The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
ഒപ്പിട്ടു നിവരുമ്പോൾ ആദിയുടെ മുഖത്തേക്ക് നോക്കാൻ പ്രിയ വല്ലാതെ ഭയപ്പെട്ടു.
അത്രത്തോളം ദേഷ്യമാണവിടം മുഴുവനും ചുവന്നു കല്ലിച്ചു കിടക്കുന്നത്.”ഇതവന്റെ ഐഡിയ ആയി പോയി .. ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്തിലെ ആര് പറഞ്ഞാലും ഇങ്ങനൊരു സാഹസം കാണിക്കാൻ അവനൊരുക്കമാവില്ലെന്നുള്ളത് ”
ആദിയെ പ്രിയക്കരികിൽ കണ്ടപ്പോഴൊക്കെയും സഞ്ജുവും ഓർത്തു.പക്ഷേ അവന്റെ മുഖം.. അതിൽ അവൻ മറച്ചു പിടിച്ചിരിക്കുന്ന ഭാവങ്ങൾ.. നിശ്ചലമായ കണ്ണുകളിലെ ദേഷ്യത്തിന്റെ ചുവപ്പ്.. സഞ്ജുവിന്റെ മനസ്സിലെ ആശങ്കകൾ വളരെ വലുതായി മാറുകയാണ്.
മാഷ് ആദിയുടെ കാര്യത്തിൽ ഇങ്ങനൊരു തീരുമാനമെടുക്കാൻ തുനിഞ്ഞത് വലിയൊരു അബദ്ധമായി പോയേക്കാം എന്ന് ആ നിമിഷം അവന് തോന്നി.ആദി പ്രിയയെ അവന്റെ കൂടെ വിളിച്ചത് അതൊരിക്കലും അവന്റെ ജീവിതം പങ്കിടാനായിരുന്നില്ലെന്ന് സഞ്ജുവിന് ഉറപ്പാണ്.
താൻ കാരണം അവൾക്കൊരു അപമാനം ഏൽക്കേണ്ടി വന്നതിന്റെ കുറ്റബോധമായിരിക്കാം അവന്റെയാ തീരുമാനത്തിനു പിന്നിൽ.പ്രിയ ആ വീട്ടിൽ അനുഭവിക്കുന്ന അരക്ഷിതത്വത്തിന്റെ ആഴം അവന് മനസ്സിലാക്കിയതു കൊണ്ടായിരിക്കാം.
സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ട് അവൾക്ക് ആശ്വാസമാകുന്നൊരു ജീവിതം കിട്ടുമെന്നായിരിക്കാം അവൻ ഉദ്ദേശിച്ചത്.
പക്ഷേ അതൊരിക്കലും അവന്റെ പാതിയായിട്ടായിരിക്കില്ല..ആൾക്കൂട്ടം ഇങ്ങനെ ഇത്രത്തോളം ശക്തിയായി അതിനെതിരെ പ്രതികരിക്കുമെന്ന് അവനും ഓർത്തു കാണില്ല.
എല്ലാത്തിനുമുപരി അവർക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്നും അവനറിഞ്ഞു കാണില്ല..
ഇതിപ്പോൾ കാര്യങ്ങളെല്ലാം എത്ര പെട്ടെന്നാണ് അവന്റെ കൈപ്പിടിയിൽ നിന്ന് വിട്ടു പോയത്.
മണിക്കൂറുകൾ കൊണ്ടാണ് രജിസ്റ്റർ ഓഫീസറെ അവരാ കുഞ്ഞു വീടിന്റെ മുറ്റത്തേക്ക് വിളിച്ചു വരുത്തിയത്.എന്തോ കരുതിക്കൂട്ടി പ്രതികാരം ചെയ്യുന്നത് പോലുള്ള ഒരു സുഖം അവിടെക്കൂടി നിന്നവരുടെ മുഖത്ത് നിന്നും സഞ്ജുവിന് കണ്ടെടുക്കാൻ ആയിരുന്നു.
താൻ കൂടി തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ആദ്യം തന്നെ പ്രിയയെ അവരുടെ സമ്മതമൊന്നുമില്ലാതെ തന്റെ കൂടെ വിളിച്ചുവെന്ന് ആദിയുടെ മനസ്സിലെ തോന്നലും കൂടിയായപ്പോൾ മാഷിന്റെ തീരുമാനത്തെ എതിർക്കുവാൻ അവനും കഴിയുന്നുണ്ടായിരുന്നില്ല.
അങ്ങനെയല്ലെങ്കിൽ അവൻ പറയുന്നതൊന്നും അവിടെ അംഗീകരിക്കപ്പെടുന്നുണ്ടായിരുന്നില്ല.
എത്രയും പെട്ടെന്ന് അവനെയും അവളെയും ഒരുമിച്ച് ചേർക്കാൻ അവിടെയുള്ളവർക്ക് ഒരു വെപ്രാളമുള്ളതുപോലെ.തന്റെ മനസ്സിൽ ഉദ്ദേശിച്ചത് എന്താണെന്ന് പലപ്രാവശ്യം അവൻ അവിടെ വെളിപ്പെടുത്താൻ ആഗ്രഹിച്ചിട്ടും അതൊന്നുമപ്പോൾ ആർക്കും കേൾക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. അവൻ കാരണം അപമാനിതയായ ഒരു പെൺകുട്ടിയെ അവൻ സ്വീകരിക്കണം എന്നതിനപ്പുറം വേറൊന്നും അവനോട് പറയാനും അവർക്കുണ്ടായിരുന്നില്ല.
ഒടുവിൽ നിരുപാധികം കീഴടങ്ങിയത് പോലുള്ള അവന്റെ ആ നിൽപ്പ്… സഞ്ജുവിന് വല്ലാത്ത വേദന തോന്നി.പക്ഷേ വലിഞ്ഞു മുറുകിയ ആ മുഖത്ത് അവന്റെ മനസ്സിന്റെ സംഘർഷം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.പ്രിയയുടെയും അവസ്ഥ വിഭിന്നമല്ല..അവളും അവളെ കൊണ്ടാവുന്ന വിധമെല്ലാം അങ്ങനെയൊരു കല്യാണത്തെ തടയാൻ ശ്രമിക്കുന്നുണ്ട്.കടുത്തുപോയ ആദിയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കുന്നവൾ അവനു വേണ്ടിയായിരിക്കാം ആ പറയുന്നതൊക്കെയുമെന്ന് സഞ്ജുവിന് ഒരു നിമിഷം തോന്നിപ്പോയി.
പക്ഷേ അവളുടെ വാക്കുകൾക്കും അവിടെ ഒരു വിലയില്ലാതായി മാറുകയായിരുന്നു.
ആർക്കും ഒന്നും ചോദിക്കാനോ പറയാനോ നേരമില്ല.എല്ലാവർക്കും അറിയേണ്ടതും ചെയ്യേണ്ടതും ഒരൊറ്റ കാര്യം മാത്രം അതാണ് അവിടെ അവർ നടപ്പാക്കിയതും.മാഷിന്റെ മുഖം വളരെയേറെ ശാന്തമായി കാണപ്പെട്ടിരുന്നു.ആദിക്ക് ഒരിക്കലും പ്രിയയെ അംഗീകരിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും പിന്നെന്തിനാണ് അങ്ങനെയൊരു പാതകം മാഷ് ആദിയോട് ചെയ്യുന്നത് സഞ്ജു പലപ്രാവശ്യം ഓർത്തു.
അന്യായമായി ഒന്നും ചെയ്യാറില്ല മാധവൻ മാഷ് എന്നറിയാമായിട്ടും അന്നാ ചെയ്യുന്നതിലെ അന്യായം അവനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് സഞ്ജുവിനറിയാം.മനസ്സുകൊണ്ടൊരിക്കലും അംഗീകരിക്കപ്പെടാത്ത ഒരു ബന്ധത്തിലേക്ക് എടുത്തു ചാടപ്പെടാൻ പോകുന്ന കൂട്ടുകാരന്റെ മുഖവും മനസ്സും അവനെ വല്ലാതെ നോവിച്ചു..
” ദാ..ഇനിയീ മാല അങ്ങട്ട് രണ്ടുപേരും പരസ്പരം ഇട്ടോളുക.. “ആരോ നീട്ടിയ പൂമാല..ഇത്രയും കുറഞ്ഞ സമയത്തിനിടയിൽ ഇവർ ഇതെല്ലാം എങ്ങനെ ഒപ്പിച്ചുവെന്നാണ് സഞ്ജുവിനു അതിശയം .ആദി അത് കേട്ടെങ്കിലും അങ്ങോട്ടൊന്ന് നോക്കുന്നില്ലെന്ന് കണ്ടതും സഞ്ജുവാ പൂമാല കൈ നീട്ടി വാങ്ങി.”ടാ..”മുഖം കുനിച്ച് അനങ്ങാതെ നിൽക്കുന്ന ആദിയുടെ കയ്യിലേക്ക് ആ മാല വെച്ച് കൊടുത്തുകൊണ്ട് സഞ്ജു പതിയെ വിളിച്ചു.
ഞെട്ടിയത് പോലെ ആദി അവനെ ഒന്ന് പകച്ചു നോക്കി.ആ നോട്ടത്തിന്റെ തീഷ്ണതയേറ്റ് സഞ്ജു.. ഞെട്ടി.
“മാല..”കയ്യിലുള്ള പൂമാല ഉയർത്തിപ്പിടിച്ചുകൊണ്ട് അവൻ ആദിയെ നോക്കി.ദയനീയമായി നോക്കുന്ന പ്രിയക്ക് നേരെയും അവന്റെ നോട്ടം നീണ്ടു.
അവളുടെ കയ്യിലും ആരോ ഒരു പൂമാലയെ പിടിപ്പിച്ചു കൊടുത്തിട്ടുണ്ട്.”ആദി പ്ലീസ്… “ചുറ്റും കൂടി നിൽക്കുന്നവരുടെ മുറുമുറുപ്പ് ആദി പൂമാല വാങ്ങാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കി സഞ്ജു പതിയെ ദയനീയമായി അവനോട് പറഞ്ഞു.എവിടുന്ന്..അവനൊരു കൂസലുമില്ല. തുറിച്ചു നോക്കി അതേ നിൽപ്പാണ്..”ആദി.. മാല വാങ്ങിയിട്ട് പ്രിയക്കിട്ട് കൊടുക്ക്…”വീണ്ടും മാധവൻ മാഷിന്റെ ഗൗരവത്തോടെയുള്ള വാക്കുകൾ.ഒന്ന് തലതിരിച്ചു നോക്കിയതല്ലാതെ ആദി അപ്പോഴും അനങ്ങിയിട്ടില്ല.
ആദി..ഇപ്രാവശ്യം കുറച്ചുകൂടി മുറക്കത്തോടെ നീട്ടി വിളിക്കുമ്പോൾ അവൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ശ്വാസമെടുക്കുന്നത് കണ്ടു..ശേഷം കൈ നീട്ടി സഞ്ജുവിന്റെ കയ്യിൽ നിന്നും ആ മാല വാങ്ങിച്ചു പ്രിയയുടെ നേരെ നോക്കി.ആ നോട്ടം താങ്ങാൻ കഴിയാത്ത വിധം അവളുടെ മുഖം കുനിഞ്ഞു പോകുന്നത് സഞ്ജു കണ്ടിരുന്നു.ഇട്ട് കൊടുക്കെടാ.. പ്ലീസ് “ഇനിയും ഒരു വാക് തർക്കത്തിന് വയ്യെന്നതുപോലെ സഞ്ജു അവന്റെ മുന്നിൽ കേണു..
ഒടുവിൽ പ്രിയയെ രൂക്ഷമായ നോക്കിക്കൊണ്ടുതന്നെ അവനാ മാല വലിച്ചെറിയും പോലെ അവളുടെ കഴുത്തിലേക്ക് കൊടുത്തു.വീണ്ടും മുഖം കടിപ്പിച്ചുള്ള അതേ നിൽപ്പുതന്നെ..ടീച്ചറെ…”ആദിയുടെ കഴുത്തിലേക്ക് മാലയിട്ട് കൊടുക്കാനാണ് സഞ്ജു വിളിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടും ആദിക്ക് നേരെ നോക്കാൻ കൂടി പ്രിയ അപ്പോൾ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.”അങ്ങോട്ട് ഇട്ട് കൊടുക്ക് കൊച്ചേ.. ഇനിയെന്നാത്തിനാണ് നിനക്ക് ഇത്രയും നാണം?”അവളുടെ ആ ഭയത്തെ പോലും അവിടെ വികൃതമായി മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
സഞ്ജുവിന് അവളുടെ അപ്പോഴത്തെ അവസ്ഥയെ ഓർത്തും വേദനിക്കുന്നുണ്ടായിരുന്നു..വിറയലോടെ തന്നെയാണ് കൈയിലുള്ള പൂമാല നീട്ടിയത്.മുഖമൊന്ന് അല്പം പോലും കുനിച്ചു കൊടുക്കാതെ അവൻ അതേ നിൽപ്പു തുടർന്നു.അതുകൊണ്ടുതന്നെ പെരുവിരലിൽ ഉയർന്നു നിന്നിട്ടാണ് പ്രിയ അതവന്റെ കഴുത്തിലേക്ക് കൊടുത്തത്.അപ്പോഴും ആ രൂക്ഷമായ നോട്ടമുണ്ട്.അവൾക്കത് പൊള്ളുന്നുണ്ടായിരുന്നു.
സർവ്വ പ്ലാനിങ്ങും തകർന്നതു പോലെ നിൽക്കുന്ന അനൂപിലെ നേരെ നോക്കുമ്പോൾ മാത്രം അവൾക്കുള്ളിലൊരിത്തിരി തണുപ്പ് പടർന്നു.
ഇനിയങ്ങോട്ട് ആദിയുടെ കൂടെ തന്റെ ജീവിതം എങ്ങനെയുണ്ടാവുമെന്ന് വല്ലാത്ത ആശങ്കയുണ്ടായിട്ടും അനൂപിന്റെ നിൽപ്പു കാണുമ്പോൾ വല്ലാത്തൊരു സുഖം ആ അവസ്ഥയിലും അവൾക്ക് തോന്നുന്നുണ്ടായിരുന്നു.അന്നാദ്യമായി അവനു മുന്നിൽ ജയിച്ചു നിൽക്കുന്നതിന്റെയൊരു വല്ലാത്ത അനുഭൂതി. ഇന്നോളം അവൻ നൽകിയ യാതനങ്ങൾക്കുള്ള മറുപടികളെല്ലാം ഈ ഒരൊറ്റ തീരുമാനത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് അവൾക് തോന്നി.
മുന്നേ ഉള്ളതിന്റെ നാലിരട്ടി വൈരാഗ്യം ആ കണ്ണുകളിൽ കത്തി നിൽക്കുന്നുണ്ടായിരുന്നു.
പക്ഷേ എന്നിട്ടും അവനു മുന്നിൽ താനാണിപ്പോൾ ജയിച്ചതെന്നുള്ള ഓർമ പ്രിയയെ വല്ലാതെ ആഹ്ലാദിപ്പിച്ചു.തീ കനലിൽ ചവിട്ടി നിൽക്കുന്നത് പോലുള്ള അനൂപിന്റെ എരി പിരി സഞ്ചാരം… വല്ലാത്തൊരു ആത്മനിർവൃതിയോടെയാണ് പ്രിയ അവനെ നോക്കുന്നത്.
അവൻ പക്ഷേ ആദിയേയോ പ്രിയയെയോ നോക്കുന്നില്ല.അവരെ മുഖമൊന്നുയർത്തി നോക്കിയാൽ.. അവരുടെ മുഖത്തു കാണുന്ന വിജയത്തിൽ തനിക്കുളിലെ ഒതുക്കി വെച്ച അക്നി ഒന്നായി പൊട്ടി ചിതറി പോകുമെന്ന് അനൂപിന് തന്നെ അറിയാമായിരുന്നു.ഒപ്പിട്ട് കഴിഞ്ഞതും രെജിസ്റ്റർ പോവാനിറങ്ങി.അപ്പോഴേക്കും ചുറ്റും കൂവി വിളികളും കയ്യടികളും ഉയർന്നു.കളിയാക്കുന്നതാണോ അഭിനന്ദിക്കുന്നതാണോ എന്നൊരു ശങ്കയോടെ സഞ്ജു ആദിയെ ആണ് നോക്കിയത്.അവന്റെ ദേഷ്യത്തെയാണ് പേടിച്ചതും.അവനാകെ നിലവിട്ട് നിൽക്കുകയാണ്.പക്ഷേ പ്രതീക്ഷിച്ചത് പോലെ ഒന്നുമുണ്ടായില്ല.അവൻ സ്വയമൊതുങ്ങി മാറുന്നതാണ്..ആദി എല്ലാവരേം ഒന്ന് രൂക്ഷമായി നോക്കിയിട്ട്.. മുണ്ടോന്ന് മടക്കി കുത്തി നേരെ കാറിന്റെ അരികിലേക്കാണ് ചെന്നത്.എല്ലാവരും നോക്കി നിൽക്കെ അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.താങ്ങളെ ഇവിടെ നിർത്തിയിട്ടു ആദി പോയി കളയുമോ എന്നൊരു ആശങ്ക സഞ്ജുവിനുണ്ടായിരുന്നു.മാഷിന് പക്ഷേ അപ്പോഴും യാതൊരു കൂസലുമില്ല.അദ്ദേഹം പതിയെ പ്രിയയുടെ അരികിലേക്ക് ചെന്നു.
“അമ്മയോടും ചേച്ചിമാരോടും യാത്ര പറഞ്ഞിട്ട് വാ മോളെ..”അങ്ങേയറ്റം വാത്സല്യത്തോടെയാണ് ആ പറഞ്ഞിട്ടും.എന്നിട്ടും പ്രിയ ഞെട്ടലോടെ അദ്ദേഹത്തെ തുറിച്ചു നോക്കി..”ചെല്ല്… അവനെ ഇനിയും പരീക്ഷിക്കാൻ വയ്യെന്റെ കുട്ടി. ഇന്ന് രാവിലെ മുതൽ തുടങ്ങിയ ഓട്ടപാച്ചിലാ..”കാറിലിരിക്കുന്ന ആദിക്ക് നേരെ നോക്കിയത് പറയുമ്പോൾ മാഷിന്റെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു നിന്നിരുന്നു.എന്തിന്റെ പേരിലായിരുന്നാലും ഇപ്പൊ നീ എന്റെ ആദിയുടെ ഭാര്യയാണ് പ്രിയ… “ദയനീയമായുള്ള അവളുടെ നിൽപ്പ് കണ്ടതും മാഷ് അലിവോടെ പറഞ്ഞു..ഭാര്യ..വിറയലോടെ പ്രിയ പതിയെ മുഖമുയർത്തി നോക്കി.നിന്നെ എനിക്ക് മനസിലാവും മോളെ.. അവനേം. തത്കാലം എല്ലാം നല്ലതിന് എന്നങ്ങു വിചാരിക്കാം നമ്മുക്ക്.. ചെല്ല്. ചെന്നമ്മയോട് പറഞ്ഞിട്ട് വാ..”
മാഷ് പ്രിയയെ സുജയുടെ നേർക്കൊന്ന് പതിയെ തള്ളിയിട്ടു പറഞ്ഞു.പ്രിയ നിർവികാരതയോടെ മാഷിനെയൊന്നു തിരിഞ്ഞു നോക്കി.അദ്ദേഹം അവളെ നോക്കി ചിരിച്ചിട്ട് ചെല്ലെന്ന് തലയാട്ടി.പ്രിയ പതർച്ചയോടെ സുജയുടെ മുന്നിൽ പൊയ് നിന്നു.അമ്മേ…”വിളിച്ചപ്പോഴേക്കും അവൾ വിതുമ്പി പോയിരുന്നു.അവൾക്കൊപ്പം സുജയും.വല്ലാത്തൊരു നിശബ്ദതയിൽ അമ്മയുടെയും മകളുടെയും തേങ്ങൽ മാത്രം മുഴങ്ങി.അതിനിടയിൽ അവരെ ഞെട്ടിച്ചു കൊണ്ട് ആദി കാറിന്റെ ഹോൺ തുടരെ മുഴക്കി തുടങ്ങി.പിടഞ്ഞു മാറിയ പ്രിയയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് സുജ കരച്ചിലൊതുക്കി.
“നന്നായി വരും..”ഒട്ടും പ്രതീക്ഷിക്കാതെ സുമംഗലിയായി തീർന്ന ആ മകളോട് അതിൽ കൂടുതലൊന്നും ആ അമ്മയ്ക്ക് പറയാനുണ്ടായിരുന്നില്ല.ഹൃദയം പൊടിഞ്ഞത് പോലെ കണ്മുന്നിൽ നിന്ന് കരയുന്ന മകളെ സുജ വീണ്ടും നെഞ്ചിലൊതുക്കി പിടിച്ചു.കാരിരുമ്പ് പോലെ മനക്കട്ടി ഉള്ളവളാണ്.. അവളിത്ര മാത്രം തകർന്ന് കരയുന്നുവെങ്കിൽ ആ ഉള്ളത്ര മാത്രം നൊന്തുകാണുമെന്നു ആ അമ്മക്കറിയാം.മാളു അവരെ രണ്ട് പേരെയും നോക്കി നിന്നുവെന്നല്ലാതെ അവർക്കരികിലേക്ക് കൂടി പോയില്ല.അനൂപ് കാറ്റ് പോലെ അകത്തേക്ക് കയറി പോവുന്നത് കണ്ടു.”പോവാം മോളെ…”
മാഷ് വന്നു പ്രിയയുടെ തോളിൽ പിടിച്ചു.
അവൾ സുജയിൽ നിന്നും അകന്ന് മാറി..
“മാഷേ.. ന്റെ കുട്ടി…”സുജ കരച്ചിലോടെ തന്നെ മാഷിന് മുന്നിൽ കൈ കൂപ്പി.”കരയാതെ സുജേ.. ഇനി ഇവൾ എന്റെ കൂടി കുട്ടിയല്ലേ. അവൾക്കൊരു വിഷമവും ഉണ്ടാവാതെ നോക്കേണ്ടത് എന്റെ കടമയാണ്. സുജ ധൈര്യമായിരിക്ക് “മാഷ് ചിരിയോടെ പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ സുജയെ നോക്കി.”നിങ്ങൾക്ക് അമ്മയ്ക്കും മക്കൾക്കും എപ്പോ വേണേലും അങ്ങോട്ട് വരാം.. ഇനിയത് നിങ്ങളുടെ മകളുടെ കൂടി വീടാണ്..”മാഷ് സുജയോട് പറഞ്ഞു.”ഒട്ടും വിഷമിക്കേണ്ട.. ആദിയുടെ ഭാര്യയാവാൻ ഇവൾക്കിത്തിരി സമയം വേണ്ടി വന്നേക്കും. പക്ഷേ ഈ നിമിഷം മുതൽ മാധവന്റെ കൊച്ചു മോളാണ് കൃഷ്ണപ്രിയ..”
ആദിയോടുള്ള അതേ വാത്സല്യമാ മിഴികളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു മാഷത് പറയുബോൾ..
മുന്നിൽ നടക്കുന്ന മാഷിന് പിറകെ സുജയുടെ കൈ പിടിച്ചു നടക്കുമ്പോഴും പ്രിയ വീടിന് നേർക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.ഹൃദയം നുറുങ്ങിയ ഒരു കരച്ചിലിനെ അവൾ ചുണ്ടുകൾക്കിടയിൽ കടിച്ചു പിടിച്ചിരുന്നു.
പത്മയെ കൂടിയൊന്നു കയറി കാണണമെന്നുണ്ടായിരുന്നു.കരഞ്ഞു തകർന്ന് ആ മുറിയിൽ നിന്നൊന്ന് പുറത്തേക്കിറങ്ങാൻ കൂടി കഴിയാതെ അവൾ അവിടയുണ്ടാവും..പക്ഷേ ഇടയ്ക്കിടെ അക്ഷമയുടെ അടയാളപ്പെടുത്തലായി മുഴുങ്ങുന്ന ആ ഹോൺ വിളി.. അതിന് ഉത്തരം കൊടുക്കാൻ വേണ്ടി പ്രിയക്ക് തിരിഞ്ഞു നടക്കേണ്ടി വന്നു…
……..തുടരും..
ദോണ്ട്.. കെട്ട് കഴിഞ്ഞു..ഇതിൽ കൂടുതൽ ന്റെ ചെക്കനിനി ന്തോ വരാനാ..
ന്തോരും സ്വപ്നമുണ്ടായിരുന്നാ പയ്യനാ..
എല്ലാം പോയില്ലേ..ഇപ്പൊ സമാധാനമായല്ലോ നിങ്ങക്ക്.. ല്ലേ 😬
സ്നേഹത്തോടെ jiff❣️❣️