25/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 85

രചന : ജിഫ്ന നിസാർ

പാർട്ട് 85(ശെരിക്കും ഇതാണ്.. കഴിഞ്ഞ പാർട്ട് 84ആയിരുന്നു )

“എനിക്കവളെ കാണണം പെങ്ങളെ “ആദിക്ക് മറയായി തനിക്കു മുന്നിലേക്ക് നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു കൊണ്ട് സഞ്ജു പറഞ്ഞു.
ഒരക്ഷരം മിണ്ടാതെ തല കുനിച്ചു നിൽക്കുന്നവനെ പ്രിയ കൈപിടിച്ചിറക്കി.ആദിയപ്പോഴും രണ്ടു പേരെയും സൂക്ഷിച്ചു നോക്കി നിൽപ്പുണ്ട്.”ഒന്നുല്ല.. വാ. നമ്മുക്ക് വീട്ടിൽ പോവാം..”
അകത്തേക്ക് തന്നെ തിരികെ കയറാൻ നിൽക്കുന്ന സഞ്ജുവിന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പ്രിയ അലിവോടെ പറഞ്ഞു.

“എനിക്ക്…എനിക്കവളെയാണ്കാണേണ്ടത്..”സഞ്ജു പ്രിയയുടെ നേരെ നോക്കി.”ആരെ..?”
ആദി ചോദിച്ചു കൊണ്ടവന്റെ അടുത്തേക്ക് ചെന്നു.
“ഞാൻ ചോദിച്ചോളാം “പ്രിയ ആദിയെ നോക്കി പറഞ്ഞു.”ഇവനെന്താ വെള്ളമടിച്ചിട്ടുണ്ടോ?”
ആദി സഞ്ജുവിനെ രൂക്ഷമായി നോക്കുന്നുണ്ട്.പാറി പറന്ന അവന്റെ മുടിയിഴകളും കലങ്ങി ചുവന്ന കണ്ണുകളും.. ഒക്കെക്കൂടി വല്ലാത്തൊരു രൂപം.
“ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ?”
പ്രിയ ആദിക്ക് നേരെ കണ്ണുരുട്ടി.അവനവളെയൊന്നു തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

“ആരെയാ കാണേണ്ടത് സഞ്ജു..?”പ്രിയ വീണ്ടും സഞ്ജുവിനെ നോക്കി.”നന്ദുവിനെയാണോ?”
അവനൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും പ്രിയ തന്നെ ചോദിച്ചു.”മ്മ്..”മുഖം കുനിച്ചു കൊണ്ടാണ് സഞ്ജു മൂളുന്നത്.”ഇന്ന് രാവിലെ കൂടി ഹോസ്പിറ്റലിൽ നിന്നും നിന്നോട് ഞാൻ പറഞ്ഞില്ലെടാ അവളെയൊന്ന് കയറി കാണെന്ന്. ആ കുട്ടികതൊരു ആശ്വാസമാവുമെന്ന്.. അന്നേരം അവന്റെ ഒടുക്കത്തെ ജാഡ.അപ്പോഴൊന്നും തോന്നാത്ത ആ തോന്നല് ഇപ്പോൾ ഈ രാത്രിയിലെങ്ങനെ പെട്ടന്ന് പൊട്ടി മുളച്ചു..?”ആദി ദേഷ്യത്തോടെ സഞ്ജുവിനെ നോക്കി.

തകർന്ന് നിൽക്കുന്ന അവനെ നോക്കുമ്പോൾ ആദിക്ക് വെറുതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
അങ്ങനല്ല..ഉള്ളിലെ സങ്കടം അങ്ങനെ ദേഷ്യമായി തീർക്കാനെ അവനറിയുമായിരുന്നുള്ളു”നിങ്ങളൊന്നു മിണ്ടാതിരിക്കുമോ..ആദിയേട്ടാ.ഞാൻചോദിക്കാമെന്ന് പറഞ്ഞില്ലേ?”സഞ്ജുവിന്റെ മുഖം കാണുമ്പോൾ പ്രിയക്കും വേദന തോന്നുന്നുണ്ട്.”നീ വെളുക്കുന്നത് വരെയും ചോദിച്ചാലും ഇവനീ നിൽപ്പ് നിൽക്കും.. അവളെടെയൊരു ചോദ്യം.. രണ്ടിനേം കൂടി തൂക്കിയെടുത്ത് കൊണ്ട് ഞാനാ റോഡിൽ കൊണ്ടിടും.. പറഞ്ഞേക്കാം.. ഒരാങ്ങളയും പെങ്ങളും വന്നേക്കുന്നു ”

ആദി ഒച്ചയിട്ടതും പ്രിയ അവന്റെ നേരെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.”വാ… നമ്മുക്ക് വീട്ടിൽ പോവാം..”സഞ്ജുവിന്റെ കൈ പിടിച്ചു കൊണ്ടവൾ വീണ്ടും പറഞ്ഞു.”മ്മ്ഹ്ഹ്.. ഞാൻ.. ഞാനില്ല.എനിക്കവളെ കാണണം പെങ്ങളെ..”
സഞ്ജു വാശിക്കാരനായിരുന്നു.’പോവാം.. പക്ഷേ ഈ കോലത്തിൽ പോയ അവരവിടെ കയറ്റില്ല.. നമ്മുക്കൊന്ന് ഫ്രെഷായി വല്ലതും കഴിച്ചിട്ട് ഉഷാറായി അവളെ പോയി കാണാം.. “പ്രിയ അനുനയം പോലെ പറഞ്ഞു.”ഈ കോലത്തിനെന്താ കുഴപ്പം..?”

സഞ്ജു ആദ്യം സ്വയമൊന്നു നോക്കിയിട്ട് അവളെയും പിന്നെ ആദിയെയും നോക്കി.”ഒരു കുഴപ്പവുമില്ലടാ.. നല്ല അടിപൊളി ലുക്കിലാ ഇപ്പൊ നിന്റെ യീ നിൽപ്പ്. ഈ കോലത്തിൽ പോയ ഇപ്പൊ തന്നെ നിനക്കവളെ കല്യാണോം കഴിച്ചു ഫസ്റ്റ് നൈറ്റും നടത്തി പോരാം..ന്തേയ്‌?”ആദി ചോദിച്ചു.”ഈ കോലത്തിനെന്താ പെങ്ങളെ കുഴപ്പം..?”
ആദിയെ ഒന്ന് തുറിച്ചു നോക്കിയിട്ട് സഞ്ജു പ്രിയയെ നോക്കി.കുഴപ്പം… കുഴപ്പമൊന്നുമില്ല സഞ്ജു. പക്ഷേ നമ്മളെയിങ്ങനെ അവിഞ്ഞ കോലത്തിൽ അവരാരും കാണ്ടണ്ട.. സഞ്ജുവിനെ ഇങ്ങനെ നനഞ്ഞു കുതിർന്നത് പോലെ കണ്ടാൽ.. അത് വേണ്ട സഞ്ജു.. വല്ലാത്ത വേദനയാ അത് ..ആരും സഹിക്കില്ല..”പ്രിയ കുഞ്ഞൊരു ചിരിയോടെ പറഞ്ഞു.

ഒടുവിൽ അവർക്കൊപ്പം പോവാൻ അവൻ പാതി സമ്മതം മൂളിയതും.. ആദി അകത്തു കയറി ലൈറ്റെല്ലാം ഓഫ് ചെയ്തു..അവന്റെ മുറിയിൽ നിന്നൊരു കൂട്ടം ഡ്രസ്സ്‌ കൂടിയെടുക്കാൻ പ്രിയ പുറത്ത് നിന്നും വിളിച്ചു പറഞ്ഞത് കൊണ്ട് അവനതുമായി പുറത്തേക്കിറങ്ങി വാതിൽ പൂട്ടി.കീ ആദി തന്നെ പോക്കറ്റിലിട്ട് കൊണ്ട് മുന്നോട്ടു നടന്നു.അവന് പിറകെ പ്രിയയും സഞ്ജുവും..വീടെത്തിയതും പ്രിയ ആദ്യമവനെ കുളിക്കാൻ പറഞ്ഞു വിട്ടു.
അപ്പോഴെല്ലാം അവൻ പറയുന്നത് എനിക്കവളെ കാണാൻ പോണമെന്നു തന്നെയായിരുന്നു.

അവൻ കുളിച്ചിറങ്ങി വന്നപ്പോഴേക്കും പ്രിയക്കൊപ്പം ഭക്ഷണമെടുത്ത് വെക്കാൻ ആദിയും കൂടിയിരുന്നു.
ആദിയുടെ മുറിയിലേക്ക് കുളിക്കാൻ പോവാൻ പറഞ്ഞിട്ടും സഞ്ജു പക്ഷേ പുറത്തെ ബാത്റൂമിലേക്കാണ് പോയത്.ഇനി പോയാലോ…?”
കുളി കഴിഞ്ഞു വന്നയുടൻ അവനാദ്യം പറഞ്ഞത് അതായിരുന്നു.”പോവാം. അത്രേം ദൂരം പോണ്ടതല്ലേ… നമ്മുക്കാദ്യം ഭക്ഷണം കഴിക്കാം..”
പ്രിയ അവന് മുന്നിലേക്ക് പാത്രം വെച്ച് കൊണ്ട് ചപ്പാത്തി എടുത്തിട്ട് കൊടുത്തു.മുഖം കുനിച്ചിരുന്നു കൊണ്ടവൻ കഴിക്കുന്നത് കണ്ടതും നേരം വെളുത്തിട്ട് ഇന്നേരം വരെയും അവനൊന്നും കഴിച്ചിട്ടില്ലെന്ന് പ്രിയക്കും ആദിക്കും മനസ്സിലായി.

വേദനയോടെ അവർ രണ്ടു പേരുമൊന്നു പരസ്പരം നോക്കി.ദാ.. ഇതൂടെ കഴിക്ക്… സഞ്ജുന് ഇഷ്ടമാണ് ഈ കറിയെന്ന് നളിനിയമ്മ പറഞ്ഞിട്ടുണ്ടല്ലോ..”പ്രിയ അവനരികിലേക്കിരുന്നു കൊണ്ട് മൂന്നാല് ചപ്പാത്തി കൂടി ആ പ്ളേറ്റിലെക്കെടുത്തിട്ട് കൊടുത്തു.അവൻ വേണ്ടന്ന് പറയുന്നുണ്ട്.പക്ഷേ അവന് നിഷേധിക്കാൻ കഴിയാത്തൊരു സ്നേഹത്തോടെ പ്രിയ വീണ്ടും വീണ്ടും ആവിശ്യപ്പെടുമ്പോൾ.. സഞ്ജു നിരുപാധികം കീഴടങ്ങി കൊടുക്കുന്നത് നോക്കി അവർക്കരികിൽ തന്നെ ആദിയുമുണ്ട്.

നേർത്തൊരു ചിരിയോടെ മേശയിലേക്ക് കൈ കുത്തി വെച്ചിട്ട് അവൻ പ്രിയക്ക് നേരെയാണ് നോക്കുന്നത്.
സഞ്ജുവിന്റെ നേരെയാണ് അവളുടെ ശ്രദ്ധ മുഴുവനും.അവനോട് കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്.അവൻ മൂളുന്നത് കൂടിയില്ലേലും അവൾ നിരാശയില്ലാതെ വീണ്ടും വീണ്ടും പറയുന്നുണ്ട്.
ആദി നോക്കുന്നതൊന്നുംഅവളറിയുന്നുണ്ടായിരുന്നില്ല.
അവനാവട്ടെ.. കണ്ണിമകൂടിയൊന്നു വെട്ടാതെ അവളെ മാത്രം നോക്കുകയാണ്.സംസാരിക്കുമ്പോൾ.. ചിരിക്കുമ്പോൾ.. അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ.. സഞ്ജുവിനോട് സംസാരിക്കുമ്പോൾ… അതിനുള്ളിൽ പൊതിഞ്ഞു പിടിച്ച സ്നേഹം…

അതെല്ലാമവന് പുതിയ അനുഭവങ്ങളായിരുന്നു.
അവനന്ന്വരെയുംകാണാത്തകൃഷ്ണപ്രിയയായിരുന്നു..
സഞ്ജു കഴിച്ചു കഴിഞ്ഞേഴുന്നേറ്റതും ആദി വേഗം നോട്ടം മാറ്റി.”പോയാലോ..?”കൈ കഴുകി തുടച്ചു കൊണ്ട് സഞ്ജു വന്നിട്ട് ചോദിച്ചു.”ഹലോ.. നിനക്ക് മാത്രമല്ല.. എനിക്ക് കൂടി വിശപ്പുണ്ട്..”ആദി ചുണ്ട് കോട്ടി കൊണ്ട് മുന്നിലേക്കൊരു പാത്രമെടുത്തു വെച്ചു.എങ്കിൽ പിന്നെ.. നിനക്ക് കൊറച്ചു മുന്നേ കഴിച്ചുകൂടായിരുന്നോ..?”സഞ്ജു ആദിക്ക് നേരെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.”ഇത് നല്ല കൂത്ത്.ഞാൻ എനിക്ക് വിശക്കുമ്പോഴല്ലേ കാഴിക്കേണ്ടത്.. ഒന്ന് പോടാ അവിടുന്ന്..”ആദി പുച്ഛത്തോടെ പറഞ്ഞു.”നീ മനഃപൂർവ്വമല്ലെടാ… തെണ്ടി “സഞ്ജു പല്ല് കടിച്ചു കൊണ്ടവനെ നോക്കി..

“ആഹാ.. ആങ്ങള ഫോമിലായല്ലോ.. പെങ്ങള് ഉരുട്ടി കൊടുത്തതിനു ഗുണമുണ്ടായല്ലോ. എനിക്കാരും അങ്ങനെ തരാനില്ലെടാ മോനെ..എന്റെ കാര്യം ഞാൻ തന്നെ നോക്കണം.. അത് കൊണ്ട്… നീയിരിക്ക്.. ഞാൻ കഴിക്കട്ടെ..”സഞ്ജുവിനെ മനഃപൂർവം ഉഷാറാക്കുക എന്നാ ഉദ്ദേശത്തിൽ തന്നെയാണ് ആദി പറയുന്നതെന്ന് മനസ്സിലായത് കൊണ്ട് തന്നെ പ്രിയ ഒന്നും പറഞ്ഞില്ല.സഞ്ജു പിന്നൊന്നും പറയാതെ അവിടെ തന്നെയിരുന്നു.”പെങ്ങള് കഴിക്കുന്നില്ലേ…?”
സഞ്ജു പ്രിയയെ നോക്കി.ഞാൻ.. ഞാൻ വന്നിട്ട്…”
“വരനൊക്കെ കുറേ സമയമെടുക്കും.. ഇരുന്ന് കഴിക്ക് കൃഷ്ണ…”

ആദി കഴിക്കുന്നതിനിടെ തന്നെ അവളെ നോക്കാതെ പറഞ്ഞു.”അല്ല.. മുത്തച്ഛൻ.. വരാതെ..”പ്രിയ പിന്നെയും മടിച്ചു.”മുത്തച്ഛനോട് ഞാൻ വിളിച്ചു പറഞ്ഞോളാം.. “ആദി പറഞ്ഞതും പ്രിയ പിന്നൊന്നും പറയാതെ അവിടിരുന്നു കഴിക്കാൻ തുടങ്ങി.വളരെ പെട്ടന്ന് തന്നെ ആദി കഴിച്ചെഴുന്നേറ്റു.അവന് പിറകെ പ്രിയയും.സഞ്ജുവപ്പോഴും ഒന്നും മിണ്ടാതെ മുഖം കുനിച്ചിരിപ്പുണ്ട്.പത്രങ്ങളൊതുക്കി വെക്കാൻ പ്രിയക്കൊപ്പം ആദി കൂടി അടുക്കളയിലേക്ക് ചെന്നു.
“ഞാൻ… ചെയ്‌തോളാം..”പ്രിയ വല്ലായ്മയോടെ പറഞ്ഞു.”നീ വരുന്നതിന് മുന്നേ ഞാനും മുത്തച്ഛനും കൂടിയായിരുന്നു ഇത് ചെയ്‌തോണ്ടിരുന്നത്..”
അവളെ നോക്കാതെ ആദി പറഞ്ഞു.

അതിൽ പിന്നെ അവളൊന്നും മിണ്ടിയില്ല.രണ്ട് പേരും രണ്ടു മുറിയിലേക്ക് റെഡിയാവാൻ പോയപ്പോഴും സഞ്ജു അവിടെ തന്നെ അതേയിരിപ്പ് തന്നെയാണ്.
മുറിയിൽ നിന്ന് തന്നെ ആദി മാഷിനെ വിളിച്ചിട്ട് പോകുന്ന കാര്യം പറഞ്ഞിരുന്നു.”പോയാലോ…”
ആദി വരുന്നത് കണ്ടതും സഞ്ജു ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു.”പോണോ..?”ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ടിറങ്ങി വരുന്ന ആദി ചിരിയോടെ തിരിച്ചു ചോദിച്ചു., നീയില്ലെങ്കിൽ വേണ്ടടാ.. ഞാനും എന്റെ പെങ്ങളും കൂടി പോയിക്കൊള്ളാം ”
സഞ്ജു ആദിയെ നോക്കി.നിന്റെ പെങ്ങളെന്ന് പറയുന്ന ആ മൊതല്..എന്റെഭാര്യകൂടിയാണ്.പൊന്നു മോൻ അത് മറക്കരുത്.. കേട്ടാ..”പ്രിയ വരുന്നുണ്ടോയെന്ന് നോക്കി കൊണ്ടാണ് ആദി സഞ്ജുവിനോട് പതിയെ പറഞ്ഞത്.

അപ്പോഴേക്കും പ്രിയയും ഒരുങ്ങിയിറങ്ങി വന്നു.
അതോടെ സഞ്ജു ആദിയെ വെല്ലുവിളി പോലെ നോക്കി കൊണ്ട് പുറത്തേക്കിറങ്ങി.അവന് പിറകെ ആദിയും.വാതിൽ പൂട്ടേണ്ട.. ഞാൻ വരുന്നുണ്ടെന്ന് മാഷ് പറഞ്ഞത് കൊണ്ട് തന്നെ വാതിലടച്ചു കൊണ്ടവർ കാറിലേക്ക് കയറി.ആദിക്കൊപ്പം സഞ്ജു മുന്നിലേക്ക് കയറി..പ്രിയ പിന്നിലും.യാത്രയിലുടനീളം എല്ലാവരും മൗനമായിരുന്നു.മുക്കാൽ മണിക്കൂർ നേരത്തെ യാത്രയുണ്ടായിരുന്നു അവിടുന്നങ്ങോട്ട്.
പോരാനുള്ള ധൈര്യമൊന്നും അവിടെ ചെന്നിറങ്ങുമ്പോൾ സഞ്ജുവിനുണ്ടായിരുന്നില്ല.
അവന്റെ മുഖം വിളറി വെളുത്തു പോയിരുന്നു..

അത് മനസിലാക്കിയ ആദി അവന്റെ കൈ പിടിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്.മരണത്തിന്റെ മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞ…നിശബ്ദത പേറുന്ന ആ വീട്ടിലേക്ക് കയറുമ്പോൾ… മൂന്നാലു ദിവസങ്ങൾക്ക് മുന്നേ… അവിടെയുണ്ടായിരുന്ന സ്നേഹനിധിയായിരുന്ന രണ്ട് മനുഷ്യരെ കുറിച്ചോർത്തു അവരും നീറി തുടങ്ങിയിരുന്നു.
നേർത്തൊരു തെന്നല് പോലെ അവിരിവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നൽ അവരിൽ ശക്തമായി.പെട്ടന്നവരെ അവിടെ കണ്ടതിന്റെ പകപ്പോടെ തന്നെയാണ് നളിനി ആദിയെയും പ്രിയയെയും സഞ്ജുവിനെയും വരവേറ്റത്.
ലക്ഷ്മി കിടക്കുകയാണെന്ന് പറഞ്ഞതും പ്രിയ ആ മുറിയിലേക്ക് ചെന്നു..അവൾക്ക് പിറകെ സഞ്ജുവും..

അവർ വന്നെന്നറിഞ് അജു മുറിയിൽ നിന്നിറങ്ങി വന്നു.മറ്റൊരു മുറിയിൽ നിന്നും ബാലൻ മാഷും.
അസഹ്യമായൊരു വേദനയും മൗനവും നിറഞ്ഞ മുഖങ്ങളും അന്തരീക്ഷവും.മരണമല്ല.. മരണത്തിനു ശേഷമാണത് കൂടുതൽ ഭീകരമാവുന്നതെന്ന് ഓർമ്മിപ്പിക്കും പോലെ.. ആ വീടങ്ങനെ മരവിച്ചു പോയിരുന്നു.അലറി കരച്ചിലെവിടെയും കേൾക്കുന്നില്ല.. പക്ഷേ.. നിറഞ്ഞു നിൽക്കുന്നതത്രയും ഹൃദയം മുറിഞ്ഞു പോകുന്നൊരു തേങ്ങി കരച്ചിൽന്റെ നേർത്ത ഈണമാണെന്ന് തോന്നും.എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ കൊതിക്കുന്ന.. മനസ്സ്.

സഞ്ജുവിനെയും പ്രിയയെയും കണ്ടതും ലക്ഷ്മി വീണ്ടും കരയാൻ തുടങ്ങി.നന്ദുവിന്റെ അവസ്ഥയെ കുറിച്ചോർത്തു കൊണ്ടായിരുന്നു ആ സങ്കടം മുഴുവനും.കേട്ട് നിൽക്കാൻ വയ്യെന്നത് പോലെ സഞ്ജു പുറത്തേക്കിറങ്ങി പോകുന്നത് നോക്കി ഹൃദയവേദനയോടെ പ്രിയ ലക്ഷമിയെ ചേർത്ത് പിടിച്ചിരുന്നു.സഞ്ജു അടുക്കളയിലേക്ക് ചെല്ലുമ്പോൾ നളിനി വെള്ളമെടുക്കുകയാണ്.അവനവരെ പിന്നിൽ നിന്നും ഇറുകെ പുണർന്നു.ആ ശരീരമുലയുന്നതറിഞ്ഞതും അവരും കരയുകയാണെന്ന് അവന് മനസ്സിലായി.പിന്നൊന്നും പറയാതെ നീറ്റലോടെ തന്നെ സഞ്ജു പിന്തിരിഞ്ഞു നടന്നു.

നന്ദുവിന്റെ മുറിയുടെ വാതിൽക്കലെത്തുമ്പോൾ ശ്വാസമെടുക്കാൻ കൂടി കഴിയാത്ത വിധമവൻ വിറക്കുന്നുണ്ടായിരുന്നു.അന്നത്തെ ആ പ്രശ്നം കഴിഞ്ഞതിന് ശേഷമവളെ നേരിൽ കണ്ടിട്ടില്ല.
വിറക്കുന്ന കയ്യോടെ തന്നെ വാതിൽ തുറന്നു.
വെളിച്ചമുണ്ട് മുറിയിൽ..പക്ഷേ തുറന്നിട്ട ജനലിൽ കൂടി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിയിരുന്നവൾ അവൻ വന്നതൊന്നുമറിഞ്ഞില്ല..
നെഞ്ച് പൊടിയുന്ന വേദനയോടെ സഞ്ജുവാ ഇരിപ്പ് നോക്കി ചുവരിൽ ചാരി നിന്നു.പിന്നെ ശ്വാസമെടുത്ത് കൊണ്ടവൾക്ക് മുന്നിൽ പോയി നിന്നു.നന്ദന ….”
എത്രയൊക്കെ ഒതുക്കി പിടിച്ചിട്ടും അവന്റെ മനസ്സിലെ വിങ്ങല് മുഴുവനും ആ വിളിയിലുണ്ടായിരുന്നു.
ഇമ ചിമ്മാതെ പുറത്തേക്ക് നോക്കിയിരിക്കുന്നവൾ ആ വിളി കേട്ടതും ഞെട്ടി കൊണ്ട് അവനെ നോക്കി.

തന്നെ നിർവികാരതയോടെ നോക്കിയിരിക്കുന്നവളെ കണ്ടോന്ന് ആർത്തു കരയാനാണ് സഞ്ജുവിന് തോന്നിയത്.പക്ഷേ അവൻ മുഖത്തെക്കൊരു പരിഹാസമായിരുന്നു കൊണ്ട് വന്നത്.”നിന്റെ വാല് മുറിഞ്ഞൊന്ന് കാണാണമെന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ഇത്രയും പെട്ടന്നത് നടന്നു കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..”അവൾക്കരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് സഞ്ജു പുച്ഛത്തോടെ പറഞ്ഞു.അവളുടെ കണ്ണുകളൊന്ന് പിടച്ചത് കൂടിയില്ല.അതേയിരുപ്പ് തന്നെ..”നിനക്കെന്നെ സപ്ലി കുട്ടനെന്ന് വിളിക്കേണ്ടേടി.. വിളിക്കെടി.. വിളിക്ക്..”
അവൻ അവൾക്ക് മുന്നിൽ നിന്ന് കൊണ്ട് വിരൽ ഞൊടിച്ചു.

“ജോലി കിട്ടിയെടി എനിക്ക്. നിനക്ക് മുന്നിൽ വന്നിട്ട് അതൊന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ ഇത്രയും നല്ലൊരു അവസരം.. അതും ഇത്രയും പെട്ടന്ന് തന്നെ എനിക്ക് കിട്ടുമെന്ന് ഈശ്വരനാണെ സത്യം.. ഞാനുമറിഞ്ഞില്ല.. താങ്ക്സ് ഗോഡ്..”സഞ്ജു ചുണ്ട് കോട്ടി കൊണ്ടവളെ നോക്കി.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഹങ്കാരിയായിരുന്നു നീ. അതിന് നിനക്ക് കിട്ടിയ ശിക്ഷയാണെടി ഇത്.. എനിക്ക് സന്തോഷമായി.. നീ.. നീയിത് അർഹിക്കുന്നതാണ്..”അവൻ വീണ്ടുമെന്തോ പറയാൻ വന്നതും നളിനി വന്നവനെ അടിച്ചതും ഒരുമിച്ചായിരുന്നു.

“നാശപിടിച്ചവനെ.. നിന്റെ മനസ്സിത്രേം ദുഷിച്ചതാണോടാ പിശാച്ചെ..”നളിനി കരഞ്ഞു കൊണ്ട് തന്നെ വീണ്ടും വീണ്ടുമവനെ അടിച്ചു..
സഞ്ജു ഒന്ന് പോലും തടയാതെ നിന്ന് കൊണ്ടു.
ശബ്ദം കേട്ട് പുറത്തുള്ളവർ ഓടിയെത്തുമ്പോഴും നളിനി കരഞ്ഞു കൊണ്ടവനെ തല്ലുകയാണ്.
അജു നളിനിയെ അടക്കി പിടിച്ചു കൊണ്ട് കാര്യമെന്തെന്ന് അന്വേഷിച്ചു..കരഞ്ഞു കൊണ്ട് തന്നെ അവർ കാര്യം പറഞ്ഞതും എല്ലാ മുഖങ്ങളിലും അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരിന്നു.
“ഇതിനാണോടാ നീ വന്നത്.. ഏഹ് .. ഇപ്പൊ നിന്നെയിങ്ങോട്ട് കെട്ടിയെടുത്ത് കൊണ്ട് വന്നതെന്റെ കൊച്ചിനെ കൊല്ലാനാണോടാ “അജു ദേഷ്യം കൊണ്ട് ചുവന്നു പോയ മുഖത്തോടെ സഞ്ജുവിനെ പിടിച്ചുലച്ചു.

“വിടന്നെ…”സഞ്ജു ഉറക്കെ പറഞ്ഞു കൊണ്ടവനെ കുടഞ്ഞു മാറ്റി..”ഇവളുണ്ടല്ലോ.. ഇവള് കുറച്ചൊന്നുമല്ലഎന്നെവേദനിപ്പിച്ചിട്ടുള്ളത്..കളിയാക്കിയിട്ടുള്ളത്.. ഇവൾക്ക് ദൈവം അറിഞ്ഞു കൊടുത്താ ഈ അവസ്ഥ.. എനിക്കിപ്പോ സന്തോഷമായി.. ഒരുപാട് സന്തോഷമായി “വികൃതമായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.. ചിരിയും.പ്രിയ അവനെ നോക്കി നെറ്റി ചുളിച്ചു..ലക്ഷ്മി കരഞ്ഞു കൊണ്ട് പ്രിയയെ ചുറ്റി പിടിച്ചു..”ഡാ..”ബാലൻ മാഷും വർധിച്ച ദേഷ്യത്തോടെ സഞ്ജുവിന്റെ മുഖം നോക്കിയടിച്ചു.ആദി അയാളെ വട്ടം പിടിച്ചു കൊണ്ടവനെ മോചിപ്പിച്ചു.”നിങ്ങളെന്നെ തല്ലി കൊന്നാലും ഞാൻ ഇനിയും പറയും.. ഇവൾക്കിത് ദൈവം കൊടുത്ത ശിക്ഷ തന്നെയാണ്. അല്ലെങ്കിൽ ഇവളെ മാത്രം ബാക്കി വെച്ച് പ്രകാശേട്ടനും ഏട്ടത്തിയും മാത്രമെങ്ങനെ.. ഇവളുണ്ടല്ലോ.. ഇവള്….”

സഞ്ജു വീണ്ടും ആവേശത്തിൽ പറയുന്നതിനിടെ തന്നെയാണ് മുളച്ചീന്ത് പോലൊരു ഉള്ളുലഞ്ഞ കരച്ചിലവിടെ മുഴുവനും മുഴങ്ങി കേട്ടതും..നന്ദുവാണ്. മുഖം പൊതിഞ്ഞു കൊണ്ടിരുന്ന് പൊട്ടി കരയുന്നവളെ അവരെല്ലാം ആശ്വാസത്തോടെയാണ്നോക്കിയത്.അവരുടെയെല്ലാം ശ്രദ്ധ നന്ദുവിലേക്ക് മാറിയതും മുഖം കുനിച്ചു കൊണ്ട് സഞ്ജു പുറത്തേക്കിറങ്ങി..മുന്നോട്ടു നടക്കുമ്പോൾ അവളെക്കാൾ വേദനയോടെ അവനും കരയുന്നുണ്ടായിരുന്നു.നെഞ്ച് പൊട്ടി കൊണ്ട് തന്നെ…

തുടരും..

ഒറ്റ നിമിഷത്തേക്ക് നിങ്ങളാ ചെക്കനെ തെറ്റ്ധരിച്ചു പോയോ 😢സ്നേഹിക്കുന്നവർ വേദനിപ്പിക്കുമ്പോൾ അതിനിത്തിരി കടച്ചിലും നീറ്റലും കൂടുതലാ 😔
ഇൻബോക്സിൽ വന്നിട്ട് കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി ഈ രണ്ടു പാർട് ഒപ്പിക്കുന്ന പരിപാടി ഉണ്ടല്ലോ…അതിച്ചിരി കടന്ന് പോകുന്നില്ലേ..
ഒരുപാട് തിരക്കിനിടയിലും നിങ്ങളുടെ സ്നേഹം..കണ്ടില്ലെന്ന് നടിച്ചു പോവാനാവുന്നില്ല എന്നാ എന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ പരട്ടകളെ 😬സത്യത്തിൽ ഒരു സംശയം.. നിങ്ങൾക്ക് സ്നേഹം എന്നോടോ കഥയോടോ.. 🥰രണ്ടായാലും എനിക്ക് സന്തോഷമാണ് കേട്ടോ ❣️പിന്നെ.. സങ്കടമാണ് ജിഫു.. നിന്റെ വരികൾ വായിക്കുമ്പോൾ ഒരാശ്വാസം എന്ന് കേൾക്കുമ്പോൾ. നിങ്ങളിൽ പലരും പറയുമ്പോൾ…എത്ര തിരക്കാണേലും ഞാനിത് ചെയ്യും.. 💪ഞാൻ കാരണം ഒരാൾക്കിത്തിരി സന്തോഷം കിട്ടുന്നുവെങ്കിൽ… ആശ്വാസം കിട്ടുന്നങ്കിൽ എനിക്കത് കോടികൾ കിട്ടുന്നതിനേക്കാൾ വാല്യു ഉള്ളതാ 😘കാരണം…. കാരണം I LoveU💞സ്നേഹത്തോടെ jiff💞💞