രചന : ജിഫ്ന നിസാർ ❣️
മാഷിനൊപ്പം തനിക്ക് മുന്നിൽ നിൽക്കുന്ന ആദിത് മഹാദേവ് തികച്ചും പുതിയ ഒരാളായിട്ടാണ് പ്രിയക്ക് തോന്നിയത്.അവൾക്ക് മാത്രമല്ല, അവിടെ കൂടിയ ഒട്ടുമിക്കവർക്കും അവന്റെ ആ മാറ്റത്തിൽ അത്ഭുതം തോന്നുന്നുണ്ടായിരുന്നു.സ്കൂളിൽ വന്ന് ചാർജ് എടുത്തതിനടുത്തുള്ള രണ്ടു ദിവസവും അവൻ ഓഫീസ് റൂമിൽ തന്നെയായിരുന്നു.അവിടെ ഇരുന്നുകൊണ്ടുതന്നെ അവനാ സ്കൂളിനെ പറ്റിയുള്ളതെല്ലാം പഠിച്ചിട്ടുണ്ടെന്ന് അവന്റെ ഓരോ പ്രവർത്തികളും തെളിയിക്കുന്നതായിരുന്നു.അതിനെ ശെരി വെക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ആദിയുടെ ഓരോ പ്രവർത്തികളും അഭിപ്രായങ്ങളും.
ആർക്കും യാതൊരു പോരായ്മയും ആരോപിക്കാൻ ഇല്ലാത്ത വിധം തന്നെയാണ് മാഷാ സ്കൂൾ നടത്തി കൊണ്ടുപോയിരുന്നെങ്കിലും, ആ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി വിശാലമായ സ്കൂൾ മുറ്റത്തൊരു പാർക്ക് എന്നുള്ള ആശയം അവിടെ ആദ്യം അവതരിപ്പിച്ചത് ആദിയായിരുന്നു.ഇത്രത്തോളം ഈ സ്കൂളിനെ അടുത്തറിഞ്ഞിട്ടും, അതിന് വേണ്ടിയുള്ളതെല്ലാം ഒരുക്കാൻ മാഷ് മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഇന്നോളമെന്തേ തങ്ങളിലാർക്കും അങ്ങനെയൊരു ആശയം തോന്നിയില്ലെന്ന് അവരെല്ലാം അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
” മാഷിന്റെ കൊച്ചുമോൻ ഒരു ഫയൽ ജീവിയാണെന്ന് ” സ്റ്റാഫ് റൂമിൽ നിന്ന് ആദിയെ കുറിച്ചോരു ആരോപണമുണ്ടായിരുന്നു.അന്നത് പറഞ്ഞവരെല്ലാം അവന്റെയാ പുത്തൻ ആശയത്തിന് മുന്നിൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മാഷിന്റെ കൂടി മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.ചെയ്യുന്ന ജോലി ഏറ്റവും പൂർണ്ണതയിൽ ഏറ്റവും മനോഹരമായി തന്നെ തീർക്കുക എന്നുള്ളത് ആദിയുടെ ഒരു പ്രത്യേക ശീലമായിരുന്നു.
“കൊച്ചു മോനൊരു സംഭവം തന്നെയാണ് ട്ടോ മാഷേ”എന്ന് പണിക്കാരിലാരോ പറയുന്നത് കേട്ടതും തനിക്കു മുന്നിൽ നിന്നിട്ടൊരുവൾ ചിരി അമർത്തി പിടിക്കുന്നത് കാണെ.. ആദി അവളെയൊന്ന് തുറിച്ചു നോക്കി.ഇന്റർ ബെൽ സമയത്തെ ഇടവേളകളിൽ പണിയുടെ പുരോഗതി അറിയാൻ ചുറ്റും കൂടിയ അധ്യാപകരോടെല്ലാം ആദി ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.വളരെ കാര്യമായിത്തന്നെ ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ പ്ലാനിങ്ങും അവൻ അവരോട് പങ്കുവെക്കുന്നുണ്ട്.
പക്ഷേ പ്രിയയുടെ നേരെ തിരിയുമ്പോൾ മാത്രം അവന്റെ മുഖം വീർത്ത് ഒരു കൊട്ട കണക്കിനായി പോകും.പ്രകടമായി അവളെയൊന്നും പറയുന്നില്ലെങ്കിലും പ്രിയയ്ക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു അവന് തന്നോടുള്ള ആ മാറ്റങ്ങൾ.നല്ലത് നാലെണ്ണം അവനെതിരെ തിരിച്ചു പറയണമെന്നുണ്ടായിട്ടും അത്രയും ആളുകൾക്കിടയിൽ നിന്നൊന്നും പറയാനാവാതെ അവളും നിന്ന് പരുങ്ങി.
അതേ തുറിച്ചു നോട്ടങ്ങളെ തന്നെ അവനിലേക്കും തിരികെ പകർന്നു കൊടുത്തു.അധ്യാപകർക്കിടയിൽ നിന്നും രണ്ട് ചേരികളായിട്ടാണ് അവിടെ നടക്കുന്ന പണിയുടെ പുരോഗതിയെ കുറിച്ചും ആദിയെ കുറിച്ചും അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്.
” മാധവൻ മാഷിനെ പോലെ ആളാവാൻ ശ്രമിക്കുകയാണ് കൊച്ചുമോനെന്നും എവിടം വരെ പോകുമെന്ന് നോക്കാമെന്നും ” ഒരു കൂട്ടർ പുച്ഛത്തോടെ അതിനെക്കാള്‍ വെല്ലുവിളിയോടെ അവന്റെ പതനം കാണാൻ കാത്തിരിക്കുമ്പോൾ,
” മാധവൻ മാഷിനെക്കാൾ മിടുക്കനാവും കൊച്ചുമകനെന്നും അവന് അതിനുള്ള കഴിവുണ്ടെന്നും മറുവശം ആദിക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രണ്ടു കൂട്ടരുടെയും അഭിപ്രായങ്ങൾ ആദിക്ക് അവരുടെ വാക്കുകളിൽനിന്ന് തന്നെ കണ്ടുപിടിക്കാൻ ആവുന്നുണ്ടായിരുന്നു.എന്നിട്ടും പക്ഷേ അവൻ ഒരക്ഷരം അവരോട് അതിനെക്കുറിച്ച് ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
എത്രയും പെട്ടെന്ന് തുടങ്ങിവെച്ച പാർക്കിന്റെ പണി പൂർത്തീകരിച്ച് അത് കുട്ടികൾക്കായി സമർപ്പിക്കുക എന്നതായിരുന്നു ആ നിമിഷം ആദിയുടെ മനസ്സിലെ ഒരേയൊരു ചിന്ത.വെല്ലുവിളി നടത്തിയവർക്ക് അങ്ങനെ തോറ്റു പോയിട്ടില്ലെന്ന് തെളിയിച്ചു കൊടുക്കണമെന്നും, തന്നിൽ വിശ്വസിച്ചു കൂടെ നിന്നവർക്ക് ആ വിശ്വാസം കാത്ത് സൂക്ഷിച്ചു എന്നുള്ള ഉറപ്പുമാണ് ആദിയുടെ മനസ്സിലെ പ്രതികാരം.അന്ന് ഉച്ചക്ക് ശേഷം ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴായിരുന്നു ആദിക്ക് സഞ്ജുവിന്റെ കോൾ വന്നത്.
“ഹലോ “യെന്നുള്ള ഒറ്റ വാക്കിൽ തന്നെ അവനെത്ര മാത്രം അസ്വസ്ഥനാണെന്ന് ആദിക്ക് പെട്ടെന്ന് മനസ്സിലാക്കി കൊടുത്തിരുന്നു.”നീ എപ്പഴാടാ വരുന്നത്?”സഞ്ജു ചോദിച്ചു.” നീ ഇന്ന് കോളേജിൽ പോയില്ലേ..? ” ആദി അങ്ങനെയാണ് തിരിച്ച് ചോദിച്ചത്.അവനറിയാമായിരുന്നു, കോളേജിലായിരുന്നുവെങ്കിൽ ഈ നേരം സഞ്ജു ഒരിക്കലും തന്നെ വിളിക്കാൻ സാധ്യതയില്ലന്ന്.
“ഞാൻ..ഞാനിന്ന് പോയില്ല ഡാ എനിക്കെന്തോ, പോവാൻ തോന്നിയില്ല..””അതെന്താ… നിനക്കിന്നു പോവാൻ തോന്നാഞ്ഞത്..?”
ആദിയുടെ ചോദ്യം കേട്ടിട്ടും സഞ്ജു ഒന്നും മിണ്ടിയില്ല.
“എന്നിട്ട് നീയിപ്പോ എവിടാ..?”
ഒടുക്കം ഒരു നടുവീർപ്പോടെ ആദി ചോദിച്ചു.
” ഞാൻ ഞാനിവിടെയുണ്ട്, നമ്മുടെ പാറപ്പുറത്ത്… “സഞ്ജു പറഞ്ഞു.” അതെന്താ ഈ നട്ടുച്ചയ്ക്ക് നിനക്കാ പാറപ്പുറത്ത് പണി? നീ കഴിക്കാനും വീട്ടിൽ പോയില്ലേ? “ആദിയുടെ സ്വരം വീണ്ടും കടുത്തു.
” ഞാൻ പോയില്ല”വീട്ടിലേക്ക് പോയാലുള്ള അസ്വസ്ഥത മുഴുവനുമുണ്ടായിരുന്നു സഞ്ജുവിന്റെ ആ വാക്കുകളിൽ .”ഇനി പോണില്ലേ…?”
ആദിയുടെ ചോദ്യം കേട്ടതും സഞ്ജുവൊന്നും മിണ്ടിയില്ല.” ശരി. നീ അവിടെ തന്നെ ഇരിക്ക്.ഞാനൊരു അര മണിക്കൂർ കൊണ്ട് വരാം, അങ്ങോട്ട്.”അതും പറഞ്ഞുകൊണ്ട് ആദി ഫോൺ കട്ട് ചെയ്തു.മാധവൻ മാഷ് അവിടെയുള്ളതുകൊണ്ടുതന്നെ തനിക്കൊന്നും പുറത്തു പോകേണ്ടി വരുമെന്ന് പറയാൻ ആദി അയാളെ തിരഞ്ഞു..പുറത്ത് നിൽക്കുന്ന മാഷിന്റെ അരികിലെത്തി ആദി വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു.” അതെന്താണ് അത്യാവശ്യമായിട്ട് ഒരു വീട്ടിൽ പോക്ക്..? “ആദി പറഞ്ഞത് കേട്ടതും മാഷിന്റെ നെറ്റി ചുളിഞ്ഞു.
” ഒന്നുമില്ല മുത്തച്ഛ.സഞ്ജുവിന്ന് കോളേജിൽ പോയിട്ടില്ല. ഇന്നലെ അത്രേം പ്രശ്നങ്ങളൊക്കെ നടന്നതല്ലേ.അവൻ.. അവനെന്തോ വല്ലാത്ത അസ്വസ്ഥതനാണ്. ഞാനൊന്ന് പോയി കണ്ടിട്ട് വരാം”
” ആ പാറപ്പുറത്ത് പോയിരിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഇരുട്ടും മുമ്പേ രണ്ടും വീട്ടിലോട്ട് വന്നേക്കണം. കേട്ടോ “ആദി ഇറങ്ങിപ്പോകും മുമ്പേ മാഷ് ഓർമിപ്പിച്ചു.തലയാട്ടി സമ്മതിച്ചുകൊണ്ടാണ് അവൻ കീയുമെടുത്തുകൊണ്ട് ഓടിയിറങ്ങിയത്.പറഞ്ഞതുപോലെ ആദി എത്തുമ്പോഴും സഞ്ജു പാറപ്പുറത്ത് മലർന്നു കണ്ണടച്ചു കിടക്കുന്നുണ്ട്.”ആഹാ ഇതിനിയുമൊരു തീരുമാനമായില്ലേ..?”അങ്ങോട്ട് ഓടി കയറിയതിന്റെ കിതപ്പോടെ ആദി അവന് മുന്നിൽ ചെന്ന് നിന്നിട്ട് ചിരിയോടെ ചോദിച്ചു.
അവന്റെ ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കി, സഞ്ജു ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു.
“ഇന്നാ.. കഴിക്കങ്ങോട്ട് “അവനരികിലേക്കിരുന്നു കൊണ്ട് ഒരു പൊതിയും കുപ്പി വെള്ളവും നീട്ടിയിട്ട് ആദി പറഞ്ഞു.”എനിക് വിശപ്പില്ലെടാ…”
സഞ്ജു മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.
” അതെന്താ, നീ വല്ല കരിങ്കല്ല് എടുത്ത് വിഴുങ്ങിയായിരുന്നോ? “ആദി കണ്ണിരുട്ടി കൊണ്ട് അവനെ നോക്കി.അപ്പോഴും സഞ്ജുവൊന്നും മിണ്ടിയില്ല.” അല്ലടാ സത്യത്തിലെന്താ നിന്റെ പ്രശ്നം. നന്ദു.. നീ അവളെ അടിച്ചതാണോ? “കയ്യിലുള്ള പൊതി ബലമായി അവന്റെ കയ്യിലേക്ക് പിടിച്ചേൽപ്പിച്ചു കൊടുത്തു കൊണ്ട് ആദി സഞ്ജുവിനെ നേരെ തിരിഞ്ഞിരുന്നിട്ട് ചോദിച്ചു.” അടി അവൾക്ക് രണ്ടെണ്ണത്തിൽ ഒതുക്കി പോകേണ്ടി വന്നല്ലോ എന്നുള്ളതാണ് എന്റെ സങ്കടം. അവൾക്ക് കൊടുത്തതൊന്നും പോരായിരുന്നു ഇന്നവൾ കാണിച്ച ചെറ്റത്തരത്തിന്.. ”
സഞ്ജു പല്ലു കടിച്ച് പറയുന്നത് കേട്ടതും ആദി അടക്കി ചിരിച്ചു.” എന്താണ് നിനക്കൊരു അവിഞ്ഞച്ചിരി?”സഞ്ജു ആദിയെ നോക്കി.
” ഈ ലോകത്തൊരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും ചിലവ് കുറഞ്ഞ കാര്യം എന്താണെന്ന് നിനക്കറിയോ… ഏഹ്?”ആദി അതേ ചിരിയോടെ സഞ്ജുവിനെ നോക്കി.കണ്ണിൽ ഒരുപാട് സംശയങ്ങളെ കുത്തി നിറച്ചു കൊണ്ടു തന്നെ സഞ്ജു ഇല്ലെന്ന് തലയാട്ടി.” എന്നാ കേട്ടോ അത് മറ്റൊരാൾക്ക് ഉപദേശം കൊടുക്കുകയെന്നുള്ളതാണ്”ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച കള്ളച്ചിരിയോടെ ആദി അത് പറഞ്ഞത് കേട്ടതും സഞ്ജുവിന്റെ കണ്ണുകൾ അവന് നേരെ കൂർത്തു.ആദി എന്താണ് ഉദ്ദേശിച്ചതെന്ന് വളരെ വ്യക്തമായിട്ട് സഞ്ജുവിന് മനസ്സിലാകുന്നുണ്ടായിരുന്നു.” നീയങ്ങനെ എല്ലാം കൂടെ ഒറ്റയടിക്ക് കൂട്ടി വായിക്കാൻ നോക്കണ്ടടാ മോനെ. ഇതങ്ങനെയൊരു വിഷയമല്ല.. ”
സഞ്ജു തർക്കിച്ചു.
“തൽക്കാലം അതവിടെ നിൽക്കട്ടെ.നീ ആ ഭക്ഷണം കഴിക്ക്.നിനക്ക് വേണ്ടി ഞാൻ വാങ്ങിച്ചതാണ്.രാവിലെ മുതൽ ഇവിടെയുള്ള കിടപ്പല്ലേ. ഇത് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ എന്നെ ഉപദേശിക്കാനുള്ള ആരോഗ്യമെങ്കിലും വേണ്ടേ എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ”
ആദി മനഃപൂർവം കളിയാക്കുകയാണെന്ന് മനസ്സിലായിട്ടും സഞ്ജു ഒന്നും മിണ്ടാതെ പൊതി അഴിച്ചു ആദി ഒരുപാട് സംസാരിച്ചിട്ടാണ് സഞ്ജു അവന്റെയാ പഴയ ഫോമിലേക്ക് തിരികെ എത്തിയത്.
എന്നിട്ടും വീട്ടിൽ പോകണമെന്ന് ഓർത്തതും വീണ്ടും സഞ്ജുവിന്റെ മുഖം മങ്ങി.ആ അപമാനം അവനെയെത്ര തളർത്തി കളഞ്ഞിട്ടുണ്ടെന്ന് ആദിക്ക് അവന്റെയാ ഭാവത്തിൽ നിന്നും മനസ്സിലായി.
അവന്റെ വീട്ടിൽ പോയിട്ട് ഈയൊരു കാര്യത്തിൽ തീർച്ചയായും സംസാരിക്കണമെന്നുറപ്പിച്ചിട്ടാണ് സഞ്ജുവിനെയും കൂട്ടി ആദി ആ കുന്നിറങ്ങിയത്.
എന്നിട്ടും ആ കാര്യം സഞ്ജുവിനോടവൻ പറഞ്ഞതുമില്ല.
💞💞
പൂർണ്ണമായും സ്കൂളിലെ കാര്യങ്ങളിൽ മുഴങ്ങി പോയതിനാൽ ദേവന്റെ വരവിനെ കുറിച്ച് പോലും മറന്നു പോകും വിധം തിരക്കിലായി പോയിരുന്നു ആദി.ബാലൻ മാഷിനോടടക്കം അന്ന് സഞ്ജുവിന് വേണ്ടി ആദി സംസാരിച്ചത് കൊണ്ട് തന്നെ.. അവനോടുള്ള സമീപനത്തിൽ മാഷിന് വലിയ മാറ്റമൊന്നും ഇല്ലങ്കിൽ കൂടിയും പഴയ പോലെ തന്നെ ബാക്കിയെല്ലാവരും അവനെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു.നന്ദുവിന്റെ വിഷയം പിന്നെ മനഃപൂർവം അവിടാരും സംസാരിക്കാൻ ശ്രമിക്കാത്തത് കൊണ്ട് തന്നെ സഞ്ജു പൂർണമായി അല്ലെങ്കിലും അതിനെ കുറിച്ച് മറക്കാൻ ശ്രമിച്ചു.വൈകുന്നേരം സ്കൂൾ വിട്ടാലും പണിക്കാർ മടങ്ങുവോളം ആദി അവർക്കൊപ്പം സ്കൂളിൽ തന്നെ നിൽക്കുന്നതിനാൽ, വളരെ വൈകിയാണ് അവൻ വീട്ടിലോട്ട് എത്തിയിരുന്നത്.
ആ രണ്ട് ദിവസവും അവനും സഞ്ജുവും പരസ്പരം കണ്ടിരുന്നില്ല.ആദിയുടെ താല്പര്യവും ആത്മാർത്ഥയും മാഷിനെയാണ് ഒരുപാട് സന്തോഷിപ്പിച്ചിരുന്നത്.
“അവൻ മിടുക്കനാടോ.. മകന് വേണ്ടി താൻ കണ്ട സ്വപ്നങ്ങളില്ലേ ഈ മനസ്സിൽ ഒരുപാട്.അതിനി കൊച്ചു മകനിലൂടെ നടത്തി തരാൻ വേണ്ടി കാത്ത് വെച്ചതാവും ദൈവം. അങ്ങനെ കരുതി സന്തോഷിക്ക് നീ ഇനിയെങ്കിലും “ഒരുപാട് നാളുകളായി പറയാതെ തന്നെ ആ മനസ്സിന്റെ സങ്കടമറിയാവുന്ന പോലെ ബാലൻ മാഷ് കൂട്ടുകാരനെ ആശ്വാസിപ്പിച്ചു..
പക്ഷേ അപ്പോഴും ആ കൊച്ചു മകനെ കൊണ്ട് തന്നെ മാഷിന്റെ ഹൃദയം നെടുകെ പിളർത്തി സ്വയം ജയിച്ചു കയറാൻ കാത്തിരിക്കുന്ന മഹാ ദേവനെന്ന ക്രൂരത നിറഞ്ഞ മനുഷ്യനെയൊ വരാനിരിക്കുന്ന വിപത്തുകളെയോ അവരോർത്തില്ല..!
💞💞
അന്ന് ഞ്യായാറായതിനാൽ ആദിക്കും സഞ്ജുവിനും ലീവാണ്.”പറ ആദി.. എവിടെ പോകാനാ നീ ഇത്രേം അത്യാവശ്യമായി എന്നോടിങ്ങോട്ട് വരാൻ പറഞ്ഞത്..?”സഞ്ജുവിന്റെ ചോദ്യം നല്ലത് പോലെ കേട്ടിട്ടും ആദി അത് കേൾക്കാത്ത പോലെ ഒരുങ്ങുന്നത് തുടർന്നു.”ന്താടാ.. നീ പെണ്ണ് കാണാൻ പോണുണ്ടോ.. ഇത്രേം ഒരുങ്ങാൻ..?”സഞ്ജു നെറ്റി ചുളിച്ചു കൊണ്ട് ആദിക്ക് മുന്നിൽ പോയി നിന്നു.
“പുതിയ ഡ്രസ്സ് എങ്ങനുണ്ട്.. നീ അത് പറ..”
കണ്ണാടിയിൽ നോക്കി മുടി ചീകുന്നത് തുടർന്ന് കൊണ്ട് തന്നെ ആദി സഞ്ജുവിനോട് ചോദിച്ചു.
“അത് ഞാനും ചോദിക്കാൻ വരുവായിരുന്നു., മുണ്ടെന്ന് കേട്ടാ വെടി കൊണ്ട പന്നിയെ പോലൊരു വെപ്രാളമായിരുന്നു നിനക്ക്. നാട്ടിലുള്ളപ്പോഴുള്ള പിറന്നാളിന് പോലും പാന്റ് വലിച്ചു കേറ്റി അമ്പലത്തിൽ പോയ കക്ഷിയാ നീ.ആ നീയിപ്പോ മുണ്ടും ഷർട്ടും സ്വന്തം കാശ് കൊടുത്തു വാങ്ങി ഒന്നര മണിക്കൂറായി ഒരുങ്ങുന്നു.. സംതിങ്… റാങ് മിസ്റ്റർ ആദിത് മഹാ ദേവ് “ആദിക്ക് ചുറ്റും നടന്നു കൊണ്ടാണ് സഞ്ജുവിന്റെ സംസാരം മുഴുവനും.
ഒരക്ഷരം മിണ്ടാതെ തന്നിലെ മിനുക്ക് പണികൾ തുടരുന്നതിനിടയിലും ആദിയുടെ ചുണ്ടിലൊരു കള്ളചിരി ബാക്കിയുണ്ട്.
“സത്യം പറഞ്ഞോ.. നീ പോകാമെന്നു പറഞ്ഞ സ്ഥലം…”പാതി നിർത്തി കൊണ്ട് സഞ്ജു ആദിയെ ചിറഞ്ഞു നോക്കി.”സ്ഥലം.. ബാക്കി പറയെടാ..”
ആദി അതേ ചിരിയോടെ വീണ്ടും സഞ്ജുവിനെ നോക്കി.”അമ്പലത്തിലേക്കല്ലേ…?”
സഞ്ജു ആദിയെ തന്നെ സൂക്ഷിച്ചു നോക്കി.”ആണെങ്കിൽ…”വീണ്ടും മുടി ചീകുന്നത് തന്നെ തുടർന്ന് ആദി ചോദിച്ചു.”ഇന്ന് പോയാൽ ആ കൃഷ്ണ സ്തുതി പാടിയ ആളെ കണ്ട് കിട്ടുമെന്ന് വെറുതെയൊരു മോഹമുണ്ടല്ലേ…?”
ചിരി അമർത്തി കൊണ്ട് സഞ്ജു ചോദിച്ചതും ആദി ഒരു നിമിഷം സ്റ്റക്കായി.ശേഷം അതേ കള്ളത്തരത്തോടെ തന്നെ സഞ്ജുവിനെ നോക്കി…
“നീ താൻ ഡാ എൻ നൻപൻ…”
ആദി അതെ ചിരിയോടെ സഞ്ജുവിനെ നോക്കി വിളിച്ചു പറഞ്ഞു.
….തുടരും..
ഇവനെങ്ങാനും ഇനി ആ പാട്ട് കാരിയെ കണ്ട് പിടിക്കുവോ ഗയ്സ്..?പകച്ചുപണ്ടാരമടങ്ങി നിൽക്കുന്ന ആ നിൽപ്പ് കാണാൻ വല്ലാത്തൊരു മോഹം 🫣ഇങ്ങൾക്കുണ്ടോ…?സ്കൂളിൽ സ്റ്റാറാവാൻ നോക്കി ഇവനിനി തിരികെ പോവില്ലേ ആവോ..
തമ്പുരാനറിയാം 🥴
സ്നേഹത്തോടെ jiff❤️🩹❤️🩹

by