രചന:ജിഫ്ന നിസാർ ❣️
“മുത്തച്ഛ..”തളർന്നു തൂങ്ങിയത് പോലുള്ള ആദിയുടെ വിളി.മാധവൻ മാഷിന്റെ നെറ്റി ചുളിഞ്ഞു.”എന്താടാ ആദി. അവിടെന്തേങ്കിലും പ്രശ്നമുണ്ടായോ.നിന്റെ ശബ്ദമെന്താ ഇങ്ങനെയിരിക്കുന്നേ?”മാഷിനോട് എന്തു മറുപടി പറയണമെന്നറിയാതെ ആദി ഒരു നിമിഷംപകച്ചിരുന്നു പോയി.തനിക്കുള്ളം ഒരു അഗ്നിപർവ്വതം പോലെ പുകയുന്നുണ്ട്.ഒരുപാട് നേരം ഓഫീസ് മുറിയിലെ ആ കസേരയിൽ തലകുനിച്ചിരുന്നു.വരുന്നില്ലെന്ന് അച്ഛനോട് അറുത്തു മുറിച്ചു പറഞ്ഞുവെങ്കിലും അച്ഛനതങ്ങനെ വെള്ളം തൊടാതെ വിഴുങ്ങുമെന്ന് വിചാരിക്കാനാവുന്നില്ല.
തന്നെ കൊണ്ടുപോവാനുള്ള വഴി ഏതു വിധേനയും അച്ഛൻ സ്വീകരിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.സത്യത്തിൽ ആ ഒരു ഉറപ്പിനെയാണ് അവനേറെ ഭയന്നതും.
സ്വന്തം കാര്യം നടക്കാൻ വേണ്ടി ഏത് നാറിയ കളിയും കളിക്കാൻ യാതൊരു മടിയില്ലാത്ത ഒരാളാണ് സ്വന്തം അച്ഛനെന്നത് അവൻ അപമാനത്തോടെയാണ് ഓർത്തത്.”ആദി.. “വീണ്ടും കാതിൽ മാഷിന്റെ ആധി നിറഞ്ഞ വിളിയെത്തി.” അച്ഛൻ….അച്ഛൻ വന്നിട്ടുണ്ട് മുത്തച്ഛ.. “നന്നേ നേർത്തു പോയ സ്വരത്തിൽ അവനത് പറയുമ്പോൾ മറുവശം ഒരു നിമിഷം നിശബ്ദമായി.” അതിന് നിനക്കെന്താടാ മോനെ.നിന്റെ അച്ഛൻ വന്നിട്ടുണ്ടെങ്കിൽ വന്നതുപോലെ തന്നെ തിരിച്ചു പോയിക്കോളും. നീ എന്തിനാണ് വെറുതെ അതോർത്ത് കൊണ്ട് വേവലാതിപ്പെടുന്നത്? ”
മാഷിന്റെ സ്വരം.. അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന ഊർജ്ജം ആദ്യയുടെ തളർന്നുപോയ മനസ്സിനൊരല്പം ആശ്വാസം പകർന്നു നൽകി.” നേരെ സ്കൂളിലോട്ടാണോ നിന്റെ അച്ഛൻ വന്നത്? “മാഷ് ചോദിച്ചു.”മ്മ്..””എങ്കിൽ അടുത്ത വെടിക്കെട്ടിന് തീ കൊടുക്കാൻ ഇനി നേരെ ഇങ്ങോട്ടാവും വരുന്നത് ”
കുഞ്ഞൊരു ചിരിയോടെ മാഷിന്റെ പറച്ചിൽ കേൾക്കാം” ഞാനങ്ങോട്ട് വരണോ മുത്തച്ഛാ? ”
ആദി ചോദിച്ചു.”എന്തിന് മോനെ?. അവനെ നേരിടാൻ ഈ ഞാൻ തന്നെ ധാരാളം..”വീര്യമൊട്ടും ചേർന്നു പോകാത്ത മാഷിന്റെ സംസാരം.” നീ നിന്റെ അച്ഛൻ പറഞ്ഞിട്ട് പോയ വാക്കുകളെ കുറിച്ച് ഓർത്തിരിക്കാതെ നിനക്ക് ചെയ്യാനുള്ളത് മര്യാദയ്ക്ക് ചെയ്യ്.. “മാഷ് ഗൗരവത്തോടെ അത് പറഞ്ഞതും ഒന്ന് മൂളിയിട്ട് ആദി ഫോൺ കട്ട് ചെയ്തു.പിന്നീടെത്ര ശ്രമിച്ചിട്ടും കലുഷിതമായ മനസ്സിനെ അവന്റെ പിടിയിൽ കിട്ടുന്നുണ്ടായിരുന്നില്ല.”പരിപാടിയങ്ങ് പൊളിച്ചല്ലോ മോനെ..നിറഞ്ഞ ചിരിയോടെ അതും പറഞ്ഞു കൊണ്ടാണ് മണിയേട്ടൻ അവനരികിലേക്ക് വന്നത്.
ആദിയൊന്ന് ചിരിക്കുക മാത്രം ചെയ്തു.”മാധവൻ മാഷിന്റെ കൊച്ചു മോൻ തന്നെ. ആൾക്കും ഇത് പോലെ മനുഷ്യരെ പിടിച്ചിരുത്താനൊരു പ്രതേക കഴിവാണ്. ഇന്ന് വന്നവരിൽ ഏറെ പേരും അത് തന്നെയാണ് പറഞ്ഞതും. മാഷിന് പറ്റിയ മകനെ കിട്ടിയില്ലേലും കൊച്ചു മോനെ ദൈവം അനുഗ്രഹിച്ചു കൊടുത്തുണ്ടെന്ന് “അത് വരെയും അവനിൽ നിറഞ്ഞു നിന്ന അസ്വസ്ത്ഥത അൽപ്പമൊന്ന് കുറയാൻ മണിയേട്ടന്റെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾക്കായി.”ആദിത് സാറിൽ നിന്നും അവരെന്തൊക്കെയും പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ. അവരെ നിരാശപ്പെടുത്തരുത് മോൻ ”
കയ്യിലെ ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് കോഫി ഒഴിച്ച് അത് ആദിക്ക് നേരെ നീട്ടി മണിയേട്ടൻ ചിരിയോടെ ആവിശ്യപ്പെട്ടു.
“തീർച്ചയായും മണിയേട്ടാ.. ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. അവർക്കിടയിൽ നിന്നും വെറുതെ ഷോ കാണിച്ച് ആളാവാൻ വേണ്ടി പറഞ്ഞതല്ല ഞാൻ അവിടെ വെച്ച് സംസാരിച്ചതൊന്നും. ഈ സ്കൂളിന് വേണ്ടി ഞാൻ കണ്ട സ്വപ്നങ്ങളാണ്..”ആദി ആത്മവിശ്വാസതോടെ പറഞ്ഞു കേട്ടതും മണിയേട്ടന്റെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.”ഈ സ്കൂളിനെയും ഇവിടുത്തെ ആൾക്കാരെയും.. നിന്റെ മുത്തച്ഛനെ പോലും വെറുത്തിട്ട് നീ എന്റെ കൂടെ വരും. അതിപ്പോ എന്റെ വാശിയാണ് “അത് പറയുമ്പോഴും അവനുള്ളിൽ ദേവന്റെ വാക്കുകൾ തിളച്ചു മറിയുന്നുണ്ടായിരുന്നു..
❣️❣️
വൈകുന്നേരം വീട്ടിലെത്തുമ്പോഴും ദേവനെ ആദി അവിടെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
ആ ധൃതിയിലാണ് അവൻ സ്കൂളിൽ നിന്നിറങ്ങിയതും പതിവില്ലാതെ വളരെ സ്പീഡിൽ കാറോടിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങിയതും.പക്ഷേ പതിവുപോലെ മാഷ് മാത്രം ഉമ്മറത്തുണ്ടായിരുന്നു.”എന്തായി.. അച്ഛൻ വന്നോയിങ്ങോട്ട്. മുത്തച്ഛനെ വല്ലതും പറഞ്ഞോ?”
ആദി മാഷിനരികിലേക്ക് വേഗത്തിൽ വന്നിട്ട് ചോദിച്ചു.”ഹാ.. നീയൊന്ന് ശ്വാസം വിടെടാ മോനെ..”മാഷ് ചിരിയോടെ ആദിയെ നോക്കി.”ഇങ്ങോട്ട് വന്നിട്ടില്ല. അല്ലേ?”
മാഷിന്റെ പ്രസന്നമായ മുഖം കണ്ടതും ആദി ചോദിച്ചു.
“ഇവിടെ എത്തിയിട്ടില്ല. ഇനി ഏത് സമയവും അവന്റെ വരവ് പ്രതീക്ഷിക്കുന്നത് കൊണ്ട് നീ സ്വപ്നം കണ്ടതാണോ ആദി “മാഷൊരു കുറുമ്പോടെ കൊച്ചു മോനെ നോക്കി.”പിന്നെ… മീറ്റിംഗ് ഹാളിലുള്ള മുഴുവനും ആളുകൾ എന്നെ പോലെ തന്നെ സ്വപ്നം കാണുവല്ലേ..”ആദി മാഷിനെ തുറിച്ചു നോക്കി.”അച്ഛൻ വന്നതാ മുത്തച്ഛ..ഞാൻ കണ്ടതാ ദേവന്റെ വാക്കുകൾ ഹൃദയത്തിലേൽപ്പിച്ച മുറിവുകളപ്പോഴും ആ വരവ് സ്വപ്നമല്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് പോലെ വിങ്ങുന്നുണ്ടായിരുന്നു അവനുള്ളിൽ.”ആഹ്.. എങ്കിൽ ഇവിടേക്കുള്ള വരവിന് മുഹൂർത്തം കുറിച്ച് കിട്ടി കാണില്ല മഹാദേവന്..”അത് പറയുമ്പോൾ മാഷിന്റെ മുഖം വലിഞ്ഞു മുറുകി.”ആ വഴിയങ് പോവുന്നതാ അവനെന്തു കൊണ്ടും നല്ലത്.”
മാഷ് പുച്ഛത്തോടെ പറഞ്ഞു.”അച്ഛനങ്ങനൊന്നും പോവില്ല മുത്തച്ഛ. എന്തോ കാര്യമായ ഉദ്ദേശവും താങ്ങി പിടിച്ചുള്ള വരവാ. അത്ര പെട്ടന്നൊന്നും തോറ്റു പിന്മാറി പോകുന്ന ശീലമില്ല നിങ്ങളുടെ പ്രിയപ്പെട്ട പുത്രന്..”
ആദിയൊരു നെടുവീർപ്പോടെ മാഷിനെ നോക്കി.
“നമ്മുക്ക് നോക്കാടാ…എവിടം വരെയും പോകുമെന്ന്..”മാഷപ്പോഴും മായാത്ത ചിരിയോടെയാണ് പറഞ്ഞത്.”നീ പോയി കുളിച് ചായയെടുത് കുടിക്കെടാ.. ഞാനിപ്പോ വരാം ”
അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കുന്ന ആദിയെ നോക്കി മാഷ് പറഞ്ഞു.” മുത്തച്ഛനെങ്ങോട്ട് പോകുവാ “ഉമ്മറത്തു നിന്നും മുറ്റത്തേക്കിറങ്ങുന്ന മാഷിനെ നോക്കി ആദി ചോദിച്ചു.”ഞാനൊന്ന് അമ്പലത്തിൽ പോയിട്ട് വരാം ”
മാഷ് ചിരിയോടെ പറഞ്ഞു.”കൂട്ടുകാരനും കൂടെ കാണും ല്ലെ..?”ആദി ചിരിയോടെ ചോദിച്ചു.
“ഇല്ലെടാ.. ബാലാനെവിടെയോ പോവാനുണ്ടെന്ന് പറഞ്ഞു ഉച്ചക്ക് മുങ്ങിയതാ “”എങ്കിൽ ഞാൻ കൂടി വരാം. ഒരു പത്തു മിനിറ്റ് കൂടി കാത്തിരിക്കാമോ?”
മാഷ് കൂടിയില്ലാതെ അകത്തിരുന്നാൽ തനിക്കുള്ളിലെ പുകച്ചിൽ കൂടുമെന്ന് തോന്നിയ ആദി മാഷിനെ നോക്കി ചോദിച്ചു.മാഷൊരു ചിരിയോടെ അവനെ നോക്കി.”ദൈവം എല്ലായിടത്തും ഉണ്ടെന്നല്ലേ പറയുന്നത്. അപ്പോൾ പിന്നെ പ്രാർത്ഥന നടത്താൻ മാത്രം അമ്പലത്തിലോ പള്ളികളിലോ ചർച്ചകളിലോ പോകുന്നതെന്തിനെന്ന് “താൻ മുന്നേ ചോദിച്ചത് ഓർത്തു കൊണ്ടായിരിക്കും ആ ചിരിയെന്ന് ആദിക്ക് മനസ്സിലായി.”ഇവിടെ ഒറ്റക്കിരുന്നു ബോറടിച്ചു മരിക്കാൻ തത്കാലം എനിക്ക് മനസ്സില്ല. അല്ലാതെ എന്റെ സിദ്ധാന്തം മാറ്റിയിട്ടൊന്നുമല്ല ”
അതേ ചിരിയോടെ ആദി മാഷിനെ നോക്കി.
“മ്മ്മ്.. എനിക്ക് മനസ്സിലായി. പെട്ടന്ന് ഒരുങ്ങി വാ.. ഞാൻ പുറത്തുണ്ടാവും..”തലയാട്ടി ചിരിച്ചു കൊണ്ട് മാഷ് പുറത്തേക്ക് നടക്കുന്നത് കണ്ടു കണ്ടതും ആദി ധൃതിയിൽ അകത്തേക്ക് ഓടിക്കയറി.മുറിയിലെത്തി ഇട്ടിരുന്ന ഷർട്ട് ഒരു മാറ്റുന്നതിനിടയിൽ തന്നെ അവൻ ഫോണെടുത്ത് സഞ്ജുവിനെ വിളിച്ചു.” കോളേജിൽ നിന്ന് തിരികെ വന്നോഡാ? “സഞ്ജു ഫോൺ എടുത്തു ഉടനെ ആദി ചോദിച്ചു.” വീട്ടിലേക്ക് കയറുവാടാ. ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാണോ തിരികെ വന്നത്.?എന്റെ വിളി കാണുന്നത് തന്നെ എനിക്കിപ്പോ പേടിയാണ്..”സഞ്ജുവിന്റെ ആധി പിടിച്ച സ്വരം.
“ഇതതൊന്നുമല്ലെടാ.. നീ അമ്പലത്തിൽ വരുന്നുണ്ടോ. എങ്കിൽ പെട്ടന്ന് റെഡിയായി വാ…”
ആദി തോളു കൊണ്ട് ഫോൺ ഇറുക്കി പിടിച്ചു കിടക്കയിലെക്കിരുന്നു കൊണ്ട് പാന്റ് വലിച്ചൂരി കൊണ്ട് പറഞ്ഞു.”എന്താ നീയിപ്പോ പറഞ്ഞത്..?”
സഞ്ജുവിന്റെ ആശ്ചര്യം നിറഞ്ഞ സ്വരം.ആദി ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് ചിരി ഒതുക്കി.
കൈവിട്ട് കളഞ്ഞ ആയുധവും വാ വിട്ട് പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് അവൻ ഓർത്തു.എന്നോ ഒരിക്കൽ അമ്പലത്തിൽ പോകാൻ വിളിച്ചപ്പോൾ താൻ പറഞ്ഞു പോയ വാക്കുകളാണ് ഇന്നിപ്പോൾ വില്ലനാവുന്നത്.
“മുത്തച്ഛൻ പുറത്ത് കാത്തിരിപ്പുണ്ട്. എനിക്ക് റെഡിയാവാൻ ഒരു പത്തു മിനിറ്റ് തന്നിട്ടുണ്ട്. നീ പോരുന്നുണ്ടേൽ നിനക്കും റെഡിയാവാൻ പത്തു മിനിട്ടുണ്ട്.. വരുന്നുണ്ടേൽ പെട്ടന്ന് നോക്ക് ”
സഞ്ജുവിന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ ആദി ഫോൺ കട്ട് ചെയ്തു കൊണ്ട് കിടക്കയിലെക്കിട്ട് കൊണ്ട് ബാത്റൂമിലേക്കോടി.
കുളിയെ ഒരാഘോഷമാക്കുന്നവൻ അന്ന് പക്ഷേ അഞ്ചു മിനിറ്റ് കൊണ്ട് കുളിച്ചിറങ്ങി വന്നു.
എന്തിനാണ് അമ്പലത്തിൽ പോവാൻ തനിക്കിത്രേം ആവേശമെന്നുള്ളത് അവനപ്പോഴും അതിശയമായിരുന്നു.പ്രാർത്ഥിക്കാനല്ല.. വല്ലാത്തൊരു ശാന്തത നിറഞ്ഞ ആ പരിസരവും അവിടുത്തെ കാറ്റും മണവുമെല്ലാം വല്ലാത്തൊരു സംതൃപ്തിയിലേക്ക് തന്നെ കൊണ്ട് പോകാറുണ്ടെന്ന് അവനോർത്തു.ആദ്യമൊരു പാന്റും ബനിയനും കയ്യിലെടുത്തു കൊണ്ട് ഒരുങ്ങാൻ തിരിഞ്ഞവൻ പിന്നെന്തോ ഓർത്തു കൊണ്ട് അത് തിരികെ വെച്ചു.
അലമാരയിൽ ഏറ്റവുമടിയിൽ ഒരു കവറിൽ സ്റ്റിക്കർ പോലും പൊട്ടിക്കാത്തൊരു മുണ്ടെടുത്തവൻ ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് അതെടുത്തുടുത്തു.
അതിന്റെ കരയുടെ കരിപ്പച്ച നിറത്തിലൊരു ഷർട്ട് കൂടി ധരിച്ചതോടെ അവനാകെയൊരു മാറ്റം വന്നത് പോലെ.മുണ്ടെടുത്തിട്ട് യാതൊരു പരിചയവുമില്ല.
കഴിഞ്ഞ പിറന്നാൾ ദിവസം മുത്തച്ഛൻ സമ്മാനിച്ചതാണ് മുണ്ടും ഷർട്ടും.
അതിനൊപ്പമുള്ള ഷർട്ട് ഇടാറുണ്ടായിരുന്നുവെങ്കിലും.. മുണ്ടിനെ അൽപ്പം പേടിയോടെ മാറ്റി വെച്ചതായിരുന്നു.ഇപ്പോഴെന്തിന് എടുത്തുടുത്തു എന്ന് അവനും അറിയില്ലായിരുന്നു.ഭംഗിയായി മുടി ചീകിയൊതുക്കി… കയ്യിലെ വാച്ചുമെടുത്തു കെട്ടി ഒരു നിമിഷം ശങ്കിച്ചു നിന്നു.
പിന്നെ കിടക്കയിൽ കിടന്ന പാന്റിൽ നിന്നും ബെൽറ്റ് വലിച്ചൂരി അരയിൽ മുണ്ടിന്റെ മീതെ കൂടി കെട്ടിവെച്ചപ്പോഴാണ് അവനൊരു ആശ്വാസം തോന്നിയത്.”ആണുങ്ങളായ മുണ്ടെടുക്കാനും..കണ്മുന്നിലൊരു പ്രശ്നം വന്നാൽ ഉടുത്ത മുണ്ട് മടക്കി കുത്തി നെഞ്ചുറപ്പോടെ നിൽക്കാനും പഠിക്കണമെന്ന് “മുത്തച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു.ആ പറഞ്ഞതിനൊക്കെ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കിലും… മനസ്സിനൊരു ധൈര്യം തോന്നാത്തത് കൊണ്ട് മാറ്റി വെച്ച ഈ വേഷം തനിക്കൊരുപ്പാട് ഇണങ്ങുന്നുണ്ടെന്ന ആത്മ വിശ്വാസത്തോടെയാണ് ആദി പുറത്തേക്കിറങ്ങിയത്.
💞💞
“നീയെങ്ങോട്ട് പോണ്..?”ഒരുങ്ങിയിറങ്ങി വന്ന ഇന്ദുവിനെ നോക്കി ജയശ്രീ മുഖം ചുളിച്ചു.”ഒളിച്ചോട്ടമല്ല. പേടിക്കേണ്ട ”
അവളുടെ മുറുകിയ മറുപടി കേട്ടതും ജയശ്രീയുടെ മുഖമിരുണ്ട് കൂടി.”ഒരു കാര്യം ചോദിച്ച തറുതല പറയുന്നത് വല്ല്യ വീമ്പാണെന്നാണോ നിന്റെ വിചാരം.. ഏഹ്?”ജയശ്രീ അവൾക്ക് മുന്നിലേക്ക് കയറി നിന്ന് കൊണ്ട് ദേഷ്യതോടെ ചോദിച്ചു.”അവള് അമ്പലത്തിൽ പോകുവാ അമ്മേ..”ഇനി ഇതിന്റെ പേരിലൊരു പ്രശ്നമുണ്ടാവരുതെന്ന് കരുതി ചാരു പെട്ടന്ന് പറഞ്ഞു.”അതെന്താ ഇവൾക്ക് വാ തുറന്നു പറഞ്ഞാല്. നല്ല മര്യാദക്കല്ലേ ഞാനിവളോട് ചോദിച്ചത്. പെൺകുട്ടികളായ ഇത്രേം അഹങ്കാരികളാവാൻ പാടില്ല..”
ജയശ്രീ ഇന്ദുവിനെ നോക്കി പറഞ്ഞു.
അവളൊരു കൂസലും കൂടാതെയാണ് നിൽക്കുന്നത്.
“നീ ഒറ്റയ്ക്കാണോ പോണത്?””ഞാനാദ്യമായി അമ്പലത്തിൽ പോകുവല്ല.. കൂട്ട് വിളിച്ചു പോകാൻ…”പ്രിയ കൂടി അങ്ങോട്ട് വരുമെന്ന് ഇന്ദു മനഃപൂർവം പറഞ്ഞില്ല.പിന്നെ ആ പേര് പറഞ്ഞാവും അടുത്ത അങ്കം.”ഞാൻ പോവാ..”കൂടുതലൊന്നും പറയാൻ നിൽക്കാതെ ഇന്ദുവിറങ്ങി നടന്നു കഴിഞ്ഞിരുന്നു..
…തുടരും..
അല്ലേലും ഈ മുണ്ടെടുത്ത ചെക്കന്മാർക്കൊരു പ്രതേക ഭംഗിയാണല്ലേ…?ഷർട്ടിന്റെ കയ്യൊക്കെ വൃത്തിയായി മടക്കി… മുകളിലെ രണ്ടു ബട്ടനും അഴിച്ചിട്ടു.. മുണ്ട് മടക്കി കുത്തിയൊരു വരവുണ്ട്..
ന്റെ.. സാറേ.. പിന്നൊന്നും കാണൂല.. 🫣🫣
എന്നാലും ആ ദുഫായിന്ന് പെട്ടിം കിടക്കേം കൊണ്ട് വന്ന ആ മഹാനെവിടെ പോയീന്നാ എനിക്കറിയാൻ വയ്യാത്തത് 😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ.. Jiff❣️❣️

by