രചന:ജിഫ്ന നിസാർ ❣️
കരിനീല കളറുള്ളൊരു ദാവാണിയിൽ മുടി കുളി പിന്നലോടെ വിടർത്തിയിട്ട് നെറ്റിയിൽ അൽപ്പം നീട്ടി വരച്ചു ചേർത്ത ചന്ദനകുറിയുടെ ബാക്കി തൊണ്ട കുഴിയിലുംപരന്നിരിക്കുന്നു.തോട്ടരികിലെത്തിയപ്പോഴാണ് ആദി പ്രിയയെ ശരിക്കും ശ്രദ്ധിച്ചത്.നേരത്തേ അവളുടെ നോട്ടം തെറ്റിക്കാൻ ആദി സ്വീകരിച്ച അതെ മാർഗ്ഗം തന്നെയാണ് പ്രിയയും സ്വീകരിച്ചത്.
പ്രിയയുടെ ചുമ ഉയർന്നു കേട്ടതും ആദി ഞെട്ടി കൊണ്ട് നോട്ടം തെറ്റിച്ചു.അവളിലുണ്ടായിരുന്ന ചിരിയായിരുന്നു അവനൊട്ടും സഹിക്കാൻ വയ്യാഞ്ഞത്.”ഇവര് ഈ വഴിക്കാണ് ”
വലതു വശത്തേക്കുള്ള നടപ്പ് വഴി ചൂണ്ടി കാണിച്ചു കൊണ്ട് മാഷാണ് പറഞ്ഞത്.ആദി പ്രിയയെ തന്നെ തുറിച്ചു നോക്കി കൊണ്ട് ഒന്ന് മൂളുക മാത്രം ചെയ്തു.എന്ത് കൊണ്ടാണ് ഇവളെ കാണുമ്പോൾ മാത്രം തന്റെ മനസ്സിലേക്ക് കാരണമറിയാതൊരു ദേഷ്യഭാവം കയറി വരുന്നതെന്നാവോ?ആദി അതായിരുന്നു ചിന്തിച്ചത്”പോട്ടെ മോളെ…”
മാഷ് അവരെ നോക്കി യാത്ര പറഞ്ഞു.
“ഇവിടുന്നങ്ങോട്ട് കുറേ ദൂരമുണ്ടോ നിങ്ങളുടെ വീട്ടിലേക്ക്…?”ആദിയൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും സഞ്ജു ചോദിച്ചു.”ഇല്ല… ബ്രോ. ഇച്ചിരി നടക്കാനൊള്ളു.”ഇന്ദുവാണ് മറുപടി പറഞ്ഞത്.
ആ ഒരൊറ്റ മറുപടിയിൽ സഞ്ജുവിന്റെ ആവേശം തണുത്തുറഞ്ഞു പോകുന്നത് തൊട്ടരുകിൽ നിന്നിട്ട് കണ്ടതും ആദി അടക്കി ചിരിച്ചു.”പോട്ടെ…”
പ്രിയ യാത്ര ചോദിക്കുന്നത് പോലെ ആദ്യം മാഷിനെയും പിന്നെയാ നോട്ടം ആദിയുടെയും നേരെ പതിഞ്ഞു.അവനൊന്നും മിണ്ടാതെ അവളെയൊന്ന് നോക്കി.”നാളെ സ്കൂളിൽ വെച്ച് കാണാം സർ..”
അവന്റെ അവഗണിക്കുന്ന ഭാവം കണ്ടതും പ്രിയ വിടാനുള്ള ഭാവമില്ലാത്ത പോലെ പറഞ്ഞു.”സർ ന്നോ… ഇതെന്തായിപ്പോ ഇങ്ങനൊരു വിളി..”
പ്രിയ ആദിയെ സംബോധന ചെയ്ത രീതിയിലുള്ള അസംതൃപ്‌തി കൊണ്ട് മാഷിന്റെ മുഖം ചുളിഞ്ഞു.
“അല്ല മാഷേ.. അത് പിന്നെ..”പ്രിയയെന്തോ പറയാൻ വന്നത് മാഷ് കൈ ഉയർത്തി തടഞ്ഞു.
“ഇവൻ പറഞ്ഞിട്ടുണ്ടോ അങ്ങനെ വിളിച്ചാൽ മതിയെന്ന്?”ചോദ്യം പ്രിയയോടായിരുന്നുവെങ്കിലും മാഷിന്റെ നോട്ടം കൂർത്ത ആദിയുടെ നേരെയായിരുന്നു.”ഏയ്.. ഞാനൊന്നും പറഞിട്ടില്ല മുത്തച്ഛ”പ്രിയ എന്തെങ്കിലും പറയും മുന്നേ ആദി ധൃതിയിൽ പറഞ്ഞു.”ചോദ്യം നിന്നോടല്ല”
മാഷിന്റെ സ്വരം കടുത്തു.”ഇല്ല മാഷേ.. ഞാൻ.. ഞാൻ വിളിച്ചതാ “ആദിയെ ഒന്ന് കൂടി നോക്കിയിട്ടാണ് പ്രിയ മറുപടി പറഞ്ഞത്.
“എങ്കിൽ ആ വിളിയിനി വേണ്ട. ആദിത് മഹാ ദേവൻ എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടുകയും വേണ്ട… ആദി.. അത്രയും മതി. അതാണ് മോളെ ഭംഗി…”ആദ്യം അത്യാവശ്യം ഗൗരവത്തോടെ പറഞ്ഞു തുടങ്ങിയത് അവസാനമായപ്പോഴേക്കും മാഷ് ചിരിയോടെ പ്രിയയെ തലോടി.
മാഷിനവൾ അത്ര മാത്രം പ്രിയപ്പെട്ടവളാണെന്ന് ആദിക്ക് ഒന്ന് കൂടി വ്യക്തമാവുകയായിരുന്നപ്പോൾ.”പോയിക്കോ ന്നാ.. ഇനിയും നിന്നാൽ വീട്ടിലെത്തുമ്പോ വല്ലാണ്ട് ഇരുട്ടും ”
മാഷോർമ്മിപ്പിച്ചതും തലയാട്ടി കൊണ്ട് പ്രിയയും ഇന്ദുവും കൂടി തിരിഞ്ഞു നടന്നിരുന്നു.”വരുന്നില്ലേ…”
ഇത്തിരി മുന്നെയെത്തിയിട്ട് തിരിഞ്ഞ് നിന്ന് മാഷ് വിളിച്ചത് കേട്ടപ്പോഴായിരുന്നു ആദിയുടെയും സഞ്ജുവിന്റെയും കാലുകൾക്ക് പിന്നെ ജീവൻ വെച്ചത്..
❣️❣️
“ശേ.. നീ പറഞ്ഞപ്പോ ഞാനൊരു ചെറിയൻ ചേമ്പിനെയാണ് പ്രതീക്ഷിച്ചത്. ഇതിപ്പോ… സ്വീറ്റ്.. ആൻഡ് ഹോട്ട്… ന്റമ്മോ.. ന്താ ആ കണ്ണിലെ തീക്ഷണത…”ഇന്ദുവിന്റെ വർണന കേട്ടതും പ്രിയ ഒരു കയ്യിൽ പ്രസാദം പിടിച്ച് മറു കൈ നടുവിന് കുത്തി ആ നടു വഴിയിൽ നിന്ന് പോയി.”ന്തേയ്..?”
അവളുടെ നോട്ടം കണ്ടിട്ട് കാര്യം മനസ്സിലായിട്ടും ഇന്ദുവോരു ചിരിയോടെ ചോദിച്ചു.”അവനെ ഇത്രേം കലിപ്പിട്ട് കണ്ടിട്ടും അവളുടെയൊരു സ്വീറ്റും സോഫ്റ്റും.. മ്മ്ഹ് പ്രിയ നിന്ന് കണ്ണുരുട്ടി.”അതിപ്പോ നീയും അങ്ങനെ തന്നെയല്ലേ അവനോട് പെരുമാറുന്നത്.?”ഇന്ദു അവളെ നോക്കി പുരികം പൊക്കി.”മോളൊരു കാര്യം ചെയ്യ്. വീട്ടിൽ കല്യാണത്തിന് തിരക്ക് കൂട്ടുന്നുണ്ട് എന്ന് പറയാനോടി വന്നതല്ലേ. തത്കാലം വേറെ ചെക്കനെ തപ്പി വെറുതെ സമയം കളയണ്ട. ഇപ്പൊ കണ്ടിഷ്ടപ്പെട്ട ആ സ്വീറ്റാൻ സോഫ്റ്റിന്റെ അഡ്രസ്സ് കൊടുത്തേക്ക് വീട്ടിൽ. എന്നിട്ടാ സ്വീറ്റാൻ സോഫ്റ്റ് ഒറ്റയ്ക്കങ്ങോട്ട് അനുഭവിക്ക്. അല്ല പിന്നെ..”
ഒറ്റ വീർപ്പിനത് പ്രിയ പറഞ്ഞു കേട്ടതും ഇന്ദുവിന്റെ കണ്ണുകൾ മിഴിഞ്ഞു.
“ഉയോ..”അവൾ പ്രിയയെ നോക്കി.”എന്തേ.. വേണ്ടേ…?”പ്രിയ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.”അത്രക്കൊന്നും സ്വീറ്റും സോഫ്റ്റും ഞാനെന്റെ പാട്ട്ണറിനു എസ്‌പെക്ട് ചെയ്യുന്നില്ല പ്രിയ മോളെ “പ്രിയയുടെ താടി പിടിച്ചു കൊഞ്ചിച്ചിട്ട് ഇന്ദുവത് ചോദിച്ചതും അവൾ ഗൗരവം മറന്നിട്ട് ഉറക്കെ ചിരിച്ചു പോയിരുന്നു..”മാഷുണ്ടായിട്ടാ ഇന്നാള് ഇത്രേം ഡീസന്റ്. ഇങ്ങനൊന്നും അല്ല മോളെ.. ചീത്ത പറയുന്നത് കേട്ടാ നമ്മുക്കാ തല മണ്ട കുത്തി പൊട്ടിക്കാൻ തോന്നും ”
പതിയെ നടന്നു കൊണ്ട് പ്രിയ പറഞ്ഞതും ഇന്ദുവൊന്നും പറയാതെ അവളെ നോക്കി കൊണ്ട് തലയാട്ടി.
“എന്നിട്ട് നീ പറ… എന്താ നിന്റെ തീരുമാനം. പറഞ്ഞു തീരും മുന്നേ കൃഷ്ണ സ്തുതി പാടാൻ തിരുമേനി വന്നു വിളിച്ചത് കൊണ്ടാ സ്ലോ അങ്ങ് പോയി…”പ്രിയ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.
“എന്നാലെന്താ.. എത്ര നാള് കൂടിയിട്ടാ നിന്റെ മനോഹരശബ്ദത്തിലൊരു സ്തുതി കേട്ടത് . എനിക്കെന്തോരും സന്തോഷമായെന്നോ ”
ഇന്ദു പ്രിയയുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു… അവളും ഹൃദയം നിറഞ്ഞൊരു ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..
💞💞
ഒറ്റ നിമിഷം കൊണ്ട് സഞ്ജു വിയർത്തു കുളിച്ചു.
ഹൃദയമിപ്പോൾ ഉറക്കെ നിലവിളിച്ചു കൊണ്ട്പുറത്തേക്ക് ചാടുമെന്ന് തോന്നി പോയി.
“നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞതാ ടാ. കേട്ടിട്ടല്ലോ.. ദൈവമേ.. ഇനിയിപ്പോ എന്ത് ചെയ്യും?”
നളിനിയുടെ നിലവിളി സഞ്ജുവിന്റെ നെഞ്ചിൽ അഗ്നി പോലാണ് പതിച്ചത്.അവന്റെ കണ്ണുകൾ ലക്ഷ്മിയുടെ നേരെ പതിച്ചു.അപ്പുവിന്റെ തോളിൽ ചാരിയിരിപ്പുണ്ട്.
ഒന്നും പറയുന്നില്ലയെങ്കിലും “നീ കൊണ്ട് വിട്ടിരുന്നേൽ ഇങ്ങനെ വരുമായിരുന്നോടാ ”
എന്നൊരു ചോദ്യമാ കണ്ണുകളിൽ നിറഞ്ഞു നിൽപ്പുണ്ടെന്ന് തോന്നി സഞ്ജുവിന്.”ഏട്ടത്തി… ആരാ വിളിച്ചത്..? എന്താ.. എന്താ പറഞ്ഞത്?”
ഒരു കുതിപ്പിന് സഞ്ജു ലക്ഷ്മിയുടെ അരികിൽ പോയിരുന്നു.”ഏട്ടൻ വിളിച്ചു. അവള് അവളെത്തിയിട്ടില്ലേന്ന്.ഹോസ്റ്റലിൽ നിന്ന് ഏട്ടനെ വിളിച്ചു ന്ന് “കണ്ണീർ തുടച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.” അവളുടെ ഫോണ്, അതിലേക്ക് വിളിച്ചു നോക്കിയോ ആരെങ്കിലും? ”
പോക്കറ്റിൽ നിന്ന് ഫോണെടുത്തുകൊണ്ട് സഞ്ജു ധൃതിയിൽ ചോദിച്ചു.” ആ നമ്പര് സ്വിച്ചോഫാണ് ചെറിയച്ഛാ. കുറെ നേരമായിട്ട് ഞങ്ങളെല്ലാവരും മാറിമാറി വിളിച്ചോണ്ടിരിക്കുകയാണ്. ”
അപ്പുവാണത് പറഞ്ഞത്.ആ പ്രതീക്ഷയും അസ്തമിച്ചത് പോലെ സഞ്ജു വെറും നിലത്തേക്കിരുന്നു പോയി.നാശം പിടിക്കാൻ… ഏതുനേരത്താണ് തനിക്ക് അവൾക്കൊപ്പം പോണില്ലെന്ന് പറയാൻ തോന്നിയത്.?
സഞ്ജു കുറ്റബോധത്തോടെ ഓർത്തു.” ഏട്ടൻ, ഏട്ടനെവിടെ പോയി? “അങ്ങനെ ഇരുന്നതുകൊണ്ട് യാതൊരു പരിഹാരവുമാവില്ലെന്ന് മനസ്സിലായതതും സഞ്ജു നിലത്തു നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു.
” വീട്ടിൽ നിന്നും നന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞു ഏട്ടൻ വിളിച്ച ഉടനെ ഇറങ്ങി പോയതാണ്. എനിക്കറിയില്ല എങ്ങോട്ടാണ് പോയതെന്ന് ”
വല്ലാതെ തളർന്നുപോയ ലക്ഷ്മിയുടെ വാക്കുകൾ കേട്ടതും സഞ്ജു കൂടുതൽ തളരുകയായിരുന്നു.
എന്നാലും ഇവളിതെവിടെ പോയോ ആവോ?
താൻ കൊണ്ടുവിടാത്ത വാശിക്ക് വഴിയിലെങ്ങാനും പറ്റിക്കാൻ വേണ്ടി ഇറങ്ങി നിൽക്കുന്നതായിരിക്കുമോ?
സഞ്ജുവിന് അങ്ങനെയും തോന്നി.
ഇവിടുന്നങ്ങോട്ട് ഒരൊറ്റ സ്റ്റോപ്പ് മാത്രമാണ് ഇടയിലുള്ളത്.അപ്പു പറഞ്ഞതുപോലെ വിളിച്ചാൽ കിട്ടുന്നില്ല എന്നൊരു പ്രതീക്ഷ ഉണ്ടായിട്ടും സഞ്ജു ഒരു പ്രാവശ്യം നന്ദുവിന്റെ ഫോണിലേക്ക് കോൾ ചെയ്തു.
സ്വിച്ച് ഓഫ് എന്നുള്ള മറുപടി കേട്ടതും അവൻ നിരാശയിൽ തല കുടഞ്ഞു.എവിടെ പോയി തപ്പുമെന്റെ ദൈവമേ..?സഞ്ജുവിന് അറിയില്ലായിരുന്നു.വളരുന്ന രാത്രിയാണ് അവന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടിയിരുന്നത് .”നിനക്കിപ്പോ സമാധാനമായില്ലേ.എന്തായിരുന്നു നിനക്കിത്രേം വലിയ അത്യാവശ്യം.. ഈ നേരത്താ കുട്ടിയെ.. എന്റെ ദൈവമേ..”നളിനി സ്വയബോധം നഷ്ടപ്പെട്ടത് പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കരയുന്നുണ്ട്.
അപ്പോഴുക്കെയും സഞ്ജുവിന്റെയുള്ളിൽ കുറ്റബോധം നിറഞ്ഞു.പോകുന്നുണ്ടായിരുന്നു..താൻ തെറ്റാണോ ചെയ്തത്?”വീടിനോ ഗുണമില്ല.. മനുഷ്യരുടെ വികാരമെങ്കിലും മനസ്സിലാക്കാൻ ഇനി നീയൊക്കെ എന്നാ പഠിക്കുന്നത്?”
പുറത്ത് നിന്നും കയറി വന്ന ബാലൻ മാഷ് സഞ്ജുവിനെ കണ്ടതും ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു.
“എന്തായി അച്ഛാ..?”അയാളെ കണ്ടതും ലക്ഷ്മി പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു.”വിഷമിക്കല്ലേ മോളെ. സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. അജു റെയിൽവേ സ്റ്റേഷനിലേക്കും പോയിട്ടുണ്ട് ”
ബാലൻ മാഷ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും ലക്ഷ്മിയൊന്ന് തേങ്ങി കൊണ്ട് അയാളുടെ നെഞ്ചിലൊതുങ്ങി പോയി.ആ കാഴ്ച കണ്ടതും സഞ്ജു നീറി പിടഞ്ഞു.”കാണേടാ.. കണ്ണ് നിറച്ചും കാണ്. മറ്റുള്ളവരെ വേദനിപ്പിച്ചു രസിക്കുന്നതല്ലേ നിന്റെ വിനോദം. അവന്റെയൊരു അത്യാവശ്യം.. ലക്ഷ്മി പറഞ്ഞിട്ട് കൂടി കേട്ടില്ലല്ലോ നീ.. നിന്റെമ്മയെകാളും നിനക്ക് വേണ്ടി വാദിക്കുന്നവളുടെ വാക്കുകൾ പോലും അനുസരിച്ചില്ല നീ.. ചെയ്യില്ല.. ചെയ്യില്ല… നീ “മരുമകളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ബാലൻ മാഷിന്റെ ദേഷ്യം വല്ലാതെ കൂടുന്നുണ്ടായിരുന്നു.
പക്ഷേ ആ വാക്കുകൾ കേട്ട് എതിരെ നിൽക്കുന്നവൻ വേദന കൊണ്ട് പൊള്ളി പിടയുന്നതറിയാതെ അയാൾ വീണ്ടും വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.തല കുനിച്ചു നിന്ന് കൊണ്ട് സഞ്ജു അതെല്ലാം കേട്ടു.”മതി.. ഞാൻ.. ഞാനവളെയും കൊണ്ടേ വരൂ..”ഒട്ടും സഹിക്കാൻ വയ്യെന്നത് പോലെ ഉറക്കെ പറഞ്ഞു കൊണ്ട് സഞ്ജു വേഗം പുറത്തേക്കിറങ്ങി…
തുടരും..
എന്നാലും ഈ പെണ്ണിത് എവിടെ പോയെന്റെ പടച്ചോനെ..?ഞാനിനി എവിടെ പോയി തപ്പി കൊണ്ട് വരും..?
സ്നേഹത്തോടെ jiff❣️❣️

by