രചന : ജിഫ്ന നിസാർ ❣️
“കയറ് ടീച്ചറെ.. “മുന്നിലൊരുവനപ്പോഴും ഗൗരവത്തിൽ തന്നെയാണ്.അവരെയൊന്നു നോക്കുന്നത് കൂടിയില്ല.സഞ്ജുവാണ് പ്രിയക്ക് വേണ്ടി കാറിന്റെ ഡോർ തുറന്നു കൊടുത്തത്.
അവളപ്പോഴും സുജയുടെ കയ്യിൽ അമർത്തി പിടിച്ചു നിൽപ്പാണ്.അന്ന് സ്കൂളിലെ ഫങ്ക്ഷന് വേണ്ടി ഉള്ളതിൽ നല്ലൊരു സാരി എടുത്താണ് പോയിരുന്നത്.അതെല്ലാം ഉടഞ്ഞും ഉലഞ്ഞും പോയിരിക്കുന്നു.അലങ്കോലമായി പാറി പറന്നു കിടക്കുന്ന മുടിയിഴകളും കരഞ്ഞു ചീർത്ത കണ്ണും ചുവന്ന മുഖവും.
സഞ്ജുവിന് അവളെ നോക്കുമ്പോൾ വല്ലാതെ വേദനിക്കുന്നുണ്ട്.”കയറിക്കോ മോളെ…”
മാഷ് കൂടി പറഞ്ഞതോടെ പ്രിയ സുജയൊന്നു ദയനീയമായി നോക്കിയിട്ട് കാറിനകത്തേക്ക് കയറി.
അവളുടെ ഭാഗത്തെ ഡോറടച്ചുകൊണ്ട് സഞ്ജു തിരിഞ്ഞു വന്നപ്പോഴേക്കും മാഷ് സുജയോട് യാത്ര പറഞ്ഞിട്ട് ആദിക്കരികിലേക്ക് കയറിയിരുന്നിരുന്നു.
സഞ്ജുവിന് പിന്നെ പ്രിയയുടെ കൂടെ പിന്നിലേക്ക് കയറുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.ഒരു ദീർഘനിശ്വാസത്തോടെ അവനും സുജയെ നോക്കി തലയാട്ടിയിട്ട് കാറിനകത്തേക്ക് കയറിയിരുന്നു.”ഇന്നൊരു ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യൂ ടീച്ചറെ..”പ്രിയയെ നോക്കി കുഞ്ഞൊരു ചിരിയോടെ പറഞ്ഞിട്ടാണ് സഞ്ജു അവൾക്കരികിലേക്ക് ഇരുന്നത്.
പ്രിയ പക്ഷേ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..
വീടിന് നേർക്കാണ് അവളുടെ കണ്ണുകൾ.
ഭയത്തോടെ തന്നെ സുജ ആദിയിരിക്കുന്നതിന് അരികിലേക്ക് അല്പം കുനിഞ്ഞു.
അനൂപിന് നേരെ പാഞ്ഞു കയറി ആക്രമിച്ചു കീഴ്പ്പെടുത്തിയ ആദിയുടെ നേരെ നോക്കാൻ കൂടി സുജക്ക് പേടിയുണ്ടായിരുന്നു.പക്ഷേ തന്റെ മകൾക്ക് വേണ്ടി അവർക്കവനോട് സംസാരിച്ചേ മതിയാവൂ..
അവനപ്പോഴും ആരെയും നോക്കാതെ നേരെ മുന്നിലേക്ക് നോക്കിയിരിക്കുകയാണ്.”മോനെ…”
ഇടറി കൊണ്ടുള്ള സുജയുടെ ആ വിളി..എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അറിയാതെ തന്നെ ആദി അവർക്ക് നേരെ തിരിഞ്ഞു നോക്കി.പഴയ രൂക്ഷതയില്ലായിരുന്നു അപ്പോഴവന്റെ കണ്ണുകളിൽ..അതോടെ സുജക്ക് പാതി ആശ്വാസമായി.
” എന്താണ്സംഭവിച്ചതെന്ന്എനിക്കറിയില്ല.അതെന്തുതന്നെയായാലും മോന് ഒരുപാട് സങ്കടമായിയെന്ന് അമ്മയ്ക്ക് മനസ്സിലായി.പക്ഷേ അതിന്റെ ദേഷ്യമൊന്നും എന്റെ മകളോട് കാണിക്കരുത്..ഒരു ഗതിയുമില്ലാത്ത ഒരമ്മയുടെ അപേക്ഷയാണ്.അറിഞ്ഞുകൊണ്ടവൾ ഒരു തെറ്റും ചെയ്യില്ലെന്ന് ഈ അമ്മയ്ക്ക് ഉറപ്പുണ്ട്.. “സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചിരിക്കുന്ന ആദിയുടെ കൈ പിടിച്ചെടുത്തുകൊണ്ട് സുജ കരച്ചിലൊടെയാണത് പറഞ്ഞത്.വലിഞ്ഞ മുറുകിയ അവന്റെ മുഖം ഒന്നുകൂടെ കടുത്തു പോകുന്നത് കണ്ടതും സഞ്ജു ഏറെ നെഞ്ചിടിപ്പോടെയാണ് അവനെ നോക്കിയത്.ഉള്ളിലുള്ള ദേഷ്യത്തിന്റെ കാഠിന്യത്തിൽ അവൻ സുജയോടെന്തെങ്കിലും വാവിട്ടു പറഞ്ഞു പോകുമോയെന്ന് മാഷും ഭയന്നിരുന്നു.
പക്ഷേ ആദിയൊരക്ഷരം മിണ്ടുന്നില്ല.ആ മുഖം നിറയെ അസ്വസ്ഥത തന്നെയാണ്. ഒത്തിരി അനുഭവിച്ചവളാണ് എന്റെ കുട്ടി.നിങ്ങളെ വിശ്വസിച്ചു കൊണ്ടാണ് ഞാൻ അവളെ നിങ്ങളോടൊപ്പമയക്കുന്നത്.. കൈവിട്ടു കളയരുത്. ”
സുജയുടെ കണ്ണുനീർത്തുള്ളികൾ വീണ് ചിതറി.ആദിയുടെ കയ്യിൽ മുറുകുന്ന അവരുടെ കൈകൾ..പേടിക്കേണ്ട… നിങ്ങളുടെ മകൾക്ക്…അവിടെയൊരു കുറവുമുണ്ടാവില്ല..”
തന്റെ കൈകൾക്ക് മേലെ മുറുക്കിയ സുജയുടെ കൈകൾക്ക് മീതെ മറുകൈകൊണ്ട് മുറുകെപ്പിടിച്ചു ആദി പറഞ്ഞു.
അത് കേട്ട് പ്രിയയടക്കം എല്ലാവരും ഞെട്ടിപ്പോയിരുന്നു.അവനിൽ നിന്നും അങ്ങനെയൊരു പ്രവർത്തിയപ്പോൾ അവരാരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.ആദിക്ക് തന്നെ അത്ഭുതം തോന്നി തന്റെ ശബ്ദമെങ്ങനെ ഈ അവസ്ഥയിലും ഇത്രയും മൃദുവായി പോയെന്നതോർത്തിട്ട് …പിടിച്ചു കെട്ടിയതുപോലെ സുജയുടെ കണ്ണുനീർ തോർന്നു..
പകരം ആ മുഖത്തേക്കൊരു ചെറിയ ചിരി തെളിഞ്ഞു വന്നു.കാരണം അത്രമാത്രം ഉറപ്പുണ്ടായിരുന്നു കുറച്ചു മുമ്പേ തനിക്ക് നേരെ നീട്ടിയ ആ വാക്കുകൾക്ക്.
അവരിലെ അമ്മമനത്തെ ആത്മനിർവതിയോളം കൊണ്ടെത്തിക്കാനുള്ളത്രയും ശക്തി..
“പോട്ടെ…”നിവർന്ന് സുജക്ക് നേരെ ഒന്ന് നോക്കി ആദി തലയാട്ടി യാത്ര ചോദിച്ചു.അതും കൂടെയുള്ളവർ അത്ഭുതത്തോടെയാണ് നോക്കിയത്.
അവൻ പക്ഷേ അവരുടെ ഭാഗത്തേക്കൊന്നും നോക്കുന്നില്ല.സുജ പിന്നിലേക്ക് മാറിയതും വെടിയുണ്ട പോലെ അവൻ ക്കാർ മുന്നിലേക്കെടുത്തു.
അത്രയും സ്പീഡ് പ്രതീക്ഷിക്കാത്തതുകൊണ്ടുതന്നെ സഞ്ജുവിന്റെ തല ഡോറിൽ പോയി പിന്നിലേക്ക് ശക്തിയായി പോയിടിച്ചു.സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ടുതന്നെ മാഷിനെകാര്യമായി കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചില്ല.
പിന്നിൽ നടക്കുന്നതിലേക്കൊന്നും അവന്റെ ശ്രദ്ധ തിരിയുന്നില്ല.മനഃപൂർവം അവനതിലേക്ക് ശ്രദ്ധിക്കുന്നില്ല.വല്ലാത്തൊരു വാശിയോടെ ആ കാറങ്ങനെ മുന്നോട്ടു കുതിക്കുകയായിരുന്നു.”ആദി പതിയെ പോടാ…”മുറുകെ പിടിച്ചിരിക്കുന്നതിനിടയിൽ തന്നെ സഞ്ജു പറയുന്നതൊന്നും ആദിയുടെ ചെവിയിലേക്ക് എത്തുന്നില്ല.”ഇവൻ കൊല്ലാൻ കൊണ്ട് പോകുവാണോ ദൈവമേ..”
സഞ്ജു പാതി നിലവിളി പോലെ പറയുന്നുണ്ട്.”ആദി…”മാഷ് കടുപ്പത്തിലൊന്നു വിളിച്ചു.അപ്പോൾ മാത്രം അവനൊന്നൽപ്പം ഒതുങ്ങി.
അല്പം മാത്രം.പക്ഷേ എന്നിട്ടും… അലയോടുങ്ങാത്ത കടല് പോലുള്ള അവന്റെ മനസ്സിന്റെ വിങ്ങലൊക്കെയും ആ കാറിന്റെ വേഗതയിലുണ്ടായിരുന്നു.
മരണത്തിലേക്കാണെങ്കിൽ കൂടിയും തനിക്കിനിയൊന്നും വരാനില്ലെന്നതുപോലെയാണ് പ്രിയയുടെ മരവിച്ച മുഖത്തുള്ള ഭാവം.അതുകൊണ്ടുതന്നെ അവൾ എവിടെയെങ്കിലും പിടിക്കുകയോ ആദിയെ നോക്കുകയോ ചെയ്യുന്നില്ല…
❣️❣️
കൊല്ലും ഞാൻ… “തന്റെ കഴുത്തിൽ മുറകുന്ന ദേവന്റെ കൈകളെ രാജീവ് അതിശക്തമായി കുടഞ്ഞു മാറ്റി.ഒരല്പം പിന്നിലേക്ക് മാറിനിന്ന് കൊണ്ടവൻ ശ്വാസം എടുത്തു നിന്ന് കിതച്ചു.
ദേവന്റെ രൂക്ഷമായ നോട്ടം.. എന്നെ കൊന്നതുകൊണ്ട് നിങ്ങൾക്കെന്താണ് കിട്ടുന്നത്.ഞാനല്ല, നിങ്ങളുടെ മകനാണ് അവളെ കല്യാണം കഴിച്ചത്.. എന്തെങ്കിലും ചെയ്യാനോ പറയാനോ ഉണ്ടെങ്കിൽ നിങ്ങളാദ്യം അങ്ങോട്ട് ചെല്ല്.. “ദേവനോടുള്ള ദേഷ്യം മുഴുവനും രാജീവിന്റെ വാക്കുകളിലുണ്ടായിരുന്നു.”നീയല്ലേ… അവനെ അവിടെനിന്നും ഓടിക്കാൻ വേണ്ടിയിട്ട് എനിക്ക് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു തന്നത്.. ഏഹ്..?”
അലറും പോലെ പറഞ്ഞുകൊണ്ട് ദേവൻ രാജിവിനെ നോക്കി.
“അതെ. അങ്ങനെയൊരു ഐഡിയ പറഞ്ഞു തന്നത് ഞാൻ തന്നെയാണ്. പറഞ്ഞപോലെ ഞാൻ പ്രവർത്തിക്കുകയും ചെയ്തു.അവനെ ആൾക്കൂട്ടത്തിനിടയിലിട്ട് നാണംകെടുത്തി തരും എന്നതായിരുന്നു നിങ്ങളോടുള്ള എന്റെ വാക്ക്. ചെയ്തു തന്നില്ലേ ഞാൻ…”രാജീവ് ഒട്ടും വിട്ടുകൊടുക്കാതെ ദേവനെ നേരെ ചീറി..” അതെ.. ചെയ്തു തന്ന ഉപകാരം പക്ഷേ അവനെയോടിക്കാൻ ചെയ്തിട്ട്, ഒടുവിൽ അവനെ ഇവിടുന്ന് ഒരിക്കലും തിരിച്ചുകൊണ്ടുപോകാൻ പറ്റാത്ത രീതിയിലാക്കിയില്ലേ നീ. ഒരു ബുദ്ധിമാൻ വന്നിരിക്കുന്നു “രാജീവ് നേരെ പരിഹാസത്തോടെ ദേവൻ ചോദിച്ചു.
” അതിന് ഞാൻ ഉത്തരവാദിയല്ല.ഞാനറിഞ്ഞില്ലല്ലോ നിങ്ങളുടെ മകൻ അവളെത്തന്നെ കെട്ടികൂടെ കൊണ്ടുപോകുമെന്ന്. അല്ലെങ്കിലും അവൻ ഇത്രയും നാണംകെട്ടവനാണെന്ന് ഞാനുണ്ടോ അറിയുന്നു .. ”
അതേ പരിഹാസത്തോടെ തന്നെ രാജീവ് ദേവനെയും നോക്കി പറഞ്ഞു.”ഇപ്പൊ ചെയ്തുവെന്ന് പറയുന്ന ഒന്നും നീ എന്നോടുള്ള സ്നേഹം കൊണ്ട് ചെയ്തതല്ലല്ലോ. ചെയ്തതിനൊക്കെയുള്ള ക്യാഷും തന്നിട്ടില്ലേ ഞാൻ നിനക്ക്. അതും നീ ചോദിച്ചത്. യാതൊരു വിലപേശലുമില്ലാതെ.എന്നിട്ട് നീ വലിയ വീരവാദം പറയുന്നോ .. “ദേവൻ പുച്ഛത്തോടെ ചുണ്ട്കോട്ടി.
” നിങ്ങളുടെ കാശ് കൈ നീട്ടി വാങ്ങി പോയിട്ടില്ല ഞാൻ.അതിനുള്ള ജോലി നല്ല അന്തസായി ചെയ്തിട്ടുണ്ട്..ജോലി ചെയ്തു കഴിഞ്ഞതിനുശേഷമാണ് ഞാൻ ആ ക്യാഷ് നിങ്ങളിൽ നിന്ന് സ്വീകരിച്ചതും.അപ്പൊ പിന്നെ അതിനെക്കുറിച്ച് പറയേണ്ട കാര്യമില്ല.ഞാൻ ജോലി ചെയ്തു നിങ്ങൾ എനിക്ക് അതിനുള്ള പ്രതിഫലം തന്നു.അത്രമാത്രം.. പക്ഷേ പിന്നെ നടന്നതൊന്നും എനിക്കറിയില്ല. അതിലൊന്നും എനിക്കൊരു ഉത്തരവാദിത്തവുമില്ല.ആ കാര്യങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയുമല്ല.. “രാജീവ് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
ദേവനും അതിയായ ദേഷ്യമുണ്ട്.
പക്ഷേ അതിനേക്കാൾ ഒരായിരമിരട്ടിയാണ് രാജീവിന്പ്പോൾ തോന്നുന്ന ദേഷ്യത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും ആഴം.പ്രിയയെ ആ സ്കൂളിൽ നിന്നും തുരത്തിയോടിക്കാൻ തുനിഞ്ഞവനെ അപ്പാടെ തകർത്ത് കളയുന്ന വാർത്തയായിരുന്നു ആദിത് മഹാദേവ് അവളെ താലി കെട്ടി സ്വന്തമാക്കിയെന്നുള്ളത്.ഇല്ലെന്നെത്ര ഉള്ള് കൊണ്ട് വാശി കാണിച്ചാലും അംഗീകരിക്കാൻ മടിച്ചാലും തന്നെക്കാൾ ഒരുപാട് മുകളിൽ തന്നെയാണ് ആദിത് മഹാ ദേവെന്നുള്ള ചിന്ത.. രാജീവിനെ വല്ലാതെ മുറിവേൽപ്പിച്ചു.
അവൻ പ്രിയയെ സ്വീകരിച്ചു എന്നുള്ളതാണ് അവനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രതിസന്ധി.
അവനോട് പ്രത്യക്ഷത്തിൽ രാജീവിനൊരു ചെറിയ നീരസമുണ്ടെങ്കിലും.. അത്രത്ര വലുതല്ല.പക്ഷേ.. കൃഷ്ണ പ്രിയ ഇനിയവന് സ്വന്തമാണെന്നോർക്കുമ്പോൾ അവളോടുള്ള അതേ ദേഷ്യവും വെറുപ്പുമിപ്പോൾ ആദിത് മഹാ ദേവിനോടും തോന്നുന്നുണ്ട്.”വാട്ട് ഈസ് നെക്സ്റ്റ്.. ഇനി അതിനെ കുറിച്ച് പറ.. വെറുതെ…”ദേഷ്യത്തോടെ തന്നെ ദേവൻ രാജീവിനെ നോക്കി.”എനിക്കറിയില്ല…”
അതേ ദേഷ്യം അവനിലുമുണ്ടായിരുന്നു അത് പറയുമ്പോൾ.
“രാജീവ്…കാര്യങ്ങൾ എന്തായാലും നമ്മൾ ഉദ്ദേശിച്ചത് പോലെയായില്ല. സത്യമാണ്. പക്ഷേ അതിന് വേണ്ടി ഇനി ഞാനും താനും തമ്മിൽ തല്ലിയത് കൊണ്ടായില്ല. എനിക്കിനിയും തന്റെ സഹായം വേണ്ടി വന്നേക്കും.. നമ്മൾ ഒരുമിച്ച്…”
സോറി… “ദേവനെ പറഞ്ഞു മുഴുവനുമാക്കാൻ പോലും രാജീവ് അനുവദിചില്ല. അതിന് മുന്നേ അവന്റെ മറുപടിയെത്തിയിരുന്നു.”രാജീവ് ഞാൻ പറയുന്നത്…”ദേഷ്യമൊതുക്കി ദേവൻ വീണ്ടുമെന്തോ പറയാൻ തുടങ്ങിയത് രാജീവ് കയ്യുയർത്തി തടഞ്ഞു.
“നമ്മള് തമ്മിലൊരു ഡീലുണ്ടായിരുന്നു. അതാവസാനിച്ചു. ഇനിയും നിങ്ങളുമായി മറ്റൊരു ഡീലിൽ കോപ്പേറേറ്റ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. നമ്മളെ വിട്ടേക്ക്.. ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്കെന്റെ വഴി..”
പുച്ഛത്തോടെ പറഞ്ഞു കൊണ്ട് രാജീവ് എഴുന്നേറ്റു.
ദേവന് പിന്നെയും അവനോടെന്തോപറയണമെന്നുണ്ടായിരുന്നു.ഈ നൂലാമാല പ്രശ്നത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തി തരാൻ അവന് കഴിയുമെന്നൊരു തോന്നൽ.
കാഷേത്ര വേണമെങ്കിലും വാരി വിതരാൻ അയാളൊരുക്കമാണ്.പക്ഷേ ചതിക്കാതെ കൂടെ നിൽക്കാൻ ഈ നാട്ടിലെ എല്ലാമറിയുന്ന.. ഇവനെ പോലെയൊരുവനെ കണ്ടെത്തുകയെന്നത് വീണ്ടും അയാളെ പ്രതിസന്ധിയിലാക്കി.ഇതിൽ കൂടുതൽ രാജീവിന്റെ ദാർഷ്ട്യത്തിനു മുന്നിൽ ദേവന് താഴാനുംവയ്യായിരുന്നുആശങ്കയോടെയിരിക്കുന്ന ദേവന് മുന്നിൽ കൂടി തന്നെ രാജീവ് വാതിൽ തുറന്നു കൊണ്ടിറങ്ങി പോയി…
……തുടരും..
അടിച്ചു പിരിഞ്ചാച്ച് ഗയ്സ്… 😀ദേവനും രാജീവും 💪ആ കെട്ടി കയറ്റി കൊണ്ട് പോയതുങ്ങളെ ഞാനിനി ന്തോ ചെയ്യുമെന്നാ..?അമ്പിനും വില്ലിനും അടുക്കാത്ത രണ്ടു സാധനങ്ങൾ..🥴കർത്താവെ.. മിന്നിച്ചേക്കണേ..സ്നേഹത്തോടെ ജിഫ് ❤️❤️

by