23/04/2026

പ്രിയേ പ്രാണനേ : ഭാഗം 07

രചന – ജിഫ്ന നിസാർ

രാജീവിന്റെ വീടിന് മുന്നിൽ കോളിങ് ബെല്ലടിച്ചു കാത്ത് നിൽക്കുമ്പോൾ സുജയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

ഇത് പോലൊരു കുടുംബത്തിലേക്ക് മകളെത്തിപ്പെടുന്നു എന്നാ സന്തോഷത്തെക്കാൾ ഒരുപാട് വലുതായിരുന്നു.. അനൂപിന്റെ കഴുകൻ പിടിയിൽ നിന്നും അവൾ രക്ഷപെട്ടു പോകുമല്ലോ എന്നാ ചിന്തകൾക്കും ആഗ്രഹത്തിനും.

അവൾക്ക് വേണ്ടി അനൂപിന് മുന്നിൽ പടപെരുത്താൻ പ്രിയക്കു ആരുടേയും സഹായം ആവിശ്യമില്ലന്നറിയാം.

പക്ഷേ… ചില സമയങ്ങളെയും സാഹചര്യങ്ങളെയും അങ്ങേയറ്റം ഭയക്കേണ്ടതുണ്ട്.

കാരണം ഏതൊരു പിശാചിനും ഒരു സമയം അവനനുകൂലമായി കിട്ടുമെന്ന് പറയുന്നത് വെറുതെയല്ല.

അകത്തു നിന്നും വാതിലിന്റെ ലോക്ക് അഴിക്കുന്ന ശബ്ദം കേട്ടതും സുജയുടെ കൈകൾ പേഴ്സിൽ അമർന്നു.

വില കുറഞ്ഞൊരു കോട്ടൺ സാരിയിൽ അവരൊന്നും കൂടി പഴകിയതായി എടുത്തു കാണിക്കുന്നുണ്ടായിരുഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന കഴുത്തിൽ പ്രാരാബ്ദങ്ങളുടെ ഉന്തി നിൽക്കുന്ന എല്ലുകൾ..

മക്കളെയോർത്ത് ദിവസേനയെന്നോണം പിടയുന്ന തൊണ്ടകുഴിയിൽ… അപ്പോഴുമൊരു വിങ്ങൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

“ആഹാ… സുജയായിരുന്നോ..?”
തന്നെ കണ്ട ഞെട്ടലൊന്നുമില്ലാതെ മുന്നിൽ ചിരിച്ചു നിൽക്കുന്ന രാജീവിന്റെ അമ്മ ജയശ്രി.

അവരുടെത്രേം തെളിച്ചമില്ലെങ്കിലും സുജയും ചിരിയോടെ ജയശ്രീയെ നോക്കി.

“ഞാനീ വരവ് കുറച്ചു മുന്നേ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു കേട്ടോ “ജയശ്രീ സുജയെ നോക്കി പറഞ്ഞു.
അഹന്ത നിറഞ്ഞ ആ ചിരി.

“രാജീവിന് എന്നെ വേണ്ടന്നല്ല..എനിക്കിനി രാജീവിനെ വേണ്ട. അത് പറയാനാണ് അമ്മയിന്ന് അങ്ങോട്ട്‌ പോകുന്നത്. അത് മറക്കരുത്. എനിക്ക് വേണ്ടി അവിടൊരു വാക്കും അമ്മ പറയരുത്. എന്നെ.. എന്നെ ഒരിക്കൽ കൂടി അവർക്ക് മുന്നിൽ തോൽപ്പിച്ചു നാണം കെടുത്തരുത്.ഒട്ടും വിലയില്ലാത്തവളാക്കരുത്.”

സ്കൂളിലേക്ക് പോകാനിറങ്ങുന്ന തൊട്ട് മുന്നേ ഇറങ്ങിയിട്ട് വീണ്ടും കയറി വന്നവൾ തന്നോട് പറഞ്ഞ വാക്കുകളാണ് ജയശ്രിയുടെ മുഖത്തു നോക്കിയപ്പോൾ സുജയുടെ മനസ്സിലേക്കോടിയെത്തിയത്.

“സുജ വന്ന കാലിൽ നിൽക്കാതെ ഇങ്ങോട്ട് കയറി വാ ”
താൻ പ്രതീക്ഷിക്കുന്നൊരു തളർച്ച സുജയിൽ പ്രകടമല്ലെന്ന് തോന്നിയ നിരാശയിൽ ജയശ്രി അവരെ അകത്തേക്ക് വിളിച്ചു.

കാലിലെ ചെരുപ്പൂരി കൊണ്ട് സുജ അകത്തേക്ക് കയറി.

“ജയ മാത്രമൊള്ളോ ഇവിടെ..?”അവിടെ
വേറൊരു ശബ്ദമൊന്നും കേൾക്കാഞ്ഞതും സുജ അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.

“ആ.. ഇപ്പൊ ഞാനും രാധേട്ടനും മാത്രമുള്ളു. പിള്ളേർ രണ്ടും ജോലിക്ക് പോയി.. പിന്നെ അടുക്കളയിലുള്ള രണ്ടു സെർവന്റ്സ് കൂടിയുണ്ട് കേട്ടോ ”
കിട്ടിയ അവസരത്തിൽ പൊള്ളയായൊരു ചിരിയോടെ ജയശ്രി സുജക്ക് മുന്നിലൊരു തലക്കനം കാണിക്കാൻ വെപ്രാളപെട്ടു.

“കേട്ടോ സുജേ… രാജീവാണ് പ്രിയയെ തന്നെ അവന്റെ പാട്ണറായിട്ട് വേണമെന്ന് വാശി പിടിച്ചത്. ഒള്ളത് പറയാമല്ലോ.. എനിക്കന്നെ ഇതിന് വല്ല്യ താല്പര്യമില്ലായിരുന്നു. ഒരു ബന്ധം നോക്കുമ്പോൾ നമ്മൾക്ക് ചേരുന്നവരെ വേണ്ടേ തിരഞ്ഞെടുക്കാൻ. കുട്ടിയെ മാത്രം നോക്കിയാ പോരല്ലോ.. മാത്രമല്ല. രാജീവ്‌ ഞങ്ങളുടെ ഒറ്റ മകനും. ഈ കാണുന്നതെല്ലാം അവന്റെ കൂടിയാണല്ലോ ”

കൈവിട്ടു പോയതിനെ കുറിച്ചോർത്തു സുജ നന്നായൊന്നു വേദനിക്കട്ടെ എന്നൊരു ഉദ്ദേശം വെച്ചിട്ട് തന്നെയായിരുന്നു ജയശ്രി ചിരിയോടെ അത് പറഞ്ഞത്.

സുജ പക്ഷേ അപ്പോഴും മായാത്തൊരു ചിരിയോടെ അതേ ഇരുപ്പ് തുടർന്ന്.

“ഇതിപ്പോ അവനായിട്ട് തന്നെ പ്രിയയെ വേണ്ടന്ന് പറയുമ്പോൾ.. സുജ ക്ഷമിക്കണം. എനിക്കിനി ആ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എനിക്കറിയാം സുജയിപ്പോ ഓടി പിടഞ്ഞു വന്നത് തന്നെ അതിനാണെന്ന് ”

വീണ്ടും ജയശ്രി സുജയെ നോക്കി സഹതപിച്ചു.

“ജയക്ക് തെറ്റി..”

നേർത്തൊരു ചിരിയോടെ സുജ കയിലുള്ള പേഴ്സ് തുറന്നിട്ട്‌ അതിലെ ചെറിയ ജ്വാല്ലറി ബോക്സ്‌ എടുത്തു കൊണ്ട് ജയയുടെ നേരെ നീട്ടി.

“ഇതിവിടെ തന്നേൽപ്പിക്കാൻ വന്നതാ. അതാണല്ലേ അതിന്റെ മര്യാദ ”
അത് കൈ നീട്ടി വാങ്ങുമ്പോൾ ജയ വിളറി പോയിരുന്നു.

അങ്ങനൊരു നീക്കം അവരോട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

അതിന്റെയൊരു ജാള്യത ആ മുഖത്തു നിഴലിച്ചു കിടന്നു.

സുജയെ കണ്ടപ്പോൾ തന്നെ മനസ്സിലൊരു സംതൃപ്തി തോന്നിയിരുന്നു.

മകളെ ഉപേക്ഷിച്ച് കളയരുതെന്ന് കരഞ്ഞു കാല് പിടിച്ചു പറയാൻ വന്നതാണെന്ന് തന്നെ ഉറപ്പിച്ചു.

ഈ മോതിരം സത്യത്തിൽ തിരികെ കിട്ടുമെന്ന് കരുതിയിരുന്നില്ല.

അത്രയും പ്രാരാബ്ദക്കാരല്ലേ..

കിട്ടിയത് ലാഭം എന്ന് കരുതി സ്വന്തമായി എടുക്കുന്നെന്ന് കരുതിയതാണ് പൊളിച്ചെഴുതി കയ്യിൽ തന്നത്.

മോതിരം കിട്ടിയില്ലേലും വേണ്ടില്ല.. പ്രിയയെ കൈ പിടിച്ചു കയറ്റേണ്ടി വന്നില്ലല്ലോ എന്നാശ്വാസിക്കുന്നുണ്ടായിരുന്നു… ജയശ്രീ അപ്പോഴും.

“മകനോട് ജയ പറയണം.. ഇനിയെന്റെ മോളുടെ നിഴൽ വെട്ടത്തു കൂടി വരരുതെന്ന്. ഇതിവിടം കൊണ്ട് തീർന്നത് എന്റെ മോളുടെ ഭാഗ്യമാണെന്നും ”

പേഴ്സ് അടച്ചു കൊണ്ട് സുജ എഴുന്നേറ്റു.

“ഒന്നും തോന്നരുത് സുജേ.. എന്റെ മകൻ..”
സുജയുടെ ചുണ്ടിലെ പുച്ഛം കണ്ടതും ജയ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു.

“പോട്ടെ..”

നായയെ നോക്കി ചിരിയോടെ തലയാട്ടി.

“ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട്..”

ജയ പെട്ടന്ന് പറഞ്ഞു.

“ഇവിടുന്ന് ശ്വാസിക്കുന്ന ശ്വാസം പോലും എന്റെ ഉള്ളിൽ ദഹിക്കാതെ കിടപ്പുണ്ട് ജയേ.. ഒന്നും വേണ്ട.. അത് ഞാൻ എന്റെ മകളോട് ചെയ്യുന്ന അനീതിയാണ്..”

ഉറപ്പോടെ അതും പറഞ്ഞിട്ട് സുജ പുറത്തേക്ക് നടന്നു..
ചെരുപ്പിടുമ്പോൾ.. കണ്ണുകൾ നിറഞ്ഞത് കാരണം അവർക്ക് മുന്നിലെ കാഴ്ചകൾ അവക്തമായിരുന്നു.

എന്നിട്ടും കണ്ണ് നീരോന്ന് തുടക്കുക കൂടി ചെയ്യാതെ സുജ ആ വെയിലേക്ക് ഇറങ്ങി നടക്കുന്നത് നോക്കി ജയ കൈയിലെ മോതിരം ഞെരിഞ്ഞു കൊണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
❣️❣️

“അച്ഛനൊന്ന് പറഞ്ഞാൽ ആദി കേൾക്കും ”

വീണ്ടും ദേവൻ മുന്നിൽ വന്നു നിൽക്കുമ്പോൾ മാധവൻ മാഷിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.

“അവന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ അച്ഛാ.? അവൻ നന്നായി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അച്ഛൻ എന്നോടൊപ്പമല്ലേ നിൽക്കേണ്ടത്. അച്ഛനും അതാഗ്രഹിക്കുന്നില്ലേ?”
ദേവൻ അയാളെ നോക്കി..

“ഒരിക്കൽ നമ്മളിതിനെ കുറച്ചു സംസാരിച്ചു പിരിഞ്ഞതല്ലേ. തനിക്ക് പറയാനുള്ളത് താനന്ന് പറഞ്ഞപ്പോൾ എനിക്ക് പറയാനുള്ളതും ഞാൻ നിന്നോട് പറഞ്ഞിരുന്നു.. ഇനിയും അത് തന്നെ ചെയ്യാൻ എനിക്ക് തത്കാലം താല്പര്യമില്ല. നിനക്ക് പോകാം ”

എത്ര പെട്ടാന്നാണ് മാധവൻ മാഷിന്റെ ചിരി മാഞ്ഞത്. പകരമവിടെ ദേഷ്യം കൊണ്ട് കടുപ്പം നിറഞ്ഞതും.

“എന്നേക്കാൾ… അവനിപ്പോ പ്രിയം അച്ഛനോടല്ലേ.?അത് കൊണ്ടാണ് ഞാൻ അച്ചന്റെ സഹായം തേടുന്നത് ”
തന്റെ ഗതികേടാണ് അതെന്ന് കൂടി ദേവൻ അർഥമാക്കിയിട്ടുണ്ടായിരുന്നു.

“എന്ത് കൊണ്ടാണ് ദേവാ.. നിന്റെ മകന് പ്രിയം നിന്നെക്കാൾ എന്നോടായത്. അതറിയില്ലേ നിനക്കും?”
പുച്ഛത്തോടെ മാഷ് മകനെ നോക്കി.

“കൂടുതലൊന്നും എനിക്ക് പറയാനില്ല. ആദിയോട് എനിക്കൊപ്പം തിരികെ പോരാൻ അച്ഛൻ പറയുമോ ..?”
ഉത്തരമില്ലാത്തത് കൊണ്ടായിരുന്നു ദേവൻ വഴുതി മാറിയത്.

“ഞാൻ പറയില്ല… എനിക്ക് ബുദ്ധിമുട്ടാണ് ”
മാഷ് അറുത്തു മുറിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കിവിടെ ഇനിയും നിൽക്കാനാവില്ല. ഒരുപാട് കാര്യങ്ങൾ ഇട്ടെറിഞ്ഞു വന്നതാണ് ഞാൻ.. ഇന്ന് വൈകുന്നേരം ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.”
ദേവൻ അയാളെ പ്രതീക്ഷയോടെ.

“നിനക്ക് പോകാം ദേവാ. നിന്നെ ഇവിടാരും പിടിച്ചു വെക്കാറില്ല. പണ്ടും.. ഇപ്പോഴും ”
മാഷ് അപ്പോഴും കടുപ്പത്തിലാണ്.

“അപ്പൊ.. ആദി..?”
വീണ്ടും എന്തോ പറയാൻ വന്ന ദേവൻ മാഷിന്റെ നോട്ടം കണ്ടതും ആ ശ്രമം ഉപേക്ഷിച്ചു.

“നോക്കിക്കോ.. ആദി തന്നെ അച്ഛന് നേരെ ഒരിക്കൽ വിരൽ ചൂണ്ടും. അവന്റെ ഭാവി ഇല്ലാതാക്കിയത് നിങ്ങളാണെന്ന് പറഞ്ഞു കൊണ്ട്.”
ദേവൻ ഭീക്ഷണി പോലെ ഓർമ്മപ്പെടുത്തി.

“നീ ചെയ്തതെല്ലാം യാതൊരു പരാതിയും കൂടാതെ ഞാൻ സഹിച്ചില്ലേ.. ഇതും ഞാൻ അത് പോലെ തന്നെ സഹിക്കും.”
മാഷ് ചെറിയൊരു ചിരിയോടെ പറഞ്ഞതും ദേഷ്യം നിറഞ്ഞ മുഖത്തോടെ ദേവൻ അയാളെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടിറങ്ങി പോയി.

❣️❣️

M. B. Up സ്കൂൾ എന്ന് എഴുതിയ വലിയ ബോർഡിന് മുന്നിലെത്തുമ്പോൾ പ്രിയക്ക് വീണ്ടും അസ്വസ്ത്ഥത പൊതിഞ്ഞു.

കുഞ്ഞു യാത്രയാണെങ്കിലും.. രാവിലെ പാട്ടൊക്കെ കേട്ടുള്ള ആ യാത്രയിൽ മനസിലുള്ള ആധിയെല്ലാം അൽപ്പനേരത്തേക്ക് മറന്നു കളയാറുണ്ടായിരുന്നു.

ഇതിനകത്തേക്ക് കയറുമ്പോൾ വല്ലാത്തൊരു സ്നേഹവും സുരക്ഷിതത്വവും തോന്നുമായിരുന്നു.

ഒരൊറ്റ ഇഷ്ടത്തിന്റെ പേരിൽ ആ സ്വസ്ഥതകളെ കൂടിയാണ് രാജീവ് നശിപ്പിച്ചു കളഞ്ഞതെന്നുള്ള ഓർമയിൽ അവൾക്കപ്പോൾ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

അവനവിടെയുണ്ടാവും.
തന്നെ പോലെ ഇത് അയാൾക്കും ജോലി സ്ഥലമാണ്.
ഇവിടെ വരരുതെന്നും തമ്മിൽ കാണരുതെന്നും പറയാൻ രണ്ടു പേർക്കും അവകാശമില്ല.

കാണാതിരിക്കാൻ ഇതൊരു വലിയ ലോകവുമല്ല.
ഇനിയും കാണും പരസ്പരം..

അപ്പോഴൊക്കെയും ധൈര്യത്തോടെ നേരിടാൻ പഠിക്കണം.
അകത്തേക്ക് വെക്കുന്ന ഓരോ കാലടികൾക്കൊപ്പവും പ്രിയ സ്വയം പറഞ്ഞു ചാർജ് ചെയ്യുന്നുണ്ടായിരുന്നു.

❣️❣️

“അച്ചാച്ചന് ഇത് എന്തിന്റെ കേടാ.. ചെറിയച്ചനെ എപ്പോ കണ്ടാലും ഒരുമാതിരി…”
സഞ്ജു എഴുന്നേറ്റു പോയതോടെ അപ്പുവാണ് ബാലചന്ദ്രനെതിരെ ആദ്യം ശബ്ദമുയർത്തിയത്.

“ഓഓഓ അപ്പൊ നിന്റെ ചെറിയച്ഛൻ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും കുറ്റമല്ല. അല്ലേടാ..?”
ബാലൻ മാഷ് അവനെ നോക്കി കണ്ണുരുട്ടി.

“ചെറിയച്ഛനും ഞാനും തമ്മിലുള്ളതിലേക്ക് അച്ചാച്ചനല്ലേ ഇപ്പൊ അനാവശ്യമായി കയറി വന്നത്?”
അപ്പു വിടാനുള്ള ഭാവമില്ലായിരുന്നു.

“എടാ ഞാൻ….”
ബാലൻ മാഷ് എന്തോ പറയാൻ വന്നത് നളിനി തടഞ്ഞു.

“നിങ്ങളിനി കൂടുതലൊന്നും പറയണ്ട.. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് വെറുതെ ചട്ടം മാത്രം പഠിപ്പിച്ചു നടക്കാൻ ഇത് നിങ്ങടെ സ്കൂളല്ല, വീടാണെന്ന്.”

സഞ്ജു കഴിക്കാതെ പോയതിന്റെ ദേഷ്യം മുഴുവനുമുണ്ടായിരുന്നു നളിനിയുടെ സ്വരം നിറയെ..

“ഇത് ഭയങ്കര ബോറായി പോവുന്നുണ്ട് അച്ഛാച്ച. എത്ര സന്തോഷയി കഴിക്കാമായിരുന്നു നമ്മൾക്ക്..”
അപ്പു അൽപ്പം സങ്കടത്തോടെയാണ് പറയുന്നത്.

കാരണം സഞ്ജുവിന് വേദനിക്കുമ്പോൾ അത് അതേ അളവിൽ അവനെ കൂടി നോവിക്കാറുണ്ട്.അതവർക്കെല്ലാം അറിയാവുന്നതുമാണ്.

“നിങ്ങളൊക്കെ അല്ലേലും അവന്റെ ടീം ആണല്ലോ. അല്ലേ..?”
ബാലൻ മാഷ് ആസ്വദിച്ചു കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

“പക്ഷേ ഞാൻ പറയുന്നത് അവന്റെ നന്മക്കു വേണ്ടിയല്ലേ… ഇനിയെങ്കിലും അവൻ..”

“എന്റെ അച്ഛാ.. ഇത് സിനിമയൊന്നുമല്ല.. ഇൻസൾട്ട് ചെയ്‌തും കുറ്റപ്പെടുത്തി സഹികെട്ട് നാട് വിട്ടു പണക്കാരനായ് തിരികെ വരാനും. ജീവിതമാണ്. ഇവിടെ കുറ്റപ്പെടുത്തി മാത്രം കാര്യം നേടാൻ കഴിയില്ല.”

ബാലൻ പറയുന്നതിന്റെ ഇടയിൽ തന്നെ അജയ് പറഞ്ഞു.

“കുറച്ചു സ്നേഹത്തോടെ പറഞ്ഞു നോക്കച്ഛ.. അങ്ങനേം ചെയ്യാലോ.. അവന് മനസ്സിലാവും. അവനും ശ്രമിക്കാഞ്ഞിട്ടൊന്നുമല്ലല്ലോ. എല്ലാർക്കും ഒരേ ബുദ്ധി ഉണ്ടാവില്ലല്ലോ. നമ്മളത് കൂടി മനസ്സിലാക്കണ്ടേ അച്ഛാ?”

ലക്ഷ്മി കൂടി ബാലചന്ദ്രനെ നോക്കി പറഞ്ഞു.

“അത് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു..”
നളിനി ബാലൻ മാഷിന്റെ നേരെ നോക്കി കണ്ണുരുട്ടി.

അപ്പു അവൻ കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് കുറച്ചു കൂടി കപ്പയും കറിയും വിളമ്പി..ഒരു ഗ്ലാസ്സിൽ ചായയുമായി സഞ്ജു പോയ വഴിയേ തന്നെ കയറി പോയി.

“ഇതാണ്… ഇത് കൊണ്ട് തന്നെയാണ്. എന്തൊക്കെ കാണിച്ചാലും വയർ വിശന്നിരിക്കാൻ ഇവിടാരും സമ്മതിച്ചു കൊടുക്കില്ലെന്ന് ആ അകത്തിരിക്കുന്ന മഹാനും നന്നായി അറിയാം.”

അപ്പു പോയ വഴിയേ നോക്കി ബാലൻ മാഷ് അപ്പോഴും പറയുന്നുണ്ടായിരുന്നു.

തുടരും…

കൃഷ്ണ പ്രിയ.. അച്ഛൻ ചന്ദ്രദാസ്(മരിച്ചു പോയി )അമ്മ സുജ. ചേച്ചി പത്മജ.. ചേച്ചിയുടെ ഭർത്താവ് അനൂപ്. മറ്റൊരു ചേച്ചി മാളവിക.ഭർത്താവ് ദീപു.

ആദി.. ആദിത് മഹാദേവ്. അച്ഛൻ..മഹാദേവൻ.(അമ്മ അവനെയും അച്ഛനെയും ഉപേക്ഷിച്ചു പോയി )മുത്തച്ഛൻ.. മാധവൻ മാഷ്.മുത്തശ്ശി ദേവകി (മരിച്ചു പോയി )

സഞ്ജു… സഞ്ജയ്‌ ബാലചന്ദ്രൻ. അച്ഛൻ ബാലചന്ദ്രൻ. അമ്മ നളിനി. ഏട്ടൻ അജയ് ബാലചന്ദ്രൻ.. ഏട്ടത്തി ലക്ഷ്മി. മകൻ.. അപ്പു.(ജിതിൻ )

രാജീവ്.. അച്ഛൻ രാധ കൃഷ്ണൻ. അമ്മ ജയ ശ്രീ.. അനിയത്തി ചാരുലത (കല്യാണം കഴിഞ്ഞത്..)ഇന്ദു ലേഖ (പ്രിയയുടെ കൂട്ടുകാരി )

കഥാപാത്രങ്ങൾ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാരോ പറഞ്ഞു കേട്ടിരുന്നു 😎

ഇത്രയും ആളുകളെയാണ് നിലവിൽ ഞാൻ കഥയിൽ പ്രസന്റ് ചെയ്തത്. ഇപ്പോൾ ചെറിയൊരു ക്ലാരിറ്റി കിട്ടിക്കാണുമെന്ന് കരുതുന്നു 💪

ഇനിയും നിറയെ ആളുകൾ കടന്നു വരാനും പോവാനും ഉണ്ട്.അപ്പോഴും ഈ കൺഫ്യൂഷൻ ണ്ടാവും 😎

റിവ്യൂ ഇട്ടിട്ട് പോണേ..

സ്നേഹത്തോടെ jiff❣️