രചന : ജിഫ്ന നിസാർ
മരവിച്ചത് പോലിരിക്കുന്ന സുജയും അവർക്കരികിൽ വിങ്ങി കരയുന്ന പ്രിയയും.ആ കാഴ്ചയിലേക്ക് നോക്കുമ്പോഴൊക്കെയും ആദിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു.ഡോക്ടർ പങ്ക് വെച്ച വിവരങ്ങളെല്ലാം ആദിയാണ് സുജയോട് പറഞ്ഞത്.ആ മുറിയിൽ നിന്നിറങ്ങിയത് മുതൽ വല്ലാത്തൊരവസ്ഥയിലാണ് പ്രിയ.ആരെങ്കിലുമൊന്നു ചേർത്ത് പിടിച്ചാൽ പൊട്ടി പോയേക്കാവുന്ന കരച്ചിലിന്റെ വലിയൊരു കടൽ അവളുടെ ഉള്ളിലിരമ്പുന്നത് ആദിയാ കണ്ണിൽ നോക്കിയറിഞ്ഞു..ആദിയൊന്ന് ശ്വാസമെടുത്ത് കൊണ്ട് സുജയുടെ അരികിലേക്കിരുന്നു.
ഒരു കൈ കൊണ്ടവരുടെ തോളിൽ ചുറ്റി പിടിച്ചു കൊണ്ടവന്റെ അടുത്തേക്ക് നീക്കിയിരുത്തി.
“സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു പോയമ്മേ.. കരഞ്ഞു കൊണ്ടിരിക്കാൻ നമ്മൾക്ക് മുന്നിലിനി ഒട്ടും സമയമില്ല. ഇനിയെങ്കിലും പത്മക്ക് വേദനിക്കാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.. ഡോക്ടർ പറഞ്ഞത് ഞാനമ്മയോട് പറഞ്ഞില്ലേ.. മരുന്നുകളോട് പോലും പ്രതികരിക്കാതിരിക്കുന്ന ഈ അവസ്ഥയിൽ..”തന്നെ നോക്കുന്ന ആ കണ്ണുകളിലേക്ക് ഭയമിരച്ചു കയറുന്നതറിഞ്ഞതും ആദി പറയാൻ വന്നത് മുഴുവനുമാക്കാതെ പറഞ്ഞു നിർത്തി.
അവരെ ഒന്നും കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു.
“എല്ലാവർക്കും വേണ്ടി… അവള്.. അവളൊരുപാട് വേദന തിന്നിട്ടുണ്ട് മോനെ.. ചന്ദ്രേട്ടൻ പോയതോടെ എന്റെ മോളാണ് ഏറ്റവും കൂടുതൽ നരകിച്ചത്. എന്നിട്ടും അവളാരോടും പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല… എല്ലാം വിധിയെന്ന് കരുതി ആരെന്തു ചെയ്താലും എന്റെ പൊന്നു മോള് സഹിക്കും.. പക്ഷേ എന്നിട്ടും..”ആദിയെ ചുറ്റി പിടിച്ചു കൊണ്ട് സുജ പൊട്ടി കരഞ്ഞു.ചുവരിലേക്ക് ചാരിയിരിക്കുന്ന പ്രിയയും കരച്ചിലൊതുക്കാൻ കഴിയാതെ കണ്ണുകൾ ഇറുകെ അടച്ചു.
“അത് തന്നെയാണമ്മേ ഞാനും പറയുന്നത്. ആ പാവം ഇനിയുമിങ്ങനെ നരകിച്ച് ജീവിക്കാൻ വിടണോ..അമ്മയുടെ മോൾക്ക് ഇനിയും ഇത് പോലൊരാവസ്ഥ വരില്ല.. അത് ഞാനുറപ്പു തരാം ”
സുജയെ തലോടി ആശ്വാസിപ്പിക്കുമ്പോഴും അവന്റെ കണ്ണുകൾ നോവോടെ പ്രിയക്ക് നേരെയും നീണ്ടു.
“സത്യത്തിൽ അവിടെന്താ സംഭവിച്ചത്.. മാളവികയെവിടെ..?”ആദിയുടെ കടുപ്പത്തിലുള്ള ചോദ്യം കേട്ടതും സുജ മുഖമുയർത്തി.
തോളിൽ കിടന്ന തോർത്തിൽ മുഖം തുടച്ചു കൊണ്ടവർ അവനെ നോക്കി.അപ്പോഴാ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടെന്ന് തോന്നി ആദിക്ക്.
പ്രിയയും മുഖം തുടച്ചിട്ട് സുജയുടെ വാക്കുകൾക്കായി കാതോർത്തു..
വന്നത് മുതൽ മനസ്സിൽ നുരയുന്ന നിരവധി ചോദ്യങ്ങളുണ്ടായിരുന്നു അവൾക്കും.പക്ഷേ കരഞ്ഞു തളർന്ന സുജയോട് അതൊന്നും ചോദിക്കാൻ തോന്നാതെ അവളതെല്ലാം ഉള്ളിലൊതുക്കി പിടിച്ചിരുന്നു.”ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കണമെങ്കിൽ ഇത് വരെയും എന്ത് നടന്നെന്ന് എനിക്കറിയണമമ്മേ.. അതാണ് ഈ അവസ്ഥയിലും ഞാൻ അമ്മയോടിത് ചോദിക്കുന്നത് “ആദിക്കവരുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നുണ്ടായിരുന്നു.മക്കൾക്കായി നീറി നീറി തീരുന്ന ആ ജന്മത്തിന്റെ അവസ്ഥയിൽ…
കല്ലിച്ച മുഖത്തോടെ… മാളവിക ജോലി അനേഷിച്ചു പോയതും അന്നതിന് അനൂപ് പ്രശ്നമുണ്ടാക്കിയതും അവളെ പിടിച്ചടിച്ചതും പിറ്റേന്ന് അവളെ ചോദിച്ചു കൊണ്ട് ഷമീറും അവന്റെ മകളും വന്നതും ജോലിയുടെ കാര്യത്തിനാണെന്ന് പറഞ്ഞിട്ടും അനൂപ് ഷമീറിനെ തല്ലിയതും അവന്റെ മകൾ താഴെ വീണു നെറ്റി പൊട്ടി ചോരയൊഴുകിയതും… അനൂപിനെ തള്ളി മാറ്റി കുഞ്ഞിനേയും വാരിയെടുത്തു ഓടിയിറങ്ങി പോയവനൊപ്പം മാളവിക കൂടിയിറങ്ങി പോയതും അതിന്റെ ദേഷ്യം തീർക്കാൻ തലേന്ന് മുതൽ വയ്യാതെ കിടപ്പിലായിരുന്നു പത്മയെ അനൂപ് വലിച്ചിട്ട് കൊണ്ട് തല്ലിയതും.
സുജയെ തള്ളി മാറ്റി മുറിയുടെ വാതിൽ അടച്ചു കൊണ്ടുള്ള അവന്റെ ക്രൂരതകൾ..വാതിലിൽ തുടരെ തട്ടി വിളിച്ചിട്ടും ഒടുവിൽഅവന്റെ ദേഷ്യം തീരുവോളം ബോധം പോകും വരെയും അവളെ ഉപദ്രവിച്ച ശേഷം അനൂപിറങ്ങി പോയതും…അവളെ ഹോസ്പിറ്റലിൽ എത്തിക്കാൻ സുജ കെഞ്ചി പറഞ്ഞിട്ടും അത് കേൾക്കാതെ കാഴ്ചക്കാരായി മാത്രം നിന്ന നാട്ടുകാരും… വേറൊരു മാർഗവുമില്ലാതെ റോഡിലേക്ക് പാഞ്ഞിറങ്ങി വരുന്ന വണ്ടികൾക്കെല്ലാം കൈ കാണിച്ചു കൊണ്ട് കരഞ്ഞു വിളിച്ചതും.. ഒടുവിൽ അലിവ് തോന്നി ഒരു ഓട്ടോകാരൻ കൂടെ വന്നതും ഹോസ്പിറ്റലിൽ എത്തിയതുമെല്ലാം സുജ പറയുമ്പോൾ ആദിയുടെ ഹൃദയം വല്ലാതെ കടയുന്നുണ്ടായിരുന്നു.
പ്രിയ ഷാൾ കൊണ്ട് വാ പൊതിഞ്ഞു പിടിച്ചിരിപ്പുണ്ട്.
ഇനിയും വേദനിക്കാതെ എന്റെ… എന്റെ മോളെങ് മരിച്ചു പോയ മതിയായിരുന്നു.”വീണ്ടും ആദിയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് സുജ പറയുമ്പോൾ ആ അമ്മ മനസ്സിന്റെ ഗതികേടോർത്തു കൊണ്ട് അവനും വല്ലാതെ നോവുന്നുണ്ടായിരുന്നു.”ഇനി.. ഇനി ഒന്നുമുണ്ടാവില്ല.. ഞാൻ.. ഞാനുണ്ടാകും.. ഞാൻ നോക്കി കൊള്ളാം “ആദി അവരെ ആശ്വാസിപ്പിച്ചു.
“അവരോട് കെഞ്ചിയ നേരം അമ്മയെന്നെ വിളിക്കാഞ്ഞതെന്തേ..?”
ആദി അവരെ അടക്കി പിടിച്ചു കൊണ്ട് തന്നെ ചോദിച്ചു.”ഇനിയും..ഇനിയുംമോനെ..ബുദ്ധിമുട്ടിക്കാൻ വയ്യെന്ന് തോന്നിയിട്ടാകുഞ്ഞേ..അല്ലെങ്കിൽ തന്നെ ഞാനും എന്റെ മക്കളും കാരണം..”ദയനീയമായി പറയുന്നവരോട് പിന്നെയൊന്നും പറയാതെ ചേർത്ത് പിടിച്ചിരുന്നു.നേരം കുറശ്ശെ വെളിച്ചം വെച്ച് വരുന്നുണ്ടായിരുന്നു.ഡോക്ടറെ ഒന്ന് കൂടി കാണണം. ഇനിയും ഇതേ അവസ്ഥയിൽ തന്നെയാണെങ്കിൽ ഇതിനേക്കാൾ നല്ലൊരു ഹോസ്പിറ്റലിലേക്ക് പത്മയെ മാറ്റേണ്ടി വരും..വേദനിക്കാൻ മാത്രമുള്ളൊരു ജന്മമായി അതിനെ ഇനിയും വിട്ട് കളയാൻ വയ്യെന്ന് തോന്നി ആദിക്ക്.
പ്രിയയുടെ കൂടെ അവളുടെ വീട്ടിലേക്ക് ചെന്ന ദിവസം.. വീൽചെയറിൽ സ്വയമൊതുങ്ങിയിരിക്കുന്ന അവളെകണ്ടതോർത്തുആദി.തീരുമാനമെടുക്കേണ്ടതും അത് നടപ്പാക്കേണ്ടതും ഇനി താൻ തന്നെ ഒറ്റക്ക് ചെയ്യെണ്ടി വരുമെന്ന് ആദിക്ക് തോന്നി.അവന്റെ കണ്ണുകൾ വീണ്ടും ചുവരിൽ ചാരി തളർന്നു തൂങ്ങിയിരിക്കുന്ന പ്രിയയുടെ നേരെ നീണ്ടു.
“അമ്മയിവിടെ കിടന്നൊന്ന് വിശ്രമിക്ക്. ഒന്നും ഓർത്തു ഭയപ്പെടേണ്ട.. ഇനി എന്ത് വേണമെന്ന് എനിക്കറിയാം..ഞാൻ നോക്കികൊള്ളാം.ഇവിടെ വന്നിട്ടാരും പത്മയെ വേദനിപ്പിക്കില്ല..അമ്മയെയും ”
സുജയെ കിടക്കയിലേക്ക് പിടിച്ചു കിടത്തുമ്പോൾ അപ്പോഴും തോരാത്ത അവരുടെ കണ്ണിലേക്കു നോക്കി ആദി പറഞ്ഞു.
ഒന്ന് തലയാട്ടി കൊണ്ട് അവർ കിടക്കയിലേക്ക് ചാഞ്ഞു.ഒന്ന് ശ്വാസമെടുത്തു കൊണ്ട് ആദി പ്രിയയുടെ അരികിലേക്ക് ചെന്നു.കൃഷ്ണ…”
അവൻ വിളിക്കുമ്പോൾ അവൾ ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.വന്നേ..”അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
“എങ്ങോട്ടാ…?”അടഞ്ഞു പോയ ശബ്ദത്തിൽ പ്രിയ ചോദിച്ചു.ഡോക്ടറെ കാണാനാണോ?”അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും പ്രിയ വീണ്ടും ചോദിച്ചു.അപ്പോഴും ഉത്തരം പറയാതെ അവനാ കൈകൾ പിടിച്ചു കൊണ്ട് വരാന്തയിലേക്കിറങ്ങി.എല്ലാവരും സുഖകമായ ഉറക്കത്തിന്റെ ആലസ്യത്തിലായത് കൊണ്ടാവും ഒരൊറ്റയാളുമില്ലാത്ത ആ വരാന്തയിലൂടെ അവളെ പിടിച്ചു കൊണ്ട് ആദി നടന്നു.
ഒടുവിൽ പെട്ടന്നാരും ശ്രദ്ധിക്കാത്ത സ്റ്റെയറിന്റെ കീഴിലേക്ക് അവളെ വലിച്ചു നീക്കി നിർത്തിയിട്ടു അവനവളെ സൂക്ഷിച്ചു നോക്കി.പ്രിയ അവനെ പകച്ചു നോക്കി നിന്നു.അലിവോടെയുള്ളൊരു ചിരിയോടെ ആദി അവളെ പതിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..കാതോർത്തു നോക്കിയാൽ നിനക്ക് കേൾക്കാം കൃഷ്ണ.. നിന്റെ കണ്ണുനീർ കണ്ടിട്ട് താളം തെറ്റിയ എന്റെ ഹൃദയമിടിപ്പിനെ..”രണ്ടു കൈകൾ കൊണ്ടും അവളെ ചുറ്റി പിടിച്ചു കൊണ്ടാ കാതിൽ പതിയെ പറയുമ്പോൾ പ്രിയ വിറച്ചു പോയത് അവൻ അവളോടൊട്ടി നിൽക്കുന്ന ദേഹം കൊണ്ടറിഞ്ഞിരുന്നു..
“കരയ്.. നിന്റെ മനസ്സിലെ സങ്കടങ്ങളൊക്കെയും തീർത്തിട്ട് പോയ മതി.. ഈ കരയുന്ന മുഖം എന്നെ വല്ലാതെ.. വല്ലാതെ നോവിക്കുന്നു കൃഷ്ണ..”
കിതപ്പോടെ വല്ലാതെ പതിഞ്ഞു പോയ അവന്റെ വാക്കുകൾ… സ്നേഹം നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ ആ അരണ്ട വെളിച്ചതിലും തിളങ്ങുന്നുണ്ട് എന്ന് തോന്നി പ്രിയക്ക്..അവളുടെയും ശ്വാസം നിലച്ചത് പോലായിരുന്നു..അതെന്താണെന്നറിയോ നിനക്ക്..?”തന്നെ മുഖമുയർത്തി നോക്കുന്നവളുടെ രണ്ടു കവിളിലും അവന്റെ ഇളം ചൂടുള്ള വിറക്കുന്ന കൈകൾ അത്രമേൽ മൃദുവായ് അമർത്തി കൊണ്ട് ആദി പ്രിയയെ നോക്കി..
“എനിക്ക്…. എനിക്കത്രേം ഇഷ്ടമാണ് കൃഷ്ണ നിന്നെ.. ഇങ്ങനെ… ഇങ്ങനെ ചങ്ക് തകർന്ന് നിൽക്കുന്നത് കാണുമ്പോൾ.. എനിക്കും.. എനിക്കും വല്ലാതെ നോവുന്നെടി..ചായനൊരു തോളില്ലെന്ന കാരണത്താൽ നീ നിന്റെ സങ്കടങ്ങളെ തടവിലിട്ടത് കാണുമ്പോൾ.. എനിക്ക്… എനിക്ക് വയ്യ കൃഷ്ണ… ഇനിയും എന്റെയുള്ളിൽ തിളച്ചു മറിയുന്ന ഇഷ്ടം… അത് അടക്കി പിടിക്കാൻ എനിക്ക് വയ്യ കൃഷ്ണ..”ഹൃദയം നിലച്ചത് പോലൊന്നു പിടഞ്ഞു പോയവൾ..കേട്ടത് വിശ്വാസമാവാത്തത് പോലെ ആ കണ്ണുകൾ മിഴിഞ്ഞു..പക്ഷേ തൊട്ടടുത്ത നിമിഷം ആ കണ്ണുകൾ നിറഞ്ഞൊലിച്ചു..ഉള്ളിലുള്ള പ്രണയത്തിന്റെ കനം അവളെയും കൂടുതൽ തളർത്തി..അവന്റെ കഴുത്തിൽ കയ്യിട്ടു കൊണ്ടവൾ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെക്കുമ്പോൾ… ആദിയും അവളെ ഇറുകെ പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തു…
“കടലോളമാഴത്തിൽ നിന്നോടുള്ള ഇഷ്ടം ഉള്ളിലുണ്ടായിരുന്നു. എന്നിട്ടും.. എന്നിട്ടും ഞാൻ പറയാഞ്ഞത് അത് നീ പറയാതെ അറിയട്ടെ ന്ന് കരുതിയിട്ടായിരുന്നു.. എന്റെ.. എന്റെയൊരു കുഞ്ഞു വാശിയായിരുന്നു. പക്ഷേ വയ്യ കൃഷ്ണ.. നീയിങ്ങനെ പിടയുന്നത് നോക്കി നിൽക്കുമ്പോൾ… എനിക്കറിയില്ല . എങ്ങനാ ഞാനെന്റെ ഇഷ്ടം നിന്നോട് പറയേണ്ടതെന്ന്.. എങ്ങനെ പറഞ്ഞാലാണ് നീയത് അതേ ആഴത്തിൽ അറിയുന്നതെന്ന്.. ഒന്നുറപ്പാണ് കൃഷ്ണ.. ഈ ലോകത്തിലെ മറ്റെന്തിനേക്കാളും ആദിത് മഹാ ദേവ് നിന്നെ പ്രണയിക്കുന്നു…”വിറക്കുന്ന അവളുടെ ദേഹം അവൻ പൊതിഞ്ഞു പിടിച്ചു.. ഉള്ളിലെ വികാരതള്ളിച്ചയിൽ അവനും വല്ലാതെ കിതക്കുന്നുണ്ട്..
“എനിക്കറിയാം കൃഷ്ണ… ഇത് പോലൊരിഷ്ടം നീയും എന്നോട് നിന്റെ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടന്ന്. അതറിയാൻ നീ പറയണമെന്നില്ല.. നിന്റെ രണ്ടു കണ്ണിലും ഈ ഞാൻ മാത്രം ജ്വലിക്കുന്നതെത്ര തവണ ഞാൻ കണ്ടിട്ടുണ്ടന്നോ.. അപ്പോഴെല്ലാം ഞാ..ഞാനെത്ര സന്തോഷിച്ചിട്ടുണ്ടന്നോ?”കരയാൻ കൂടി മറന്നെന്നത് പോലെ പ്രിയയവന്റെ ഹൃദയചൂടിൽ ചേർന്നു നിന്നു.”പഠിക്കാൻ പോണം.. നേടിയെടുക്കാൻ നിരവധി സ്വപ്നങ്ങൾ ഇനിയും എനിക്ക് മുന്നിലിപ്പോഴും ബാക്കിയാണ്. പക്ഷേ അതൊന്നിനും വേണ്ടി ഇനിയെനിക്ക് നിന്നെ ഉപേക്ഷിച്ചു കളയാൻ കഴിയില്ല കൃഷ്ണ.. അത്രമാത്രം നിന്നെ ഞാൻ സ്നേഹിക്കുന്നു..മോഹിക്കുന്നു..”വാക്കുകൾക്കൊപ്പം അവന്റെ കൈകൾ കൂടി പ്രിയക്കു മേൽ മുറുകുന്നുണ്ട്.. വല്ലാതെ…. വല്ലാതെ…
💞💞
വിരുന്നൊന്നും ഇനി വലുതായി വേണ്ടാന്നുള്ളത് എല്ലാവരും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു..
അത് കൊണ്ട് തന്നെ… ഇന്ദുവും വൈഷ്ണവും അവന്റെ അച്ഛനും അമ്മയും ഏട്ടനും ഏട്ടന്റെ ഭാര്യയും മക്കളും..പിന്നെ നീതുവിന്റെ വീട്ടുകാരും.അത്രയും ആളുകളാണ്.ഭക്ഷണമെല്ലാം രാജീവ് പുറത്ത് നിന്നും വാങ്ങിക്കാമെന്ന് പറഞ്ഞു.പക്ഷേ പപ്പാ ഹോട്ടൽ ഭക്ഷണം കഴിക്കില്ല.. നമ്മുക്കാരെയെങ്കിലും വിളിച്ചിട്ട് വീട്ടിൽ തന്നെ അറേൻജ് ചെയ്യാമെന്ന് നീതുവിന്റെ അഭിപ്രായം ജയശ്രീക്കത്ര പിടിച്ചിട്ടില്ല.
രാജീവത് സന്തോഷത്തോടെ തന്നെ അംഗീകരിച്ചു എന്നുള്ളത് ഒട്ടും പിടിച്ചില്ല.പക്ഷേ മുഖം വീർപ്പിച്ചു പിടിച്ചു എന്നതിനപ്പുറം ആ ഇഷ്ടക്കേട് പുറത്തേക്ക് കാണിച്ചതുമില്ല.ആ മാറ്റം നീതുവിന് മനസിലായിട്ടും അവളത് അൽപ്പം പോലും ഗൗനിക്കാതെ നടന്നതും ജയശ്രീക്കൊരു അപമാനമായൊട്ടാണ് തോന്നിയത്.
അത് കൊണ്ട് തന്നെ ഭക്ഷണം നന്നായെന്ന് വന്നവർ ഒന്നടങ്കം പറഞ്ഞിട്ടും ജയശ്രീക്കു മാത്രം അതിനില്ലാത്ത കുറ്റമില്ലായിരുന്നു.അടുത്ത തവണ വരുമ്പോൾ അമ്മ വെച്ചുണ്ടാക്കി തരും ഡാഡി.. അമ്മയ്ക്ക് നല്ല കൈപ്പുണ്യമാണെന്ന് അവിടെ വെച്ച് നീതു പറഞ്ഞതോടെ തത്കാലം ജയശ്രീ അടങ്ങി..
“വൈകുന്നേരം പോയ പോരെ മോനെ…?കഴിച്ച് കഴിഞ്ഞു യാത്ര പറയാൻ നിൽക്കുന്ന വൈഷ്ണവിനോട് രാധാകൃഷ്ണൻ സ്നേഹത്തോടെ ചോദിച്ചു.”ഇല്ലച്ഛ.. ഞങ്ങൾക്ക് പ്രിയേടെ വീട്ടിലൊന്നു പോണം.. കല്യാണത്തിന് വന്നിട്ട് തന്നെ അവളെ ശെരിക്കും കാണാൻ പറ്റിയില്ല..”ഇന്ദുവാണ് ഉത്തരം പറഞ്ഞത്.”ഓ.. നമ്മുടെ പാട്ടുകാരി ല്ലേ.. അവൾ ഇന്ദുവിന്റെ കൂട്ടുകാരി ആണോ..?”നീതുവിന്റെ ചോദ്യം കേട്ടതും രാജീവ് വിളറി കൊണ്ട് അവളെ നോക്കി.”ആഹ് നീതു.. രാജീവേട്ടൻ ജോലി ചെയ്യുന്നു സ്കൂളിൽ മ്യൂസിക് ടീച്ചറാണ് പ്രിയ.എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ”
രാജീവിനെ ഒന്ന് ഒളികണ്ണിട്ട് നോക്കി ഇന്ദു അഭിമാനത്തോടെയാണ് അത് പറഞ്ഞത്.ജയശ്രീയും രാജീവും ഒരക്ഷരം മിണ്ടാതെ.. വളരെ അസ്വസ്ഥതയോടെയാണ്അവിടെനിൽക്കുന്നതെന്നറിഞ്ഞതും ഇന്ദു ആവേശത്തിലാണ്.എത്ര നന്നായിട്ടാ ആ കുട്ടിയന്ന് പാടിയത്. നല്ല കഴിവുള്ള ആളാണ്.. എന്നാൽ അതിന്റെ അഹങ്കാരമൊട്ടുമില്ല..”
നീതുവിന്റെ അമ്മ കൂടി ആ സംസാരത്തിലേക്ക് പങ്ക് ചേർന്നു.അവരെത്രയും വേഗത്തിലൊന്ന് മടങ്ങി പോകണേ എന്ന പ്രാർത്ഥനയോടെയാണ് രാജീവും ജയശ്രീയും നിന്നിരുന്നതെങ്കിൽ.. ഇന്ദു പരമാവധി ആ സംസാരം നീട്ടി കൊണ്ട് പോകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു..
💞💞
കുളിച്ചു കഴിഞ്ഞു വന്ന സഞ്ജുവിന് നളിനി ഭക്ഷണമെടുത്ത് കൊടുത്തു..”രണ്ടൂസം ലീവെടുത്തൂടെ മോനെ..?”അവനരികിലേക്കിരുന്നു കൊണ്ട് നളിനി വാത്സല്യത്തോടെ ചോദിച്ചു.
“കിട്ടൂലമ്മാ.. ജോയിൻ ചെയ്തിട്ട് ഒരു മാസം പോലും ആയിട്ടില്ലല്ലോ..”നേർത്തൊരു ചിരിയോടെ ദോശ പാത്രം കയ്യിലെടുത്തു കൊണ്ട് അതിലേക്ക് കറിയും ഒഴിച്ചിട്ടു നന്ദു കിടക്കുന്ന മുറിയിലേക്ക് നടന്നു കൊണ്ട് സഞ്ജു പറഞ്ഞു.
അപ്പോഴേക്കും അവളുടെ കുളിയൊക്കെ കഴിഞ്ഞിട്ട് കിടക്കയിൽ ഇരിപ്പുണ്ട്.സഞ്ജു ചിരിയോടെ അവൽക്കരികിലേക്കിരുന്നു.ഓഫീസിൽ പോവാതെ വയ്യ.. ലീവ് കിട്ടാൻ ഒരു മാസമെങ്കിലും കഴിയണം..”ദോശ കഷ്ണം മുറിച് കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി സ്നേഹത്തോടെ പറയുന്നവനെ നന്ദു നോക്കിയിരുന്നു.കഴിക്ക് നന്ദു…വാ തുറക്ക്.. നല്ല കുട്ടിയല്ലേ..”അവൾ വാ തുറക്കാതിരിക്കുന്നത് കണ്ടിട്ട് അതേ ചിരിയോടെ അവൻ വീണ്ടും പറഞ്ഞു.നന്ദു പക്ഷേ അവനെ നോക്കാതെ മുഖം തിരിച്ചു.
അപ്പോഴും അവന്റെ ചിരി മാഞ്ഞില്ല.
കഴിക്കുന്നതിനിടെ തന്നെ അവൻ ഓഫീസിലെ കാര്യങ്ങളെല്ലാം അവളോട് പറയുന്നുണ്ട്.
ചെറിയൊരു മൂളൽ പോലുമില്ലാതെ.. അവനെ നോക്കാതെയിരിക്കന്നവളോട് അവനപ്പോഴും പരിഭവമൊന്നും തോന്നിയില്ല.അവൾക്കടുത്തിരുന്നു കൊണ്ട് തന്നെ അവനത് മുഴുവനും കഴിച്ചു..
പാത്രം തിരികെ വെച്ച് കൈ കഴുകി തുടച്ചു കൊണ്ടവൻ വീണ്ടും അവൾക്കരികിലേക്ക് തന്നെ ചെന്നു.”പോട്ടെ ട്ടോ… പരമാവധി വേഗത്തിൽ വരാം..”ആ മുഖം പിടിച്ചുയർത്തി നെറ്റിയിൽ മൃദുവായി ഉമ്മ വെച്ച് കൊണ്ടാണ് അവൻ യാത്ര പറഞ്ഞിറങ്ങിയത്…
…..തുടരും..
ഇഷ്ടം പറയുമ്പോൾ… അത് നമ്മൾ ഏറ്റവും മോശമായി പോയൊരു അവസ്ഥയിലാണെങ്കിൽ.. മരണം വരെയും ആ സ്വാന്തനം നമ്മൾ മറക്കില്ല..
അതങ്ങനെ ഹൃദയത്തെ പൊള്ളിച്ചും തണുപ്പിച്ചും കൂടെ തന്നെ കാണും guys❣️❣️റിവ്യൂ ഇട്ടിട്ട്പോണെ
സ്നേഹത്തോടെ jiff❣️

by