The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
“ഓഓഓ.. കടുവക്കിന്ന് ഇവിടാണോ വട്ടമേശ സമ്മേളനം?”
ആദിയെ തിരഞ്ഞിറങ്ങി വന്ന സിദ്ധു നേരെ എത്തിപെട്ടത് അവർ മൂന്ന് പേരും കൂടി സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലേക്കാണ്.
തിരിഞ്ഞു പോകാനും വയ്യ.
അവരവനെ കണ്ടിരുന്നു.
“ഇങ്ങ് പോര്.. ഇങ്ങ് പോര് ”
നിൽക്കണോ പോണോ എന്നൊരു കൺഫ്യൂഷനോടെ നിൽക്കുന്ന സിദ്ധുവിനെ നോക്കി മാധവൻ മാഷൊരു ചിരിയോടെ പറഞ്ഞു.
അവനെ കണ്ടതോടെ ബാലൻ മാഷ് പിന്നെയൊന്നും പറയുന്നുണ്ടായിരുന്നില്ല.
ഞൊടിയിട കൊണ്ട് ആ മുഖം മങ്ങിയത് പോലെ.
ആദിയത് വ്യക്തമായും കണ്ടു .
അവനെതൊരു സങ്കടമായിരുന്നു.
“വാടാ.. വന്നു ചായ കുടിച്ചോ?”
മാഷ് വീണ്ടും പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെ സിദ്ധു അവരുടെ അരികിലേക്ക് നടന്നു.
“എനിക്ക് വേണ്ട മാഷേ.. ഞാൻ കുടിച്ചിട്ടാ വന്നത് ”
ആദിയുടെ അരികിൽ ഇരിക്കുന്നതിനിടെ സിദ്ധു പറഞ്ഞു.
“ഹാ..അല്ലേലും ആ കാര്യം മാത്രംയാതൊരു മുട്ടുമില്ലാതെ സമയത്തിനു നടന്നു പോകുന്നുണ്ടല്ലോ ”
ബാലൻ മാഷ് ആരോടെന്നില്ലാതെ പറഞ്ഞു.
“എന്നാ ഇന്ന് മുതൽ നടത്തം നിർത്തി ഓടാൻ തുടങ്ങിയാലോ ന്നാ എന്റെ ആലോചന ”
സിദ്ധു ചുണ്ട് കോട്ടി.
“അങ്ങനെ അനാവശ്യ ആലോചനകളും കൊണ്ട് നടന്നിട്ട് തന്നെയാ ഇപ്പഴും നീയിങ്ങനെ..”
അവൻ തന്നെ കളിയാക്കിയാതാണ് എന്ന് ചിന്തയോടെ ബാലൻ മാഷ് അൽപ്പം ഒച്ചയുയർത്തി..
“തുടങ്ങിയോ രണ്ടും…?”
മാധവൻ മാഷ് സിദ്ധുവിനെയും ബാലൻമാഷിനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.
“അവൻ പറയുന്നത് നീയും കേട്ടില്ലേ മാധവാ..”
ബാലൻ മാഷ് സിദ്ധുവിന് നേരെ തുറിച്ചു നോക്കി.
“ഞാനല്ലല്ലോ ആദ്യം പറഞ്ഞത്.. എന്നെ കേറി ചൊറിഞ്ഞ ഞാനും മിണ്ടാതെ നിൽക്കില്ല. അത്ര തന്നെ..”
സിദ്ധു ചൊടിയോടെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“വേണ്ടടാ.. നീ പറ്റുമെങ്കിൽ എന്നെ രണ്ടടി കൂടി തന്നേക്ക്. എന്നാലും വേണ്ടില്ല.. നീയൊന്ന് ജയിച്ചു കണ്ടാ മാത്രം മതിയെനിക്ക് ”
കയ്യിലുള്ള ചായ ഗ്ലാസ് നിലത്തേക്ക് വെച്ചിട്ട് ബാലൻ മാഷും എഴുന്നേറ്റു.
“നീയിങ്ങ് വന്നേ….”
രംഗം വഷളാവുകയാണെന്ന് തോന്നിയതും രണ്ടു പേർക്കുമിടയിലിരുന്ന ആദി എഴുന്നേറ്റു കൊണ്ട് സിദ്ധുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും മാറി പോയി..
“എന്തുവാടെ… ഒരുമാതിരി പിള്ളേരെ പോലെ ”
അവരങ്ങ് റോഡിലേക്ക് നടന്നു മറഞ്ഞതും മാധവൻ മാഷ് ബാലൻ മാഷിനെ നോക്കി കണ്ണുരുട്ടി.
“പിള്ളേരൊക്കെ തല തിരിഞ്ഞു പോയെടോ ”
മുഖം കുനിച്ച് കൊണ്ടാണ് ബാലൻ മാഷ് അതു പറഞ്ഞത്.
“ശേ.. താനെന്തിനാടോ ബാല ഇത്രേം ടെൻഷനാവുന്നത്. സഞ്ജു അത്ര മോശമൊന്നുമല്ലെന്ന് എന്നേക്കാൾ നന്നായി തനിക്കറിയാലോ. താനവന്റെ അച്ഛനല്ലേ..?”
മാധവൻ മാഷ് ചങ്ങാതിയുടെ ഉള്ളിലെ പൊള്ളൽ വീശിയകറ്റാനുള്ള ശ്രമിത്തിലായിരുന്നു.
“എടോ ഒരേ മാതാപിതാക്കൾ ആയിരുന്നാലും മക്കളെല്ലാരും ഓരോ വിധത്തിലാവുമെന്ന് തനിക്കു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ. താരതമ്യപെടുത്തി പറയുന്നതാണ് ഒരു മനുഷ്യനോട് ചെയ്യാനുള്ള വലിയൊരു ക്രൂരതയെന്ന് പഠിച്ചിറങ്ങിയ അധ്യാപകരല്ലേ ബാല നമ്മള്..?”
മാഷ് ചിരിയോടെ… ബാലൻ മാഷിന് നോവാതെയാണ് കാര്യങ്ങൾ പറയുന്നത്.
ഇത് പോലുള്ള സംഭവങ്ങളും.. സ്നേഹതിരുത്തലുകളും അവിടെ ആദ്യമായി അരങ്ങേറുന്ന കലാരൂപവുമായിരുന്നില്ല.
“അവൻ.. അവൻ മിടുക്കനാ ബാല. നീ നോക്കിക്കോ.. ജയിക്കും.. ഉന്നതങ്ങളിലെത്തുകയും ചെയ്യും. സഞ്ജുവിന് അതിനുള്ള കഴിവുണ്ട്.”
മാധവൻ മാഷ് ഉറപ്പോടെ പറഞ്ഞു കേട്ടതും അത് വരെയും മുറുകി നിന്നിരുന്ന ബാലൻ മാഷിന്റെ മുഖം തെളിയാൻ തുടങ്ങി.
“ഇപ്പോഴുള്ള ഈ കുട്ടിക്കളി.. അത് കണ്ടിട്ട് അവനെ നീ വിലയിരുത്തി കളയല്ലേ.. ഇതൊക്കെ പ്രായത്തിന്റെ തിളപ്പല്ലേ.. ഞാനും നീയുമൊക്കെ ഇങ്ങനെ തന്നെയാവും ജയിച്ചു കയറിയത് ”
മാധവൻ മാഷ് അത് പറയുമ്പോൾ നേർത്തൊരു ചിരിയുണ്ടായിരുന്നു.
ഏതൊക്കെയോ മധുരസ്മൃതികളിൽ കൂടി ബാലൻ മാഷിനെയും കൈ പിടിച്ചു നടത്താൻ മാത്രം ജീവനുണ്ടായിരുന്നു ആ വാക്കുകൾക്ക്..
❣️❣️
“എന്തായിരുന്നു കടുവയവിടെ ഇത്രേം കാര്യമായിട്ട് ചർച്ച നടത്തിയിരുന്നത്?”
ആദിക്കൊപ്പം നടക്കുന്നതിനിടെ സഞ്ജു അവനെ മുഖം ചെരിച്ചു നോക്കി കൊണ്ട് പതിയെ ചോദിച്ചു.
“നിനക്കെന്താണ് സഞ്ജു.. എന്തിനാടാ നീയവിടെ ഇത്രേം ഷോ കാണിച്ചത്?”
ആദി ദേഷ്യത്തോടെ സഞ്ജുവിനെ നോക്കി.
“ചുമ്മാ…”
ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി സിദ്ധു കണ്ണടച്ച് കാണിച്ചു.
“ഹോ… ഒരൊറ്റയടിക്ക് നിന്റെ മോന്ത ഞാൻ ഷൈപ്പ് മാറ്റും. നല്ലൊരു വൈകുന്നേരം വെറുതെ സീനുണ്ടാക്കി.. അവന്റെയൊരു ചുമ്മാ..”
പറയുക മാത്രമല്ല.. സഞ്ജുവിന്റെ നടുപ്പുറം നോക്കി നല്ലൊരു അടിയും വെച്ച് കൊടിത്തിട്ടാണ് ആദി അത് പറഞ്ഞു നിർത്തിയത്.
“ചില കാര്യങ്ങൾ അങ്ങനാണ് ആദി. പറഞ്ഞാലും ഇല്ലേലും വെറുതെ നീറി പുകഞ്ഞു കൊണ്ട് മനുഷ്യന്റെ സ്വസ്ഥത കളയാൻ…”
സഞ്ജുവിന്റെ മുഖത്ത് ഈർശ്യം നിറഞ്ഞു.
“എടാ.. ബാലനങ്കിൾ.. നിന്റച്ഛനാണ്. അത് നീ മറക്കല്ലേ. നിനക്ക് ദോഷം വരുന്ന ഒന്നും…”
“ദേവനങ്കിൾ നിന്റെയും അച്ഛനാണ് ആദി ”
ആദി പറഞ്ഞു മുഴുവിക്കും മുന്നേ മന്ദഹാസത്തോടെ സിദ്ധു പറഞ്ഞു.
“എന്നിട്ടും നിന്റച്ഛൻ നിനക്ക് നന്മ വരുന്നത് മാത്രമേ ചെയ്യുന്നൊള്ളോ “എന്നൊരു ധ്വനിയുണ്ടായിരുന്നു സഞ്ജുവിന്റെ വാക്കുകളിൽ.
ആദിക്കതു വളരെ എളുപ്പത്തിൽ മനസ്സിലായി.
“എടാ.. എന്റച്ഛനും നിന്റച്ഛനും തമ്മിൽ രാവും പകലും പോലെ വ്യത്യാസമുണ്ടെന്ന് എന്നെ പോലെ നിനക്കും അറിയാമല്ലോ.. പിന്നെന്തിന് നീ ഇത് പറയുന്നു.?”
ആദി സിദ്ധുവിനെ നോക്കി.
“നീയത് വിട് ആദി. നമ്മളത് പറഞ്ഞ ശരിയാവില്ല.”
ചിരിയോടെ മുന്നിൽ നിൽക്കുന്ന ആദിയുടെ തോളിലൊന്ന് തട്ടി കൊണ്ട് സിദ്ധു പറഞ്ഞു.
“കടുവ വിചാരിച്ച പോലെ എനിക്കോ ഞാൻ വിചാരിച്ച പോലെ കടുവക്കോ ആകാൻ കഴിയുന്ന. ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നമാണ്. അതൊരിക്കലും ശരിയാവില്ല. ഞാനിപ്പോ ഡിഗ്രി പാസായെന്ന് കൂട്ടിക്കോ നീ.. അപ്പൊ ആ നിമിഷം മുതൽ കടുവ വേറൊരു പ്രശ്നവും പൊക്കി പിടിച്ചു കൊണ്ട് വരും. ഒരു പ്രായം കഴിഞ്ഞ പിന്നെ ഇതൊക്കെ ഓരോ വീട്ടിലും പതിവാടാ. കൂട്ടത്തിൽ കൂടുതൽ കേമനായ ഒരുത്തൻ ഉണ്ടെങ്കിൽ പിന്നെ പറയേം വേണ്ട. അവനെ പോലെ ആയിക്കൂടെ.. അവനെ കണ്ടു പടി.. എന്നൊക്കെയുള്ളത് താരതമ്യം ചെയ്‌തും ഉപദേശിച്ചും നമ്മളെ ഉടലോടെ നരകത്തിൽ കൊണ്ടെത്തിക്കും… മ്മ്ഹ്ഹ്… പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക തന്നെ ”
ഒരു ദീർഘനിശ്വാസത്തോടെ സിദ്ധു പറഞ്ഞു നിർത്തി.
ആദിക്കവന്റെ വർത്താനം കേട്ടിട്ട് സങ്കടവും ചിരിയും ഒരുപോലെ വരുന്നുണ്ട്.
“നീ അത് വിടളിയ.. എന്നിട്ട് പറ.. എന്തായിരുന്നു നിങ്ങള് അത്രേം കാര്യമായിട്ടവിടെയിരുന്നു പറഞ്ഞിരുന്നത്.. ഏഹ്?”
സിദ്ധു വീണ്ടും അതിലേക്ക് തന്നെ എത്തി നിന്നു.
“ഓഓഓ.. അതത്ര കാര്യമായൊന്നും ഇല്ലടാ..”
ആദി നിസാരതയോടെ പറഞ്ഞു.
“എന്നാലും…?”
സിദ്ധു വിടാനുള്ള ഭാവമില്ല.
“ഏതോ ഒരു പ്രിയ.. കൃഷ്ണ പ്രിയ. അവളായിരുന്നു ഇന്നത്തെ താരം ”
അത് പറയുമ്പോൾ മാധവൻ മാഷ് പറഞ്ഞതോർത്തു കൊണ്ട് ആദിയുടെ ചുണ്ടിലൊരു മനോഹരമായ ചിരിയുണ്ടായിരുന്നു.
“ദൈവമേ..അതേത് കൃഷ്ണ പ്രിയ..?ഞാൻ അറിയാത്തൊരു പെൺകുട്ടി.. അതും എന്റെ നാട്ടിൽ.. അങ്ങനെ വരാൻ വഴിയില്ലല്ലോ?”
സിദ്ധു നടത്തം നിർത്തി കൊണ്ട് ഗഹനമായ ചിന്തയിലാണ്.
ആദി ചിരിക്കുന്നുണ്ട്, അവന്റെ ഭാവവും വർത്താനവും നിൽപ്പും കണ്ടിട്ട്.
“അവർക്കിനി ആള് മാറി കാണുവോട ആദി..?”
സിദ്ധു ആദിയുടെ നേരെ നോക്കി.
“എന്തോന്ന്…?”
ആദി അവനെ നോക്കി കണ്ണുരുട്ടി.
“അല്ലേടാ.. ഞാനെത്ര ആലോചിച്ചു നോക്കിയിട്ടും ഈ കൃഷ്ണ പ്രിയ…”
സിദ്ധു പിന്നെയും നഖം കടിച്ചു കൊണ്ട് ചിന്തയിൽ ആണ്ട് പോയി.
“എടാ സിദ്ധു കോഴി…വൃത്തികെട്ടവനെ..”
ആദി ഈണത്തിൽ വിളിച്ചു.
“ന്തോ….”
അതെ ഈണത്തിൽ സിദ്ധു വിളി കേട്ടു.
“കൃഷ്ണപ്രിയ നീ വിചാരിച്ച പോലെ വിദ്യാർത്ഥി അല്ലേടാ കുട്ടാ.. അവൾ ടീച്ചറാണ്. എന്റെ മുത്തശ്ശന്റെയും നിന്റച്ഛന്റെയും ഭാഷയിൽ പറഞ്ഞാൽ… നല്ലസ്സൽ അധ്യാപിക.. കൃഷ്ണ പ്രിയ..”
ആദി ചിരിയോടെ പറഞ്ഞു.
“അങ്ങനെ പറ.. ചുമ്മാതല്ല.. എനിക്കോർമ്മ വരാത്തത്.. ഞാനും കരുതി…”
സിദ്ധു കൈ അടിച്ചു കൊണ്ട് ആവേശത്തിൽ പറഞ്ഞു.
“സത്യത്തിൽ ഈ കൃഷ്ണപ്രിയക്കെന്താ നിങ്ങൾക്ക് ചർച്ചക്കെടുക്കാൻ മാത്രമുള്ള പ്രശ്നങ്ങൾ.?”
വീണ്ടും നടത്തം തുടർന്ന് കൊണ്ട് സിദ്ധു ആദിയെ നോക്കി
ആദി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
മാധവൻ മാഷ് അവളെ കുറിച്ച് പറഞ്ഞതെല്ലാം അവന്റെ ഓർമകളിലേക്ക് ഓടിയെത്തി..
അതെല്ലാം സിദ്ധുവിന് വേണ്ടി ഒരിക്കൽ കൂടി പറയുമ്പോൾ.. കാരണമറിയാത്തൊരു നോവവനെ പൊതിയുന്നുണ്ടായിരുന്നുവപ്പോൾ…
തുടരും..