19/04/2026

പ്രിയേ പ്രാണനേ : ഭാഗം 13 & 14

രചന – ജിഫ്ന നിസാർ

തലേന്ന് പ്രിയ പോയി കഴിഞ്ഞതിനു ശേഷമായിരുന്നു രാജീവും മാധവൻ മാഷും തമ്മിലുള്ള കൂടി കാഴ്ച നടന്നത് എന്നതിനാൽ, അതിന്റെ പരിണിത ഫലമായുള്ള കുത്തി പറച്ചിലും അർഥം വെച്ചുള്ള തുറിച്ചു നോട്ടവും പ്രിയക്ക് നേരെ ഭയങ്കരമായിരുന്നു.

അവർ തമ്മിലുള്ള സംസാരമൊന്നും കേട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ ഇതിന് മാത്രം തന്നോട് ഇവർക്കുള്ള വൈരാഗ്യമെന്തെന്ന് പ്രിയക്കും മനസ്സിലായില്ല.

ടാർ ഉരുക്കിയൊഴിച്ചത് പോലെ കറുത്തു കിടക്കുന്ന രാജീവിന്റെ മുഖം.
ഒരക്ഷരം പോലും അയാൾ പ്രിയയോട് പറഞ്ഞില്ലയെങ്കിലും ഓരോ നോട്ടത്തിലും ഒരു ലോഡ് വെറുപ്പിന്റെ കനം അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

രാവിലെ എത്തിയത് മുതൽ തുടങ്ങിയ അസ്വസ്ഥതയുടെ മുറുമുറുപ്പുകളും കൊള്ളിച്ചു പറച്ചിലുകളും.

പ്രിയക്ക് അവിടെ നിന്നിറങ്ങി ഓടാൻ തോന്നി.

അത്ര മാത്രം വീർപ്പുമുട്ടൽ.

വീട്ടിൽ ഏതായാലും സമാധാനമെന്നൊന്നില്ല.
പക്ഷേ ഇവിടെത്തുമ്പോൾ മനസ്സ് വേദനകളിലേക്ക് പോവാത്തവിധം പിടിച്ചു കെട്ടാൻ കെൽപ്പുണ്ടായിരുന്ന സമാധാനം നിറഞ്ഞ ആ ദിവസങ്ങളെ പ്രിയ വെറുതെ ഓർത്തു.

മാധവൻ മാഷ് അന്ന് ലീവാണ് എന്നതും അവളുടെ ശ്വാസം മുട്ടൽ അധികരിപ്പിച്ചു.

മാഷുണ്ടായിരുന്നുവെങ്കിൽ എന്നവൾ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരിന്നു.

എന്ത് പറ്റിയാവോ?

അങ്ങനൊന്നും ലീവെടുക്കാത്ത ആളാണ്‌.

ഒരു അസുഖം വന്നാൽ പോലും അടങ്ങിയിരിക്കാത്ത മാഷ് വരാഞ്ഞത് അവളെ ആശങ്കപ്പെടുത്തി.

“കേട്ടോ രാജീവേ.. ചിലർക്കൊക്കെയിപ്പോ പ്രായം ചെന്നവരോടാ പ്രിയം. അതിന്റെ നന്ദിയവര് കാണിക്കാതിരിക്കുവോ ”
വല്ലാത്തൊരു ചിരിയോടെ വിലാസിനി ടീച്ചർ ഉറക്കെ… എല്ലാവരും കേൾക്കെ തന്നെ വിളിച്ചു പറഞ്ഞതും സ്റ്റാഫ് റൂമിൽ മൊത്തത്തിലൊരു ചിരി കിലുങ്ങി.
പക്ഷേ ഒളിക്കണ്ണിട്ടുള്ള നോട്ടങ്ങളൊക്കെയും പ്രിയയിലാണ് തട്ടി തടഞ്ഞു വീണത്.

അവളാ പറഞ്ഞതിന്റെ പൊരുൾ ചികഞ്ഞു തലപുകക്കാൻ വയ്യെന്നത് പോലെ വേഗം സ്വന്തം സീറ്റിൽ നിന്നുമെഴുന്നേറ്റ് പുറത്തെക്കിറങ്ങി പോയി.

💞💞

“മുത്തച്ചാ….”

ആദിയുടെ വിളി കേട്ടാണ് മാഷ് കണ്ണ് തുറന്നത്.

പനി കുറഞ്ഞിട്ടുണ്ട്.

വെളുപ്പിനെ തുള്ളി വിറച്ചു കൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ട മാഷിനെ ഇനിയും അതേ അവസ്ഥയിൽ വെച്ചോണ്ടിരുന്നാൽ ശരിയാവില്ലെന്നുള്ളത് കൊണ്ടാണ് ആദി ഹോസ്പിറ്റലിൽ പോവാൻ റെഡിയായത്.

അതിന് മുന്നേ അവൻ ബാലൻമാഷിനെയും സഞ്ജുവിനെയും വിളിച്ചു പറഞ്ഞു.

പത്തു മിനിറ്റ് കൊണ്ടവൻ ഒരുങ്ങി ഇറങ്ങി വന്നപ്പോഴേക്കും ബാലൻ മാഷും സഞ്ജുവും അജുവും അവിടേക്കെത്തിയിരുന്നു.

രാത്രി തന്നെ തന്നെ വിളിക്കാഞ്ഞതിനും ഹോസ്പിറ്റലിൽ പോകാത്തതിനും ബാലൻ മാഷ് ആദിയെ ചീത്ത പറയുന്നുണ്ട്, അപ്പോഴും.

ആദി ഒന്നും മിണ്ടാതെ തല കുനിച്ചു.

ആ കാണിച്ചു കൂട്ടുന്ന ദേഷ്യമെല്ലാം വയ്യാതെ അവശനായി കിടക്കുന്ന കൂട്ടുകാരനോടുള്ള സ്നേഹമാണെന്നുള്ള ആദിയുടെ തിരിച്ചറിവ് തന്നെയായിരുന്നു അതിനുള്ള കാരണവും.

പുതപ്പോടെ തന്നെ മാധവൻ മാഷിനെ ആദിയും സഞ്ജുവും കൂടിയാണ് താങ്ങി പിടിച്ചു കാറിലേക്ക് കയറ്റിയത്. അയാൾക്കിരുവശത്തും ആദിയും സഞ്ജുവും കയറിയിരുന്നു.

അജുവാണ് ഡ്രൈവർ. ബാലൻ മാഷ് അവനൊപ്പം മുന്നിലാണ് കയറിയത്.

പക്ഷേ ആ കണ്ണുകൾ ഇടയ്ക്കിടെ പിറകിലേക്ക് നീളുന്നുണ്ടായിരുന്നു.

“പെട്ടന്ന് പോ അജു ”

ഇടക്കൊക്കെ അജുവിനോട് ഉറക്കെ പറയുന്നുണ്ട്.

സ്പീഡ് ഒരല്പം കൂടിയാൽ കണ്ണ് പൊട്ടുന്നത് പോലെ ചീത്ത പറയുന്നയാൾക്ക് അന്ന് റോക്കറ്റ് പോലെ പോയിട്ടും പോരായിരുന്നു.

“ആ പുതപ്പ് നേരെ പിടിച്ചിടെടാ… അവന് തണുക്കും.”

“മിഴിച്ചിരിക്കാതെ അവൻ വീഴാതെ മുറുകെ പിടിക്ക് രണ്ടാളും. അവനൊട്ടും വയ്യ ”
എന്നൊക്ക പിറകിലേക്ക് നോക്കി കൂടെ കൂടെ ആദിയോടും സഞ്ജുവിനോടും പറയുന്നുണ്ടായിരുന്നു.

അരമണിക്കൂർ നേരത്തേ യാത്ര അജു ഇരുപത് മിനിറ്റ് കൊണ്ട് ഓടി തീർത്തുവെങ്കിലും ഇറങ്ങും നേരവും ബാലൻ മാഷ് അവന്റെ പതുക്കെ പോക്കിനെ കുറിച്ച് ദേഷ്യം കാണിക്കുണ്ടായിരുന്നു.

അപ്പോഴേക്കെയും സഞ്ജു പുച്ഛത്തോടെ ആദിയെ തോണ്ടും.

അവൻ നോക്കി കണ്ണുരുട്ടി കാണിക്കുമ്പോൾ വീണ്ടും പഴയ പോലെയവൻ ഡീസന്റാവും.

ഹോസ്പിറ്റലിൽ എത്തുവോളം ഈ കലാപരിപാടി തുടർന്നു.

ഒടുവിൽ പനിക്കുള്ള ഇൻജെക്ഷനും കൊടുത്തിട്ടും ട്രിപ്പ്‌ വേണമെന്ന് ബാലൻ മാഷാണ് പറഞ്ഞത്.

മാധവൻ മാഷിനെ റൂമിലേക്ക് മാറ്റിയിട്ടാണ് അജു തിരികെ പോയത്.

അവനന്ന് ക്ലാസ്സിൽ പോവേണ്ടതുണ്ട്.

അപ്പോഴേക്കും നേരം നല്ലത് പോലെ വെളുത്തിരുന്നു.

“മാധാവാ.. എടാ…”
ആദിക്കൊപ്പം തന്നെ ബാലൻ മാഷ് കൂടി വിളിച്ചതോടെ മാധവൻ മാഷിന്റെ ഉറക്കം തെളിഞ്ഞു.

താനിതെവിടെയാണെന്ന് ആദ്യം മനസ്സിലായില്ല.

“എങ്ങനെ ഉണ്ടെടോ?”
ബാലൻ മാഷ് വീണ്ടും ചോദിച്ചു.

“രാത്രിയിൽ തന്നെ ഇവിടെത്തിയോടാ?”
പതിയെ കൈ കുത്തി കിടക്കയിൽ എഴുന്നേറ്റിരിന്നു കൊണ്ട് മാധവൻ മാഷ് ബാലൻ മാഷിനെ നോക്കി.

“എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട. അമ്മാതിരി പനിയായിരുന്നു. ആദി ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ടും നീ പോവാത്തത് കൊണ്ടല്ലേ.. ഇതിപ്പോ ഈ അവസ്ഥയിൽ എത്തിയത്?.”

ബാലൻ മാഷ് അപ്പോഴും ദേഷ്യം വിട്ടിട്ടില്ല.

“കുറയുമെന്ന് കരുതി ബാല ”

മാധവൻ മാഷ് അവശതയോടെ പറഞ്ഞു.

“ഞാൻ ഡോക്ടറെ വിളിച്ചു വരാം മുത്തച്ഛ.. ഉണർന്നിട്ട് ചെന്ന് പറയാൻ പറഞ്ഞിരുന്നു ”

അതും പറഞ്ഞു കൊണ്ട് ആദി മുറിയുടെ പുറത്തേക്കിറങ്ങി.

ബാലൻ മാഷിനെയും മാധവൻ മാഷിനെയും ഒന്ന് നോക്കിയിട്ട് സഞ്ജുവും വേഗം ആദിക്ക് പിറകെയിറങ്ങി.

ഡോക്ടർ വന്നു നോക്കിയിട്ട് അന്ന് അവിടെ കിടന്നോട്ടെ.. നാളെ രാവിലെ പോകാമെന്നു പറഞ്ഞത് മുതൽ തുടങ്ങിയതാണ് മാധവൻ മാഷ്..

തനിക്കിപ്പോ യാതൊരു കുഴപ്പമില്ല. വീട്ടിലെത്തി ഒന്ന് നന്നായി കുളിച്ചാൽ തീരുന്ന ക്ഷീണം മാത്രമാണ് ഉള്ളതൊന്നും.. ഇവർ വെറുതെ കാശ് തട്ടിപ്പ് നടത്താൻ പിടിച്ചു കിടത്തിയതാണ്.. പ്രവറ്റ് ഹോസ്പിറ്റലിൽ ഇതല്ല ഇതിനപ്പുറവും നടക്കും.. അസുഖം പോലും കച്ചവടം ചെയ്യുന്ന രാക്ഷസൻമാരാണ് ഇവിടുള്ളത് എന്നൊക്കെയാണ് മാഷിന്റെ വാദം.
ഉച്ചക്കുള്ള ഭക്ഷണവും കൊണ്ട് വരാമെന്നു പറഞ്ഞിട്ട് ബാലൻ മാഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു.

ആദിയും സഞ്ജുവും ആവും പോലെ പറഞ്ഞിട്ടും മാഷിന്റെ മുഖം തെളിഞ്ഞില്ല.

വൈകുന്നേരം താൻ എന്തായാലും വീട്ടിലേക്ക് പോകും. അതിനുള്ള സൗകര്യം ഒരുക്കി തരണമെന്ന് ഡ്രിപ്പിടാൻ വന്ന നേഴ്സിനോട് യാതൊരു മയവുമില്ലാതെ മാഷ് പറഞ്ഞു.

കാർകശ്യം നിറഞ്ഞ ആ വാക്കുകൾക്ക് മുന്നിൽ നേഴ്സ് ഭയന്നു പോയിരുന്നു.

ആദിയവരെ വല്ലായ്മയോടെ നോക്കി.

“നീ എവിടെ പോണ്?”
ഡ്രിപ്പ് കണക്ട് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി പോവുന്ന നേഴ്സിന് പിറകെ പോകാൻ തുനിഞ്ഞ സഞ്ജുവിനെ പിടിച്ചു നിർത്തി കൊണ്ട് ആദി ചോദിച്ചു.

“ആ കുട്ടിക്ക് സങ്കടമായെന്ന് തോന്നുന്നു. ഞാനൊന്ന് ആശ്വാസിപ്പിച്ചിട്ട് വരാടാ ”
സഞ്ജു പതിയെ പറഞ്ഞു.

“ഏത് കുട്ടിക്ക്?”
ആദിയുടെ കണ്ണ് മിഴിഞ്ഞു പോയി.

“ശേ. ഇങ്ങനൊരു പൊട്ടൻ ”
സഞ്ജു ആദിയുടെ തലയിലൊന്ന് തട്ടി.

“എടാ ആ നേഴ്സ് കുട്ടിക്ക്. ഈ മാഷ് ചില നേരം ഇങ്ങനാ. ആളും തരവും നോക്കാതെ ഓരോന്നു വിളിച്ചു പറഞ്ഞു. പാവം ആ നേഴ്സ് കുട്ടി. അതിനെന്തോരും സങ്കടമായിട്ടിട്ടുണ്ടാവും. കഷ്ടം ”

പനിയുടെ ക്ഷീണം കൊണ്ട് വീണ്ടും മയങ്ങാൻ തുടങ്ങിയ മാഷിനെയൊന്ന് നോക്കി സഞ്ജു പല്ല് കടിച്ചത് കണ്ടിട്ട് ആദി അവനെ തുറിച്ചു നോക്കി.

“ഞാനൊന്ന് പോയി രണ്ടു വാക്ക് പറഞ്ഞു സമാധാനം കൊടുത്തിട്ട് വരാം ആദി. ഇല്ലേൽ നമ്മക്കും ഹൃദയമില്ലെന്ന് ആ കുട്ടിയെങ്ങാനും കരുതിയാ നമ്മൾക്കതു മോശമായി പോവില്ലേ..?”
സഞ്ജു വീണ്ടും പോവാൻ തിരിഞ്ഞു.

പക്ഷേ മുന്നോട്ട് നടക്കും മുന്നേ ആദിയവനെ പിടിച്ചു വലിച്ചിട്ടു അവരികിൽ തന്നെയിരുത്തി.

“എടാ കാട്ടുകോഴി.. ഇരിയെടാ അവിടെ. ഒതുക്കത്തിൽ ലൈൻ വലിക്കാനുള്ള, നിന്റെ ഐഡിയ എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ നീ?”
ആദിയവന്റെ കൈ പിടിച്ചു ഞെരടി.

“ഹാ… വേദനിക്കുന്നെടാ പിശാച്ചെ.. പിടി വിട്.. പിടി വിട് ”

സഞ്ജു പരിസരം പോലും മറന്നു കൊണ്ട് അലറി വിളിച്ചു.

“എന്താടാ…?”
ഉറങ്ങി തുടങ്ങിയ മാധവൻ മാഷ് അവന്റെ നിലവിളി കേട്ട് ഞെട്ടി കൊണ്ട് ചോദിച്ചു.

“ഒന്നുല്ല മുത്തച്ച.. അവൻ വെറുതെ.. കൈ എവിടെയോ തട്ടിയതാ. അല്ലേടാ..?”

ആദി നിഷ്കളങ്കതയോടെ സഞ്ജുവിനെ നോക്കി.അവൻ ആണെന്നോ അല്ലെന്നോ പറയാതെ ആദിയെ തുറിച്ചു നോക്കി.

“രണ്ടും കൂടി ഇവിടെ തന്നെ കുത്തിയിരിക്കണ്ട. പുറത്തേക്ക് പോയിക്കോ വേണമെങ്കിൽ. ഇത് തീരാൻ ഏതായാലും സമയമെടുക്കും ”
വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പോടെ മാഷ് പറഞ്ഞു.

“വാടാ…”

സഞ്ജുവിനെയും വിളിച്ചു കൊണ്ട് ആദി പുറത്തേക്കിറങ്ങി.

“നീയൊക്കെ വിദേശത്തു പോയതിന് പകരം ഞാനവണമായിരുന്നു ”

സഞ്ജു ആദിയെ വരാന്തയിൽ കൂടി നടക്കുന്നതിനിടെ ആദിയെ നോക്കി പറഞ്ഞു.

“അതെന്താ.. നിനക്കിപ്പോ അങ്ങനൊരു തോന്നൽ?”
ആദിയുടെ നെറ്റി ചുളിഞ്ഞു.

“അല്ല… ഒരുമാതിരി പട്ടിക്കാടുള്ള സ്വഭാവം വെച്ച് നീ അവിടെ പോയിട്ടും ഒന്നും നേടാനില്ല. പക്ഷേ ഞാൻ പോയാ.. സംഭവം പൊളിക്കും ”
ഒറ്റ കണ്ണിറുക്കി സഞ്ജു പറഞ്ഞു.

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത് പോലെ ആദിയൊന്ന് തലകുലുക്കി.

“ആദിത് മഹാദേവിന് അങ്ങനെ വഴിയേ വരുന്നോർക്കും പോണോർക്കും വീതിച്ചു കൊടുക്കാൻ മാത്രം സ്നേഹമില്ലെടാ കോഴി കുഞ്ഞേ..”
ആദി സഞ്ജുവിനെ നോക്കി ചിരിയോടെ പറഞ്ഞു.

“ഹാ.. അല്ലേലും ഏറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം കല്ല് കൊടുക്കില്ലല്ലോ. പറഞ്ഞിട്ട് കാര്യമില്ല.”

സഞ്ജുവൊരു നെടുവീർപ്പോടെയാണ് പറയുന്നത്.

“അങ്ങനെ അല്ലടാ.. എനിക്കായ് ഒരുവൾ വരും. എന്റെ സ്നേഹം മൊത്തം അവൾക്കുള്ളതാ.. അവൾക്ക് മാത്രമുള്ളതാ..”

ആദിയുടെ ശബ്‍ദം ആർദ്രമായിരുന്നു അത് പറയുബോൾ…

സഞ്ജു ഒന്ന് നീട്ടി മൂളി കൊണ്ട് തലയാട്ടി..

തുടരും…

നേഴ്സ് പറഞ്ഞു കൊടുത്ത റൂം നമ്പർ തപ്പി ധൃതിയിൽ നടക്കുകയാണ് പ്രിയ.
ഒന്നാമതേ മാഷിന് വയ്യെന്ന് കേട്ടപ്പോഴുണ്ടായ പരിഭ്രമമുണ്ടവൾക്ക്.

മാഷ് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് കൂടി കേട്ടപ്പോൾ തുടങ്ങിയതാണ് ഹൃദയത്തിന്റെ വികൃതി, വെറുതെ പേടിപ്പിച്ചു കൊണ്ട്.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ ശേഷം പ്യുണ് മണിട്ടനെ പോയി കണ്ടു ചോദിച്ചതാണ്.. “മാധവൻ മാഷാന്തേ വരാഞ്ഞതെന്ന്?”
കാരണം അത് വരെയും സ്വസ്ഥതയെന്തെന്ന് അറിയാത്ത നിമിഷങ്ങളിൽ കൂടിയാണ് അവൾ കടന്നു പോയത്.

മാഷ് വരാതിരിക്കാൻ കാരണമിനിയെന്ത് തന്നെയായാലും അത് മണിയേട്ടൻ അറിയാതിരിക്കില്ലെന്നുറപ്പുണ്ട്.

മാധവൻ മാഷിന്റെ ഫോൺ നമ്പർ കയ്യിലുണ്ടായിട്ടും വിളിച്ചു നോക്കാനൊരു മടി.
സ്നേഹത്തിനുമപ്പുറം ബഹുമാനവും കൃതക്ഞ്ഞയും നിറഞ്ഞൊരു ഇഷ്ടമാണാ മനുഷ്യനോട്‌.

“നീയെനിക്കെന്റേ കൊച്ചു മോളെ പോലാണ് പ്രിയേ “എന്ന് വാത്സല്യത്തോടെ പറഞ്ഞു കേൾക്കുമ്പോഴൊക്കെയും ഒരിക്കലും നടക്കില്ലെന്നുറപ്പുണ്ടായിരുന്നിട്ടും താൻ എത്രയോ കൊതിച്ചിട്ടുണ്ട്.. ഇനിയും ബാക്കിയുള്ള ജീവിതം ആ സ്നേഹനിധിയായ മനുഷ്യന്റെ കൂടെ.. ആ വാത്സല്യവും സ്നേഹവും ആവോളം ആസ്വദിച്ചു കൊണ്ട് അദ്ദേഹം മനസ്സ് കൊണ്ട് ചാർത്തി നൽകപ്പെട്ട ആ കൊച്ചു മോളെന്ന പദവിയിൽ ജീവിച്ചു തീർക്കാൻ.

നടക്കില്ലല്ലെന്നുറപ്പുള്ള മോഹങ്ങൾക്ക് ആത്മാർത്ഥ അൽപ്പം കൂടുമല്ലോ?

സ്കൂളിൽ നിന്നിറങ്ങി ബസ് പിടിച്ചു മണിയേട്ടൻ പറഞ്ഞു കൊടുത്ത ഹോസ്പിറ്റലിന്റെ മുന്നിലെത്തി നിൽക്കുമ്പോൾ ഉള്ളിലുള്ള പരവേശം വീണ്ടും കൂടി.

കണ്മുന്നിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടത്തിൽ.. മാഷിനെ എവിടെ പോയി തിരഞ്ഞു പിടിക്കുമെന്റെ ദൈവമേ എന്നൊരു ആശങ്ക അവളെയൊന്നാകെ പൊതിഞ്ഞു നിന്നിരുന്നു.

“പകച്ചു നിന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. വായിലൊരു നാക്കുണ്ടല്ലോ.. അങ്ങോട്ട്‌ പോയി അന്വേഷിച്ചു കണ്ട് പിടിക്കെന്ന് “അവൾ അവളോട് തന്നെ സ്വയം പറഞ്ഞു.

തോറ്റു പോകുമെന്ന് ഭയപ്പെടുന്ന നിമിഷങ്ങളിലൊക്കെയും മൊറ്റീവ് ചെയ്യാൻ ആരെയും കാത്ത് നിന്ന് ശീലിച്ചിട്ടില്ല.

ചിലപ്പോഴോക്കെയും നമ്മൾക്ക് നമ്മളെക്കാൾ മികച്ചൊരു കൂട്ട്… തേടി കണ്ട് പിടിക്കുകയെന്നത് അസാധ്യമായിരിക്കും!

മനസ്സ് കൊടുത്ത ധൈര്യത്തിലാണ് റെസിപ്ഷനിൽ പോയി മാഷിനെ കുറിച്ച് അന്വേഷണം നടത്തിയത്.

അവളുടെ പരിഭ്രമം മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു, അവിടെയുണ്ടായിരുന്ന സുന്ദരിപെൺകുട്ടി.. ശാന്തമായി അവൾക്ക് മനസ്സിലാവുന്ന രീതിയിൽ മാഷിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു കൊടുത്തത്.

അവളോട് നന്ദി പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പ്രിയക്ക് അൽപ്പം ആശ്വാസം തോന്നി.

തന്നെ കൊണ്ട് സാധിക്കുമെന്നവൾ കൂടെ കൂടെ പറയുന്നുണ്ടായിരുന്നു.

മാഷേ കണ്ടിട്ട് പെട്ടന്നിറങ്ങണം.

ഇല്ലേൽ വീട്ടിലെത്തുമ്പോൾ ഒരുപാട് താമസിക്കും.

ഒറ്റക്ക് പോവാൻ പേടിയൊന്നുമില്ല.
പക്ഷേ വീട്ടിൽ അമ്മയും പത്മയും താനെത്തുവോളം ശ്വാസം പിടിച്ചിരിക്കേണ്ടി വരും.

പ്രിയയുടെ കാലുകൾക്ക് വീണ്ടും വേഗമേറിയ ആ നിമിഷം തന്നെയാണ് വരാന്തയിൽ നിന്നുമുള്ള വളവ് തിരിഞ്ഞു വന്ന ആരോ അവളെ ശക്തിയായി ഇടിച്ചത്.

നിലതെറ്റി തറയിൽ തലയിടിച്ചു വീഴുന്നതും തലപൊട്ടി ചോരയൊഴുകി പരക്കുന്ന തന്നെയും.. തനിക്ക് വേണ്ടി കരയുന്ന അമ്മയുമെല്ലാം അത്രയും കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രിയയുടെ ഓർമയിൽ പുളഞ്ഞു കയറി.

തല പൊട്ടി രക്തംപടർന്നൊഴുകുന്നത് കാണാൻ വയ്യെന്നുള്ളത് പോലെ പ്രിയ കണ്ണുകൾ ഇറുക്കിയടച്ചു.
പക്ഷേ നിമിഷങ്ങൾ കഴിഞ്ഞിട്ടും താനിപ്പോഴും വീണില്ലെന്നുള്ള തിരിച്ചറിവിൽ അവൾ കണ്ണുകൾ തുറന്നു.

ഇടുപ്പിൽ അമർന്നു പോയ കരുത്തുള്ളൊരു കൈ.!

തൊട്ടരികിൽ മനം മയക്കുന്നൊരു ഗന്ധം.

താനാരുടെയോ കൈ പിടിയിലൊതുങ്ങി നിൽപ്പാണെന്ന് മനസ്സിലായതും അവൾക്കുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞൊളിച്ചു.

“മുഖത്ത് അതിനെക്കാളും വട്ടത്തിൽ രണ്ടു കണ്ണുണ്ടായിട്ടും ആളെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ ..”

ഗൗരവം നിറഞ്ഞ ആ സ്വരവും തൊട്ടരികിൽ നിന്നാണ്.

ഇടുപ്പിലെ കൈകൾ മാറി നീങ്ങിയതും പ്രിയ നേരെ നിന്നു.

രണ്ട് പേരുണ്ട് മുന്നിൽ!

അതിലൊരുത്തൻ കിളി പോയ പോലെ നിൽപ്പാണെങ്കിൽ.. മറ്റൊരുത്തന്റെ ഭാവം തന്നെ അരച്ച് കൊടുത്താൽ കുടിക്കുമെന്നുള്ള പരുവത്തിലാണ്.

അങ്ങനെയാണെങ്കിൽ.. താനിടിച്ചു വീഴാൻ ആഞ്ഞതും.. തന്നെ വീഴാതെ മുറുകെ പിടിച്ചതും ലവനവാനാണ് സാധ്യത.

“എന്താ.. ഇനിയുമിങ്ങനെ നോക്കി പേടിപ്പിക്കുന്നത്.?”
ആദി പ്രിയയുടെ നേരെ നോക്കി.

“ഇയാളല്ലേ എന്നെയിങ്ങോട്ട് വന്നിടിച്ചിട്ടത്..?”
പ്രിയയും വിട്ട് കൊടുത്തില്ല.

“ഓഹോ.. അതിപ്പോ അങ്ങനായോ.. വളവ് തിരിഞ്ഞ് വരുമ്പോൾ കൊറച്ചു സ്പീഡ് കുറച്ചാലെന്തായിരുന്നു നിനക്ക്.. എന്നിട്ടവളുടെയൊരു ന്യായം ”

ആദി പ്രിയയെ നോക്കി ചീറി.എന്ത് കൊണ്ടോ അവനൊരുപാട് ദേഷ്യം വന്നിരുന്നു.

“പിന്നെ.. ഞാൻ നാഷണൽ പെർമിറ്റെടുത്ത ലോറിയാണല്ലോ, വളവിൽ നിന്നും സ്പീഡ് കുറക്കാൻ. ഹോൺ കൂടി അടിക്കണമായിരുന്നു എന്ന് പറയാഞ്ഞതെന്റെ ഭാഗ്യം ”

പ്രിയ ആദിയെ നോക്കി ചുണ്ട് കോട്ടി പറഞ്ഞതും സഞ്ജു ഉറക്കെ ചിരിക്കാൻ തുടങ്ങി.

ആദിയുടെ ഒറ്റ നോട്ടത്തിൽ സ്വിച്ചിട്ടത് പോലെ ആ ചിരി ഇളിയായി അവസാനിക്കുകയും ചെയ്തു.

“പെണ്ണുങ്ങളായാ ഇച്ചിരി അടക്കത്തിലും ഒതുക്കത്തിനും നടന്നു പഠിക്ക് ”

ആദി പുച്ഛത്തോടെ പ്രിയയെ നോക്കി.

“ഹലോ.. ചേട്ടാ… ഈ അടക്കവും ഒതുക്കവും പെണ്ണുങ്ങൾക്ക് മാത്രം പതിച്ചു കിട്ടിയ തറവാട്ടു സ്വത്തല്ല കേട്ടോ. ആണുങ്ങൾക്കുമാവാം അത് ”
അതേ പുച്ഛം പ്രിയ അവന് നേരെയും നീട്ടി.

“ഏയ്‌.. വെറുതെ ഇതൊരു സീൻ ആക്കണ്ട. തെറ്റ് ഇവന്റെ ഭാഗത്ത് തന്നെയാണ് ”

പോര് കോഴികളെ പോലെ പരസ്പരം തുറിച്ചു നോക്കി അടുത്ത വാക്കുകൾ കൊണ്ടുള്ള അമ്പു തൊടുക്കാൻ റെഡിയായി നിൽക്കുന്ന പ്രിയയുടെയും ആദിയുടെയും നടുവിലേക്ക് കയറി നിന്നിട്ട് സഞ്ജു ഒരു അനുനായ ചർച്ചക്കൊരുങ്ങി.

“ആരുടെ തെറ്റ്.. ഒന്നൂടെ പറഞ്ഞേ നീ?”
സഞ്ജുവിന്റെ കഴുത്തിൽ കൈ കൊണ്ട് ലോക്കിട്ട് കൊണ്ട് ആദി അവനെ പിന്നിൽ നിന്നും പിടിച്ചു.

“നമ്മൾ രണ്ടു കൂട്ടതുടെയും തെറ്റ്.. ഹൂ.. കയ്യേഡ്.. വേദനിക്കുന്നെടാ തെണ്ടി…”

സഞ്ജു അടഞ്ഞ ശബ്ദത്തിൽ വളരെ പെട്ടന്ന് തന്നെ കളം മാറി ചവിട്ടി.

“അങ്ങനെ..അങ്ങനെ വ്യക്തമായി പറഞ്ഞു കൊട്.. ഈ മരംകേറിക്ക്‌ ”

ആദി വീണ്ടും പ്രിയയെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

“ടോ.. മാന്യമായി സംസാരിക്കണം ”
പ്രിയ ആദിക്ക് നേരെ വിരൽ ചൂണ്ടി.

ദേഷ്യം കൊണ്ടവളുടെ ചുവന്നു പോയ മുഖത്തേക്ക് സഞ്ജു കൗതുകത്തോടെയാണ് നോക്കുന്നത്.

“തനിക്കിപ്പോ ഞാൻ തരുന്ന മാന്യത തന്നെ തനിക്ക് ധാരാളമാണ് ”
ആദിയും അവളെ നോക്കി ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.

“അതെനിക് തന്നെ കണ്ടപ്പഴേ മനസ്സിലായി. നല്ല മാന്യതയുള്ള കൂട്ടത്തിലാ താനെന്ന് ”

പ്രിയയൊരു ആക്കി ചിരിയോടെ മുഖം തിരിച്ചു.

“ദേ…പെണ്ണേ…”
ആദി അവൾക്ക് നേരെ ചാടും മുന്നേ സഞ്ജു അവനെ വട്ടം പിടിച്ചു.

“വേണ്ടളിയാ.. നിയമം പോലും നമ്മൾ പറയുന്നത് കേൾക്കൂല. പിന്നല്ലേ നാട്ടുകാരും വീട്ടുകാരും ”
സഞ്ജു ആദിയുടെ കാതിൽ അടക്കം പറഞ്ഞു.

“അല്ല പിന്നെ.. ഇങ്ങോട്ട് ഇടിച്ചു കയറി വന്നിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ നീ..”
ആദി വീണ്ടും പ്രിയക്ക് നേരെ വിരൽ ചൂണ്ടി.

“താനയാളെ വിടെടോ.. എന്താ ചെയ്യുന്നതെന്ന് നോക്കട്ടെ ”
പ്രിയ അവർക്ക് മുന്നിൽ കൈ കെട്ടി നിന്നു.

“എന്റെ പൊന്ന് പെങ്ങളെ.. ഒരബദ്ധം പറ്റിയതാ. ദയവായി പ്രശ്നമുണ്ടാക്കരുത്. ഇനി മുതൽ ഇവൻ…”

സഞ്ജു പറയുന്നത് കേട്ടതും ആദിയവനെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.

“സോറി.. സോറി.. ഞങ്ങൾ സൂക്ഷിച്ചു നടന്നോളാമേ…ഇപ്രാവശ്യം പെങ്ങളൊന്ന് ക്ഷമി.. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്നാരോ പറഞ്ഞിട്ടുള്ളത് പെങ്ങൾക്കും അറിയാവുന്നതല്ലേ.?ദയവായി ഇപ്പൊ പോ.. ഇനിയൊരിക്കലും നേരിട്ട് കാണാൻ… വിധിയില്ലാതിരിക്കട്ടെ..”

ആദിയെ അടക്കി പിടിച്ചു കൊണ്ടാണ് സഞ്ജു ഒറ്റ വീർപ്പിന് പ്രിയയെ നോക്കി അത്രയും പറഞ്ഞത്.

രണ്ടു കൈകൾ കൊണ്ടും ആദിയെ പിടിച്ചു നിർത്തിയത് കൊണ്ട് മാത്രം അവന് കൈ കൂപ്പാൻ പറ്റിയില്ല.

ഇല്ലെങ്കിൽ അവനതും ചെയ്യുമായിരുന്നെന്ന് പ്രിയക്ക് തോന്നി.

“മ്മ്. തത്കാലം ഞാൻ ക്ഷമിച്ചു. ഈ ബുദ്ധി നീ നിന്റെ കൂട്ടുകാരനെ കൂടി ഉപദേശിച്ചു കൊടുക്കുന്നത് വളരെ നന്നായിരിക്കും ”

ആദിയെ ഒന്നൂടെ പുച്ഛത്തോടെ നോക്കിയിട്ട് പ്രിയ വളരെ കാര്യമായി സഞ്ജുവിനെ ഉപദേശിച്ചു.

“ഇവളെയിന്ന് ഞാൻ…”
വീണ്ടും ദേഷ്യത്തോടെ തന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചവന്റെ വാ കൂടി പൊതിഞ് പിടിച്ചിരുന്നു സഞ്ജുവപ്പോൾ.

“ഒന്ന് പോഡെ…”
അത് പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്ന പ്രിയയെ നോക്കി സഞ്ജുവെന്ന് നെടുവീർപ്പിട്ട് ആശ്വാസിച്ച അതേ സമയം തന്നെയാണ് തന്നെ പിടിച്ചു വെച്ച അവന്റെ കൈകൾ ആദി പിന്നിലേക്ക് വളച്ചു പിടിച്ചത്.

“എന്തിനാടാ നാറി… ഇനിയെന്റെ മെക്കിട്ട് കേറുന്നത്?”
സഞ്ജു വേദനയോടെ പല്ല് കടിച്ചു.

“എടാ കാട്ട് കോഴി..എന്തൊക്കെയാ നീ വിളിച്ചു പറഞ്ഞത്?”

ആദി അവന്റെ നേരെ നോക്കി ചോദിച്ചു.

“പിന്നെ പറയാതെ.. ഇല്ലെങ്കിൽ രണ്ടിൽ ഒന്നിനെ ഇവിടെ തന്നെ അഡ്മിറ്റ് ചെയ്യേണ്ടി വന്നേനെ..”

സഞ്ജു ദേഷ്യത്തോടെ പറഞ്ഞതും ആദിയുടെ പിടി അയഞ്ഞു.

“അവളുടെ അഹങ്കാരത്തിനു രണ്ടടി കൂടി കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാ എന്റെ സങ്കടം ”
ആദി പ്രിയ പോയ വഴിയേ നോക്കി പല്ല് കടിച്ചു.

“ആ..ടാ . അതിന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നിപ്പോ. എങ്കിൽ നേരെ ജയിലോട്ട് എൻട്രി കിട്ടിയേനെ ”
സഞ്ജു ചുണ്ട് കോട്ടി.

“പിന്നേ…”
ആദി അവനെ പുച്ഛത്തോടെ നോക്കിയിട്ട് മുന്നോട്ടു നടന്നു.

“പൊന്നുമോന് വിദേശത്തായിരുന്നത് കൊണ്ട് നാട്ടിലെ നിയമങ്ങളെ കുറിച്ച് വല്ല്യ ധാരണയില്ലല്ലോ . അതാണ്‌ ഈ പുഞ്ഞം..”
സഞ്ജു ആദി പിടിച്ചു തിരിച്ച കൈ കുടഞ്ഞു കൊണ്ട് അവനൊപ്പം നടക്കുന്നതിനിടെ പറഞ്ഞു.

“എടാ.. ആണുങ്ങൾക്കിവിടെ പുല്ല് വിലയാ. ഇവളുമാർ കേറി പിടിച്ചെന്നും കെട്ടിപ്പിടിച്ച് ഉമ്മിച്ചെന്നും ചുമ്മാ പ്രശസ്തി നേടാൻ വേണ്ടി ഏതെങ്കിലുമൊരു തൊലിഞ്ഞ ചാനലിന്റെ മുന്നിൽ പോയി ഷോ കാണിക്കാൻ തുനിഞ്ഞാ, അതിന് പിറകെയും കടിച്ചു തൂങ്ങാൻ കുറേ ഊച്ചാളികളുള്ള ലോകമാ ഇത്. സോഷ്യൽ മിഡിയയും കുറേ കൂറ ചാനലുകാരും അത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന പരുവത്തിലാ. അതിനിടയിൽ ഇമ്മാതിരി ഐറ്റങ്ങളോട് ഇടപെടുന്നത് അൽപ്പം സൂക്ഷിച്ചു വേണം…”

സഞ്ജു വളരെ കാര്യമായി തന്നെ പറയുന്നുണ്ട്.

“ഞാൻ തെറ്റായി ഒന്നും ചെയ്യുന്നില്ലെന്ന് എനിക്ക് ബോധ്യമുണ്ടായ പോരെ. പിന്നെ ആരെന്തു പറഞ്ഞാലും എനിക്കെന്താ..?ഒന്നുല്ല..”

ആദി കൂസലൊന്നും കൂടാതെ പറഞ്ഞതും സഞ്ജു ചുണ്ട് കോട്ടി കൊണ്ട് തലയാട്ടി .

“തോന്നലാടാ കുട്ടാ… ഏറ്റു പാടാൻ ആളുണ്ടെങ്കിൽ.. അവന്മാർ മെനഞ്ഞുണ്ടാക്കുന്ന കഥ കേട്ടാ ചിലപ്പോ നമക്ക് തന്നെ തോന്നി പോകും, നമ്മളിനി അങ്ങനെ ചെയ്ത് പോയോ ന്ന്. അമ്മാതിരി സൈബർ അറ്റാക്ക് ചെയ്യാൻ കഴിവുള്ള മനുഷ്യരാണ് നമ്മുക്ക് ചുറ്റും..”

ആദി പിന്നൊന്നും പറയാതെ മുന്നോട്ടു നടന്നു.

“പേരും പ്രസ്തിയും മാത്രം മോഹിച്ചു നടക്കുന്നവർക്ക് മാന്യതയുണ്ടാവുമെന്ന് തെറ്റ്ധരിക്കാൻ പാടില്ലല്ലോ. എത്ര കാശുണ്ടേലും.. എത്ര സ്നേഹിച്ചും ആരാധിച്ചും കൊണ്ട് നടന്ന വ്യക്തികലാണേലും നാറിയാ… അതിന്റെ പത്തിലൊരംശം പോലും സഹതാപം പ്രതീക്ഷിക്കരുത്. എവിടുന്നും കിട്ടൂലാ..”
സഞ്ജു ആദിയെ നോക്കി.

അവനപ്പോഴും ഒന്നും മിണ്ടിയില്ല.

“എന്നാലുമെന്റെ പഹയാ.. ഓരോ പയ്യന്മാർ സ്വപ്നം കണ്ടു നടക്കുന്ന സീനാണ് കൊറച്ചു മുന്നേ അരങ്ങേറിയത്..”

സഞ്ജുവാ പറഞ്ഞത് അൽപ്പം നഷ്ടബോധത്തോടെയായിരുന്നു.

ആദി വീണ്ടും അവനെ കലിപ്പിച്ചു നോക്കി.

“എന്ത് സ്വപ്നം..?”

“നമ്മൾ നടന്നു പോകുമ്പോൾ.. ഒരു പെൺകുട്ടി നെഞ്ചിൽ വന്നലച്ചു വീഴുന്നു.. നമ്മൾ അവളെ നിലംതൊടും മുന്നേ പിടിച്ചു നിർത്തുന്നു.. കണ്ണിൽ കണ്ണിൽ നോക്കി കുറേ നിമിഷങ്ങൾ സ്വയം മറന്നു നിൽക്കുന്നു.. നോട്ടം നേരെ ഹൃദയത്തിലേക്ക് ചെല്ലുന്നു..സ്പാർക്ക് തോന്നുന്നു.. ഒടുവിൽ പ്രേമം സ്റ്റാർട്ട് ചെയ്യുന്നു.. പിന്നെ.. കറക്കം.. സിനിമ.. ഷോപ്പിങ്… ഒടുക്കം കല്യാണം..ആഹാ..”സഞ്ജു പറയുന്നത് കേട്ട് ആദി നടത്തം നിർത്തി അവനെ തുറിച്ചു നോക്കി.

“എന്തേ നിർത്തിയത്… കുടുംബവും കുട്ടികളും അവരുടെ കുട്ടികളുമൊക്കെ ആവാമായിരുന്നു ”
ആദി കണ്ണുരുട്ടി.

“ആഹ്.. അതൊക്കെ ഒറ്റ നിമിഷം കൊണ്ട് സ്വപ്നം കാണും.. ഇവിടൊരുത്തൻ … ആ സുന്ദരി പെങ്കൊച്ചിന്റെ മുഖത്തു നോക്കി ചീത്ത വിളിച്ചിട്ടും പിന്നെയും മതിയാവാതെ അവളോട് വഴക്കിനു പോയിരിക്കുന്നു.. ദുഷ്ടൻ ..പിശാച്… മനസാക്ഷി ഇല്ലാത്തവൻ ”

സഞ്ജുവിനും കലിപ്പ് തീരുന്നില്ല.

“പറഞ്ഞിട്ട് കാര്യമില്ലടാ..എന്നെ പോലെ സ്നേഹം വാരി കോരി കൊടുക്കാൻ മനസ്സുള്ളവർ ക്യു ഉണ്ടേലും നിന്നെ പോലുള്ള മൂശേട്ടകളുടെ മുന്നിലെ ദൈവം കൃത്യമായി കൊണ്ടിത്തിക്കൂ… ആ.. യോഗമില്ല.. അല്ലാതെന്ത്..”

സഞ്ജുവിന്റെ നെടുവീർപ്പ് കണ്ടതും ആദിക്ക് വീണ്ടും ചിരി വന്നു.

“ചിരിക്കെടാ.. നീ ചിരിക്ക്.. അവന്റെയൊരു ഒടുക്കത്തെ കലിപ്പ്…”

സഞ്ജു ആദിയെ കലിപ്പിച്ചു നോക്കി.

“വേണ്ടടാ.. ഞാൻ പിന്നെ നിന്നെ പോലെയൊരു പെണ്ണിന്റെ നിഴല് കണ്ടാൽ ഒലിപ്പിച്ചോണ്ട് നടക്കാം.. ന്താ മതിയോ..?”
നടുവിന് കൈ കുത്തി നിന്നിട്ട് ആദി സഞ്ജുവിനെ നോക്കി.

വൈകുന്നേരമായത് കൊണ്ട് തന്നെ അവിടെ ആളുകൾ സന്ദർശനായെത്തി തുടങ്ങിയിട്ടുണ്ട്.

ഉച്ച തിരിഞ്ഞതോടെ വീണ്ടും ഹോസ്പിറ്റലിൽ തിരക്ക് തുടങ്ങി.

എതിരെ നടന്നു വരുന്നരിൽ പലരും ആദിയെയും സഞ്ജുവിനെയും നോക്കുന്നുണ്ട്.

“നിന്നെയാരാ വിദേശത്തു വിട്ടത്… മണ്ടൻ..”
സഞ്ജു വീണ്ടും ആദിയെ നോക്കി പുച്ഛിച്ചു.

“മാധവൻ മാഷറിയണം.. നിന്റെ ഇന്നത്തെ കലാപരിപാടി. പെൺകുട്ടികളെ ബഹുമാനിക്കണമെന്ന് മിനിറ്റിന് മിനിറ്റിന് പറയുന്ന ആളിന്റെ കൊച്ചുമോനിന്ന് ഒന്ന് വന്നിടിച്ചു എന്ന കാരണം കൊണ്ട് ഒരു പെണ്ണിനെ ജീവനോടെ കടിച്ചു കുടയാൻ തുടങ്ങിയെന്നറിഞ്ഞാ… ദൈവമേ..”
സഞ്ജു മുകളിലേക്ക് നോക്കി നെഞ്ചിൽ കൈ വെച്ചു.

“ബഹുമാനം.. അത് അർഹിക്കുന്നവർക്കുള്ളതാ. ഇന്നത്തെ മരം കേറി അത് അർഹിക്കുന്നേയില്ല ”
ആദി പറഞ്ഞു.

“ഉവ്വാ…”

സഞ്ജു തലയാട്ടി.

“നീയായിട്ട് മുത്തച്ഛനോട്‌ പോയി ഓതി കൊടുത്തു സീനാക്കിയാ.. പൊന്ന് മോനെ.. നിന്റെ എല്ല് ഞാനൂരും ”
ആദി ഭീക്ഷണി പോലെ സഞ്ജുവിനെ നോക്കി പറഞ്ഞു.

“പിന്നെ…എനിക്കതല്ലേ പണി.എന്നിട്ട് വേണം കൂട്ടത്തിൽ എനിക്ക് കൂടിയുള്ളത് കിട്ടാൻ.”

സഞ്ജു ആദിയെ നോക്കി.

“മ്മ്മ്.. എന്നാ നിനക്ക് കൊള്ളാം..”

ആദി വീണ്ടും നടന്നു തുടങ്ങി.

ബാലൻ മാഷ് ഉച്ചക്ക് കൊണ്ട് വന്ന ഭക്ഷണം രണ്ടു പേരും കൂടി കഴിച്ചു.മാഷിന് കഞ്ഞി വേറെയുണ്ടായിരുന്നു.

അത് കഴിഞ്ഞിട്ട് ബാലൻ മാഷും മാധവൻ അവിടെയിരുന്നു സംസാരിക്കാൻ തുടങ്ങി.

കുറേ നേരം ഫോണിൽ തോണ്ടി സമയം കളഞ്ഞിട്ട്… പിന്നെയൊന്ന് പുറത്തേക്കിറങ്ങി നടന്നതാണ് രണ്ടാളും കൂടി.

“നീ നിന്റെ കലിപ്പിച്ചിരി കുറക്കണം. കേട്ടോ ആദി?”

സഞ്ജു വീണ്ടും ആദിക്കൊപ്പം ഓടിയെത്തി കൊണ്ട് പറഞ്ഞു.

ആദി അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

“നല്ലൊരു പെൺകൊച്ചായിരുന്നു…”
വീണ്ടും സഞ്ജുവിന്റെ ആത്മഗതം.

“പേര് പോലും ചോദിക്കാൻ പറ്റിയില്ല..”
സഞ്ജു അവന്റെ ഓരോ സങ്കടങ്ങളും എണ്ണി പറയുന്നുണ്ട്.

“അപ്പോഴേക്കും കേറി ചാടി കടിച്ചില്ലേ, വൃത്തികെട്ടവൻ ”
സഞ്ജുവിന് അതോർക്കുമ്പോൾ വീണ്ടും ആദിയോട് ദേഷ്യം തോന്നി..

“വല്ല്യ ലണ്ടനിലൊന്നും പോയി പഠിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് ഇപ്പൊ മനസിലായി..ആളുകളോട് മര്യാദക്ക് മിണ്ടാൻ കൂടി അറിയില്ല.. പരട്ടക്ക്.”

വീണ്ടും വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ടവൻ ആദിക്ക് പിറകെ തന്നെ നടന്നു…

ആദിയാവട്ടെ അവനെയൊന്ന് നോക്കിയത് കൂടിയില്ല.

തുടരും