The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
കഴിഞ്ഞു പോയതൊന്നുമല്ല.. ഇനി വരാനുള്ള കുറച്ചു ദിവസങ്ങളാണ് തന്റെ ജീവിതത്തിലെ ദുരന്തകാലങ്ങളെന്ന് ആ ഒറ്റ ദിവസം കൊണ്ട് തന്നെ മാളവിക മനസിലാക്കിയിരുന്നു.തിരിച്ചിറങ്ങിയോടി പോരുമ്പോഴുള്ള പ്രതീക്ഷികളെല്ലാം തന്നെ തീർത്തും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.അതിജീവനമെന്നത് അവൾക്ക് മുന്നിലൊരു ഒഴിയാ ബാധ പോലെ നീണ്ടു പരന്നുകിടന്നവളെഭയപ്പെടുത്തി.ദേഷ്യത്തോടെയെങ്കിലും പ്രിയ പറഞ്ഞു തീർത്ത വാക്കുകളിൽ അവരന്നു വരെയും താൻ കാരണം അനുഭവിച്ച വേദനകളുടെ കരിനീലിച്ച പാടുകളുണ്ട്.വേദനപോലുമറിയാതെ മരവിച്ചിരുന്നു പോയ ദിവസങ്ങളുടെ നീറ്റൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ നിന്നിറങ്ങി പോവേണ്ടി വരില്ലായിരിക്കും.
പക്ഷേ മുന്നോട്ടുള്ള ജീവിതം.. അത്രയേറെ ദുസ്സഹമായിരിക്കും.തനിക്കും.. താൻ തിരികെ വന്നത് കൊണ്ട് മാത്രം ഇനി ഇവിടുള്ളവർക്കും.അവൾക്കെന്ത് വേണമെന്നറിയില്ല.തിരികെയിങ്ങോട്ട് പോരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി പോകുന്നത്രേം കുറ്റബോധം.ദീപുവിനെ സഹിച്ചു കൊണ്ട് നിൽക്കുമ്പോൾ എന്നെങ്കിലും തിരികെയെത്തുമ്പോൾ കുറേച്ചേറേ ചീത്ത പറയുമായിരിക്കും.. ആദ്യമാദ്യം നല്ലത് പോലെ അവഗണിച്ചു വേദനിപ്പിക്കും.താണുപേക്ഷിച്ചു പോകുമ്പോൾ അവരെത്ര മാത്രം പിടഞ്ഞു പോയെന്ന് മനസ്സിലാവും വരെയും മാത്രം ആയുസ്സ് നീളുന്ന ആ വേദനകൾക്കപ്പുറം പ്രതീക്ഷയായി അച്ഛനുണ്ട്.. അമ്മയുണ്ട്.. സഹോദരിമാരുണ്ട്.. എന്നൊക്കെ വെറുതെ ആശിക്കാമായിരുന്നു.
ഇതിപ്പോൾ..അച്ഛൻ…അതും താൻ കാരണം..
ആ ഓർമയിൽ പോലും മാളവികയൊന്ന് പിടഞ്ഞു.
ഒരേയിരുപ്പ് കൊണ്ടവളുടെ കാലുകൾ മരവിച്ചത് പോലെയായിട്ടുണ്ട്.എന്നിട്ടും എഴുന്നേറ്റ് പോകാൻ തോന്നിയില്ല.ശരീരവും മനസ്സും ഒരുപോലെ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.അതൊന്നും പക്ഷേ ഇഷ്ടക്കാരനൊപ്പം പോകാൻ വേണ്ടി താൻ തന്റെ വീട്ടുകാരെ ഒന്നടങ്കം തോൽപ്പിക്കാൻ ശ്രമിച്ചത്ര ക്രൂരമായല്ല.ആ വേദനയും അവൾക്കൊരു ലഹരിയായി തോന്നി.ഇതൊക്കെ താൻ അനുഭവിക്കേണ്ടി വരേണ്ടത് തന്നെയാണ്.
അത്ര മാത്രം ക്രൂരതയാണ് താനിവരോട് ചെയ്തത്..
യാതൊരു ഒച്ചയും അനക്കവുമൊന്നുമില്ല.
പുറത്ത് കുതിച്ചുയർന്ന വെയിൽ അകത്തേക്ക് കൂടി ചൂട് പടർത്തി തുടങ്ങി.
സമയമെത്രയായെന്ന് പോലും തോന്നുന്നില്ല.
പെട്ടന്നാണവളുടെ കാതിലേക്കൊരു അമർത്തിയ നിലവിളി കേട്ടത്.മാളവിക ഞെട്ടി പോയി.അതത്ര മാത്രം ദയനീയമായി അവളുടെ കാതിലങ്ങനെ മുഴങ്ങി..മാളവിക പ്രയാസപ്പെട്ടു കൊണ്ട് എഴുന്നേറ്റു….ചുവരിൽ അള്ളി പിടിക്കാതെ ഒറ്റയ്ക്ക് നിൽക്കാനുള്ള ശക്തി പോലും അവളിൽ ക്ഷയിച്ചു പോയിരുന്നു…
💞💞
“ഹേയ്.. കൃഷ്ണ പ്രിയ.. കണ്ണ് തുറക്കേടോ.. പ്ലീസ് “ഒരു നിമിഷത്തെ പകപ്പിന് ശേഷം ആദി തന്നിലേക്ക് വാടി വീണു കിടക്കുന്നവളുടെ കവിളിൽ തട്ടി വിളിച്ചു.
പാതി ബോധത്തിലെന്നത് പോലെ അവളൊന്നു മൂളിയിട്ട് ഒന്നുകൂടി അവനിലേക്ക് ചേർന്നു..കൃഷ്ണ പ്രിയ… ടോ.. താനെക്കെന്ത് പറ്റി.. എഴുന്നേറ്റേ.. കണ്ണ് തുറക്ക്.?അവൾ ഇടനെഞ്ചിൽ ചേർന്നു നിൽക്കുന്നതിന്റെ പരിഭ്രമത്തിൽ ആദിയടക്കം വിറച്ചു പോകുന്നുണ്ട്.എന്താണ് സംഭവിക്കുന്നതെന്നറിയും മുന്നേ തനിക്ക് മുന്നിലേക്ക് കുമിഞ്ഞു കൂടുന്ന ജനക്കൂട്ടം.ഒന്നിന് പിറകെ ഒന്നായി അടുക്കി വെച്ചത് പോലെ അതങ്ങനെ നിമിഷങ്ങൾക്കൊണ്ട് പെരുകി വളർന്നു കൊണ്ടിരിക്കുന്നു.
തന്നെയും തന്നിലേക്ക് അടക്കിപ്പിടിച്ചു നിൽക്കുന്നവളെയും തുറിച്ചു നോക്കുന്നവർക്കൊന്നും കുറച്ചുമുമ്പേ അവരെല്ലാം ഒരേസരത്തിൽ വാഴ്ത്തി പാടിയ മാധവൻ മാഷിന്റെ കൊച്ചുമോനോടുള്ള സ്നേഹം നിറഞ്ഞ വിശാല മനസ്സ് കൈമോശം വന്നിരിക്കുന്നുവെന്ന് ആദിക്കപ്പഴും തിരിച്ചറിയാൻ ആയിട്ടില്ല..”ഹേയ്.. ആരെങ്കിലുമൊന്നു വന്നിട്ട് പിടിക്കൂ.. കൃഷ്ണപ്രിയക്കെന്തോ പറ്റിയിട്ടുണ്ട്.”
ഒരടി പോലും അനങ്ങാതെ വരുന്നവർ വരുന്നവർ തന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടതും ആദിയുറക്കെ വിളിച്ചുപറഞ്ഞു.”വിളിച്ചുവരുത്തിയവരെ മുഴുവനും മണ്ടന്മാരാക്കിയിട്ട് ഒറ്റയ്ക്ക് അനുഭവിക്കാൻ കൊണ്ട് പോയി വയ്യാതായതല്ലേ.. ഇനിയും നീ തന്നെ പിടിച്ചാൽ മതി.. ”
ആൾക്കൂട്ടത്തിൽ നിന്നും അശരീരി പോലെയുള്ളൊരു ശബ്ദം.അതാരാണ് വിളിച്ച് പറഞ്ഞതെന്ന് ആദിക്ക് വ്യക്തമായി മനസ്സിലായില്ലെങ്കിലും അതിനുള്ളിലെ ധ്വനിഅവനെഭയപ്പെടുത്താൻകേൾപ്പുള്ളതായിരുന്നു.നിങ്ങളെന്താണ് പറയുന്നത്.. എനിക്ക് മനസ്സിലാവുന്നില്ല “ആദിയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴും അവന്റെ കൈകൾ കൃഷ്ണപ്രിയയെ അവനിലേക്ക് ചുറ്റിപ്പിടിച്ചു കൊണ്ടിരുന്നത് അല്പം പോലും അയഞ്ഞിട്ടില്ല.”പക്ഷേ ഇവിടെന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട് കേട്ടോ.. അവളീ കാര്യത്തിൽ കേമിയാണെന്നറിയാം. പക്ഷേ… നിന്നിൽ നിന്നും ഞങ്ങളാരും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ.. അത്രേം മാന്യനായി നടന്നിട്ടോടുവില് .. ഛെ..”
ദേഹമൊന്നാകെ വിറച്ചു കയറിയത് പോലെ ആദിയൊന്ന് പിടഞ്ഞു.നോ…..ആദിയുടെ അലർച്ചയിൽ അവനോട് ചേർന്നു നിൽക്കുന്നവൾ പോലും കിടുങ്ങി വിറച്ചു കൊണ്ടവനെ ചുറ്റി പിടിച്ചു.
“എന്ന് തുടങ്ങിയതാ മോനെയീ ചുറ്റിക്കളി.. ഏഹ് ”
വഷളൻ ചിരിയോടെ ആരോ വന്നിട്ട് ആദിക്ക് നേരെ നിന്നു.”അനാവശ്യം പറഞ്ഞാലുണ്ടല്ലോ.. കു…ത്തി കീ..റും ഞാൻ “പ്രിയയെ അടക്കി പിടിച്ചു കൊണ്ട് തന്നെ ആദി അയാളുടെ കഴുത്തിൽ പിടിച്ചമർത്തി.
“അങ്ങോട്ട് വിട് മോനെ.. അനാവശ്യം കാണിക്കാം.. അത് ചോദിക്കാൻ പാടില്ലെന്ന് പറഞ്ഞഅതെവിടുത്തെ ന്യായമാണ് ”
കൂട്ടത്തിൽ നിന്നും വീണ്ടുമാരോ അങ്ങോട്ട് വന്നിട്ട് ആദിയുടെ പിടിയിൽ നിന്നും ബലമായി ആദ്യം വന്നയാളെ മോചിപ്പിച്ചു കൊണ്ട് പറഞ്ഞു.
ആൾക്കൂട്ടത്തിന്റെ മുറുമുറുപ്പ് മുറുകുകയാണ്.
കാഴ്ച കാണാൻ നിൽക്കുന്നത്രേം ലാഘവത്തോടെ അവരെല്ലാം ആദിയെ നോക്കി നിന്നുകാര്യങ്ങൾ തന്റെ കൈവിട്ടു പോകുകയാണെന്ന് ആദിക്ക് തോന്നി.
എന്ത് വേണമെന്നറിയാത്ത ആശങ്കയിൽ അവന്റെ കയ്യൊന്നയഞ്ഞതും പ്രിയ അവനിൽ നിന്നുമൂർന്നു താഴെക്കിരുന്നു.ചുവരിൽ ചാരി ഇരിക്കുന്നവൾക്ക് സ്വബോധമില്ലെന്ന് ആദിക്ക് തോന്നി..”എപ്പോ തുടങ്ങിയതാണെടോ . ടീച്ചറ് കൊച്ചു എഴുന്നേൽക്കാൻ കൂടി കഴിയാത്ത പരുവത്തിലാണാല്ലോ..?”
ചോദ്യങ്ങൾ.. അതും തൊലിയുരിയിക്കുന്ന ചോദ്യങ്ങൾ.ആദിയുടെ സമനില തെറ്റുന്നത് പോലെ തോന്നുന്നുണ്ട്..”എന്താ.. എന്തായിവിടെ..”മാഷിന്റെ ശബ്ദമാണ്.ആദിക്കൊരു പുതു ജീവൻ കിട്ടിയ ഉന്മേഷം തോന്നി.”കൊച്ചു മോൻ കട്ട് തിന്നാൻ നോക്കിയത് തെളിവോടെ പിടിച്ചു കെട്ടിയതാ മാഷേ..”ആരോ പറഞ്ഞു കേട്ടതും ആദി മുഷ്ടി ചുരുട്ടി കൊണ്ട് കണ്ണടച്ചു.”ആദി..”വിളിയോടെ കാറ്റ് പോലൊരുത്തൻ വന്നിട്ട് ആദിയെ ചുറ്റി പിടിച്ചു.
കലങ്ങി ചുവന്നു പോയ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ആദി സഞ്ജുവിനെ നോക്കി.
ആത്മനിന്ദയുടെ ഒരു ചിരിയുണ്ടായിരുന്നു ആദിയുടെ ചുണ്ടിലപ്പോൾ.”എന്താടാ.. എന്താ ഉണ്ടായത്..?”
സഞ്ജു പകച്ചു കൊണ്ട് ആദിയെ പിടിച്ചുലച്ചു.
“നീയും കേട്ടില്ലേ ആ പറഞ്ഞത്…?ഇനി ഇതിൽ കൂടുതൽ ഞാനെന്ത് പറയാൻ..”ആദി സഞ്ജുവിനെ നോക്കി.ഞാൻ സത്യമെന്താണെന്നാ നിന്നോട് ചോദിച്ചത്.?എനിക്കറിയേണ്ടതും അതാണ് ”
സഞ്ജുവിന്റെ മുഖം കടുത്തു.”എനിക്കറിയില്ലേടാ.. ഒരു ഫോൺകോൾ വന്നിട്ട് ഇങ്ങോട്ട് മാറിയതാ ഞാൻ.. അപ്പഴാ..”ആദിയുടെ നോട്ടം താഴെ തളർന്നിരിക്കുന്ന പ്രിയക്ക് നേരെ നീണ്ടു.”ദൈവമേ.. ഇതാ ടീച്ചർ കൊച്ചല്ലേ..?സഞ്ജു പാതി നിലവിളി പോലെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് ആദിയെ നോക്കി.അവനൊന്നും മിണ്ടാതെ സഞ്ജുവിനെയൊന്ന് നോക്കി.
💞💞
“എന്റെ മോനങ്ങനെ ചെയ്യില്ല “ഒരു ഗ്ലാസ് വെള്ളം ആർത്തിയോടെ കുടിച് തീർത്തു കൊണ്ട് മാധവൻ മാഷാദ്യം പറഞ്ഞത് അതായിരുന്നു.”എന്നായിരുന്നു ഞങ്ങളും കരുതിയിരുന്നത്. ഇതിപ്പോ കണ്മുന്നിൽ കണ്ട കാര്യമല്ലേ മാഷേ. എങ്ങനാ വിശ്വാസികാത്തിരിക്കുന്നത്..”ചുറ്റും നിന്നിട്ട് പറയുന്നവരെ മാഷ് പകച്ചു നോക്കി.സത്യമെന്താണെന്ന് കൂടി അറിയാൻ ശ്രമിക്കാതെ അവരൂഹിച്ച കഥ തന്നെയാണ് കണ്മുന്നിൽ നടന്നതെന്ന് അടിയുറച്ചു വിശ്വാസിക്കുന്നവരെ ഇനിയെന്ത് പറഞ്ഞു തിരുത്തുമെന്നറിയാതെ മാഷും തളർന്നിരുന്നു.
“അവളെ പോലൊരുത്തി വിചാരിച്ച ഹരിഷ്ചന്ദ്രന് പോലും തടുക്കാൻ കഴിയില്ല ബാലൻ മാഷേ..പിന്നല്ലേ മനുഷ്യര്..ആദിക്ക് വേണ്ടിയെന്തോ പറഞ്ഞു തുടങ്ങിയ ബാലൻ മാഷിനെ അപ്പാടെ തളർത്തി കൊണ്ടവർ ആദ്യം തന്നെ മുൻവിധി എഴുതി കഴിഞ്ഞിരുന്നു.”അവനെയും കുറ്റം പറയാനൊക്കുവോ..? പ്രായം അതല്ലേ.. പോരാത്തതിന് എന്തിനും റെഡിയായി നിൽക്കുന്നഅവളെപോലൊരുമൂദേവിയും..ഇങ്ങനൊക്കെ സംഭവിക്കും..”എന്നും കണ്ട് കണ്ട് കൊതി കേറിയപ്പോൾ ചെക്കൻ കട്ട് തിന്നാനിറങ്ങിയതാ.. പക്ഷേ അതിപ്പോ ഇങ്ങനെയുമായി..””ആ രാജീവിന് ബുദ്ധിയുണ്ട്. അവളുടെ തനി കോണം അറിഞ്ഞപ്പോ അവൻ കൈ ഒഴിഞ്ഞല്ലോ..?ഭാഗ്യവാൻ “”ഇവളുമാരൊന്നും ഒന്നിലും ഒതുങ്ങില്ലെടോ.. ചോരേം നീരുമുള്ള ചെറുക്കനെ കണ്ടപ്പോൾ അവളും നിന്ന് കൊടുത്തു കാണും..”കാത് പൊള്ളിക്കുന്ന നിരവധി അഭിപ്രായങ്ങൾ.
സന്തോഷം നിറഞ്ഞ ആ ദിവസം എത്ര വേഗത്തിലാണ് ഒരിക്കലും ഓർക്കനിഷ്ടമില്ലാത്തൊരു സംഭവത്തിന്റെ പേരിൽ അറിയപ്പെടാൻ പോകുന്നത്.
അൽപ്പനേരം മുന്നേയും ആദിയെയും അവന്റെ മിടുക്കിനെയും പ്രകീർത്തിച്ചു പറഞ്ഞവരാണ് ഇപ്പഴീ പറയുന്നതെന്നുമുള്ളതാണ് മറ്റൊരു വിരോധാഭാസം.
തറയിൽ പാതി ബോധത്തിൽ.. നടന്നതെന്തെന്ന് കൂടി അറിയാത്തഒരുവൾതളർന്നിരിക്കുന്നു.അവൾക്കരികിൽ… അവളോളം തകർന്ന് തന്നെ അവനും.കൂടി നിൽക്കുന്നവരിൽ ഒരാളും എന്ത് സംഭവിച്ചുവെന്ന് അതിന് ഇരയായവരോട് ഒരിക്കൽ പോലും ചോദിച്ചില്ല.അവർക്കത് അറിയുകയും വേണ്ട..മാഷ് അലിവോടെ ആദിയെയും പ്രിയയെയും നോക്കി.രണ്ടു പേരെയും ഓർത്തു വേദനിക്കുന്ന ആ മനസ്സിലപ്പോഴേക്കും പുതിയ പല തീരുമാനങ്ങളും രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു.
തുടരും..
ന്നാ പിന്നെ.. ഞാനങ്ങോട്ട് 🥰🥰സന്തോഷയില്ലേ എല്ലാർക്കും 😘😘എനിക്ക് തല വേദനയാണ്.. ഇന്നലെ മുതൽ..പിന്നൊരുത്തി ഇന്ന് ബാക്കി കിട്ടിയേ തീരുവെന്ന് ഉച്ച മുതൽ സത്യഗ്രഹമാണ്.ഉള്ളത് കൊണ്ടോണം പോലെയങ്ങാട്ട് തൃപ്തിപ്പെടുക..
സ്നേഹത്തോടെ jiff❣️❣️