അലൈപ്പായുതേ
ഭാഗം രണ്ട്
“അവൻ കഴിക്കും! ഞാൻ പറയുമ്പോൾ അവൻ നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും” ശിവകാമി അവളുടെ തലയിൽ തലോടിക്കൊണ്ട് ഉറപ്പിച്ചു പറഞ്ഞു. “ശിവകാമി വാക്ക് തന്നാൽ അത് മാറ്റിപ്പറയില്ല മോളേ.
ഈ കൈലാസത്തിലെ മരുമകളായി നീ മാത്രമേ വരൂ. അവന്റെ ഈ ദേഷ്യമൊക്കെ ഞാൻ മാറ്റിയെടുക്കാം. നീ സമാധാനിക്ക്.”
ശിവകാമിയുടെ വാക്കുകൾ കേട്ടപ്പോൾ ആരതിയുടെ കരച്ചിൽ നിന്നു. അവളുടെ കണ്ണുകളിൽ വീണ്ടും ആ പഴയ അഹങ്കാരവും അഹന്തയും തെളിഞ്ഞു.
‘ധ്രുവ് കാർത്തിക്… നീ എന്നെ വേണ്ടാ എന്ന് പറയുന്തോറും നിന്നെ സ്വന്തമാക്കാൻ എനിക്ക് വാശികൂടുകയാണ്. ഈ കൈലാസ് ഗ്രൂപ്പിന്റെ മാഡം ഞാൻ തന്നെയാകും!’ അവൾ മനസ്സിൽ ഉറപ്പിച്ചു.
…..
അതേസമയം, കൊച്ചി നഗരത്തിലെ ഹൈവേയിലൂടെ ധ്രുവിന്റെ കാർ അമിതവേഗതയിൽ പായുകയായിരുന്നു.
കാറിനുള്ളിലെ തണുപ്പിലും ധ്രുവിന്റെ ശരീരം ചുട്ടുപൊള്ളിക്കൊണ്ടിരുന്നു .
അവൻ സ്റ്റീയറിങ് വീലിൽ കൈകൾ മുറുക്കെപ്പിടിച്ചു. വണ്ടിയുടെ സ്പീഡോമീറ്ററിലെ സൂചി 120 കടന്ന് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
‘എന്താണ് അമ്മ കരുതുന്നത്? ആരതിയെപ്പോലൊരു അഹങ്കാരിയെ എന്റെ തലയിൽ കെട്ടിവെച്ചാൽ ഞാൻ മിണ്ടാതിരിക്കും എന്നോ? ഇല്ല, ഒരിക്കലുമില്ല! ആ പെണ്ണിന്റെ കണ്ണ് എന്റെ പണത്തിൽ മാത്രമാണ്. അത് അമ്മയ്ക്ക് മനസ്സിലാകാത്തതാണോ അതോ അറിഞ്ഞുകൊണ്ട് കണ്ണടയ്ക്കുന്നതാണോ?’
ധ്രുവിന്റെ മനസ്സ് പുകയുകയായിരുന്നു. അച്ഛന്റെ മരണശേഷം കമ്പനിയെ ഈ നിലയിൽ എത്തിക്കാൻ അവൻ അനുഭവിച്ച കഷ്ടപ്പാടുകൾ അവന് മാത്രമേ അറിയൂ. അതിലേക്ക് പങ്കുപറ്റാൻ വരുന്ന ഇത്തരം പെണ്ണുങ്ങളെ അവന് കടുത്ത വെറുപ്പായിരുന്നു.
മഴ കനത്തു പെയ്യാൻ തുടങ്ങി. വൈപ്പർ കണ്ണാടിയിലെ വെള്ളത്തുള്ളികളെ വശങ്ങളിലേക്ക് തള്ളി മാറ്റിക്കൊണ്ടിരുന്നു. ദേഷ്യത്തിന്റെ പരകോടിയിൽ ഇരുന്ന ധ്രുവ് റോഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അവന്റെ കണ്മുൻപിൽ വീണ്ടും വീണ്ടും ആ നശിച്ച ആരതിയുടെ മുഖമാണ് തെളിഞ്ഞു വരുന്നത്.
പെട്ടെന്നാണ് ആ സംഭവം നടന്നത്…!
ഹൈവേയിലെ സ്ട്രീറ്റ് ലൈറ്റുകൾ മങ്ങിയ ഒരു ജങ്ഷനിൽ, കയ്യിലൊരു വലിയ ബാഗുമായി ഒരു പെൺകുട്ടി റോഡ് ക്രോസ്സ് ചെയ്യാനായി പെട്ടെന്ന് മുന്നോട്ട് നടന്നു.
കുത്തനെ പെയ്യുന്ന മഴയിൽ, കുട പോലുമില്ലാതെ, നനഞ്ഞു കുതിർന്ന വസ്ത്രങ്ങളോടെ അവൾ റോഡിന്റെ മധ്യത്തിലേക്ക് എത്തിയത് ധ്രുവ് പെട്ടെന്നാണ് കണ്ടത്.
“ഓഹ് ഫ*!”
ധ്രുവ് സഡൻ ബ്രേക്ക് ചവിട്ടി! കാറിന്റെ ടയറുകൾ റോഡിൽ ഉരസി വലിയൊരു വിചിത്ര ശബ്ദം ഉണ്ടാക്കി. കാർ വഴുതി മാറി ആ പെൺകുട്ടിയുടെ തൊട്ടു മുന്നിൽ ചെന്ന് നിന്നു! വെറും ഇഞ്ചുകളുടെ വ്യത്യാസം!
കാറിന്റെ ലൈറ്റുകൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് വന്ന് പതിച്ചു.
പേടിച്ചരണ്ട്, നിലവിളിക്കാൻ പോലും കഴിയാതെ അവൾ തറഞ്ഞു നിന്നുപോയി. കൈയ്യിലിരുന്ന ബാഗ് നിലത്തു വീണു.
ധ്രുവ് ദേഷ്യത്തോടെ സ്റ്റീയറിങ് വീലിൽ അടിച്ചു.
“ഏത് വട്ട് കേസ ഇത്!” അവൻ ദേഷ്യത്തോടെ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. മഴയിൽ അവന്റെ ഷർട്ട് പെട്ടെന്ന് തന്നെ നനഞ്ഞു കുതിർന്നു.
“തനിക്കു കണ്ണും മൂക്കും ഇല്ലേടോ? ചാകണമെങ്കിൽ വേറെ വല്ല വഴിയും നോക്കണം! എന്റെ വണ്ടിയുടെ മുന്നിലേക്കാണോ എടുത്തു ചാടുന്നത്?” ധ്രുവ് അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.
പക്ഷേ, അവളുടെ മുന്നിലെത്തി ആ മുഖത്തേക്ക് നോക്കിയതും ധ്രുവിന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
നക്ഷത്ര പേടിച്ചു വിറച്ച് നിൽക്കുകയായിരുന്നു.
ആ നിമിഷത്തിൽ അവൾ മരണം മുന്നിൽ കണ്ടതുപോലെ ആയിരുന്നു… വിടർന്ന നിഷ്കളങ്കമായ ആ കണ്ണുകളിൽ ഭയവും, ഒപ്പം ഏതോ വലിയ സങ്കടക്കടലും തെളിഞ്ഞു നിന്നു. മഴവെള്ളം അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
യാതൊരു ചമയങ്ങളും ഇല്ലാത്ത തികച്ചും ഗ്രാമീണത്വം നിറഞ്ഞുതുളുമ്പുന്ന ഒരു പാവം പെൺകുട്ടിയുടെ നിഷ്കളങ്കത ആ മുഖത്തുണ്ടായിരുന്നു.
അവളുടെ ആ പേടിച്ചരണ്ട നോട്ടവും, വിറയ്ക്കുന്ന ചുണ്ടുകളും കണ്ടതും ധ്രുവിന്റെ ഉള്ളിൽ എവിടെയോ ചെറിയൊരു ചലനമുണ്ടായി. അവൻ ഇതുവരെ കണ്ട പെണ്ണുങ്ങളെപോലെയൊന്നുമല്ല അവൾ. കുഞ്ഞുങ്ങളെപോലെയുള്ള ആ നിഷ്കളങ്ക ഭാവം അവന്റെ ഹൃദയത്തിൽ എവിടെയോ പതിഞ്ഞുപോയിരുന്നു…
എന്നാൽ, ആ നിമിഷത്തിലെ വികാരം ധ്രുവ് പെട്ടെന്ന് തന്നെ ഉള്ളിൽ അമർത്തി.
‘ഛെ! ഞാൻ എന്താണ് ഈ ആലോചിക്കുന്നത്?’ അവൻ സ്വയം തിരുത്തി.
അപ്പോഴേക്കും, ശബ്ദം കേട്ട് ചുറ്റുമുള്ള നാട്ടുകാരും ടാക്സി ഡ്രൈവർമാരും അവിടെ തടിച്ചുകൂടിയിരുന്നു.
“എന്താടോ താൻ കാണിക്കുന്നത്? ഇത്രയും വേഗതയിലാണോ മഴയത്ത് വണ്ടി ഓടിക്കുന്നത്?” ഒരു പ്രദേശവാസി ധ്രുവിന് നേരെ വിരൽ ചൂണ്ടി.
“ഈ കൊച്ചിനെ ഇടിച്ചു കൊല്ലാൻ നോക്കുകയാണോ നീ, നടക്ക് പോലീസിൽ ഇവനെയൊക്കെ പോലീസിൽ ഏൽപ്പിച്ചിട്ട് തന്നെ കാര്യം.” മറ്റൊരാൾ കാറിന് മുന്നിലേക്ക് കയറി നിന്നു.
ധ്രുവിന്റെ ദേഷ്യം വീണ്ടും ഇരട്ടിച്ചു.
“ഹേയ്! നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? അവളാണ് റോഡിലേക്ക് ചാടിയത്, കണ്ണില്ലേ നിങ്ങൾക്ക്?” അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.
“ആര് ചാടിയാലും താൻ ഇത്രയും സ്പീഡിൽ വണ്ടി ഓടിക്കാൻ പാടുണ്ടോ? പൊലീസിനെ വിളിയെടോ!” ആൾക്കൂട്ടം ബഹളം വെക്കാൻ തുടങ്ങി.
ധ്രുവ് പല്ലിറുമ്മി. അവൻ അനാവശ്യമായ ഒരു കേസിൽ പെടാൻ ആഗ്രഹിച്ചില്ല. അവൻ നക്ഷത്രയ്ക്ക് നേരെ തിരിഞ്ഞു.
“താൻ തന്നെ പറയടോ ഇവരോട്… താനല്ലേ പെട്ടെന്ന് റോഡിലേക്ക് ചാടിയത്?”
എല്ലാവരുടെയും കണ്ണുകൾ നക്ഷത്രയിലേക്ക് തിരിഞ്ഞു.
പേടിച്ചു വിറയ്ക്കുന്ന പെണ്ണിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ചുറ്റും നിൽക്കുന്ന ആണുങ്ങളെയും, മുന്നിൽ നിൽക്കുന്ന ഗൗരവക്കാരനായ, സമ്പന്നനായ ആ യുവാവിനെയും മാറിമാറി നോക്കി.
അവൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തീരെ താല്പര്യമില്ലായിരുന്നു. ആദ്യമായി എത്തിയ നഗരത്തിൽ ഒരു കേസും വഴക്കും ഉണ്ടായാൽ തന്റെ ജോലിയെ അത് ബാധിക്കുമോ എന്ന് അവൾ ഭയന്നു. മാത്രമല്ല ഇയാൾ വല്യ പൈസക്കാരൻ ആണെന്ന് കണ്ടാൽ അറിയാം, താൻ കേസിന് പോയാൽ ഇയാൾ തന്നെ കുടുക്കും.
“ഇ… ഇല്ല…” നക്ഷത്ര വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“അദ്ദേഹത്തിന്റെ തെറ്റല്ല…ഞ.. ഞാൻ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തതാണ്. എനിക്ക് പരാതിയൊന്നുമില്ല…” ഇപ്പൊ കരയും എന്ന വിധത്തിൽ പറഞ്ഞൊപ്പിച്ചു ആ പെണ്ണ്…
നാട്ടുകാർ പരസ്പരം നോക്കി. “മോളേ, പേടിച്ചിട്ട് നുണ പറയേണ്ട. ഇവന്മാരൊക്കെ പണക്കാരാണ്, അതുകൊണ്ടാ…”
“ഇല്ല ഏട്ടാ… എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ കാരണം സാറിനും ബുദ്ധിമുട്ടായി. സോറി…” അവൾ തലതാഴ്ത്തി പറഞ്ഞു.
അവൾ അവന് എതിരെ പരാതി പറയുന്നില്ല എന്ന് കണ്ടതും ആൾക്കൂട്ടം പതുക്കെ പിരിഞ്ഞുപോകാൻ തുടങ്ങി.
ധ്രുവ് അവളെ ഒരു നിമിഷം ആഴത്തിൽ നോക്കി. അവൾ കുനിഞ്ഞുനിന്ന് അവളുടെ ബാഗ് എടുത്തു. നനഞ്ഞു കുതിർന്ന ആ ബാഗും പിടിച്ച്, അവൾ വഴിയരികിലേക്ക് മാറി നിന്നു.
ധ്രുവ് ഒന്നും മിണ്ടാതെ തിരികെ കാറിൽ കയറി. ഡോർ അടച്ച്, അവൻ വണ്ടി മുന്നോട്ട് എടുത്തു. സൈഡ് മിററിലൂടെ അവൻ പിന്നോട്ട് നോക്കി. മഴയത്ത് തനിച്ചു നിൽക്കുന്ന ആ പെൺകുട്ടി പതുക്കെ നടന്നു പോകുന്നത് അവൻ കണ്ടു.
‘പൊട്ടി പെണ്ണ്!’ ധ്രുവ് പിറുപിറുത്തു. എങ്കിലും, അവളുടെ ആ നിഷ്കളങ്കമായ കണ്ണുകൾ അവന്റെ മനസ്സിൽ ഒരു നിഴൽ പോലെ തങ്ങിനിന്നു.
അരമണിക്കൂറിന് ശേഷം, ധ്രുവിന്റെ കാർ ഫോർട്ട് കൊച്ചിയിലുള്ള അവന്റെ പേഴ്സണൽ ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്നു.
മനസ്സ് അസ്വസ്ഥമാകുമ്പോഴൊക്കെ ധ്രുവ് അഭയം പ്രാപിക്കുന്ന ഒരിടമാണിത്. കടലിനടുത്തുള്ള, അധികമാരും വരാത്ത ഒരു പഴയ ആഡംബര ബംഗ്ലാവ്. അവിടെ അവൻ മാത്രമായിരിക്കും. ശാന്തമായ അന്തരീക്ഷം.
കാർ പാർക്ക് ചെയ്ത് അവൻ അകത്തേക്ക് കയറി. പണിക്കാരാരും ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. അവൻ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ച്, ലിവിങ് റൂമിലെ വലിയ സോഫയിലേക്ക് ചാഞ്ഞു.
മുറിയിൽ പൂർണ്ണ നിശബ്ദതയായിരുന്നു. പുറത്തുനിന്നുള്ള കടൽത്തിരമാലകളുടെ ഇരമ്പൽ മാത്രം കേൾക്കാം.
ധ്രുവ് കണ്ണുകളടച്ചു. അവൻറെ മനസ്സിലേക്ക് ആദ്യം വന്നത് റോഡിൽ വെച്ച് കണ്ട ആ പെൺകുട്ടിയുടെ മുഖമായിരുന്നു.
ആ വിടർന്ന കണ്ണുകൾ… അതിലെ നിഷ്കളങ്കത…
‘എന്തുകൊണ്ടാണ് ആ പെൺകുട്ടി എന്റെ മനസ്സിൽ നിന്ന് പോകാത്തത്? വെറുമൊരു അപരിചിതയായ നാടൻ പെണ്ണ്. അതിനപ്പുറം ഒന്നുമില്ല.’ അവൻ ആ ചിന്തയെ ബലമായി മനസ്സിൽ നിന്നും തള്ളിമാറ്റി.
പക്ഷേ, അടുത്ത നിമിഷം തന്നെ അവന്റെ മനസ്സ് വീണ്ടും ആകെ പുകയാൻ തുടങ്ങി. അമ്മയുടെ വാക്കുകളാണ് അവൻറെ കാതുകളിൽ മുഴങ്ങിയത്.
ധ്രുവ് അസ്വസ്ഥനായി എഴുന്നേറ്റു. അവൻ ബാൽക്കണിയിലേക്ക് നടന്നു. തണുത്ത കാറ്റ് അവൻറെ മുഖത്തടിച്ചു.
‘അമ്മ പറയുന്നതുപോലെ നടന്നാൽ, ആരതി എന്റെ ജീവിതത്തിലേക്ക് വരും. അവളും അവളുടെ അമ്മയും ചേർന്ന് ഈ കുടുംബത്തെയും ബിസിനസ്സിനെയും തകർക്കും. എനിക്കത് കണ്ടുനിൽക്കാൻ കഴിയില്ല. പക്ഷേ, അമ്മയെ എതിർത്ത് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അച്ഛൻ പോയതിൽ പിന്നെ അമ്മയ്ക്ക് ഞാൻ മാത്രമാണ് ആശ്രയം. അമ്മയുടെ മനസ്സമാധാനം തകർക്കാൻ എനിക്ക് മനസ്സ് വരുന്നില്ല.’
ധ്രുവ് സിഗരറ്റ് കത്തിച്ച് ഒരു പുക ആവോളം ഉള്ളിലേക്ക് വലിച്ചെടുത്തു.
‘ഈ കല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് ഒരു വഴി? അമ്മയോട് പറ്റില്ല എന്ന് പറയാതെ തന്നെ ഇതിൽ നിന്ന് എങ്ങനെ പിന്മാറും?’
തുടരും…






