25/04/2026

പ്രിയേ.. പ്രാണനെ :ഭാഗം 74

രചന : ജിഫ്ന നിസാർ ❣️

“വച്ചേക്കട്ടെ രാജീവ്‌… എനിക്കുറക്കം വരുന്നു…”
നീതുവിന്റെ വാക്കുകൾ.” സമയം പത്തു മണിയാകുന്നല്ലേയൊള്ളൂ നീതു.അപ്പോഴേക്കും തനിക്ക് ഉറക്കം വന്നോ..? “വല്ലാത്തൊരു നീരസമുണ്ടായിരുന്നു രാജീവ് നീതുവിനോട് അത് ചോദിക്കുമ്പോൾ.”ഇന്ന് പകൽ മുഴുവനും ഫ്രണ്ട്സിന്റെ കൂടെ ചുറ്റിയടിച്ചു നടന്നു. അത് കൊണ്ടാണെന്നു തോന്നുന്നു, നല്ല ക്ഷീണം.”നീതു പ പറഞ്ഞത് കേട്ട് രാജീവിന്റെ നെറ്റി ചുളിഞ്ഞു.”ഇന്ന് പുറത്തു പോയിരുന്നോ താൻ..?”എത്രയൊതുക്കി പിടിച്ചിട്ടും പരുക്കനായിരുന്നു അത് ചോദിക്കുമ്പോൾ രാജീവിന്റെ ശബ്ദം.

“ആഹ്..പോയിരുന്നു,എന്റെ ഫ്രണ്ട്സിന്റെ കൂടെ.അവരെല്ലാവരും ഞാൻ വിളിച്ചു കൊണ്ടു പോയതാണ്.കല്യാണത്തിന് ഇനി അധികം ദിവസമില്ലല്ലോ… അതിനുമുമ്പ് ചുറ്റിയടിച്ച് വരാമെന്ന് ഞാൻ പറഞ്ഞപ്പോൾ ഞങ്ങൾ അതിനു പോയതാണ്.”എന്നിട്ടെന്താ നീയത് എന്നോട് വിളിച്ചു പറയാഞ്ഞത്.?””ഞാനതൊക്കെയെന്തിനാ രാജീവിനോട് വിളിച്ചു പറയുന്നത്.എനിക്ക് പുറത്തു പോകണം എന്നുണ്ടെങ്കിൽ പോയാൽ പോരെ…ഇത് പോലുള്ള കാര്യങ്ങൾ പറഞ്ഞിട്ട് എന്തിനാണ് വെറുതെ രാജീവിനെ ബുദ്ധിമുട്ടിക്കുന്നത്. നമ്മൾ തമ്മിൽ അതിന്റെ ആവശ്യമുണ്ടോ..?”ചിരിയോടെയുള്ള നീതുവിന്റെ ആ വാക്കുകൾക്ക് മുൻപിൽ രാജീവിന് ഉത്തരം മുട്ടി.

പക്ഷേ അയാൾ അസ്വസ്ഥനായിരുന്നു.അവൾ തന്നോട് പറയാതെ പുറത്തു പോയിരിക്കുന്നു എന്നുള്ള അറിവ് അവനെ വല്ലാതെ ചൊടിപ്പിച്ചു.
അവന്റെ മനസിലുള്ള ഭാര്യ അങ്ങനെയല്ലല്ലോ..
മാത്രമല്ല, അവനൊരു ദിവസം ഔട്ടിങ്ങിനു പോയാലോ എന്നവളോട് ചോദിച്ചപ്പോൾ നീതുവെന്തോ തിരക്കു പറഞ്ഞ് ഒഴിഞ്ഞത് ആ നിമിഷം രാജീവിന്റെ മനസ്സിലേക്ക് ഓടിയെത്തി.പിന്നീടങ്ങോട്ട് അതായിരുന്നു അയാളുടെ മനസ്സിലെ ഏറ്റവും വലിയ അസ്വസ്ഥതയും.അവൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാത്ത വിധം ഒരു അകൽച്ചയുണ്ടെന്ന് തന്റെ തോന്നൽ മാത്രമല്ലന്നുള്ളത് രാജീവിന്റെ മനസ്സ് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി. തനിക്കിവിടെ അമ്മയെ ഒന്ന് വിളിച്ചൂടെ നീതു.അമ്മ പറയുന്നുണ്ടായിരുന്നു ഇത്രയും ദിവസമായിട്ടും താനെന്ന് അമ്മയെ വിളിച്ചിട്ടില്ലന്ന് . ”

ജയശ്രീയുടെ ആ ഒരു പരാതി തീർക്കണമെന്ന് രാജീവിനെ നിർബന്ധമുണ്ടായിരുന്നു.കാരണം അതിന്റെ പേരിൽ നീതു വന്നാൽ ഒരു സംസാരമുണ്ടാവാതിരിക്കാൻ വേണ്ടി ഇപ്പോൾ അങ്ങനെയൊരു കാര്യം അവളെക്കൊണ്ട് ചെയ്യിപ്പിക്കണമെന്ന് അവന് ഇന്ദുവിന്റെ സംസാരം കേട്ട് ജയശ്രീ അവനോട് പറഞ്ഞന്ന് തന്നെ തോന്നിയതാണ്.ജയശ്രീയുടെ മനസ്സിൽ ഒരു കരട് വീണു കഴിഞ്ഞാൽ കാലങ്ങളെറെ കഴിഞ്ഞാലും അതവിടെത്തന്നെ ഉണ്ടാവുമെന്ന് രാജീവിന് ഉറപ്പായിരുന്നു.ഇങ്ങനെയൊരു അവസരം ഉണ്ടാവാതിരിക്കാൻ വേണ്ടിയിട്ടാണ് അയാൾ അതപ്പോൾ നീതുവിനോട് പറഞ്ഞതും.

” അതൊക്കെ ഇത്ര വലിയ കാര്യമാണോ രാജീവ്.അമ്മയ്ക്ക് എന്നെയും വിളിക്കാമല്ലോ. ഇങ്ങോട്ട് വിളിച്ചാലും അങ്ങോട്ട് വിളിച്ചാലും വിശേഷം പറഞ്ഞാൽ പോരെ..ഇത്രേം ദിവസമായിട്ട് അമ്മയോന്നെന്നെ വിളിച്ചിട്ടില്ല. ഞാനത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.. പക്ഷേ രാജീവിനോട് പരാതി പറഞ്ഞില്ലല്ലോ..അമ്മയോട് പറയണം വിളിച്ചില്ലെന്നുള്ള അതേ പരാതി എനിക്കുമുണ്ടെന്ന്.. “”അയ്യോ.. അങ്ങനുണ്ടോ.. സാരമില്ല.ഞാൻ ഇപ്പൊ തന്നെ വിളിച്ചോളാം” എന്ന് നീതുവിന്റെ വാക്കുകൾ പ്രതീക്ഷിച്ചിരുന്ന രാജീവിന്റെ തലയ്ക്കുമേൽ കിട്ടിയ ഒരു അടിയായിരുന്നു നീതുവിന്റെ മറുപടി..അവളോട് പിന്നെ എന്തു പറയണമെന്നറിയാതെ അവനൊരു നിമിഷം പകച്ചു നിന്നു പോയി.”ഞാൻ വെച്ചോട്ടെ.. രാജീവ് എനിക്ക് നല്ല ക്ഷീണം ഉണ്ട്..”വീണ്ടും നീതു അത് തന്നെ ആവശ്യപ്പെട്ടപ്പോൾ രാജീവ് പതിയെ മൂളികൊണ്ട് ഫോൺ കട്ട് ചെയ്തു..

💞💞

” ഇന്ന്…ഇന്ന് തന്നെ എന്റെ അച്ഛൻ ഉപദ്രവിച്ചോ..? “ആദിയുടെ ചോദ്യം കേട്ടതും പ്രിയക്ക് അവനോട് സഹതാപമാണ് തോന്നിയത്.”ഇല്ല…”നേർത്തൊരു ചിരിയോടെ അവൾ അവനുള്ള ഉത്തരം കൊടുത്തു.
ഞാൻ വരുമ്പോൾ താൻ ഒരുപാട് ഭയന്നതു പോലെ തോന്നി.. അതുകൊണ്ട് ചോദിച്ചതാണ്.. “അവൻ പ്രിയയെ നോക്കി..അവളൊന്നും മിണ്ടിയില്ല.” ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൃഷ്ണ പ്രിയാ..തനിക്ക്… തനിക്കു ശരിക്കും രണ്ടു മുഖമുണ്ടോ? എനിക്കങ്ങനെ തോന്നി പോവുകയാണ്. കാരണം…. കാരണം ഞാൻ ആദ്യം കണ്ട കൃഷ്ണപ്രിയ അതിങ്ങനെയല്ല.ഇവിടെയെത്തിയ കൃഷ്ണപ്രിയക്ക് അതിൽ നിന്ന് ഒരുപാട് മാറ്റങ്ങളുള്ളതാണ്.ഇതിലേതാണ് ശരിക്കുമുള്ള കൃഷ്ണപ്രിയ…?”

കിടക്കയിൽ നിന്ന് എഴുന്നേറ്റ് മേശയിലേക്ക് ചാരി നിന്നുകൊണ്ട് ആദിയത് ചോദിക്കുമ്പോൾ പ്രിയ അവനെയൊന്ന് സൂക്ഷിച്ചു നോക്കി.” പറയാൻ ഇഷ്ടമില്ലെങ്കിൽ പറയേണ്ട.എനിക്കറിയണം എന്ന് തോന്നി, അതുകൊണ്ട് ചോദിച്ചതാണ്.. “അവളുടെ നോട്ടം കണ്ടതും ഒരു മുൻ‌കൂർ ജാമ്യം പോലെ ആദി പെട്ടെന്ന് പറഞ്ഞു.” ഞങ്ങൾ മൂന്നു പെൺകുട്ടികളാ..അതിൽ ഏറ്റവും ചെറുത് ഞാനാണ്.. “പതിഞ്ഞൊരു ചിരിയോടെ ചുവരിലേക്ക് ചാരി നിന്നിട്ട് പ്രിയയും പറഞ്ഞു തുടങ്ങി” ഡിഗ്രിക്ക് പഠിക്കുമ്പോൾ പോലും അച്ഛൻ ഉരുട്ടി തരുന്ന ചോറ് വാങ്ങി കഴിച്ചും അച്ഛനൊപ്പം കിടന്നുറങ്ങിയും കഴിഞ്ഞിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അങ്ങനായിരുന്നു അച്ഛനെന്നെ കൊണ്ട് നടന്നിരുന്നത്. ചേച്ചിമാരോടും അച്ഛന് നിറയെ ഇഷ്ടമുണ്ട്. പക്ഷേ എന്നോടായിരുന്നു ഇച്ചിരി കൂടുതൽ വാത്സല്യം.. അതവർ പറഞ്ഞു അടിയുണ്ടാക്കിയതിനു കണക്കില്ല..പ്രിയക്കുട്ടീ..ന്ന് അച്ഛൻ നീട്ടി വിളിക്കുമ്പോൾ ഞാൻ അച്ഛന്റെ അഞ്ചു വയസ്സുകാരി മകളാകുമായിരുന്നു പലപ്പോഴും. ”

ആദി അവളെ തന്നെ നോക്കി നിന്നു.കഴിഞ്ഞു പോയൊരു കാലത്തിന്റെ മധുരസ്മൃതികളാണ് അവളുടെ മുഖം നിറയെ.. എന്റെ അച്ഛൻ മരിക്കുന്നത് വരെയും എനിക്ക് ഒറ്റയ്ക്ക് മുറ്റത്തേക്കിറങ്ങാൻ പോലും പേടിയായിരുന്നു.ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോകാൻ പേടി… അറിയാത്തവരെ പേടി.. അങ്ങനെ എല്ലാത്തിനും പേടിയുള്ള ഒരു കൃഷ്ണപ്രിയ.. അച്ഛനില്ലായ്മയിൽ ഞാൻ ഭയന്നു വിറച്ചും ഇനിയെങ്ങനെ ജീവിക്കുമെന്ന് അറിയാത്ത വല്ലാത്തൊരു അവസ്ഥയിലേക്ക് എടുത്തറിയപ്പെട്ടിരുന്നു. “പ്രിയ അന്നത്തെ അതേ നോവിന്റെ ചുഴിയിൽ പെട്ടത് പോലെ ഒന്ന് ശ്വാസമെടുത്തു..

” ആദ്യത്തെഒരുമാസംവലിയകുഴപ്പമൊന്നുമില്ലായിരുന്നു. അയൽക്കാരും നാട്ടുകാരും സഹായിച്ചു ഒരു വിധം ജീവിതം മുന്നോട്ടു പോയി.. പക്ഷേ അപ്പോഴൊക്കെയും എനിക്കറിയാമായിരുന്നു അതൊന്നും ശാശ്വതമായ ഒരു സഹായമല്ല, എല്ലാവർക്കുംഅവരുടെതായകാര്യങ്ങളുണ്ട്…അവരുടെതായപ്രശ്നങ്ങളുണ്ട്.അതിനിടയിൽ മറ്റൊരാളുടെ ബാധ്യത കൂടി ഏറ്റെടുക്കാൻ ആരും തയ്യാറാവുകയുമില്ല..

ഒറ്റയ്ക്ക് അനുഭവിച്ച ഒരു നോവിന്റെ കഥയാണ് അവൾ പറയുന്നതെങ്കിലും വല്ലാത്തൊരു ആത്മധൈര്യം അവളുടെ മുഖത്ത് ആദിക്ക്കാണാൻകഴിയുന്നുണ്ടായിരുന്നു..അതാണവനെ അത്ഭുതപ്പെടുത്തിയതും.” പഠിക്കാൻ പോണോ അതോ എന്തെങ്കിലും ജോലിക്ക് പോകണോ.. ഒരുപാട് ദിവസത്തെ എന്റെ ഉറക്കം കളഞ്ഞ ഒരു ചോദ്യമായിരുന്നു ഇത്…ഞങ്ങളുടെ അയൽവാസി സുധാകരേട്ടൻ എന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു.എനിക്കെന്റെ അച്ഛനെ പോലെ തന്നെയാണ്.അച്ഛനെ പോലെ എന്നെ പുന്നാരച്ചിട്ടുണ്ട് എന്നോട് വാത്സല്യത്തോടെ സംസാരിച്ചിട്ടുണ്ട്.. പക്ഷേ അന്ന് എന്റെ വീട്ടിലേക്ക് കടന്നുവന്ന സുധാകരേട്ടനിൽ ഈ വക കാര്യങ്ങളൊന്നും ഞാൻ കണ്ടതേയില്ല . എന്നെ ചേർത്തുപിടിച്ച സുധാകരേട്ടന്റെ കൈകളിൽ നിന്ന് ഞാൻ ഞെട്ടലോടെ പിന്നിലേക്ക് മാറുമ്പോൾ അന്നത് ഞാൻ തിരിച്ചറിഞ്ഞു.. ”

പ്രിയ പിടഞ്ഞത് പോലൊന്നു നിവർന്നു നിന്നു..
ടോ… പറയാൻ തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയണമെന്നില്ല കേട്ടോ… ഞാൻ..വെറുതെ..”
ആദി അവളെ നോക്കി.. ധൃതിയിൽ പറഞ്ഞു.
“ഇല്ല.. എനിക്ക്.. എനിക്ക് പറയണം…”അവൾ വാശിക്കാരിയെ പോലെ പറഞ്ഞുകൊണ്ട് തല വിലങ്ങനെയാട്ടി..ആദി പിന്നെ ഒന്നും മിണ്ടിയതുമില്ല.
“ഞാനന്ന് അയാളെ തള്ളിമാറ്റിയാണ് അകത്തേക്കോടിയത്.എന്നിട്ടും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല അയാൾക്കാവട്ടെ യാതൊരു കൂസലുമില്ല.ഒരു വല്ലാത്ത നോട്ടത്തോടെ ഇറങ്ങി പോവുകയും ചെയ്തു അതായിരുന്നു കൃഷ്ണപ്രിയയുടെ ആദ്യത്തെ മോശമായ അനുഭവം..”അവൾ പുച്ഛത്തോടെയൊന്നു ചിരിച്ചു..” പക്ഷേഅതൊരുതുടക്കംമാത്രമായിരുന്നു.സുധാകരനെ പോലെ അനേകം ആളുകൾ.അവരോടൊക്കെയും ഞാൻ കരഞ്ഞും നിലവിളിച്ചുമാണ് ആദ്യം പ്രതികരിച്ചത്. പിന്നെ.. പിന്നെ എനിക്കും തോന്നി ആ രീതിയിൽ ഞാൻ ഒട്ടും സുരക്ഷിതമല്ലെന്ന് ആ രീതി അവർക്കൊട്ടും പേടിയുമില്ലന്ന് .. കരഞ്ഞു വിളിച്ചും ഞാൻ എന്നെ കൂടുതൽ സേഫ് ആക്കാൻ നോക്കുന്നതെല്ലാം അവർക്കൊരു ലഹരിയാണെന്ന്.. ആ തിരിച്ചറിവിൽ നിന്നായിരിക്കണം കൃഷ്ണപ്രിയ എന്ന പുതിയൊരാൾ ജനിച്ചതും രൂപം കൊണ്ടതും. നിഷേധിയായ അഹങ്കാരിയായ ജാഡക്കാരിയായ ഒന്നു നോക്കിയാൽ.. എന്തെങ്കിലും പറഞ്ഞാൽ അതിന് പകരം നൂറെണ്ണം തിരിച്ചു പറയുന്ന ഒരു പുതിയ കൃഷ്ണപ്രിയ…. ”

അതു പറയുമ്പോൾ അവളിൽ ഒരു അലസമായ ഭാവമായിരുന്നില്ല…പകരം അഭിമാനം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടെന്ന് ആദിക്ക് തോന്നി…” ഞാൻ കണ്ടിട്ടുള്ള പുരുഷന്മാർക്കെല്ലാം ഒരൊറ്റ മുഖമായിരുന്നു,ഒരൊറ്റ ഭാവമായിരുന്നു. ഒറ്റയ്ക്കായ ഒരുവളിൽഅവർതേടിയിരുന്നതൊക്കെയും കാമമായിരുന്നു.. ഇവിടുത്തെ മുത്തച്ഛനെ പോലെ സ്കൂളിലെ മണിയേട്ടനെ പോലെ വളരെ ചുരുക്കം ചിലർ മാത്രം എന്നെ ഒരു മനുഷ്യനായി പരിഗണിച്ചു.. കൂട്ടിന് ആരുമില്ലെങ്കിലും എനിക്കും വേദനകളുണ്ടെന്നും ആരും സംരക്ഷിക്കാൻ ഇല്ലെങ്കിലും എനിക്കും അഭിമാനമുണ്ടെന്നും തിരിച്ചറിഞ്ഞു.. “അത് പറയുമ്പോൾ നിറഞ്ഞു പോയ അവളുടെ കണ്ണുകൾ..ആദിക്കൊരു വല്ലായ്മ തോന്നി.” എന്നോട് ഇടപെടുന്നവർക്കെല്ലാം ഒരേ ഉദ്ദേശം ആയതിനാൽ ആണുങ്ങളോട് സംസാരിക്കുമ്പോഴൊക്കെയും എന്നിൽ ഒരു വല്ലാത്ത ഭാവം വന്നു ചേർന്നു. ഞാൻ വളരെ പരുക്കനാവും..മനപ്പൂർവമല്ല, എന്നെ അങ്ങനെയാക്കിയതാണ് ഇവിടുത്തെ ആൺ സമൂഹം… ”

മുഖം ഒന്നമർത്തി തുടച്ചുകൊണ്ട് പ്രിയ ആദിയെ നോക്കി.. എനിക്കറിയാം, നിങ്ങളോട് ഞാൻ മോശമായിട്ട് പെരുമാറിയിട്ടുണ്ട്.പക്ഷേ ഒന്നും മനപ്പൂർവമല്ലെന്ന് മനസ്സിലാക്കണം. എന്റെ..എന്റെ അവസ്ഥ അങ്ങനെയായിരുന്നു.എനിക്ക്.. എനിക്കങ്ങനെയെപറയാൻകഴിവുള്ളായിരുന്നു.അതെന്റെ അഹങ്കാരമാണെന്നും തലതിരിഞ്ഞവളുടെ മുഖമുദ്രയാണെന്നും നിങ്ങൾക്ക് തോന്നിയേക്കാം.. ശെരിക്കും പക്ഷേ കൃഷ്ണപ്രിയയുടെ അവസ്ഥയായിരുന്നു..അതെല്ലാം.ഈ സ്വഭാവം കൊണ്ട് എന്നിലേക്ക് വന്നു ചേർന്ന അപമാനത്തിന്റെ കണക്ക് വളരെ വലുതാണ്.. നിങ്ങൾ.. നിങ്ങൾ പോലും അതിന്റെ ഇരയാണ്..”

അവൾ ആദിയെ നോക്കി..”ഇല്ലെടോ.. ഞാൻ… ഞാനതെല്ലാം അതെല്ലാം അപ്പഴേ വിട്ടു..”ആദി അവളെ നോക്കി പതിഞ്ഞൊരു ചിരിയോടെ പറഞ്ഞു.
അവളും ചിരിച്ചു..ആദി തന്നെ ആശ്വാസിപ്പിക്കാൻ വെറുതെ പറഞ്ഞതാണെന്ന് പ്രിയക്കുറപ്പായിരുന്നു..
എനിക്കറിയാം.. നിങ്ങളുടെ നല്ല മനസ്സ്.ഇപ്പോ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നിങ്ങൾ.ഞാൻ വെറുത്തു പോയ പുരുഷവർഗത്തിന്റെ മറ്റൊരു മുഖമാണ് ആദിത് മഹാ ദേവന്ന നിങ്ങൾ…ഞാൻ മൂലം വലിയൊരു അപമാനത്തിൽ നിങ്ങൾ പെട്ടിട്ടും എന്നെ കൈ വിട്ടു കളയാതെ നിങ്ങൾ കാത്തു വച്ചല്ലോ.. ആ മനുഷ്യൻ ചെന്നായ്ക്കൾക്ക് കടിച്ചു കുടയാൻ എന്നെയിട്ടു കൊടുത്തില്ലല്ലോ..ഒട്ടും ഇഷ്ടമില്ലാതെയാണെങ്കിൽ കൂടിയും നിങ്ങളുടെ ജീവിതത്തിലേക്ക് എന്നെ… ”

അത് പറഞ്ഞു വരുമ്പോഴേക്കും പ്രിയ കരഞ്ഞു പോയിരുന്നു..യഥാർത്ഥത്തിലുള്ള കൃഷ്ണപ്രിയ ഇതാ…ഇപ്പോൾ തനിക്ക് മുന്നിലുള്ളവളാണെന്ന് ആദിക്ക്തോന്നി..”സ്കൂളിൽവെച്ച്….തനിക്ക്…തനിക്കവിടെ ആരെങ്കിലും സംശയം ഉണ്ടോ കൃഷ്ണ പ്രിയ?ആർക്കെങ്കിലും അവിടെ തന്നോട് ദേഷ്യം ഉള്ളതായി…”അത് ചോദിച്ചുകൊണ്ട് ആദി പ്രിയയെ നോക്കി.” അവിടെ എന്നെ ആർക്കാണ് എന്നോട് ഇഷ്ടം..? “വിളറിയ ഒരു ചിരിയോടെയുള്ള അവളുടെ തിരിച്ചു ചോദ്യം.വേദന നിറഞ്ഞ ആ നോട്ടത്തിലും മങ്ങിയ ചിരിക്കുമപ്പുറം ഇനി അവളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ആദിക്കും തോന്നിയില്ലായിരുന്നു..

” പക്ഷേ എനിക്കുറപ്പുണ്ട്..എന്നോട് ഏറ്റവും ശത്രുതയുള്ള ഒരാൾ..ഏറ്റവും വെറുപ്പുള്ള ഒരാളായിരിക്കണം ഇതിനു പിന്നിൽ.കാരണം എന്നോട് ചേർന്ന് നിൽക്കുമ്പോഴും എന്നെ പുറകിൽ നിന്നും കടന്നു പിടിക്കുമ്പോഴും ആ സാന്നിധ്യവും ഗന്ധവും എനിക്ക് വളരെ മുമ്പേ അടുത്തറിയാവുന്നതുപോലെ. തോന്നിയിരുന്നു… അല്ല അതന്റെ തോന്നല..ല്ല അതായിരുന്നു സത്യം..വലിഞ്ഞുമുറുകിയ മുഖത്തോടെ പ്രിയ പറയുമ്പോൾ ആദിയുടെ മുഖവും ഒന്നു തെളിഞ്ഞു..തന്റെ നിഗമനങ്ങൾ ഏറെക്കുറെ ശരിയാവുകയാണെന്ന് അവനും ഉറപ്പിക്കുകയായിരുന്നു..” ആ ചെയ്തത് അതിനി ആരായാലും അതിനുള്ള ശിക്ഷ കൊടുക്കാൻ തനിക്ക് ഞാൻ ഒരു അവസരം ഒരുക്കി തരും കൃഷ്ണ പ്രിയ…ഇതെന്റെ വാക്കാണ്… ”

തപിച്ചു പൊള്ളി നിൽക്കുന്ന പ്രിയയുടെ ഹൃദയത്തിലേക്ക് ഒരുപിടി മഞ്ഞു വാരിയിട്ടത് പോലെ തണുപ്പിക്കാൻ പ്രാപ്‌തിയുണ്ടായിരുന്നു ആദിയുടെ വാക്കുകൾക്ക്..അവൾ അവനെ നോക്കി എന്ന് നന്ദിയോടെ പുഞ്ചിരിച്ചു.”തനിക്കിവിടെ ആരെയും ഭയക്കാതെ തന്നെ കഴിയാം. ഇതിനുള്ളിൽ വന്നിട്ട് ആരും തന്നെ ഒന്നും പറയില്ല.. അപമാനിച്ചു രസിക്കില്ല.. അത് ഞാനുറപ്പു തരാം “ആദിയും ചിരിയോടെ പറഞ്ഞു.അത്രയും സംസാരിച്ചത് കൊണ്ടോ.. അതോ അവളിൽ നിന്ന് തന്നെ യഥാർത്ഥ കൃഷ്ണപ്രിയയെ അറിഞ്ഞത് കൊണ്ടോ.. എന്തോ ആദിക്ക് പ്രിയയോടുള്ള അകലം അൽപ്പം കുറഞ്ഞത് പോലെ തോന്നി.

സംസാരിക്കാൻ തമ്മിലുണ്ടായിരുന്നു ആ തടസ്സമിത്തിരി നീങ്ങി പോയത് പോലെ..” സമയം ഒരുപാടായി.. താൻ കിടന്നോ..? “പ്രിയയോട് വീണ്ടും എന്തൊക്കെയോ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. ആദിയുടെ മനസ്സിൽ.പക്ഷേ അവളുടെ നിറഞ്ഞ കണ്ണുകളും നോട്ടവും അവനെ അതിൽ നിന്നെല്ലാം വിലക്കി..ആദിയെ നോക്കി തലയാട്ടി കൊണ്ട് പ്രിയയും കയറി കിടന്നു..ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ആദിയും കിടന്നു..മങ്ങിയ ഇരുട്ടിൽ പ്രിയ പറഞ്ഞു തീർത്ത വാക്കുകളിലേക്ക് ആദി വീണ്ടുമിറങ്ങി നടന്നിരുന്നു.പ്രിയയാവട്ടെ, അവൻ പകർന്നു കൊടുത്ത ആശ്വാസവാക്കുകൾക്ക് പ്രണയത്തിന്റെ മേമ്പോടി പൂശുന്ന തിരക്കിലും..
അത്ര മാത്രം അവളെ അവന്റെ വാക്കുകൾ സ്വാധീനിച്ചു പോയിരുന്നു..ആൺ വർഗത്തിന്റെ അപമാനത്തിന്റെ തീ ചൂളയിൽ വെന്തുരുകിയവൾക്ക് അമൃതുപോലായിരുന്നു അവനും അവന്റെ സാമീപ്യവും…അവളെറിയാതെ തന്നെ അവളവനെ മോഹിച്ചു തുടങ്ങിയിരിക്കുന്നു..
പ്രണയത്തിന്റെ പുത്തൻ ഭാവങ്ങൾ അവളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു…

❣️❣️

രാവിലെ തന്നെ രതീഷ് എത്തുമെന്ന് പറഞ്ഞു വിളിച്ചത് കൊണ്ട് ആദിയും മാഷും എന്നും പോവുന്നതിലും വളരെ നേരത്തേ തന്നെ പോവാനിറങ്ങി.രമണി എട്ടു മണിക്ക് ശേഷമേ വരികയുള്ളൂ.അതിനാൽ തന്നെ അവരെന്ന് ചായ കുടിക്കാതെ പോകേണ്ടി വരുമല്ലോ എന്നോർത്തതും പ്രിയ അടുക്കളയിലേക്ക് കയറിയത്. ഉപ്പുമാവ് ഉണ്ടാക്കിയാൽ മതി മോളെ.അതായിരിക്കും നിനക്ക് കുറച്ചും കൂടി എളുപ്പം.. “അങ്ങോട്ട് ഇറങ്ങി വന്ന മാഷ് പറഞ്ഞത് കേട്ടതും എന്തുണ്ടാക്കും എന്നുള്ള ആശങ്ക മാറിയിരുന്നു.സന്തോഷത്തോടെ അവൾ തലകുലുക്കി സമ്മതിച്ചു കൊണ്ട് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി..ആദിയും മാഷും കുളിച്ച് റെഡിയായി വരുമ്പോഴേക്കും അവൾ അതെല്ലാം ടേബിളിലേക്ക് എടുത്തു വച്ചിരുന്നു.

നീയും കൂടെ ഇരുന്നു കഴിക്ക്.. അല്ലെങ്കിൽ പിന്നെ ഒറ്റയ്ക്ക് കഴിക്കേണ്ട.. “മാഷ് പ്രിയയെയും അവർക്കൊപ്പം പിടിച്ചിരുത്തി..”ഞാൻ.. ഞാനൊന്ന് വീട്ടിലേക്ക് പൊയ്ക്കോട്ടേ ഇന്ന്.. അമ്മക്കെന്നേ കാണാൻ തോന്നുന്നുവെന്ന് പറഞ്ഞു.. ഇന്നലെ വിളിച്ചപ്പോൾ..”വളരെ പതിയെ പ്രിയ ചോദിച്ചത് കേട്ടിട്ടും മാഷ് മുഖമുയർത്തി നോക്കിയതല്ലാതെ അവളോട് ഒന്നും പറഞ്ഞില്ല.”പോയിക്കോട്ടെ മുത്തച്ഛ.. നിങ്ങൾ എത്തുമ്പോഴേക്കും ഞാൻ ഇങ്ങോട്ട് തന്നെ വന്നേക്കാം എനിക്ക് ഇവിടെ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു..”മാഷോന്നും മിണ്ടുന്നില്ലന്ന് കണ്ടതും പ്രിയ ആ കൈകളിൽ പിടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.” ഇതെന്തിനാ നീ എന്നോട് ചോദിക്കുന്ന? ”

മാഷ് അവളോട് ചോദിച്ചത് കേട്ടതും പ്രിയയുടെ കണ്ണുകൾ മിഴിഞ്ഞു പോയി.”ദേ ഇരിക്കുന്നു നിന്റെ ഭർത്താവ്.നിനക്കോങ്ങോട്ടെങ്കിലും പോകണമെങ്കിലോ എന്തെങ്കിലും വാങ്ങിക്കണമെങ്കിലോ നീ എന്നോടല്ല,അവനൊന്നാണ്ചോദിക്കേണ്ടത്.അവനാണ് നിന്റെ ഭർത്താവ്.. അവനോട് ചോദിച്ചിട്ട് അവൻ സമ്മതിക്കുമെങ്കിൽ നീ പൊയ്ക്കോ.. എനിക്കൊരു കുഴപ്പവുമില്ല..”കുഞ്ഞൊരു ചിരിയോടെ അതും പറഞ്ഞിട്ട് കഴിച്ചു കഴിഞ്ഞ പാത്രവുമായി മാഷ് എഴുന്നേൽക്കുമ്പോൾ ചായ കുടിച്ചു കൊണ്ടിരിക്കുന്ന ആദി ചുമച്ചു കൊണ്ട് നെറുകയിൽ തട്ടി.അവന്റെ നോട്ടം കണ്ടതും ചോദിച്ചത് അബദ്ധമായ ഒരു തോന്നൽ പ്രിയയിൽ നിറഞ്ഞു.വിളറിക്കൊണ്ടവൾ മുഖം കുനിച്ചു.മാഷ് രണ്ടിനെയും നോക്കി പതിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങിപ്പോയി.

മാഷ് ഇറങ്ങിപ്പോയതോടെ ആദിയും ധൃതിയിൽ എഴുന്നേറ്റ് കൈ കഴുകി.വീട്ടിലേക്ക് പോകണമെന്ന് അതിയായ മോഹം ഉണ്ടായിട്ടും ആദിയുടെ മുഖത്തുനോക്കി ഒരിക്കൽ കൂടി പോകട്ടെ എന്ന് ചോദിക്കാൻ തോന്നിയില്ല.കൈ കഴുകി തുടച്ചുകൊണ്ട് വന്ന ആദിയുടെ നോട്ടം പ്രിയക്ക് നേരെയായിരുന്നു.അവളുടെ വാടിപ്പോയ മുഖം അവന്റെ കണ്ണിലുടക്കി..”ഞാൻ…ഉച്ച കഴിഞ്ഞു വരും..ഒറ്റയ്ക്ക് പോകണ്ട, ഞാൻ വന്നിട്ട് കൊണ്ട് പോകാം..””ഇവളെ കൊന്നിട്ടായാലും നിന്നെ ഞാൻ കൊണ്ടുപോകുമെന്ന”ദേവന്റെ വാക്കുകളായിരുന്നു അത് പറയുമ്പോൾ ആദിയുടെ മനസ്സിലെങ്കിൽ… പ്രിയയുടെ ഉള്ളിൽ ഒരു പ്രണയത്തിന്റെ പൂക്കാലം ഒരുങ്ങുകയായിരുന്നു.

തന്നെ ഒറ്റയ്ക്ക് വിടാൻ അവന് ഇഷ്ടമല്ലെന്നും തനിക്കൊപ്പം വരാൻ അവനും ആഗ്രഹിക്കുന്നതെന്നുമുള്ള തെറ്റിദ്ധാരണയിലേക്ക് അവളുടെ ചിന്തകൾ നീങ്ങി..അതിമനോഹരമായ ഒരു ചിരിയോടെ അവൾ അവനെയൊന്ന് നോക്കി..
“വാതിൽ അടച്ചിട്ടേക്കണം.. വെറുതെ പുറത്തിറങ്ങി നടക്കരുത്… രമണി ചേച്ചി വരും വരെയും ഇതിനകത്ത് തന്നെ ഇരുന്നാൽ മതി..”അതെല്ലാം പറയുമ്പോഴും ആദിയുടെ മനസ്സിൽ ദേവന്റെ മുഖമായിരുന്നു.പ്രിയ അവനെ നോക്കാൻ കഴിയാതെ മുഖം കുനിച്ചു..തന്റെ മുഖത്തെ കള്ളത്തരം അവനെ കാണിക്കില്ലെന്ന് വാശിയുള്ളത് പോലെ..പക്ഷേ അതൊന്നുമറിയാതെ അവൻ മുറ്റത്തേക്കിറങ്ങി പോയിരുന്നു.സന്തോഷം കരകവിഞ്ഞൊഴുകുന്ന മനസ്സോടെയാണ് പ്രിയയും ഉമ്മറത്തേക്ക് ചെന്നത്.

അപ്പോഴേക്കും ആദി കാറിറക്കി മാഷിനടുത്ത് കൊണ്ടുവന്നു നിർത്തിയിരുന്നു.”പോട്ടെ മോളെ…”അതിനകത്തേക്ക് കയറി അവൾക്ക് നേരെ കൈവീശി കൊണ്ട് മാഷ് പറഞ്ഞു.തിരിച്ചു കൈവീശി കാണിക്കുമ്പോഴും പ്രിയയുടെ കണ്ണുകൾ ആദിക്ക് നേരെയായിരുന്നു.അവനൊന്നു നോക്കിയില്ലെങ്കിൽ കൂടിയും നേരത്തെ ആദി പറഞ്ഞ വാക്കുകളുടെ തണുപ്പിൽ അങ്ങനെ ചുരുണ്ടു കൂടിയിരിക്കാനായിരുന്നു അവളപ്പോഴും കൊതിച്ചിരുന്നത്..മനസ്സിലാ വാക്കുകളെ താലോലിച്ചു കൊണ്ടാണ് അവൾ ബാക്കിയുള്ള ജോലികളിലേക്ക് തിരിഞ്ഞത്..കോളിങ് ബെൽ അടിക്കുന്നത് കേട്ടാണ് അവൾ ധൃതിയിൽ അങ്ങോട്ട് ചെന്നത്..”ആരിത്.. സഞ്ജുവോ..?”അവനെ കണ്ട് സന്തോഷത്തോടെ പ്രിയ ചിരിയോടെ ചോദിച്ചു.

“എന്താണ്.. പെങ്ങൾക്ക് ഇന്നിത്ര സന്തോഷം? സാധാരണ മൂടിക്കെട്ടിയ മോന്തയും ആയിട്ടാണല്ലോ ഇവിടെ നിൽക്കാറുള്ളത്..?”സഞ്ജു അവളെന്നെ ചൊറിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചത് പ്രിയ അവന്റെ നോട്ടം നേരിടാൻ വയ്യാതെ മുഖം താഴ്ത്തി പിടിച്ചു.” മൊത്തത്തിൽ ഒരു കള്ളത്തരമുണ്ടല്ലോ പെങ്ങളെ? എന്താണെന്ന് വേഗം പറഞ്ഞോ..എന്റെ ഐഡിയ വല്ലതും ഏറ്റോ..? “സഞ്ജു അവളെ നോക്കി.”അത് കൊള്ളാലോ.. എനിക്കൊന്നു സന്തോഷിക്കാനും പാടില്ലേയിനി..?”
പ്രിയ കണ്ണുരുട്ടി..” അതൊക്കെ ആവാം.പക്ഷേ പെങ്ങൾക്ക് മാത്രമല്ല..അളിയനും മൊത്തത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്.. അതെന്താണെന്ന് എനിക്ക് പറയാൻ അറിയില്ലെങ്കിലും, എന്തോ മാറ്റമുണ്ട്… അതുറപ്പാണ് “സഞ്ജു നടുവിനു കൈ കുത്തി നിന്ന് പ്രിയയെ നോക്കി.

“എന്തുമാറ്റം?”അവൾ ഒന്നും അറിയാത്തതുപോലെ സഞ്ജുവിനെ നോക്കി..” അതല്ലേ ഞാനും പറഞ്ഞത് എന്താണ് മാറ്റമെന്നതെന്ന് എനിക്കറിയില്ലന്ന്.പക്ഷേ പെങ്ങളുടെ അഭിനയം ഏൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. അല്ലെങ്കിൽ പിന്നെ… പ്രിയ വീട്ടിൽ ഒറ്റയ്ക്കാണ് നീ അവളെ വിളിച്ചുകൊണ്ട് നിന്റെ വീട്ടിലേക്ക് പോയിക്കോ എന്ന് പറഞ്ഞുകൊണ്ട് എന്നെ വിളിച്ച് ഇങ്ങോട്ട് വരാൻ ആവശ്യപ്പെടില്ലല്ലോ..? ”
പ്രിയയെ നോക്കി വല്ലാത്തൊരു ചിരിയോടെ അവനത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി..
” പെങ്ങൾ എന്തായാലും ആളു കൊള്ളാട്ടോ ഞാൻ വിചാരിച്ചതിനെക്കാളും സൂപ്പറാണ്… നമ്മളിത് പൊളിക്കും ”

അവളുടെ മുഖത്തേക്ക് ഇരച്ചു കയറിയ സന്തോഷം കണ്ടതും സഞ്ജു ചിരിയോടെ പറഞ്ഞു…പ്രിയ ഒറ്റയ്ക്കാണെന്നറിഞ്ഞാൽ ദേവൻ ഇന്നലത്തെപ്പോലെ വീണ്ടും അങ്ങോട്ട് വരുമെന്നും അവളെ ഉപദ്രവിക്കുമെന്നും പേടിയുള്ളതുകൊണ്ടായിരുന്നു ആദി സഞ്ജുവിനെ വിളിച്ച് അവളെയും കൂട്ടി സഞ്ജുവിനെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത് രണ്ടാളും അറിഞ്ഞില്ല.” അപ്പൊ എങ്ങനെയാ പെങ്ങളെ പോവല്ലേ..? പ്രിയതമൻ വിളിച്ച് ആവശ്യപ്പെട്ടതല്ലേ..പോകാതിരുന്ന മോശമാണ് കേട്ടോ.. “പ്രിയക്ക് പിറകെ നടന്നു കൊണ്ട് തന്നെ സഞ്ജു കാര്യമായിട്ട് കളിയാക്കുന്നുണ്ട്.അവനോട് തിരിച്ചൊന്നും പറയാൻ കഴിയാത്തൊരു ചമ്മല് അവളിലുമുണ്ട്.അവിടെയിരുന്നിട്ട് രമണിയുടെ ദുഷിച്ച മുഖം കാണണ്ടല്ലോ എന്ന് വിചാരിച്ചിട്ട് തന്നെയാണ് സഞ്ജുവിനൊപ്പം പ്രിയ അവന്റെ വീട്ടിലേക്ക് പോയതും.

ബാലൻ മാഷും അജുവും അവിടെ ഇല്ലായിരുന്നു. പക്ഷേ ലക്ഷ്മിയും നളിനിയും അവളെ നിറഞ്ഞ സന്തോഷത്തോടെയാണ്സ്വീകരിച്ചത്.അവർക്കിടയിലേക്ക് എത്തിപ്പെട്ടതും പ്രിയ സ്വന്തം വീട്ടിലേക്ക് എത്തിയതുപോലൊരു പ്രതീതിയാണ് തോന്നിയത്..നളിനി അവൾക്ക് ഇഷ്ടപ്പെട്ട ഓരോന്നും ചോദിച്ച് അതെല്ലാം ഉണ്ടാക്കി കൊടുക്കുമ്പോൾ അവളോടൊപ്പം തല്ലുണ്ടാക്കി അത് കഴിക്കാൻ സഞ്ജുവും മത്സരിക്കുന്നുണ്ടായിരുന്നു…

…..തുടരും…

തെറ്റ്ധാരണ ഒന്നിനും പരിഹാരമല്ല ഗയ്സ്..അപ്പൊ പറഞ്ഞു വന്നത് ന്റെ ചെക്കന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് ആ പ്രണയപനിക്കൊന്ന് ആരേലും പറഞ്ഞു കൊടുക്കാവോ..ഓൾക്കും ഇങ്ങക്കും അതാ നല്ലത്..
ഇല്ലെങ്കിൽ പിന്നെ.. ഇല്ല.. ഞാനൊന്നും പറയുന്നില്ലേ.. യ് വല്ല്യ റിവ്യൂ ഇട്ടാ രാത്രിയിൽ ഒന്നൂടെ.സ്നേഹത്തോടെ ജിഫ് ❣️