രചന – ജിഫ്ന നിസാർ
നൂറ്റിപതിനേഴെന്നെഴുതിയ മുറിക്ക് മുന്നിൽ ചെന്നു നിന്നിട്ട് പ്രിയ ഇടവും വലവും നോക്കി.
യാതൊരു പരിചയവുമില്ലാത്ത ഏതെക്കെയോ മുഖങ്ങളുണ്ട്.
അവളൊന്നു ശ്വാസമെടുത്തിട്ടാണ് വാതിലിൽ പതിയെയൊന്ന് തട്ടി നോക്കിയത്.
തല മാത്രം അകത്തേക്കിട്ട് താൻ തേടി വന്നയാൾ തന്നെയാണോ ഉള്ളിലെന്നു നോക്കിയിട്ടാണ് വാതിൽ മുഴുവനും തുറന്നത്.
“ആഹാ.. ആരാത്.. ഇങ്ങട് കയറി വാ ”
ബാലൻ മാഷാണ് പ്രിയയെ ആദ്യം കണ്ടതും അകത്തേക്ക് വിളിച്ചതും.
മാധവൻ മാഷ് തിരിഞ്ഞ് നോക്കുന്നതും തന്നെ കണ്ടപ്പൊഴാ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നതും നോക്കി കൊണ്ടാണ് പ്രിയ അകത്തേക്ക് കയറിയത്.
“ബാ… ഇവിടിരിക്ക്.”
ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുന്നവൾക്ക് നേരെ മാധവൻ മാഷിന്റെ കൈകൾ നീണ്ടു.
“പനി.. പനി കുറഞ്ഞോ?”
എപ്പോഴെത്തെയും പോലെ ആ മുന്നിൽ പ്രിയ പൂച്ചയെ പോലെ പതുങ്ങി പോയി.
“അതൊക്കെ പോയെടി മോളെ..ഇവർ എന്നെയിവിടെ വെറുതെ ഇട്ടേക്കുവാ ”
മാധവൻ മാഷ് പ്രിയയോട് പറഞ്ഞതും ബാലൻ മാഷ് അയാളെ നോക്കി കണ്ണുരുട്ടി.
“ഇന്നലെ വന്നപ്പോ എന്തായിരുന്നു മാധവാ നിന്റെ അവസ്ഥ. അതൂടെ പറഞ്ഞു കൊടുക്കങ്ങോട്ട്..”
ബാലൻ മാഷൽപ്പം ഗൗരവത്തോടെയാണ് പറഞ്ഞത്.
“അതിന്നലെയല്ലേ.. ഇന്നെന്തായാലും എനിക്ക് വീട്ടിൽ പോണം ബാല. ഞാനിനി അവിടെ പോയി റസ്റ്റ് എടുത്തോളാം.”
മാധവൻ മാഷ് യാതൊരു വിട്ട് വീഴ്ചയുമില്ലാത്ത പോലെ പറഞ്ഞു.
“മ്മ്.. റസ്റ്റ്.. നീ.. നടന്നത് തന്നെ.”
ബാലൻ മാഷ് ചിരിയോടെ പറഞ്ഞു.
“നീ ഒറ്റക്കാണോ മോളെ വന്നത്?”
മാധവൻ മാഷ് വീണ്ടും ചോദിച്ചു.
“മ്മ്. ഞാൻ മണിയേട്ടനോട് ചോദിച്ചു. അപ്പഴാ അറിഞ്ഞത്. ന്തേ മാഷേ പെട്ടന്ന്..?”
പ്രിയ മാഷിനെ നോക്കി.
“എനിക്കറിയില്ല മോളെ.. വൈകുന്നേരം മുതൽ ചെറുതായി തുടങ്ങിയിരുന്നു. ഒരു കുളിരും വിറയലും. ആദിയൊരുപാട് പറഞ്ഞു ഹോസ്പിറ്റലിൽ പോരാൻ..”
മാധവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു.
പുതിയൊരു പേര് കെട്ടതും അവളുടെ നെറ്റി ചുളിഞ്ഞു.
മാഷിനെ കുറിച്ചുള്ള ഒരു ഏകദേശവിവരങ്ങളൊക്കെയും അവൾക്കറിയാം.
മാഷ് തന്നെ പറഞ്ഞു കൊടുത്തിട്ടുള്ള അറിവാണ്.
“ആദി… ആദിത് മഹാദേവ്. എന്റെ കൊച്ചു മോനാണ് ”
അവളുടെ മനസ്സറിഞ്ഞു കൊണ്ട് അതേ ചിരിയോടെ മാധവൻ മാഷ് പറഞ്ഞു.
ആദിത് മഹാദേവ്..
പ്രിയ വെറുതെയൊന്ന് പറഞ്ഞു നോക്കി ആ പേര്.
“പ്രിയക്ക് ചായ വേണോ..സ്കൂളിൽ നിന്നും നേരെയിങ്ങോട്ട് വന്നതാവും. ല്ലേ?”
ബാലൻ മാഷ് ചോദിച്ചത് കേട്ട് പ്രിയ ചാടി എഴുന്നേറ്റു.
“അയ്യോ.. അതൊന്നും വേണ്ട ബാലൻ മാഷേ..”
അവൾ വെപ്രാളത്തോടെ പറഞ്ഞു.
“ഞാൻ.. മണിയേട്ടൻ വയ്യെന്ന് പറഞ്ഞു കേട്ടപ്പോൾ.. ഒന്ന് കാണാൻ തോന്നി. അതോണ്ട് വന്നതാ ”
പ്രിയ മാധവൻ മാഷിനെ നോക്കി പതിയെ പറഞ്ഞു.
“അതേതായാലും നന്നായി. എനിക്കൊരു പാട് സന്തോഷമായി കുട്ടി.അന്വേഷിച്ചു വരാനൊരു ആളുണ്ടാവുകയെന്നതാ ഒരു മനുഷ്യന്റെ ഏറ്റവും വലിയ അഹങ്കാരങ്ങളിൽ ഒന്ന്. എനിക്കിനി അൽപ്പം അഹങ്കാമാവാലോ. ല്ലേ?”
മാധവൻ മാഷ് പ്രിയയെ നോക്കി.
അവളൊന്നും പറയാതെ പതിയെ ചിരിച്ചു.
“ഇന്നെങ്ങനെയുണ്ടായിരുന്നു..?”
തലേന്ന് രാജീവിനോട് പറഞ്ഞതെല്ലാം മനസ്സിലിട്ട് കൊണ്ടായിരുന്നു മാധവൻ മാഷ് പ്രിയയോടങ്ങനെ ചോദിച്ചത്.
പക്ഷേ ആ ഒറ്റ ചോദ്യം കൊണ്ടവളുടെ മുഖം വാടി. മിഴികൾ താഴ്ന്നു.
“ഞാനിത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു മോളെ. ഇന്ന് നീയവിടെ ഒറ്റക്കായി പോവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.”
മാധവൻ മാഷൊരു ക്ഷമാപണത്തോടെയാണ് പറഞ്ഞത്.
പ്രിയ അതിന്റെ പോരുളറിയാതെ പകച്ചുപോയി.
“സത്യത്തിൽ ഇന്നലെ നിനക്ക് വേണ്ടിയാണ് ഞാനത്രേം രാജീവിനോട് കയർത്തു സംസാരിച്ചത്. പക്ഷേ ഇന്ന് അതിനുള്ളത് കൂടി നീ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ടാവാം ”
അവൾ പറയാതെ തന്നെ എല്ലാം മനസ്സിലായത് പോലെ മാഷത് പറഞ്ഞപ്പോഴായിരുന്നു അന്നത്തെ ദിവസം രാവിലെ മുതൽ അവൾ അനുഭവിക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളുടെയും കുത്ത് വാക്കുകളുടെയും പിന്നിലെ രഹസ്യം അവൾക്ക് മുന്നിൽ പരസ്യമായി തീർന്നത്.
അത് വരെയുംമുണ്ടായിരുന്ന അവളുടെ ഹൃദയത്തിലെ വീർപ്പുമുട്ടൽ അവസാനിച്ചു പോയിരുന്നു..മാഷിന്റെ ആ വെളിപ്പെടുത്തലുകൾക്ക് മുന്നിൽ.
തനിക്കു വേണ്ടി മാഷ് അയാളോട് സംസാരിച്ചു എന്നത് തന്നെ അവളിലൊരു ഊർജ്ജം നിറഞ്ഞു.
വല്ലാത്തൊരു സന്തോഷവും.
“തേടി വരാൻ ഒരാളുണ്ടാവുന്നത് മാത്രമല്ല മാഷേ അഹങ്കാരം. നമ്മൾക്ക് വേണ്ടി മറ്റൊരാൾ ശബ്ദമുയർത്തുന്നതും അൽപ്പം അഹങ്കാരം തന്നെയാണ് ”
പതിഞ്ഞൊരു ചിരിയോടെ പ്രിയ പറഞ്ഞത് കേട്ട് മാധവൻ മാഷും ബാലൻമാഷും പരസ്പരം നോക്കി ചിരിച്ചു.
“തോൽപ്പിക്കാൻ ആയിരക്കണക്കിന് പേരുണ്ടാകും മോളെ. പക്ഷേ തോറ്റു കൊടുക്കില്ലെന്ന് നമ്മൾക്ക് തീരുമാനമെടുക്കാവുന്നതേയുള്ളു..”
മാഷവളെ നോക്കി ചിരിച്ചു.
“അവനെ പോലെയൊരുത്തൻ നഷ്ടപ്പെട്ടതാർത്ത് കൊണ്ട് വേദനിക്കുന്നൊരു വിഡ്ഢിയല്ല കൃഷ്ണപ്രിയ എന്നത് തന്നെയാണ് ഞങ്ങളുടെ വിശ്വസം. അല്ലെടോ ബാലാ?”
മാധവൻ മാഷ് ചങ്ങാതിയെ നോക്കി.
“പിന്നല്ലാതെ.. രക്ഷപെട്ടു ന്നങ്ങോട്ട് കരുതി നന്നായി ജീവിച്ചു കാണിച്ചു കൊടുത്തേക്കണം. പ്രിയ മിടുക്കിയാണെന്ന് പഴി പറഞ്ഞവരെ കൊണ്ട് തന്നെ പറയിപ്പിക്കാൻ കഴിയുന്ന മിടുക്കിയാവണം നീ ”
പ്രിയക്ക് വല്ലാത്തൊരു ഉന്മേഷം ഒന്നാകെ പൊതിയുന്നുണ്ട്.
ചിലരങ്ങനെയാണ്..
നമ്മളേത് വലിയൊരു വിഷമഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നതെങ്കിലും.. ഒരു വിളിയിൽ.. നേർത്തൊരു ചിരിയിൽ.. അല്ലെങ്കിൽ ഒരു നോട്ടത്തിൽ… ഇത്രയുമെല്ലാം മതിയാവും അവർക്ക് നമ്മളെ സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും നിർവൃതിയിയിൽ അലിയിക്കാൻ..
അവരുടെ സ്നേഹം ഹൃദയം കൊണ്ടുള്ളതാവാം.
ആ സ്നേഹം ഏറ്റെടുക്കുന്നതും ഹൃദയമാവും..
“ബസ്സിലാണോ നീ വന്നത്?”
മാധവൻ മാഷ് വീണ്ടും അവളെ നോക്കി.
“മ്മ്..”
തലയാട്ടുന്നതിനൊപ്പം തന്നെ പ്രിയയുടെ കണ്ണുകൾ കയ്യിലെ വാച്ചിലേക്ക് നോക്കി.
വിചാരിച്ചതിലും വൈകി.
അവൾക്കപ്പോൾ ഇത്തിരി മുന്നേ നടന്ന ആ കൂട്ടി മുട്ടലാണ് ഓർമ വന്നത്.
അവന്റെ കണകുണ വർത്താനം കേട്ട് കുറേ നേരം അവിടെ പോയല്ലോ?
ആ ഓർമയിൽ തന്നെ അവളുടെയുള്ളിൽ ദേഷ്യം നിറഞ്ഞു.
“ഒറ്റക്ക് പോകുവോയിനി?”
ബാലൻ മാഷാണ് ചോദിച്ചത്.
“മ്മ്.. ”
പ്രിയ ചിരിയോടെ തലയാട്ടി.
“അവന്മാർ എങ്ങോട്ട് പോയാവോ. എന്റെ കാറുണ്ട് പുറത്ത്. ഞാനൊന്നു വിളിച്ചു നോക്കട്ടെ ”
ബാലൻ മാഷ് പറഞ്ഞു.
“യ്യോ.. എന്നെ കൊണ്ട് വിടാൻ വേണ്ടിയാണ് വിളിക്കുന്നതെങ്കിൽ അത് വേണ്ട മാഷേ… ആരായാലും അവർക്കതൊരു ബുദ്ധിമുട്ടാവും.ഞാനൊറ്റക്കല്ലേ വന്നത്. ഞാൻ പോയികൊള്ളാം ”
ബാലൻ മാഷ് ഫോണെടുക്കും മുന്നേ പ്രിയ ധൃതിയിൽ പറഞ്ഞു.
“അഞ്ചു മണി കഴിഞ്ഞു മോളെ. ബസ്സിൽ നല്ല തിരക്കാവും. മാത്രമല്ല ഇവിടുന്ന് രണ്ടു ബസ്സ് മാറി കയറേണ്ടേ നിനക്ക് വീട്ടിലെത്താൻ ”
മാധവൻ മാഷ് പ്രിയയെ നോക്കി.
“അതൊന്നും സാരമില്ല മാഷേ. അല്ലേലും ലോകത്തിലെ മുഴുവൻ പേരുദോഷവും സ്വന്തമായിട്ട് എന്റെ പേരിൽ നാടും നാട്ടുകാരും എഴുതി ചേർത്തിട്ടുണ്ട്. ഇനിയിപ്പോ ഇച്ചിരി വൈകി ചെന്നാലും അതിലൊന്നും യാതൊരു കുറവും ഏറലുമൊന്നും ഉണ്ടാവില്ല. പിന്നെന്ത് പേടിക്കാൻ ”
ഹൃദയനോവുകളെ നേർത്തൊരു ചിരിയുടെ ആവരണമണിയിച്ചു കൊണ്ട് പറയുന്നവളെ മാധവൻ മാഷും ബാലൻ മാഷും വേദനയോടെയാണ് നോക്കിയത്.
“പറയുന്നോരു പറയട്ടെ മോളെ. ലോകം നീയായിരുന്നു സത്യമെന്നും ശെരിയെന്നു അംഗീകരിക്കുന്നൊരു കാലം വരും. അന്ന് വരെയും ആരെ കൊണ്ടും തടയാവില്ല ആ പറയുന്നവരെ . അവരവരുടെ സന്തോഷം ഇങ്ങനെ ഏഷണി പറഞിട്ടെങ്കിലും ആത്മനിർവൃതിയടയുന്നവർ.. അങ്ങനെ ചെയ്യട്ടെ..”
ആശ്വാസിപ്പിക്കുന്നത് പോലെ മാധവൻ മാഷ് പറഞ്ഞത് കേട്ടതും പ്രിയ തലയാട്ടി.
“മാഷിന് നാളെ വരാൻ കഴിയുവോ?”
പ്രിയക്ക് അതായിരുന്നു സങ്കടം.
“നൂറ്റി പത്തു ഡിഗ്രി പനിയുണ്ടായിരുന്നു പ്രിയേ അവന്..”
ബാലൻ മാഷാണ് ഉത്തരം പറഞ്ഞത്.
അതൊരു ഓർമപ്പെടുത്തല് പോലെയാണ് പ്രിയക്ക് തോന്നിയത്.
‘ഇത്രയും വയ്യാതായ ആള് നാളെയെങ്ങനെ വരാനാണ് ‘എന്നൊരു ഓർമപ്പെടുത്തൽ.
“ഞാനില്ലന്ന് കരുതി.. അവന്മാർ പറയുന്നത് മുഴുവൻ കേട്ടിട്ട് മിണ്ടാതെ നിൽക്കരുത് കേട്ടോ. അത്രേം തരം താഴ്ന്നവരോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് നിന്നെ പോലെ എനിക്കുമറിയാം. പക്ഷേ ചിലപ്പോൾ മൗനം പോലും അവർക്കൊരു മറയാണ്. അതിനുള്ള സാഹചര്യമുണ്ടാക്കരുത്. മനസിലായോ?”
മാഷ് ഓർമ്മിപ്പിച്ചു.
“ശരിയെന്നാ.. പോയിക്കോ. ഇനിയും നിന്ന് വൈകേണ്ട.. ”
മാധവൻ മാഷത് പറയുമ്പോൾ ആ സ്വരത്തിലെ വാത്സല്യം പ്രിയയുടെ ഹൃദയത്തെ കുളിരണിയിച്ചു.
“കുറവുണ്ടേൽ ഞാൻ പെട്ടന്ന് തന്നെ വരും .ഇനി അതോർത്തു കൊണ്ട് വെറുതെ വേവലാതിപ്പെടേണ്ട നീ ”
പ്രിയയെ നോക്കി വീണ്ടും വീണ്ടും മാഷത് ഓർമ്മിപ്പിച്ചു.
“പോട്ടെ ന്നാ…”
ചിരിയോടെ തന്നെ പ്രിയ യാത്ര പറഞ്ഞു.
“ഒറ്റക്ക് പോകുമല്ലോ ല്ലേ..? ”
ബാലൻ മാഷ് ചോദിച്ചു.
“മ്മ്..”
പ്രിയ ബാഗിൽ പിടി മുറുക്കി കൊണ്ടാണ് മൂളിയത്.
“എത്തിയിട്ട് വിളിക്കണേ..”
മാഷ് അവളെ ഓർമ്മിപ്പിച്ചു.
“മ്മ്..”
വീണ്ടും തലയാട്ടി സമ്മതിച്ചു കൊണ്ടവൾ ഒരിക്കൽ കൂടി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു കൊണ്ട് വാതിലിന് നേരെ നടന്നു.
❣️❣️
“നീയത് ഇനിയും വിട്ടില്ലെടാ ആദി?”
ചായ കുടിച്ചു കഴിഞ്ഞു തിരികെ വരുമ്പോഴും ആദിയുടെ തെളിയാത്ത മുഖം നോക്കി സഞ്ജു ചോദിച്ചു.
“പിന്നെ… എനിക്ക് വട്ടാണല്ലോ.. വീണ്ടും വീണ്ടും ആ മരംകേറിയേ കുറിച്ച് തന്നെ ഓർത്തോണ്ട് നടക്കാൻ ”
ആദി അവനെ നോക്കി കൊണ്ട് പറഞ്ഞു.
“പിന്നെന്താണ്.. നിന്റെ മോന്തയിങ്ങനെ?”
സഞ്ജു മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.
“പോടാ അവിടുന്ന്.. അവന്റെയൊരു കണ്ട് പിടിത്തം.”
ആദിയത് നിസ്സാരമായി തള്ളി കളഞ്ഞു.
“അതൊന്നുമല്ലെടാ സഞ്ജു .. എവിടെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം. ആറുമാസം എന്തായാലും ടൈം ഉണ്ട്.. പുതിയ കോഴ്സ് സ്റ്റാർട്ട് ചെയ്യാൻ. അത് വരെയും വെറുതെ നടക്കണ്ടല്ലോ?”
ആദി സഞ്ജുവിനെ നോക്കി.
“അത് ശെരിയാണ്. പക്ഷേ എന്ത് ജോലിയാണ് നീ ഉദ്ദേശിക്കുന്നത്?”
സഞ്ജു ആദിയെ നോക്കി.
“അതിപ്പോ… ഞാൻ പഠിച്ച ജോലി അതെന്തായാലും വേണ്ട. പിന്നെ എന്റെ സ്വപ്നം പോലെ അതീന്നിറങ്ങി പോരാൻ കഴിഞ്ഞില്ലേലോ..? ഞാൻ പറയാതെ തന്നെ നിനക്കറിയാലോ എന്റെ അച്ഛന്റെ കുബുദ്ധി.അത് കൊണ്ട് ആ വഴി ഞാൻ ചിന്തിക്കുന്നേയില്ല. ചെറിയൊരു ജോലി. കാശിനു വേണ്ടിയല്ല. എനിക്കെന്റെ മൈന്റ് ഒന്ന് റി സെറ്റ് ചെയ്യാൻ കഴിയാവുന്ന… റിലീഫ് കിട്ടുനൊരു ജോലി..”
ആദി ചെറിയൊരു ചിരിയോടെ പറഞ്ഞു.
“അതിപ്പോ… ഒരു കാര്യം ചെയ്യ് നീ. മാഷിനോട് പറ. മാഷ് വിചാരിച്ച നിന്റെ ഈ പറഞ്ഞ കണ്ടീഷനൊക്കെ ഓക്കേയാവുന്നൊരു ജോലി സെറ്റാക്കി തരുന്നത് അത്രയും വലിയൊരു റിസ്ക്കൊന്നുമല്ല ”
സഞ്ജു ഓർമ്മിപ്പിച്ചു.
“മ്മ്.. അത് ഞാനും ഓർത്തിരുന്നു. എന്തായാലും മുത്തച്ഛനെയും കൊണ്ട് വീട്ടിലേക്കൊന്ന് എത്തട്ടെ. എന്നിട്ട് പറയണം ”
തീരുമാനിച്ചുറപ്പിച്ചത് പോലെ ആദി പറഞ്ഞു.
വൈകുന്ന ഓരോ നിമിഷവും തന്റെ സ്വപ്നമുപേക്ഷിച്ചു മടങ്ങേണ്ടി വരുമോയെന്നും ആദിയൊരുപാട് ആശങ്കപ്പെട്ടിരുന്നു.
തുടരും..

by