The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
മോളെ… ”
സുജ ആവിശ്വനീയതയോടെ വിളിച്ചിട്ടും പ്രിയ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു.
“രാജീവ്.. അവനങ്ങനെയൊക്കെ പറഞ്ഞോ പ്രിയേ..?”.
പത്മയപ്പോഴും വിശ്വാസമായില്ലെന്നത് പോലെ അവളെ നോക്കി ചോദിച്ചു.
“പിന്നെ ഞാൻ നുണ പറയുന്നുവെന്നാണോ?”
പ്രിയയുടെ വാക്കുകൾ കൂർത്തു.
“ശോ .. അങ്ങനല്ലടി.. അവൻ.. അവനിങ്ങോട്ട് ആലോചനയുമായി വന്നിട്ട്. പിന്നെ..”
പത്മക്ക് തന്റെ മനസിലുള്ള ആവലാതി പ്രിയയോടെങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നറിയാത്തതൊരു ആശങ്കയുണ്ടായിരുന്നു.
“ഇങ്ങനൊക്കെയാണ് ചേച്ചി ജീവിതം..”
തീർത്തും നിസ്സാരമായൊരു വാക്ക് കൊണ്ട് പ്രിയ തന്റെ ഉള്ളിലെ ചിത്രം വരച്ചു ചേർത്തു.
“ഇനി.. ഇനിയെന്ത് ചെയ്യുമെന്റെ ദൈവങ്ങളെ.. എന്റെ കുട്ടിയെന്നു രക്ഷപെട്ടുവെന്ന് കരുതി സമാധാനിച്ചിരുന്നതാ ഞാൻ ”
സുജ കരഞ്ഞു തുടങ്ങിയിരുന്നു.
“രാജീവിനെ കണ്ടിട്ടാണോ അമ്മയെന്നെ വളർത്തി വലുതാക്കിയത്.?”
അവളുടെ മുഖം വീണ്ടും കടുത്തു.
“അതല്ല മോളെ… അവന്റെ കയ്യിൽ നിന്റെ ജീവിതം സുരക്ഷിതമായിരിക്കും ന്ന് കരുതി… ഈ നരകത്തിൽ നിന്നും നീയൊന്ന്…”
പത്മയുടെ മുഖം കുനിഞ്ഞതും സുജ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.
“ഇതിങ്ങനെയൊക്കെയെ വരുമെന്ന് എനിക്കറിയാമായിരുന്നു ”
പ്രിയ ചെറിയൊരു ചിരിയോടെ മുടിയിലെ കുളി പിന്നൽ അഴിച്ചു കൊണ്ട് തിരിഞ്ഞ് നിന്നു.
“നിനക്ക്.. നിനക്ക് സങ്കടമില്ലെടി..?”
പത്മ അവളെ നോക്കി ചോദിച്ചു.
അവൾക്കപ്പോൾ രാജീവിന്റെ ചോദ്യമാണ് ഓർമ വന്നത്.
“പ്രിയക്ക് സങ്കടമൊന്നുമില്ലല്ലോ “യെന്ന അവന്റെ പൊള്ളയായ ചോദ്യം.
പുച്ഛത്തോടെ അവളുടെ ചുണ്ടുകളൊന്നു കോടി.
“എനിക്കൊരു സങ്കടവുമില്ല ചേച്ചി. എന്നെയോർത്തു നിങ്ങളാരും സങ്കടപ്പെടരുത്. അതാണെനിക്ക് സങ്കടം ”
നേർത്തൊരു ചിരിയോടെ അവൾ സുജയുടെ അരികിൽ പോയിരുന്നു.
“ആരും വേണ്ട അമ്മേ.. നമ്മളാർക്കും ഒരു ബാധ്യതയുമാവുന്നില്ലല്ലോ എന്നോർത്തുള്ള സന്തോഷമുണ്ടെനിക്ക്. ആരില്ലേലും നമ്മൾക്ക് ജീവിച്ചല്ലേ പറ്റൂ…”
അവരുടെ തോളിൽ തല ചായ്ച്ചു കൊണ്ടവൾ പതിയെ പറഞ്ഞു.
സുജ കരഞ്ഞു കൊണ്ടവളുടെ തലയിൽ തലോടി.
പത്മയുടെയും കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
“മോളെ…”
സുജ വിളിക്കുമ്പോൾ പ്രിയ തലയുയർത്തി നോക്കാതെ തന്നെ മൂളി.
“അമ്മയൊന്നു പറഞ്ഞു നോക്കട്ടെ രാജീവിനോട്.. ചിലപ്പോൾ..”പ്രിയ തല ഉയർത്തി നോക്കിയതോടെ സുജ പറഞ്ഞു വന്നത് നിർത്തി.
“അമ്മയ്ക്ക് ഞാൻ അത്രേം ബാധ്യതയാണോ?”
അവൾക്കുള്ളിലെ വിങ്ങൽ ആ ചോദ്യത്തിലുണ്ടായിരുന്നു.
“അങ്ങനല്ലെടി മോളെ…”
സുജ അവളുടെ കയ്യിൽ പിടിച്ചു.
“എങ്ങനെയായാലും രാജീവ് നമ്മൾക്ക് മുന്നിൽ അടഞ്ഞു കഴിഞ്ഞ അദ്ധ്യായമാണ്. എന്തിന്റെ പേരിലായാലും അതിനി ഞാൻ തുറന്നു നോക്കില്ല ”
പ്രിയ പറഞ്ഞു.
സുജ അവളെയൊന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“നമ്മുക്ക് മുന്നിൽ കൊട്ടിയടച്ച വാതിലുകൾ വീണ്ടും തള്ളി തുറക്കാൻ വേണ്ടി ശ്രമിക്കരുത് അമ്മേ. ആത്മാഭിമാനമുള്ളവർ ചെയ്യുന്ന പണിയല്ല അത്. പറ്റുമെങ്കിൽ അവർക്കൊരു ആവിശ്യം നമ്മളെ കൊണ്ട് വരുമ്പോൾ.. വീണ്ടും ആ വാതിൽ തള്ളി തുറന്നു വരാതിരിക്കാൻ നല്ലൊരു താഴ് വാങ്ങി നമ്മളങ്ങോട്ട് പൂട്ടിയിടുകയാണ് വേണ്ടത്.”
അൽപ്പം പോലും പതർച്ചയില്ലാത്ത പ്രിയയുടെ വാക്കുകൾ.
പത്മ അവളെ അത്ഭുതത്തോടെയാണ് നോക്കിയത്.
അല്ലെങ്കിലും സ്വന്തം കാര്യം പോലും ഉറക്കെ വിളിച്ചു പറയാതെ എപ്പോഴും എന്തിനും,കീഴടങ്ങി കൊടുക്കുന്ന തനിക്കൊന്നും പ്രിയ വലിയൊരു അത്ഭുതമാണെന്ന് പത്മ ഓർത്തു.
“രാജീവ് നമ്മൾക്ക് മുന്നിലെ അടഞ്ഞു കഴിഞ്ഞ വാതിലാണ്. അതിവിടെ അവസാനിച്ചു. ഇനി അതിനെ കുറിച്ച് ആലോചിക്കാൻ എടുക്കുന്ന സമയം പോലും വേസ്റ്റാണെന്നാണ് എന്റെ അഭിപ്രായം…”
അവൾ വീണ്ടും സുജയെ പിടിച്ച് തന്നിലെക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.
“അനൂപിനെ ഭയന്നു കൊണ്ട് ജീവിതവസാനം വരെയും നമ്മൾക്ക് ജീവിക്കാൻ പറ്റുവോ.. അവനെതിരെ നമ്മൾ ഒരുമിച്ച് പോരാടും.. അല്ലേ ചേച്ചി..?”
പ്രിയ ചിരിയോടെ തന്നെ പത്മയെ നോക്കി.
അവളൊന്നും മിണ്ടിയില്ല.
മനസ്സിൽ ഊറി കൂടിയ ഭയം പ്രിയയെ അറിയിച്ചതുമില്ല.
“ജീവിതത്തെ ഞാൻ പേടിക്കുന്നില്ല ചേച്ചി.. അതിനേക്കാൾ പേടി അഭിനയങ്ങളെയാണ്. രാജീവ് നല്ലത് പോലെ അഭിനയിച്ച് നമ്മളെ വിഡ്ഢികളാക്കി. അതയാളുടെ മിടുക്ക്.. കീഴടങ്ങി കൊടുക്കില്ലെന്നുള്ളത് എന്റെ വാശിയാണ്.ഞാൻ തോറ്റു പോയേക്കും. പക്ഷേ മരിക്കുന്നത് വരെയും അയാളുടെ അഹന്തക്ക് മുന്നിൽ കൃഷ്ണപ്രിയ കീഴടങ്ങി കൊടുക്കില്ല..”
“നീ വെറുതെ വേണ്ടാത്ത പണിക്കൊന്നും പോവല്ലേ മോളെ.. അവരൊക്കെ വല്ല്യ ആൾക്കാരാ ”
സുജ പേടിയോടെ പ്രിയയെ നോക്കി.
പത്മയിലും അതേ ഭാവം തന്നെയായിരുന്നു.
പ്രിയ അതിനുത്തമൊന്നും പറഞ്ഞില്ല.
“എനിക്ക് പോണം അമ്മേ…”
അൽപ്പനേരം മിണ്ടാതെയിരുന്നിട്ട് ആദ്യം എഴുന്നേറ്റത് പ്രിയ തന്നെയാണ്.
വീട്ടിൽ നിന്നും ഒൻപത് മണിക്ക് ഇറങ്ങണം.
കവല വരെയും നടക്കണം.. അവിടെ നിന്നാൽ ബസ് കിട്ടും സ്കൂളിലേക്ക്.
അതികദൂരമൊന്നുമില്ല.
രണ്ട് സ്റ്റോപ്പ് കഴിഞ്ഞാൽ ഇറങ്ങാനുമാവും.
പത്തു മണിയോടെ ബെല്ലടിക്കും.
അത്യാവശ്യം വലിയൊരു സ്കൂൾ തന്നെയാണ് അത്.
പ്രാധാനഅധ്യാപകനായ മാധവൻ മാഷിന് കീഴെ ഇരുപതോളം മിടുക്കരായ സഹപ്രവർത്തകരുടെ കൂട്ടായമ..
മികച്ച രീതിയിൽ തന്നെ മുന്നേറുന്നതിനാൽ സ്കൂളിന്റെ പെരുമ നാലാളറിയുക തന്നെ ചെയ്യും.
കുളിയും മാറ്റലുമെല്ലാം കഴിഞ്ഞിരുന്നത് കൊണ്ട് പിന്നെ മുടിയൊന്ന് ചീകി ഒതുക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
തന്റെ മുറിയിലെ അലമാരയിൽ നിന്നും രാജീവിന്റെ പേര് കൊത്തിയ മോതിരം പ്രിയ കയ്യിലെടുത്തു.
രാജീവിന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ ഇങ്ങനെയൊരു രക്ഷപെടൽ പ്രിയ മുൻകൂട്ടി കണ്ടിരുന്നത് കൊണ്ട്… അവളാ മോതിരം കയ്യിൽ നിന്നും ഊരി മാറ്റിയിരുന്നു.
“ഇതാ രാജീവിന്റെ വീട്ടിലൊന്ന് ഏൽപ്പിക്കണം കേട്ടോ ”
അടുക്കളയിലേക്ക് ചെന്നു കൊണ്ടവൾ കയിലുള്ള മോതിരം അവിടെയുള്ള മേശയിലേക്ക് വെച്ച് കൊണ്ട് സുജയെ നോക്കി.
അവർ വിഷമത്തോടെ അവളെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“അവരിവിടെ വീട്ടിൽ കൊണ്ട് വന്നു തന്നതല്ലേ. നമ്മളാ മര്യാദ തിരിച്ചും ചെയ്യുന്നു. അത്ര തന്നെ.”
അവളപ്പോഴും ചിരിയോടെ തന്നെ പറഞ്ഞു.
സുജ ഒന്നും മിണ്ടാതെ അവൾക്ക് കഴിക്കാനുള്ളത് പാത്രത്തിലാക്കുന്ന തിരക്കിലാണ്.
“ഒരുപാട് കുത്തി നിറക്കല്ലേ അമ്മേ. ഇന്നലെ തന്നെ ഞാൻ വേസ്റ്റിൽ തട്ടിയേക്കുവാണ് ”
പ്രിയ പറഞ്ഞത് കെട്ട സുജ അവക്കെയൊന്ന് കൂർപ്പിച്ചു നോക്കി.
‘പിന്നെ.. ഏതായാലും ഈ സോപ്പ് പെട്ടി പോലുള്ള പാത്രത്തിലുള്ളതല്ലേ? ”
അവരുടെ ചോദ്യം കേട്ടതും പ്രിയ നാവ് കടിച്ചു കൊണ്ട് തിരിഞ്ഞു.
❣️❣️
“എവിടെ പോയിരുന്നെടാ…?”
അടുക്കളവശത്തു കൂടി അകത്തേക്ക് കയറുന്ന സഞ്ജുവിനെ നോക്കി നളിനി ചോദിച്ചു.
“ഓഓഓ.. നമ്മളിവിടെ പോകാൻ. ഇവിടൊക്കെ തന്നെയുണ്ടെന്റെ പവിത്രം..”
നിസാരതയോടെ പറഞ്ഞു കൊണ്ടവൻ അവരുടെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് ചുറ്റും നോക്കി.
നളിനിയെ സ്നേഹം കൂടുമ്പോഴൊക്കെയും സഞ്ജു അങ്ങനാണ് വിളിക്കുന്നത്.
തന്റെ ജനനവും പവിത്രം സിനിമയും തമ്മിലുള്ള ബന്ധം കണക്ട് ചെയ്തു കൊണ്ടാണ് അവനങ്ങനെ വിളിക്കുന്നത്.
പക്ഷേ തന്നെ മനഃപൂർവം കളിയാക്കാൻ വേണ്ടിയാണ് സഞ്ജുവങ്ങനെ ചെയ്യുന്നതെന്നാണ് ബാലചന്ദ്രന്റെ കണ്ടു പിടുത്തം.
ആക്കാരണം കൊണ്ട് ആ വിളി കേൾക്കുമ്പോഴൊക്കെയും അയാൾ ബഹളമുണ്ടാക്കും.
എന്നിട്ടും അവനത് തുടർന്ന് കൊണ്ടേയിരുന്നു…
“ചെറിയച്ഛാ .. ഇങ്ങ് വാ ”
അവനെ കണ്ടതും അപ്പു കൈ കാണിച്ചു.
“എന്താടാ ഉണ്ടാപ്പ്രി..”
സഞ്ജു അവന്റെ നേരെ ചെന്നു.
“ഇരിക്കെടാ.. നല്ല കപ്പയും ബീഫും ഉണ്ട്.”
അവന് കൂടി കസേര നീക്കിയിട്ട് കൊണ്ട് ലക്ഷ്മി പറഞ്ഞു.
“ആഹാ.. എന്റെ ഏട്ടത്തി മുത്താണ്..”
സഞ്ജു ലക്ഷ്മിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
“ഓഓഓ എന്താ ചെക്കന്റെ സോപ്പിങ്..”
കൈ കഴുകി അവന്റെയരികിലേക്ക് വന്ന അജയ് അവന്റെ തലക്കൊന്ന് കൊട്ടി കൊണ്ട് പറഞ്ഞു.
“ഓ.. ഇവിടുണ്ടായിരുന്നോ പഠിപ്പിസ്റ്റ്..”
സഞ്ജു ഏട്ടനെ നോക്കി ചുണ്ട് കൊട്ടി.
“ചെയച്ഛന് പഠിക്കാൻ ബുദ്ധി ഇല്ലാത്തതോണ്ട് എന്റെ അച്ഛനെന്ത് പിഴച്ചു..?”
അപ്പു പറഞ്ഞത് കേട്ട് സഞ്ജു അവനെയൊന്ന് ചിറഞ്ഞു നോക്കി.
ലക്ഷ്മിയുടെയും അജയുടെയും ഒരേയൊരു മകനാണ് അപ്പു എന്ന ജിതിൻ
അവൻ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്.
“ഒരു മൂന്നു വർഷം കൂടി നീയൊന്നു വെയിറ്റ് ചെയ്താൽ അപ്പു കൂടി നിനക്കൊപ്പം എത്തി ചേരും. പിന്നെ രണ്ടാൾക്കും ഒരുമിച്ച് പോകാം..ഡിഗ്രിക്ക് “എന്നും പറഞ്ഞിട്ടാണ് ഇപ്പൊ സഞ്ജുവിനെ ബാലചന്ദ്രൻ കളിയാക്കാറുള്ളത്.
“നിനക്കിന്നു ഞാൻ കൊണ്ട് തന്ന ചോക്കോബാർ നിന്റെ തൊണ്ടയിൽ നിന്നും ഉറങ്ങിയോടാ പിശാച്ചെ…”
സഞ്ജു അപ്പുവിന്റെ നേരെ നോക്കി കണ്ണുരുട്ടി.
“ചെറിയച്ഛന്റെ ചോക്കോബാറിനെക്കാളും എനിക്കെന്റെ അച്ഛനാ വലുത്.”
അപ്പുവും വിട്ട് കൊടുത്തില്ല.
ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ലക്ഷ്മിയും അജയും അവരെ ശ്രദ്ധിക്കുന്നത് കൂടിയില്ല.
എന്തൊക്ക പറഞ്ഞു തല്ല് കൂടിയാലും ചെറിയച്ഛനും മോനുംഒറ്റ കെട്ടാണെന്നും,പരസ്പരം ജീവനാണെന്ന് അവർക്കറിയാം.
“മിണ്ടാതെയിരുന്നു കാഴിച്ചില്ലേ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..”
കയ്യിൽ ചായ നിറച്ച ജഗ്ഗുമായി അങ്ങോട്ട് വന്ന നളിനി പറയുന്നത് കേട്ടതോടെ.. അപ്പു അടക്കി ചിരിച്ചു.
“അതെന്ത്… അവന്റെ കണ്ണ് പ്ലാസ്റ്റിക്ക് വല്ലതുമാണോ.. കുത്തിയ പൊട്ടില്ലേ..?”
അപ്പുവിനെ ചൂണ്ടി സഞ്ജു ചോദിച്ചു.
‘നിനക്ക് നാണമില്ലെടാ കൊച്ചുകുട്ടികളെ പോലെ തല്ല് കൂടാൻ ”
അജയ് കളിയാക്കി കൊണ്ട് സഞ്ജുവിനെ നോക്കി.
“പഠിപ്പി ഇവിടെ മിണ്ടരുത്. എന്റമ്മയുടെ ചെറിയ കുട്ടി ഞാൻ തന്നാ ഇപ്പഴും “സഞ്ജു ചുണ്ട്കോട്ടി കൊണ്ട് ഏട്ടനെ നോക്കി.
“അതവൻ പറഞ്ഞത് ശെരിയാ.. അപ്പുവല്ലേ ആദ്യം തുടങ്ങി വെച്ചത്. ”
ലക്ഷ്മി എന്നത്തേയും പോലെ സഞ്ജുവിന്റെ പക്ഷം പിടിച്ചതും അജയ് തലയാട്ടി ചിരിച്ചു.
“അല്ലേലും ന്റെ ഏട്ടത്തിക്ക് മാത്രേ ഇവിടെ എന്നോടിത്തിരി സ്നേഹമുള്ളു. കണ്ടു പടി..”
അമ്മയെയും ഏട്ടനെയും നോക്കി സഞ്ജു പുച്ഛത്തോടെ പറഞ്ഞു.
അപ്പുവും തലയാട്ടി ചിരിക്കുന്നുണ്ട് സഞ്ജുവിന്റെ വർത്താനം കേട്ടിട്ട്..
“മിണ്ടാതെയിരുന്നു കഴിച്ചിട്ട് വല്ലോം പോയി പഠിക്കെടാ..”
മുഴക്കമുള്ള ശബ്ദം കേട്ടതും സഞ്ജു ഞെട്ടി കൊണ്ട് മുഖം താഴ്ത്തി.
‘കടുവ ഇവിടുള്ള കാര്യം നീ എന്താടാ പറയാഞ്ഞത്? ”
അപ്പുവിന്റെ കാലിൽ നല്ലൊരു ചവിട് കൊടുത്തു കൊണ്ട് സഞ്ജു ചോദിച്ചു.
‘ചെറിയച്ഛന് ഇച്ചിരി അഹങ്കാരം കൂടിയോ ന്നൊരു സംശയം. അതൊന്ന് കുറക്കാൻ അച്ചാച്ചൻ തന്നെ വേണം.. ”
അപ്പു വേദന കടിച്ചു പിടിച്ചു കൊണ്ട് സഞ്ജുവിനെ നോക്കി പതിയെ പറഞ്ഞു.
“എന്താ അപ്പു… എന്താ അവിടെ?”
അവരുടെ സംസാരം കണ്ടിട്ട് അങ്ങോട്ട് വന്നിരുന്ന ബാലചന്ദ്രൻ ചോദിച്ചു.
“ഏയ്.. ഒന്നുല്ല അച്ഛാച്ച. ഞാനൊരു സംശയം ചോദിച്ചതാ ചെറിയച്ചനോട് ”
അപ്പു പറഞ്ഞു.
“ഈ വിവരമില്ലാത്ത ഇവനോട് സംശയം ചോദിക്കാൻ നിനക്കും വിവരമില്ലേ എന്റെ അപ്പു? ”
സ്വതവേയുള്ള പുച്ഛത്തോടെ ബാലചന്ദ്രൻ ചോദിച്ചു.
സഞ്ജുവും മുഖം കുനിച്ചിരുന്നു.
“അവർക്കങ്ങനെ പലതും ചോദിക്കാനും പറയാനുമുണ്ടാവും. നിങ്ങളതിൽ ഇടപെടേണ്ട..”നളിനി മകന്റെ കുനിഞ്ഞു പോയ മുഖം നോക്കിയാണ് പറഞ്ഞത്.
“ഓഓഓ.. അല്ലേൽ തന്നെ ഇവന്റെ കാര്യത്തിൽ ഞാനിനി എന്തോ പറയാൻ. ആ പ്രതീക്ഷയൊക്കെ എനിക്കെന്നോ പോയതാ ”
മുന്നിലുള്ള പാത്രം ഒന്നൂടെ അടുത്തേക്ക് വലിച്ചു നീക്കി കൊണ്ടയാൾ പറഞ്ഞതും ഉറക്കെ കസേര വലിച്ചു മാറ്റി സഞ്ജുവും എഴുന്നേറ്റു പോയിരുന്നു…
തുടരും…