പ്രിയേ പ്രാണനേ : ഭാഗം 09

രചന – ജിഫ്ന നിസാർ

 

“എന്നെയൊന്നു ആ വീൽചെയറിലേക്ക് ഇരുത്തി തരാവോ? ”
വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന അനൂപിന് നേരെ നോക്കി പത്മ പതിയെ ചോദിച്ചു.

അഭിമാനം മറന്നു കളഞ്ഞിരുന്നു അവളപ്പോൾ.. മനപ്പൂർവം.

എങ്ങനെയെങ്കിലും അമ്മ വരും മുന്നേ ഒന്ന് കുളിച്ചിട്ട് വരാമെന്നവൾ ചിന്തിച്ചു.

അല്ലെങ്കിൽ, പിന്നെയും തന്നെ താങ്ങിയിരുത്താൻ ആ പാവം വല്ലാതെ കഷ്ടപ്പെടും.

അതിനേക്കാൾ ഉപരി.. അഴുക്ക് കൊണ്ട് മൂടപ്പെട്ടത് പോലെ തന്റെ ശരീരം വെള്ളത്തിനായി കൊതിക്കുന്നുണ്ട്.

ഇതൊക്കെ മനസ്സിലോർത്തു കൊണ്ടവൾ അനൂപിനെ നോക്കി ചോദിച്ചത്.

“പിന്നെ… എനിക്കതല്ലേ പണി”
ചുണ്ടോന്ന് കോട്ടി കൊണ്ട് അനൂപ് അവളെ നോക്കി.
“ഉപ്പ് ചാക്ക് പോലുള്ള നിന്നെ ഏറ്റി എന്റെ ആരോഗ്യം കളയാൻ ഞാനത്ര വിഡ്ഢിയാണോടി #@$%&”
കേട്ടാലറക്കുന്ന നാലഞ്ചു തെറികൾ കൂടി ഉറക്കെ വിളിച്ചു കൊണ്ടവൻ മുറിക്ക് പുറത്തേക്കിറങ്ങി പോയ്‌..

“നിന്റെ തള്ള കഴിക്കാനൊന്നും ഉണ്ടാക്കിയിട്ടില്ലെടി..?”
അടുക്കളയിൽ പാത്രത്തിന്റെ ശബ്ദത്തിനൊപ്പം തന്നെ അനൂപിന്റെ ശബ്ദവും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

ഇനി അവിടെയുള്ളത് മുഴുവനും യാതൊരു നാണവുമില്ലാതെ എടുത്തു കഴിക്കും.

അമ്മ മടങ്ങി വരുമ്പോഴേക്കും അവൻ അവിടെ നിന്നും ഇറങ്ങി പോവാണെയെന്നുള്ള പ്രാർത്ഥനയോടെയാണ് പത്മ ഓരോ നിമിഷവും ചുവരിൽ ചാരിയിരുന്നത്.

അവനെ കാണുമ്പോൾ അമ്മ ദേഷ്യവും സങ്കടവും ഒതുക്കാൻ കഴിയാതെ വല്ലതും പറയും.അതിൽ കയറി പിടിച്ചു കൊണ്ട് അവനും അമ്മയ്ക്ക് നേരെ തിരിയും.

ആ നിമിഷങ്ങളെ അവളത്ര മാത്രം ഭയന്നു പോയിരുന്നു.
പ്രിയ ഉണ്ടെങ്കിൽ പ്രശ്നമില്ല.
അവനീ പരിസരത്ത് കൂടി വരില്ല.
ഒരിക്കൽ കിട്ടിയ വെട്ടിന്റെ വേദന… പകയോടൊപ്പം തന്നെ അവന്റെ മനസ്സിൽ കല്ലിച്ചു കിടപ്പുണ്ട് എന്നതുറപ്പാണ്.

മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാൻ പഠിച്ചത് കൊണ്ട് തന്നെ അനൂപിന്റെ തടിക്കൊരു കോട്ടവും വന്നിട്ടില്ല.

അമ്മയുടെ കാര്യം അത് പോലല്ല.
അവന്റെയൊരു തള്ളിന് പോലും തികച്ചില്ല.
ജീവിതത്തിൽ തുടരേയുള്ള തിരിച്ചടികൾ അമ്മയെ ഒരുപാട് ദുർബലയാക്കിയിട്ടുണ്ട്.

അടുക്കളയിലെ തട്ടും ബഹളവുമെല്ലാം കാതോർത്ത് കൊണ്ടവൾ അതേയിരുപ്പ് തുടർന്നു.

❣️❣️

“ഹേയ്… കൃഷ്ണ പ്രിയ ”
മേശയിൽ തട്ടി ആരോ ഗൗരവത്തോടെ വിളിക്കുമ്പോഴായിരുന്നു പ്രിയ ഞെട്ടി കൊണ്ട് കണ്ണ് തുറന്നത്.

ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല.
തുറിച്ചു നോട്ടങ്ങളും ആക്കി ചിരിയും പിറുപിറുകലിലേക്കും മനസിനെ വിട്ടു കൊടുക്കാതെ വാശിയോടെ ബാഗിൽ നിന്നോരു പുസ്തകം എടുത്തിട്ട് അതിലേക്ക് അലിഞ്ഞിറങ്ങാൻ ശ്രമിച്ചത് മാത്രം അവൾക്കോർമ്മയുണ്ട്.

അതിന് ശേഷമെങ്ങനെ താൻ ഉറങ്ങി പോയെന്ന് മാത്രം എത്രയോർത്തിട്ടും അവൾക്ക് മനസ്സിലായതുമില്ല.

“കൃഷ്ണ പ്രിയ എന്റെ മുറിയിലെക്കൊന്നു വരൂ..”
മുന്നിൽ നിൽക്കുന്നത് മാധവൻ മാഷായിരുന്നു വെന്ന് ഞെട്ടലോടെ മനസ്സിലാക്കും മുന്നേ.. അടുത്ത പ്രഹരം പോലെ അദ്ദേഹത്തിന്റെ ഗൗരവം നിറഞ്ഞ വാക്കുകൾ അവളെ കൂടുതൽ തളർത്തി കളഞ്ഞിരുന്നു.

അത് പറഞ്ഞിട്ട് അദ്ദേഹം സ്റ്റാഫ് റൂമിൽ നിന്നിറങ്ങി പോയി.

ജോലി സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പലപ്പോഴും പറഞ്ഞു തന്നിരുന്ന മാഷിന്റെ മുന്നിൽ… ഉറങ്ങി പോയൊരു കാരണവും പറഞ്ഞിട്ടെങ്ങനെ പോയി നിൽക്കുമെന്നോർത്തു കൊണ്ടവൾ വിയർത്തു തുടങ്ങി.

ഇവിടെ എത്തിപ്പെട്ടതിൽ പിന്നെ ആദ്യമായാണ് ഇത് പോലൊരു സംഭവം.

ഇങ്ങനെ വീഴ്ച വരുത്തിയവരോട് മാഷ് തെല്ലു പോലും മനസാക്ഷിയില്ലാതെ പെരുമാറുന്നതിന് അനേകം തവണ സാക്ഷിയായിട്ടുമുണ്ട്.
അതെല്ലാം ഓർക്കുമ്പോൾ അവൾ വിറച്ചും തുടങ്ങി.

മാഷിന് തന്നോടൊരു പ്രതേക സ്നേഹമുണ്ടായിരുന്നു.അത് നോട്ടം കൊണ്ട് പോലും അനുഭവിക്കുന്ന സത്യമാണ്.

ഇന്നത്തോടെ അതിനൊരു തീരുമാനമാകും എന്നായോർമ അവളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

“കരഞ്ഞത് കൊണ്ടൊന്നും കാര്യമില്ല.. പോയി കിട്ടാനുള്ളത് വാങ്ങിച്ചോ ”
സഹപ്രവർത്തകരിൽ ആരോ ആത്മനിർവൃതിയോടെ വിളിച്ചു പറഞ്ഞത് കേട്ടപ്പോഴായിരുന്നു താൻ കരഞ്ഞു പോയെന്ന് പോലും പ്രിയ മനസ്സിലാക്കിയത്.

മാഷിന്റെ സ്നേഹവും തനിക്കു അന്യമാവുന്നു എന്നുള്ള പൊള്ളലിൽ ഹൃദയത്തിന്റെ നോവ് കണ്ണുകളിലേക്ക് ഭാരമേൽപ്പിച്ചതാണ്.

നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു കൊണ്ടവൾ ചുറ്റും നോക്കി.

കൂടെയുള്ളവർക്ക് എന്തോ വല്ലാത്തൊരു സന്തോഷമാണ്.

എന്തിന് വേണ്ടിയാണവോ?
ഇത്രയും ശത്രുത തോന്നാൻ താനൊരു തെറ്റും ഇവരോട് ചെയ്തിട്ടില്ല.

തന്നോട് തെറ്റ് ചെയ്തിട്ട് ഞെളിഞ്ഞിരിക്കുന്നവന്റെ ചുണ്ടിലെ ചിരിക്കായിരുന്നു കൂടുതൽ ഭംഗിയെന്ന് പ്രിയ കണ്ട് പിടിച്ചു.

അവളൊന്നും മിണ്ടാതെ കയ്യിലുള്ള പുസ്തകം തിരികെ ബാഗിലേക്ക് തന്നെ വെച്ച് കൊണ്ട് പതിയെ പുറത്തേക്ക് നടന്നു.

സ്റ്റാഫ് റൂമിനു അപ്പുറത്താണ് മാഷിന്റെ ഓഫീസ് റൂം.

അങ്ങോട്ടുള്ള വാതിലിനു മുന്നിൽ അവളൊരു നിമിഷം അറച്ചു നിന്നു.

പിന്നെ അകത്തേക്കു കയറി ചെല്ലുകയല്ലാതെ തനിക്കു മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലായതും ഒന്ന് ശ്വാസമെടുത്തു കൊണ്ട് പ്രിയ അകത്തേക്കു കയറി.

അവൾ കയറി ചെല്ലുന്നത് കണ്ടതും ഒന്നു. മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും മാഷ് ചെയ്യുന്ന ജോലി തുടർന്നു.

ആ മുഖത്തു നിറഞ്ഞതത്രയും ഗൗരവമാണെന്ന് പ്രിയ നോവോടെ തിരിച്ചറിഞ്ഞു.
തന്നോട് അങ്ങനൊരു ഭാവം കാണിക്കാറില്ല..

“കിടന്നിറങ്ങാനാണേൽ വീട്ടിൽ ഇരുന്ന പോരെ കൃഷ്ണ പ്രിയ…”
മുഖം ഉയർത്തി നോക്കാതെ തന്നെ മാഷ് ചോദിച്ചു.

പ്രിയ ഉത്തരമൊന്നും പറയാതെ മുഖം കുനിച്ചു.

“പോയൊന്നു മുഖം കഴുകി വാ..”
തന്റെ മുറിയിലെ ബാത്റൂമിന് നേരെ നോക്കി മാഷ് പറഞ്ഞു.

പഴയ പോലൊരു കടുപ്പം ഇപ്പഴാ മുഖത്തും വാക്കിലും ഇല്ലെന്ന് പ്രിയ ആശ്വാസത്തോടെ തിരിച്ചറിഞ്ഞു.

അവൾ സമാധാനത്തോടെ പോയി കഴുകി.. സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു.

“ഇരിക്ക്.. ”
മുന്നിലേക്ക് വന്ന അവളോട് മാഷ് പറഞ്ഞു.
പ്രിയ മാഷിന് മുന്നിലെ കസേരയിലേക്ക് ഇരുന്നു.

“എന്തേ മോളെ.. വയ്യേ…?”

അങ്ങേയറ്റം അലിവോടെയുള്ള മാഷിന്റെ ചോദ്യം.

അവളുടെ കണ്ണുകൾ നിറഞ്ഞത് എത്ര പെട്ടന്നാണ്.!

കീഴടക്കലും കീഴടങ്ങലും സ്നേഹം കൊണ്ടാണ് എളുപ്പമെന്ന് പറയുന്നതെത്ര നേരാണ്..

പലർക്കു മുന്നിലും അറിയാതെ തന്നെ നമ്മുടെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് തുറന്നു വെച്ച് കരയുന്നത് സ്വതന്ത്ര്യം കൊണ്ട് കൂടിയല്ലേ…?

“ഞാനും അറിഞ്ഞു കാര്യങ്ങൾ ”

വേദനയോടെയാണ് മാഷ് അവളെ നോക്കി പറഞ്ഞത്.
കാരണം പുറത്തുള്ളവർ ഈ പെൺകുട്ടിയേ പറ്റി എത്ര നീചമായ കഥകളാണ് പറഞ്ഞു പരത്തുന്നതെന്ന് മാഷ് നേരിട്ടറിഞ്ഞതാണ്.

എത്ര പേരെ തിരുത്തി കൊടുക്കും..?
തിരുത്തി കൊടുത്താലും എത്ര പേരത് വിശ്വാസിക്കും?

എത്ര പേർക്ക് സത്യമറിയാം.?
എന്നിട്ടും ആരൊക്കെയോ പറയുന്ന നുണ കഥകളാണ് വേഗത്തിൽ ഓടി നടന്നു കൊണ്ടവൾക്ക് ചീത്ത പേരുണ്ടാക്കി കൊടുക്കുന്നത്.

ഇത് പോലെ അപമാനത്തിന്റെ തീ ചൂളയിൽ അവളുരുകിയിരുന്നൊരു നിമിഷത്തിലാണ് താ‌നവളെ ആദ്യമായി കാണുന്നത്.

മാഷ് ഓർക്കുകയായിരുന്നു.

എന്തോ ആവിശ്യത്തിന് ടൗണിൽ പോയതായിരുന്നു… അന്ന്.

കൂട്ടം കൂടി നിൽക്കുന്നവർക്കിടയിൽ നിറഞ്ഞ കണ്ണോടെ നിൽക്കുന്ന ഒരു പെൺകുട്ടി.
കണ്ണുകൾ നിറഞ്ഞതെങ്കിലും അവളുടെ മുഖത്തൊരു വീര്യമുണ്ടെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലായി.

അവൾ ജോലി ചെയ്തിരുന്ന കടയിൽ കയറി അവളുടെ ചേച്ചിയുടെ ഭർത്താവ് അസഭ്യം പറഞ്ഞുവെന്നും കടയിലെ എന്തൊക്കെയോ സാധനങ്ങൾ നശിപ്പിച്ചുവെന്നുമായിരുന്നു അന്നവളുടെ നേരെയുള്ള ആരോപണം.

ചെയ്യാത്ത തെറ്റിനുള്ള പഴി കണ്ണ് പൊട്ടുന്ന ചീത്തയുടെ രൂപത്തിൽ അത്രയും ആൾക്കൂട്ടത്തിനിടയിൽ നിന്നും കേൾക്കേണ്ടി വന്നവളുടെ നിസ്സഹാവസ്ഥ…
പക്ഷേ കണ്ണ് നിറച്ചത്.. നാളെ മുതൽ ജോലി ഉണ്ടാവില്ലെന്നുള്ള തിരിച്ചറിവ് കൊണ്ടാണെന്ന് അവിടെ നിന്നും അവളെ കൈ പിടിച്ചു കൊണ്ട് പോന്ന മാഷൊടന്നവൾ വേദനയോടെയാണ് പറഞ്ഞത്.

മാഷിന്റെ ഒറ്റ വാക്കിലാണ് അന്നത്തെ പ്രശ്നം പരിഹരിക്കപ്പെട്ടത്.

പക്ഷേ ഇനിയും അവളെയവിടെ ജോലിക് സ്വീകരിക്കില്ല എന്നവർ കട്ടായം പറഞ്ഞതും മാഷാ കൈകളിൽ മുറുകെ പിടിച്ചു.

“പേടിക്കേണ്ട.. നമ്മുക്ക് വഴിയുണ്ടാക്കാം എന്ന് ആശ്വാസിപ്പിച്ചു കൊണ്ട് അവളെ വീട്ടിലാക്കി കൊടുത്തു.

ഇനി എന്ത് ചെയ്യുമെന്നുള്ള ചിന്തയിൽ വെന്തുരുകി തുടങ്ങിയിരുന്നു. പക്ഷേ മാഷ് വാക്ക് പാലിച്ചു …രണ്ടു ദിവസത്തിനുള്ളിൽ സ്കൂളിലേക്ക് വിളിപ്പിച്ചു.

ഡിഗ്രി പാതി കൊണ്ട് ഒരു സ്കൂളിൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചു കൊണ്ടാണ് അവളെങ്ങോട്ട് ചെന്നതും.

വലിയ പ്രതീക്ഷയൊന്നുംഅപ്പോഴും ഇല്ലായിരുന്നു.

നിലവിൽ അവിടെ ഒഴിച്ച് വിടാവുന്ന… സാഹചര്യത്തിലുള്ള മറ്റു സ്റ്റാഫുമില്ല.മാഷും ധർമ്മസങ്കടത്തിലായത് പോലെ..

“ഞാൻ.. ഞാൻ സംഗീതം പഠിച്ചിട്ടുണ്ട്…”

ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുന്ന മാഷിനോട് മടിയോടെയാണ് അന്നവൾ പറഞ്ഞത്.

“നാളെ മുതൽ.. ഇവിടുത്തെ സംഗീതഅധ്യാപിക… കൃഷ്ണപ്രിയയാണെന്ന് “മറ്റൊന്നും ആലോചിച്ചു സമയം കളയാതെ മാഷ് ചിരിയോടെ പറഞ്ഞത് കേട്ട് ശ്വാസം നിലച്ചത് പോലെ നിന്നവളെ ഇന്നും അയാൾക്ക് നല്ല ഓർമയുണ്ട്.

“മോളെന്തിന് കരയുന്നു… കരയേണ്ടത് നീയല്ല.. പ്രിയ. നിന്നെ കരയിപ്പിച്ചവർക്ക് അതിനുള്ള അവസരം ദൈവം കൊടുത്തു കൊള്ളും ”
മാഷ് അവളെ നോക്കി..പ്രിയ മുഖം ഉയർത്തി നോക്കിയില്ല.

“വയ്യെങ്കിൽ… ഇന്ന് വീട്ടിലേക്ക് പോയിക്കോ ”
ചുവന്നു വിങ്ങിയ മുഖത്തു നോക്കി മാഷിന് മറ്റൊന്നും പറയാൻ തോന്നിയില്ല.

നന്ദിയോടെ അയാളെയൊന്നു നോക്കിയതല്ലാതെ പ്രിയക്കൊന്നും പറയാൻ കഴിഞ്ഞില്ല.

“ചെല്ല്..”
മാഷ് വീണ്ടും പറഞ്ഞതും തലയാട്ടി കൊണ്ട് അവളിറങ്ങി പോയി.

കരഞ്ഞു കലങ്ങിയ കണ്ണോടെ കയറി വന്നവൾ അതേ സ്പീഡിൽ ബാഗും എടുത്തു ഇറങ്ങി പോകുമ്പോൾ… അവിടുണ്ടായിരുന്നവരെല്ലാം പരസ്പരം നോക്കി.

എല്ലാവർക്കും ഒരു നിഗൂഢ സന്തോഷമുണ്ടായിരുന്നു.
മാഷവളെ പിരിച്ചു വിട്ടു എന്ന് തന്നെ അവരെല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

എന്തിനാണെന്ന് പോലുമാറിയാത്ത ആ സന്തോഷം…ഏറ്റവും കൂടുതൽ രാജീവിന് തന്നെയാണ്.

അവളെ ഇവിടെ നിന്നങ്ങനെ തുരുത്താം എന്നാ രീതിയിലേക്ക് മാറിയിരുന്നു അപ്പോഴേക്കും അവനുള്ളിലെ പ്രണയം തുടിച്ച മനസ്സ്…

തുടരും…

 

Leave a Reply