രചന : ജിഫ്ന നിസാർ
“താൻ കേട്ടതിന്റെ പിഴവാണോയിനി? “ആ ചിന്തയോടെ അതുറപ്പിക്കാനായി തിരിഞ്ഞ ആദിയുടെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.തന്റെ നിൽപ്പ് കണ്ടിട്ട് അവളിറങ്ങി ഓടിയതാണോ? ”
അവന്റെ മുഖം കടുത്തു.”കൃഷ്ണ പ്രിയ…”
കാതിൽ വീണ്ടും വീണ്ടും അവളുടെയാ സ്വരം കുത്തി കേറുന്നത് പോലെ.ആദിയുടെ മെറൂൺ കളർ ഷർട്ടിൽ വിയർപ്പിന്റെ അടയാളങ്ങൾ പതിഞ്ഞു തുടങ്ങി.മാധവൻ മാഷ് ഒരുപാട് സ്നേഹത്തോടെ പറഞ്ഞു തന്നൊരു കഥയിലെ മിടുക്കി കുട്ടി കൃഷ്ണ പ്രിയ അതിവളാണോ?ആ ഓർമ പോലും അവനുള്ളിൽ നടുക്കം സൃഷ്ടിച്ചു.മുത്തച്ഛനേറെ പ്രിയപ്പെട്ടവളെ കാണാൻ വിളിപ്പിക്കുമ്പോൾ തന്റെ തലക്ക് മുകളിൽ കെട്ടി തൂക്കിയ വാള് പോലെ അതീ മരം കേറിയാണെന്ന് ഓർത്തില്ലല്ലോ..
കസേരയിലേക്ക് തളർന്നിരിക്കുമ്പോൾ മുത്തച്ഛനീ വിവരമറിഞ്ഞാലുള്ള പ്രതികരണമാണ് അവനെയെറെ സങ്കടപ്പെടുത്തിയത്.
താൻ കാരണം മുത്തച്ഛൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് വേദനിച്ചുവെന്നറിയുമ്പോൾ തീർച്ചയായും തന്നോട് ദേഷ്യം തോന്നും..ആദിയുടെ മുഖം ചുളിഞ്ഞു പോയി, ആ ഓർമയിൽ പോലും.താനെത്ര മറച്ചു പിടിച്ചാലും മുത്തച്ഛൻ ഇതറിയുക തന്നെ ചെയ്യുമെന്ന് അവനുറപ്പുണ്ടായിരുന്നു.അതാ മരം കേറി തന്നെ പൊലിപ്പിച്ചു കൊണ്ട് മുത്തച്ഛന് പറഞ്ഞു കൊടുക്കുമെന്നും അവനാ നിമിഷം തോന്നി.കൈകൾ കൊണ്ട് നെറ്റിയിൽ അമർത്തി ആദി വീണ്ടും മേശയിലേക്ക് കുനിഞ്ഞിരുന്നു കണ്ണടച്ചു..
“ഇന്നെന്താ സഞ്ജു നേരത്തെ..?”
യാതൊരു പരിഭവവുമില്ലാതെ മുറിയിലേക്ക് കയറി വന്നിട്ട് നന്ദു ചോദിച്ചു.
സഞ്ജു അവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി.ഇല്ല!രാവിലെ എല്ലാവർക്കും മുന്നിൽ വെച്ചെന്തോ ചോദിച്ച്, ചിരിയോടെ അരികിലേക്ക് വന്നവളെ അപ്പാടെ അവഗണിച്ചു പോയതിന്റെ യാതൊരു ലാഞ്ചനയും ആ മുഖത്തിപ്പോഴുമില്ല.തന്നെ കണ്ടപ്പോഴുള്ള സന്തോഷത്തിന്റെയൊരു സൂര്യനവിടെ ഉദിച്ചു നിൽക്കുന്നത് സഞ്ജുവൊരു അസ്വസ്ഥതയോടെയാണ് നോക്കിയത്.അതേ സമയം അവൻ സൂക്ഷിച്ചു നോക്കി നിൽക്കുമ്പോൾ കണ്മുന്നിൽ നാണിച്ചു മുഖം കുനിച്ചവളുടെ മനസ്സിൽ ഒരായിരം പൂത്തിരിക്ക് തിരി കൊളുത്തി അത് പൂത്തുലഞ്ഞു നിൽക്കുന്നതവൻ അറിഞ്ഞതുമില്ല. പുറത്ത് നിന്നെന്തോ ശബ്ദം കേട്ടത്തോടെയാണ് രണ്ടു പേർക്കും പരിസരബോധം വന്നത്.”ന്താടി…?”
അവൾക്ക് മുന്നിൽ ചമ്മി പോയതിന്റെ ക്ഷീണം മാറ്റാൻ ഉറക്കെ പൊട്ടി തെറിക്കുന്നവനെ നന്ദു ചുണ്ട് കൂർപ്പിച്ചു നോക്കി.
“ഹോ.. ഓന്ത് തോറ്റു പോകുമല്ലോ എന്റെ സപ്ലികുട്ടാ.. ഇത്ര പെട്ടന്നൊക്കെ സ്വഭാവം മാറ്റിയാ “കുറുമ്പോടെ നന്ദു സഞ്ജുവിന്റെ കയ്യിലൊന്ന് അമർത്തി നുള്ളി..ഹൂ…നന്നായി വേദനിച്ച സഞ്ജു കൈകൾ തിരുമ്പി കൊണ്ടവളെ തുറിച്ചു നോക്കി.”ഇങ്ങനല്ല.. നേരത്തെ നോക്കിയ പോലെ.. സ്നേഹത്തോടെ നോക്ക്.. എനിക്കതാ ?ഇഷ്ടം “കുറച്ചു കൂടി അവനരികിലേക്ക് നിന്നിട്ട് നന്ദു കള്ളച്ചിരിയോടെ അവന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ചു തിരിച്ചു.’അയ്യടാ.. സ്നേഹത്തോടെ നോക്കാൻ പറ്റിയൊരു മുതല്.. മാറെടി അങ്ങോട്ട്.. “സഞ്ജു അവളെ പിടിച്ചൊന്ന് പതിയെ തള്ളി.”അപ്പൊ നേരത്തെ നോക്കിയല്ലോ. അപ്പഴും ഞാൻ തന്നെയായിരുന്നു ഈ മുന്നിൽ..”നന്ദു വീണ്ടും ചുണ്ട് ചുളുക്കി.”സ്നേഹോം ദേഷ്യോം പോലും വേർതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.. പിശാച്ചിന്. അപ്പഴാ.. അവളെയൊരു..”സഞ്ജു പുച്ഛത്തോടെ നന്ദുവിനെ നോക്കി.”അതൊക്കെ നിക്കറിയാം. പക്ഷേ.. സഞ്ജുവേട്ടന് എന്തിനാ എന്നോടിത്രേം ദേഷ്യം. സത്യായും അതെനിക്കറിയില്ല. അതൊന്ന് പറഞ്ഞു തരുവോ?”ഇപ്രാവശ്യം അവളിലെ കുറുമ്പ് മാറി പോയിരുന്നു.പകരം ആ ഉണ്ട കണ്ണുകളിൽ സങ്കടമാണ്.
“എനിക്ക്… എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ല. തത്കാലം നീയിപ്പോ അത് മാത്രം മനസ്സിലാക്കിയാൽ മതി ”
അവളുടെ മുഖത്തെ ഭാവം അപ്പാടെ അവഗണിച്ചു കൊണ്ട് സഞ്ജു ഉറപ്പോടെ പറഞ്ഞു.”എന്നാലും…”അവളെന്തോ പറയാൻ വന്നത് സഞ്ജു ഒരു നോട്ടം കൊണ്ട് തടഞ്ഞു.”എന്റെ പൊന്ന് നന്ദന.. തന്നോട് ഞാനൊരായിരം പ്രാവശ്യം പറഞ്ഞതല്ലേ.. എനിക്കങ്ങനെയൊരു ഫീൽ തന്നോട് തോന്നുന്നില്ലയെന്ന്. കൂടെ കൂടെ ഇങ്ങോട്ട് ചാടി കയറി വന്നിട്ട് നീ ഇഷ്ടമാണ് ഇഷ്ടമാണ് എന്നിങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കില്ലാത്ത ആ ഫീൽ തോന്നുമോ.. തനിക്കെന്താ അത് പറഞ്ഞിട്ട് മനസ്സിലാകാത്തത്..?” അസഹിഷ്ണുത നിറഞ്ഞ അവന്റെ മുഖത്തേക്ക് നോക്കി നന്ദു ഒരു നിമിഷം പതറി നിന്നു.”താനിപ്പോ നന്നായി പഠിക്കാൻ നോക്ക്. എന്നിട്ടൊരു ജോലിക്ക് ശ്രമിക്ക്. എന്നിട്ടുള്ളതാ കല്യാണവും കുടുംബവുമൊക്കെ. ആ സമയമാകുമ്പോൾ നിന്റെ പുന്നാരയച്ഛൻ തന്നെ നിനക്ക് പറ്റിയൊരാളെ കണ്ടെത്തി തരും.എന്നെ വിട്ടേക്ക്.. പ്ലീസ് “സഞ്ജു അവൾക്ക് നേരെ കൈ കൂപ്പി.”പക്ഷേ… എനിക്കിഷ്ടമാണ് സഞ്ജുവേട്ട…. അതിനൊരു വിലയുമില്ലന്നോ?”
അവളിലൊരു വാശികാരി പിടഞ്ഞെഴുന്നേറ്റു കൊണ്ട് സഞ്ജുവിനെ വെല്ലുവിളിയോടെ നോക്കി.അവളോടിനി എന്ത് പറയണമെന്നറിയാതെ സഞ്ജു തിരിഞ്ഞു നിന്നു.
“നന്നായി പഠിക്കാം ഞാൻ. നല്ലൊരു ജോലിയും വാങ്ങും. എന്നിട്ടെനിക്ക് എന്റെയച്ഛൻ ചെക്കനെ തിരയുമ്പോ ഞാനീ പേര് പറയും.. നോക്കിക്കോ ”
അവന്റെ തോളിൽ ശക്തിയായി പിടിച്ചു തിരിച്ചു കൊണ്ട് നന്ദു ചൊടിയോടെ പറഞ്ഞു.”എന്നെ സ്നേഹിച്ചാലും ഇല്ലേലും ഞാൻ സ്നേഹിക്കും. എന്റെ ജീവനെ പോലെ തന്നെ സ്നേഹിക്കും. അത് വേണ്ടന്ന് പറയാൻ സഞ്ജുവെട്ടനെന്നല്ല.. ആർക്കുമില്ല അവകാശം “അത് കൂടി പറഞ്ഞിട്ട് അവനെയൊന്ന് നോക്കി ഒറ്റ കണ്ണിറുക്കി ചിരിച്ചിട്ട് നന്ദുവൊരു മൂളിപാട്ടോടെയിറങ്ങി പോകുന്നത് നോക്കി സഞ്ജു ശ്വാസമെടുത്തു…”അപ്പൊ മാപ്പ് പറയാൻ പോയത് വീണ്ടുമൊരു കെണിയായിയല്ലേ?സാക്ഷാൽ കൃഷ്ണ പ്രിയയെന്ന കുരുക്ക്.. അഴിക്കാൻ സമയമെടുക്കും മോനെ.. പ്രതേകിച്ച് അത് മാഷിനേറെ പ്രിയപ്പെട്ട പ്രിയയാവുമ്പോ..”സഞ്ജുവിന്റെ ദീർഘനിശ്വാസത്തോടെയുള്ള പറച്ചില് കേട്ടതും, ആദി അതേയെന്ന് തലയാട്ടി കാണിച്ചു.”ഇനി ഒരേ പേരിൽ രണ്ടാളുണ്ടാവുമോ? ആ മരം കേറിയേ കണ്ടിട്ട് മുത്തച്ഛൻ പറഞ്ഞു കൂട്ടിയ യാതൊരു ക്വാളിറ്റിയുമില്ല..”ആദിയുടെ സംശയം കേട്ടതും സഞ്ജുവിന് ചിരി വന്നു.അതെ സമയം ആദിയെ നോക്കുമ്പോൾ അവന് സഹതാപവും തോന്നുന്നുണ്ട്.വൈകുന്നേരം എനിക്കൊന്ന് കാണണം. വീട്ടിൽ വരണ്ട.. കുന്നിൽ മുകളിലുണ്ടാവും ഞാനെന്നു പറഞ്ഞിട്ട് വിളിച്ചവനാണ്.
പക്ഷേ ഇത് പോലെയുള്ള ഒരു കെണിയിൽ കുടുങ്ങിയാണ് അവൻ തന്നെ വിളിക്കുന്നതെന്ന് സഞ്ജു സ്വപ്നത്തിൽ പോലും കരുതിയില്ല.
“എന്തെങ്കിലുമൊന്നു പറയെടാ… മനുഷ്യനിവിടെ കത്തി പുകഞ്ഞു നിൽക്കുമ്പോ അവന്റെയൊരു ആലോചന..”നേർത്തൊരു ചിരിയോടെ നിൽക്കുന്ന സഞ്ജുവിന് നേരെ ആദി പൊട്ടിത്തെറിച്ചു.”ഞാനിനി എന്ത് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ലെടാ മോനെ. ഇനിയുള്ളതൊക്കെ മാഷ് നല്ല വെടിപ്പായി പറഞ്ഞു തന്നോളും. മോനത് കേട്ടാ മാത്രം മതിയാവും ”
സഞ്ജു അവനെ നോക്കി പറഞ്ഞു. ആദി അവനെയൊന്ന് നോക്കി പല്ല് കടിച്ചിട്ട് വീണ്ടും മറ്റെങ്ങോ നോക്കി നിന്നു.”പ്രിയ.. കൃഷ്ണ പ്രിയ “,ചെവിയിൽ വീണ്ടും വീണ്ടുമവളുടെ പേര് പറയുന്ന പതിഞ്ഞ സ്വരമുണ്ടെന്ന് തോന്നി ആദി തലയൊന്ന് വെട്ടിച്ചു.സഞ്ജു ആദിയുടെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് നോക്കിയാണ് ഇരിക്കുന്നത്.ആദിയുടെ കണ്ണുകൾ ദേഷ്യം കൊണ്ടാണ് ചുവന്നിരിക്കുന്നത്.ആരാലും പരിഗണിക്കപെടാതെ പോയ അവന്റെ സങ്കടങ്ങളൊക്കെയാണിപ്പോൾ ദേഷ്യങ്ങളായി പരിണമിച്ചു തീർന്നതെന്ന് സഞ്ജു ഓർത്തു.Sസ്നേഹവും ലാളനയും കൊതിച്ചവനെ ഒരു വിരൽ കൊണ്ട് പോലും ചേർത്ത് നിർത്താൻ ശ്രമിക്കാതെ.. അവന്റെ മനസ്സിൽ ഈ ലോകത്തിനോട് പോലും ദേഷ്യമുള്ളവരാക്കി മാറ്റിയവരോടുള്ള രോഷമപ്പോൾ സഞ്ജുവിന്റെ ഉള്ളിലും കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.”നമ്മുക്ക്.. നമ്മുക്കദ്യം തന്നെ മാഷിനോട് പറഞ്ഞാലോടാ ആദി…?”അങ്ങനെയിരുന്നത് കൊണ്ടായില്ല.. ഒരു പരിഹാരം വേണമെന്നുള്ള ചിന്തയിൽ സഞ്ജു ആദിയെ നോക്കി പറഞ്ഞു.ആദി സഞ്ജുവിനെ നേരെ തുറിച്ചു നോക്കി.
“അല്ലേടാ… നമ്മൾ തന്നെ പറഞ്ഞിട്ടറിയുമ്പോ.. നമ്മടെ ഭാഗം കൂടി ക്ലിയർ ചെയ്തു പറഞ്ഞു പോകാം. മാഷ് മറ്റൊരാളിൽ നിന്നുമാണ് ഇതറിയുന്നതെങ്കിൽ നിനക്ക് മുന്നിൽ പിന്നെയൊന്നും പറയാൻ വോയിസുണ്ടാവില്ല. തെറ്റ് മുക്കാലും നിന്റെ ഭാഗത്താണല്ലോ. അപ്പൊ പിന്നെ..”, 1ആദിയുടെ നോട്ടത്തിന്റെ തീഷ്ണത കൂടുന്നതറിഞ്ഞ സഞ്ജു പറയുന്നത് പാതിയിൽ നിർത്തി.”ഓഹോ… അപ്പൊ ഇതെല്ലാം ഞാൻ മനഃപൂർവം പടച്ചുണ്ടാക്കിയെന്നാണോ നീയും പറയുന്നത്.. ഏഹ്?”
ആദിയുടെ കണ്ണിലേക്കു വീണ്ടും ദേഷ്യമിരച്ചു കയറി.”എന്റെ ദൈവമേ.. ഇവനെയൊdക്കെ..”സഞ്ജു ഒരുനിമിഷം കണ്ണടച്ച് പിടിച്ചു.”എടാ ആദി.. ഞാനതല്ല പറഞ്ഞത്..”സഞ്ജു അവന് നേരെ തിരിഞ്ഞിരുന്നു.”നീയിനി ഒരു കോപ്പും പറയണ്ട “ആദി അവനിൽ നിന്നും നോട്ടം മാറ്റിയിട്ട് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.”ഇല്ല… ഞാനൊന്നും പറയുന്നില്ല. ഇതിന് നീ തന്നെ ആലോചിച്ച് ഒരുപരിഹാരം കണ്ട് പിടിക്ക്.. അല്ല പിന്നെ…”സഞ്ജുവും അവനിൽ നിന്നും തിരിഞ്ഞിരുന്നു.
കണ്ണിമ പോലും ചിമ്മാതെ അകലേക്ക് നോക്കിയിരിക്കുന്നവന്റെ ഉള്ളിൽ തിളച്ചു മറിയുന്ന സംഘർഷത്തിന്റെ കടലിനെ അടുത്തിരുന്നു കൊണ്ട് സഞ്ജുവും തൊട്ടറിയുന്നുണ്ടായിരുന്നു.
സ്കൂളിൽ നിന്നും തിരിച്ചു വന്നയുടൻ വന്നിരുന്നതാണ് ആദിയെന്നവനറിയാം.
ഡ്രസ്സ് പോലും മാറിയിട്ടില്ല.മനസ്സിലെ ആകുലതകളാണ്.. ആ മുഖം പതിവിലേറെ വാടി പോയിരിക്കുന്നു..”ആദി.. ഡാ..”
കുറച്ചു നേരമായിട്ടും ഒന്നും മിണ്ടാതെയിരിക്കുന്നവന്റെ തോളിൽ കൈ വെച്ച് കൊണ്ട് സഞ്ജു വിളിച്ചു.”മ്മ്മ്..”
തിരിഞ്ഞു നോക്കാതെ കനപ്പിച്ചൊരു മൂളലാണ് ഉത്തരമായി കിട്ടിയത്.”നീയിത്രേം ടെൻഷനാവാൻ വേണ്ടിയെന്നുമില്ലെടാ.. നീയും മനഃപൂർവമല്ലെന്ന് എനിക്കറിയാം.”സഞ്ജു പറഞ്ഞു കേട്ടതും ഒരു നെടുവീർപ്പോടെ ആദി അവനെയൊന്ന് നോക്കി.”മുത്തച്ഛൻ…. ഇതറിയുന്ന നിമിഷത്തെ, എനിക്കോർക്കാൻ കൂടി വയ്യ സഞ്ജു.”
ആ വേവലാതിയവന്റെ വാക്കുകളിലുമുണ്ട്.”മാഷറിഞ്ഞ സീനാവും.. ആ കാര്യത്തിലുറപ്പാണ്. പ്രതേകിച്ചു അവളൊരു സ്ത്രീ ആയത് കൊണ്ട്. കാരണം സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കണമെന്ന് മാഷ് തന്നെ നമ്മളോട് പലവട്ടം പറഞ്ഞു തന്നത് ഓർക്കുന്നില്ലേ നീ..?”സഞ്ജു ആദിയെ നോക്കി.”ഇനി.. ഇനിയെന്ത് ചെയ്യും ”
ആദി കൈകൾ കൊണ്ട് തല താങ്ങി കുനിച്ചിരുന്നു.”പ്രശ്നമുണ്ടങ്കിൽ.. അതിനൊരു പരിഹാരമുണ്ടാവും. നീയിങ്ങനെ.. സങ്കടപ്പെടല്ലേ ”
അവന്റെയിരുപ്പ് കണ്ട് സഞ്ജുവിനും സങ്കടം തോന്നുന്നുണ്ടായിരുന്നു.”ഞാൻ.. ഞാനൊരുപാട് കൺട്രോൾ ചെയ്യാൻ നോക്കുന്നുണ്ടെടാ. പക്ഷേ… പക്ഷേ പറ്റുന്നില്ല. ഞാൻ തോറ്റു പോകുവാ. ചെറിയൊരു പ്രശ്നമാണെങ്കിൽ പോലും എനിക്ക്… എനിക്ക് ഭയങ്കരമായി ദേഷ്യം വരുവാ..”
മുഖമുയർത്തി നോക്കാതെ പതിഞ്ഞ സ്വരത്തിൽ ആദി പറഞ്ഞു.
അവന്റെ നിസ്സഹായതയാണാ പറയുന്നതെന്ന് സഞ്ജുവിന് പെട്ടന്ന് തന്നെ മനസ്സിലായി.”ഇവിടെത്തിയാലെങ്കിലും സന്തോഷത്തോടെ ജീവിക്കാമെന്ന് മോഹിച്ചു കൊണ്ടാണ്, സന്തോഷിച്ചു കൊണ്ടാണ് ഞാൻ ലണ്ടനിൽ നിന്നും വന്നത്. അവിടെ ശ്വാസം മുട്ടി കഴിഞ്ഞ ഓരോ ദിവസവും ഞാനത് തന്നെയായിരുന്നു സ്വപ്നം കണ്ടിരുന്നതും.പക്ഷേ… ഇതിപ്പോ ഓരോ ദിവസവും ഓരോ പ്രശ്നങ്ങളായി എന്നെ ശ്വാസം മുട്ടിക്കുന്നു.എന്താവോ.. എനിക്ക് മാത്രം എപ്പോഴുമിങ്ങനെ…”അങ്ങേയറ്റം ആത്മനിന്ദയോടെ അവന്റെ മുഖം കൂടുതൽ കുനിഞ്ഞു പോയി…”പ്ലീസ്.. പ്ലീസ് ദീപുവേട്ടാ.. ഇങ്ങനൊന്നും പറയല്ലേ. എനിക്ക്.. എനിക്കിത് സഹിക്കാൻ വയ്യ.. വല്ലാതെ വേദനിക്കുന്നു..” മാളവികയുടെ തേങ്ങി കരച്ചിലാ ഒറ്റ മുറിയുള്ള ഫ്ലാറ്റിൽ ചുറ്റി കറങ്ങി.അവൾക്ക് മുന്നിൽ കഴുകനെ പോലെ ചുവന്നു പോയ കണ്ണോടെ അവളെ തന്നെ നോക്കിയിരിക്കുന്ന അവളുടെ ഭർത്താവ്.. ദീപു.
വിവാഹദിവസം രണ്ടു വർഷത്തെ തന്റെ പ്രണയത്തെ വിശ്വസിച്ച്…തനിക്കായ് അവനൊരുക്കി വെച്ച സ്വർഗത്തിലേക്ക്… അത് വരെയും ജീവിച്ച യഥാർത്ഥ സ്വർഗമുപേക്ഷിച്ചു പോന്നവൾ അവന്റെ കാൽകീഴിലെ നരകത്തിലിരുന്ന് വീണ്ടും വീണ്ടും കെഞ്ചി കരയുന്നുണ്ട്.ഒരക്ഷരം മിണ്ടാതെ തുറിച്ചു നോക്കി ഇരിക്കുന്നവന്റെ കല്ലിച്ച ഭാവം.. അതിലേക്ക് നോക്കുമ്പോൾ അവൾക്കുള്ളം കിടുങ്ങി പോകുന്നുണ്ട്.ഇനി അരങ്ങേറുന്ന കലാപരിപാടികളെയോർത്ത് അവളുടെ വിരൽ തുമ്പ് പോലും വിറ കൊള്ളുന്നു.”എനിക്ക്… എനിക്കവന്റെ നോട്ടം പോലും പേടിയാ ദീപുവേട്ട. ഞാൻ പറയുന്നതൊന്നു വിശ്വസിക്ക്. അവന്റെ ഉദ്ദേശം വേറെയാ. ചീത്തയാണ്. എനിക്കറിയാം.. എനിക്കറിയാം “മാളവിക ഏങ്ങലടിയോടെ ദീപുവിനെ നോക്കി.”ഇനി അങ്ങനെ ആണേൽ തന്നെ നിനക്കൊന്ന് സഹകരിച്ചു കൊടുത്താലെന്താ.ഈ മുംബൈ നഗരത്തിൽ ജീവിച്ചു പോകാൻ അത്ര എളുപ്പമല്ലെന്ന് ഈ ഒറ്റ കൊല്ലം കൊണ്ട് നിനക്ക് മനസ്സിലായില്ലേ. ഞാൻ മാത്രം പട്ടി പണി എടുത്തു കൊണ്ട് നിന്നെ പോറ്റുമെന്ന് പൊന്നുമോൾ വെറുതെ ആശിക്കണ്ട..”ദീപുവിന്റെ പരുക്കൻ സ്വരം..മാളവിക വിറയലോടെ അവനെ നോക്കി.കുറേ ദിവസമായി അവൾ ജോലിക്ക് പോകുന്ന സ്ഥലത്തെ ഉടമയുടെ മനഃപൂർവ്വമുള്ള തൊട്ട് നോട്ടങ്ങളെ കുറിച്ച് അനേകം തവണ അവൾ പറഞ്ഞിട്ടും ഇത് മനസ്സിൽ വെച്ചിട്ടായിരുന്നോ ദീപുവേട്ടൻ മിണ്ടാതെ നിന്നിരുന്നത്…?
മാളുവിന്റെ ശ്വാസം നിലച്ചത് പോലായിരുന്നു ആ നിമിഷം.
പ്രാണനെ പോലെ സ്നേഹിച്ചവന്റയാണ് ആ പ്രലോഭനം.
പ്രണയിച്ചു നടന്ന കാലത്ത് തന്നെയൊരാൾ നോക്കുന്നത് പോലും സഹിക്കാൻ വയ്യാതെ കണ്ണ് നിറച്ചവൻ… ഇന്ന് സ്വമനസ്സാലെ…മാളവിക ജീവനോടെ എരിഞ്ഞു കത്തി.”എടീ.. നീയിങ്ങനെ പതിവ്രത ചമഞ്ഞു ?നടന്നിട്ടെന്തിനാ. കുഴപ്പമില്ലന്ന് ഞാൻ തന്നെ പറയുമ്പോ പിന്നെന്താ നിനക്കിത്ര പേടി..”
ദീപു നയത്തിൽ അവളുടെ അരികിലേക്കിരുന്നു.വെട്ടി വിറക്കുന്ന അവളുടെ ദേഹം വേദനിപ്പിച്ചു കൊണ്ട് തന്നെ അവൻ ഞെരിച്ചു പിടിച്ചു.”ഇതിപ്പോ എനിക്ക് മടുത്തു.. എന്നുമിങ്ങനെ ഈ ദാരിദ്രത്തിൽ മുങ്ങി കിടന്നാ മതിയോ. നമ്മുക്കും ജീവിക്കണ്ടേ. നാല് കാശുണ്ടാക്കി നിന്റേം എന്റേം വീട്ടുകാർക്ക് മുന്നിൽ പോയി തലയുയർത്തി നിൽക്കണ്ടേ..?”അവൻ ആവേശത്തിൽ അവളെ നോക്കി. അവന്റെ ചോര ചുവപ്പ് പടർന്നിറങ്ങിയ കണ്ണുകളിൽ തന്റെ പഴയ പ്രാണനാഥനെ വെറുതെയൊന്ന് തിരയാൻ ശ്രമിച്ചു നോക്കി മാളവിക.
അത് പക്ഷേ തന്നെ കൂടെ കൂട്ടിയതിനു ശേഷം ഒരുപാടൊന്നും കണ്ടിട്ടില്ലയെന്ന് അവളോർത്തു.മുംബൈയിലേക്കാണ് ദീപുവിനൊപ്പം അന്ന് എത്തിപ്പെട്ടത്.
അവൻ കൂടെയുണ്ടെങ്കിൽ ഏതു നരകത്തിലും ജീവിക്കുമെന്ന് വീമ്പു പറഞ്ഞത് ദൈവം അക്ഷരം പ്രതി സമ്മതിച്ചു തന്നത് പോലെ…പോകെ പോകെ മുന്നോട്ടുള്ള ഓരോ ദിവസവും നരകത്തിലെന്നത്പോലെ ജീവിതത്തിൽ സങ്കീർണതയായിരുന്നു.ദീപുവിന് തന്നിലുള്ള ആവേശം വളരെ പെട്ടന്ന് തന്നെ തീർന്നു പോയെന്ന് അവൾക്ക് പലപ്പോഴും തോന്നിയിരുന്നു.ഒരു മാസത്തോളം കഴിയാനുള്ളത് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്.
അത് തന്നെ തന്റെ ആഭരണങ്ങൾ വിറ്റത് കൂടി ചേർത്തിട്ടുള്ളതാണ്.പിന്നെയും ഒരുപാട് നിർബന്ധിച്ചു പറഞ്ഞിട്ടാണ് ദീപു അവിടെയൊരു ചെറിയ കമ്പനിയിൽ ജോലിക്ക് കയറിയത്.
അവിടെത്തിയത് മുതൽ അവൻ തീർത്തും പുതിയ ഒരാളായി മാറുകയായിരുന്നു..ഒറ്റ ദിവസം പോലും ലീവെടുക്കാത്ത കഠിനാധ്വാനി ദീപു അവനിൽ നിന്നും പെട്ടന്ന് അപ്രതീക്ഷമായി പോയത് പോലെ..കിട്ടുന്നതൊന്നും ഒന്നിനും തികഞ്ഞിരുന്നില്ല.മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങൾ മാത്രം മുന്നിൽ നീണ്ടു നിവർന്നു കിടന്നപ്പോഴാണ് വീടിനെ കുറിച്ചും ഒരു കുറവു പോലും അറിയിക്കാതെ വളർത്തിയ അച്ഛനെ കുറിച്ചും ആ സ്നേഹനിധിയായ അച്ഛനോട് ചെയ്തു പോയ അനീതിയെ കുറിച്ചുമെല്ലാമോർത്തത്.അന്ന് മുതൽ കുറ്റബോധം കൂടി കൂട്ടിനുണ്ടായിരുന്നു.തോറ്റു കൊണ്ട് വീട്ടിലേക്ക് കയറി ചെല്ലുന്നതിനെ മരണത്തോളം പേടിച്ചു..ദീപുവിനെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലെന്ന് തോന്നിയിട്ടാണ് അവന്റെ സമ്മതത്തോടെ തന്നെ മാളുവും ജോലിക്കിറങ്ങിയത്.
പക്ഷേ വിചാരിച്ചത് പോലെയല്ല.. അവൾക്കവിടെ നിന്നുള്ള അനുഭവങ്ങൾ.ഇതിനിടയിൽ ദീപു പുതിയ കുറച്ചു കൂട്ടുകാരെ കൂടി ചേർന്നിട്ട് തീർത്തും പുതിയൊരാളായി പോയെന്നുള്ളതാണ് മാളുവിന്റെ ഏറ്റവും വലിയ സങ്കടം.കള്ള് മണക്കുന്ന, പേടിപ്പെടുത്തുന്ന രാത്രിയിൽ അവളെത്ര കരഞ്ഞാലും അതെല്ലാം അവനിൽ കൂടുതൽ ഹരമായിരുന്നു.. ലഹരിയായിരുന്നു.. അതിനിടയിൽ കൂടിയാണ് ഈ വെളിപ്പെടുത്തൽ കൂടി..മറ്റൊരാൾക്ക് കൂടി വഴങ്ങി കൊടുക്കണമെന്ന് തന്റെ മുഖത്ത് നോക്കി പറയാൻ മാത്രം അധപതിച്ചു പോയിരിക്കുന്നു അവൻ.അതവളെ മരിച്ചതിനു തുല്യമാക്കി മാറ്റിയതറിയാതെ.. ആ ശവത്തിന്റെ ചൂട് തിരയുന്ന തിരക്കിലായിരുന്നു അവളുടെ പ്രിയപ്പെട്ട ദീപുവേട്ടനപ്പോഴും ..!
……തുടരും…….
ക്ളീഷേ ആയി തോന്നുന്നുണ്ടല്ലേ മാളവികയുടെയും ദീപുവിന്റെയും ലൈഫ്..?പക്ഷേ പലപ്പോഴും യാഥാർഥ്യം ഇതാവാം..ഇങ്ങനാവാം.
ഒരാളെ.. അതും എല്ലാത്തിനും ഒപ്പം നിൽക്കുന്ന.. സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഒരാളെ അതിനി എന്തിന്റെ പേരിലായിരുന്നാലും വേദനിപ്പിച്ചു കൊണ്ട് തുടങ്ങുന്ന ജീവിതത്തിൽ സമാധാനമുണ്ടാവില്ലെന്ന് എനിക്ക് തോന്നാറുണ്ട്..ഇപ്പഴും തോന്നുന്നുണ്ട്.
എന്റെയാ മനസ്സാണ് ഇവിടെ കുറിച്ച് വെച്ചത്..നിങ്ങളത് എത്രത്തോളം അസെപ്റ്റ് ചെയ്യുമെന്ന് എനിക്കറിയില്ല 😀
ജീവിതം ഇങ്ങനൊക്കെയാണ് ഗയ്സ്..സ്നേഹിച്ചതും ഒരുമിച്ച് ജീവിക്കുന്നതുമൊന്നുമല്ല ഞാനീ പറഞ്ഞു പോയ തെറ്റ്..അതിനായി നമ്മൾ തിരഞ്ഞെടുക്കുന്ന വ്യക്തികളാണ്…
തീർച്ചയായും ശ്രദ്ധിക്കണം…
സ്നേഹത്തോടെ jiff❣️❣️ന്ന.