The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
“ശേ….”ആദി ചമ്മലോടെ നെറ്റിയിലൊന്ന് തട്ടി.
തിരിഞ്ഞു നോക്കാൻ അവന് നല്ല മടിയുണ്ടായിരുന്നു.
ആ നാക്കിനെല്ലില്ലാത്തവൻ പ്രിയ കൂടി കേൾക്കെയാണ് വിളിച്ചു പറഞ്ഞു കൊണ്ടോടി പോയതെന്നുള്ള ഓർമ തന്നെ അവന് നാണകേടായിരുന്നു.പക്ഷേ, അധികനേരമങ്ങനെ മുറ്റത്തു നിൽക്കാനും വയ്യല്ലോ..മാഷ് എന്തായാലും അവിടില്ല.അങ്ങാടിയിലേക്കിറങ്ങി കാണും.
ഇനിയിന്ന് മൂപ്പരെ കൂടി താങ്ങാനുള്ള കപ്പാസിറ്റിയുമില്ല.മാഷ് തിരികെ വരുമ്പോഴേക്കും കയറി കിടക്കണമെന്നൊരു ചിന്തയോടെയാണ് അവൻ തിരിഞ്ഞത്.
പക്ഷേ പ്രിയ അവിടില്ലെന്ന് കണ്ടതും അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്ത് കൊണ്ടൊന്നു ശ്വാസമെടുത്തു.കാറിലുള്ള കവറുകളെല്ലാം പൊറുക്കിയെടുത്ത് ലോക്ക് ചെയ്തു കൊണ്ടകത്തേക്ക് കയറുമ്പോഴും കണ്ണുകൾ കൊണ്ടോന്ന് തിരഞ്ഞത് അവളെയായിരുന്നു.
മുറിയിൽ ഉണ്ടാവില്ലെന്ന് ഉറപ്പാണ്.
രാത്രിയിൽ മാത്രമാണ് അവളാ മുറിയിലേക്ക് കയറുന്നതെന്ന് അവനും മനസ്സിലായിരുന്നു.അതും മുത്തച്ഛന്റെ നിർബന്ധം കൊണ്ടായിരിക്കുമെന്നും അവനറിയാം.മുൻവശത്തെ വാതിൽ അടച്ചു കൊണ്ടവൻ സ്വന്തം മുറിയിലേക്ക് പോയി..
മുറിയിലെത്തി ലൈറ്റ് തെളിയിച്ചു കൊണ്ട് കയ്യിലുള്ള കവറുകളും പോക്കറ്റിലെ പേഴ്‌സും ഫോണുമെല്ലാം ടേബിളിൽ എടുത്തു വെച്ച് കൊണ്ടവൻ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.സ്വന്തം പ്രതിരൂപത്തിലേക്ക് നോക്കി നിൽക്കുമ്പോൾ… അന്നത്തെയാ മനോഹരനിമിഷങ്ങളെ വീണ്ടും അവനോർത്തു.
ആ ഓർമപോലും അവനെ വല്ലാത്തൊരവസ്ഥയിലേക്കാണ് കൊണ്ട് പോയത്.
തലയൊന്ന് കുടഞ്ഞു കൊണ്ടവൻ തിരിഞ്ഞു.
❣️❣️
പകൽ അവളുപയോഗിക്കാറുള്ള മുറിയിലേക്ക് കയറി തലയിണയിൽ മുഖമർത്തി ഏറെ നേരം കഴിഞ്ഞിട്ടും അവളുടെ നെഞ്ചിടിപ്പ് നേരെയായിട്ടില്ല.സഞ്ജു പറഞ്ഞിട്ട് പോയ വാക്കുകൾ അവളെ വീണ്ടും വീണ്ടും ചുവപ്പിച്ചു.താനിത്രേം ലോലയായി പോവാൻ പാടില്ലെന്നുള്ള ഉപദേശമൊക്കെ പ്രിയ അവൾക് തന്നെ നിരന്തരം കൊടുത്തു പോകുന്നുണ്ട്.പക്ഷേ ചിലയോർമ്മകൾക്ക് മുന്നിൽ അവയെല്ലാം നിഷ്ഫലമാവുകയാണ്.അവളെ… അവളെറിയാതെ തന്നെ മാറ്റി കളയുകയാണ്.സമയം ഒരുപാടായെന്ന് തോന്നിയതും പ്രിയ പതിയെ എഴുന്നേറ്റു..
തൊട്ടരികിൽ കിടന്ന ബാഗ് തുറന്നു കൊണ്ടവളുടെ ഫോണെടുത്തു നോക്കിയപ്പോൾ അത് ചാർജ് കഴിഞ്ഞു ഓഫായി പോയിട്ടുണ്ട്.ബാഗിൽ തന്നെയുള്ള ചാർജർ എടുത്തു കൊണ്ടവൾ അതെടുത്തു ചാർജ് ചെയ്യാൻ കുത്തിയിട്ടു. ഡ്രസ്സുമായി വേഗം കുളിച്ചിറങ്ങി.മാഷ് തിരികെ വരാത്തത് കൊണ്ട് തന്നെ പുറത്തേക്കിറങ്ങാനൊരു ചമ്മലുണ്ട്.പക്ഷേ പിന്നെയും അതിനകത്തിരിക്കാനും വയ്യ.മടിച്ചു കൊണ്ട് തന്നെ അവളിറങ്ങി ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
ആദിയുടെ മുറിയിലേക്ക് പാളി നോക്കിയപ്പോൾ അവിടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടതും പ്രിയ നേരെ അടുക്കളയിലേക്ക് നടന്നു .അവൾ ചെല്ലുമ്പോൾ ആദി കറികൾ ചൂടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.ആളനക്കം കേട്ടിട്ട് അവൻ തിരിഞ്ഞു നോക്കുമ്പോൾ പ്രിയ അങ്ങോട്ടിറങ്ങി ചെന്നിരുന്നു.”ഞാൻ.. ഞാൻ ചെയ്യാം “അവനെതിർപ്പ് പറയുമോ എന്നുള്ളൊരു ആശങ്കയോടെ തന്നെയാണ് അവളത് പറഞ്ഞത്.
പക്ഷേ ഒന്നും പറയാതെ അവൻ കയ്യിലുള്ള തവി അവിടെ വെച്ചിട്ട്, സൈഡിലേക്ക് മാറി നിന്ന് കൊടുത്തു.അവന്റെയാ പ്രവർത്തിയിൽ അത്ഭുതം തോന്നിയെങ്കിലും പ്രിയ ആദിയെ നോക്കാതെ തന്നെ അങ്ങോട്ട് ചെന്ന് പണികളിൽ ഏർപ്പെട്ടു.
അവിടങ്ങനെ നിൽക്കുന്നത് രണ്ടാൾക്കും വീർപ്പുമുട്ടലാണെന്ന് മനസിലാക്കി ആദി വേഗം അവിടെ നിന്നുമിറങ്ങി പോയതും പ്രിയ അന്നേരം വരെയും പിടിച്ചു നിർത്തിയ ശ്വാസമെടുത്തു കൊണ്ട് അവൻ പോയ വഴിയേ ചെറിയൊരു ചിരിയോടെ നോക്കി.കറിയും ചപ്പാത്തിയുമെല്ലാം റെഡിയാക്കി കൊണ്ടവൾ വീണ്ടും അവിടെ തന്നെ നിന്നു.
ആദിക്ക് വിശന്നത് കൊണ്ടായിരിക്കുമോ… കറി ചൂടാക്കിയത്..?ഇവിടെ കഴിക്കുന്ന നേരമായിട്ടില്ല.
മാത്രവുമല്ല, മുത്തച്ഛൻ തിരികെ വന്നിട്ട് ആ കൂടെയിരുന്നാണ് കഴിക്കാറുള്ളത്.
ഇന്ന് പിന്നെന്ത് പറ്റിയാവോ?പോയി ചോദിക്കണോ.. കഴിക്കാനെടുത്ത വെക്കട്ടെന്ന്?നഖം കടിച്ചു കൊണ്ട് നിൽക്കുമ്പോൾ അവൾക്കുള്ളിൽ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.പക്ഷേ എന്തോ അവന് മുന്നിലേക്ക് പോവാനും കഴിയുന്നില്ല.മാഷൊന്ന് വേഗം വന്നെങ്കിലെന്ന് കരുതി അവളിരുന്ന അതേ നിമിഷത്തിൽ തന്നെ പുറത്ത് നിന്നും മോളെന്നുള്ള നീട്ടി വിളി കേട്ടതും.വല്ലാത്തൊരാശ്വാസത്തോടെ പ്രിയ പുറത്തേക്ക് നടന്നു.ആഹാ.. എപ്പഴാ തിരിച്ചു വന്നത്?”അവളെ കണ്ടതും കയ്യിലുള്ള സാധനങ്ങൾ അവൾക്ക് നേരെ നീട്ടി കൊണ്ട് മാഷ് ചിരിയോടെ ചോദിച്ചു.”കുറച്ചു നേരമായി.”പ്രിയ ചിരിയോടെ പറഞ്ഞു.
ആദിയെ അവിടെങ്ങും കണ്ടില്ല..”അവനെവിടെ എന്നിട്ട്..?”മാഷ് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.എനിക്കറിയില്ല.. ഇവിടുണ്ടായിരുന്നു..”
പ്രിയയും അവന്റെ മുറിയിലേക്കൊന്നു പാളി നോക്കിയിട്ട് പറഞ്ഞു.അവിടവൻ ഇല്ലെന്നുറപ്പുണ്ടായിരുന്നു.പെട്ടന്നാണ് ആദി പുറത്ത് നിന്നും അങ്ങോട്ട് കയറി വന്നത്..”അത് ശെരി.. ഇവളെ ഇവിടെയിട്ട് ഈ രാത്രി നീയെവിടെ പോയതാ?”മാഷെവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.”ഞാൻ.. ഞാനെവിടെയും പോയില്ല. പുറത്തുണ്ടായിരുന്നു “ആദിയൊരു പതർച്ചയോടെയാണ് പറയുന്നത്.മുത്തച്ഛൻ വന്നേ… എനിക്ക്.. എനിക്ക് വല്ലാതെ വിശക്കുന്നു.. ഉറക്കവും വരുന്നുണ്ട് ”
ആദി വെപ്രാളത്തോടെ പറഞ്ഞു കേട്ടതും മാഷിന്റെ മുഖം ചുളിഞ്ഞു.എന്നാൽ പ്രിയക്കവന്റെ വെപ്രാളത്തിന്റെ കാരണം മനസ്സിലായിരുന്നു.
നേർത്തൊരു ചിരിയോടെ അവൾ അവനെയൊന്ന് നോക്കി.ഇന്നെന്തു പറ്റി.. സാധാരണ ഞാൻ വിളിച്ചു കൂവിയാൽ വന്നു കഴിച്ചിട്ട് ഞാൻ വഴക്ക് പറയുമ്പോൾ മാത്രം ഫോണിൽ തോണ്ടുന്നത് നിർത്തി ഉറങ്ങുന്നവനായിരുന്നില്ലേ നീ..?”
ചെറിയൊരു ചിരിയോടെ മാഷ് ചോദിച്ചതും ആദി പരുങ്ങുന്നത് കണ്ടു.ഇന്ന്.. ഇന്നൊന്നൂല… എനിക്ക് വിശക്കുന്നു.. അത്ര തന്നെ “അതും പറഞ്ഞു കൊണ്ടവൻ വേഗം അവിടെ നിന്ന് പോയി..
“അവന് കഴിക്കാനെടുത്തു കൊടുക്ക് മോളെ..ഞാനിപ്പോ വരാം…”അവന്റെ പോക്ക് കണ്ടതും മാഷ് ചിരിച്ചു കൊണ്ട് പ്രിയയോട് പറഞ്ഞിട്ട് സ്വന്തം മുറിയിലേക്ക് പോയി.പ്രിയ ചെല്ലുമ്പോൾ ആദി ഭക്ഷണമടങ്ങിയ പാത്രങ്ങളെല്ലാം ഹാളിലെ മേശയിലേക്കെടുത്തു വെച്ചിട്ടുണ്ട്.പ്രിയ കഴിക്കാനുള്ള പാത്രങ്ങളും വെള്ളവുമായി ചെന്നു.മാഷ് വരാൻ പോലും കാത്ത് നിൽക്കാതെ ആദി ധൃതിയിൽ കഴിക്കുന്നത് കണ്ടതും പ്രിയക്കവനോട് അലിവ് തോന്നി.വളരെ പെട്ടന്ന് തന്നെ അവൻ കഴിച്ചെഴുന്നേറ്റു കൊണ്ട് തിരികെ പോവുകയും ചെയ്തിരുന്നു.മാഷ് വന്നിട്ടാണ് പ്രിയ കഴിക്കാനിരുന്നത്.
“എന്തൊക്കെയാണ് വീട്ടിലെ വിശേഷം..?”മാഷ് കഴിക്കുന്നതിനിടെ ചോദിച്ചതും പ്രിയ വിറച്ചു പോയി.
അന്നത്തെയാ സംഭവങ്ങൾ വീണ്ടും അവളുടെ കണ്മുന്നിൽ തെളിയുന്നത് പോലെ..”അനൂപ്.. അവൻ വീണ്ടും പ്രശ്നമുണ്ടാക്കിയോ?”
അവളുടെ വിളറി വെളുത്ത മുഖം കണ്ടിട്ടാണ് മാഷത് ചോദിച്ചത്.”ഏയ്.. ഇല്ല.. അവിടൊരു കുഴപ്പവുമില്ല..”മാഷ് വീണ്ടുമെന്തൊക്കെയോ ചോദിച്ചു.പക്ഷേ.. അവളുടെ നെറുകയിൽ പാതി മാഞ്ഞ സിന്ദൂരചുവപ്പും കഴുത്തിൽ കിടന്നു തിളങ്ങുന്ന ആദിയുടെ മാലയും വ്യക്തമായി കണ്ടിട്ടും മാഷ് അതിനെ കുറിച്ച് മാത്രമൊന്നും ചോദിച്ചില്ല…
എന്നാൽ, അവിടെ നിന്ന് എഴുന്നേറ്റു പോകുവോളം അവളാ ചോദ്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു…
💞💞
അടുക്കളയൊതുക്കി ആദിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ പതിവിനെക്കാൾ വിറയലുണ്ടായിരുന്നു പ്രിയക്ക്.കുറേ നേരമായി അടുക്കളയിലും മാഷിനൊപ്പവും ചുറ്റി തിരിഞ്ഞു കളിച്ചത് അവനുറങ്ങികോട്ടെയെന്ന് കരുതിയിട്ടായിരുന്നു.
പക്ഷേ, ഇനി പോയി കിടന്നോ മോളെ.. ആദി പറഞ്ഞത് പോലെ എനിക്കും ഉറക്കം വരുന്നുണ്ടെന്ന് മാഷ് പറയുമ്പോൾ അവൾക്ക് പിന്നെ മുറിയിലേക്ക് പോരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.ശ്വാസം പിടിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്.
തപ്പി തടഞ്ഞു കൊണ്ട് വാതിൽ ലോക്ക് ചെയ്തു.
ഇനിയൊന്നു കിടന്നു കിട്ടണം.
കട്ട പിടിച്ചു നിൽക്കുന്ന ഇരുട്ടിൽ തടഞ്ഞു വീഴുമെന്ന് പേടിച്ചു കൊണ്ടവൾ അരിച്ചു കൊണ്ട് കട്ടിൽ ലക്ഷ്യം വെച്ച് നീങ്ങി.ആദി കിടക്കുന്നത് കൊണ്ട് തന്നെ അവനെ തൊടാതെ മറുവശത്ത് ആ ഇരുട്ടിൽ കയറി കിടക്കുകയെന്നത് അൽപ്പം പ്രയാസമുള്ള കാര്യം തന്നെയാണ്.പക്ഷേ ഒന്ന് രണ്ടടി നടന്നതും അവളെ ഞെട്ടിച്ചു കൊണ്ട് ലൈറ്റ് തെളിഞ്ഞു.പ്രിയ കണ്ണുകൾ ഇറുകെ ചിമ്മി ഒരു നിമിഷം അനങ്ങാതെ നിന്ന് പോയി.ആദി ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായതും വീണ്ടും അവൾക്ക് വെപ്രാളം തോന്നി.
“പെട്ടന്ന് കിടന്നാൽ.. എനിക്കീ ലൈറ്റ് ഓഫ് ചെയ്യാമായിരുന്നു “കണ്ണിന് കുറുകെ കൈകൾ വെച്ച് കൊണ്ടവൻ പറയുന്നത് കേട്ടതും പ്രിയ വേഗം എതിർ സൈഡിലൂടെ പോയി കയറി കിടന്നു.ആ സെക്കന്റിൽ തന്നെ ആദി ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു.
പരസ്പരം പറഞ്ഞു തീർത്ത വാക്കുകൾ മനസ്സിലുണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടു പേർക്കും വല്ലാത്തൊരു വീർപ്പുമുട്ടലുണ്ടായിരുന്നു.
ഇന്നലെ വരെയുമില്ലാത്തൊരു വിറയലും.എങ്കിലും ഏറെ നേരം ഒന്നും മിണ്ടാതെ മൗനമായിരുന്നു.
“മുത്തച്ഛൻ… മുത്തച്ഛൻ എന്തെങ്കിലും ചോദിച്ചോ തന്നോട്…?”ആദിയുടെ ചോദ്യം ഇരുട്ടിൽ നിന്നും ഒഴുകി വന്നത് പോലെയാണ് പ്രിയക്ക് തോന്നിയത്.
ഇല്ല..”നേർത്ത ശബ്ദത്തിൽ മറുപടി പറയുബോഴും തൊട്ടരികിൽ കിടക്കുന്നവന്റെ സാമീപ്യം അവളെ വിറപ്പിക്കുന്നുണ്ടായിരുന്നു.പിന്നൊന്നും മിണ്ടിയില്ല..
പക്ഷേ പതിവിലും സമയമെടുത്തിട്ടാണ് അന്നവർ രണ്ടു പേരും ഉറങ്ങിയത്…
💞💞
തലേന്ന് വളരെ സന്തോഷത്തോടെയാണ് ഉറങ്ങാൻ കിടന്നതെങ്കിലും അന്നുണരുമ്പോൾ അത് വരെയുമില്ലാത്തൊരു അസ്വസ്ഥതയുണ്ടായിരുന്നു സഞ്ജുവിന്.അന്നാണ് അവന് പുതിയ ജോലിയിൽ ജോയിൻ ചെയ്യേണ്ടത്.അതിന്റെയൊരു ഉത്സാഹവും ആവേശവുമാണ് തോന്നേണ്ടതെങ്കിലും കാരണമറിയാത്തൊരു വിങ്ങലും നോവുമാണ് അന്നവനെ ഏറെ പരവേശപ്പെടുത്തിയത്.എന്ത് പറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ.. പറഞ്ഞു കൊടുക്കാനൊരു കാരണമില്ല.പക്ഷേ കാണുന്നവർക്ക് പോലും മനസ്സിലാവുന്ന വിധമൊരു അസ്വസ്ഥതയുണ്ട്താനും.അങ്ങനൊരു വിചിത്രമായ അവസ്ഥയാണ് അന്നവനെവലച്ചത്.ആദ്യദിവസത്തിനു വേണ്ടി മാനസികമായി ഒരുപാട് ഒരുങ്ങിയിട്ടുണ്ട്.
പക്ഷേ എന്നിട്ടും എന്തോ ഒരു നിറവില്ലാത്തത് പോലെ..
നന്നായി ഒരുങ്ങിയിറങ്ങി ചെന്നവനെ കണ്ടതും നളിനിക്കും ലക്ഷ്മിക്കും ഒരുപാട് സന്തോഷമായിരുന്നു.അപ്പുവും അവനെ കെട്ടിപിടിച്ചു കൊണ്ട് സന്തോഷമറിയിച്ചു.”ആദ്യദിവസമാണ്.. നന്നായി ശ്രദ്ധിച്ചു പെരുമാറണമെന്ന് തോളിൽ തട്ടി ചിരിയോടെ പറഞ്ഞു കൊണ്ട് അജുവും അവന്റെ സന്തോഷമറിയിച്ചു.ബാലൻ മാഷ് മാത്രം അവനെയൊന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
അതൊരു ആശ്വാസമായിട്ടാണ് അവിടെല്ലാവർക്കും തോന്നിയത്.ആദ്യദിവസം തന്നെ അവനെ മടുപ്പിക്കുന്ന ഒന്നും പറയരുതെന്ന് നളിനി അൽപ്പം ഭീക്ഷണിയോടെ തലേന്ന് തന്നെ ഓർമപ്പെടുത്തിയിരുന്നുവെങ്കിലും.. മൂപ്പരത് പാലിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു.
മുൻ അനുഭവങ്ങൾ ധാരാളമുള്ളത് കൊണ്ട് തന്നെ അവർക്കെല്ലാം അതിന്റെയൊരു വെപ്രാളവുമുണ്ടായിരുന്നു.”ഏട്ടനിന്ന് പോയില്ലേ?”
സഞ്ജു കഴിക്കാനിരിക്കുമ്പോൾ… സഞ്ജു ലക്ഷ്മിയോട് ചോദിച്ചു.”ഇല്ലെടാ സഞ്ജു.. ഇന്നേട്ടൻ ട്രിപ്പ് കഴിഞ്ഞു വരുന്നുണ്ട്. വൈകുന്നേരം.. അങ്ങോട്ട് പോവണം. ഞങ്ങളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..”ലക്ഷ്മി അവന് കഴിക്കാനുള്ളത് എടുത്തു കൊടുത്തു കൊണ്ട് ചിരിയോടെ പറഞ്ഞു.
“നന്ദു മോളുടെ കാര്യങ്ങൾ പറഞ്ഞിരുന്നില്ലേ ഞാൻ.. അതിനൊരു തീരുമാനമുണ്ടാവും പെട്ടന്ന് തന്നെ.. അതിന്റെയൊരു സന്തോഷമുണ്ട്. അതാണ് ഇന്ന് തന്നെ ഏട്ടൻ ചെല്ലാൻ പറഞ്ഞത് ”
ലക്ഷ്മി ചിരിയോടെ തന്നെയാണ് പറയുന്നതെങ്കിലും അതോടെ സഞ്ജുവിന്റെ ബാക്കിയുള്ള ആശ്വാസവും എങ്ങോ മാഞ്ഞിരുന്നു.മുന്നിൽ വിളമ്പിയ ഭക്ഷണം പോലും മുഴുവൻ കഴിക്കാതെ അവനെഴുന്നേറ്റ് കൈ കഴുകി.പോവാൻ വേണ്ടി യാത്ര പറയുമ്പോഴും അവന്റെ മുഖം തെളിച്ചമില്ലായിരുന്നു..
അവർക്കെല്ലാമത് മനസ്സിലായിട്ടും ആദ്യമായി ജോലിക്ക് കയറുന്നതിന്റെ സംഘർഷമായിട്ടാണ് അവരതിനെ കണ്ടത്..ബൈക്കിലാണ് സഞ്ജു പോയത്.പോവും മുന്നേ ആദിയെ പോയെന്നു കാണണമെന്നുണ്ടായിരുന്നു.തലേന്ന് അവനോടൊന്ന് പറയാനും പറ്റിയില്ല.രാവിലെ പോകും മുന്നേ പോയി പറയാമെന്നു കരുതിയിരുന്നെങ്കിലും അവന് അതിനൊന്നും അപ്പോൾ തോന്നിയതുമില്ല.
💞💞
കാരണമറിയാത്തൊരു സന്തോഷത്തിലേക്കാണ് അന്ന് ആദി കണ്ണ് തുറന്നു കൊണ്ടെഴുന്നേറ്റത്.തൊട്ടരികിൽ കിടന്നുറങ്ങുന്നവളെ തല ചെരിച്ചു നോക്കി കൊണ്ടവൻ പതിയെ തിരിഞ്ഞു കിടന്നു.ഉറങ്ങുമ്പോൾ മനുഷ്യനെത്ര..നിഷ്കളങ്കരാണെന്ന് തെളിയിക്കും പോലെയാണ് അവളുടെ കിടപ്പ്.അവൾ ഉറക്കത്തിലാണ് എന്നുള്ള ധൈര്യത്തിലാണ് ആദിയവളെ നോക്കി കിടന്നത്.പക്ഷേ ഓരോ നോട്ടത്തിലും അവനറിയാതെ തന്നെ ഹൃദയത്തിലൊരു തണുപ്പ് പടരുന്നു.അവളുടെ വീട്ടിൽ വെച്ച് പറഞ്ഞതെല്ലാം ഓർക്കേ.. അവന്റെ ചൊടിയിലൊരു ചിരി പടർന്നു..തന്നെ സ്നേഹിച്ചു പോകുമെയൊന്നുള്ളൊരു ഭയമായിരുന്നു അവളുടെ വാക്കിലും നോക്കിലും നിറച്ചുണ്ടായിരുന്നത്.
കണ്ണിമ വെട്ടാതെ നോക്കി കിടക്കുമ്പോൾ ആ ഭയമപ്പോൾ തന്നിലേക്കും അരിച്ചു കയറി കൂടുന്നത് ആദിയും അറിഞ്ഞിരുന്നു..മൊബൈൽ ഫോണിൽ അലാറമടിക്കുന്നത് കേട്ടാണ് ആദി ഞെട്ടി തിരിഞ്ഞത്..പ്രിയയും ഒന്ന് ഞരങ്ങി കൊണ്ട് കൂടുതൽ പുതപ്പിനുള്ളിലേക്ക് വലിയുന്നത് കണ്ടതും ആദി ചിരിയോടെ അത് ഓഫ് ചെയ്തു കൊണ്ട് എഴുന്നേറ്റു.അവളെ ഉണർത്താതെ തന്നെ അവൻ ബാത്റൂമിൽ കയറി ഫ്രെഷായി ജോഗിംഗിന് പോവാനിറങ്ങി..
💞💞
അന്ന് സ്കൂളിലേക്കെത്തുമ്പോഴും ആ സന്തോഷം അവനിലുണ്ടായിരുന്നു.അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്നൊരു യോഗമുണ്ടായിരുന്നത് കൊണ്ട് തന്നെ മാഷ് അന്ന് പോയിട്ടില്ല.മാധവൻ മാഷും ബാലൻ മാഷുമാണ് എല്ലാകൊല്ലത്തെയും പോലെ ഉത്സവകമ്മിറ്റിയിലെ പ്രസിഡന്റും സെക്രട്ടറിയും കാറിൽ നിന്നിറങ്ങി അത് ലോക്ക് ചെയ്തു തിരിയുമ്പോൾ അവനെ തന്നെ നോക്കി പരുങ്ങി നിൽക്കുന്ന കുറച്ചു കുട്ടികളെ കണ്ടതും ആദിയുടെ നെറ്റി ചുലിഞ്ഞു.അവിടെയാകെ അവനൊന്നു തിരിഞ്ഞു നോക്കി മറ്റാരുമില്ലെന്ന് മനസ്സിലായതും അവരുടെ ലക്ഷ്യം താൻ തന്നെയാണെന്ന് അവന് മനസ്സിലായി.
ചിരിയോടെ അവൻ അവരെ നോക്കിയൊന്നു കണ്ണടച്ച് കാണിച്ചതും.. അവരെല്ലാം സന്തോഷത്തിന്റെ ചിരിയോടെ പരസ്പരം നോക്കുന്നത് കണ്ടതും അവന് കൗതുകം തോന്നി.ഇന്ന് വരെയും അങ്ങനൊന്നും ഉണ്ടായിട്ടില്ല.അല്ലെങ്കിൽ അതൊന്നും അവൻ ശ്രദ്ധിച്ചിട്ടില്ല.സ്കൂളിന്റെ കാര്യങ്ങൾ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നു.അതിനുളിലെ കുരുന്നുകൾക്ക് നേരെ അവന്റെ കണ്ണും മനസും നീണ്ടിരുന്നില്ല..
വാ..”അവരുടെ ഭംഗിയുള്ള ചിരിയിലേക്ക് നോക്കി ആദി കൈ മാടി വിളിച്ചതും ആ വിളി കാത്തിരുന്നത് പോലെ അവരെല്ലാം പൂമ്പാറ്റകളെ അവനരികിലേക്ക് ഓടിയെത്തി.
“ആരെ നോക്കി നിൽക്കുവാ?”അവൻ കുനിഞ്ഞു നിന്ന് കൊണ്ട് മുന്നിൽ നിൽക്കുന്ന സുന്ദരി കുട്ടിയുടെ മൂക്കിൽ തട്ടി കൊണ്ട് ചിരിയോടെചോദിച്ചു.”നിങ്ങളെ തന്നെ…”അവളുടെ മറുപടി കേട്ടതും ആദി അത്ഭുതത്തോടെ അവരെ നോക്കി നിവർന്നു നിന്നു.എന്നെയോ..?”അവൻ ചോദിച്ചതും കൊറസ് പോലെ അവരെല്ലാം അതേയെന്ന് ഉറക്കെ പറഞ്ഞതും ആദി ചിരിച്ചു പോയി.”അതെന്തിനാ എന്നെ കാത്തു നിന്നത്?”അവൻ കാറിലേക്ക് ചാരി കൈ കെട്ടി നിന്നിട്ട് അവരെ നോക്കി ചോദിച്ചു.
അവരെല്ലാം പരസ്പരം നോക്കുന്നത് കണ്ടവന്റെ നെറ്റി ചുളിഞ്ഞു.”അഹ്.. പറയുന്നേ…”
ആദി ചിരിയോടെ വീണ്ടും ആവിശ്യപ്പെട്ടു..
“നിങ്ങളല്ലേ ഞങ്ങടെ ടീച്ചറിനെ കൊണ്ട് പോയത്…?”അവരിൽ ഒരു കുറുമ്പിയുടെ സങ്കടം നിറഞ്ഞ സ്വരം.
ആദിക്കവർ പറഞ്ഞത് മനസ്സിലായില്ല.”എന്താ…?”
അവനാ കുട്ടിയുടെ അരികിലേക്കിരുന്നു കൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.”പ്രിയ ടീച്ചർ ഇവൾക്ക് അമ്മയെ പോലെയായിരുന്നു.. ഇവൾക്ക് ടീച്ചറെ കാണാതെ പറ്റുന്നില്ല.. ഇന്നലെ മുതൽ കരച്ചിലാ… ടീച്ചറെ കാണാഞ്ഞിട്ട് ഇവിടെ ചോദിച്ചപ്പോൾ നിങ്ങളോട് ചോദിക്കാൻ പറഞ്ഞു…”ആ കുട്ടി കൂട്ടത്തിൽ മറ്റൊരു കുട്ടിയെ ചൂണ്ടി പറഞ്ഞതും ആദിയുടെ നോട്ടവും അങ്ങോട്ട് നീണ്ടു.തിളക്കം മാഞ്ഞു പോയ നിറഞ്ഞ രണ്ടു കുഞ്ഞി കണ്ണുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു..അവൻ നോക്കുന്നത് കണ്ടതും ആ കുട്ടിയൊന്ന് വിതുമ്പി.
ആദി കൈ നീട്ടി കൊണ്ടവളെ ചേർത്ത് നിർത്തി.
“എന്തിനാ മോള് കരയുന്നത്?”അവന്റെ ചോദ്യം കേട്ടതും അവളുടെ കരച്ചിൽ അൽപ്പം കൂടി ഉച്ചത്തിലായി.ആദി ഞെട്ടി പോയിരുന്നു.”പ്രിയ ടീച്ചർ അവൾക്ക് അമ്മയെ പോലായിരുന്നു…”കൂട്ടത്തിൽ നിന്നുമാരോ വീണ്ടും പറഞ്ഞു കേട്ടതും ചിരിയോടെ ആദിയാ കുഞ്ഞി കവിളിൽ തൊട്ടു.അതെന്താ.. മോളുടെ അമ്മ പ്രിയ ടീച്ചറെ പോലാണോ കാണാൻ?”ആദി ചിരിയോടെ ചോദിച്ചതും ആ കണ്ണ് നിറഞ്ഞു തൂവി.”അറിയില്ല..”വിതുമ്പി കൊണ്ടവൾ തല വിലങ്ങനെയാട്ടിയതും ആദിയുടെ മുഖം ചുളിഞ്ഞു.”അവൾക്കമ്മയില്ല സാറേ.. അവളുണ്ടായപ്പോൾ അവളുടെയമ്മ മരിച്ചു പോയത്രേ..”അരികിൽ നിന്ന കുട്ടി സങ്കടത്തോടെയത് പറഞ്ഞു കേട്ടതും ആദിയൊന്ന് പിടഞ്ഞു പോയി.
അവന്റെ മുഖത്തെ ചിരി മാഞ്ഞു..അവനൊന്നു കൂടി ആ കുഞ്ഞു ദേഹത്തെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ട് പതിയെ പുറത്ത് തലോടി കൊടുത്തു.”നിങ്ങള്.. നിങ്ങള് ടീച്ചറെ ന്താ ചെയ്തെ…?”അവന്റെ ചാരെ പറ്റി ചേർന്ന് നിന്ന് കൊണ്ട് തന്നെ ആ കുഞ്ഞി കണ്ണുകൾ ആദിയുടെ നേരെയുയർന്നു.ആദിയവളിൽ അവനെ തന്നെ കണ്ട നിമിഷം കൂടിയായിരുന്നുവത്.
തനിക്കുള്ള ഒരേയൊരാശ്രയമായ ടീച്ചറെ താൻ തട്ടിയെടുത്തത് പോലൊരു പരിഭവമാണാ ചോദ്യം.
ആദിക്കതു മനസ്സിലാവും..കാരണം അത് പോലൊരാവസ്ഥയിൽ അവനും നിന്നിട്ടുണ്ട്..ഇത് പോലൊരു ചോദ്യം അവനെയും കരയിപ്പിച്ചിട്ടുണ്ട്.
അച്ഛനോട് വഴക്കിട്ട് അമ്മയിറങ്ങി പോയ അന്ന്… അന്നച്ഛൻ തെറ്റ് മുഴുവനും അമ്മയ്ക്ക് മേൽ ചാർത്തി സ്വയം പുണ്യളനാവാൻ ശ്രമിച്ചതും.. തനിക്കിനി അച്ഛൻ മാത്രമുള്ളുവെന്ന് കരുതി അച്ഛനിൽ മാത്രം പ്രതീക്ഷിച്ചു ജീവിച്ചു പോകവേ.. അച്ഛന് പുതിയ അവകാശികൾ വരുമ്പോഴും അവരെല്ലാം തന്നെ അവജ്ഞയോടെ നോക്കുമ്പോഴും തന്നിക്കോരെയൊരാശ്വാസമായിരുന്ന അച്ഛനെ കൂടി തട്ടിയെടുത്തുവെന്നൊരു ദേഷ്യവും പരിഭവവും കൊണ്ട് നടന്നിരുന്നൊരു ആദിയാണ് തനിക്ക് മുന്നിലിപ്പോഴും നിൽപ്പുള്ളതെന്ന് അവന് തോന്നി..ആദിയവളെ വാരിയെടുത്തു കൊണ്ട് കാറിന്റെ ബോണറ്റിലിരുത്തി.
പോക്കറ്റിൽ നിന്നും കർച്ചീഫെടുത്തു കൊണ്ടവൻ ആ മുഖം തുടച്ചു കൊടുത്തു.”പറയ്… ടീച്ചറെ ന്ത് ചെയ്തു…?”വീണ്ടും വിങ്ങലോടെ അതേ ചോദ്യം.
“ഞാനൊന്നും ചെയ്തില്ല..”ആദി ചിരിയോടെ അവളുടെ തലയിൽ തലോടി..”ടീച്ചറിനി വരില്ലേ?”
നിലവിളി പോലെയാ ചോദ്യം.. ആദിയെ വേദനിപ്പിച്ചു.
“പിന്നില്ലാതെ…അവൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു.അവന്റെയാ മറുപടി കേട്ടതും ആ മുഖത്തൊരു ആശ്വാസം നിഴലിച്ചു..’എന്തായീ ചുന്ദരി കുട്ടിയുടെ പേര്? “അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആദി ചോദിച്ചു.”അമൃത..”കിളി കൊഞ്ചൽ പോലെ പിന്നിൽ നിന്നാണ് ഉത്തരമേത്തുന്നത്.
“പ്രിയ ടീച്ചറെ അമൃതമോൾക്ക് അത്രേം ഇഷ്ടമാണോ?”ആദി ചിരിയോടെ ചോദിച്ചു.
“മ്മ്.. ടീച്ചർക്ക് എന്നെയാ അതിനേക്കാൾ ഇഷ്ടം.. വീട്ടുകാർക്കും ന്നെ ഇഷ്ടല്ല. അച്ഛനും ചെറിയമ്മക്കുമൊന്നും ഇഷ്ടല്ല.ആ സങ്കടമൊക്കെ മാറ്റുന്നത് പ്രിയ ടീച്ചറാ..ടീച്ചറാ എനിക്കാവിശ്വമുള്ളതെല്ലാം വാങ്ങിച്ചു തരുന്നത്. അച്ഛനോട് വഴക്കിട്ട് എന്നെ സ്കൂളിൽ വിടാൻ പറഞ്ഞതും ടീച്ചർ തന്നാ “അമൃതമോൾ ആവേശത്തിൽ പറയുന്നത് കേട്ടതും ആദി മിഴിച്ചു നിന്ന് പോയിരുന്നു.അവനറിയാതൊരു പ്രിയ ടീച്ചറെയാണ് ആ പിഞ്ചു കുഞ്ഞുങ്ങൾ അവിടെ അടയാളപ്പെടുത്തിയത്.തനിക്ക് കിട്ടുന്നതിൽ.. അതും വളരെ തുച്ഛമായി കിട്ടുന്നതിൽ നിന്നും ആരോരുമില്ലാത്തൊരു കുഞ്ഞിന് കൂടി ആശ്വാസമായ.. പ്രതീക്ഷയായ അവരുടെ പ്രിയപ്പെട്ട പ്രിയ ടീച്ചർ.. അവളെ കുറിച്ച് പറയാൻ അവർക്കായിരം കാര്യങ്ങളുണ്ട്..
അവളെ കുറിച്ച് പറയുമ്പോൾ അവരെല്ലാം വളരെ ആവേശത്തിലുംസന്തോഷത്തിലുമാണ്..അവർക്കവൾ ടീച്ചർ മാത്രമല്ലെന്ന് കൂടി തിളങ്ങുന്ന ആ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു. അവളെയോർത്തു കൊണ്ടവന്റെ മനസ്സിൽ അഭിമാനം നിറഞ്ഞ നിമിഷം കൂടിയായിരുന്നു അത്…
തുടരും..
നമ്മളറിയാത്ത എന്തെല്ലാം സങ്കടങ്ങളാണല്ലേ ഓരോരുത്തർക്കും..?അത് മനസിലാവുന്നവരെ… മനസിലാക്കി ചേർത്ത് പിടിക്കുന്നവരെ മനുഷ്യനെന്നും വിളിക്കും ആദിയുടെ പ്രിയയെ പോലെ…സ്വയം എരിഞ്ഞു കൊണ്ടും വെളിച്ചമാവുന്നവർ…
സ്നേഹത്തോടെ jiff❣️