The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
“ഹേയ്.. മാളവിക.. താനിങ്ങനെ ടെൻഷനാവാതെടോ..ജോലിയില്ലെന്നല്ല ഞാൻ പറഞ്ഞത്.പെട്ടെന്നൊരു ജോലി എന്ന കാര്യം പറയുമ്പോൾ, തനിക്കറിയാമല്ലോ ഞാനിവിടെ വന്ന് പെട്ടിട്ടും അധികം ദിവസമൊന്നും ആയിട്ടില്ലല്ലോ?.അതിനിടയ്ക്ക് പെട്ടെന്ന് ഒരു ജോലി സംഘടിപ്പിച്ചുതരണമെന്നൊക്കെപറയുമ്പോൾ…അതിനു മാത്രം ബന്ധമൊന്നും എനിക്കിവിടെ ആയിട്ടില്ല..”
തനിക്ക് മുന്നിൽ പകച്ചിരിക്കുന്ന മാളവിയെ നോക്കി ഷമീർ ധൃതിയിൽ പറഞ്ഞു.എനിക്കൊന്ന് കാണണം എന്ന് പറഞ്ഞിട്ട് വിളിച്ചതായിരുന്നു മാളവിക അവനെ.
കാര്യമെന്താണെന്ന് ചോദിച്ചിട്ട് അത് നേരിട്ട് കണ്ടിട്ട് പറയാം എന്ന് പറഞ്ഞവൾക്ക് ജോലി ചെയ്യുന്ന ബാങ്കിലെ അഡ്രെസ്സ് പറഞ്ഞുകൊടുത്തതും അവൻ തന്നെയാണ്.നഗരത്തിൽ തന്നെയുള്ള ബാങ്കിലാണ് അവൻ ജോലി ചെയ്യുന്നത്.അതിനടുത്തുള്ള ഒരു ഫ്ലാറ്റിൽ താമസ സൗകര്യവും റെഡിയായിട്ടുണ്ട് അവന്റെ മകളെ അവിടെയടുത്തുള്ളൊരു പ്ലൈ സ്കൂളിലും വിടുന്നുണ്ട്.പതിവ് വിശേഷങ്ങൾക്കിടയിൽ തനിക്കിപ്പോൾ ഒരു ജോലി എന്തുമാത്രം ആവശ്യമാണെന്ന് മാളവിക അവനെ അറിയിച്ചു.
അതിനെന്നെ സഹായിക്കണമെന്നും എനിക്കിങ്ങനെ സഹായം ചോദിക്കാൻ ഇവിടെ ആരുമില്ലെന്നും പറയുമ്പോൾ അവൻ ധർമ്മസങ്കടത്തിൽ പെട്ടത് പോലെയായിരുന്നു..
എന്നിട്ടും തന്റെ അവസ്ഥ അവനോട് പറയുമ്പോൾ മാളുവിന്റെ കണ്ണുകൾ എത്രയൊതുക്കി പിടിച്ചിട്ടും അവന്റെ മുന്നിൽ നിറഞ്ഞു തൂവിയിരുന്നു. എടോ താനിങ്ങനെകരയല്ലേ…ഞാൻപറഞ്ഞല്ലോ..ഞാനെന്റെ മാക്സിമം ശ്രമിക്കാം.എനിക്ക് ഇവിടെ ബന്ധങ്ങളില്ലെന്നാണ് ഞാൻ പറഞ്ഞത്.പക്ഷേ ഞാൻ മുമ്പ് വർക്ക് ചെയ്തിരുന്ന ബാങ്കിലെ എംഡി എന്റെ ഉറ്റ സുഹൃത്തായിരുന്നു.അവനോട് പറഞ്ഞാൽ തനിക്കൊരു ജോലി കിട്ടാൻ വലിയ പ്രയാസമുണ്ടാവില്ല..”ഷമീർ വീണ്ടും മാളവികയായി നോക്കി.
പക്ഷേ അവന്റെ ആശ്വാസ വാക്കുകളൊന്നും തന്നെ തണുപ്പിക്കാൻ പാകത്തിനുള്ള ചൂടായിരുന്നില്ല അവളുടെ ഹൃദയത്തിലപ്പോഴുണ്ടായിരുന്നത്.
ഇരുളടഞ്ഞ ജീവിതവഴിയിലെ ഒരേയൊരു പ്രതീക്ഷ പോലാണ് അവൾക്കൊരു ജോലിയെന്നുള്ളത്.
ഷമീറിന് താൻ പറയാതെ തന്നെ തന്റെ അവസ്ഥകൾ കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാകുമെന്നും അതിനാൽ തന്നെയും അവൻ തന്നെ കൈവിടാതെ തനിക്ക് പാകത്തിനൊരു ജോലിയിൽ എത്തിച്ചു തരുമെന്നുമുള്ള വളരെ വലിയ പ്രതീക്ഷയോടെയാണ് അവൾ അവനെ കാണാനെത്തിയത്.പക്ഷേ… അവിടെയും…”താൻ എഴുന്നേറ്റേ… നമ്മുക്കൊന്ന് പുറത്തേക്കിറങ്ങാം “അവളുടെ കരച്ചിൽ ശക്തി പ്രാപിക്കുന്നതറിഞ്ഞതും ഷമീർ തന്നെ മുന്നിലെ കമ്പ്യൂട്ടർ ഓഫ് ചെയ്തുകൊണ്ട് എഴുന്നേറ്റു.ഇട്ടിരുന്ന ചുരിദാറിന്റെ ഷാളിന്റെ തുമ്പുകൊണ്ട് തന്നെ മുഖവും തുടച്ചുകൊണ്ട് മാളവിക അവനൊപ്പം എഴുന്നേറ്റു.
” സാറിന് ഒരു ബുദ്ധിമുട്ടായെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞല്ലോ..എനിക്ക് മുന്നിൽ വേറെ.. വേറെയൊരു വഴിയില്ല..പെട്ടെന്നത് ജോലി ഇല്ലെന്ന് കേട്ടപ്പോഴുള്ള ആ ഒരു നിരാശ… ഞാനറിയാതെ… സോറി.. “ജോലി ടൈമിൽ താൻ അവനെ ബുദ്ധിമുട്ടിച്ചു എന്നൊരു ആശങ്കയോടെയാണ് മാളവിക ഷമീറിനോടത് പറഞ്ഞത്. താനെന്താടോ മാളവിക ഇങ്ങനെ.. ഞാനിങ്ങനെയൊന്നും ഓർത്തതേയില്ല.ഇതൊന്നും കുഴപ്പമില്ല.എനിക്ക് ഇപ്പൊ എന്തായാലും ഫ്രീടൈമാണ്.ഞാനൊന്ന് പുറത്തേക്കിറങ്ങാൻനിൽക്കുകയായിരുന്നു.ഏതായാലും എനിക്ക് ചായ കുടിക്കാൻ ഒരാളെ കമ്പനിക്ക് കിട്ടിയല്ലോ.. താൻ വാ “ചെറിയൊരു ചിരിയോടെ അത് പറഞ്ഞു നടക്കുന്നവന്റെ പിന്നിലായിട്ട് മാളവികയും ചെന്നു.
ബാങ്കിനെതിരെയുള്ള ഒരു കോഫി ഷോപ്പിലേക്കാണ് ഷമീർ നടന്നു കയറിയത്.അവന് പിറകെ തന്നെ മാളുവും.രണ്ടു കോഫി ഓർഡർ ചെയ്തു അവനിരിക്കുന്നതിന്റെ നേരെ എതിരെ ഇരിക്കുമ്പോൾ വീണ്ടും അവളിലേക്കൊരു വെപ്രാളം ഇടിച്ചു കയറി വരുന്നുണ്ടായിരുന്നു.എതിരെ ഇരിക്കുന്നവരിലേക്കും അതിലൂടെ നടക്കുന്നവരിലേക്കുമെല്ലാം അവളുടെ കണ്ണുകൾ അസ്വസ്ഥതയോടെ പാളുന്നത് ഷമീർ കാണുന്നുണ്ടായിരുന്നു.അവളുടെ പേടിച്ചിരണ്ട മുഖവും കണ്ണുകളും കണ്ടിട്ടും അവനൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.ആ ഭയത്തിന് കാരണമെന്താണെന്ന് അവൾ പറഞ്ഞു തന്നെ മുന്നേ അവനറിഞ്ഞതാണല്ലോ..
ഓർഡർ ചെയ്ത കോഫി എത്തിയതും അതിൽ ഒരെണ്ണം ഷമീർ മാളവികയുടെ മുന്നിലേക്ക് നീക്കി കൊടുത്തിട്ട് മറ്റൊരെണ്ണം എടുത്ത് അവനും ചുണ്ടോടു ചേർത്തു.ചങ്കിലാകെയൊരു വേദന കല്ലിച്ചു കിടക്കുന്നത് കൊണ്ട് മാളവികയ്ക്ക് ശ്വാസമെടുക്കാൻ കൂടി പ്രയാസപ്പെടുന്നുണ്ടായിരുന്നു.ഇനിയും ജോലിയെന്നുള്ളൊരു പ്രതീക്ഷയില്ലാതെ വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും അവൾ ഭയന്നു.പെട്ടെന്നാണ്… ഷമീറിനെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ ബെല്ലടിച്ചത്.
അതെടുത്തു നോക്കിയ അവൻ അസ്വസ്ഥതയോടെ മുഖം ചുളിക്കുന്നതും ധൃതിയിൽ ഫോൺ അറ്റൻഡ് ചെയ്തതും മാളവിക നോക്കിയിരുന്നു.
” നിങ്ങൾ ഞാൻ പറയുന്നതൊന്നു മനസ്സിലാക്കണം.എനിക്ക് ഓഫീസ് ടൈമാണ്.ഈ സമയത്ത് ഞാൻ എങ്ങനെയാണ് അങ്ങോട്ട് വരുന്നത്.നിങ്ങൾ എന്തെങ്കിലും പറഞ്ഞ് അവളുടെ കരച്ചിലൊന്ന് മാറ്റാൻ ശ്രമിക്കണം.. പ്ലീസ് ”
കേഴുന്നതുപോലെയുള്ള അവന്റെ വാക്കുകൾ മാളുവിന്റെ മുഖം ചുളിഞ്ഞു.എതിർവശം വഴങ്ങിയില്ലെന്ന് തോന്നുന്നു..വീണ്ടും എന്തോക്കെയോ അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ട്.എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായതും മാളവിക അവനെ നോക്കാതെ മുഖം കുനിച്ചിരുന്നു.”മോളുടെ പ്ലെ സ്കൂളിൽ നിന്നാടോ.. അവൾ കരച്ചിലാണെന്ന്..”
അങ്ങേയറ്റം ടെൻഷനോടെ ഫോൺ തിരികെ പോക്കറ്റിലിട്ടുകൊണ്ട് മാളുവിനോടായിട്ട് ഷമീർ പറയുമ്പോൾ ഒരച്ഛന്റെ ആകുലതകളെല്ലാം അവന്റെ കണ്ണുകളിൽ പാട കെട്ടിക്കിടന്നിരുന്നു..
” അവർക്ക് എന്റെ മകളൊരു തലവേദനയാണ് mപക്ഷേ എനിക്കവളെ പ്ലെസ്കൂളിലാക്കാതെ ജോലിക്ക് പോരാൻ കഴിയുകയില്ല. അത്പോലൊരവസ്ഥയിലാണ് ഞാൻ… “ഷമീർ നെറ്റി തടവി.”സത്യത്തിൽ.. എന്താ പ്രശ്നം..?”ചോദിക്കുന്നത് അവനിഷ്ടമാകുമോ എന്നൊരു ആശങ്കയോടെ തന്നെയാണ് മാളവിക അവനെ നോക്കിയത്.” എന്റെ ലൈഫ് മൊത്തത്തിൽ പ്രശ്നമാടോ.. അതെങ്ങനെ തന്നോട് പറയണമെന്ന് എനിക്കറിയില്ല.. ”
ഒരു ചിരിയോടെ ഷമീറത് പറയുമ്പോൾ മാളവിക ഒന്നും പറഞ്ഞില്ല.അവന് പറയുവാൻ തോന്നുന്നുവെങ്കിൽ പറയട്ടെ എന്നും നിർബന്ധിച്ചു പറയിപ്പിക്കുന്നത് അവനൊരു ബുദ്ധിമുട്ടാകുമെന്നും അവൾക്കു മനസ്സിലായിരുന്നു. ഞാനും ലെനയും കോളേജിൽ നിന്നുള്ള പ്രണയമായിരുന്നു.വ്യത്യസ്ഥ മതം.. പിന്നെ ഫിനാൻഷ്യൽ ഡിഫ്രണ്ട്.. എല്ലാം എതിരായിട്ടും ഞങ്ങൾ അത് ജീവിതത്തിൽ കൂടി ചേർത്തുവച്ചതോടെ രണ്ടു വീട്ടുകാരും ഞങ്ങളെ പൂർണമായും കൈയൊഴിഞ്ഞു.
പക്ഷേ അതിലൊന്നും എനിക്കോ അവൾക്കോ യാതൊരു പരാതിയുമില്ലായിരുന്നു.നല്ല രീതിയിൽ തന്നെയായിരുന്നു ഞാനും അവളും ജീവിച്ചു പോന്നിരുന്നത്.ജീവിതത്തിലും പ്രണയമൊട്ടും ചോർന്നുപോയിട്ടുണ്ടായിരുന്നില്ല..പക്ഷേ… “ആ ഒരു പക്ഷേയിൽ അവൻ അന്ന് വരെയും അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ വലിയൊരു വേലിയേറ്റം തന്നെ മാളവികയ്ക്കറിയാൻ കഴിഞ്ഞിരുന്നു.എന്നിട്ടും അവൾ മൗനമായി അവനെ കേട്ടിരിക്കുകയല്ലാതെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.” എനിക്ക് ഇന്നും അന്നു അവളായിരുന്നു എന്റെ പെണ്ണ്.പക്ഷേ മകൾ ഉണ്ടായിക്കഴിഞ്ഞതിനുശേഷം അവളുടെ മനസ്സിൽ ഞാനല്ലാതെ മറ്റൊരുത്തനും കൂടി ആ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.. തൊട്ടടുത്ത ഫ്ലാറ്റിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം അവൾ ഇറങ്ങി പോകുന്നത് വരെയും.. എനിക്കത് മനസ്സിലായതേയില്ല… ”
അത് പറയുമ്പോൾ കലങ്ങി ചുവന്നുപോയ അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ അതേ വേദന ഒരിക്കൽ.. ഈ രീതിയിൽ അല്ലെങ്കിലും മറ്റൊരു രീതിയിൽ അനുഭവിച്ചതു കൊണ്ടായിരിക്കണം
മാളവികയും കരയുന്നുണ്ടായിരുന്നു. അവൾ ഉപേക്ഷിച്ചു പോകുമ്പോൾ എനിക്കൊപ്പം എന്റെ മകളുണ്ടായിരുന്നു.വെറും ഒന്നര വയസ്സാണ് അന്നവളുടെ പ്രായം. അന്നും ഇന്നും വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാതെ ആ പൊടി കുഞ്ഞിനെയും വെച്ച് ഞാൻ ചക്രശ്വാസം വലിക്കുകയാണ്..അവൾ ഉപേക്ഷിച്ചത് പോലെ എനിക്കെന്റെ മകളെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ… “തന്റെ കണ്ണീര് അവൾ കാണേണ്ടന്ന് വാശിയുണ്ടായിട്ടാണ്.. ഷെമീറപ്പോൾ കൈകൾ കൊണ്ട് മുഖമൊന്നാകെ പൊതിഞ്ഞു പിടിച്ചത്.
💞💞
അവർക്കു മുമ്പിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് രമണി അടുക്കള മൂലയിലുണ്ടായിരുന്ന ബാസ്കറ്റിൽ നിന്നും അലക്കാനുള്ള തുണികളുമായി വേഗം പുറത്തേക്ക് ഓടുന്നത് പോലെ പോയത്.അവരുടെ പോക്ക് കണ്ടതും ആദിക്ക് ചിരി വരുന്നുണ്ടായിരുന്നു.”വിട്…”തന്നിലേക്ക് ചേർന്ന് നിൽക്കുന്ന പ്രിയ തള്ളി മാറ്റിയപ്പോൾ അവൻ അവളെ നോക്കി.”വിടണോ..?”കൈകൾ അവളുടെ ഇടുപ്പിൽ ഒന്ന് കൂടി മുറുക്കി ആദിയൊരു കള്ള ചിരിയോടെ ചോദിച്ചു.ആ മുഖത്തേക്ക് നോക്കി പ്രിയ നാവിറങ്ങിയത് പോലെ നിന്ന് പോയി.അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നുവപ്പോൾ.
ആദിയുടെ കണ്ണുകൾ അവളുടെ മുഖത്താകമാനം ഓടി നടക്കുന്നുണ്ട്.പ്രിയ വീണ്ടും ദുർബലമായൊന്ന് കുതറി നോക്കിയതും ആദിയൊരു ചിരിയോടെ കൈയെടുത്തു മാറ്റി മാറി നിന്നു കൊണ്ടവളെ നോക്കി.
“രാവിലെ സഞ്ജുവിന് വേണ്ടി ഫുഡ് ഉണ്ടാക്കിയതാണോ രമണി ചേച്ചിയുടെ പ്രശ്നം..?”
ആദി ചുവരിൽ ചാരി നിന്നിട്ടവളെ നോക്കി ചോദിച്ചു.
പ്രിയ അതേയെന്ന് തലയാട്ടി.”എന്നോട് ചാടി കയറി സംസാരിക്കാൻ നല്ല മിടുക്കാണല്ലോ കൃഷ്ണ തനിക്കെപ്പോഴും.. അതെന്ത് കൊണ്ടാ?”ആദി പ്രിയയെ നോക്കി..അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.”പറയെടോ.. ഞാൻ നിന്റെ സ്നേഹനിധിയായ ഭർത്താവിന്റെ റോളിപ്പോ ചെയ്തു കഴിഞ്ഞതല്ലേ.. ആ നന്ദി കാണിക്ക്..”ചിരിയോടെ തന്നെ ആദി പറഞ്ഞു കേട്ടതും അവളുടെ നോട്ടം അവന് നേരെ കൂർത്തു.”ന്തെ… നിനക്ക് വിശ്വാസമായില്ലേ.. പാതി ബുദ്ധിയുള്ള രമണി ചേച്ചി പോലും വിശ്വസിച്ചു.. എന്നിട്ടും താനെക്കെന്താടോ ഒരു.. ഒരു…”ചിരി കടിച്ചു പിടിച്ചു കൊണ്ടു താടി ഉഴിഞ്ഞു കൊണ്ടവൻ അവളെ നോക്കി പുരികം പൊക്കി കാണിച്ചു.
അവനാ ഭാവത്തിലേക്ക് എത്തുമ്പോഴൊക്കെയും പ്രിയക്ക് എന്തുകൊണ്ടോ അവനെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.അവളറിയാതെ തന്നെ ആകെയൊരു പരവേശം അവളിൽ വിറഞ്ഞു കയറും..”തനിക്കിപ്പോ തോന്നുന്ന ഫീൽ.. അത് നാണമാണോ.. അതൊ പേടിയാണോ കൃഷ്ണ ?”
മുഖം കുനിച്ചു നിൽക്കുന്നവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് ആദി ചിരിയോടെ ചോദിച്ചു.”പറയെടോ…”
അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ആദി വീണ്ടും ചോദിച്ചു.”ഇത്.. രണ്ടുമല്ല “അവന്റെയാ നോട്ടത്തിൽ പതറി കൊണ്ട് തന്നെയാണ് പ്രിയ ഉത്തരം പറഞ്ഞത്.
“പിന്നെന്താ… അത് പറയ്യ് ന്നാ…”ആദി വീണ്ടും അവളെ നോക്കി.”അത്… അതിപ്പോ ആദിയേട്ടൻ അറിയുന്നതെന്തിനാ…?”പ്രിയയവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.”ചുമ്മാ… എന്റെ ഭാര്യയുടെ ക്യൂട്ടായിട്ടൊരു ഭാവം കണ്ടപ്പോ അതൊന്ന് അറിയണം ന്ന് തോന്നി.. ചോദിച്ചു.. അത്ര തന്നെ..”ഒറ്റ കണ്ണിറുക്കി ചിരിയോടെ അവനത് പറയുമ്പോൾ… ഇവനിത്രേം കുറുമ്പുകളൊക്കെ അറിയാമായിരുന്നോ ദൈവമേയെന്നാണ് പ്രിയ ഓർത്തത് മുഴുവനും.”രമണി ചേച്ചിയൊരു പൊട്ടിയായത് കൊണ്ട് ഇയാളുടെ അഭിനയം വിശ്വസിച്ചു.. പക്ഷേ എല്ലാവരെയും അങ്ങനെ പറ്റിക്കാമെന്ന് ആദിയേട്ടൻ കരുതണ്ട..”അവന്റെ മനസ്സോന്നറിയുകയെന്നാ ഉദ്ദേശത്തിൽ തന്നെയാണ് പ്രിയയങ്ങനെ പറഞ്ഞത്.
“ഓഹോ.. അങ്ങനാണോ… ഞാനീ കാണിച്ചു കൂട്ടിയതെല്ലാം അഭിനയമാണെന്നാണ് കൃഷ്ണയുടെ കണ്ടെത്തൽ.. എന്നല്ലേ ഇപ്പോൾ പറഞ്ഞത്?”
വെല്ലുവിളി പോലൊരു നോട്ടത്തോടെ ആദി പ്രിയയെ നോക്കി.”ആദിയേട്ടന്… ഒട്ടും താല്പര്യമില്ലാതെയല്ലേ എന്നെ കൂടെ… കൂടെ കൂട്ടിയത്. അന്ന്.. അന്നെന്തൊക്കെയോ സ്വപ്നങ്ങളുണ്ടെന്നും അതെല്ലാം നേടിയെടുക്കണമെന്നും പറഞ്ഞിരുന്നില്ലേ…”പ്രിയ ആദിയെ നോക്കി.അവളുടെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന പരിഭവത്തിലേക്കാണ് ആദിയുടെ നോട്ടമെത്തി നിന്നത്.അതവന് വല്ലാത്തൊരു നിർവൃതി നൽക്കുന്നത് പോലെ…”താൻ ഇഷ്ടത്തോടെയാണോ എന്നിലേക്ക് ചേർന്നത്..?”മനസിലെ സന്തോഷം വാക്കുകളിൽ പടരാതെ ഗൗരവത്തോടെയാണ് ആദിയത് ചോദിച്ചത്.
പ്രിയ അവനെ നോക്കി അല്ലെന്ന് തലയാട്ടി.”എന്നിട്ടും… എന്നെ സ്നേഹിച്ചു പോകുമോയെന്ന് ഭയമുണ്ടെന്ന് നീ എന്നോട് പറഞ്ഞിട്ടില്ലേ..?”ഇമ ചിമ്മാതെ ആദി പ്രിയയെ നോക്കി.”പറയ്യ് കൃഷ്ണ.. ഇല്ലേ.. ആ ഭയമായിരുന്നു എന്റെ താലി നീ സ്വീകരിക്കാൻ കാരണം. അല്ലേ..?”ആദി ഗൗരവത്തോടെ തന്നെ ചോദിച്ചു.അതിനും പ്രിയ അതേയെന്നു തലയാട്ടി.
“എങ്കിൽ അത് അഭിനയമാണോ..?”കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ആദി ചോദിക്കുമ്പോൾ പ്രിയ വീണ്ടും വിറച്ചു… വിയർത്തു.എന്നെ ഒളിച്ചു നോക്കുന്ന നിന്റെ കണ്ണുകളിൽ പല പ്രാവശ്യം ഞാനാ അഭിനയം കണ്ടിട്ടുണ്ട് കേട്ടോ..”കുഞ്ഞൊരു ചിരിയോടെ അവനത് പറഞ്ഞു കേട്ടതും വീണ്ടും അവളുടെ മുഖം താഴ്ന്നു.നിനക്ക് വേണ്ടി നിന്റെ നാവ് ചലിക്കാത്തിടതൊക്കെ ഇനിയീ അഭിനയം കൊണ്ട് ഞാനുമുണ്ടാകും.. തത്കാലം താനത്രേം മനസ്സിലാക്കിയാൽ മതി…”വീണ്ടും അവനിലേക്കാ കള്ളത്തരം തിരികെ വന്നത് മുഖം കുനിച്ചു നിന്നത് കൊണ്ട് തന്നെ അവൾ കണ്ടതുമില്ല..
അവനകത്തേക്ക് കയറിയതും പ്രിയ ശ്വാസമെടുത്തു കൊണ്ട് സ്‌ലാബിലേക്ക് ചാരി.അവന്റെ കരുത്തുള്ള കൈകളുടെ ചൂടും മുറുക്കവും ഇപ്പോഴും തന്നിലുണ്ടെന്ന് തോന്നിയതും അവൾ ചുവന്നു പോയിരുന്നു.സത്യത്തിൽ.. അതവന്റെ അഭിനയമായിരുന്നോ..?അതവൾക്ക് തന്നെയൊരു തീർച്ചയില്ലായിരുന്നു.പക്ഷേ ആ കണ്ണുകളിലെ ഭാവം… ചുണ്ടിലെ ചിരി..ഇതൊന്നും അഭിനയമാണെന്നുറപ്പിക്കാനും വയ്യ.പ്രിയ നഖം കടിച്ചു കൊണ്ടങ്ങനെ നിന്നു.”കൃഷ്ണ….”
അകത്തു നിന്നും ആദിയും നീട്ടിയുള്ള വിളി കേട്ടതും അവളൊന്നു ഞെട്ടി.മറ്റാരും വിളിക്കാത്തത്ര മധുരമായാണ് അവൻ വിളിക്കുന്നത് പോലും..
വീണ്ടും വീണ്ടും അവൾക്കുള്ളിൽ ആശങ്കകൾ നിറയുന്നുണ്ടായിരുന്നു.ഒട്ടും പിടി തരാത്തൊരു മനുഷ്യൻ..ഞൊടിഞ്ഞു കൊണ്ടാണവൾ പതിയെ അകത്തേക്ക് ചെന്നത്.
അവൾ ചെല്ലുമ്പോൾ ആദി ധൃതിയിൽ ഒരുങ്ങുകയാണ്.”സ്കൂളിൽ പോവാണ്…”
അവളെ കണ്ടതും പേഴ്സ് പോക്കറ്റയിലേക്ക് വെക്കുന്നതിനിടെ ആദി പറഞ്ഞു.”അവിടെത്തിയിട്ട് ഞാൻ വിളിക്കാം…മുറിയിൽ നിന്നിറങ്ങി കൊണ്ടാവൻ പറഞ്ഞതും പ്രിയ വാ പൊളിച്ചു.
അത് കണ്ടതും ആദി ചിരിയോടെ അവളെ നോക്കി.
പ്രിയ ചമ്മലോടെ തിരിഞ്ഞുനിന്നു.”ചോറായെങ്കിൽ… എനിക്കത് കഴിച്ചിട്ട് പോകാമായിരുന്നു…”
പിന്നിൽ നിന്നും ആദി പറയുന്നത് കേട്ടതും അവൾ വേഗം തിരിഞ്ഞു.”ഉണ്ട്… ഞാനെടുത്തിട്ട് വരാം..”
അവൾ ധൃതിയിൽ അവിടെ നിന്നും പോയി.ആദി കൈ കഴുകി കൊണ്ട് അടുക്കളയിലേക്ക് ചെന്നു.
“കുറച്ചു മതി.. സമയമായില്ല. ഇനി അവിടെ ചെന്നു കാന്റീനിൽ പോവാൻ വയ്യെന്ന് കരുതി കഴിക്കുന്നതാ..”അവൾ വിളമ്പി വെച്ച ചോറ് തിരികെ കൊടുത്തു കൊണ്ട് ആദി പറഞ്ഞു.പ്രിയ അതിൽ നിന്നിത്തിരി എടുത്തു മാറ്റിയിട്ട് അവന് തന്നെ തിരികെ നീട്ടി.അപ്പോഴാണ് രമണി വീണ്ടുമങ്ങോട്ട് കയറി വന്നത്.രണ്ടു പേരെയും വീണ്ടുമവിടെ കണ്ടതും രമണി ഓടണോ നിക്കണോ എന്നറിയാതെ നിന്ന് പോയി..ആദിയുടെ മുഖത്തേക്ക് വലിഞ്ഞു കയറി വരുന്ന കുസൃതിയിലേക്കായിരുന്നു പ്രിയയുടെ നോട്ടമപ്പോഴും….
തുടരും..
കുസൃതി കാണിച്ച് കാണിച്ച് ഇവനിനി എന്ത് ചെയ്താലും ഞാനിനി ഉത്തരവാദിയല്ലെന്ന് ഇതിനാൽ അറിയിക്കുന്നു..ഓന്റെ ആളെന്ന ലേബലിൽ നിന്നും ഞാൻ ഇന്നലെ മുതൽ രാജി വെച്ചിരിക്കുന്നു..😡
പ്രിയ കീ ജയ് 🫣സ്നേഹത്തോടെ jiff❣️