രചന – ഗംഗ ശലഭം
മുറിയിൽ പോയി ഡോറിൽ തട്ടി വിളിക്കാമെന്ന് ഓർത്തതാണ് ആദ്യം. ഇന്നലെ എന്നെ പറഞ്ഞതൊക്കെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി. ഒരുപക്ഷെ അതൊന്നും കേട്ടിരുന്നില്ല എങ്കിൽ ഉറപ്പായും ഡോറിൽ തട്ടി വിളിച്ചേനെ ഞാൻ.
ഹരിയേട്ടനോട് പറയാമെന്നോർത്ത് ഞങ്ങളുടെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴുണ്ട് അച്ഛൻ എഴുന്നേറ്റ് വരുന്നു.
” കുമാരിക്ക് തീരെ വയ്യ. കിടക്കുവാണ്. ഇന്നലെ രാത്രി മുഴുവനും ചുമച്ചു. ഇപ്പൊ ദാ തല ചുറ്റൽ എന്നും പറഞ്ഞു കിടക്കുന്നു. തീരെ വയ്യ. ഇല്ലെങ്കിൽ ഇങ്ങനെ കിടക്കൂല്ല. ”
എന്നെ കണ്ട പാടെ അച്ഛൻ പറഞ്ഞു.
ഞാൻ അവരുടെ മുറിയിലേക്ക് ചെന്നു. അമ്മ കട്ടിലിൽ കിടപ്പുണ്ട്. അകത്തേയ്ക്ക് കയറാൻ ആദ്യം ഒരു മടി തോന്നി എനിക്ക്.
പിന്നെ ഓർത്തു, ഒരാളോടുള്ള ഇഷ്ടക്കേട് കാണിക്കേണ്ടത് അയാൾക്ക് അസുഖം ആയിട്ടിരിക്കുമ്പോൾ അല്ലല്ലോ എന്ന്…
വാതിൽപ്പടി കടന്ന് അകത്തേയ്ക്ക് ചെന്നതും അമ്മ കണ്ണ് തുറന്നു. എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാകണം.
എനിക്കെന്തോ അവരോട് മിണ്ടാൻ തന്നെ മടി തോന്നി. എന്തൊക്കെയാ ഇന്നലെ എന്നെ പറഞ്ഞത്?
“ഇന്നലെ രാത്രി ഒട്ടും വയ്യായിരുന്നു മക്കളേ….”
അമ്മ എഴുന്നേറ്റിരുന്നു കൊണ്ട് അവശതയോടെ പറഞ്ഞു.
ആ മക്കളേ വിളിയിൽ തേൻ ഒഴുകുന്നുണ്ട്. അങ്ങനെ ഇനി എന്നെ വിളിക്കരുത് എന്ന് പറയാൻ തോന്നി എനിക്ക്. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്.
“വയ്യെങ്കിൽ അമ്മ കുറച്ചു നേരം കൂടി കിടന്നോളൂ….”
വേറെ ഒന്നും പറയാൻ തോന്നിയില്ല. എന്താ വയ്യായ്ക എന്ന് ചോദിക്കാൻ പോലും…!
” ഇപ്പൊ കുഴപ്പമില്ല. ഇച്ചിരി കുറവുണ്ട്. നേരത്തെ ഞാൻ എണീറ്റതാ.. അപ്പൊ തല ചുറ്റി. അങ്ങനെ പിന്നേം കെടന്നു. ”
അവര് കട്ടിലിൽ നിന്നും എണീക്കാൻ നോക്കി. ഞാൻ കൈ പിടിച്ചു സഹായിച്ചു. അവരെ കണ്ടാലേ അറിയാം തീരെ വയ്യാന്ന്. വയാതിരിക്കുന്ന ഒരാളോട് ശത്രുത കാണിക്കാൻ എനിക്ക് പറ്റില്ല. എന്റെ അമ്മ അതെന്നെ ശീലിപ്പിച്ചിട്ടില്ല.
“ഞാൻ തേങ്ങ ചിരകി വച്ചമ്മാ. ചമ്മന്തി ഉണ്ടാക്കട്ടെ?”
ചോദിക്കാതെ പറ്റില്ലല്ലോ?
” വേണ്ട… ഞാൻ ഒണ്ടാക്കിക്കോളാം. പണ്ട് ചിക്കൻ ഗുനിയ വന്ന് കാലും കയ്യും മന്ത് പോലെ നീര് വന്ന് കിടന്നപ്പഴും ഞാൻ തന്നാ ഉണ്ടാക്കീട്ടൊള്ളത്.
ഇവര് അച്ഛനും മോനും കൂടെ എന്നെ പിടിച്ച് അടുക്കളേലോട്ട് ആക്കിത്തരും. എല്ലാം ഉണ്ടാക്കി കഴിയുമ്പം തിരിച്ചു പിടിച്ചോണ്ട് വന്ന് കിടത്തും.
അപ്പഴും ഹരിയെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അന്നും, എന്റെ നീര് വന്ന് വീർത്ത വിരലുള്ള കൈ വച്ചാ ഞാൻ തേങ്ങാ പൊട്ടിച്ചത്. പഠിക്കണതല്ലാതെ വേറെ ഒരു ജോലീം ചെയ്യണ്ട എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടെന്താ ഇപ്പൊ നല്ലൊരു ജോലി ആയില്ലേ?”
ചോദിച്ചത് അബദ്ധമായീന്ന് തോന്നിപ്പോയി എനിക്ക്.
ഇപ്പൊ ഞാൻ ചോദിച്ചതിലും കൂടുതൽ പറഞ്ഞത് എന്തിനാന്നറിയോ?
രണ്ട് ദിവസം മുൻപ് ഹരിയേട്ടൻ എനിക്കൊരു തേങ്ങ പൊട്ടിച്ചു തന്നു. ഞാൻ വെട്ടീട്ട് തേങ്ങാ പൊട്ടീല്ല. അത് കൊണ്ട് ഹരിയേട്ടനോട് ചോദിച്ചു. ആളത് പൊട്ടിച്ച് തരികേം ചെയ്തു.
അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ കാരണം.
അന്നേ അമ്മ, ” എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പൊട്ടിച്ച് തരുമായിരുന്നല്ലോ? അവനെക്കൊണ്ട് എന്തിനാ ചെയ്യിച്ചത്? ” എന്നൊരു ചോദ്യം ചോദിച്ചതാ. അതിന്റെ ബാക്കിയാണ് ഇപ്പൊ അവസരം കിട്ടിയപ്പോ പറഞ്ഞത്.
ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ലാത്രേ…!
എന്റെ അച്ഛമ്മയും ഇടയ്ക്കിത് പറയാറുണ്ട്.
“ഇപ്പൊ കുഴപ്പമില്ല. എണീറ്റ് നോക്കട്ടെ ” എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു.
“ഉണ്ട ചമ്മന്തി ഉണ്ടാക്കാം. അതാവുമ്പോ ഉച്ചത്തേയ്ക്കും കൂടെ എടുക്കാല്ലോ?”
ഞാൻ ചിരകി വച്ച തേങ്ങ എടുത്തു മിക്സിയിലേക്കിട്ട് കൊണ്ട് എന്നോട് പറഞ്ഞപ്പോ ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. ഞാൻ സമ്മതിച്ചാലും ഇല്ലെങ്കിലും അമ്മ അത് തന്നെ ചെയ്യാൻ പോകുന്നുള്ളൂ….
സാധാരണ അമ്മിക്കല്ലിലാണ് ചമ്മന്തി അരയ്ക്കാറ്. ഞാനല്ല. ഉണ്ട ചമ്മന്തി അമ്മ തന്നെ അരയ്ക്കും. എന്നാലേ ശരിയാവുള്ളൂന്ന്…. ഇന്ന് വയ്യാഞ്ഞിട്ടായിരിക്കും മിക്സി എടുത്തത്.
തേങ്ങയും ഒരു പച്ചമുളകും അഞ്ചാറ് വറ്റൽ മുളകും ഇഞ്ചിയും ചെറിയുള്ളിയും പുളിയും ഒക്കെ വച്ചിട്ടാണ് ഇവിടെ അമ്മ ഉണ്ട ചമ്മന്തി അരയ്ക്കുന്നത്. ഒരു പ്രത്യേക ടേസ്റ്റ് ആണതിന്.
സത്യം പറയട്ടെ, എനിക്ക് അമ്മേടെ സാമ്പാറും ഈ ചമ്മന്തിയും നന്നായി ഇഷ്ടമായിട്ടുണ്ട്.
ചമ്മന്തി അരച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ നേരത്തെ ചോറിനു വേണ്ടി വച്ച വെള്ളം തിളച്ചിരുന്നു. അമ്മ തന്നെ അരി കഴുകി അടുപ്പത്തിട്ടു.
“ഒരു രസോം കൂടെ ഉണ്ടാക്കാം. പിന്നെ മുട്ട ഇരിപ്പില്ലേ? നിങ്ങക്ക് അതെടുക്കാം. മോക്ക് മുട്ട പൊരിക്കാൻ അറിയാവോ?”
ഞാൻ അറിയാന്ന് പറഞ്ഞതും എന്നാൽ എന്നോട് ഉച്ചയാവുമ്പോ ഞങ്ങൾ മൂന്നാൾക്കും മുട്ട ഓംലറ്റ് ഉണ്ടാക്കിക്കോളാൻ പറഞ്ഞു.
അമ്മ മുട്ട കഴിക്കില്ലലോ? അതാവും എന്നോട് ഉണ്ടാക്കാൻ പറഞ്ഞത്.
രസം കൂടി ഉണ്ടാക്കി വച്ചിട്ട് ചോറ് വേകുമ്പോൾ വടിച്ചിടാൻ പറഞ്ഞിട്ട് അമ്മ പോയി കിടന്നു.
ഹരിയേട്ടൻ ഫ്രഷായി വന്നപ്പോഴും അമ്മ കിടക്കുകയായിരുന്നു.
ഹരിയേട്ടൻ അമ്മയോട് എന്ത് പറ്റി ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ അന്വേഷിക്കുന്നത് കേട്ടു.
” സാരമില്ലെടാ.. ഇത് എനിക്ക് ഇടയ്ക്ക് വരുന്നതല്ലേ? ബി പി കുറഞ്ഞതാവും. ”
അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഹരിയേട്ടന്റെ മുഖം തെളിഞ്ഞില്ല. അമ്മയ്ക്ക് വയ്യാത്തതിൽ ആളിന് നല്ല ആശങ്ക ഉണ്ടെന്ന് തോന്നുന്നു.
ഞാനാണ് അച്ഛനും ഹരിയേട്ടനും ദോശയുണ്ടാക്കി കൊടുത്തത്. കഴിച്ചു കഴിഞ്ഞു ഹരിയേട്ടൻ തന്നെ ചെന്ന് അമ്മയെ കഴിക്കാൻ വിളിച്ചു.
“അമ്മയ്ക്ക് വയ്യെങ്കിൽ ഇവിടെ ഇരുന്നോ. ദേവു ഉണ്ടാക്കിത്തരും.”
ഡെയിനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് ഹരിയേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും അമ്മ തന്നെ സ്വയം ഉണ്ടാക്കി കഴിച്ചു.
കഴിച്ചു കഴിഞ്ഞ് ആള് പിന്നെയും കിടക്കാൻ പോയി.
*******
“നമുക്ക് യാത്ര മാറ്റി വച്ചാലോ ദേവൂസേ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ നമ്മൾ എങ്ങനെ പോകും?”
ഞാൻ അരി വടിച്ചോണ്ട് നിൽക്കുമ്പോൾ ഹരിയേട്ടൻ അടുക്കളയിലേക്ക് വന്ന് ചോദിച്ചു.
അമ്മയ്ക്ക് വയ്യ എന്ന് അറിഞ്ഞപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാലും ഹരിയേട്ടൻ വന്ന് പറഞ്ഞപ്പോ നല്ലോണം വിഷമം തോന്നി. അത്രയധികം ആശിച്ചിരുന്നു ഞാൻ…
പക്ഷെ ഹരിയേട്ടനെയും തെറ്റ് പറയാൻ പറ്റില്ലല്ലോ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ എങ്ങനെയാണ് മനഃസമാധാനത്തോടെ യാത്ര പോകുന്നത്?
പത്തറുപത്തിയഞ്ചു വയസ്സുള്ളവരാണ്. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ അവർക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ ജന്മം ഞങ്ങൾക്ക് മനസമാധാനം കിട്ടുമോ?
അല്ല… അതിനും മാത്രം അസുഖം ഒന്നും അമ്മയ്ക്ക് ഇല്ല. എങ്കിൽ പോലും, ഞങ്ങൾ ഇവിടെ ഇല്ലാതിരിക്കുമ്പോ അമ്മയ്ക്ക് വയ്യാതായി ഹോസ്പിറ്റലിൽ ആയാൽപ്പോലും പഴി കേൾക്കുന്നത് എനിക്കായിരിക്കില്ലേ?
അവരെന്നെ പറഞ്ഞതൊക്കെ ഓർക്കുമ്പോ ദേഷ്യം തോന്നുന്നുണ്ട് എങ്കിലും വയ്യാത്ത അവസ്ഥ കാണുമ്പോ ചെറിയൊരു വിഷമവും ഇല്ലാതെയല്ല.
അച്ഛൻ പറയും പോലെ തീരെ വയ്യായിരിക്കും. ഇല്ലെങ്കിൽ എന്നോട് അരി വാർക്കാനും ഓംലറ്റ് ഉണ്ടാക്കാനുമൊക്കെ പറയുമോ?
” ഞാൻ രാജേഷിനോട് കൂടി ചോദിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.”
ഹരിയേട്ടൻ അടുക്കളയിൽ നിന്നിറങ്ങിപ്പോയിട്ടും ഞാൻ അങ്ങനെ തന്നെ കുറച്ചു നേരം കൂടി നിന്നു.
*** *** *** *** *** ***
🦋 മരുമകൾ 🦋 24
” നമുക്ക് ഹോസ്പിറ്റലിൽ പോകാം അമ്മാ… ഇതിങ്ങനെ വച്ചോണ്ടിരുന്നാലെങ്ങനാ?”
ഹരിയേട്ടൻ കണ്ണടച്ച് കിടക്കുന്ന അമ്മയെ കുലുക്കി വിളിച്ചു. ഞാനുമുണ്ട് അടുത്ത്.
അമ്മ കണ്ണ് തുറന്ന് നോക്കി. മുഖത്ത് ഇപ്പോഴും നല്ല അവശതയുണ്ട്.
” വേണ്ടടാ… അതിനും മാത്രം ഒന്നൂല്ല. കുറച്ചു കിടന്നാ അങ്ങ് മാറും. ബി പി കൊറഞ്ഞതാവും. ഇതിന് മുമ്പും വന്നിട്ടുണ്ടല്ലോ? ”
അമ്മ തിരിഞ്ഞു കിടന്ന് കഴിഞ്ഞു.
” അമ്മ പണ്ടേ ഇങ്ങനാ… ആശുപത്രിയിൽ പോകാൻ വിളിച്ചാൽ വരികേ ഇല്ല. എടുത്തോണ്ട് പോണം…. ”
പിറുപിറുത്തു കൊണ്ട് ഹരിയേട്ടൻ പുറത്തേക്കിറങ്ങി. പിറകെ ഞാനും….
“നിങ്ങള് വൈകിട്ട് പോയാലെങ്ങനാ? അമ്മയ്ക്ക് ഇത്രയ്ക്കും വയ്യാതിരിക്കുമ്പോ?”
അച്ഛൻ ഞങ്ങൾ പുറത്തേക്കിറങ്ങുന്നതും കാത്ത് നിൽപ്പുണ്ടായിരുന്നു.
“അത് വൈകിട്ടല്ലേ? അപ്പൊ നോക്കാം.”
അച്ഛനോട് താല്പര്യം ഇല്ലാത്തത് പോലെ അത്രയും പറഞ്ഞു കൊണ്ട് ഹരിയേട്ടൻ ഞങ്ങളുടെ റൂമിലേക്ക് കയറി. കട്ടിലിൽ കിടക്കുന്ന മൊബൈൽ എടുത്തു തിരിഞ്ഞതും പിറകിൽ എന്നെ കണ്ടു.
” ഇതിപ്പോ അടുപ്പിച്ചു രണ്ട് വട്ടം ആയില്ലേ തലചുറ്റൽ? ബി പി കുറഞ്ഞെന്നും പറഞ്ഞു വച്ചോണ്ടിരിക്കാൻ പറ്റുവോ?
ഞാൻ ഗോപൻ മാമനെ വിളിച്ചു പറയാം ആശുപത്രിയിൽ പോണോന്ന്. മാമൻ ഓട്ടോ ഇടുന്ന സ്റ്റാൻഡ് ഇവിടെ അടുത്തല്ലേ? അവിടെ ഉണ്ടെങ്കിൽ വന്നോളും…..”
മൊബൈൽ എടുത്ത് എന്റെ മുന്നിൽ വച്ച് തന്നെ ആള് ഗോപൻ മാമനെ വിളിച്ചു.
” മാമൻ ഒരു ഓട്ടം പോയിരിക്കുകയാണ്. അരമണിക്കൂറിനകത്ത് വരാമെന്ന് പറഞ്ഞു. ”
കോൾ കട്ട് ചെയ്ത് എന്നോടായി പറഞ്ഞ ശേഷം അമ്മയുടെ മുറിയിലേക്ക്
പോയി ഹരിയേട്ടൻ.
ഗോപൻ മാമൻ ലോല മാമിയുടെ ഭർത്താവാണ്. ഓട്ടോ ഡ്രൈവർ. അവരുടെ വീട്ടിൽ ഓട്ടോ ഇടാൻ അസൗകര്യമായതുകൊണ്ട് ഇവിടെ വീടിന്റെ മുറ്റത്താണ് ഓട്ടോ ഇടുന്നത്.
ഞങ്ങടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ തട്ടാതെയും മുട്ടാതെയും ആ മാമൻ ഓട്ടോ കൊണ്ട് വരുന്നത് കാണാൻ നല്ല രസമാണ്.
വഴിയിൽ സിമെന്റ് കുറേ ഇളകി കിടപ്പുണ്ട്. കുടുങ്ങി കുടുങ്ങി അതിലൂടെ ഓട്ടോ വരുമ്പോ അതിന്റെ നട്ടും ബോൾട്ടും ഒക്കെ ഇളകി തെറിക്കുമോ എന്നെനിക്ക് തോന്നാറുണ്ട്.
“അമ്മയോട് ഞാൻ റെഡിയാകാൻ പറഞ്ഞു. താൻ വരുന്നോ?”
ഹരിയേട്ടൻ മുറിയിലേക്ക് കയറി വന്നു.
ഞാനും വരുന്നെന്ന് പറഞ്ഞു.
കൂടെ പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിട്ടൊന്നുമല്ല. ഇവിടെ നിന്നാൽ അച്ഛന്റെ ദുർമുഖം കാണണ്ടേ? അമ്മ പുറമെ ചിരിക്കയെങ്കിലും ചെയ്യും. അച്ഛൻ അതും കൂടി ഇല്ലല്ലോ?
ഞങ്ങൾ റെഡിയായി കഴിഞ്ഞപ്പോഴേക്കും ഓട്ടോ വന്നു.
തനിയെ സാരിയൊക്കെ ഉടുത്തു റെഡിയായിരുന്ന അമ്മയാണ്. ഓട്ടോ കണ്ടപ്പോ അവശത കൂടി.
“വയ്യ ഗോപാ…. എനിക്ക് തീരെ വയ്യ.”
എന്ത് പറ്റി ചേച്ചി എന്ന് ചോദിച്ച ഗോപൻ മാമനോട് ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മ ഓട്ടോയിലേക്ക് കയറി ഇരുന്നു.
ഹോസ്പിറ്റലിൽ എത്തും വരെയും അടുത്തിരുന്ന എന്റെ തോളിലേക്ക് തല ചായ്ച്ചു വച്ച് കിടക്കുകയായിരുന്നമ്മ.
ഹോസ്പിറ്റലിൽ എത്തിയപ്പോഴോ അമ്മയ്ക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. കുഴഞ്ഞ് എന്റെ ദേഹത്തേയ്ക്ക് തന്നെ ചാഞ്ഞിരിപ്പായി. ഓട്ടോയിൽ നിന്നും ഇറങ്ങാൻ പോലും വയ്യാത്ത അവസ്ഥ.
ആ ഇരിപ്പ് കണ്ട് ഞാനും ആകെ പേടിച്ചു. ഹരിയേട്ടൻ പോയി സെക്യൂരിറ്റിയോട് പറഞ്ഞപ്പോ അയാൾ ഒരു വീൽ ചെയർ കൊണ്ട് വന്നു. ഹരിയേട്ടനും ഗോപൻ മാമനും കൂടി താങ്ങിപ്പിടിച്ചാണ് അമ്മയെ വീൽ ചെയറിലേക്കിരുത്തിയത്.
അമ്മയെ നേരെ ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി.
അച്ഛന്റെ ചേട്ടന്റെ മോളിവിടെ ഡോക്ടർ ആണ്. ജനറൽ മെഡിസിൻ. ഡോക്ടർ സുപ്രിയ.
ഹരിയേട്ടൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ആ ചേച്ചിയെ വിളിച്ചു. ആളിന് ഇന്ന് ഓ പി ഇല്ലാത്രേ… എന്നാലും ചേച്ചി ക്യാഷ്വാലിറ്റിയിലേക്ക് വിളിച്ചു പറഞ്ഞേക്കാമെന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോ ക്യാഷ്വാലിറ്റിയിയിൽ നിന്ന് തന്നെ വീൽ ചെയറിൽ അമ്മയെ ജനറൽ മെഡിസിനിലെ ഡോക്ടർ പ്രിയങ്കയെ കാണിക്കാൻ കൊണ്ട് പോയി.
അമ്മയെ പ്രിയങ്ക ഡോക്ടറിനെ കാണിച്ചാൽ മതിയെന്ന് സുപ്രിയ ചേച്ചി ക്യാഷ്വാലിറ്റിയിലേക്ക് വിളിച്ചു പറഞ്ഞുവത്രേ.
ഹോസ്പിറ്റൽ കോറിടോറിലൂടെ അമ്മയിരിക്കുന്ന വീൽ ചെയറും തള്ളി നടക്കുന്ന നഴ്സിന് പിറകെ ഞാനും ഹരിയട്ടനും നടന്നു.
****
ഡോക്ടർ അമ്മയെ കണ്ട പാടെ പുഞ്ചിരിയോടെ ഇരിക്കാൻ പറഞ്ഞു.
” സുപ്രിയേടെ റിലേറ്റീവ് അല്ലെ? പ്രിയ എന്നെ വിളിച്ചിരുന്നു. ”
ഡോക്ടർ അത്രേം ചോദിച്ചതേ കേട്ടുള്ളൂ… അമ്മ തുടങ്ങീല്ലേ?
ഡോക്ടർ സുപ്രിയ, അവരുടെ ഭർത്താവ് ഡോക്ടർ ഹേമന്ത്, സുപ്രിയ ചേച്ചിയുടെ സഹോദരി അസിസ്റ്റന്റ് പ്രൊഫസർ സുകന്യ ചേച്ചി, അവരുടെ ഭർത്താവ് ഐ പി എസ് കാരനായ സോജൻ അങ്ങനെ തുടങ്ങി അച്ഛന്റെ കുടുംബത്തിലെ ഹൈ പ്രൊഫൈലിലുള്ള സകലരെക്കുറിച്ചും വാ തോരാതെ പറഞ്ഞമ്മ.
കൂട്ടത്തിൽ അമ്മയുടെ മൂത്ത സഹോദരനെക്കുറിച്ചും മാമന്റെ ഭാര്യയെക്കുറിച്ചും കൂടി പറഞ്ഞു. ഇരുവരും ആയുർവേദ ഡോക്ടർസ് ആണേ….
തള്ളെന്ന് പറഞ്ഞാൽ അമ്മാതിരി തള്ള്.
ഏതാണ്ട് പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്നത് പോലെ നോൺ സ്റ്റോപ്പ് ആയി പറഞ്ഞു കഴിഞ്ഞപ്പോ അമ്മ പിന്നെയും തളർന്നു.
ഡോക്ടർ പാവം ‘അതിന് ഞാനും ഒന്നും പറഞ്ഞില്ലാലോ?’ എന്ന ഭാവത്തിൽ ഇരിക്കുകയാണ്. അമ്മ സുപ്രിയ ചേച്ചിടെ റിലേറ്റീവ് ആണെന്ന് പറഞ്ഞത് കൊണ്ടാകും ഡോക്ടറിന് അമ്മയോട് ഒന്നും പറയാനും പറ്റുന്നുണ്ടാവില്ല.
ഹരിയേട്ടന്റെ മുഖത്താണേൽ ചമ്മലും വല്ലായ്മയും തെളിഞ്ഞു കാണാം.
“അമ്മയ്ക്ക് എന്താ അസുഖം?”
അമ്മയുടെ നിർത്താതെയുള്ള വർത്തമാനം കഴിഞ്ഞപ്പോ ഡോക്ടർ മുഖത്തൊരു ചിരിച്ചു വരുത്തി ചോദിച്ചു.
അതോടെ തുടങ്ങി അടുത്തത്. ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഡോക്ടറിനും എനിക്കും എന്തിന് ഹരിയേട്ടന് പോലും തോന്നിക്കാണും.
അമ്മയ്ക്ക് അറിയുന്ന സകലമാന അസുഖങ്ങളുടെ പേരും പറഞ്ഞു അമ്മ. ഭാഗ്യത്തിന് ക്യാൻസറും എയ്ഡ്‌സും പറഞ്ഞില്ല….!
ഞാനും ഹരിയേട്ടനും നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ?
ഇത്രയും അസുഖം ഈ ശരീരത്തിലോ എന്ന ഭാവത്തിൽ ഡോക്ടർ അമ്മയെ അടിമുടിയൊരു നോട്ടം.
ശേഷം ഓരോന്നും വിശദമായി ചോദിച്ചു മനസ്സിലാക്കുന്നത് കണ്ടു. അമ്മയാണെൽ ഡോക്ടറിന്റെ ഓരോ ചോദ്യത്തിനും അഞ്ച് മിനിറ്റോളം പ്രസംഗിക്കുന്നുണ്ട്. ഡോക്ടർ അതൊക്കെ ക്ഷമയോടെ കേട്ടിരിക്കുന്നുമുണ്ട്. ഈ ഡോക്ടർസിനൊക്കെ വല്ലാത്ത ക്ഷമാശീലമാണല്ലേ?
അച്ഛമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോ അച്ഛമ്മയും ഇങ്ങനെ ആണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഉള്ളതും ഇല്ലാത്തതുമായ കുറേ അസുഖങ്ങൾ പറയും. എന്നിട്ട് കുറേ ഗുളികയും കഴിക്കണം. ചില ഗുളികകൾ ഒരാഴ്ച ഒക്കെ കാണും. ചിലത് രണ്ടോ മൂന്നോ ദിവസം…. അങ്ങനെ ഗുളിക ഇടയ്ക്ക് വച്ച് തീർന്ന് പോയാൽ അതമ്മ മനപ്പൂർവം കൊടുക്കാത്തതാണെന്നും പറഞ്ഞു അമ്മേ ചീത്തയും പറയും.
അച്ഛമ്മയ്ക്ക് പിന്നെ വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടാണെന്ന് പറയാം. ഇവിടെ അമ്മയ്ക്ക് അങ്ങനെ അല്ലല്ലോ?
കുറച്ചു സമയം സംസാരിച്ചതിന് ശേഷം ഡോക്ടർ പ്രെസ്ക്രിപ്ഷൻ പാഡ് എടുത്തു വച്ച് എഴുതാൻ തുടങ്ങി.
പുള്ളിക്കാരി ഏതാണ്ട് പതിനഞ്ച് മാർക്കിന്റെ എസ്സെ എഴുതുന്നത് പോലെ നാല് പുറത്തിൽ കവിയാതെ ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെ എന്തൊക്കെയോ ടെസ്റ്റുകൾക്ക് എഴുതുന്നുണ്ട്.
ഞാനും ഹരിയേട്ടനും പരസ്പരം നോക്കി. ഹരിയേട്ടൻ ഇടയ്ക്ക് പോക്കറ്റിൽ നിന്നും വാലറ്റ് എടുത്തു അതിനുള്ളിൽ കാർഡ് ഉണ്ടെന്ന് ഉറപ്പാക്കുന്നത് കണ്ടു.
ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു നേരമായി. ബി പി യൊക്കെ നോർമൽ ആണ്. ചില ടെസ്റ്റ്‌ന്റെ റിസൾട്ട് നാളെയെ കിട്ടൂ…. കിട്ടിയ റിസൾട്ടുകൾ ഒന്നും കുഴപ്പമുള്ളവയല്ല.
“നിങ്ങളിന്ന് എപ്പോഴാ മക്കളേ പോകുന്നത്?”
ഓട്ടോയിൽ ഇരിക്കുമ്പോ അമ്മ അടുത്തിരുന്ന എന്നോട് ചോദിച്ചു. ശബ്ദമൊക്കെ ആകെ കുഴഞ്ഞിരിപ്പുണ്ട്.
ഞാൻ ഹരിയേട്ടനെ നോക്കി.
“ഞങ്ങൾ പോകുന്നില്ല അമ്മേ….”
ഹരിയേട്ടനത് പറഞ്ഞപ്പോ നൊന്തത് എനിക്കാണ്. ഒരുപാട് ആശിച്ചിട്ടിപ്പോ…. അല്ലെങ്കിലും ഞാൻ ആശിക്കുന്നതൊന്നും ഒരിക്കലും എനിക്ക് കിട്ടാറില്ലല്ലോ?
” അതൊന്നും സാരമില്ല മക്കളേ… എന്നെക്കരുതി നിങ്ങളുടെ പോക്ക് മുടക്കണ്ട…. എന്റെ കാര്യം നോക്കണ്ട. വീട്ടിൽ അച്ഛൻ ഉണ്ടല്ലോ? ”
അത്രയും പറഞ്ഞമ്മ പിന്നെയും എന്റെ തോളത്തേയ്ക്ക് ചാഞ്ഞു.
അമ്മ അങ്ങനെ പറഞ്ഞെങ്കിലും പോകണ്ട എന്ന് തന്നെയായിരുന്നു ഹരിയേട്ടന്റെ തീരുമാനം. രാജേഷേട്ടനോട് പറഞ്ഞപ്പോ പുള്ളിക്കാരനും അത് ശരിവച്ചു. അങ്ങനെ ഞങ്ങളുടെ യാത്ര മാറ്റിവയ്ക്കാൻ തീരുമാനമായി.
വൈകിട്ടോടെ അമ്മേടെ അസുഖമൊക്കെ ഏതാണ്ട് മാറി. രാത്രിയിലെ ഫുഡ് ഒക്കെ അമ്മ തന്നെയാണുണ്ടാക്കിയത്.
രാത്രി മീനു വിളിച്ചിരുന്നെങ്കിലും ഞാൻ എടുത്തില്ല. സംസാരിക്കാൻ തോന്നിയില്ല. ഒരുക്കി വച്ച ട്രാവൽ ബാഗ് കാണുമ്പോ വല്ലാത്ത വിഷമം തോന്നുന്നു. യാത്ര ക്യാൻസൽ ചെയ്തതല്ലല്ലോ? മാറ്റിവച്ചതല്ലേ? ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
******
” ദേവൂസേ….. സങ്കടായോ? ”
രാത്രി എന്നെ ചുറ്റിപ്പിടിച്ചു കിടക്കുന്നേരം ഹരിയേട്ടന്റെ ചോദ്യം വന്നു.
” മ്ഹും….”
ഇല്ലെന്ന് മൂളിയെങ്കിലും എന്റെ കണ്ണ് നിറഞ്ഞു പോയി.
” പോട്ടെടോ…. സ്റ്റേ കൂടെ നമ്മൾ പ്ലാൻ ചെയ്തിരുന്നോണ്ടാ… അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ നമ്മൾ എങ്ങനെ മാറി നിൽക്കും? ട്രിപ്പ് കാൻസൽ ആക്കിയിട്ടൊന്നുമില്ല. ഒന്ന് പോസ്റ്റ്‌പോൺ ചെയ്തു. അത്രേ ഉള്ളൂ…. ”
ഞാൻ അതിനും മൂളി.
” എനിക്കറിയാം. നിനക്ക് കുഞ്ഞ് പരിഭവം ഉണ്ടെന്ന്. അത് ഞാൻ ഇപ്പൊ മാറ്റിത്തരാം…. ”
എന്നെ കൂടുതൽ മുറുക്കി പിടിച്ച് ഇടത്തെ കവിളിൽ അമർത്തി ചുംബിച്ചു ഹരിയേട്ടൻ. സത്യം പറയട്ടെ….. എന്റെ വിഷമം എല്ലാം ആ ഒറ്റ ചുംബനത്തിൽ അലിഞ്ഞു പോയി…..
അല്ലെങ്കിലും എന്റെ എല്ലാ പരിഭവങ്ങളും സ്നേഹത്തിന് മുന്നിൽ അലിഞ്ഞു പോകുന്നവയാണ്. സ്നേഹത്തിന്റെ അരക്ഷിതാവസ്ഥ അറിഞ്ഞവർ അതിന് വേണ്ടി ചിലപ്പോൾ എല്ലാം മറന്നെന്നിരിക്കും….
ഒരുപാട് സ്നേഹം കൊതിക്കുന്നൊരു മനസ്സുണ്ടെനിക്ക്.
ഹരിയേട്ടന് എന്നെ ഇഷ്ടമാണല്ലോ? അത് മതി….
അത് മാത്രം….!
*********
ബാക്കി പെട്ടെന്ന് തരാം.
അഭിപ്രായം പറയാൻ മറക്കല്ലേ….
നിങ്ങളുടെ നല്ല കമന്റ്സ് കാണുമ്പോൾ ഒത്തിരി സന്തോഷം 🥰❤️

by