22/04/2026

പ്രിയേ പ്രാണനേ : ഭാഗം 25 & 26

രചന – ജിഫ്ന നിസാർ

“ഇത്രേം അവഗണനയും കുറ്റപ്പെടുത്തലും ഏറ്റ് വാങ്ങാൻ വേണ്ടിയാരും മനഃപൂർവം വീഴാറില്ല ആദിത് സർ..”

തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നിട്ടും ഇറങ്ങി പോകും മുൻപ് പ്രിയ പറഞ്ഞിട്ട് പോയ വാക്കുകൾ ആദിയുടെ കാതിനെ ചുട്ട് പൊള്ളിക്കുന്നുണ്ട്.

അവളിറങ്ങി പോയത് മുതൽ ഇതാണവസ്ഥ.
ആദ്യ ദിവസം ആഘോഷമാക്കാൻ കൊതിച്ചവൻ അന്ന് ശ്വാസം മുട്ടുന്നത് പോലെയാണ് പിന്നെയുള്ള നിമിഷങ്ങരോന്നും തള്ളി നീക്കിയത്.

അപ്പോഴെല്ലാം വെറുതെയവന് ദേഷ്യം വരും.

അതേ ദേഷ്യം കൊണ്ട് തന്നെയാണ് താനിപ്പോൾ കിടന്നു പിടയുന്നതെന്നറിഞ്ഞിട്ടും തന്നിലേക്ക് വലിഞ്ഞു കയറി വരുന്നത് ദേഷ്യത്തിന്റെ മൂഡ് പടത്തിലൊളിപ്പിച്ച നിസ്സഹായത കൂടിയാണെന്നും അവനറിയാം.

തനിക്കെല്ലാത്തിനോടും.. എല്ലാവരോടും ദേഷ്യമാണെന്നറിയാം.

മുത്തച്ഛൻ.. സഞ്ജു.. പിന്നെ അടുത്തറിയാവുന്ന വളരെ ചുരുക്കം ചിലർക്കു മുന്നിൽ മാത്രമാണ് ആദി ശാന്തനാവുന്നത്.

അപ്പോഴും, ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ താനത് കൺട്രോൾ ചെയ്യാൻ വല്ലാതെ പ്രയാസപ്പെടാറുണ്ട്.

പ്രിയപ്പെട്ടവർ വേദനിക്കും എന്നോരൊറ്റ കാരണം കൊണ്ട്.

ഇന്നും സംഭവിച്ചത് അത് തന്നെയാണ്.

മനഃപൂർവമൊരിക്കലും ആരും ചെളിയിലേക്ക് വീണിട്ട് സ്വയം പരിഹാസരാവാൻ ശ്രമിക്കില്ലെന്നുറപ്പുണ്ടായിട്ടും താനെന്തിനാണ് അവിടങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്തത്.?

“അറിയാതെ പറ്റിയതാ.. സോറി “എന്ന് നിസ്സഹായതയുടെ അങ്ങേയറ്റം പോലെ ചെളിയിൽ പുരണ്ട ദേഹം വിറച്ചു കൊണ്ടവൾ പറഞ്ഞിട്ടും താനെന്തിനായിരുന്നു പിന്നെയും ദേഷ്യം കാണിച്ചത്?

അത്രയും പേർക്കു മുന്നിലവൾ തല കുനിച്ചു നിന്നിട്ടും എന്തെ തനിക്കവളോടൽപ്പം പോലും ദയ തോന്നാഞ്ഞത്?

അവളാ സ്കൂളിൽ ടീച്ചറാണെന്നറിഞ്ഞിട്ടും ഒരു സഹപ്രവർത്തകയോട് തോന്നുന്ന സിമ്പതി പോലും തനിക്കവളോട് തോന്നിയില്ലല്ലോ, അതെന്തേ?

പഠിപ്പിക്കുന്ന കുട്ടികൾക്ക് മുന്നിൽ വെച്ചുള്ള ഈ അപമാനം.. അവളീ ജന്മം മുഴുവനും ഓർത്തു വേദനിക്കുമെന്നെന്തേ ഓർക്കാതെ പോയി?

ഇത്രേം അഹങ്കാരിയാണോ ആദിത് മഹാ ദേവ്?
ആദി കിടക്കയിൽ എഴുന്നേറ്റിരുന്നു.

“വിശേഷം ഞാൻ പറയാം മുത്തച്ഛ. ആദ്യമൊന്നു ഫ്രഷ് ആയിട്ട് വരട്ടെയെന്ന് “പറഞ്ഞിട്ട് മുറിയിലേക്ക് കയറി പോന്നതാണ്.

തന്റെ ആദ്യദിവസത്തെ വിശേഷങ്ങളെറിയാൻ കൊതിയോടെ കാത്തിരിപ്പായിരുന്നു മുത്തച്ഛൻ എന്നറിഞ്ഞിട്ടും അപ്പോഴൊന്നും പറയാൻ കഴിയുന്നൊരു മാനസികവസ്ഥയിൽ അല്ലായിരുന്നു താനും.

തണുത്ത വെള്ളത്തിൽ നന്നായൊന്ന് കുളിച്ചിട്ടും ഉള്ളിലെ തപം മാത്രം അൽപ്പം പോലും കെട്ടടങ്ങിയില്ല.

“വേണ്ടായിരുന്നു.. മോശമായിപോയി. ആദ്യ ദിവസം തന്നെ.. മനഃപൂർവമല്ലെങ്കിൽ കൂടി ഒരു പെണ്ണിന്റെ കണ്ണ് നിറയാൻ കാരണമായി..”

തലയിൽ ഇടിച്ചു കൊണ്ടത് പറയുമ്പോൾ ശരിക്കും അവന്റെ ശബ്ദം നിറയെ കുറ്റബോധമുണ്ടായിരുന്നു.

മനഃപൂർവമല്ലെന്ന് പറയാവോ?
ഹൃദയമവനെ കുറ്റപ്പെടുത്തി കൊണ്ട് ആ ചോദ്യം തിരികെ ചോദിച്ചു.

“അതേ.. മനഃപൂർവം ചെയ്തത് പോലെ തന്നെയാണ് ഇന്ന് ചെയ്തത്. ആരോടൊക്കെയോ ഉള്ള ദേഷ്യം അവൾക്ക് മേലാണ് തീർത്തത്.”

ഹൃദയം തന്നെ മറുപടിയും കൊടുത്തു.

ആദിയുടെ ഉള്ളം കലങ്ങി മറിഞ്ഞിരുന്നു.

“തനിക്കത് ഒഴിവാക്കമായിരുന്നു. സത്യത്തിൽ വീണപ്പോഴായിരുന്നില്ലായിരിക്കും.. തന്റെ വാക്കുകൾ കൊണ്ടായിരിക്കും അവളെക്കറ്റവുമാഴത്തിൽ മുറിവ് പറ്റിയിട്ടുണ്ടാവുക, വേദനിച്ചിട്ടുണ്ടാവുക ”

ആദിക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം.

“നാളെ അവളോട് മാപ്പ് പറയണം.”
മനസ്സിൽ അവനുറപ്പിച്ചു കഴിഞ്ഞിരുന്നു.

“ഡാ ”
പുറത്ത് നിന്നും സഞ്ജുവിന്റെ വിളി കേട്ടതും ആദി മുഖം അമർത്തി തുടച്ചു.

“ഇതെന്താണ് ഇതിനകത്ത് പരിപാടി?”

ചോദ്യത്തോടെയാണ് സഞ്ജുവങ്ങോട്ട് കയറി വന്നതും.

തോളിൽ തൂങ്ങി കിടക്കുന്ന ബാഗ് കിടക്കയിലെക്കിട്ട് കൊണ്ടവൻ നേരെ ബാത്റൂമിലേക്കാണ് കയറി പോയത്.

“നീ കോളേജിൽ നിന്നും വരുന്ന വഴിയാണോടാ?”
മുറ്റട്ടം പാന്റ് വലിച്ചു കയറ്റി കാലും കയ്യും മുഖവും കഴുകി വരുന്ന സഞ്ജുവിനെ നോക്കി ആദി ചോദിച്ചു.

“ആ..”
പാന്റ് പോക്കറ്റിൽ നിന്നും കർച്ചീഫ് വലിച്ചെടുത്തു മുഖം തുടക്കുന്നതിനിടെ സഞ്ജു പറഞ്ഞു.

“വീട്ടിൽ പോയില്ലേ?”
ആദിയുടെ നെറ്റി ചുളിഞ്ഞു.
“ഇല്ല ”
കർച്ചീഫ് കുടഞ്ഞു മടക്കി വീണ്ടും പോക്കറ്റിലേക്ക് തന്നെയിട്ട് കൊണ്ട് സഞ്ജു വന്നു കിടക്കയിലെക്കിരുന്നു.

“അതെന്താടാ.. നീ കോളേജിൽ അടിയുണ്ടാക്കിയിട്ടുള്ള വരവാണോ. അതോ ഇന്നും എക്സാം പൊട്ടിയോ?”
ആദി ചിരിയോടെ ചോദിച്ചു.

സഞ്ജു ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ചു മാറ്റി വീണ്ടും എഴുന്നേറ്റ് പോയി ഫാനിന്റെ സ്പീഡ് കൂട്ടിയിട്ട് വന്നിരുന്നു.

“എന്താ ചൂട്…”
കിടക്കയിലോട്ട് മലർന്ന് വീണു കൊണ്ടവൻ സ്വയം പറഞ്ഞു.

“ഇതല്ലല്ലോ സഞ്ജു ഞാൻ ചോദിച്ചതിനുള്ള ഉത്തരം?”

ആദി അവന് നേരെ തിരിഞ്ഞിരുന്നു.

“നീ ചോദിച്ചത് ഞാനും കേട്ടു. പക്ഷേ അത് രണ്ടുമല്ല കാരണം ”
സഞ്ജു കണ്ണടച്ച് കിടന്നു കൊണ്ടാണ് പറയുന്നത്.

“പിന്നെന്താ.. നീ കാര്യം പറയെടാ.? അച്ഛനുമായി ഉടക്കിയോ?”

“ഇല്ലെന്നേ..”

“ദേ സഞ്ജു.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ”

ആദി അവനെ തുറിച്ചു നോക്കി.

“അവിടെ.. അവിടെയാ ജന്തുവുണ്ട്..”
സഞ്ജു പല്ല് കടിച്ചു കൊണ്ടാണ് പറയുന്നത്.

“എഹ്… അതാര്?”

“ലക്ഷ്മിഏട്ടത്തിയുടെ ഏട്ടന്റെ മോള് ”
സഞ്ജു ആദിയുടെ നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

“ഓഓഓ.. നന്ദു. നിന്റെ.. പ്രിയപ്പെട്ട നന്ദന ”
ആദി മനസ്സിലായത് പോലെ ഊറി ചിരിച്ചു കൊണ്ട് തല കുലുക്കി.

“ഉവ്വാ.. എന്റെ പ്രിയപ്പെട്ട നന്ദന.. ആഹാ… നടന്നത് തന്നെ ”

സഞ്ജു കൈകൾ കൊണ്ട് തല താങ്ങി ആദിയെ നോക്കി.

“ആ കുട്ടി ഇനിയും അത് വിട്ടില്ലെടാ.. കുറേ നാളായി കണ്ടിട്ടില്ലല്ലോ ഈ വഴി. നീ പറഞ്ഞു കേൾക്കാഞ്ഞപ്പോ ഞാനും കരുതി എല്ലാം മടക്കി ചുരുട്ടി അവള് ജീവനും കൊണ്ട് രക്ഷപെട്ടു പോയെന്ന് ”

ആദി ചിരിയോടെ പറഞ്ഞു.

“ആഹ് .. ഞാനും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. കുറച്ചു നാളായി ഇങ്ങോട്ട് കണ്ടിട്ട്. പക്ഷേ അവൾ കോളേജിൽ ചേർന്നത് കൊണ്ട് ലീവ് കിട്ടാത്തത് കൊണ്ടാണ് വരാഞ്ഞതെന്ന് ഞാനുണ്ടോ അറിയുന്നു ”

സഞ്ജു അൽപ്പം നിരാശയോടെയാണ് പറയുന്നതെന്ന് തോന്നി ആദിക്ക്.

“സത്യത്തിൽ നിനക്കെന്താ സഞ്ജു നന്ദുവിനെ ഇഷ്ടമല്ലാത്തത്? അവള് നല്ല കുട്ടിയാണെന്നാണല്ലോ ബാലൻ മാഷിന്റെ സർട്ടിഫിക്കറ്റ്.. പിന്നെന്താ നിനക്ക് മാത്രം അവളോടിത്ര ദേഷ്യം? എനിക്കതാ മനസ്സിലാവാത്തത്?”
ആദി താടിക്ക് കൈ കൊടുത്തു കൊണ്ട് സഞ്ജുവിനെ നോക്കി.

“മ്മ്.. കടുവക്കല്ലേലും ഞാനൊഴികെ ഈ ലോകത്തിലെ ബാക്കി ഉള്ളവരെല്ലാം ക്ളീൻ ചീട്ടാ ”
സഞ്ജുവും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ഇനി മനസ്സിൽ ഇഷ്ടമുണ്ടായിട്ടും ജാഡയിട്ട് നടക്കുവാ‌ണോടാ നീ?”

ആദി ചിരിയോടെ സഞ്ജുവിനെ നോക്കി.

“പോടാ.. എനിക്കാ ജന്തുവിനോട് ഇത് വരെയും അങ്ങനൊരു ഫീൽ തോന്നിയിട്ടില്ല. ഉണ്ടായിരുന്നെങ്കി അവളോടത് പറയുന്നതിനൊപ്പം തന്നെ നിന്നോടും കൂടി ഞാനത് പറയുമെന്ന് നിനക്കറിയില്ലേ?”
സഞ്ജു ആദിയെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

മ്മ്മ് ”

ആദിയൊന്ന് നീട്ടി മൂളി കൊണ്ട് ചിരിച്ചു.

“അത് വിട്.. എന്നിട്ട് നീ പറ. എങ്ങനുണ്ടായിരുന്നു ആദിത് മഹാദേവന്റെ അങ്കതട്ടിലെ ഫസ്റ്റ് ഡേയ്?”

സഞ്ജു ആകാംഷയോടെ ചോദിച്ചു.

“ആദിയുടെ മുഖത്ത് അത് വരെയുമുണ്ടായിരുന്ന ചിരി മാഞ്ഞു.

പകരം വീണ്ടും അസ്വസ്ഥത നിറഞ്ഞു.

സഞ്ജു വന്നത് മുതൽ മറഞ്ഞു നിന്നിരുന്ന കുറ്റബോധം പതിയെ അവനുള്ളിലേക്ക് തന്നെ തിരികെ വന്നിരുന്നു.

“എന്താടാ ആദി..?”
അവന്റെ മുഖം കണ്ടതും സഞ്ജു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

ആദി നടന്നതെല്ലാം സഞ്ജുവിനോട് പറഞ്ഞു.

“നശിപ്പിച്ചു ”
എല്ലാം കേട്ട് കഴിഞ്ഞതും സഞ്ജു സ്വന്തം നെറ്റിയിലിടിച്ചു കൊണ്ട് പറഞ്ഞു.

“എടാ അലവലാതി.. പോവും മുൻപ് തന്നെ ഞാനെത്ര പ്രാവശ്യം നിന്റെ ചെവിയിൽ ഓതി തന്നതാ നീ നിന്റെ ഒടുക്കത്തെ ദേഷ്യം കുറച്ചില്ലേലും അൽപ്പമൊന്നു കണ്ട്രോൾ ചെയ്യുകയെങ്കിലും ചെയ്യണേയെന്ന്.എന്നിട്ടവൻ ചെയ്തതോ.. ശേ ”

സഞ്ജു ആദിയെ നോക്കി.

അത് വരെയും തന്നെ ചൂഴ്ന്ന് നിന്നിരുന്ന ആ വിങ്ങൽ അപ്പോഴതിന്റെ പതിൻമടങ്ങായി വർദ്ധിച്ചിട്ടുണ്ടെന്നും ആദിക്ക് തോന്നി.

“എടാ.. ഞാൻ അപ്പോഴാഴത്തെ ദേഷ്യത്തിന്. പറ്റി പോയി..”
ആദി മുഖം കുനിച്ചു.

“മാധവൻ മാഷീ കാര്യമറിഞ്ഞാലോ?”

സഞ്ജുവവനെ ചോദ്യചിഹ്നത്തോടെ നോക്കി.

“എനിക്കറിയില്ല സഞ്ജു.”

ആദി വീണ്ടും തല താഴ്ത്തി.

അവനൊരുപാട് വേദനിക്കുന്നുണ്ടെന്ന് മനസ്സിലായതും സഞ്ജു പിന്നൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല.
പക്ഷേ മാധവൻ മാഷ് ഈ വിവരം അറിയുന്നത്തോടെ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് അവനുറപ്പായിരുന്നു.

മറ്റുള്ളവരുടെ മുന്നിൽ വെച്ചൊരു പെൺകുട്ടിയെ, അതും അത്ര വലുതല്ലാത്തൊരു കാരണത്തിന്റെ പേരിൽ അപമാനിച്ചുവെന്ന കുറ്റം.

അദ്ദേഹം അതത്ര വേഗം പൊറുക്കില്ലെന്ന് സഞ്ജുവിനെ പോലെ ആദിക്കും ഉറപ്പായിരുന്നു.

❣️❣️

“ഏട്ടന്റെ കല്യാണമുറപ്പിക്കാൻ പോകുവാ പ്രിയേ”
വല്ലാത്തൊരു പ്രയാസത്തോടെ ഇന്ദു പറഞ്ഞു കേട്ടപ്പോൾ എന്ത് കൊണ്ടോ പ്രിയക്ക് ആശ്വാസമാണ് തോന്നിയത്.

“നീയൊന്ന് അമ്പലത്തിലേക്ക് വരുവോ പ്രിയേ? എനിക്കൊന്ന് നിന്നെ കാണാൻ തോന്നുന്നു”വെന്ന് ഇന്ദു വിളിച്ചു പറഞ്ഞിട്ട് വന്നതാണ് പ്രിയ.

ആരോടെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സങ്കടമൊന്നു തുറന്നു പറയണമെന്ന് അവളും ആഗ്രഹിക്കുന്നുണ്ടായിരുന്നുവപ്പോൾ.

അന്നത്രയും ആളുകൾക്ക് മുന്നിൽ വെച്ച് ഏറ്റു വാങ്ങേണ്ടി വന്ന അപമാനം, അതവളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

അതിന് മാത്രം വലിയൊരു കുറ്റം ചെയ്തുവെങ്കിൽ അങ്ങനെയെങ്കിലും ആശ്വാസിക്കാമായിരുന്നു.

“നിനക്ക്.. നിനക്ക് സങ്കടമായോ പ്രിയേ?”
ഇന്ദുവിന്റെ വാക്കുകളിൽ പോലും സങ്കടം നിഴലിച്ചു നിന്നിരുന്നു, പ്രിയയോടത് ചോദിക്കുമ്പോൾ.

“അയ്യോ.. എനിക്കുള്ളിലെ സന്തോഷം ഞാനിപ്പോ എങ്ങനെയാ ഇന്ദു നിനക്ക് പറഞ്ഞു തരിക?”
പ്രിയ നിറഞ്ഞ ചിരിയോടെയാണ് പറഞ്ഞത്.

അവളാ പറഞ്ഞതാണ് സത്യമെന്നുള്ളത് ആ മുഖത്ത് നിന്നും അറിയാനാവുന്നുണ്ടായിരുന്നു.

“സത്യമാണ് ഇന്ദു. ഇനിയെങ്കിലും രാജീവ് എന്നെ ഈ കല്യാണാലോചനയുടെ പേരിൽ ഉപദ്രവിക്കാത്തിരുന്നാൽ മതിയായിരുന്നു. നീയിത് പറഞ്ഞു കേട്ടപ്പോ സത്യമായും ഞാനതാ, അത് മാത്രമാണ് ഓർത്തത്”

പ്രിയ ഇന്ദുവിനെ നോക്കി ചിരിയോടെ പറഞ്ഞു.

തുടരും..

 

“ഹോ.. എന്തൊരു അവസ്ഥയാണെന്റെ ദൈവമേ ”

അമ്പലകുളത്തിന്റെ പടവിലിരുന്ന് പ്രിയ പറഞ്ഞത് കേട്ടതും ഇന്ദു വിഷമത്തോടെ സ്വന്തം നെറ്റിയിലിടിച്ചു കൊണ്ട് പറഞ്ഞു.

പ്രിയയൊന്നും മിണ്ടാതെ നിശ്ചലമായി കിടക്കുന്ന കുളത്തിലേക്ക് നോക്കിയിരുന്നു.

“ഇതെന്തോന്നെടി.. കണ്ടകശനി നിന്റെ പിറകെ വച്ചു പിടിച്ചേക്കുവാണല്ലോ?ഒന്ന് തീരുമ്പോ വേറൊന്ന്..”
അനങ്ങാതിരിക്കുന്ന പ്രിയയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ഇന്ദു ചോദിച്ചു.

“എന്റെ.. എന്റെ അച്ഛൻ വിട്ടു പോയെ പിന്നെ ആകെയെന്റെ കൂടെയുള്ളത് ഈ കണ്ടകശനികളാ ഇന്ദു. ഇപ്പൊ ഓരോന്നോരോന്നായി കെട്ടഴിഞ്ഞു പോകുന്നുണ്ട്. അത്രേം സമാധാനം ”
കുഞ്ഞൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പ്രിയ പറഞ്ഞതും ഇന്ദു ചിരി കടിച്ചു പിടിച്ച് കൊണ്ടവളെ നോക്കി തലയാട്ടി.

“മ്മ്മ്… ഇനിയങ്ങോട്ട് നിനക്ക് രാജയോഗമായിരിക്കും പ്രിയേ ”
ഇന്ദു പറഞ്ഞു.

“ഹോ.. അത്രയൊന്നും വേണ്ടെന്റെ ഇന്ദു. ഒരു കുറ്റവും ചെയ്യാതെ കിട്ടുന്ന കുറ്റവാളി പട്ടങ്ങളൊന്ന് എന്നെ വിട്ടു മാറി പോയാൽ തന്നെയും ഞാൻ പകുതി രക്ഷപെട്ടു ”
നെടുവീർപ്പോടെ പ്രിയ പറയുമ്പോൾ അത്ര മാത്രം വേദനിക്കുന്നൊരു മനസ്സിനെ അവളതിനുള്ളിൽ ഒതുക്കി പിടിച്ചിരുന്നു.

“സാരമില്ല പ്രിയേ.എന്നെങ്കിലും എല്ലാരും മനസ്സിലാക്കും എന്റേയീ പാവം കൂട്ടുകാരി എത്ര നന്മ നിറഞ്ഞവളായിരുന്നുവെന്ന്. അന്നീ ചെയ്തു കൂട്ടുന്നതിനെല്ലാം ഇപ്പൊ നിന്നെ കുറ്റപ്പെടുത്തി പറയുന്നവര് മാപ്പ് പറഞ്ഞോളും ”

ഇന്ദു ആ വേദനയറിഞ്ഞ പോലെ പറഞ്ഞു.

“പിന്നെ.. മാപ്പ്. കോപ്പ് പറയും. വേദനിച്ചു വേദനിച്ച് ഞാൻ ചത്ത്‌ പോയിട്ട് കുറേ മാപ്പും പറഞ്ഞോണ്ട് വരാഞ്ഞിട്ടാ. ഒന്നും ഉണ്ടാവില്ല ഇന്ദു.അന്നും എല്ലാർക്കും അവരുടേതായ ന്യായം കാണും അതിനും. അത്ര തന്നെ..”
പ്രിയ പല്ല് കടിച്ചു.

“വേണ്ടത് പറയുന്നോരുടെ മോന്ത നോക്കി അപ്പപ്പോൾ തന്നെ ചൂടെടെ കൊടുത്തു തീർക്കുക എന്നുള്ളതാ..”

പ്രിയ ദേഷ്യത്തോടെ കൈകൾ കൂട്ടി തിരുമ്പി.

“മ്മ്.. നടന്നത് തന്നെ.. എന്നിട്ടെന്തേ ഇന്ന് യാതൊരു കാരണവുമില്ലാതെ ഒരുത്തൻ അത്രേം അപമാനിച്ചു വിട്ടപ്പോ ഭവതി ഒന്നും മിണ്ടാതെ തിരിഞ്ഞു പോന്നത്..
ഏഹ്?”
ഇന്ദു ചിരിയോടെ അവളെ തല ചെരിച്ചു നോക്കി.

“അതവനെ പേടിച്ചിട്ടൊന്നുമല്ല ഇന്ദു. ആദ്യം ഞാനൊന്ന് പകച്ചുപോയി എന്നുള്ളത് നേരാ. ഒരാവിശ്യമില്ലാതെ ഒരുത്തൻ നിന്നിട്ട് എന്തൊക്കെയോ വിളിച്ചു പറയുകയല്ലേ?അതും പിള്ളേർ അടക്കം കൂടി നിൽക്കുന്നവർക്ക് മുന്നിലിട്ട് കൊണ്ട്..”

പ്രിയ അസഹിഷ്ണുതയോടെ മുഖം ചുളിച്ചു.

“മ്മ്… എന്നിട്ട്..”
ഇന്ദു അവളെ നോക്കി തല കുലുക്കി.

“പിന്നെ.. പിന്നെയാ ആ മത്തങ്ങാ മോറൻ മാധവൻ മാഷിന്റെ കൊച്ചു മോനാണെന്ന് മണിയേട്ടൻ പറഞ്ഞു കേട്ടത്. പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ലെടി. അവനങ്ങനെയൊരു ചെകുത്താനാണേലും മാഷിനെ ഞാൻ മറക്കാൻ പാടില്ലല്ലോ.?എന്നെയെത്ര സപ്പോർട്ട് ചെയ്തിട്ടുള്ളതാ.. മാഷ്.അതാ.. അതാ ഞാൻ ”

നേർത്തൊരു ചിരിയോടെ പ്രിയ ഇന്ദുവിനെ നോക്കി.

“ഇനിയുള്ള ദിവസങ്ങളിലൊക്കെ ഈ മത്തങ്ങാ മോറൻ കൊച്ചു മോൻ ആ സ്കൂളിൽ തന്നെ കാണും. ആദ്യകണ്ട് മുട്ടൽ തന്നെ ഒരൊന്നൊന്നര മുട്ടലായി പോയത് കൊണ്ട് അവനിനിയും ചൊറിയാനുള്ള സാധ്യതയാണ് മോളെ കൂടുതൽ. പൊന്നുമോളെന്തു ചെയ്യും. അപ്പോഴും മാഷിന് വേണ്ടി കോംപ്രമൈസ് ചെയ്യുവോ അതോ..?”
ഇന്ദു ചിരിയോടെ പ്രിയയുടെ നേരെ നോക്കി.

“ഇനിയെന്നെ ചൊറിയാൻ വന്നാൽ ആ പിശാചിനെ ഞാൻ മാന്തി പൊളിക്കും. നീ നോക്കിക്കോ..അവന്റെയൊരു ഒടുക്കത്തെ ജാഡ ”

പ്രിയ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

❣️❣️

“മണി വിളിച്ചിരുന്നു ”

മാധവൻ മാഷത് പറഞ്ഞു കേട്ടതും ആദിയുടെ നെഞ്ചോന്നാളി.
ദൈവമേ… മുത്തച്ഛന്റെ വലം കയ്യാണ്.

അവിടെയിന്ന് നടന്നത് ഇങ്ങോട്ടേക്കെത്തിച്ചു കൊടുത്തു കാണുവോ?

സഞ്ജുവിന്റെയും നോട്ടം ആദിക്ക് നേരെയാണ്.
രണ്ടാളും വേവലാതിയോടെ പരസ്പരം നോട്ടങ്ങൾ കൈമാറി.

“ചീത്ത പേര് കേൾപ്പിക്കാൻ വളരെയെളുപ്പമാണ് ആദി. ഒരു നിമിഷത്തെ അശ്രദ്ധ മതിയാവുമതിന്. ഒരു ദേഷ്യം മതിയാവും.പക്ഷേ ഒരാൾ നല്ലത് പറയാൻ ചിലപ്പോൾ ഒരുപാട് കാലം പ്രായത്നിക്കേണ്ടി വന്നേക്കും ”
മാധവൻ മാഷിന്റെ മുഖത്തു തെളിഞ്ഞ ഭാവമെതെന്ന് ആദിക്കും സഞ്ജുവിനും മനസ്സിലാവുന്നില്ലായിരുന്നു.

വല്ലാത്തൊരു കടുപ്പമുണ്ടോ ആ വാക്കുകൾക്ക്.?
അതോ മനസ്സിലെ അനാവശ്യ ഭയം കൊണ്ട് വെറുതെ തോന്നുന്നതാണോ?

“മുത്തച്ഛ.. ഞാൻ..”

മണിയേട്ടനെല്ലാം വിളിച്ചു പറഞ്ഞെന്നുള്ള തോന്നലിൽ ആദിയെന്തോ പറയാൻ വന്നത് മാഷ് കൈ ഉയർത്തി തടഞ്ഞു.

ശേഷം അവനെ സൂക്ഷിച്ചു നോക്കി.
ആ കണ്ണുകളെ നേരിടാൻ ആദിയുടെ ഉള്ളിലെ കുറ്റബോധത്തിനും അപകർഷതാ ബോധത്തിനും കഴിയുന്നുണ്ടായിരുന്നില്ല.

അവന്റെ മുഖം താഴ്ന്നു.

“സന്തോഷമായെടാ മോനെ. മണി വിളിച്ചിട്ട് നിന്നെ കുറിച്ച് നല്ലത് പറഞ്ഞു കേട്ടപ്പോ എനിക്കൊരുപാട് സന്തോഷമായി ”

നിറഞ്ഞ ചിരിയോടെ മാഷ് ആദിയുടെ തോളിൽ തട്ടിയങ്ങനെ പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി.

“മുത്തച്ഛ…”
ആദിയുടെ മുഖം വല്ലാത്തൊരു ഭാവത്തിലായിരുന്നു.അവന് ശ്വാസം മുട്ടുന്നത് പോലെയാണ് തോന്നിയത്.
വീണ്ടും വീണ്ടും ഉള്ളിലെ കുറ്റബോധം തളർത്തി കളയുന്നുണ്ടെന്ന് തോന്നി..

“ഞാനെന്റെ ശ്വാസം പോലെ കൊണ്ട് നടന്നിരുന്ന ആ സ്കൂളിലേക്ക് നിന്നെ പറഞ്ഞു വിടുമ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാനത് നിന്നെ അറിയിച്ചില്ല. പക്ഷേ ഇപ്പോഴെനിക്ക് ധൈര്യമായി ആദി. നിനക്ക് പറ്റും. ഞാനില്ലാതെയായാലും എന്റെ പിൻഗാമിയെ പോലെ.. ഞാൻ കൊണ്ട് നടന്നതെങ്ങനെയാണോ അത് പോലെ.. ഈ നാടിന്റെ സ്വപ്നവും സ്നേഹവും കാത്ത് സൂക്ഷിക്കാൻ നിനക്ക് കഴിയുമെന്ന് എനിക്കിപ്പോ പൂർണ്ണമായും ബോധ്യമായി ”
മാഷിന്റെ മുഖത്തും വാക്കിലും വല്ലാത്തൊരു സന്തോഷം നിറഞ് നിൽപ്പുണ്ടായിരുന്നു അത് പറയുമ്പോൾ.

ആദിയുടെ ഹൃദയത്തിലൂടെയൊരു മിന്നിൽ പാഞ്ഞോളിഞ്ഞു.

ആറ് മാസം കഴിഞ്ഞു താനേറെ ആഗ്രഹിച്ചു കാത്തിരിക്കുന്ന തന്റെ കോഴ്സ് ഓപ്പൺ ചെയ്യേണ്ടതുണ്ട്.

അതിനിടയിലെ വിരസത മാറ്റാൻ മാത്രമാണ് ഈ ജോലി തിരഞ്ഞെടുത്തത്.

പിന്നെ അച്ഛൻ മറ്റൊരു ജോലിയിലേക്ക് തന്നെ തളച്ചിടാതിരിക്കാൻ വേണ്ടിയും.

പക്ഷേ മുത്തച്ഛൻ..

സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുന്ന മാഷിനെ നോക്കി അപ്പോഴവനൊന്നും പറയാനും തോന്നിയില്ല.
സഞ്ജുവിന് നേരെ നോക്കിയപ്പോൾ അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

“എന്നും എപ്പോഴും നിനക്കെന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ”
ആദിയുടെ തലയിലൊന്ന് കൈ വെച്ചു കൊണ്ട് മാഷ് ചിരിയോടെ തിരിഞ്ഞു.

“നീ നേരെ ഇങ്ങോട്ടാണോ സഞ്ജു വന്നത്?”
സഞ്ജുവിനെ നോക്കി മാധവൻ മാഷ് ചോദിച്ചു.

ആഹ് ”

“അതെന്താടാ.. വീണ്ടും നീയും നിന്റച്ഛനും ഉടക്കിയോ?”

മാഷൊരു ചിരിയോടെ ചോദിച്ചത് കേട്ടതും സഞ്ജുവിന്റെ മുഖം ചുളിഞ്ഞു.

“ശെടാ.. എന്തോന്നിത്? എന്റച്ഛനോട്‌ ഉടക്കാതെ എനിക്കിങ്ങോട്ട് വരാൻ പാടില്ലന്നുണ്ടോ ?”
നടുവിന് കൈ കുത്തി നിന്നിട്ട് സഞ്ജു ആദിയെയും മാഷിനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.

“പോയി ചായയെടുത്ത് കുടിക്ക് രണ്ടാളും. ഞാനുണ്ടാക്കി വെച്ചിട്ടുണ്ട് ”
കുഞ്ഞോരു ചിരിയോടെ സഞ്ജുവിന്റെ തോളിലൊന്ന് തട്ടി കൊണ്ട് മാഷ് പറഞ്ഞു.

“മുത്തച്ഛൻ അടുക്കളയിൽ കയറിയോ?”
മാഷിനെ നോക്കി ആദി ചോദിച്ചു.

“പിന്നെ.. ഒരു ചായയുണ്ടാക്കി കുടിക്കുന്നതല്ലേയിപ്പോ ഇത്ര ആനകാര്യം?”

മാഷ് അവനെ നോക്കി.

“വയ്യാത്തതല്ലേ മുത്തച്ഛ.. എന്നോട് പറഞ്ഞൂടെ.. ഞാനിട്ട് തരുമല്ലോ?

ആദി അയാളെ സ്നേഹത്തോടെ നോക്കി.

“ഇപ്രാവശ്യം ന്തായാലും ഞാനിട്ടു പോയില്ലേ. ഇനി നിന്നെ വിളിച്ചോളാം. ഇപ്പൊ രണ്ടാളും അത് തണുത്തു പോണേനു മുന്നേ എടുത്തു കുടിക്ക് ”

അത് പറഞ്ഞു കൊണ്ട് മാഷ് ഉമ്മറത്തേക്കിറങ്ങി പോയി.

ആദിക്ക് മുന്നേ സഞ്ജുവാണ് അടുക്കളയിൽ ആദ്യമെത്തിയതും.

“ബേക്കറിയൊന്നും ഇരിപ്പില്ലെടാ..?”
സ്ഥിരമായി ബേക്കറിയിട്ട് വെക്കാറുള്ള ടിന്നുകളെല്ലാം കാലിയായി കിടക്കുന്നത് കണ്ടതും സഞ്ജുവിന്റെ മുഖം ചുളിഞ്ഞു.

“ഉണ്ടായിരുന്നത് മുഴുവനും വരുമ്പോ വരുമ്പോ നീ തന്നെയല്ലേ വെട്ടി വിഴുങ്ങുന്നത്. എന്നിട്ടാണ്?”
ആദി അവനെ നോക്കി പല്ല് കടിച്ചു.

“നീയിങ്ങനെ എച്ചി കണക്ക് പറയാതെടാ ആദി ”

സഞ്ജു ബേക്കറി കിട്ടാത്ത നിരാശയിൽ സ്ലാബിൾ തന്നെയിരുന്നു കൊണ്ട് ആദിയെ നോക്കി.

തൊട്ടപ്പുറത്തു തന്നെ എന്തോ ഓർത്തു കൊണ്ട് ആദിയും സ്ലാബിൾ ചാരി നിൽപ്പുണ്ട്.

“മ്മ്.. ഇനിയെന്താ ഇത്രേം ഗാഡമായി നീ ചിന്തിച്ചു കൂട്ടുന്നത്?”
അവന്റെ നിൽപ്പ് കണ്ടിട്ട് സഞ്ജു ചോദിച്ചു.

“ഒന്നുല്ലെടാ സഞ്ജു. മുത്തച്ഛൻ.. മുത്തച്ഛൻ ഭയങ്കര പ്രതീക്ഷയിലാണ് ”
ആദി അൽപ്പം വിഷമത്തോടെയാണ് അത് പറഞ്ഞത്.

“ആഹ്. അത് നല്ലതല്ലേ.. അതിനിപ്പോ നീ എന്താ ഇത്രേം ആലോചിച്ചു കൂട്ടുന്നത്?”
സഞ്ജു സ്ലാബിൾ നിന്നും ചാടിയിറങ്ങി മാഷുണ്ടാക്കി വെച്ചിരുന്ന ചായ രണ്ടു ഗ്ലാസ്സിൽ പകരുന്നതിനിടെ ചോദിച്ചു.

“അതല്ലടാ.. എന്റെ കോഴ്സ് തുടങ്ങുവോളമെന്നതാ ഞാനീ ജോലിക്ക് വേണ്ടി മാറ്റി വെച്ച ടൈം. പക്ഷേ.. പക്ഷേ മുത്തച്ഛൻ പറയുന്നത് കേൾക്കുമ്പോ.. എനിക്കെന്തോ പോലെ..”

ആദി സഞ്ജുവിനെ നോക്കി.

“ആറ് മാസം കഴിഞ്ഞിട്ട് നടക്കുന്ന കാര്യമോർത്ത് ഇപ്പഴേ നീ ബേജാറാവണ്ട ആദി. അന്ന് അതിനുള്ള ഒരു വഴിയുണ്ടാവും..”
ആദിക്ക് നേരെ ചായ ഗ്ലാസ്‌ നീട്ടി കൊണ്ട് സഞ്ജു നിസാരമായി പറഞ്ഞു.

“അതല്ലടാ….”
ആദിക്കെന്നിട്ടും യാതൊരു സമാധാനവും കിട്ടിയില്ല.

“അതവിടെ നിക്കട്ടടാ .. നാളെ വീണ്ടും അങ്ങോട്ട്‌ തന്നെ പോണതും ഇന്ന് കൊന്ന് കൊലവിളിച്ചിട്ട് പോന്ന ആ പെണ്ണിനോട് സോറി പറയുന്നതുമെല്ലാം ഒന്ന് പ്രാക്ടീസ് ചെയ്തു പഠിച്ചോ നീ ഉള്ള സമയം. അതുപകാരം ചെയ്യും ”

സഞ്ജു ചിരിയോടെ പറഞ്ഞത് കേട്ട് വീണ്ടും ആദിയുടെ മുഖം ചുളിഞ്ഞു.

“ശോ.. വീണ്ടും ഓർമ്മിപ്പിച്ചു. അലവലാതി ”
അവൻ സഞ്ജുവിനെ നോക്കി പല്ല് കടിച്ചു.
“ഞാൻ പറഞ്ഞതായോ ഇപ്പൊ കുറ്റം. നീ ചെയ്തതൊന്നുമില്ലേ?”
സഞ്ജു അവനെ നോക്കി കണ്ണുരുട്ടി.

“ഇന്ന് മണിയേട്ടൻ അത് പറയാഞ്ഞത് കൊണ്ട് മാഷിന്റെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങാൻ പറ്റി. പക്ഷേ സംഗതി നീ നാളെ തന്നെ ഒതുക്കി തീർത്തില്ലേ.. ഇന്ന് കെട്ടിപിടിച്ചു അഭിനന്ദിച്ച അതേ കൈകൾ കൊണ്ട് തന്നെ…. ഉയ്യോ..”

സഞ്ജു ആദിയെ നോക്കി.

“പേടിപ്പിക്കാതെടാ തെണ്ടി…”
ആദി വീണ്ടും സഞ്ജുവിനെ നോക്കി.

“ആഹ്.. അതാ ഞാനും പറഞ്ഞത്. ആദിത് മഹാദേവൻ ഒരാളോട് മാപ്പ് പറയുകയെന്നത് ആദ്യത്തെ സംഭവമാണല്ലോ. അത് പ്രാക്ടീസ് ചെയ്തു പഠിക്കുന്നത് ഉപകാരപ്പെടുമെന്ന്. ഇല്ലേൽ പണി കിട്ടും മോനെ..ഇപ്പൊ മനസ്സിലായോ..?”
ചായ ഒറ്റ വലിക്ക് കുടിച് തീർത്തു ഗ്ലാസ്‌ കഴുകി സ്റ്റാന്റിൽ കമിഴ്ത്തി വെച്ചിട്ട് സഞ്ജു ആദിയെ നോക്കി.

“ഞാനും പോട്ടെ.. ഇനിയും എന്നെ കണ്ടില്ലേൽ എന്റെ വീട്ടിലെ സംഗതിയും കയ്യീന്ന് പോകും. അമ്മ കടുവക്ക് ഇൻഫെർമേഷൻ കൊടുക്കും.. സഞ്ജയ്‌ ബാല കൃഷ്ണൻ ഈസ് മിസ്സിംഗ്‌ ന്ന് ”

സഞ്ജു പറയുന്നത് കേട്ടതും ആദി ചിരിച്ചു പോയി.

“ഓക്കേ.. നീ വിട്ടോ..”
ആദിയും അവന്റെ കയ്യിലുള്ള ചായ കുടിച്ചു കൊണ്ട് പറഞ്ഞു.

“ദൈവമേ..ആ ജന്തുവെന്റെ വീട്ടീന്ന് പോയിട്ടുണ്ടാവണെ ”
തിരിഞ്ഞു നടക്കും മുന്നേ സഞ്ജു പറയുന്നത് കേട്ടതും ആദിക്ക് വീണ്ടും ചിരി വന്നു.
പക്ഷേ തൊട്ടടുത്ത നിമിഷം വീണ്ടും കഴിഞ്ഞു പോയ ആ നശിച്ച നിമിഷങ്ങൾ അവന്റെ ചിരി മായ്ച്ചു കളഞ്ഞിരുന്നു.

ആളത്ര പാവമൊന്നുമല്ലെന്ന് ആദ്യ കണ്ട് “മുട്ടൽ ” കൊണ്ട് തന്നെ മനസ്സിലായതാണ്.
പിന്നെയെന്താവോ ഇന്നത്രമാത്രം പറഞ്ഞിട്ടും അവളൊന്നും മിണ്ടാതെ നിന്നത്?

ചായ കുടിച്ചു കഴിഞ്ഞ ഗ്ലാസ്‌ കഴുകി വെക്കുമ്പോഴും ആദിയുടെ മനസ്സിലതായിരുന്നു.

അടുക്കള വാതിൽ അടച്ചു കൊണ്ട് അകത്തേക്ക് നടക്കുമ്പോഴും ആദിയുടെ മനസ്സിൽ മുഴുവനും നാളത്തെ ദിവസത്തെ കുറിച്ചോർത്തുള്ള ആശങ്കയായിരുന്നു.

മനോഹരമായൊരു ഓർമ്മയാക്കി സൂക്ഷിച്ചു കൊണ്ട് നടക്കാനാഗ്രഹിച്ചൊരു ദിവസത്തെയാണിങ്ങനെ ആശങ്കയുടെ വീർപ്പു മുട്ടലോടെ നിമിഷങ്ങളെണ്ണി തീർക്കുന്നതെന്നുള്ളയോർമ വീണ്ടും വീണ്ടും അവനിൽ ദേഷ്യമാണ് നിറച്ചിരുന്നതപ്പോഴും…

തുടരും..