അലൈപ്പായുതേ
ഭാഗം ഒന്ന്
കൊച്ചി നഗരത്തിലെ ആഡംബരത്തിന്റെ അങ്ങേയറ്റമായ കൈലാസ് വില്ലയുടെ വിശാലമായ ലിവിങ് റൂമിൽ രണ്ടുപേർ തമ്മിലുള്ള വാക്ക് പോര് തുടങ്ങിയിട്ട് നിമിഷങ്ങൾ ഏറെയായി… പോര്കോഴികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകൾ കൊണ്ട് എതിരെയുള്ളയാളെ തഴയാൻ ശ്രമിക്കുകയാണ് ഒരാൾ…
പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തേക്കാൾ ഉറക്കെ, ആ മുറിക്കുള്ളിൽ രണ്ടുപേരുടെ ശ്വാസനിശ്വാസങ്ങൾ മുഴങ്ങിക്കേട്ടു.
സോഫയിൽ, ഒട്ടും ഭാവവ്യത്യാസമില്ലാതെ കൈകൾ രണ്ടും മാറോടു കൂട്ടിക്കട്ടി കാലിന്മേൽ കാൽ കയറ്റിവെച്ച് രാജാവിന്റെ ഭാവത്തോടെ ‘ധ്രുവ് കാർത്തിക്’ ഇരിക്കുകയാണ്. അവൻറെ ഇളം കാപ്പി കണ്ണുകളിൽ കനൽപോലെ പുകയുന്ന ദേഷ്യം അടക്കിവെച്ചിരിക്കുന്നത് വ്യക്തമായിരുന്നു.
തന്റെ മുന്നിൽ നിൽക്കുന്നവളെ ചുട്ടെരിച്ച് കൊല്ലാനുള്ള ദേഷ്യം അവന്റെയുള്ളിൽ ഉണ്ടെങ്കിലും തന്റെ അമ്മയുടെ ഉറ്റ സുഹൃത്തിന്റെ മകൾ എന്ന ഒറ്റ കാരണം കൊണ്ട് അവൻ അടങ്ങി ഇരിക്കുകയാണ്. നേരം കുറേ ആയി ഇവളോട് തർക്കിക്കാൻ തുടങ്ങിയിട്ട്, തന്നെ വിവാഹം കഴിക്കണമെന്ന് ഇവള് വാശി പിടിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചൊന്നുമല്ല ആയത്. പിന്നെയും പിന്നെയും ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇവളോടും ഇവളുടെ തള്ളയോടും തനിക്ക് പറയാൻ ഉള്ളത് പക്ഷെ പട്ടി എല്ല് മണപ്പിച്ച് വരുന്നത് പോലെ വീണ്ടും ഇതേ കാരണം പറഞ്ഞു വന്നിരിക്കുകയാണ് ഇവള്. അതിന് വളം വെച്ച് കൊടുക്കാൻ തന്റെ അമ്മയും.
സ്വന്തം സൗന്ദര്യത്തിലും അഭിനയലോകത്ത് പെട്ടെന്നുണ്ടാക്കിയ പ്രശസ്തിയിലും തലക്കനമുള്ളവളാണ് ആരതി. ആ അഹങ്കാരം അവളുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.
“ധ്രുവ്… ഞാൻ നിന്നോട് ഇത്രയും സമയമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്! നീ എന്താണ് എന്നെ ഒന്ന് നേരെ നോക്കുകപോലും ചെയ്യാത്തത്?, എന്റെ മുഖം കണ്ടാൽ എന്നിൽ നീ മയങ്ങി വീഴുമെന്ന് പേടിച്ചിട്ടാണോ… മ്മ്?” ആരതി തന്റെ നീണ്ട വിരലുകൾ കൊണ്ട് ഹാൻഡ്ബാഗിന്റെ സ്ട്രാപ്പിൽ മുറുകെപ്പിടിച്ചുകൊണ്ട് ചോദിച്ചു. അവളുടെ ശബ്ദത്തിൽ ചോദ്യം ചെയ്യലിന്റെ ഒപ്പം ഒരു വശ്യമായ ടോണുമുണ്ടായിരുന്നു.
ധ്രുവ് മറുപടി പറഞ്ഞില്ല. അവൻ തന്റെ കയ്യിലിരുന്ന ഫോണിലേക്ക് തന്നെ കണ്ണുനട്ടിരുന്നു. അവന്റെ ചുണ്ടിന്റെ കോണിൽ അവൾക്കായി ഒരു പുച്ഛം സ്ഥാനം പിടിച്ചിരുന്നു. അത് കൂടെ കണ്ടപ്പോൾ ആരതിയുടെ അഹങ്കാരത്തിന് വലിയൊരു ക്ഷതമേറ്റിരുന്നു…
“ഞാൻ ചോദിക്കുന്നത് കേട്ടില്ലേ ധ്രുവ്? എനിക്ക് എന്താണ് ഒരു കുറവ്, അറിയപ്പെടുന്ന ഒരു മോഡൽ, ഒരു നടി! എന്റെ മുന്നിൽ ക്യൂ നിൽക്കാൻ ആയിരക്കണക്കിന് പുരുഷന്മാരുണ്ട്. എന്നിട്ടും ഞാൻ നിന്റെ മുന്നിൽ വന്നുനിന്ന് യാചിക്കുകയാണ്, കാരണം ഞാൻ നിന്നെ എന്റെ ഭർത്താവായി പണ്ടേ സ്വപനം കണ്ടതാണ്. ശിവയാന്റിക്ക് എന്നെ നിന്റെ ഭാര്യയായി കാണാനാണ് ഇഷ്ടം. പിന്നെ നിനക്കെന്താണ് ഇത്രയും ഇഷ്ടക്കേട്. നിന്റെ സ്റ്റാറ്റസ്സിന് ചേരുന്ന ആള് തന്നെയാണ് ഞാൻ. എന്നെ കല്യാണം കഴിച്ചാൽ നിനക്കെന്താണ് കുറച്ചിൽ? ഏഹ്ഹ്?”
അവളുടെ പ്രസംഗം കേട്ട് ധ്രുവ് സാവധാനം തലയുയർത്തി. അവൻറെ ആ കാപ്പി കണ്ണുകളിൽ തെളിഞ്ഞ ഭാവം കണ്ട് ആരതി അറിയാതെ ഒന്നു പിന്നോട്ട് ആഞ്ഞു. തന്നോടുള്ള അവന്റെ വെറുപ്പ് ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത് അവൾക്ക് കാണാമായിരുന്നു…
പക്ഷേ, തന്റെ അഹങ്കാരം പുറത്തു കാണിക്കാതിരിക്കാൻ അവൾ താടി ഒന്നുകൂടി ഉയർത്തിപ്പിടിച്ചു.
“പറഞ്ഞു കഴിഞ്ഞോ നിന്റെ ആത്മപ്രശംസ?” ധ്രുവ് വളരെ താഴ്ന്ന, എന്നാൽ ഭയപ്പെടുത്തുന്ന ഒരു ശബ്ദത്തിൽ ചോദിച്ചു.
“എന്ത് പ്രശംസ? സത്യമല്ലേ ഞാൻ പറഞ്ഞത്? അല്ലാതെ ഇല്ലാത്തത് അല്ലലോ? എനിക്ക് എന്റെ സൗന്ദര്യത്തിലും കഴിവിലും നല്ല ആത്മവിശ്വാസമുണ്ട്. നിന്റെ ഈ പണവും എന്റെ ഈ സൗന്ദര്യവും ചേരുമ്പോൾ നമ്മളായിരിക്കും ഈ നഗരത്തിലെ ഏറ്റവും പെർഫെക്റ്റ് കപ്പിൾ! എന്തിനാ ധ്രുവ് വെറുതെ സമയം കളയുന്നത്? നമുക്ക് ഈ കല്യാണം അങ്ങ് ഉറപ്പിക്കാം…” അവൾ അവനടുത്തേക്ക് നീങ്ങിനിന്ന്, അവന്റെ തോളിൽ കൈവെക്കാൻ ആഞ്ഞു.
“ഡോണ്ട് യു ഡെയർ ടു ടച്ച് മി!”
അവളുടെ കൈ തട്ടി എറിഞ്ഞുകൊണ്ട് അവൻ അലറി, ആ അലർച്ച മുറിയിൽ ഇടിമിന്നൽ പോലെ മുഴങ്ങി. അവൻ പെട്ടെന്ന് എഴുന്നേറ്റതും, ആ ആഘാതത്തിൽ മുന്നിലെ ഗ്ലാസ് ടീപോ ആടിയുലഞ്ഞു. ആരതി ഞെട്ടിവിറച്ച് പിന്നോട്ട് മാറി.
“എന്താടീ നീ വിചാരിച്ചത്? നിന്റെ ഈ മേക്കപ്പ് ഉരച്ച മുഖവും, ശരീരവും കണ്ട് വീഴുന്നവനാണ് ഈ ധ്രുവ് കാർത്തിക് എന്നാണോ? ഏഹ്ഹ്?” ധ്രുവിന്റെ ശബ്ദം ഉയരുകയായിരുന്നു. അവൻറെ കഴുത്തിലെ ഞരമ്പുകൾ ഉരുണ്ടുകൂടി…
“നിന്റെയും നിന്റെ അമ്മയുടെയും ഉള്ളിലിരിപ്പ് എനിക്ക് നന്നായി അറിയാം. എന്റെ അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഈ സ്വത്തിലും പണത്തിലും കണ്ണുവെച്ചാണ് നീയും നിന്റെ അമ്മയും ഈ വീടിന്റെ പടിവാതിൽ കയറിയിറങ്ങുന്നത്! അതല്ലാതെ എന്നോടുള്ള പ്രണയം കൊണ്ടൊന്നുമല്ല”
“ധ്രുവ്! വാച്ച് യുവർ വേർഡ്സ്!” ആരതി ദേഷ്യത്തോടെ അലറി. “എന്നെ അവഹേളിക്കാൻ മാത്രം നീ ആരാണെന്നാണ് നിന്റെ വിചാരം? എനിക്ക് പണത്തിന് ഒരു പഞ്ഞവുമില്ല!” അവന്റെ വാക്കുകൾ ആരതിയുടെ അഭിമാനത്തെ തകർത്തു…
“നിന്റെ അഭിനയം പോയി വേറെ വല്ല സിനിമാസെറ്റിലും പുറത്തെടുത്താൽ മതി ആരതീ, എന്റെ മുന്നിൽ വേണ്ടാ!” ധ്രുവ് തന്റെ കൺട്രോൾ പൂർണ്ണമായും നഷ്ടപ്പെട്ടവനെപ്പോലെയായി. അവൻ കയ്യിൽ കിട്ടിയ മനോഹരമായ ഒരു ക്രിസ്റ്റൽ ഫ്ലവർ വേസ് എടുത്ത് ഭിത്തിയിലേക്ക് ഒരേ ഏറ്!
അത് ചില്ലുപാളികളായി പൊട്ടിത്തെറിച്ച് നിലത്തു വീണു. ആരതി ഭയന്ന് നിലവിളിച്ചുപോയി.
“എനിക്ക് നിന്നെ കണ്ടൂടാ! നിന്റെ ഈ അഹങ്കാരം പിടിച്ച മുഖം കാണുന്നത് പോലും എനിക്ക് അറപ്പാണ്! എന്നിട്ടാണോ നിന്നെ ഞാൻ കെട്ടുന്നത്? മേലിൽ ഈ ആവശ്യവുമായി എന്റെ മുന്നിൽ വന്നാൽ… പിന്നെ ധ്രുവ് കാർത്തിക് ആരാണെന്ന് നീ അറിയും! ഇത്രനാൾ നിന്റെ വായ്ത്താളം ഞാൻ സഹിച്ചത് എന്റെ അമ്മയെ ഓർത്താണ് എന്നാൽ ഇനി നിന്നെയൊന്നും സഹിക്കാൻ എനിക്ക് പറ്റില്ല, ഇതെന്റെ അവസാന വാക്കാണ് ഇനി ഇതും പറഞ്ഞു എന്റെ മുന്നിൽ വന്നാൽ കെട്ടി തൂക്കും പുന്നാര മോളെ…” അവൻ മേശപ്പുറത്തിരുന്ന ഓരോ സാധനങ്ങളും നിലത്തേക്ക് എറിഞ്ഞുടക്കാൻ തുടങ്ങി.
ആകെ ഒരു യുദ്ധക്കളം പോലെയായി ആ മുറി.
ധ്രുവിന്റെ അനിയന്ത്രിതമായ ദേഷ്യം കണ്ട് ആരതി ഭയന്നു വിറക്കുകയായിരുന്നു. അവൾ ഇതുവരെ ധ്രുവിന്റെ മറ്റൊരു മുഖമേ കണ്ടിട്ടുള്ളു എന്നാൽ ഇത്രയും ഭ്രാന്തമായ ദേഷ്യം ആദ്യമായി കാണുകയാണ്.
“ധ്രുവ്! എന്താടാ ഇത്! നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”
ശബ്ദം കേട്ട് ഗോവണിപ്പടികൾ വേഗത്തിൽ ഇറങ്ങിവന്നത് ശിവകാമിയായിരുന്നു.
സലൂണിലെ ജോലി കഴിഞ്ഞ് വന്നതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും, മകന്റെ ഈ കോലം കണ്ട് അവരുടെ മുഖത്ത് ഉത്കണ്ഠ നിറഞ്ഞു.
ദേഷ്യം കൊണ്ട് അവൻറെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. ലോകത്ത് ആരുടെ മുന്നിലും അലറുന്ന ധ്രുവ് തന്റെ അമ്മയുടെ മുന്നിൽ മാത്രം ദേഷ്യം അടക്കിപ്പിടിക്കും. അമ്മയോട് അവന് അത്രയേറെ ബഹുമാനവും ഭയവും സ്നേഹവുമുണ്ട്.
“അമ്മേ… ഇവളോട് ഇവിടുന്ന് പോകാൻ പറ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല,” അവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“നീ എന്തൊക്കെയാ ഈ കാണിക്കുന്നത് ധ്രുവ്? ഒരു പെൺകുട്ടിയോടാണോ നീ ഇങ്ങനെ പെരുമാറുന്നത്? അതും നമ്മളോട് ഇത്രയും അടുപ്പമുള്ള ആരതിയോട്?” ശിവകാമി മകനെ ശാസിക്കാൻ ശ്രമിച്ചു.
“അടുപ്പമോ? ആർക്ക്, അമ്മയ്ക്കോ? എനിക്കിവളോട് ഒരു അടുപ്പവുമില്ല അമ്മേ. ഇവളെ എന്റെ തലയിൽ കെട്ടിവെക്കാൻ അമ്മ നോക്കരുത്. ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ലെന്ന്?” ധ്രുവ് അമ്മയോട് ശബ്ദമുയർത്താതെ, എന്നാൽ ഉറച്ച ഭാഷയിൽ പറഞ്ഞു.
“ധ്രുവ്, അത് നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ. ആരതി നമ്മുടെ കുടുംബത്തിന് അനുയോജ്യയായ കുട്ടിയാണ്…”
“മതി അമ്മേ! പ്ലീസ്!” ധ്രുവ് ദേഷ്യം സഹിക്കാൻ വയ്യാതെ സ്വന്തം കൈ ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു. സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം അമ്മയോട് എതിർത്തു സംസാരിക്കാൻ അവന് കഴിയുമായിരുന്നില്ല. അതിനു നിൽക്കാതെ അവൻ മേശപ്പുറത്തിരുന്ന കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു.
“ധ്രുവ്! നിൽക്കടാ അവിടെ! ധ്രുവ്!” ശിവകാമി പിന്നിൽ നിന്ന് വിളിച്ചുവെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല.
പുറത്തെ പെരുമഴയിലേക്ക് അവന്റെ കറുത്ത പോർഷെ കാർ ഇരമ്പിപ്പാഞ്ഞു പോകുന്നത് ശിവകാമിയും ആരതിയും നോക്കിനിന്നു.
ലിവിങ് റൂമിലെ തകർന്ന ചില്ലഷണങ്ങൾക്കിടയിൽ നിന്ന് ആരതി പൊട്ടിക്കരയാൻ തുടങ്ങി. അവളുടെ അഹങ്കാരമെല്ലാം തകർന്ന് തരിപ്പണമായിരുന്നു.
“ആന്റി… കണ്ടില്ലേ അവൻ എന്നോട് പെരുമാറിയത്? ഞാൻ ആരാണെന്നാണ് അവൻ വിചാരിച്ചത്? എന്നെ ഇത്രയും അപമാനിക്കാൻ അവനെങ്ങനെ ധൈര്യം വന്നു?”
ശിവകാമി ഓടിവന്ന് ആരതിയെ ചേർത്തുപിടിച്ചു.
“സാരമില്ല മോളേ… നീ വിഷമിക്കരുത്. അവൻറെ ഈ ദേഷ്യം ഇപ്പോഴത്തെ ചൂടിൽ ഉള്ളതാണ്. പാവം കുറച്ചു നാളായി നല്ല വർക്ക് പ്രെഷർ ഉണ്ട് അവന് അതാണ്. കാർത്തികേയൻ പോയതിൽ പിന്നെ കമ്പനിയുടെ സകല ഭാരവും അവന്റെ തലയിലാണ്. അതിന്റെ സ്ട്രെസ്സ് ആണ്.” അവളെ ആശ്വസിപ്പിക്കാനായി അവർ വായിൽ വന്ന കള്ളം പറഞ്ഞു പക്ഷെ ഈ ബന്ധത്തോട് അവനുള്ള ഇഷ്ട്ടക്കേട് ശിവകാമിക്ക് അറിയാമായിരുന്നു..
“പക്ഷേ ആന്റി, അവൻ എന്നെ വിവാഹം കഴിക്കില്ല എന്നാണ് പറയുന്നത്…” ആരതി കണ്ണീരൊപ്പി.
തുടരും…






