രചന – ജിഫ്ന നിസാർ
സഞ്ജു ഫോൺ കട്ട് ചെയ്തു പോയിട്ടും പിന്നെയുമേതോ ഓർമകളിലുഴറി നടന്ന ആദി പിന്നിലെ വാതിൽ തുറയുന്ന ശബ്ദം കേട്ടാണ് തല ചെരിച്ചു നോക്കിയത്.
“ഗുഡ്മോർണിംഗ് സർ ”
നിറഞ്ഞ ചിരിയോടെ പാതി തുറന്നു പിടിച്ചു നിൽക്കുന്ന വാതിൽക്കൽ നിൽക്കുന്ന ചെറുപ്പക്കാരൻ.
അവനാരെന്ന് വ്യക്തമായില്ലെങ്കിലും ആദി മുഖം പരമാവധി പ്രസന്നമാക്കി കൊണ്ടാണ് ഗുഡ്മോർണിംഗ് തിരികെ പറഞ്ഞത്.
“ഞാൻ രാജീവ് രാധാകൃഷ്ണൻ. ഇന്നലെ ലീവായിരുന്നത് കൊണ്ട് നമ്മൾ തമ്മിൽ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല ”
രാജീവ് നിറഞ്ഞ ചിരിയോടെ പറഞ്ഞു കൊണ്ട് ആദിയെ നോക്കി..
“ഓഓഓ.. രാജീവ്. വരൂ.ഇന്നലെ മണിയേട്ടൻ പറഞ്ഞിരുന്നു രണ്ടു പേര് ലീവിലാണെന്ന്.”
ആദി രാജീവിന് നേരെ വലതു കൈ നീട്ടി കൊണ്ട് ചിരിയോടെ പറഞ്ഞു.
കുടിലത നിറഞ്ഞ തന്റെ ചിരി ആദി അറിയാതിരിക്കാൻ രാജീവ് ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ടാണ് അകത്തു കയറിയത്.
“രാജീവ് ഇരിക്കൂ…”
തനിക്ക് മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി പറഞ്ഞിട്ടാണ് ആദി അവന്റെ ഇരിപ്പിടത്തിലേക്കിരുന്നത്.
“ഇരിക്കാനൊന്നും സമയമില്ല സർ.. എനിക്ക് ഫസ്റ്റ് അവർ തന്നെ ക്ലാസ് ഉണ്ട്. പിന്നെ ഇന്നലെ കണ്ടില്ലല്ലോ എന്ന് കരുതി ഓടി വന്നതാ ഞാൻ. ശുഭകാര്യങ്ങളൊന്നും തന്നെ പിന്നേക്ക് നീട്ടി വെക്കരുതെന്ന് എന്റമ്മ പറയാറുണ്ട് ”
നിറഞ്ഞ ചിരിയോടെ രാജീവ് ആദിയുടെ നേരെ ചുഴിഞ്ഞു നോക്കി.
“ആദിത് മഹാദേവൻ. അതാണെന്റെ പേര്. ഈ സർ എന്നുള്ള വിളിയെനിക്ക് കേൾക്കുന്നതിഷ്ടമല്ല. എന്തോ ഒരു ഇറിട്ടേഷൻ പോലെ.. സൊ… ആദിദ് എന്നോ ആദിയെന്നോ വിളിച്ചേക്കണം ”
വല്ലാത്തൊരു ആക്ഞ്ഞ ശക്തിയുള്ള അവന്റെ സ്വരം.
രാജീവ് അവനെ അത്ഭുതത്തോടെ നോക്കി.
അവനത് ഭംഗിയായി ആവിശ്വപ്പെടുകയാണ്. പക്ഷേ കേട്ട് നിൽക്കുന്നവർ രണ്ടാമതൊന്ന് ചിന്തിക്കുക കൂടിയില്ലാത്ത വിധം അതിലൊരു ആക്ഞ്ഞയാണ് നിറഞ്ഞു നിൽക്കുന്നത്.
കാഴ്ചയിൽ തന്നെ പോലൊരുവൻ.
പക്ഷേ പ്രായത്തിൽ കവിഞ്ഞൊരു പക്വതയോ ഗൗരവമോ.. വല്ലാത്തൊരു ഭാവം.
രാജീവ് ആദിയെ അടിമുടി സ്കാൻ ചെയ്യുകയാണ്.
ഒരേസമയം അവനോട് അസൂയയും ആരാധനയും തോന്നി പോകുന്നു.
മാധവൻ മാഷിന്റെ കൊച്ചു മോൻ ചാർജടുത്തുവെന്ന് കേട്ടപ്പോൾ.. അത് ഇവനെ പോലൊരാളെയായിരുന്നില്ല സങ്കൽപ്പിച്ചു വെച്ചിരുന്നത്.
ഇതിപ്പോൾ ഒറ്റ കാഴ്ചയിലല്ല.. ഒരായിരം കാഴ്ചകളിലും ഒതുങ്ങി പോവാതെ.. മെരുങ്ങി നിൽക്കാത്തൊരുവൻ!
മാധവൻ മാഷിനെ ചാക്കിട്ട് പിടിച്ചവൾക്ക് കൊച്ചുമോനെ കൂടി വരുതിയിലാക്കാൻ കഴിയുമോ എന്ന അടങ്ങാത്ത ആകാംഷയോടെയാണ് രാജീവ് ആ മുറിയിലേക്ക് കയറി ചെന്നത്.
പക്ഷേ ആദിത് മഹാദേവന്റെ കാര്യത്തിൽ തന്റെ ആശങ്ക മുഴുവനും അസ്ഥാനതാണെന്ന് ഒറ്റ കാഴ്ച കൊണ്ട് തന്നെ രാജീവ് മനസ്സ് കൊണ്ടുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഇവന്റെ കാര്യത്തിൽ അവള് കുറേ കഷ്ടപ്പെടേണ്ടി വരുമെന്നുള്ള ഓർമയിൽ അറിയാതെ തന്നെ രാജീവ് സ്വയം മറന്നു ചിരിച്ചു പോയിരുന്നു.
തന്നെ തീർത്തും അഗണിച്ചു കൊണ്ട് ഇങ്ങോട്ട് കയറി വന്നവൾ നനഞ്ഞു കുതിർന്ന പടക്കം പോലെയിരിക്കുന്നത് കണ്ടിട്ട്, ഇതിനുള്ളിലെന്താവും സംഭവിച്ചു പോയിട്ടുണ്ടാവുകയെന്നറിയാനുള്ള ത്വരയാണ് ഇത്ര വേഗം തന്നെ ഈ മുറിയിലേക്കെത്തിച്ചതെന്ന് രാജീവോർത്തു ചിരിച്ചു..
“ഹേയ്.. രാജീവ് രാധാ കൃഷ്ണൻ..”
ആദിയുടെ മുഴക്കമുള്ള സ്വരം കേട്ടിട്ടാണ് രാജീവ് ഞെട്ടിയത്.തൊട്ട് മുന്നിൽ മേശയിലേക്കാഞ്ഞു കൊണ്ട് തന്നെ കൂർപ്പിച്ചു നോക്കി കൊണ്ടിരിക്കുന്ന ആദി.
രാജീവൊരു വിളറിയ ചിരിയോടെ അവനെ നോക്കി.
“ആർ യൂ ഒക്കെ?”
ആദി രാജീവിന് നേരെ നോക്കി കൊണ്ട് തന്നെ ചോദിച്ചു.
“മ്മ്.. ഐആം സോറി ആദിത്. ഞാൻ.. ഞാനെതോ..”
രാജീവ് ചമ്മലോടെ മുഖം കുനിച്ചു.
ശരിക്കുമവന് ആദിയുടെ നേരെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“ഓക്കേ… രാജീവിന് ഫസ്റ്റ് അവർ ക്ലാസ്സുണ്ടന്നല്ലേ പറഞ്ഞത്. സെക്കന്റ് ബെല്ലടിച്ചിട്ടും ഒരുപാട് നേരമായി ”
പിന്നെയും ആദിയോടെന്തോ പറയാനൊരുങ്ങി വന്നവൻ ആ ഓർമപ്പെടുത്തലിനു മുന്നിൽ തീർത്തും നിസ്സാഹായനായി പോയിരുന്നു.
“ഓഓഓ.. ഞാനത് പെട്ടന്ന് ഓർത്തില്ല. ഓക്കേ.. വിശദമായി നമ്മുക്ക് പിന്നീട് പരിചയപ്പെടാം. ഇപ്പൊ ഞാൻ പോട്ടെ ”
ഒന്നുകൂടി ചമ്മി നാറി പോയതിന്റെ ക്ഷീണം മാറ്റാൻ ധൃതിയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് രാജീവിറങ്ങാൻ തുടങ്ങി..
“രാജീവ്.. ഒൺ മിനിറ്റ് ”
പിന്നിൽ നിന്നും വീണ്ടും ആദിയുടെ ശബ്ദം.
അവൻ പതറി കൊണ്ടാണ് തിരിഞ്ഞു നോക്കിയത്.
“ഇവിടുത്തെ മ്യൂസിക് ടീച്ചറില്ലേ…?”
ആദിയെന്തോ ഓർക്കുന്ന പോലെ നെറ്റിയിൽ വിരലോടിച്ചു.
രാജീവിന്റെ ഉള്ളിലൂടെയൊരു മിന്നൽ പാഞ്ഞു പോയി.
എന്തിനെന്നറിയാതൊരു പരവേശം തന്നെ പൊതിയുന്നുണ്ടെന്ന് രാജീവ് മനസ്സിലാക്കി.
അപ്പഴങ്ങോട്ട് കയറി വരാൻ തോന്നിയ നിമിഷത്തെ അവൻ മടുപ്പോടെ ഓർക്കുന്നുണ്ടായിരുന്നു.
“മ്മ്മ്.. ഹാ.. ഒരു കൃഷ്ണപ്രിയ. അയാളോട് ഒന്നിങ്ങോട്ട് വരാൻ പറയൂ ”
“ഇന്ന് ഞാൻ മുത്തച്ഛന്റെ കൃഷ്ണപ്രിയയെ കണ്ടിട്ടേ വരു.. എന്നുള്ള വാക്കോർത്തു കൊണ്ട് ചിരിയോടെയാണ് ആദി രാജീവിനോടത് ആവിശ്യപ്പെട്ടത്.
“എന്തിന്?”എന്നവനോട് ചോദിക്കണമെന്നുണ്ടായിരുന്നു രാജീവിന്.
പക്ഷേ ആ രൂക്ഷമായ നോട്ടം കണ്ടതും പറയാം എന്ന് മാത്രം പറഞ്ഞിട്ട് രാജീവ് വേഗത്തിൽ അവിടെ നിന്നിറങ്ങി പോയി..
❣️❣️
“ഇതെന്തിനായിപ്പോ ഇത്രേം ധൃതിയിൽ നാട്ടിലേക്കൊരു പോക്ക്..?”
ദേവന്റെ നേരെ നോക്കി അയാളുടെ ഭാര്യ ഡയാന ചോദിച്ചു.
ആ മുഖത്തും വാക്കുകളിലും ഈർഷ്യമാണെന്ന് മനസ്സിലായിട്ടും ദേവനൊന്നും മിണ്ടാതെ താൻ ചെയ്യുന്ന പാക്കിങ് തന്നെ തുടർന്നു.
“ദേവൻ… താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..?”
ഡയാന ശക്തിയിൽ അയാളെ പിടിച്ചു തനിക്ക് നേരെ തിരിച്ചു കൊണ്ടാണത് ചോദിച്ചു.
“ഉവ്വ്.. ഞാൻ കേൾക്കുന്നുണ്ട് ഡയാന. താൻ പറഞ്ഞോളൂ ”
അങ്ങേയറ്റം ശാന്തമായാണ് ദേവന്റെ വാക്കുകളും പ്രവർത്തികളും.
“കേട്ടത് കൊണ്ടായോ ദേവൻ.. എനിക്കുള്ള ഉത്തരം കിട്ടണ്ടേ. അതല്ലേ അതിന്റെയൊരു മര്യാദ. ?ഇതൊരുമാതിരി ആളെ ഫൂൾ ആകുന്ന പരിപാടി…”
ഡയാനയുടെ ചായം തേച്ചു പിടിപ്പിച്ച ചുണ്ടുകൾ കൂർത്തു.
“അതിന് തന്നോട് ഞാൻ ഉത്തരം പറയില്ലന്നൊന്നും പറഞ്ഞില്ലല്ലോ ഡിയർ ”
പാക്കിങ് കഴിഞ്ഞു ബാഗ് കിടക്കയിൽ നിന്നും നീക്കി വെച്ചിട്ട് ദേവൻ ഡയാനയെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ടാണ് മുറിയിൽ നിന്നും പുറത്തേക്ക് കടന്നത്.
“എനിക്കൊന്ന് നാട്ടിൽ പോണ്ടത് അത്യാവശ്യമായത് കൊണ്ടല്ലേ.. ഇല്ലെങ്കിൽ നിന്നെയിവിടെയിട്ട് ഞാൻ പോകുമോ ഡിയർ… ”
ഒരു ഇരുപത് കാരന്റെ കുസൃതിയോടെയാണ് ദേവൻ കൊഞ്ചുന്നത്.
പക്ഷേ ആ കണ്ണുകളിൽ വല്ലാത്തൊരു ഭാവങ്ങളാണ് കല്ലിച്ചു കിടക്കുന്നതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ ഡയാനക്ക് മനസ്സിലായി.
രണ്ടു വർഷമായിട്ട് ഡയാന കാണുന്നതല്ലേ അയാളെ..അവൾക്കാ ഭാവം പുതുമയുള്ളതല്ല.
“എന്ന് വരും തിരികെ?”ദേവൻ
പോകുന്ന കാര്യത്തിൽ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലായതും ഡയാനയുടെ ചോദ്യം പിന്നെ അതായിരുന്നു.
“വരും…”
കുട്ടിയുടുപ്പിൽ നിറഞ്ഞു നിൽക്കുന്ന അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തമർത്തി കൊണ്ടത് പറയുമ്പോൾ ദേവന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി പോയിരുന്നു.
രണ്ടു പേർക്കുള്ളിലും രണ്ടു രീതിയിലുള്ള കണക്ക് കൂട്ടലുകളും അതിന്റെ സന്തോഷവുമായിരുന്നു ചേർത്ത് പിടിച്ചു പുൽകുമ്പോഴും..
❣️❣️
“നീയാള് കൊള്ളാലോടി.. വന്നു കയറിയില്ല, അതിന് മുന്നേ തന്നെ കാർന്നോരുടെ പാതയിൽ തന്നെയാണ് കൊച്ചു മോനും..”
തനിക്ക് മുന്നിൽ വന്നിട്ടാരോ ദേഷ്യത്തോടെ പറയുന്നത് കേട്ടാണ് പ്രിയ മുഖം ഉയർത്തി നോക്കിയത്.
മുന്നിലെ മേശയിലുള്ള അവളുടെ ബാഗിലേക്ക് മുഖം ചേർത്ത് വെച്ച് കിടക്കുകയായിരുന്നു അവൾ.
“അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. നേരത്തെ കൊടുത്തു പോന്നത് അവന് മതിയായി കാണില്ല ”
പുച്ഛത്തോടെ മുന്നിൽ വന്നു നിന്നിട്ട് പറയുന്നത് രാജീവാണ്.
പക്ഷേ അവനെന്താണ് പറയുന്നതെന്നറിയാതെ അവളുടെ മുഖം ചുളിച്ചു.
“എന്താ…?”
അരിശം തീരാതെ പിന്നെയുമെന്തോ വിളിച്ചു പറയുന്ന രാജീവിനെ നോക്കി പ്രിയ അസഹ്യതയോടെ ചോദിച്ചു.
“ഓഓഓ കുട്ടിക്ക് മനസ്സിലായില്ല.. രാജീവ് സാറെ. തെളിച്ചങ്ങോട്ട് പറഞ്ഞു കൊടുക്കെന്നെ…”
പിന്നിലെ പരിഹാസസ്വരം തിരിച്ചറിയാൻ കഴിഞ്ഞിട്ടും പ്രിയ മനഃപൂർവമങ്ങോട്ട് നോക്കിയില്ല.
“നിന്നെ ക്ഷണിക്കുന്നു.. ആദിത് മഹാദേവൻ..”
പ്രിയയുടെ നേരെ കൂർപ്പിച്ചു നോക്കി കൊണ്ട് രാജീവ് പറഞ്ഞതും അവളൊന്ന് ഞെട്ടി.
“ഇനിയെന്ത്…. ദൈവമേ.. ഇതൊന്ന് തീരില്ലേ..?”
അവൾ മനസ്സാലെ പരിതപിച്ചു.
അവളുടെ മുഖത്തെ പതർച്ച അപ്പാടെ ഒപ്പിയെടുത്ത് മുന്നിൽ നിൽക്കുന്നവന്റെ കണ്ണുകൾ വന്യമായിരുന്നുവപ്പോൾ…
❣️❣️
ആദിയുടെ ഓഫീസ് മുറിയുടെ വാതിലിന്റെ ലോക്ക് പിടിക്കും മുന്നേ പ്രിയ ദീർഘമായൊന്ന് ശ്വാസമെടുത്തു.
ചിലപ്പോൾ ഇതോടെ തന്റെ ജോലിയുടെ കാര്യത്തിലൊരു തീരുമാനമാകുമെന്ന് അവളുടെ ഉള്ളം മന്ത്രിച്ചു..
പക്ഷേ അങ്ങയങ്ങു തോറ്റു കൊടുക്കാനാവുമോ?
അതിന് പ്രിയ വേറെ ജനിക്കണം.
തോറ്റു കൊടുക്കരുതെന്ന് നിരന്തരം തന്നെ ഓർമ്മിപ്പിച്ചു തരുന്ന മാധവൻ മാഷിന്റെ കൊച്ചു മോന്റെ മുന്നിൽ തോൽക്കുവാനൊട്ടും വയ്യ.
മാഷാണ് തോറ്റു പോകേണ്ടി വരിക..
അത് പാടില്ല..
അവളുടെ മനസിലെ വാശിക്കാരി പതിയെ ഓർമ്മിക്കുന്നുണ്ടായിരുന്നുവപ്പോൾ..
❣️❣️
വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ആദി കണ്ണുകൾ തുറന്നത്.
മനസ്സിനെയൊന്ന് വരുത്തിയിലാക്കാൻ കണ്ണടച്ച്.. ശ്വാസമെടുത്തിരിക്കുന്നവൻ നേർത്തൊരു പുഞ്ചിരിയോടെ വീണ്ടും വാതിൽ തുറന്നു കൊണ്ട് കയറി വരുന്നവളെ കാണെ… അത് വരെയും നിയന്ത്രണതിലാക്കിയ ദേഷ്യത്തിന്റെ ആവരണം പെട്ടിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു…
അറിയാതെ തന്നെ അവൻ കസേരയിൽ നിന്നും എഴുന്നേറ്റു….
“നിനക്കെന്താ ഇവിടെ കാര്യം….?”
എത്രയൊതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും അങ്ങേയറ്റം പരുഷമായ അവന്റെ സ്വരം.
പ്രിയ അവനെ പകച്ചു നോക്കി.
ഇങ്ങോട്ട് വിളിക്കുന്നെന്ന് പറഞ്ഞിട്ടാണല്ലോ ഒട്ടും മനസ്സില്ലാഞ്ഞിട്ടും കയറി വന്നത്..?
എന്നിട്ടിപ്പോയെന്താ ഇങ്ങനെ..?
ഇനി രാജീവ് നുണ പറഞ്ഞതാവുമോ?
“ചോദിച്ചത് കേട്ടില്ലേ…?”
പ്രിയയുടെ നോട്ടം കണ്ടതും വർദ്ധിച്ചു വന്ന ദേഷ്യത്തോടെ മേശയിൽ ഉറക്കെയൊന്ന് തട്ടി ആദി ചോദിച്ചു.
പ്രിയയവന്റെ ദേഷ്യത്തിനു മുന്നിൽ പതറി കൊണ്ട് പിന്നിലേക്ക് മാറി..
“വാ തുറന്നു കൊണ്ടുത്തരം പറയെടി… എന്നെ റൂൾസ് പഠിപ്പിക്കാൻ നല്ല ഉത്സാഹമാണല്ലോ നിനക്ക്. എന്നിട്ടിപ്പോ വടി പോലെ നിൽക്കുന്നോ?”
ആദിയുടെ പല്ല് ഞെരിഞ്ഞമർന്നു.
“ദേ…. എടീ പോടീന്നൊക്കെ വീട്ടിൽ പോയി വിളിക്കണം..”
അറിയാതെ തന്നെ പ്രിയയുടെ മുഖം ചുവന്നു.. വിരൽ അവന് നേരെ നീണ്ടു.
ആദിയുടെ ശ്വാസനിശ്വാസം വല്ലാതെ വർദ്ധിച്ചു വന്നിരുന്നു.
“വിളിച്ചാ.. നീ എന്ത് ചെയ്യുമെടി..”
കണ്ണിലെരിയുന്ന ദേഷ്യത്തോടെ ആദി കുറച്ചു കൂടി പ്രിയയുടെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് വെല്ലുവിളി പോലെ ചോദിച്ചു.
“വിളിച്ചു നോക്ക്.. അപ്പൊ അറിയാം ”
അണുവിടെ പോലും നിന്നിടത് നിന്നുമനങ്ങാതെ പ്രിയ അതേ ഭാവത്തിൽ അവനെയും നോക്കി.
“എന്റെ മുറിയിലേക്ക് വലിഞ്ഞു കയറി വന്നിട്ട്… നീ എന്നെ വെല്ലുവിളിക്കുന്നോ… എന്നാ അതൊന്ന് കാണണമല്ലോ..?”
അവളോടുള്ള ദേഷ്യമൊഴികെ മറ്റെല്ലാം ആദിയപ്പോൾ മറന്നു പോയിരുന്നു.
“എന്നെയിങ്ങോട്ട് വിളിപ്പിച്ചിട്ട് വന്നതാ ഞാൻ. അങ്ങനെ ചുമ്മാ വലിഞ്ഞു കയറി വരാൻ പറ്റിയ സ്ഥലമല്ല ഇതെന്ന് എനിക്കറിയാം ”
പ്രിയ അവന്റെ കണ്ണിലേക്കു നോക്കി.
“നിന്നെ വിളിച്ചെന്നോ… അതും ഞാൻ… നിന്നെയെങ്ങനെ പറഞ്ഞു വിടുമെന്ന് ആലോചിച്ചു നിൽക്കുന്ന ഈ ഞാൻ…ആഹാ.. നല്ല ഐഡിയ..”
ആദി പരിഹാസത്തോടെ അവളെ നോക്കി.
രാജീവ് ചതിച്ചു..
പ്രിയ അങ്ങനെയാണ് കരുതിയത്…
ആദിയെ ഒരു വട്ടം കൂടി തുറുപ്പിച്ചു നോക്കി കൊണ്ട് പ്രിയ തിരിച്ചിറങ്ങാൻ തിരിഞ്ഞു..
ആദിയുടെ നെറ്റിചുളിഞ്ഞു.
അവന്റെ മനസ്സലൊരു സംശയം മിന്നി മാഞ്ഞു..
“നീയൊന്ന് നിന്നേ….”
വീണ്ടും ആദി വിളിച്ചത് കേട്ട് പ്രിയ കണ്ണുകൾ ഇറുക്കിയടച്ചു..
“നിന്റെ.. നിന്റെ പേരെന്താ…?”
ആദി അൽപ്പം പതർച്ചയോടെയാണത് ചോദിച്ചത്.
പ്രിയ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവനെ അമ്പരപ്പോടെ നോക്കി.
“എന്താ.. നിനക്കിനി പേരില്ലേ…?”
അവളുടെ നിൽപ്പ് കണ്ടിട്ടവനു വീണ്ടും ദേഷ്യം വന്നു.
“ആ.. ഉണ്ട്..”
പ്രിയ വേഗം തലയാട്ടി..
“അതൊന്ന് മൊഴിയാൻ ഞാനിനി എന്താണാവോ ചെയ്യേണ്ടത്…?”
“ഒന്നും.. ഒന്നും വേണ്ട..”
പ്രിയക്കവന്റെ ഭാവം കണ്ടിട്ടെന്തോ വശപിശക് തോന്നി..
“നിന്ന് കിണുങ്ങാതെ പേര് പറയെടി…”
വീണ്ടും ആദിയുടെ ശബ്ദമുയർന്നു..
“പ്രിയ… കൃഷ്ണ പ്രിയ…”
തുടരും…

by