24/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 63

രചന : ജിഫ്ന നിസാർ ❣️

സഞ്ജുവിന്റെ കൂടെ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും ആദിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.അത് പക്ഷേ സഞ്ജു പറഞ്ഞ വാക്കുകളിലുടക്കി പോയിട്ട് തന്നെയാണ്.അവൻ പറഞ്ഞത് പോലെ..അതൊരു തെറ്റായിരുന്നു..
അതവളോട് ഇന്നലെ തന്നെ ചോദിക്കണമായിരുന്നു.
എന്താണവിടെസംഭവിച്ചതെന്നുള്ളത്.തനിക്കറിയാവുന്നതിൽ കൂടുതൽ എന്തെങ്കിലും അവിടെ നടന്നിട്ടുണ്ടെങ്കിൽ തനിക്ക് മുന്നേ അവിടെ എത്തിയ അവൾക്കത് അറിയാമെന്ന് എന്തുകൊണ്ട് തനിക്ക് തോന്നിയില്ല.?ദേഷ്യവും നിരാശയും, അതിനേക്കാളൊക്കെ അപ്പുറം കൃഷ്ണ പ്രിയക്ക് മുന്നിൽ തോറ്റു കൊടുക്കില്ലന്നുള്ള വാശിയും..

എല്ലാം കൂടി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.ഒരുവിധം മനസ്സൊന്നു തണുത്തു തുടങ്ങിയപ്പോൾ തന്നെയാണ് മുത്തച്ഛൻ വാതിൽ തുറപ്പിച്ചതും അവളെ മുറിയിലേക്ക് കയറ്റിവിട്ടത്.അതൊരിക്കലും പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെയാണ് പെട്ടെന്ന് പകച്ചു പോയതും .പക്ഷേ മുത്തച്ഛൻ രണ്ടും കൽപ്പിച്ചായിരുന്നു.സ്നേഹത്താൽ പൊതിഞ്ഞു പിടിച്ചൊരു ശാസനയോടെ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് പറയാൻ എത്രയൊക്കെ മനസ്സിൽ തോന്നിയാലും കഴിയില്ലായിരുന്നു.കൃഷ്ണപ്രിയയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.

മുത്തച്ഛൻ പറഞ്ഞിട്ടാണ് സ്കൂളിൽ നിന്നും അവളുമായി ഹോസ്പിറ്റലിലേക്ക് പോയത്.അവിടെ നിന്നിറങ്ങി അവളെ വീട്ടിലാക്കി കൊടുക്കണമെന്നുള്ളതും മുത്തശ്ശന്റെ ആഗ്രഹമായിരുന്നു.പിന്നീടങ്ങോട്ട് നടന്നതിലൊന്നും തനിക്കൊരു റോളുമില്ലാത്തതുപോലെ ആരൊക്കെയോ കളം നിറഞ്ഞാടി.ആ ഓർമയിൽ പോലും അവനിൽ രോഷമിരച്ചു കയറി.അതിനെയെല്ലാം എതിർക്കണമെന്നും അവളെ തനിക്കൊരിക്കലും പാതിയായിട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും അവിടെവച്ച് തന്നെ മുത്തച്ഛനോട് പറയണമെന്നുണ്ടായിരുന്നു.ഒന്നിനും കഴിയാത്ത വിധം നിസ്സഹായ അവസ്ഥയും തന്നെ ഒന്നാകെ അവിടെ വെച്ച് വരിഞ്ഞുമുറുക്കിയിരുന്നു.

അതുതന്നെയാവില്ലേ അവളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടാവുക.?ഇന്നലെ എന്താണ് സംഭവിച്ചതെന്ന് താൻ ചോദിക്കുമെന്ന് അവളും പ്രതീക്ഷിച്ചു കാണില്ലേ..?ചോദ്യങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അവന് മേൽ കുമിഞ്ഞു കൂടുമ്പോൾ ആദിയുടെ മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നുണ്ടായിരുന്നു.

💞💞

നളിനിയും ലക്ഷ്മിയും രാവിലത്തേക്ക് അവർക്ക് കഴിക്കാൻ വേണ്ടുന്ന ഭക്ഷണവുമായിട്ടാണ് വന്നിരുന്നത്.തലേന്നുള്ള പരിചയം കൊണ്ട് തന്നെ കൃഷ്ണപ്രിയയ്ക്ക് അവരോട് ഒരു അപരിചിതത്വവും തോന്നിയില്ല.നളിനിയും ലക്ഷ്മിയുമാകട്ടെ അവളോടും നല്ല സ്നേഹത്തോടെയാണ് സംസാരിച്ചത് മുഴുവനും.
അതോടു കൂടി കൃഷ്ണപ്രിയയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കയും ആധിയും പാതിയും ഒഴിഞ്ഞു പോയിരുന്നു.ആദിയെ കുറിച്ചോർക്കുമ്പോൾ മാത്രം മനസ്സിൽ ഒരു പിരിമുറുക്കവും നടുക്കവും നടന്നിരുന്നുവെങ്കിലും.. നളിനിയുടെയും ലക്ഷ്മിയുടെയും കൂടെ അവൾ സന്തോഷത്തോടെയാണ് ഇടപഴകിയത്.

മാധവൻ മാഷ് നടന്നു കഴിഞ്ഞു തിരികെയെത്തുമ്പോൾ ആ കൂടെ ബാലൻ മാഷുമുണ്ടായിരുന്നു.എല്ലാവരും ഒരുമിച്ചിരുന്നു കൊണ്ടാണ് ഭക്ഷണം കഴിച്ചത്.പ്രിയ പെട്ടെന്ന് തന്നെ അവരിലുള്ള ഒരാളായി അവർ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നൽ അവളിൽ ചില്ലറയൊന്നുമല്ല ആത്മവിശ്വാസം ഉണ്ടാക്കിയത്.
പക്ഷേ കാലത്തെ ഇറങ്ങിപ്പോയ ഒരുത്തൻ തിരികെ വരുമ്പോൾ ഇനി എന്താവും സംഭവിക്കുക എന്നുള്ള ഒരു വേവലാതി അവളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.നളിനിയും ലക്ഷ്മിയും സ്നേഹത്തോടെ നിരസിച്ചിട്ടും അവർക്കൊപ്പം അടുക്കളൊതുക്കാനും ബാക്കി പണികൾക്കും എല്ലാം പ്രിയ കൂടി ചേർന്നു..
രമണി വരുമെന്നുള്ളതിനാൽ ഉച്ചക്ക് വേണ്ട ഭക്ഷണമൊരുക്കാനും ബാക്കി പണികളൊന്നും ചെയ്യേണ്ടന്ന് പ്രിയയോട് പറഞ്ഞിട്ടാണ് നളിനിയും ലക്ഷ്മിയും തിരികെ മടങ്ങി പോയത്..

അവർ തിരിച്ചു പോയതോടെ പ്രിയ വീണ്ടുമൊരു ശൂന്യതയിലേക്കെടുത്തെറിയപ്പെട്ടു.”മോളെ….”
അകത്തു നിന്നും മാഷിന്റെ വിളി കേട്ടതും അടുക്കള വാതിൽ അടച്ചു കൊണ്ട് പ്രിയ ധൃതിയിൽ അകത്തേക്ക് നടന്നു.എവിടെ പോകുവാ…?”
മാഷൊരുങ്ങി വരുന്നത് കണ്ടതും പ്രിയ വെപ്രാളത്തോടെ ചോദിച്ചു.”എനിക്കൊരു സ്കൂളുണ്ടായിരുന്നു .. അതവിടെ തന്നെ ഉണ്ടോന്ന് പോയ് നോക്കട്ടെ..”അവളുടെ ചോദ്യം കേട്ടതും മാഷൊരു ചിരിയോടെ മറുപടി പറഞ്ഞു.

“യ്യൊ… ന്നാ ഞാനും കൂടി വരട്ടെ..?”
പ്രിയ മാഷിനരികിൽ ചെന്നിട്ട് ആ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.തീർച്ചയായും നീയും കൂടെ വരണം. പക്ഷേ ഇന്നും നാളേയുമൊന്നും വേണ്ട…”മാഷ് ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.”എനിക്കിവിടെ… ഒറ്റക്ക് “പ്രിയ മാഷിനെ ദയനീയമായി നോക്കി.”അതിന് നീയിവിടെ ഒറ്റക്കല്ലല്ലോ മോളെ .. നിന്റെ കെട്ട്യോനില്ലേ.. കൂട്ടിന്?”മാഷ് കുസൃതിയോടെ പ്രിയേ നോക്കി.
“എനിക്ക് പേടിയാ മാഷേ..?”പ്രിയ വീണ്ടും മാഷിന്റെ കൈ പിടിച്ചു.”അവൻ രാജീവോ അനൂപോ അല്ല പ്രിയാ .. ആദിത് മഹാ ദേവാണ്.”അത് പറയുമ്പോൾ മാഷിന്റെ ഗൗരവമുള്ള സ്വരം.

പ്രിയക്ക് പിന്നൊന്നും പറയാനും തോന്നിയില്ല.
പക്ഷേ മാഷില്ലാതെ അവനൊപ്പം അവിടെ നിൽക്കാൻ അവൾക്കൊട്ടും മനസ്സിലായിരുന്നു.”തിരിഞ്ഞോടാൻ തുടങ്ങിയാൽ നീ എവിടെയുമെത്തില്ല മോളെ.. ആദി നിന്റെ പാതിയാണ്. ആദ്യം അത് അംഗീകരിക്കുകയാണ് വേണ്ടതും..”മാഷ് വാത്സല്യത്തോടെ അവളുടെ നേരെ നോക്കി.”മാറി നിന്നാൽ എന്നുമിങ്ങനെ അകന്നു നിൽക്കേണ്ടി വരും നിങ്ങക്ക്. ആദ്യം നല്ല കൂട്ടുകാരായിരിക്കാൻ ശ്രമിക്കുക.. കാര്യങ്ങളെ വികാരത്തോടെയല്ലാതെ വിവേകത്തോടെ നോക്കി കാണാൻ പരിശ്രമിക്കണം.. നീ മാത്രമല്ല. ഞാനീ പറയുന്നതെല്ലാം ആദിക്ക് കൂടി ബാധകമാണ്..മനസ്സിലായോ?”
മാഷ് ചിരിയോടെ തന്നെയാണ് പറയുന്നത്.

എന്നിട്ടും പ്രിയക്കൊരു വീർപ്പുമുട്ടലാണ് തോന്നിയത്.
“നിങ്ങൾ രണ്ടാളും തമ്മിലുള്ള അടിപ്പിടിയൊക്കെ മണിയെന്നോട് പറഞ്ഞിരുന്നു..”മാഷ് പ്രിയയേ നോക്കി പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് മാഷിനെ നോക്കി.”അവിടെന്തു നടന്നാലും ഞാനതറിയും. പക്ഷേ ആദിയോട് ഞാനത് പറഞ്ഞിട്ടില്ല. മണി അവനെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു എന്നാ ഞാനവനോട് പറഞ്ഞതും..”നേർത്തൊരു ചിരിയോടെ മാഷ് പ്രിയയേ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
അവളെന്തു പറയണമെന്നറിയാതെ പകച്ചു നിൽപ്പാണ്.”നീയും ഞാനുമൊക്കെ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒറ്റപ്പെടലും വേദനയും അനുഭവിച്ചു തന്നെയാണ് അവനിവിടം വരെയും എത്തിയത്… അതിന്റെയൊരു ദേഷ്യവും വാശിയുമൊക്കെ അവനിൽ വേണ്ടുവോളമുണ്ട്. പക്ഷേ എനിക്കുറപ്പുണ്ട്.. നിനക്കക്കവൻ നല്ലൊരു ഭർത്താവായിരിക്കുമെന്നുള്ളത്..”
മാഷ് പ്രിയയുടെ തലയിൽ തലോടി..

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു.”ഞാൻ പറയുന്നതെല്ലാം ആദി അനുസരിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണ്. അവനത് ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എന്നെ വേദനിപ്പിക്കാൻ അവന് വയ്യ.. അത് തന്നെയാണ്.. അവനിലെ നന്മയും..”
മാഷിന്റെ മുഖം നിറയെ വാത്സല്യം നിറഞ്ഞു.”എത്ര ഭംഗിയും വലുപ്പവുമുള്ള ചെടിയേ നശിപ്പിക്കാനും ഇല്ലാതെയാക്കാനും ചെറിയൊരു പുഴു വിചാരിച്ചാലും മതിയാവും… അത് പോലെ തന്നെയാണ് നമ്മുടെ ജീവിതവും. നമ്മളെ ഇല്ലാതെയാക്കാനും നശിപ്പിക്കാനും മാത്രം ലക്ഷ്യം വെച്ച് നടക്കുന്ന അനേകം പുഴുക്കളുണ്ട്.. അവർക്കൊരു ഇരയായി തീരാതിരിക്കാൻ നമ്മള് തന്നെയാണ് ശ്രമിക്കേണ്ടത്…”

മാഷ് പ്രിയയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് പറയുന്നത്..”നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയാതെ വരും.. പക്ഷേ മുന്നോട്ടുള്ള വഴികളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കേണ്ടത് നമ്മള് തന്നെയാണ്…”അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ മാഷ് മുന്നോട്ടു നടന്നു.പ്രിയക്കുള്ളിലെ ബാക്കിയുള്ള അസ്വസ്ഥകളെ മുഴുവൻ ഇല്ലാതാക്കി കളയാനുള്ള മാജിക് മാഷിന്റെ വാക്കുകളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
“കുറെയൊക്കെ കണ്ടില്ലെന്ന് നടിച്ചാൽ.. കെട്ടില്ലെന്ന് നടിച്ചാൽ ജീവിതം സുന്ദരമാണ്. ക്ഷമിക്കണം എന്ന് ഞാൻ പറയുന്നത്.. ആദിയെ എന്ത് പറഞ്ഞാലും അനുസരിച്ചു സർവ്വം സഹയായ ഭാര്യ ചമയണം എന്നല്ല. നിനക്കിഷ്ടമില്ലാത്തത് കണ്ടാൽ എന്തായാലും പ്രതികരിക്കാൻ ശ്രമിക്കണം. ഇത് നിന്റെ കൂടി വീടാണ്.. അത് മറക്കരുത്…”

മാഷ് പ്രിയയെ ഓർമ്മിപ്പിച്ചു.നമ്മുക്കവന്റെ വാശിയും ദേഷ്യവുമൊക്കെയൊന്നു മുനയോടിച്ചെടുക്കണം.. ഓക്കേയല്ലേ..”മാഷ് പ്രിയയെ നോക്കി ചോദിച്ചു.
അവൾ ആവേശത്തിൽ തലയാട്ടി കാണിച്ചു..
“ആവേശത്തിൽ പോയി ആ ചെക്കന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടരുത് കേട്ടോ.. സമയമെടുത്തു ക്ഷമയോടെ വേണം..”അവളുടെ ആവേശം കണ്ടതും മാഷ് ചിരിയോടെ പ്രിയയുടെ കവിളിൽ തട്ടിയിട്ട് പറഞ്ഞു..പ്രിയ ചമ്മലോടെ.. മുഖം കുനിച്ചു കളഞ്ഞു..

💞💞

സഞ്ജുവിനൊപ്പം തന്നെയാണ് ആദി വീട്ടിലേക്ക് വന്നു കയറിയത്.ആദിയുടെ നിർബന്ധത്തിനു വഴങ്ങി അവനും ആദിക്കൊപ്പം പോരുകയായിരുന്നു.
നളിനിയും ലക്ഷ്മിയും തിരികെ പോയിരുന്നു.അതുകൊണ്ടുതന്നെ ഒച്ചയും അനക്കവുമൊന്നുമില്ലാതെ വീടിനകം ശൂന്യമായിരുന്നു.
“നീ ആദ്യം ഈ എയറൊന്നു വിട്.. എന്നിട്ട് സമാധാനത്തോടെ വാ.. നിന്റെ വീട്ടിലോട്ടാണ് നീ കയറി വരുന്നത് ആദ്യം അത് മനസ്സിലാക്ക്.. ഇതൊരുമാതിരി തല്ലിന് പോണ പോലെ “പിന്നിൽ കയറ്റിപ്പിടിച്ച മുഖവുമായി വരുന്ന ആദിയോട് സഞ്ജു ചിരിയോടെയാണ് പറഞ്ഞത്.

അത് കേട്ടതും അവനൊന്ന് കൂർപ്പിച്ചു നോക്കി.
“എനിക്ക് പറയാനുള്ളത് ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞതാണ്.ഇനി എന്തു വേണമെങ്കിലും നിനക്ക് തീരുമാനിക്കാം. നീ എന്ത് തീരുമാനിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും. “സഞ്ജു ആദിയെ നോക്കി പറഞ്ഞു.”ദൈവമേ.. ഇതേ വാക്ക് ഞാനെന്റെ പെങ്ങൾക്കും കൊടുത്തിട്ടുണ്ട് അതോർക്കുമ്പോഴാണ് എനിക്ക് ടെൻഷൻ.. ദയവ് ചെയ്ത് രണ്ടും കൂടി തമ്മീ തല്ലാതെ ഒറ്റ തീരുമാനമെടുത്തിട്ട് എന്നോട് കരുണ കാണിച്ച് സഹകരിക്കണമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.. നന്ദി… നമസ്കാരം..”

ആദിയെ ഒന്ന് നോക്കിയിട്ട് സഞ്ജുവത് പറഞ്ഞതും ആദി അടക്കി ചിരിച്ചു.രണ്ടാളും കൂടി ഹാളിലേക്ക് കയറി ചെല്ലുമ്പോൾ മാധവൻ മാഷ് ഒരുങ്ങിയിറങ്ങി വരുന്നതാണ് കണ്ടത്.” മുത്തശ്ശൻ എവിടെ പോവാണ്..? “മാഷേ കണ്ട ഉടനെ തന്നെ ആദി ആകാംക്ഷയോടെ ചോദിച്ചു. അതവിടെ നിൽക്കട്ടെ, നീയെവിടെ പോയതാണ്..? “അവനോട് തിരികെ ചോദിച്ചു.ഞാൻ.. ഞാൻ ആ കുന്നിൻമുകളിലെ പാറപ്പുറത്ത്…”ആദി മുഖം കുനിച്ചുകൊണ്ട് പറഞ്ഞത് കേട്ടതും മാഷ് ചിരിയോടെ സഞ്ജുവിനെയാണ് നോക്കിയത്.” ആ പോയി ഭക്ഷണം എടുത്ത് കഴിക്ക് രണ്ടാളും.അവിടെ ടേബിളിൽ അടച്ചുവച്ചിട്ടുണ്ട്.. ”

മാഷ് അവരെ കടന്ന് മുന്നോട്ടു നടന്നു.”മുത്തച്ഛൻ എവിടെ പോവാണെന്ന് പറഞ്ഞില്ലല്ലോ..? “വീണ്ടും ഓർമിപ്പിച്ചു..” സ്കൂളിലേക്കാണ്. ഇന്നലെ അവിടെ നിന്നും അങ്ങനെയങ്ങ് പോന്നതല്ലേ. മണിയുണ്ടായിരുന്നതുകൊണ്ട് അവിടുത്തെ കാര്യങ്ങളൊന്നും ഒരു കുറവും വരാതെ നടന്നു.പക്ഷേ ഇന്നെനിക്ക് എന്തായാലും പോയേ പറ്റൂ.. “മാഷ് ചിരിയോടെ തന്നെയാണ് അത് പറഞ്ഞതെങ്കിലും ആദിയുടെ മുഖം വിളറി .” കല്യാണം കഴിഞ്ഞതല്ലേ..നീയും നിന്റെ ഭാര്യയും ഏതായാലും ഒരാഴ്ച ലീവ് എടുക്ക്.. തൽക്കാലം ഞാൻ പോയി നോക്കട്ടെ”

പറഞ്ഞുകൊണ്ട് മാഷിറങ്ങി പോയതും ആദി സഞ്ജുവിന്റെ മുതുകിൽ ഒരു ഊക്കനിടി കൊടുത്തു..
“ഹൂ… നീ എന്തിനാടാ തെണ്ടി എന്നെയെടുത്തിട്ടടിക്കുന്നത്..? “വേദനയോടെ സഞ്ജു അവന്റെ നേരെ ചീറി.” പിന്നെയെനിക്ക് മുത്തച്ഛനെ എടുത്തിട്ടടിക്കാൻ പറ്റുമോ..? “ആദി പല്ലു കടിച്ചുകൊണ്ട് സഞ്ജുവിനെ നോക്കി.” മാഷിനും എനിക്കും നിന്നെ എടുത്തിട്ടലക്കാൻ യാതൊരു തടസ്സവുമില്ലെന്ന് ഇമ്മാതിരി ചീഞ്ഞ സ്വഭാവമെടുക്കുമ്പോൾ നീ ഓർക്കുന്നത് വളരെ നന്നായിരിക്കും..”സഞ്ജു അവനെ ഓർമിപ്പിച്ചു..
” ഞാനിനിയും അങ്ങോട്ട് തന്നെ ചെല്ലുമെന്ന് മുത്തച്ഛൻ പ്രതീക്ഷിക്കുന്നുണ്ട്.. സഞ്ജു ”
മാഷ് പോയ വഴിയേ നോക്കി ആദി അസ്വസ്ഥതയോടെ പറഞ്ഞു.

“അപ്പൊ നീയിനി ആ സ്കൂളിലേക്ക് ഇല്ലെന്നുതന്നെ തീരുമാനിച്ചതാണോ ..? “സഞ്ജു ഞെട്ടലോടെ ആദിയെ നോക്കി.” പിന്നില്ലാതെ..ഞാനിനി എങ്ങനെയാണ് അങ്ങോട്ട് പോകുന്നത്.. എനിക്ക്… എനിക്കത് ഓർക്കാൻ കൂടി വയ്യ.. “ആദി അസഹ്യതയോടെ തല കുടഞ്ഞു.”എടാ… അങ്ങനങ്ങ് തോറ്റു പിന്മാറി കൊടുക്കണോ…?”
സഞ്ജു ആദിയുടെ തോളിൽ പിടിച്ചു.”അവിടെ… ഇനിയെനിക്ക് വയ്യ സഞ്ജു.. മടുത്തു പോയെടാ.. ഒരു തെറ്റും ചെയ്യാതെ…”ആദിയുടെ സ്വരം നേർത്തു..അത്രയും തകർന്ന് നിൽക്കുന്നവനോട് പിന്നെന്ത് പറയണമെന്നറിയാതെ സഞ്ജുവും നിന്ന് പോയി..

💞💞

എന്തൊക്കെ ചെയ്തിട്ടും തന്റെ മനസ്സ് വരുതിയിൽ കിട്ടുന്നില്ലെന്ന് രാജീവോർത്തു..ഒരാഴ്ചക്കപ്പുറം, നീതുവുമായുള്ള കല്യാണമാണ്.അന്നത് തീരുമാനിച്ചപ്പോഴുള്ള ആവേശമൊന്നും ഇപ്പൊ അൽപ്പം പോലും ബാക്കിയില്ലാത്ത പോലൊരു ശൂന്യത അവനെ പൊതിഞ്ഞു.എന്തൊക്കെ ചെയ്തിട്ടും മനസ്സിനൊരു തൃപ്തി വരാത്ത പോലെ.രണ്ടു വീട്ടിലും കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകർത്തു നടക്കുന്നുണ്ട്. പക്ഷേ അവന് മാത്രമെന്തോ സന്തോഷമില്ലാത്ത പോലെ..ഇന്നിപ്പോൾ ഡ്രസ്സ്‌ എടുക്കാൻ വന്നതാണ്.നീതുവും ഫാമിലിയും ഇന്ദുവിന്റെ വൈഷ്ണവും അവന്റെ ഫാമിലിയും ജയശ്രീയും രാധകൃഷ്ണനും ചാരുവും അഭിലാഷും പിള്ളേരുമെല്ലാമുണ്ട്.ആ നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിൽ തന്നെയാണ് കയറിയിട്ടുള്ളത്.

“രാജീവ്.. എന്ത് പറ്റി സുഖമില്ലേ..”യെന്ന് നീതു ചോദിക്കുന്നുണ്ട്.”ഏയ്.. ഒന്നുമില്ല.. ചെറിയൊരു തലവേദന.. നിങ്ങൾ നോക്കിയെടുക്കെന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും പതിയെ വലിഞ്ഞു.
നീതുവിന്റെ ഡാഡിയും അത് തന്നെ ചോദിച്ചു.
അയാളോടും ഇല്ലാത്ത തലവേദനയെ പഴിചാരി..
ഇന്ദുവും വൈഷ്ണവും ആ നിമിഷങ്ങളെ നോട്ടങ്ങൾ കൊണ്ടും ഹൃദ്യമായ ചിരികൾ കൊണ്ടും മനോഹരമാക്കിയപ്പോൾ അസ്വസ്ഥമായ മനസ്സോടെ.. രാജീവ് അവിടിരുന്നു.

…തുടരും…

എന്നാലും ലവനിതു ന്തോ പറ്റിയെന്നാ എനിക്കറിയാൻ പാടില്ലാത്തത്..?സ്നേഹത്തോടെ jiff🥰🥰