22/04/2026

പ്രണയാർദ്രം: ഭാഗം 28

രചന:അഞ്ചു തങ്കച്ചൻ
സാന്ദ്രേ… രാവിലെ രാജുവിന്റെ ഉറക്കെയുള്ള വിളി കേട്ടാണ് സാന്ദ്ര ഉറക്കം ഉണർന്നത്.എന്താ രാജൂ…
ഇന്ന് എന്റെ അമ്മ ചിലപ്പോൾ വരും കേട്ടോ.
അമ്മയോ?അതെ അമ്മ…അമ്മ വേറെ കല്യാണം ഒക്കെ കഴിച്ചു എന്നല്ലേ പറഞ്ഞത്.എന്ന് വച്ച് അമ്മ അമ്മയല്ലാതാകുമോ? എനിക്കിഷ്ടമല്ല ആരും വരുന്നത്.അയാളുടെ മുഖത്തു ദേഷ്യം ഇരച്ചു കയറി.
അവളെ ഒറ്റയടിക്ക് താഴെ വീഴിക്കാൻ അയാളുടെ കൈ തരിച്ചു.അയാളുടെ ഭാവം മാറിയത് കണ്ട് അവൾ പകച്ചു പോയി.പെട്ടന്നായാൾ മുഖത്തെ ഭാവം മാറ്റിമെല്ലെ ചിരിച്ചു.എന്റെ പെണ്ണേ അയാൾ അവളെ തന്റെ ഉടലിലേക്ക് ചേർത്തു പിടിച്ച് ആ കവിളിൽ മെല്ലെ നുള്ളി.

അമ്മക്ക് എന്റെ സുന്ദരി പെണ്ണിനെ കാണാനും ,കുറച്ച് ദിവസം നമ്മുടെ കൂടെ നിൽക്കാനും ആഗ്രഹം ഉണ്ടെന്ന് പറയുമ്പോൾ വേണ്ടെന്നു പറയുന്നത് എങ്ങനെയാ?അതിനെന്താ രാജുവിന്റെ അമ്മ കുറച്ച് ദിവസം ഇവിടെ വന്ന് നിൽക്കട്ടെ.
എന്റെ മാത്രം അമ്മയല്ല, നമ്മുടെ അമ്മ.ഉം..
അവൾക്ക് വല്ലാത്തൊരു ഇഷ്ടക്കേട് മനസ്സിൽ നിറഞ്ഞുതങ്ങൾക്കിടയിലേക്ക് ആരും വരുന്നത് ഇഷ്ട്ടമല്ല.ആഹ്… കുറച്ച് ദിവസം സഹിച്ചാൽ മതിയല്ലോ.അന്ന് വൈകുന്നേരത്തോട് കൂടി രാജുവിന്റെ അമ്മ എത്തി.

ഒറ്റക്കാഴ്ച്ചയിൽ തന്നെ അവൾക്ക് അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.
സെറ്റും മുണ്ടും ഉടുത്ത അറുപതുകാരിയാണ് അമ്മ. നരച്ച മുടി ഉരുട്ടി കെട്ടി വച്ചിരിക്കുകയാണ്. ആ മുഖത്ത് വല്ലാത്ത ഗൗരവഭാവം നിറഞ്ഞു നിന്നിരുന്നു. ഇടുങ്ങിയ ചെറിയ കണ്ണുകളിൽ ദേഷ്യംനിറഞ്ഞു നിൽക്കുന്നു.ചുണ്ടുകൾ മുറുക്കി ചുവന്നിരിക്കുകയാണ് അയ്യേ… ഇന്നത്തെ കാലത്തും ഇങ്ങനൊക്കെ മുറുക്കി കൊണ്ട് നടക്കുമോ ആരെങ്കിലും? സാന്ദ്ര ഇഷ്ടക്കേട് മറച്ചു വച്ച് അവരെ നോക്കി പുഞ്ചിരിച്ചു.

അവർ വായിൽ കിടന്ന മുറുക്കാൻ ചവച്ച നീര് മുറ്റത്തേക്കു തുപ്പിയിട്ട്, അവളെ അടിമുടി ഒന്ന് നോക്കി.. സാന്ദ്രക്ക് ഓക്കാനിക്കാൻ വന്നു. ടൈൽ വിരിച്ച വിശാലമായ മുറ്റത്താണ് അവർ തുപ്പി ഇട്ടിരിക്കുന്നത്.ഓ… ഇതാണോ നീ പറഞ്ഞ പെണ്ണ്? നിനക്ക് കണ്ണിന് വല്ല കുഴപ്പവും ഉണ്ടോടാ? ഇതിനെ മാത്രേ നിനക്ക് കിട്ടിയുള്ളൂ…
ഇതെന്തോന്നാ കൊച്ചേ നെഞ്ചും തള്ളിപ്പിടിച്ച്‌ നിൽക്കുന്നത് നിനക്കൊരു ഷാൾ എടുത്ത് ഇട്ടൂടെ, ഇപ്പോഴത്തെ പരിഷ്ക്കാരി പെണ്ണുങ്ങളുടെ ഒരു നടത്തം കണ്ടാൽ മടലെടുത്ത് തല്ലാൻ തോന്നും.സാന്ദ്രക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.
ഇതിപ്പോ രാജുവിന്റെ അമ്മയായി പോയി,വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ വൃത്തികെട്ട നാക്ക് അരിഞ്ഞു താൻ താഴെ ഇട്ടേനേം..അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതുകൊണ്ടാവാം ആ സ്ത്രീ അവളെ ഒന്നിരുത്തി നോക്കിയിട്ട്, രാജുവിനോടായി ചോദിച്ചു,എവിടെയാ എന്റെ മുറി ഒന്ന് കിടക്കണം.?വരൂ… അയാൾ അമ്മയെ അകത്തേക്ക് കൊണ്ടുപോയി.

സാന്ദ്രക്കുട്ടാ… അമ്മ കൂടുതൽ സംസാരിക്കുന്ന ആൾ ആണെന്നെ ഉള്ളൂ… ഒരു പഞ്ചപാവമാണ് കേട്ടോ, പ്രായമായ ആളല്ലേ എന്തെങ്കിലും പറഞ്ഞാലും എന്റെ തങ്കക്കുടം കേട്ടതായി ഭാവിക്കണ്ട കേട്ടോ…അവളുടെ മുഖം ഗൗരവത്തിൽ തന്നെയിരുന്നു.എന്താ മോളേ നിനക്ക് അമ്മ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ അയാൾ അവളുടെ കൈകളിൽ പിടിച്ച് കൊണ്ടുചോദിച്ചു.
നിനക്ക് ഇഷ്ടമല്ലെങ്കിൽ പറഞ്ഞു വിട്ടേക്കാം.
അയ്യോ… വേണ്ട, കുറച്ച് ദിവസം ഇവിടെ നിന്നോട്ടെ.അല്ലേലും എന്റെ പെണ്ണിന്റെ മനസ്സ് നിഷ്കളങ്കമാ…

പോ… രാജു ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോഴാണ് അമ്മ അവളോടായി പറഞ്ഞത്, ദേ… പെങ്കൊച്ചേ ഇങ്ങനെ പഠിത്തം എന്നൊക്കെ പറഞ്ഞ് നടക്കാതെ എന്റെ മകന് നീയൊരു കുഞ്ഞിനെ കൊടുക്ക്‌.
എന്റെ മകന്റെ കൊച്ചിന്റെ കുഞ്ഞിക്കാല് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ
സാന്ദ്രക്ക് അടിമുടി വിറഞ്ഞുകയറി
പ്ളേറ്റ് എടുത്ത് തള്ളയുടെ മോന്തക്ക് എറിയാൻ അവൾക്ക് തോന്നി.അവൾ രാജുവിനെ നോക്കി.
അയാൾ അതൊന്നും ശ്രദ്ദിക്കാതെ ഭക്ഷണം കഴിക്കുകയാണ്.അവൾ കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി.ഓഹ്… നിന്റെ പെണ്ണുമ്പിള്ളക്ക് ഞാൻ പറഞ്ഞത് ഇഷ്ട്ടമായില്ല..അമ്മ എന്തിനാ ആവശ്യമില്ലാത്തതൊക്കെ പറയുന്നത്.

ദേ… ചെറുക്കാ.. എന്റെ വായിൽ ഇരിക്കുന്നത് കേൾക്കരുത്. നീ വളർന്നു വലിയ ആളായി എന്നൊന്നും ഞാൻ നോക്കില്ല. മുട്ട്കാല് വച്ച് ഒരെണ്ണം തന്നാൽ ഉണ്ടല്ലോ.അയാൾ ഒന്നും മിണ്ടിയില്ല. എന്തേലും പറഞ്ഞാൽ ആ വായിൽ നിന്നും വരുന്നത് എന്താണെന്ന് പറയാൻ പറ്റില്ല.
ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് അമ്മ സിറ്റ്ഔട്ടിൽ വന്നിരുന്നു വിശാലമായി ഒന്ന് മുറുക്കി
മുറ്റത്തേക്ക് നീട്ടി തുപ്പി.അങ്ങോട്ട് വന്ന സാന്ദ്ര അതുകണ്ടതുംഅകത്തേക്ക് ഓടി വാഷ്ബേസിനിൽ ശർദ്ദിച്ചു..എന്ത് പറ്റി സാന്ദ്ര? രാജു ഓടി വന്നു

എനിക്ക് അറച്ചിട്ട് വയ്യ അമ്മ മുറ്റം മുഴുവനും തുപ്പി നിരത്തുവാ..അതിനിപ്പോൾ എന്താ, അങ്ങ് കഴുകിയാൽ പോകില്ലേ. ഇവിടെ ജോലിക്കാർ ഉള്ളതല്ലേ,അവര് പണി ചെയ്യട്ടെ.രാത്രിയിൽ മൂകമായി എന്തോ ചിന്തയിൽ
മുഴുകി ഇരിക്കുകയായിരുന്നു സാന്ദ്ര..രാജു അവളുടെ അരികിൽ ചേർന്നിരുന്നു.അമ്മ പറഞ്ഞതിലും കുറച്ച് കാര്യം ഉണ്ട് കേട്ടോ.എന്ത്??അല്ല, നമുക്കും വേണ്ടേ ഒരു കുഞ്ഞ്?രാജു എന്താ ഈ പറയുന്നത്. എന്റെ പഠിത്തം കഴിയട്ടെ, മാത്രമല്ല നമുക്കൊരു ലക്ഷ്യം ഇല്ലേ, അത് മറന്നോ രാജു?ഗുപ്തന്റെ നാശം കാണണം എനിക്ക്.അവനെ പരലോകത്തേക്ക് അയച്ചിട്ട് മതി ചട്ടിയും കുട്ടിയും ഒക്കെ…
അവൾ കട്ടിലിൽ കയറി കിടന്നു.അയാൾക്ക് അരിശം വരുന്നുണ്ടായിരുന്നു.എങ്കിലും അയാൾ അത് പുറത്ത് കാണിച്ചില്ല.ബാങ്കിൽ അവളുടെ പേരിൽ ഉള്ള ഡെപ്പോസിറ്റ്സ്, അതുകൂടി സ്വന്തമാക്കണം.

***********
സാന്ദ്രേ…നമ്മുടെ ഹോസ്പിറ്റലിന്റെ ഇടത് വശത്തുള്ള സ്ഥലം വെറുതെ കിടക്കുവല്ലേ അവിടെ നമുക്ക് ഒരു ബിൽഡിംഗ്‌ കൂടെ പണിതാൽ എന്താ എന്ന് എനിക്കൊരു ആലോചന..അത് നല്ലതാ, ഡാഡിക്കും അങ്ങനൊരു ആലോചന ഉണ്ടായിരുന്നു.
എങ്കിൽ അടുത്ത ദിവസം തന്നെ ഒരു പ്ലാൻ തയ്യാറാക്കിക്കാം.ഉം….എനിക്ക് തോന്നുന്നത് നല്ലൊരു തുക അതിനായി വേണം എന്നാണ്.അതൊന്നും കുഴപ്പമില്ല. എത്ര വേണമെന്ന് പറഞ്ഞാൽ മതി.ചെറിയ ചെറിയ എമൌണ്ടിൽ തുടങ്ങി അയാൾ അവളുടെ അക്കൗണ്ടിലെ തുകകൾ എടുത്ത് തുടങ്ങി.എക്സാമിന്റെ തിരക്കുകളും മറ്റുമായി അവൾക്ക് സമയം തികയാതെ വന്നതോടെ ഒന്ന് രണ്ട് ചെക്കുകൾ ഡേറ്റോ തുകയോ എഴുതാതെ സൈൻ ഇട്ട് അയാളെ ഏൽപ്പിച്ചു കൊടുത്തിട്ട് അവൾ പഠനത്തിൽ മാത്രം ശ്രദ്ധ
കേന്ദ്രീകരിച്ചു.അതാകുമ്പോൾ രാജു ആവശ്യത്തിനുള്ള പണം എഴുതി എടുത്തോളുമല്ലോ.

കാശിന്റെ കാര്യത്തിൽ രാജു നല്ലൊരു പിശുക്കാനാണ്, സൂക്ഷിച്ചും കണ്ടും മാത്രേ കാശ് ചിലവാക്കൂ….തന്റെ ഭാഗ്യമാണ് രാജു.ഗുപ്തന്റെ ജീവനും കൂടെ എടുത്തുകഴിഞ്ഞാൽ ഈ ലോകത്തിൽ ഞാനും രാജുവും ചേർന്ന് ഒരു സ്വർഗ്ഗം സൃഷ്ടിക്കും..സ്നേഹിച്ച് സ്നേഹിച്ച് ഞങ്ങൾ ജീവിക്കും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

***********
കാട്ട് മൂപ്പൻ കുറേ പച്ചിലമരുന്നുമായി ദൃതിയിൽ നടന്നു.അയാളത് അരച്ച് മരുന്നാക്കി കട്ടിലിൽ കിടക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് നടന്നു.
മോളേ… കാർത്തൂ…. അയാൾ പതിയെ വിളിച്ചു.
അവൾ പതിയെ കണ്ണുകൾ തുറന്ന് അയാളെ നോക്കി.

**************
തുടരും.