16/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 67

രചന : ജിഫ്ന നിസാർ.❣️❣️

” നിനക്കെന്തുപറ്റി ലക്ഷ്മി? ഞാൻ ഇന്നലെ വന്നപ്പോൾ മുതൽ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.പോയതു പോലെയല്ലല്ലോ തിരികെ വന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ? “അടുക്കള വാതിൽക്കൽ ചാരി നിന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുന്ന ലക്ഷ്മിയോട് നളിനി ചോദിച്ചു.പിറകിൽ നിന്നും നളിനിയുടെ ചോദ്യം കേട്ട ലക്ഷ്മി തിരിഞ്ഞുനോക്കി.
അവളുടെ കണ്ണുകളിൽ അതുവരെയുമില്ലാത്ത ഒരു ആശങ്കഭവമാണ് നളിനിക്ക് കാണാനായത്.”എന്തേ … എന്താണെങ്കിലും എന്നോട് പറ മോളെ.. കുറച്ച് ആശ്വാസം കിട്ടുമല്ലോ ..അതോ എന്നോട് പറയാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ?”

അവളുടെ മുഖം കണ്ടതും കാര്യമായിട്ടെന്തോ പ്രശ്നമുള്ളതുപോലെ നളിനി ഉറപ്പിച്ചിരുന്നു.” അതെന്താ അമ്മ അങ്ങനെ പറയുന്നേ..അമ്മയോട് പറയാത്ത എന്തെങ്കിലും കാര്യമെന്റെ ജീവിതത്തിൽ ഉണ്ടോ.. “നളിനി പറഞ്ഞു കേട്ടതും ലക്ഷ്മി അവർക്ക് നേരെ തിരിഞ്ഞുനിന്നു. അങ്ങനൊന്നും ഇല്ലെന്റെ ലക്ഷ്മി. പക്ഷേ നിനക്കെന്തൊ സങ്കടമുണ്ടെന്ന് അമ്മയ്ക്ക് തോന്നി. ഇന്നലെ വന്നപ്പോൾ മുതൽ നിന്റെ മുഖത്തൊരു വിഷമമുണ്ട്.നീയായിട്ട് പറയുമെന്ന് കരുതിയിട്ടാണ് ഞാൻ ചോദിക്കാതിരുന്നതും.. പക്ഷേ നീയൊന്നും എന്നോട് പറഞ്ഞതുമില്ല.. അതാ ഞാൻ..”
നളിനി അവളുടെ കൈയിൽ പിടിച്ചു.

” അമ്മേ അത്…ഞാൻ… എനിക്കങ്ങനെ പറയാൻ വേണ്ടിയിട്ടുള്ള പ്രശ്നങ്ങളുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ ഇന്നലെ അവിടെ പോയി ഏട്ടനെയും ഏട്ടത്തിയെയും കണ്ടു പോന്നത് മുതൽ എന്റെ മനസ്സിൽ ഒരു നെഗറ്റീവ് ഫീൽ ഉണ്ട്.. “വല്ലാത്തൊരു സങ്കടത്തോടെ ലക്ഷ്മി നളിനിയെ നോക്കി.” അതിപ്പോയെന്താ അങ്ങനെ ഒരു ഫീല്..? “”എനിക്കറിയില്ലമ്മേ..ഇതിനുമുമ്പും ഏട്ടനും മോളും ഏട്ടത്തിയുമെല്ലാം ഒരുപാട് യാത്രകൾ പോയിട്ടുണ്ട്.അന്നൊക്കെ അവർ ഇവിടെ വന്ന് യാത്ര പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ യാത്രയാക്കാൻ അങ്ങോട്ട് പോയിട്ടുമുണ്ട്.പക്ഷേ ഇത്…അതുപോലെയൊന്നുമല്ലെന്നൊരു ഭയം..എനിക്ക് വേണ്ടാത്തതൊക്കെ മനസ്സിൽ തോന്നുവാണ്.. ”

ലക്ഷ്മിയുടെ സ്വരമിടറി.”വെറുതെ വേണ്ടാത്തതോർത്തു മനസ്സ് വിഷമിപ്പിക്കാതെ ലക്ഷ്മി. അവരു സന്തോഷത്തോടെ പോയിട്ട് വരട്ടെ.. ആ സന്തോഷം..അതല്ലേ നമുക്ക് വേണ്ടത്..?””അതേ അമ്മേ.അത് തന്നെയാണ് എന്റെ ആഗ്രഹം പക്ഷേ എനിക്ക് എന്തോ വല്ലാത്തൊരു..”ലക്ഷ്മിക്കപ്പോഴും തന്റെ മനസ്സിൽ തോന്നിയ ആ ശങ്ക നളിനിയോട് എങ്ങനെ പറയുമെന്നറിയില്ലായിരുന്നു.ഒന്നാമത് നന്ദുവിനെ അവസ്ഥ.ചെന്ന് കയറിയത് മുതൽ നന്ദുവിന്റെ ഭാവത്തിൽ ഉണ്ടായിരുന്ന മാറ്റം ലക്ഷ്മിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

പെട്ടെന്ന് ഏതൊരാൾക്കും മനസ്സിലാവുന്ന വിധത്തിൽ നന്ദന വല്ലാതെ മാറിപ്പോയിരിക്കുന്നു, രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും.ഏട്ടനും ഏട്ടത്തിയും അത് തന്നെയാണ് പറഞ്ഞതും.പക്ഷേ അതിനേക്കാളൊക്കെ ലക്ഷ്മിയുടെ മനസ്സിൽ തീ കോരിയിട്ടത് ഏട്ടന്റെ വാക്കുകളായിരുന്നു.അതോർക്കാൻ കൂടി അവൾക്കൊരു ഭയം ഉണ്ടായിരുന്നു.ആ നാട്ടിലെ പ്രശസ്തനായ ജ്യോത്സൻ അവരുടെ അച്ഛന്റെ അടുത്തസുഹൃത്തുംകൂടിയായിരുന്നു.പണിക്കരങ്കിളിനെ കുട്ടിക്കാലം മുതൽ അറിയാവുന്നതാണ്.അച്ഛന്റെ ആത്മാർത്ഥ സൗഹൃദം എന്നതിനപ്പുറം വീടുകൾ തമ്മിലും അത്രത്തോളം അടുപ്പമുണ്ടായിരുന്നു.

സ്വന്ത മക്കളോടുള്ള അതേ സ്നേഹം തന്നെയായിരുന്നു പണിക്കർക്ക് അവരോടും ഉണ്ടായിരുന്നത്.അച്ഛനും അമ്മയും മരിച്ചുപോയിട്ടും അതേ സ്നേഹവും വാത്സല്യത്തോടെയും കൂടി പണിക്കർ എന്നും അവരോടൊപ്പം ഉണ്ടായിരുന്നു.
രണ്ടു ദിവസം മുമ്പ് പണിക്കരങ്കിൾ വന്നിരുന്നുവെന്ന് ഏട്ടൻ പറയുമ്പോഴും അതിൽ അസ്വാഭാവികതമായിട്ടൊന്നും ലഷ്മിക്ക് തോന്നിയില്ല.
ലഷ്മിക്ക് പൊതുവേ വിശ്വാസമിത്തിരി കൂടുതലായിരുന്നു എങ്കിലും ഏട്ടനെ അത് തീർത്തും കാർന്ന് തിന്നിട്ടില്ലായിരുന്നു.ഏട്ടന് വിശ്വാസമില്ലെന്നല്ല..
അന്ധവിശ്വാസമില്ലായിരുന്നു.

അങ്ങനെ വേണം പറയാൻ ഏട്ടന്റെ കാര്യത്തിൽ.
ഏട്ടത്തിയും ഏട്ടന്റെ അതേ പാതയിൽ തന്നെയാണ്.
അവർക്ക് രണ്ടുപേർക്കും വിശ്വാസമുണ്ട്.
പക്ഷേ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവരാ ഗേറ്റിനകത്തേക്ക് കടത്തിയിരുത്തിയില്ലായിരുന്നു.ഏട്ടനും കുടുംബത്തിനും ദോഷം കാണുന്നുണ്ടെന്നും അതിനുവേണ്ടി പരിഹാരം ചെയ്യണമെന്ന് പറയാനായിരുന്നു പണിക്കരങ്കിൾ അന്ന് ചെന്നതെന്ന് ഏട്ടൻ പറയുമ്പോൾ, തന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെയായിരുന്നു… ലഷ്മിക്ക്.ഒരു അച്ഛന്റെ വാത്സല്യംവും സ്നേഹവും തന്നെയാണ് ഏട്ടൻ ലക്ഷ്മിക്ക് നൽകുന്നത്.

ഏട്ടത്തിക്ക് അമ്മയുടെ സ്ഥാനവും .
അങ്ങനെയുള്ളവർക്ക് ഒരു അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേൾക്കുമ്പോൾ തകർന്നു പോകാവുന്ന മനശക്തിയെ ലക്ഷ്മിക്കും ഉണ്ടായിരുന്നുള്ളൂ.ഇതിനേക്കാൾ ഒക്കെ അപ്പുറമായിരുന്നു നന്ദുവിന്റെ കാര്യത്തിൽ പറഞ്ഞ കാര്യം.അവൾക്ക് ഉടനെ ഒരു മംഗല്യയോഗ്യം കാണുന്നുണ്ടെന്നും അതിൽ നടന്നില്ലെങ്കിൽ പിന്നെ ഈ ജന്മം നന്ദുവിന്റെ ജീവിതത്തിൽ ഒരു വിവാഹമേ ഉണ്ടാവില്ലെന്ന് ഒക്കെയാണ് പണിക്കരെങ്കിൾ അന്ന് പറഞ്ഞതെന്ന് ഏട്ടൻ നിസ്സാരമായി പറഞ്ഞപ്പോഴും അത് കേട്ട് കൂടിയ ലക്ഷ്മിയുടെ ചങ്കിടിപ്പും നെഞ്ചിടിപ്പും ഇന്നീ നിമിഷം വരെയും നേരെയായിട്ടില്ല.

നാരായണ പണിക്കർ അങ്ങനെ നിസ്സാരക്കാരനൊന്നുമല്ല.പറഞ്ഞാൽ പറഞ്ഞതുപോലെ സംഭവിച്ച നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ടായിട്ടും ഏട്ടൻ വലിയ കൂസലൊന്നുമില്ല.
പരിഹാരങ്ങൾ ചെയ്യണം ഏട്ടാ. ജീവൻ വെച്ചിട്ട് ഒരു കളി വേണ്ടെന്ന് “ലക്ഷ്മി അപേക്ഷിച്ചതു കൊണ്ടായിരിക്കണം ഏതായാലും ഞാൻ ഈ യാത്രയ്ക്ക് ഒരുങ്ങിയതല്ലേ ലക്ഷ്മി. അത് കഴിഞ്ഞു തിരികെ വന്നിട്ട് നമുക്ക് വേണ്ടത് ചെയ്യാമെന്ന് ഏട്ടനും പറഞ്ഞു.അപ്പോഴും അവളുടെ മനസ്സിൽ ഭീതിയായിരുന്നു.” നിങ്ങൾ അങ്ങോട്ട് പോകണ്ട എനിക്ക് പേടിയാണെന്ന്”വൾക്ക് പറയാമെന്നുണ്ടായിരുന്നു.പക്ഷേ അത്രേം ആഗ്രഹത്തോടെ അവരാ യാത്രക്ക് ഒരുങ്ങിയതെന്ന് നന്നായി അറിയാമായിരുന്ന വളെങ്ങനെ പിന്നെ തടസ്സം നിൽക്കേണ്ടത് എന്ന് ലക്ഷ്മിക്കുമറിയില്ലായിരുന്നു.

എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ഒരു മനസ്സോടെയാണ് ഏട്ടനെയും കുടുംബത്തെയും യാത്രയാക്കിയിട്ട് അവർ തിരികെ വീട്ടിലേക്ക് വന്നത്.അജുവിനോട് അവൾ പോലും ഈ കാര്യങ്ങളൊന്നും പങ്കു വെച്ചിട്ടില്ല. പോവാൻ നേര ലക്ഷ്മിയോട് മാത്രമായിട്ട് ഏട്ടൻ പറഞ്ഞ കാര്യങ്ങൾ അവളെ ഒന്ന് തളർത്തി കഴിഞ്ഞിരുന്നു.എന്തൊക്കെയോ അനാർഥങ്ങൾ വരാൻ പോകുന്നുണ്ടെന്ന് അവൾക്കുള്ളിൽ നിന്ന് ആരോ ഓർമപ്പെടുത്തി തുടങ്ങി.അതിനേക്കാൾ ഏറ്റവും വലിയ പ്രതിസന്ധി.. എന്തെന്നാൽ ഈ ആശങ്കകളെയും ആകുലതകളെയുമൊന്നും അവൾക്കാരോടും പങ്കുവയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നതാണ്.

❣️❣️

അന്ന് ഉറക്കമെഴുന്നേറ്റപ്പോഴും പ്രിയയുടെ അരികിൽ ആദി ഉണ്ടായിരുന്നില്ല.എങ്കിലും പക്ഷേ അവൾക്ക് ആശങ്കയൊന്നും തോന്നിയിരുന്നതുമില്ല.തെളിഞ്ഞ വാനം പോലെ ഒഴിഞ്ഞു കിടക്കുന്ന മനസ്സോടെയാണ് അന്നവൾ ആ പുലരിയിലേക്ക് കാലെടുത്തുവച്ചത്.
കുറെ നാളുകൾക്ക് ശേഷമാണ് അത്രയും മനസമാധാനത്തോടെയുള്ള ഒരു ദിവസത്തിലേക്ക് അവൾ ഉറക്കം എഴുന്നേറ്റിരുന്നത്.ആദിയോട് മനസ്സിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസം, അത് ചില്ലറയുന്നുമായിരുന്നില്ല.
കുറച്ചേറെ ദേഷ്യം കാണിച്ചാലും തന്നോട് കുറേ വാശി ഉണ്ടായാലും ഇനി ഈ സംഭവത്തിന്റെ പിറകിലുള്ള കറുത്ത കരങ്ങളെ അവൻ കണ്ടുപിടിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു

അതുകൊണ്ടുതന്നെയാണ്, അവനു വേദനിക്കുമെന്നുറപ്പുണ്ടായിട്ടും അത്രയും രൂക്ഷതയോടെ കാര്യങ്ങൾ അവനോട് സംസാരിച്ചത്. ഇനിയും ദേഷ്യം കാണിച്ചു മുറിയടച്ചിരുന്നിട്ട് തീരുമാനിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതും ചെയ്യേണ്ടതല്ലാത്ത ഒരു വിഷയമാണ് മുന്നിലുള്ളത്.
യാതൊരു കുറ്റവും ചെയ്യാതെ ചതിക്കപ്പെട്ടവന്റെ ആത്മരോഷത്തിന്, അതിന്റെ പുറകെ പ്രവർത്തിച്ചവരെല്ലാം ഉത്തരം കൊടുക്കേണ്ടി വരും..
പ്രസരിപ്പോടെ തന്നെയാണ് അന്ന് കുളിച്ചിറങ്ങിയതും പൂജ മുറിയിൽ കയറി വിളക് വെച്ചതും.

മാഷ് എഴുന്നേറ്റില്ലെന്ന് തോന്നുന്നു.ഒച്ചയൊന്നും കേൾക്കുന്നില്ല.പ്രിയ അടുക്കളയിൽ കയറി.. അവർക്ക് മൂന്ന് പേർക്കുമുള്ള ചായ തിളപ്പിച്ചിട്ട് അടച്ചു വെച്ചു കൊണ്ട് പുറത്തേക്കിറങ്ങി.തലേന്നുള്ള പോലല്ല.പ്രകൃതി പോലും അവളുടെ സന്തോഷമെറ്റെടുത്തത് പോലെ പ്രസന്നമായൊരു ഭാവത്തിൽ അണിഞ്ഞൊരുങ്ങി നിന്നു.നടന്നു കൊണ്ടവൾ മുൻവശത്തെക്കെത്തിയതും ആദി ജോഗിംഗ് കഴിഞ്ഞു വന്നതും ഒരുമിച്ചാണ്.
രണ്ടു പേരും ഒരു നിമിഷം പകച്ചുപോയി.
പക്ഷേ പെട്ടന്ന് തന്നെ പ്രിയ തിരിഞ്ഞു നടന്നു.

💞💞

മോളെ…അകത്ത് നിന്നും മാഷ് നീട്ടി വിളിക്കുന്നത് കേട്ടാണ് പിന്നെ പ്രിയയങ്ങോട്ട് ഇറങ്ങി ചെന്നത്.
അവളെ കണ്ടതും മാഷേന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ… ഓലീവ് ഗ്രീൻ കളർ ഷർട്ടും.. ബ്ളാക്ക് പാന്റുമൊക്കെയായി ഒരു എക്സികുട്ടീവ് ലുക്കിൽ ആദി അവന്റെ മുറിയിൽ നിന്നിറങ്ങി വന്നു.അവനെ ചുറ്റി നിന്നിരുന്ന ഒരു ഗന്ധം പൊടുന്നനെ അവിടെയാകെ നിറഞ്ഞു..
പ്രിയയും മാഷും ഒരുപോലെ അവനെ സംശയത്തോടെ നോക്കി.”നീ എവിടെ പോണ്..?”
മാഷ് ആദിക്ക് നേരെ നോക്കി.മുത്തച്ഛൻ എന്നെയൊരു ജോലിയിൽ ഏർപ്പെടുത്തി തന്നതല്ലേ. അങ്ങോട്ട്‌ പോകുന്നു.”കുഞ്ഞൊരുച്ചിരി ചുണ്ടിലൊളിപ്പിച്ചത് പറയുമ്പോൾ.. മാഷിനെ നോക്കുന്നതിനൊപ്പം തന്നെ അവന്റെ കണ്ണുകൾ പ്രിയയിലേക്കുമൊന്ന് പാളി.

മാഷിന്റെ മുഖത്തൊരു അസാധാരണ തിളക്കം.
“നന്നായെടാ മോനെ… നന്നായി..”
മറച്ചു വെക്കാതെ ആഹ്ലാദത്തോടെ മാഷ് ആദിയെ ചേർത്ത് പിടിച്ചു.ശേഷം പ്രിയയെ നോക്കിയൊന്ന് ചിരിച്ചു.രണ്ടു പേരെയും നോക്കി നിൽക്കുന്ന അവളിലും നിറഞ്ഞ സന്തോഷം തന്നെയാണെന്ന് ആ മുഖത്തു നിന്നും വ്യക്തമായി അറിയാം.”തോറ്റു പിന്മാറി പോകാൻ ആദിത് മഹാ ദേവിന് മനസ്സില്ലെന്നു തെളിയിക്കാൻ എനിക്കവിടെ പോണം മുത്തച്ഛ. എനിക്കറിയാത്ത.. ഞാൻ അറിയേണ്ടിയിരുന്ന എന്തോ ഒരു ചതി എനിക്കെതിരെ അവിടെ നടന്നിട്ടുണ്ട്. അതെന്താണെന്ന് കണ്ടു പിടിക്കാൻ എനിക്കവിടെ പോയെ മതിയാവൂ..”

പറയുന്നതിനിടെ തന്നെ അവൻ പോയി ടേബിളിൽ ഇരുന്നു.ആ മുഖം വലിഞ്ഞു മുറുകിയാണുള്ളത്.
“നീ പോണം മോനെ.. തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ തോൽക്കാൻ മനസ്സില്ലെന്നുറപ്പിക്കാൻ നീ അവിടെ തന്നെ ഉണ്ടാവണം.. നീ മാത്രമല്ല.. നിന്റെ കൂടെ നിന്റെ ഭാര്യയും..”മാഷത് പറയുബോൾ അറിയാതെ തന്നെ ആദിയുടെയും പ്രിയയുടെയും നോട്ടങ്ങൾ പരസ്പരമിടഞ്ഞു.ഒരു നിമിഷം തമ്മിലുടക്കി നിന്നതിനു ശേഷം മിഴികൾ പിൻവലിക്കുമ്പോൾ രണ്ടു പേരും ചമ്മി പോയിരുന്നു.”മോളെ.. നീ കൂടിയിരുന്നു കഴിക്ക്. അല്ലെങ്കിൽ പിന്നെ ഒറ്റയ്ക്കു കഴിക്കണ്ടേ.. ഞാനൊന്ന് കുളിച്ചിട്ട് വരാം..”അവൾക്കെന്തേലും പറയാൻ കഴിയും മുന്നേ മാഷ് അകത്തേക്ക് കയറി പോയിരുന്നു.

ഒന്ന് രണ്ടു നിമിഷം കൂടി അവിടെ നിന്ന ശേഷം അവൾ അവിടെ തന്നെ നിന്നു.താനെഴുന്നേറ്റ് പോയാൽ അവൾക്കിരുന്നു കഴിക്കാമല്ലോ എന്നോർത്ത് കൊണ്ട് ആദിയും വേഗത്തിൽ കഴിച്ചു തീർത്തു.കഴിച്ച പാത്രവുമായി അവൻ അടുക്കളയിലേക്ക് പോകുമ്പോഴും പ്രിയ വല്ലായ്മയോടെ അവിടെ നിൽപ്പുണ്ട്.പെട്ടന്ന് തന്നെ തിരികെ വന്ന ആദി അവളെയൊന്ന് നോക്കി.
ശേഷം അവൻ പുറത്തേക്കിറങ്ങി പോയി..
പോവും വഴി മാഷിനോട് യാത്ര പറയാനും മറന്നില്ല..

❣️❣️❣️

അവന്റെ കാർ പോവുന്ന ശബ്ദം കേട്ടത്തോടെയാണ് പ്രിയ അടക്കി പിടിച്ചു വെച്ച ശ്വാസം വിട്ടത്.
ഇവന് മുന്നിലെത്തുമ്പോൾ മാത്രം എന്താവോ ഈ വിറയലും പരുങ്ങലും..?ഇന്നലെ രാത്രിയിൽ അപ്പോഴത്തെ ഒരാവേശത്തിൽ അവനോട് എന്തൊക്കെയോ പറഞ്ഞു.അതിന്റെയൊരു ചളിപ്പ് വേറെയുണ്ട്.രാവിലെ അപ്രതീക്ഷിതമായി മുന്നിൽ കണ്ടപ്പോഴും വിറച്ചു പോയത് അവനെങ്ങനെ പ്രതികരിക്കുമെന്നോർത്തു തന്നെയാണ്.പ്രതീക്ഷിച്ചത് പോലൊന്നുമുണ്ടായില്ല.പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അവനിന്ന് സ്കൂളിൽ പോവാൻ റെഡിയായി വന്നപ്പോൾ… പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷമാണ് തോന്നിയതും.ഇനിയവൻ കണ്ടു പിടിക്കട്ടെ…മാഷ് തിരികെ വരുവോളം പ്രിയ ഓരോന്നോർത്തു കൊണ്ടതേ നിൽപ്പായിരുന്നു.

“അത് ശെരി.. ഇവിടെ സ്വപ്നം കണ്ട് നിൽപ്പാണോ.. കഴിച്ചില്ലേ മോളെ..”മാഷ് തിരികെ വന്നിട്ട് പ്രിയയോട് ചോദിച്ചു.”ഞാൻ മാഷിനൊപ്പം ഇരുന്നോളാം..”പ്രിയ ചിരിയോടെ പറഞ്ഞു.
മാഷല്ല…”ചിരിയോടെ മാഷ് അവളെ നോക്കി.
മുത്തച്ഛൻ.. ഇനി മുതൽ അങ്ങനെ വേണം വിളിക്കാൻ.. ഇല്ലേൽ കൊച്ചു മോള് അടി മേടിക്കും..”കപട ദേഷ്യത്തോടെ മാഷ് പറയുമ്പോൾ നിറഞ്ഞ കണ്ണോടെ അവൾ തലയാട്ടി കാണിച്ചു..

💞💞

“എവിടെടാ…?സഞ്ജു ഫോൺ എടുത്തയുടനെ ആദി ചോദിച്ചു.ഇന്നവനെ കണ്ടിട്ടേയില്ലെന്നോർത്തു കൊണ്ട് വിളിച്ചതാണ് ആദി.സ്കൂളിൽ പോവുന്ന വഴിയാണെന്ന് കേട്ടതും സഞ്ജുവിനും ഒരുപാട് സന്തോഷമായെന്ന് അവന്റെ ശബ്ദത്തിൽ നിന്നും ആദിക്ക് മനസ്സിലായി.വൈകുന്നേരം കാണാമെന്നും.. കാണുമ്പോൾ പറയാൻ നല്ലൊരു വിശേഷമുണ്ടെന്നും പറഞ്ഞിട്ട് സഞ്ജു ഫോൺ കട്ട് ചെയ്തു പോയി…
തിരികെ സ്കൂളിലേക്ക് കയറി ചെല്ലുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ടെങ്കിലും നിരന്തരം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് തന്നെ ആദി ആത്മ വിശ്വാസത്തോടെ വണ്ടിയോടിച്ചു…

💞💞

ഉച്ച വരെയും പ്രിയക്ക് കൂട്ടായി മാഷുണ്ടായിരുന്നു.
ഉച്ചക്ക് ശേഷം സ്കൂളിലെ എന്തോ ആവിശ്യത്തിനു പഞ്ചായത്തിലേക്ക് പോണമെന്നുള്ളത് കൊണ്ട് മാഷ് അങ്ങോട്ടിറങ്ങി.ഒറ്റക്കിരിക്കേണ്ടന്നും.. ബാലന്റെ വീട്ടിലെക്കാക്കി തരാമെന്ന് മാഷ് പറഞ്ഞിട്ടും പ്രിയ വേണ്ടന്ന്പറഞ്ഞു.ഒറ്റക്കിരിക്കാൻപേടിയൊന്നുമില്ല…മുത്തച്ഛൻ വന്നിട്ട് നമ്മുക്കങ്ങോട്ട് ഒരുമിച്ചു പോവാമെന്ന് പറഞ്ഞു കൊണ്ടവൾ മാഷിനെ പറഞ്ഞു വിട്ടു.മുറിയിലേക്ക് കയറിയെങ്കിലും കിടന്നുറങ്ങാൻ തോന്നിയില്ല.രാത്രിയിലെകാര്യംകഷ്ടത്തിലാവും.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരുമെന്നുള്ളതിനേക്കാൾ ആദി അരികിലുള്ളതിനാൽ ശ്വാസം പിടിച്ചു കൊണ്ടുള്ള കിടപ്പ് അങ്ങേയറ്റം ദുഷ്‌കരമാണ്.

കുറച്ചു നേരം അകത്തെല്ലാം ചുറ്റി തിരിഞ്ഞ് നടന്ന ശേഷം അവൾ മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് നോക്കി ഉമ്മറത്തു തന്നെയിരുന്നു.മാഷിനെ പ്രതീക്ഷിച്ചിരുന്നവൾക്ക് മുന്നിലേക്ക്കടന്ന്വന്നതൊരുകാറായിരുന്നു.ഒരുപ്രാവിശ്യം കണ്ടത് കൊണ്ട് തന്നെ ഡോർ തുറന്ന് കൊണ്ട് പുറത്തേക്കിറങ്ങി വന്ന ആളെ പ്രിയക്കറിയാമായിരുന്നു..മഹാദേവൻ..ആദിയുടെ അച്ഛൻ!

തുടരും..

ഇങ്ങേരെ കാണാഞ്ഞിട്ട് നിങ്ങൾക്ക് വല്ലാത്തൊരു ഏനക്കേടല്ലായിരുന്നോ..?ദോണ്ട് കൊണ്ട് വന്നിട്ടുണ്ട്..ആ പെണ്ണവിടെ ഒറ്റക്കാണല്ലോ കർത്താവെ 😳ഞാൻ പോയിട്ട് പിന്നെ വരാവേ 😛

സ്നേഹത്തോടെ jiff❤️