The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
ഒരക്ഷരം മിണ്ടാതെ വെട്ടിതിരിഞ്ഞു പോയവളെയും..താഴെ വീണു കിടക്കുന്നവനെയും നോക്കി ആദിയൊരു നിമിഷം നിന്ന് പോയി.
സഞ്ജു വീണിടത്തു നിന്നും വെളിവില്ലാതെ ഉരുണ്ട് പിരണ്ടെഴുന്നേൽക്കുന്നുന്നുണ്ട്.
പക്ഷേ അപ്പോഴും അവന്റെ കവിളിൽ കൈകളുണ്ട്.
അതിനർത്ഥം പെങ്ങള് കൊടുത്ത സമ്മാനം എന്തെന്നറിയില്ലെങ്കിലും അതിന്റെ ഫീൽ അവന് നന്നായ് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ്.ആദിക്കവന്റെ നിൽപ്പ് കണ്ടിട്ട് ആ അവസ്ഥയിലും ചിരി വരുന്നുണ്ട്.
പക്ഷേ ചിരിച്ചു നിന്നത് കൊണ്ടായില്ലല്ലോ!
മുത്തച്ഛൻ തിരികെ വരുന്നതിനു മുന്നേ ഈ സാധനത്തിനെ വാഷ് ചെയ്തെടുത്തു കൊണ്ടകത്തു പോണം.ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാവും.മാധവൻ മാഷിന് എത്ര സ്നേഹമുണ്ട് സഞ്ജുവിനോടെങ്കിൽ പോലും ഇത് പോലൊരാവസ്‌ഥയിൽ ആ മുന്നിൽ പെട്ടു പോയാൽ പിന്നെ തീർന്നു.അറഞ്ചം പുറഞം എടുത്തിട്ടടിക്കുന്നതിനു പുറമെ ബാലൻ മാഷിന് കൂടി വിളിച്ചു പറഞ്ഞു ഇൻഫെർമേഷൻ കൊടുക്കാനും മടിക്കില്ല.മദ്യപാനം അത്രമേൽ വെറുക്കുന്ന മാഷിൽ നിന്നും ഈ കാര്യത്തിൽ യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആദിക്കുറപ്പുണ്ടായിരുന്നു.
“ശവം… ഇവനിത് വല്ലതും അറിയണോ.. നിൽക്കുന്നത് കണ്ടാൽ എന്തൊരു നിഷ്കു.
ചവിട്ടിയെടുത്ത് വെളിയിൽ കളയാനെനിക്ക് അറിയാഞ്ഞിട്ടല്ല.. പിന്നേ ഇത് പോലൊരാവസ്ഥയിൽ ഞാനകപ്പെട്ടാലും എന്നെ താങ്ങാൻ നീയൊന്നൊറ്റ തെണ്ടിയെ ഉണ്ടാകൂ എന്നെനിക്കറിയാവുന്നത് കൊണ്ടാണെടാ… തെണ്ടി.. നിന്നെ ഞാനിങ്ങോട്ട് വലിച്ചു കൊണ്ട് വന്നത്. കേട്ടോ “വല്ല വിധേനയും ഉമ്മറത്തെ തിണ്ണയിലെക്കിരിക്കാൻ പാട്പ്പെടുന്ന സഞ്ജുവിനെ നോക്കി ആദി പറഞ്ഞു.പക്ഷേ അവൻ പറയുന്നതൊന്നും ആള് ശ്രദ്ധിക്കുന്നില്ല.
“നല്ലോണം വലിച്ചു കയറ്റിയെന്ന് തോന്നുന്നു..ആട്ടം കണ്ടിട്ട്. വായിട്ടലക്കാനുള്ള കപ്പാസിറ്റി പോരെടാ മോനെ ഇതിനൊന്നും..അവനവനെ കൊണ്ടാവുന്ന പണിക്ക് നിന്നാ പോരെ.”വേച്ചു കൊണ്ട് വീഴാൻ തുടങ്ങിയവനെആദിതാങ്ങിപിടിച്ചു.”മിണ്ടാതെയിങ്ങോട്ട് വാടാ…അവന്റെയൊരുപ്രസംഗം..”അവ്യക്തമായെന്തോ പറയാൻ ശ്രമിക്കുന്ന സഞ്ജുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആദി അകത്തേക്ക് കയറി.
അവനിലേക്ക് ഭാരം മുഴുവനുമർപ്പിച്ചു ഒതുങ്ങി കൂടിയ സഞ്ജുവിനെയും താങ്ങി അകത്തേക്കെത്തുമ്പോൾ ആദി കിതച്ചു പോയിരുന്നു.ഉമ്മറത്തെ വാതിൽ കാൽ കൊണ്ട് ചവിട്ടിയടച്ച ശേഷം ആദി ഒരു നിമിഷം ശ്വാസമെടുത്തു.
“പെങ്ങള് പിശാചിനെ ഇനി ഈ വഴിക്ക് കാണില്ലെന്ന് തോന്നുന്നു. നിനക്കിപ്പോ സന്തോഷമായല്ലോ..ല്ലേ?”
തന്നെ മുഖമുയർത്തി നോക്കുന്ന സഞ്ജുവിനെ നോക്കി ആദി പല്ല് കടിച്ചു.അവനെ നോക്കി വെളുക്കെ ചിരിച്ച സഞ്ജുവിന്റെ മുഖം കണ്ടതും ആദിക്ക് പിന്നൊന്നും പറയാൻ തോന്നിയില്ല.
വാ… നമ്മുക്ക് മുന്നിൽ അധികനേരമില്ലടാ.. ആരേലും വരുന്നതിന് മുന്നേ നിന്നെ ഡീസന്റ് ആക്കിയില്ലെങ്കിൽ ചീത്ത പേര് എനിക്ക് കൂടിയാണ്..”ആദി വീണ്ടും സഞ്ജുവിനെ താങ്ങി പിടിച്ചു..തലേന്ന് അവനായി പ്രിയ ഒരുക്കിയ മുറിയിലേക്കാണ് ആദിയവനെ കൊണ്ട് പോയത്.
മുറിയിലേക്കെത്തിയതും കിടക്കയിലേക്ക് വീഴാൻ വെപ്രാളം കാണിച്ചവനെ ആദി മുറുകെ പിടിച്ചു.
“അയ്യോ.. കിടക്കാനായില്ലേടാ മക്കളെ.. കുളു കുളു കുളിക്കണ്ടേ”ആദി സഞ്ജുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്നത് പോലെചോദിച്ചു.എനി..ക്കുറ..ക്കം വ..രുന്നു “സഞ്ജുവിന്റെ മുറിഞ്ഞു പോകുന്ന വാക്കുകൾ.അയ്യോടാ.. പാവം “ആദിയവനെ നോക്കി പല്ല് കടിച്ചു.നടക്കെടാ കുളിമുറിയിലേക്ക്… അവന്റെയൊരു ഒടുക്കത്തെ ഉറക്കം.. നിന്നെ ഞാനിന്നൊന്ന് ഉറക്കുന്നുണ്ട്..”ആദി വീണ്ടും സഞ്ജുവിനെ പിടിച്ചു വലിച്ചു.ബാത്റൂമിലെ ചുവരിലേക്ക് അവനെ ചാരി നിർത്തുമ്പോൾ ആദി കിതച്ചു പോയിരുന്നു.നടുവിന് കൈ കുത്തി ഒരു നിമിഷം നിന്നിട്ട് അവൻ കിതപ്പൊതുക്കി..
ഇട്ടിരുന്ന പാന്റ് കുറച്ചു മടക്കി ആദി നിവർന്നതും സഞ്ജു വലിയ ശബ്ദത്തോടെ ഛർദിച്ചതും ഒരുമിച്ചാണ്.ആദിയൊരു നെടുവീർപ്പോടെ അവനെ നോക്കി.”സാരമില്ലടാ… ഇപ്പൊ ശെരിയാവും.”
അവശതയോടെ ചുവരിൽ ചാരിയവന്റെ കവിളിൽ തട്ടി ആദി അലിവോടെ പറഞ്ഞു.ഇത്ര മാത്രം ദയനീയമായോരവസ്ഥയിലേക്കവൻ എത്തിയിരിക്കണമെങ്കിൽ ആ മനസ്സെത്ര പൊള്ളി പിടയുന്നുണ്ടാവുമെന്ന് ആദിക്ക് മനസ്സിലായി.
അത് വരെയും സഞ്ജുവിനോട് തോന്നിയ ചെറിയ നീരസം പോലും ആ നിമിഷം ആദിയിൽ നിന്നുമകന്ന് പോയിരുന്നു.ഷർട്ടിന്റെ കൈ ഒന്നൂടെ വലിച്ചു കയറ്റി കൊണ്ടവൻ… സഞ്ജു ഛർദിച്ചത് മുഴുവൻ വെള്ളമടിച്ചു കഴുകി..
ശേഷം ചുവരിൽ ചാരി നിൽക്കുന്ന സഞ്ജുവിനെ പിടിച്ചു വലിച്ചു ഷവറിന്റെ കീഴേക്ക് നിർത്തി അത് തുറന്നു വിട്ടു.സഞ്ജുവൊന്ന് വെട്ടി വിറച്ചു കൊണ്ട് തലകുടഞ്ഞു.അവനിൽ നിന്നും കുറച്ചു മാറി നിന്നിട്ട് ആദി അവനെ തന്നെ സൂക്ഷിച്ച് നോക്കി.ഏകദേശം പത്തു മിനിറ്റോളം അവനെ അങ്ങനെ നിർത്തിയതിനു ശേഷം ആദി ഷവർ ഓഫ് ചെയ്തു.ടവ്വൽ വലിച്ചെടുത്തു കൊണ്ട് ആദി തന്നെയാണ് സഞ്ജുവിന്റെ തല തുടച്ചത്.ടവ്വൽ മാറ്റുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതും ആദിക്ക് വീണ്ടും വേദനിച്ചു..
വെളുത്ത കവിളിലപ്പോഴും പ്രിയയുടെ കയ്യിന്റെ പാട് തിനർത്തു് കിടപ്പുണ്ട്.”ഒന്നുല്ലെടാ.. കരയല്ലേ.. ശെരിയാവും.. കരയല്ലേ “അലിവോടെ.. അവന്റെ നനഞ്ഞ മുഖം തന്റെ ചുമലിൽ ചേർത്ത് വെച്ച് കൊണ്ട് ആദിയവന്റെ പുറത്ത് തട്ടി..പക്ഷേ തൊട്ടടുത്ത നിമിഷം അവനെ ഇറുകെ പുണർന്നു കൊണ്ട് സഞ്ജു പൊട്ടി കരഞ്ഞിരുന്നു.
ഹൃദയം നിലച്ചത് പോലെ ആദിയൊരു നിമിഷം വെട്ടിവിറച്ചു.”സാരമില്ലഡാ.. പോട്ടെ.. കരയണ്ട.. ഞാനില്ലേ നിന്റെ കൂടെ.. നീ ടെൻഷനവല്ലേ. നമ്മൾ റെഡിയാക്കി എടുക്കുമല്ലോ.. പിന്നെന്താ.. പോട്ടെ.. പോ.. ട്ടേ.. വിട്ടേക്ക്.. കം ഓൺ സഞ്ജു…”
ആദി അവനെ തിരികെ പുണർന്നു കൊണ്ടാ പുറത്ത് തടവി.സഞ്ജുവിന്റെ ദേഹത്തുള്ള നനവ് ആദിയിലേക്കും പടർന്നിരുന്നു.നിമിഷങ്ങളോളം അതേ നൽപ്പ് തുടർന്നിട്ട് ആദി സഞ്ജുവിനെ അടർത്തി മാറ്റി.
അപ്പോഴും അവൻ മുഖം കുനിച്ചു നിൽപ്പാണ്.
“നനഞ്ഞ ഡ്രസ്സ് മാറ് സഞ്ജു…. ഇനി പനി പിടിപ്പിക്കണ്ട.. ഞാൻ പോയിട്ടന്റെയൊരു ഡ്രസ്സ് എടുത്തോണ്ട് വരാം..”ടവ്വൽ അവനെയെൽപ്പിച്ചു കൊണ്ട് ആദി പുറത്തേക്കിറങ്ങി.പാന്റ് നേരെയാക്കി അവൻ മുറിയിലേക്ക് നടക്കുമ്പോഴും കണ്ണുകൾ പ്രിയയെ തിരയുന്നുണ്ടായിരുന്നു.
അവന്റെ മുറിയിലെ ഷെൽഫിൽ നിന്നും ആദി അവന്റെയൊരു ബെർമൂഢയും ടീ ഷർട്ടുമായി ചെല്ലുമ്പോൾ ടവ്വൽ എടുത്ത് കൊണ്ട് സഞ്ജു പുറത്തേക്കിറങ്ങി നിന്നിരുന്നു.ആദി കയ്യിലുള്ള ഡ്രസ്സ് അവന് നേരെ നീട്ടി.ആദിയെ മുഖമുയർത്തി നോക്കാതെ തന്നെ സഞ്ജുവത് കൈ നീട്ടി വാങ്ങി…
ആദിയും അവനോടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ബാത്റൂമിൽ കയറി അവന്റെ നനഞ്ഞ വസ്ത്രങ്ങൾ പിഴിഞ്ഞെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.അടുക്കളയിലെ ബാസ്ക്കറ്റിൽ അത് കൊണ്ടിട്ട് തിരികെ വരുമ്പോഴും അവന്റെ കണ്ണുകൾ പ്രിയയെ തിരിഞ്ഞു.
പകൽ അവൾ ഉപയോഗിക്കാറുള്ള മുറിയുടെ വാതിൽ ചാരിയിട്ടത് കാണെ ആദിയങ്ങോട്ട് ചെന്നു.
അവിടുണ്ട്..മങ്ങിയ വെളിച്ചമുള്ളു.പക്ഷേ പുറം തിരിഞ്ഞു കിടക്കുന്നത് അവളാണെന്നറിഞ്ഞതും അവൻ ആശ്വാസത്തോടെ തിരിഞ്ഞു നടന്നു.തിരികെ സഞ്ജുവിന്റെ അരികിലെത്തിയപ്പോഴേക്കും അവൻ ഡ്രസ്സ് മാറി കിടക്കയിലേക്ക് കമിഴ്ന്നു കിടപ്പുണ്ട്.
വല്ലതും കഴിച്ചിട്ട് കിടക്കാടാ.. വാ “ആദി സഞ്ജുവിന്റെ ചുമലിൽ തട്ടി വിളിച്ചു.”എനിക്ക്… എനിക്ക് വേണ്ടടാ…”അടഞ്ഞു പോയ ശബ്ദത്തിൽ സഞ്ജു പറഞ്ഞു.കൂടുതൽ നിർബന്ധിച്ചു കൊണ്ടവനെ ബുദ്ധിമുട്ടിക്കാൻ തോന്നാഞ്ഞത് കൊണ്ട് ആദി മുറിയിലെ ലൈറ്റണച്ചു കൊണ്ട് ഫാനിട്ടു കൊടുത്തു വാതിൽ ചാരി മുറി വിട്ടിറങ്ങി.
അവനുറങ്ങട്ടെ… ഒന്നുറങ്ങി എഴുന്നേറ്റാൽ കുറച്ചാശ്വാസം കിട്ടും.നേരെ മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് ആദി പുറത്തേക്കിറങ്ങി.ഉമ്മറത്തെ തിണ്ണയിൽ പുറത്തേക്ക് കാൽ നീട്ടിയിരിക്കുമ്പോൾ ടൗണിലെ ബാറിൽ നിന്നും സഞ്ജുവിനെ കണ്ട് കിട്ടുമ്പോഴുള്ള അവസ്ഥയായിരുന്നു ആദിയുടെ ഉള്ള് മുഴുവനും.അവനെ അവിടെ കണ്ടെന്നു പറഞ്ഞു കൊണ്ടൊരു സുഹൃത്ത് വിളിക്കുമ്പോൾ… അതവനാവില്ല, നിനക്കാള് മാറിയെന്ന് അവനോട് ആണയിട്ട് പറഞ്ഞത് കൂട്ടുകാരനെ അത്ര മാത്രം വിശ്വാസമായത് കൊണ്ട് തന്നെയായിരുന്നു.
പക്ഷേ അത് സഞ്ജീവ് ബാലകൃഷ്ണൻ തന്നെയാണെന്ന് വിളിച്ചവൻ ഇങ്ങോട്ടും ആണയിട്ട് തർക്കിക്കാൻ തുടങ്ങിയപ്പോൾ അവന് മുന്നിൽ ജയിച്ചു കാണിക്കാനാണ് ഓടിയിറങ്ങി പോയത്.
പക്ഷേ അകത്തേക്ക് കയറുമ്പോൾ… അവൻ ചൂണ്ടി കാണിച്ച വിരലിനറ്റത് ടേബിൽ നിരന്നു കിടക്കുന്ന മദ്യകുപ്പികൾക്കിടയിൽ കണ്ട മുഖം അത് സഞ്ജുവാണെന്നറിഞ്ഞ നിമിഷം തോന്നിയ വിറയലും ഹൃദയമിടിപ്പും അപ്പോഴും ആദിയെ വിട്ടു പോയിട്ടില്ല.
പാതി മുക്കാലും ബോധം പോയവനെയും വാരിയെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ പലവട്ടം കാലിടറിയത് കൂട്ടുകാരന്റെ മനസ്സിന്റെ വേവറിഞ്ഞത് കൊണ്ടായിരുന്നു.അത്രമാത്രം സഹിക്കാൻ വയ്യാഞ്ഞിട്ട് തന്നെയാവും അവനിതു ചെയ്തതെന്ന് അപ്പോഴും മനസിനോട് പറയുന്നുണ്ടായിരുന്നു.
കാറിലേക്കവനെ താങ്ങിയിരുത്തി… ഡോർ അടച്ചു.
തിരികെ ചെന്നിട്ട് ബാറിലെ ബില്ല് പേയ് ചെയ്തു.. ആ ബാറിന് മുന്നിൽ നിർത്തിയിട്ട അവന്റെ ബൈക്ക് കുറച്ചു കൂടി അകത്തേക്ക് ആരും കാണാത്ത വിധം ഒതുക്കിയിട്ട് ചാവിയൂരി… അതിൽ തൂങ്ങി കിടന്ന അവന്റെ ഓഫിസ് ബാഗ് കൂടി തോളിക്കിട്ട് കൊണ്ടാണ് തിരിഞ്ഞു നടന്നത്.സഞ്ജുവിന്റെ പാതിയും ബട്ടൺ അഴിച്ചു കിടക്കുന്ന ഷർട്ടിന്റെ ബട്ടനെല്ലാം പിടിച്ചിട്ട് കൊടുത്തു.സീറ്റ് ബെൽറ്റും മുറുക്കി അവനെ സേഫാക്കിയിരുത്തി.പോക്കറ്റിൽ ഫോണും വാലറ്റുമുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടാണ് കാറുമായി തിരികെ പോന്നത്.
ഈ അവസ്ഥയിൽ അവനെയും കൊണ്ടെങ്ങോട്ട് പോകുമെന്നൊരു ആശങ്കയുണ്ടായിരുന്നു.ഒറ്റയ്ക്ക് അവന്റെ വീട്ടിലേക്ക് വിടാൻ വയ്യ.മനസ് തകർന്ന് നിൽക്കുന്നവരാണ് ബാലിശമായ പല തീരുമാനങ്ങളും നിമിഷങ്ങൾകൊണ്ട്എടുക്കാറുള്ളത്.അങ്ങനെയുള്ളപ്പോൾ.. അത് പോലൊരവസ്ഥയിൽ ഒറ്റക്കാവുക കൂടി ചെയ്താൽ അതിന് കൂടുതൽ വളമാവും.
പകരം ആ അവസ്ഥയിൽ നിന്നൊന്ന് കൈ പിടിക്കാൻഒരാളുണ്ടായാൽ..ചേർന്നിരിക്കാനൊരിടമുണ്ടായാൽ പലരും.. മരണത്തിലേക്ക് നടന്നു പോവില്ലായിരിക്കാം..വീടെത്താനാവുന്നിടത്തോളം ആദിയുടെ ഹൃദയമിടിപ്പും കൂടിയിരുന്നു.
പക്ഷേ.. ദൈവം അവന്റെയാ ഹൃദയചൂടറിഞ്ഞത് പോലൊരു വിളിയെത്തി.മാഷിന്റെ..അത്യാവശ്യമായി ടൗണിൽ പോണമെന്നും പ്രിയ വീട്ടിൽ ഒറ്റക്കാണെന്നും പെട്ടന്ന് ചെല്ലാനുമായുള്ള ആ വിളിയിൽ ആദിക്ക് ശ്വാസം തിരികെ കിട്ടിയത് പോലൊരു ആശ്വാസമാണ് തോന്നിയത്.സഞ്ജു അതൊന്നുമറിയാതെ സീറ്റിൽ കണ്ണടച്ചു കിടപ്പുണ്ട്.പക്ഷേ വന്നിറങ്ങിയ ഉടനെ പെങ്ങളുടെ വക കിട്ടിയ ഗിഫ്റ്റ്.. അത് ആദിയുടെ പരിഗണനയിൽ ഇല്ലാത്തിരുന്നത് കൊണ്ട് അവനതിൽ നിന്നും സഞ്ജുവിനെ രക്ഷപ്പെടുത്തിയെടുക്കാൻ കഴിഞ്ഞില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പെർഫെക്ട് ഓക്കേ..
സഞ്ജുവിനെ ഓർക്കുമ്പോഴൊക്കെയും ആദിയുടെ മനസ്സ് കടഞ്ഞു.ഇനിയെങ്ങനെയാണ് അവനെയൊന്ന് പഴയ അവസ്ഥയിലേക്കാക്കി എടുക്കുകയെന്നാണ് അവനവിടെയിരുന്നു ആലോചിച്ചു കൂട്ടിയത് മുഴുവനും.മാധവൻ മാഷ് തിരികെ വരുവോളം ആദി അതെയിരുപ്പ് തുടർന്നു.മാഷിറങ്ങി വന്നത് കണ്ടതും അവൻഎഴുന്നേറ്റു.”ഇതെന്താആദിപുറത്തിരിക്കുന്നെ…?”മാഷ് ചിരിയോടെ ചോദിച്ചു.ഒന്നുല്ല മുത്തച്ഛ…”
അവനും ചെറിയൊരു ചിരിയോടെ പറഞ്ഞു.
“മോളെന്ത്യേ..?””അകത്തുണ്ട്..”ആദി അകത്തേക്ക് ചൂണ്ടി.
“എന്തേ…രണ്ടുംകൂടിവീണ്ടുംവഴക്കുണ്ടാക്കിയോ?”ആദി ചിരിയോടെ ഇല്ലെന്ന് തലയാട്ടി.അവര് രണ്ട് പേരും കൂടിയാണ് അകത്തേക്ക് കയറിയത്.മാഷ് വന്നതറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു, പ്രിയ അങ്ങോട്ടിറങ്ങി വന്നിരുന്നു.”എന്തേ മോളെ.. കിടപ്പായിരുന്നോ.. വയ്യേ..?”മാഷവളെ കണ്ടതും വാത്സല്യത്തോടെ ചോദിച്ചു.”ഒന്നുമില്ല മുത്തച്ഛ.. ഞാൻ വെറുതെ കിടന്നതാ “പ്രിയ ചിരിയോടെയാണ് മാഷിനോട് പറഞ്ഞത്.പക്ഷേ ആദിയെ നോക്കിയ തൊട്ടടുത്ത നിമിഷം അവളുടെ മുഖം വീർത്തതും അവന് ചിരി വന്നു.മാഷ് കാണാതെ… അവനും അവൾ വീർപ്പിച്ചു വെച്ചത് പോലെ കവിൾ വീർപ്പിച്ചു കാണിച്ചു.
“എങ്കിൽ.. നമ്മുക്ക് കഴിച്ചാലോ.. സമയം ഒൻപത് കഴിഞ്ഞു… നല്ല ക്ഷീണം.. കിടന്ന ചെലപ്പോ ഇന്ന് അത്താഴം കഴിക്കാനൊരു എഴുന്നേൽപ്പ് ഉണ്ടാവില്ല..”
മാഷ് പറഞ്ഞത് കേട്ടതും പ്രിയ തല കുലുക്കി കൊണ്ട് അടുക്കളയിലേക്ക് ചെന്നു.ആദിയും അവൾക്ക് പിറകെ പോവുന്നത് മാഷൊരു പുഞ്ചിരിയോടെ നോക്കി നിന്നു.ഒരക്ഷരം മിണ്ടാതെ അവൾ ചൂടാക്കി എടുത്തു വെക്കുന്ന ഓരോന്നുമെടുത്ത് മേശയിൽ കൊണ്ട് വെച്ചതല്ലാതെ ആദിയുമൊന്നും മിണ്ടുന്നില്ല.
പക്ഷേ അവൾ കാണാതെ അവനൊരു ചിരി ഒളിപ്പിച്ചു പിടിക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം.ഒടുവിൽ കഴിക്കാനിരിക്കുമ്പോഴും പ്രിയയുടെ കണ്ണുകൾ കൂടെ കൂടെ സഞ്ജു കിടക്കുന്ന മുറിയുടെ നേരെ നീളുന്നുണ്ടായിരുന്നു.”അവൻ കഴിച്ചിട്ട വന്നതെന്ന് പറഞ്ഞു.. ഞാൻ വിളിച്ചിരുന്നു..”അവളുടെ മുഖത്തെ സങ്കടം കണ്ടതും പിന്നെയും ആ നോട്ടം അവഗണിക്കാൻ തോന്നാതെ ആദി പറഞ്ഞതും പ്രിയ അവനെയൊന്ന് നോക്കി കഴിക്കുന്നത് തുടർന്നു.
“ആഹാ.. സഞ്ജു വന്നിട്ടുണ്ടോ?”മാഷും സഞ്ജു കിടക്കുന്ന മുറിയുടെ നേരെ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.”ആഹ്…”മാഷിനോട് ഉത്തരം പറയുമ്പോഴും ആദിയുടെ കണ്ണുകൾ പ്രിയക്ക് നേരെയാണ്.അവളെന്തെങ്കിലും വിളിച്ചു പറയുമോ എന്നൊരു ഭയമുണ്ടായിരുന്നു അവനപ്പോഴും.
ദേഷ്യം വന്നാൽ കണ്ണ് കാണാത്തവളാണെന്ന് അവനും അറിയാമല്ലോ..
പക്ഷേ അവളപ്പോഴും മുഖം കുനിച്ചിരുന്നു കഴിപ്പാണ്.
എന്തിട്ടെന്താ അവൻ നേരത്തേ കിടന്നത്..?”
മാഷിന്റെ നെറ്റി ചുളിഞ്ഞു.”അവന്.. അവന് നല്ല തലവേദനയെന്നും പറഞ്ഞ് കിടന്നുറങ്ങി..”
ആദി പറയുന്നത് കേട്ടതും പ്രിയ മുഖം ഉയർത്തി കൊണ്ടവനെയൊന്ന് തുറിച്ചു നോക്കി.
പ്ലീസ്… അപേക്ഷ പോലെ ആദി മെല്ലെ കണ്ണ് ചുരുക്കി കൊണ്ട് ചുണ്ടുകളിൽ അവൾക്ക് മാത്രം മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞതും പ്രിയ പുച്ഛത്തോടെ വീണ്ടും മുഖം താഴ്ത്തി.ആദി ശ്വാസമെടുത്തു കൊണ്ട് കഴിപ്പ് തുടർന്നു.മാഷ് ടൗണിൽ പോയ കാര്യങ്ങളെല്ലാം പറയുന്നുണ്ട്.
ആദി അതിനെല്ലാം മൂളുന്നുണ്ടെങ്കിലും പ്രിയ തീർത്തും മൗനത്തിലായിരുന്നു…
തുടരും….
ഇവനെ ഞാനിനിയെങ്ങനെ പഴയ കോലത്തിലാക്കിയെടുക്കുമെന്റെ കർത്താവെ…?ചെക്കൻ നനഞ്ഞു കുതിർന്നത് പോലായപ്പോ ഞാനും അങ്ങനായോ കൂട്ടുകാർ തമ്മിൽ ഇങ്ങനൊരു ബോണ്ട് വേണമല്ലേ… എന്തായാലും റിവ്യൂ ഇട്ടിട്ട് പോണേ…ബല്ല്യ റിവ്യൂ ഇട്ട ഇന്നൊന്നൂടെ
സ്നേഹത്തോടെ jiff