The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
ആദി.. ഇനി മതിയെടാ.. അവൻ ചത്തു പോകും ”
സഞ്ജുവാണ് അഭിയെ വട്ടം പിടിച്ചു മാറ്റിയത്.
എന്നിട്ടും കലി ഒതുങ്ങാതെ അവൻ അനൂപിന് നേരെ കുതറുന്നുണ്ടായിരുന്നു.എഴുന്നേൽക്കാൻ കൂടി കഴിയാഞ്ഞിട്ടും അനൂപിന്റെ രൂക്ഷമായ നോട്ടം പ്രിയക്ക് നേരെയും ആദിക്ക് നേരെയുമാണ്.വിടെടാ.. അവന്റെയൊരു..”ചുറ്റും കൂടി നിൽക്കുന്നവരെ ആദി അപ്പോഴാണ് കണ്ടതും.പറയാൻ വന്നത് പാതിയിൽ നിർത്തി അവൻ സഞ്ജുവിന്റെ കൈ പിടിയിൽ നിന്നും അകന്ന് മാറി.
ദേഷ്യം കൊണ്ട് ചുവന്നു പോയ ആ മുഖവും കലങ്ങി.. ദേഷ്യം നുരയുന്ന കണ്ണുകളും.മാളുവും സുജയുംമെല്ലാം ആദിയെ ഭയത്തോടെയാണ് നോക്കിയത്.പ്രിയ പുച്ഛചിരിയോടെ അനൂപിന്റെ നേരെയും.ആദിയുടെ ദേഷ്യം നന്നായി അറിയാവുന്ന അവൾക്ക് അവന്റെയാ ഭാവത്തിൽ വലിയ അതിശയമൊന്നുമില്ല.അവനെല്ലാം പ്രയാസപ്പെട്ടു കൊണ്ട് സഹിച്ചു കടിച്ചു പിടിച്ചു നിൽപ്പാണെന്ന് ഹോസ്പിറ്റലിൽ നിന്ന് തന്നെ പ്രിയക്ക് മനസ്സിലായതാണ്.ഇനി മേലാൽ.. ഇത് പോലെങ്ങാനും പറഞ്ഞ.. അന്ന് നിനക്ക് ഇപ്പൊ ബാക്കി കിട്ടിയ ജീവനും കൂടിയുണ്ടാവില്ല.. ഓർത്തോ “താഴെ എഴുന്നേറ്റിരിക്കുന്ന അനൂപിന്റെ നേരെ ആദിയുടെ വിരലുകൾ നീണ്ടു.
“ആ ചെക്കനെ തല്ലി ചതച്ചിട്ടൊന്നും കാര്യമില്ല മോനെ. അവൻ പറയുന്നതിലും അൽപ്പം കാര്യമില്ലേ. ഇവളെ പോക്കും നാക്കും ശെരിയല്ല. എന്ത് ചോദിച്ചാലും ഒരു അഹങ്കാരം. ചോദിക്കാനും പറയാനും ഇവനുണ്ടായിട്ടും ഇങ്ങനെയാണെങ്കിൽ ഇവൻ കൂടി ഇല്ലെങ്കിൽ ഈ നാട്ടിൽ ആണുങ്ങൾക്ക് ജീവിക്കണ്ടേ..ഇങ്ങനേംഉണ്ടോഒരു..”ആൾക്കൂട്ടത്തിൽ നിന്നും പ്രിയക്കൊരു എതിരാളി.അനൂപിനെയും ന്യായികരിക്കാൻ ആളുണ്ടോ എന്നാ അത്ഭുതത്തിൽ അവർക്ക് നേരെ തിരിഞ്ഞു നോക്കിയ ആദി ഒടുവിലാ നോട്ടം തടഞ്ഞു നിന്നത് വിളറി വെളുത്തു നിൽക്കുന്ന പ്രിയക്ക് നേരെയാണ്.
അത്രയും പേരുടെ മുന്നിൽ വീണ്ടും അപമാനിക്കപ്പെട്ടൊരു വേദന അവളുടെ മിഴികളിൽ കലങ്ങി ചുവന്നു കിടന്നു”എന്താ മോഹനാ.. നിന്റെ വീട്ടിലും പെൺകുട്ടികളില്ലേ.. കുടുംബം നോക്കാൻ വേണ്ടി അധ്വാനിച്ചു ജീവിക്കുന്ന ആ കുട്ടിയെ പറ്റി ഇങ്ങനൊക്കെ പറയാവോ?”കൂട്ടത്തിൽ നിന്നും ആരുടെയോ സഹതാപം.ആദിക്ക് വീണ്ടും ദേഷ്യം വിറഞ് കയറി.”എന്റെ നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും എനിക്കൊരു അഭിമാനമുണ്ടായിരുന്നു. തുടരെ തുടരെയുള്ള അനുഭവങ്ങൾ കൊണ്ട് അതിപ്പോ കുറേശെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ”
മാധവൻ മാഷ് അങ്ങേയറ്റം വേദനയോടെയാണത് പറഞ്ഞത്.
“നിങ്ങള് മിണ്ടരുത്.. മുത്തച്ചനും കൊച്ചു മോനും കൂടി നേടാനുള്ളതെല്ലാം കഴിഞ്ഞപ്പോ വീട്ടിൽ കൊണ്ടിട്ട് കൈ കഴുകി അങ്ങനിപ്പോ നല്ല കുട്ടികളായി പോവാൻ ഞാനെന്റെ ജീവനുണ്ടെങ്കിൽ സമ്മതിച്ചു തരില്ല..”ആദിയോടുള്ള ദേഷ്യം മുഴുവനും അനൂപിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
എഴുന്നേറ്റു നിൽക്കാൻ വയ്യാഞ്ഞിട്ടും ആ കൂട്ടത്തിൽ തനിക്കും അനുകൂലിക്കാനാളുണ്ടെന്നും ഇവിടെയിത്തിരി സെന്റിമെന്റൽ ഇറക്കി കളിച്ചാൽ കുറച്ചു കൂടി എളുപ്പത്തിൽ ആദിക്കൊരു മറുപണി കൊടുക്കാമെന്നും ഞൊടിയിട കൊണ്ട് അനൂപ് മനസ്സിലാക്കിയെടുത്തിരുന്നു.
“നിനക്കിനിയും മതിയായില്ലേടാ..”പല്ല് കടിച്ചു കൊണ്ട് ആദി വീണ്ടും തിരിഞ്ഞതും സഞ്ജു വീണ്ടുമവനെ വട്ടം പിടിച്ചു.കയ്യെടുക്കെടാ..”ആദി മുരണ്ടു കൊണ്ട് സഞ്ജുവിനെ നോക്കി.”നീയെന്നടങ്ങ് ആദി.. വെറുതെ പ്രശ്നം വലുതാക്കല്ലേ..ആ ടീച്ചർക്കും കുടുംബത്തിനുമാണ് അതിന്റെ ദോഷം മുഴുവനും ”
സഞ്ജു ആദിക്ക് മേലുള്ള പിടി വിടാതെ തന്നെ പറഞ്ഞു.ആദി വീണ്ടും പ്രിയയെ നോക്കി.അവളെ നോക്കുമ്പോഴൊക്കെയും അവന്റെ ക്ഷമയില്ലാതായി പോവുന്നുണ്ട്.അന്ന് വരെയും അവളെങ്ങനെ തകർന്ന് നിൽക്കുന്നവൻ കണ്ടിട്ടില്ല.പറയുമ്പോൾ വല്ല്യ കൊമ്പത്തെ ആളുകളാവും.. പഠിപ്പും വിവരോം സംസ്കാരവുമെല്ലാം ഉണ്ട്. പക്ഷേ കയ്യിലിരിപ്പോ.. തനി കൂതറ “പരമാവധി ആദിയെ പ്രകോപിപ്പിക്കുകയെന്ന് തന്നെയാണ് അനൂപിന്റെ ഉദ്ദേശം.
“എന്തായാലും നിങ്ങളുടെ അത്രേം ഈ പറഞ്ഞതൊന്നും എനിക്കില്ല. പക്ഷേ നിങ്ങളെക്കാൾ അന്തസ് ഉണ്ടെന്ന് തോന്നുന്നു “അനൂപിന് പറഞ്ഞിട്ടും മതിയാവുന്നില്ല .”അതവൻ പറയുന്നത് തന്നെ കാര്യം. മാഷിന്റെ കൊച്ചു മോനിൽ നിന്നും ഇങ്ങനൊരു പ്രവർത്തി.. അത് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല..”വീണ്ടുമാരോ ഉറക്കെ പറയുന്നു.ആളുകൾ ചേരി തിരിഞ്ഞ് കുറ്റപ്പെടുത്താനും കൂട്ടി പിടിക്കാനുമുള്ള ശ്രമത്തിലാണ്.അകത്തു നിന്നും ഒരമ്മയും മൂന്ന് മക്കളെയും അനൂപേന്ന ക്രൂരത നിറഞ്ഞ മൃഗം കൊല്ലാ കൊല ചെയ്യുന്നതറിഞ്ഞിട്ടും തിരിഞ്ഞു പോലും നോക്കാത്ത പല മാന്യൻമാരും ആ കൂട്ടത്തിൽ അഭിപ്രായം പറയാൻ മത്സരത്തിലാണ്.
പ്രിയയെ താങ്കളുടെ ചൊൽപ്പടിക്ക് കിട്ടാത്ത ദേഷ്യവും വൈരാഗ്യവുമെല്ലാം അവർ വാക്കുകൾ കൊണ്ടവൾക്ക് മേൽ ആരോപണം പറഞ്ഞു കൊണ്ട് തൃപ്തിയടഞ്ഞു.
സഞ്ജു പിടി വിടാത്തത് കൊണ്ടാണ് ആദി അനൂപിന് മേലേക്ക് പാഞ്ഞു കയറാതെ നിൽക്കുന്നത്.
രണ്ടടി വാങ്ങേണ്ടി വന്നാലും ആദിയെ പരമാവധി അപമാനിച്ചു വിടുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് അനൂപിന്റെ നിൽപ്പും.അനൂപിന്റെ പൊയ് മുഖം ഇവർക്ക് മുന്നിൽ വലിച്ചു പറിക്കാനുള്ളത്രേം ദേഷ്യമുണ്ടായിട്ടും സുജ അതിനൊന്നുമാവാതെ ആ വെറും നിലത്തേക്ക് തളർന്നിരുന്നു.മാളു ജീവിനില്ലാത്തത്രേം തകർച്ചയിൽ സുജക്കരികിലേക്ക് തന്നെയിരുന്നു.അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.ഇതെല്ലാം സംഭവിക്കുന്നത്
താൻ കാരണം.. എന്നൊരു ഉൾഭയം കൊണ്ടവൾക്ക് ശ്വാസം പോലും കിട്ടാത്തത് പോലെ..
ഇതിനേക്കാളൊക്കെ ഭീകരമായിരുന്നു പ്രിയയുടെ അവസ്ഥ.ചെറുത്തു നിൽക്കാനുള്ള അവളുടെ അവകാശത്തെ പോലും തടഞ്ഞു വെച്ചത് പോലെ.. അവിടുള്ളവർ കൊത്തി കീറുന്നു.
അതിനേക്കാൾ അവളെ വേദനിപ്പിച്ചത്.. തളർത്തി കളഞ്ഞത്.. ഇതെല്ലാം ആദി കൂടി കേൾക്കുന്നുണ്ട് എന്നതായിരുന്നു.മാഷിന് പിന്നെ ഏറെക്കുറെ കാര്യങ്ങളെല്ലാം അറിയാവുന്നത് കൊണ്ട് വീണ്ടും അതിനെ കുറിച്ചോർത്തു വേദനയില്ലപക്ഷേ ഇടയ്ക്കിടെ തന്നിലേക്ക് നീളുന്ന നോട്ടത്തോടെ നിൽക്കുന്ന ആദിക്ക് മുന്നിൽ ഇനിയൊരിക്കലും തനിക്കു തല ഉയർത്തി നിൽക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവ് അവളെ വല്ലാതെ നോവിച്ചു.
“ഇവളൊക്കെ ഇനിയും ഇങ്ങനെ തന്നെ ചെയ്യും. ചോദിക്കാനും പറയാനും ആരുമില്ല എന്നുള്ള അഹങ്കാരം ചില്ലറയാണോ. ഞാൻ ഇവളുടെ തന്തയൊന്നുമല്ലല്ലോ. എനിക്കൊരു പരിധിയില്ലേ പറയാൻ. ഇനി പറഞ്ഞാൽ ഇവളൊക്കെ അനുസരിക്കുമോ.. അതുമില്ല. പുല്ല് വിലയല്ലേ എല്ലാവരേം..”അനൂപ് കത്തി കയറുകയാണ്.
അവന് കൂട്ടായി പ്രിയയെ മോഹിച്ചു നടക്കുന്ന കുറേ അലവലാതികളും കൂടി ചേർന്നത്തോടെ പ്രിയക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങളൊക്കെയും നിഷ്ഫലമായി പോകുന്നു.അങ്ങേയറ്റം ഭയനീയമായൊരു നിൽപ്പ്.
സഞ്ജുവിന്റെ കൈ ബലമായി എടുത്തു മാറ്റി കൊണ്ട് ആദി പ്രിയയുടെ മുന്നിൽ ചെന്ന് നിന്നു.പെട്ടന്നുള്ള അവന്റെ വരവ് കണ്ടിട്ട് അനൂപൊന്നു പതറി.
പക്ഷേ അവനെയൊന്ന് നോക്കുക കൂടി ചെയ്യാതെ ആദി പ്രിയക്ക് മുന്നിലാണ് പോയി നിന്നത്.മുഖം ഉയർത്തി നോക്കിയ അവൾ തൊട്ട് മുന്നിൽ അവനെ കണ്ടതും പൊള്ളിയത് പോലെ പിടഞ്ഞു.
ആദി അവളുടെ കൈ പിടിച്ചെടുത്തു.”വാ…”
അവൻ വിളിക്കുമ്പോൾ പ്രിയ ഞെട്ടി കൊണ്ടവനെ നോക്കി.അവൾ മാത്രമല്ല. അവിടെ കൂടിയ പലർക്കും ആ ഭാവം തന്നെയായിരുന്നു.മാഷ് മാത്രം നേർത്തൊരു ചിരിയോടെ കൈ കെട്ടി ശാന്തമായി നിന്നു.
സഞ്ജു പകച്ചു കൊണ്ട് ആദിയെയും മാഷിനെയും മാറി മാറി നോക്കുന്നുണ്ട്.അവനും എന്ത് ചെയ്യണമെന്നറിയില്ല.”ഇപ്പൊ എന്റെ പേരിലല്ലേ ഈ അപമാനം. അതിനൊരു പ്രതിവിധി കാണേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.”ആദിയുടെ കൈകളും വാക്കുകളും മുറുകി.”എനിക്കൊപ്പം കിടന്നു എന്നല്ലേ ഇന്ന് നീ കേട്ട അപവാദം. പക്ഷേ സത്യമെന്താണെന്ന് എനിക്കും നിനക്കും അറിയാം.. തത്കാലം അത് മതി.വാ എന്റെ കൂടെ.. ഇനി നിയിവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ കൂടി തെറ്റ്ക്കാരനാവും..”
അനങ്ങാതെ നിൽക്കുന്ന പ്രിയയുടെ കയ്യിൽ അൽപ്പം ബലമായിയൊന്നു പിടിച്ചു വലിച്ചു കൊണ്ട് ആദി പറഞ്ഞു.
ഇല്ലെന്നവൾ നിറഞ്ഞ കണ്ണോടെ തലയാട്ടി കാണിച്ചു.
“തെറ്റൊന്നും ചെയ്യാതെ ഇങ്ങനെ ക്രൂശിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ടത്തില്ല കൃഷ്ണ പ്രിയ. എനിക്ക് മനസ്സിലാവും തന്നെ.. തന്റെ ഈ വീട്ടിലെ അവസ്ഥയെ.. അത് കൊണ്ടാണ് വിളിക്കുന്നത്. ഇവര് പറയുന്നത് പോലെ അതെന്റെ കൂടെ കിടക്കാനല്ല.വാ.. തനിക്ക് മനഃസമാദാനത്തോടെ എന്റെ വീട്ടിൽ കഴിയാം.. വാ
ആദി വീണ്ടും പറഞ്ഞു കേട്ടതും സഞ്ജു മാഷിനെയൊന്നു നോക്കി.എവിടെ.. യാതൊരു ഭാവമാറ്റവുമില്ല..അതേ നിൽപ്പ് തന്നെ.
ചുണ്ടിലെ ആ ചിരിക്ക് പോലും യാതൊരു അനക്കവുമില്ല.
“അങ്ങനെയങ്ങു വെറുതെ കൊണ്ട് പോവാനൊന്നും പറ്റൂല മോനെ.. നല്ല അന്തസ്സായി കെട്ടി കൊണ്ട് പോണം.. പോണുണ്ടേൽ..”കൂടി നിൽക്കുന്നവരിൽ ആരോ ഒരാൾ വിളിച്ചു പറഞ്ഞു കേട്ടതും ആദ്യം ഞെട്ടി തരിച്ചത് ആദിയാണ്.അവനോളം തന്നെ അനൂപും.ഇങ്ങനൊരു കെണി അവന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.വെടക്കാക്കി തനിക്കാകുക എന്നൊരുനയമായിരുന്നുഅവന്റെമനസ്സിൽ..അതാണിപ്പോൾ കണ്മുന്നിൽ ഇളിച്ചു കാണിക്കുന്നത്.
വാട്ട് യൂ മീൻ?’പ്രിയയുടെ കൈ വിടാതെ തന്നെ ആദി അവർക്ക് നേരെ തിരിഞ്ഞിട്ട് ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു..
“അതേയ്.. മീനും ഇറച്ചിയുമൊക്കെ അവിടെ നിക്കട്ടെ. ആദ്യം നമുക്കീ കളിക്കൊരു തീരുമാനമുണ്ടാക്കാം “ആൾക്കൂട്ടത്തിനപ്പോൾ ആയിരം നാവുണ്ടായിരുന്നു.വിറക്കുന്ന പ്രിയയുടെ അവസ്ഥ അവളുടെ കൈയിൽ നിന്നും ആദിക്കറിയാൻ കഴിഞ്ഞിരുന്നു.എന്നിട്ടും അവനാ പിടി വിട്ടില്ല.
“ഇനിയും അഴിഞ്ഞാടി നടന്നിട്ട് ഈ ചെക്കന്റെ മനസാമാധാനം കളയാൻ നിൽക്കുന്നതിലും നല്ലത് ഇങ്ങനെ തന്നെയാണ്. എന്തായാലും രണ്ടാളും എല്ലാം പരസ്പരം പങ്ക് വെച്ച് കഴിഞ്ഞ സ്ഥിക്ക് ഇനിയിപ്പോ ഒരു താലി കെട്ടി കൂടെ കൂട്ടണം.. കൂടെ കൊണ്ട് പോണത് അന്തസ്സായി തന്നെ ആയിക്കോട്ടെ..”
ആരൊക്കെയോ പലതും പറയുന്നുണ്ട്.
കൈ വലിച്ചു മാറ്റണമെന്നുണ്ടായിരുന്നു പ്രിയക്ക്.
പക്ഷേ ഉറക്കെയൊന്ന് ശ്വാസം വിടാൻ കൂടി കഴിയാത്ത നിസ്സഹായവസ്ഥ.
താൻ കാരണം ആദി ചക്രവ്യൂഹത്തിന്റെ പിടിയിലകപ്പെട്ടു പോകുന്നുണ്ട്.ആദിയുടെ മനസ്സിലും അത് തന്നെയാണ്.താൻ കൂടി കാരണമാണ് അവളിന്ന് വീണ്ടും ഈ അവസ്ഥയിൽ..
പക്ഷേ അവളെ വീണ്ടും അവിടെ ഉപേക്ഷിച്ചു പോകാനും കഴിയുന്നില്ല.തനിക്കൊപ്പമായിട്ട് കൂടി ഇവളെ ജീവനോടെ കൊത്തി പറിക്കാനാണ് ഇവിടുള്ളവർക്ക് ആവേശം.ഒറ്റക്കിവൾ ഇനിയുമെങ്ങനെ..ആദിയുടെ നോട്ടം മാഷിന് നേരെ നീണ്ടു.”കൃഷ്ണ പ്രിയയെ സ്വീകരിക്കാൻ എന്റെ കൊച്ചു മകൻ ഒരുക്കമാണ്. അതിനി എങ്ങനെ വേണമെന്ന് നിങ്ങൾ പറയുന്നോ അങ്ങനെ..”
മാഷിന്റെ ശബ്ദം ഇടിത്തീ പോലെ..ആദി വിറച്ചു പോയി.അവനൊപ്പം പ്രിയയും.രണ്ടു പേരും പരസ്പരം നോക്കി.തളർന്നു വീഴാൻ തുടങ്ങിയവളെ ആദി താങ്ങി പിടിച്ചു..”മാഷേ…”സഞ്ജു പതറി കൊണ്ട് വിളിച്ചു.അനൂപ് തലക്കടി കൊണ്ടത് പോലെ നിന്നാടി…അങ്ങനൊരു നീക്കം അവനെ അപ്പാടെ തളർത്തി കളഞ്ഞിരുന്നു.തിരിച്ചു കിട്ടാത്ത വിധം കൃഷ്ണപ്രിയ നഷ്ടപ്പെടുന്നു എന്നായോർമ അവനെ ഭ്രാന്ത് പിടിപ്പിച്ചു.അവളെ എത്ര കൊതിച്ചിട്ടുണ്ട്.
ഗതികേട് കൊണ്ട് ഇന്നല്ലെങ്കിൽ നാളെ അവളായിട്ട് തന്നെ..ഇതിപ്പോ അവളുടെ നന്മ ആഗ്രഹിക്കുന്നു എന്നൊക്കെ വീരവാദം പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
അതിവരെല്ലാം കേട്ട് നിന്നതുമാണ്.അതിനുള്ള പ്രതിവിധിയാണിപ്പോൾ പറഞ്ഞത്..ഇനി അതെങ്ങനെ തടയും.. അനൂപ് ആ തീരുമാനം മുടക്കാനുള്ള വഴിയാണ് അപ്പോഴും ആലോചിച്ചു നോക്കിയത്..
തുടരും…
അനൂപിന് ഐഡിയ വല്ലതും കിട്ടിയ ന്റെ ചെക്കൻ രക്ഷപെട്ടു..പ്രിയ കഷ്ടപ്പെടും..ഇതിപ്പോ ഞാനെന്റെ ചെക്കനെ രക്ഷിക്കണോ അതോ പ്രിയയെ കഷ്ടപ്പെടുത്തണോ..?നിങ്ങളറിഞ്ഞോ.. ഞാൻ പെട്ടു ഗയ്സ് 😬സ്നേഹത്തോടെ jiff❣️