക് മാഷിന്റെ കട്ട സപ്പോർട്ട് കൂടിയുണ്ട്. അതും വില്ലനാണ് ..”

സഞ്ജു പറയുന്നത് ശ്രദ്ധിച്ചു കേട്ടിരിപ്പാണ് ആദി.
സഞ്ജുവാകട്ടെ ഒടുക്കത്തെ ഗൗരവത്തിലും.ഏതോ ആണവകാരറിനെ കുറിച്ചുള്ള ചർച്ചയാണെന്ന് തോന്നി പോകും വിധം..”ഈ കാര്യത്തിൽ ഒറ്റ വഴിയേ ഒള്ളു. അവളും നീയും ഭയങ്കരമായി സ്നേഹിക്കണം…”
എന്തോന്ന്… “സഞ്ജു പറഞ്ഞു നിർത്തിയതും ആദി അലറും പോലെ ചോദിച്ചു.”അല്ല… അങ്ങനല്ല.. ഞാൻ പറഞ്ഞപ്പോ പാളിയതാ..നീയും അവളും നല്ല സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് നിന്റെ അച്ഛന് തോന്നണം. നിങ്ങളെ ഒരിക്കലും പരസ്പരം പിരിയിക്കാൻ പറ്റില്ലെന്ന് അയാൾക്ക് തോന്നണം.. എങ്കിൽ ഒരു പരിധിവരെയും ആ കീടാണുവിന്റെ ശല്യം ഒഴിവാക്കി കിട്ടും..”
സഞ്ജു ആദിയെ നോക്കി.

“പക്ഷേ….”ആദിയെന്തോ പറയാൻ വന്നത് സഞ്ജു തുടക്കത്തിൽ തന്നെ തടഞ്ഞു.”നിന്റെ കലിപ്പ് ഉപേക്ഷിക്കണം.. അൽപ്പം സ്നേഹത്തോടെ ഇടപെടാൻ ശ്രമിക്കണം. ഒടുവിൽ നിന്റെ അച്ഛനെ പറ്റിക്കുന്നതിനൊപ്പം തന്നെ.. അവൾക്കും തോന്നും ഇത്രേം നല്ലവനായ ഇവനെ ഇവന്റെ വഴിക്ക് വിട്ടേക്കാം ന്ന്. അവൾ പോകണമെന്ന് അങ്ങോട്ട് ആവിശ്യപ്പെട്ടാൽ മാഷിനും പിന്നൊന്നും ചെയ്യാനാവില്ല… സംഗതി ക്ളീൻ…”ആദിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയാണ് സഞ്ജു പറയുന്നത്.
“പറ്റില്ലെങ്കിൽ വേണ്ട.. പ്രിയയുടെ സ്വഭാവം നിനക്കുമറിയാലോ.. വെട്ടൊന്ന് മുറി രണ്ട് എന്നാ മട്ടിലാണ് നിങ്ങളുടെ പോക്കെങ്കിൽ നിന്റെ അച്ഛനാണ് ലാഭം. നിങ്ങൾക്കിടയിലേക്ക് നുഴഞ്ഞു കയറാൻ ആശാൻ ആ വഴി തന്നെ പ്രയോജനപെടുത്തും. അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ സന്തോഷത്തിലേക്കും ജീവിതത്തിലേക്കും നുഴഞ്ഞു കയറി അതില്ലാതാക്കുക എന്നതല്ലേ മൂപരുടെ മെയിൻ കലാപരിപാടി തന്നെ…”

സഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി കൊണ്ട് വീണ്ടും ആദിയെ നോക്കി.”എന്തോന്ന് ഇത്രേം ആലോചിച്ചു നോക്കാൻ.. എവറസ്റ്റ് പോയി കീഴടക്കി വാ എന്നൊന്നുമല്ലല്ലോ ഞാൻ പറഞ്ഞത്..”
സഞ്ജു ആദിയുടെ മിണ്ടാതെയുള്ള ഇരിപ്പ് കണ്ടിട്ട് ലേശം കെറുവോടെ തന്നെ പറഞ്ഞു.ഇതിനേക്കാൾ ഭേദം അതാ..”ആദി അവനെ നോക്കി.”എടാ… ഞാനങ്ങനെ സ്നേഹം അഭിനയിച്ച.. അത് ഒർജിനലാണെന്ന് കരുതി അവളും… ഹേയ്.. ഇത് ശെരിയാവില്ല.. ഒട്ടും ശെരിയാവില്ല…”ആദി തല കുടഞ്ഞു.

“അത് തന്നെയാണല്ലോ എനിക്കും വേണ്ടത്.. നീയൊന്ന് നിന്ന് കൊടുത്താൽ മതി.. ബാക്കി അവളെ കൊണ്ട് ഞാൻ ചെയ്യിപ്പിക്കും. ഒടുവിൽ കോഴ്സ്.. കോപ്പ് പോട്ടെ പുല്ലെന്ന് പറഞ്ഞു നീ പ്രിയേ… പ്രാണനെ പാടി നടക്കും.. നടത്തിക്കും ഞാൻ…”സഞ്ജു ഉള്ളിൽ അവനറിയാതെ പറയുന്നുണ്ടായിരുന്നു.ഡാ…. ആദി ഉറക്കെ വിളിച്ചപ്പോഴാണ് സഞ്ജു ഞെട്ടി കൊണ്ടവനെ മിഴിച്ചു..
നീയെന്താ ഓർക്കുന്നത്? “ആദിയുടെ കണ്ണുകൾ ചുരുങ്ങി..”അതിപ്പോ പറഞ്ഞൂടാ….”സഞ്ജുവൊരു നെടുവീർപ്പോടെ പറഞ്ഞു..

“ഇതല്ലാതെ… വേറൊരു വഴിയുമില്ലേ സഞ്ജു..?”
ആദി സഞ്ജുവിനെ നോക്കി.റിയലി സോറി… അളിയാ.എനിക്കറിയാവുന്ന വഴിയാണ് ഞാനിപ്പോ നിനക്ക് പറഞ്ഞു തന്നത്. ഇനി പുതിയത് വേണമെങ്കിൽ നീ തന്നെ കണ്ട് പിടിക്കണം എന്റെ കയ്യിൽ സ്റ്റോക്കില്ല..”കൈ മലർത്തി കാണിച്ചു കൊണ്ട് തന്നെ സഞ്ജു കയ്യൊഴിഞ്ഞു.ആദി പിന്നെന്നും പറയാതെ അൽപ്പനേരം അകലേക്ക്‌ നോക്കിയിരുന്നു..നിരവധി ചിന്തകൾ അവന്റെ മനസ്സിലൂടെ മിന്നി മായുന്നുണ്ടായിരുന്നു.ആ മുഖത്ത് ഞൊടിയിടകൊണ്ട് മാറി മാറി വരുന്ന ഭാവങ്ങളിലേക്ക് നോക്കി സഞ്ജുവും നെഞ്ചിടിപ്പോടെ അവനരികിൽ തന്നെയിരുന്നു..ആദിയുടെ തീരുമാനമറിയാൻ..!

….തുടരും….

എന്താവോ ന്തോ..ഓൻ അഭിനയിക്കാൻ ചെല്ലുമ്പോ.. ഓൾക്കവിടെ ആദ്യാനുരാഗത്തിന്റെ അലയോലികൾ..ആഹാ.. അന്തസ്സ്.. ഓനെന്തു തീരുമാനമെടുത്താലും ഞാൻ ഉത്തരവാദിയല്ലെന്ന് മുൻകൂട്ടി അറിയിച്ചു കൊള്ളുന്നു.. നന്ദി.. നമസ്കാരം..1494വെർഡ്സ് ഉണ്ടായിട്ടും ഈ പാർട്ടിൽ ഒന്നുമില്ലാത്തത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ…? ഞാനിന്നൊരു വൃത്തിക്കെട്ട മൂടിലാ എഴുതി ഉണ്ടാക്കിയത്.. അതിന്റെയാണോ ന്തോ.. പ്രിയപ്പെട്ടവരുടെ സങ്കടങ്ങളെ അതേപ്പടി ഏറ്റു വാങ്ങുന്നൊരു പരട്ട മനസ്സായി പോയി ന്റേത്..ബല്ല്യ റിവ്യൂ ഉണ്ടേൽ…. ഇന്ന് ഒന്നൂടെ
സ്നേഹത്തോടെ jiff❣️