രചന : ജിഫ്ന നിസാർ ❣️
നാല് പേരും നാലിടത്തിരിക്കുന്നു..മാളുവിന്റെ തേങ്ങല് മാത്രം ഇടതടവില്ലാതെ കേൾക്കുന്നുണ്ട്.
എന്ത് ചെയ്യണമെന്നോർത്തിട്ട് പ്രിയക്ക് തല പെരുക്കുന്നുണ്ട്.അവളെന്തു തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്ന് സുജയും പത്മയും മനസ്സ് കൊണ്ടുറപ്പിച്ചു കഴിഞ്ഞതാണ്.
കാരണം ഇന്നീ നിലയില്ലെങ്കിലും ജീവിച്ചു പോണുണ്ടെങ്കിൽ.. അതവൾ നൽകുന്ന ധൈര്യമായിരുന്നു.അവൾക്കേറ്റ അപമാനത്തിന്റെ നീറ്റലെല്ലാം ഒറ്റയ്ക്ക് സഹിച്ചവളാണ്.
എല്ലാം എല്ലാവരെയും ഒരൊറ്റ നിമിഷം കൊണ്ടുപേക്ഷിച്ചു പോയവളാണ് മാളവിക.
പക്ഷേ തനിക്ക് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചു കൊണ്ട് വീട്ടുകാർക്കൊപ്പം നിന്ന പ്രിയയെ അനുസരിക്കാതിരിക്കുന്നതെങ്ങനെ?പ്രിയക്കുള്ളിലും സംഘർഷങ്ങളുടെ വടം വലിയുണ്ട്.എത്രയൊക്കെ വെറുത്താലും ദേഷ്യം കാണിച്ചാലും കണ്മുന്നിൽ തകർന്നടിഞ്ഞു കിടക്കുന്നത് സ്വന്തം കൂടപ്പിറപ്പാണ്.
അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം തന്നെ തന്നു കഴിഞ്ഞു. ഇനിയുമെന്നേ തള്ളി കളഞ്ഞിട്ട് ശിക്ഷിക്കരുതേയെന്ന് വിലപിക്കുന്നവളെ ഇറക്കി വിട്ടാലും ഈ ജന്മം മുഴുവനും തനിക്കൊരു സ്വസ്ഥതയുണ്ടാവില്ലെന്നുള്ളതും പ്രിയക്കുറപ്പുണ്ട്.
രക്തബന്ധങ്ങളുടെ അദർഷ്യമായൊരു ചങ്ങല കണ്ണി തനിക്കും അവൾക്കുമിടയിൽ കെട്ട് പിണഞ്ഞു കിടപ്പുണ്ട്..എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും.. അറുത്തു മുറിക്കാൻ ശ്രമിച്ചാലും അതങ്ങനെയൊന്നും വിട്ടൊഴിഞ്ഞു പോകുന്നതല്ല..
സുജയുടെ ചുമലിലേക്ക് ചാരി പ്രിയ തളർന്നിരുന്നു..
മാളുവപ്പോഴും പത്മയുടെ കാൽ കീഴിലാണ്.കയ്യിൽ അച്ചന്റെയൊരു ഫോട്ടോയും നെഞ്ചിലേക്ക് ചേർത്തിരിക്കുന്നവളെ കണ്ടപ്പോഴൊക്കെയും പ്രിയ കൂടുതൽ കൂടുതൽ തളർന്നു തൂങ്ങി…സ്വർഗം പോലുണ്ടായിരുന്ന താങ്കളുടെ കുഞ്ഞു കുടുംബത്തെ കുറിച്ചോർത്തവൾ വിങ്ങി പൊട്ടി..കണ്മുന്നിൽ അച്ഛന്റെ വെള്ള പുതച്ചു കിടത്തിയ രൂപമവളെ വെറുതെ ഭയപ്പെടുത്തി..നേരമൊന്ന് വെളിച്ചം വീണു കഴിഞ്ഞാൽ ചിറ്റേടത്തെ ചന്ദ്രദാസിന്റെ കുടുംബം ഒരിക്കൽ കൂടി ഇന്നാട്ടുക്കാർ ചർച്ചക്കെടുക്കും.
പറഞ്ഞും പൊലിപ്പിച്ചും മരിച്ചു മണ്ണോടു ചേർന്ന അച്ഛനെ വരെയും വലിച്ചു ചേർക്കും.
നടന്നു പോകുന്ന വഴികളിൽ ഇനിയൊരു മുള്ളു പോലെ മാളവികയുടെ കഥകൾ കൂടി പൊഴിഞ്ഞു കിടക്കും..കുത്തി നോവിക്കും..മുറിവായി മാറും..
അടക്കി ചിരിക്കലും പിറുപിറുക്കലുകളും ഒന്നുകൂടി ശക്തി പ്രാപിക്കും..പിറ്റേന്നുള്ള പുലരിയെ പ്രിയ അത്രയും ഭയത്തോടെയാണ് നോക്കിയതൊക്കെയും..
💞💞
അന്നുറങ്ങാൻ കിടക്കുമ്പോഴും ആദിയുടെ മനസ്സിലാ സ്വപ്നത്തിന്റെ അവശേഷിപ്പ് ബാക്കിയുണ്ടായിരുന്നു.
എന്ത് കൊണ്ടാണ് അത് തന്നെ ഇത്ര മാത്രം അസ്വസ്ഥതപെടുതന്നതെന്ന് അവനപ്പോഴും ഓർത്തു.
എപ്പോഴത്തെയും പോലെ ഉത്തരമില്ലാത്ത ചോദ്യം.
ഇന്ന് പ്രിയക്ക് മുന്നിൽ നിന്നും മുഖം മറച്ചു നടക്കാൻ താനൊരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അവനറിയാം.
ഒന്നുമില്ല.. പക്ഷേ അവളെ നോക്കാൻ കഴിയാത്ത എന്തോ ഒന്നുണ്ട് തനിക്കുള്ളിൽ …അതെന്താണെന്ന് ഒരാൾക്ക് മുന്നിലും വിശദീകരിച്ചു കൊടുക്കാനുമാവുന്നില്ലഇടനെഞ്ചിലൊരു തുടിപ്പായി.. ആ ഓർമയങ്ങനെ..കണ്മുന്നിൽ കാണുമ്പോഴൊക്കെയും അവളുടെയാ പ്രണയാർദ്ര ഭാവമാണ് ഓർമ വരുന്നത്..അപ്പോഴാണ് കൂടുതൽ തളർന്നു പോകുന്നതും.
ദേഷ്യം കാണിക്കാനും വഴക്ക് കൂടാനും എത്ര എളുപ്പമായിരുന്നു.പക്ഷേ.. ഇത് വയ്യ.ഓരോ നോട്ടത്തിലും സ്വയമില്ലാതായി പോവുകയാണ്.
അത് വരെയുമറിയാത്ത ആദ്യാനുഭവങ്ങൾ..
ഇനിയാ പ്രിയയൊരിക്ക.പ്രാണാനാവുമെന്നറിയാതെ… അവളില്ലാതെയൊരു ജീവിതമെന്നുള്ള ചിന്ത പോലും അസഹനീയമാവുമെന്നുമറിയാതെ.. കാലത്തിന്റെ വികൃതിയെ കുറിച്ച് അൽപ്പം പോലും ആലോചിച്ചു നോക്കാതെ…അവനാ സ്വപ്നത്തെ മനഃപൂർവം മറക്കാനുള്ള ശ്രമത്തിലാണ്…വീണ്ടും വീണ്ടും..
💞💞
തല വെട്ടി പൊളിയുന്ന വേദനയോടെയാണ് അന്ന് പ്രിയ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.ഉറങ്ങി എന്നൊന്നും പറയാനാവില്ല.ഹൃദയമുരുകി കൊണ്ടിരിക്കുന്ന നോവും ശരീരത്തിന്റെ തളർച്ചയും താങ്ങാൻ കഴിയാതെ ഒന്ന് കിടന്നു..അൽപ്പമൊന്നു മയങ്ങി.. അത്രതന്നെ.അവള് മാത്രമല്ല സുജയുടെയും പത്മയുടെയും അവസ്ഥ അതുതന്നെയായിരുന്നു.മാളുവിന്റെ അവസ്ഥയാണ് അതിനേക്കാളൊക്കെ പരിതാപകരം.ചുമരിൽ ചാരി ഒരേ ഇരിപ്പാണ്. ഇമകളൊന്നും പിടയുന്നത് കൂടിയില്ല.ഇടത്തടവില്ലാതെ കണ്ണീരൊഴുകിയിറങ്ങുന്നുണ്ട്.ഇവിടെ നിന്നിറങ്ങി പോകണം.. ഇനി ഇവിടെ നീ വേണ്ടാ എന്നുമൊക്കെ മാളവികയോട് പറഞ്ഞുവെങ്കിലും, ആ അവസ്ഥയിൽ അവളെ ഇറക്കി വിട്ടാൽ അതേ അച്ഛന്റെ ആത്മാവ് തന്നെ വേദനിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.
അവൾ പോയ അന്നുമുതലുള്ള സങ്കടങ്ങളെല്ലാം മനസ്സിൽ ഒതുക്കി പിടിച്ചു നടന്നത്.. പെട്ടെന്ന് അവളെ കൺമുന്നിൽ കണ്ടപ്പോൾ എത്രയൊക്കെ ഒതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും കെട്ടഴിഞ്ഞു പോയതാണ്..പക്ഷേ പറഞ്ഞത് ഒന്നും തന്നെ അവളോടുള്ള ദേഷ്യം മാത്രമല്ല. ഉള്ളിലെ സങ്കടങ്ങൾ കൂടിയാണ്.അച്ഛനില്ലായ്മയിൽ നീറി പിടഞ്ഞ ദിവസങ്ങളിലെ ഉള്ളുരുക്കങ്ങളാണ്.നെടുവീർപ്പോടെ പ്രിയ പുറത്തേക്കിറങ്ങി.ബാത്റൂമിൽ കയറി നന്നായൊന്ന് തല തണുക്കുവോളം കുളിച്ചിറങ്ങി വന്നിട്ടാണ് പ്രിയ ചായക്കുള്ള വെള്ളം വെച്ചത്.
ആറ് മണി കഴിഞ്ഞാൽ കെട്ടിയിട്ടാൽ പോലും കിടക്കാത്ത സുജ പക്ഷേ ഉറക്കം വിട്ടിട്ടും എഴുന്നേൽക്കാതെ കണ്ണ് തുറന്നു കിടപ്പുണ്ട്.
ആ മനസ്സിലെ ആകുലതകൾ നിരവധിയാണ്.
ചായയും ഉപ്പുമാവും ഉണ്ടാക്കിയിട്ട് പ്രിയ ചെന്ന് സുജയെ വിളിച്ചു.”കഴിച്ചിട്ട് നീ പോയിക്കോ.. ഞാനിച്ചിരി കൂടി കിടക്കട്ടെ “യെന്ന് പറഞ്ഞിട്ട് എഴുന്നേൽക്കാൻ ഭയമുള്ളത് പോലെ സുജ വീണ്ടും അവിടെ തന്നെ ചുരുണ്ടു.”വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോകമമ്മേയെന്ന് പ്രിയ പറഞ്ഞതിന് ഒരു മൂളൽ പോലും ഉത്തരമുണ്ടായില്ല.ആ അസുഖം ശരീരത്തിലല്ലന്നറിയാവുന്ന പ്രിയ പിന്നെ നിർബന്ധിച്ചതുമില്ല.അവൾക്കിറങ്ങേണ്ട സമയത്തിനു മുന്നേ ഓടി പിടഞ്ഞു കുറച്ചു പണികൾ കൂടി ചെയ്തു തീർത്തു.
💞💞
“ഇപ്പോഴെങ്ങനെയിരിക്കുന്നു.. ഞാൻ പറഞ്ഞപ്പോ നീ വിശ്വസിച്ചോ..”വിലാസിനി രാജീവിനരികിൽ ചെന്നിട്ട് പിറുപിറുക്കും പോലെ പറഞ്ഞു.അവന്റെ കണ്ണുകൾ പ്രിയയുടെ നേരെയാണ്.നാളേക്കുള്ള പരിപാടിയുടെ ഒരുക്കങ്ങളാണവിടെ നടക്കുന്നത്.അതിനരികിൽ അവരെല്ലാം കൂടി നിൽപ്പുണ്ട്.പക്ഷേ ഒരു തൂണിൽ ചാരി മറ്റെല്ലാം മറന്നു കൊണ്ടെന്തോ ചിന്തിച്ചു നിൽക്കുന്ന പ്രിയ.. പണിക്കാരോടും അവിടെ കൂടിയാവരോടും ഓരോന്നു പറയുന്നണ്ടേങ്കിലും ഇടയ്ക്കിടെ അവളിലേക്ക് നീളുന്ന ആദിയുടെ നോട്ടം.
അതാണവനെ അസ്വസ്ഥനാക്കുന്നത്.ആദി നോക്കുന്നതൊന്നും അവളറിയുന്നില്ലെന്നു തോന്നുന്നു.
പക്ഷേ അവന്റെയാ ഭാവം..അതാണല്ലോ മനസ്സിലാവാത്തത്.അവളോടവന് ദേഷ്യമാണെന്ന് ഇവിടുള്ളവർ പറഞ്ഞു കേൾക്കുമ്പോൾ കാരണമറിയാത്തൊരു മനസുഖം തോന്നിയിരുന്നു.
അവളെ ആദി വഴക്ക് പറയുന്നതിന് രാജീവും ഒന്ന് രണ്ടു പ്രാവശ്യം ദൃസാക്ഷിയായിട്ടുമുണ്ട്.പക്ഷേ ഇന്നത്തെ ഈ നോട്ടം..ഇതത്ര ശരിയല്ലല്ലോ..?
രാജീവിന്റെ നെറ്റി ചുളിഞ്ഞു.അത് വരെയും ചെയ്യണോ വേണ്ടേയെന്ന് തീർച്ചപ്പെടുത്താ ഒരു കാര്യം അവനുള്ളിൽ പുകഞ്ഞു.ആ നോട്ടത്തിലേക്ക് തന്നെ രാജീവ് വീണ്ടും വീണ്ടുംശ്രദ്ധിക്കുകയാണ്..മുത്തച്ഛന്റെ പാതയിൽ തന്നെ കൊച്ചുമോനും.. അല്ലേലും അവള് മിടുക്കിയല്ലേ കറക്കിയെടുക്കാൻ.. എങ്ങനെ സാധിക്കുന്നതാവോ..”വിലാസിനിയുടെ മുറുമുറുപ്പ് രാജീവിനെ സംഘർഷത്തിലാക്കി..അപ്പോഴും അവനുള്ളിൽ താനത് ചെയ്യണോ വേണ്ടയോ എന്നുള്ളൊരു കൺഫ്യൂഷനുണ്ടായിരുന്നു.. ശക്തമായി തന്നെ..
💞💞
“എന്ത് പറ്റിയാവോ… എത്ര സങ്കടമുണ്ടെങ്കിലും പുറത്ത് കാണിക്കില്ലെന്നതാണല്ലോ മുത്തച്ഛൻ പറഞ്ഞിട്ടുള്ളത്.. പിന്നെന്തേ..?”പ്രിയയെ നോക്കുമ്പോഴൊക്കെയും ആദിയുടെ ഉള്ളിലാ ചോദ്യമുണ്ടായിരുന്നു.ഈ ലോകത്തൊന്നുമല്ലെന്നുള്ള പോലാണ് നിൽപ്പും ഭാവവും.കാര്യമായെന്തോ പറ്റിയിട്ടുണ്ട്..അതുറപ്പാണ്.പക്ഷേ അതെന്താണെന്ന് ചോദിക്കാൻ മാത്രം ആദിക്ക് അവളുടെ അരികിലേക്ക് പോവാൻ കഴിയില്ല.ഇന്നലെ തന്നെ അവളുടെയോരോ കൂർത്ത നോട്ടങ്ങളിലും ഒരു നൂറായിരം സംശയങ്ങൾ നിറയുന്നത് കണ്ടിട്ടും മനഃപൂർവം അങ്ങോട്ട് ശ്രദ്ധ കൊടുക്കാഞ്ഞതാണ്.ഇന്നിപ്പോ ഇങ്ങനൊരു ചോദ്യം കൂടി ആവുന്നതോടെ സംഗതി പൂർത്തിയാവും.
അന്നത്തെ ദിവസം മുഴുവനും ആദിയാ അസ്വസ്തയെ പേറിയാണ് അവിടെയുള്ള ഓരോ നിമിഷങ്ങളെയും തള്ളി നീക്കിയത്.പിറ്റേന്ന് നടക്കേണ്ട പരിപാടിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായിട്ടുള്ളതിനാൽ ബാക്കിയുള്ളവരെല്ലാം പോയിട്ടും അന്ന് രാത്രിയേറെ വൈകിയും അവനവിടെ നിൽക്കേണ്ടി വന്നിരുന്നു.കോളേജ് വിട്ടതോടെ സഞ്ജു കൂടി അങ്ങോട്ടെത്തി.അതോടെ ആദിയുടെ മ്ലാനത ഒരല്പം കുറഞ്ഞു.സഞ്ജു വിനോപ്പം ആ നാട്ടിലെ തന്നെ കുറേയേറെ ചെറുപ്പക്കാരും കൂടി പന്തൽ കെട്ടുകയും മറ്റും ചെയ്യുന്നുണ്ട്.
തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ട് മാറിയതോടെ ആദിയും അവർക്കൊപ്പം സജീവമായി.മാഷിനോടുള്ള അതേ സ്നേഹം അവരെല്ലാം ആദിയിലേക്കും വച്ചു നീട്ടുമ്പോൾ അവൻ മനസ്സറിഞ്ഞു സന്തോഷിക്കുകയായിരുന്നു.
തന്റെ കോഴ്സ് തുടങ്ങാൻ ആറ് മാസത്തെ ഗ്യാപ് കൂടിയുണ്ടെന്ന് കേട്ടപ്പോൾ മടുത്തു പോയൊരു മനസ്സുള്ളവനായിരുന്നു താനെന്നും…ആ വെറുതെയിരിക്കുന്ന സമയം ഈ സ്കൂളിലേക്ക് ജോയിൻ ചെയ്യാണെന്നുള്ള അന്നാ തീരുമാനമെടുത്തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും ആശ്വാസിച്ചവൻ.. സന്തോശിച്ചവൻ… നാളെ ഇതേ നേരം ഇതേ അനുഗ്രഹങ്ങളെ അപമാനങ്ങളായി ഏറ്റു വാങ്ങേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തു കാണില്ല…
❣️❣️
പാതിരാത്രിയിലാണ് വന്നു കിടന്നതെങ്കിലും പിറ്റേന്ന് അതിരാവിലെ തന്നെ ആദി ഉണർന്നിരുന്നു.അമ്പലത്തിൽ പോകണമെന്നുള്ള അവന്റെ തോന്നൽ സഞ്ജുവിനോട് പോലും പറഞ്ഞിട്ടില്ല.പറഞ്ഞാൽ ആ പഹയൻ കളിയാക്കും എന്നതിനപ്പുറം, ആരുമറിയാതെ അങ്ങോട്ട് പോവാനാണ് തോന്നിയത്.അതെന്തിനെന്ന് ചോദിച്ചാൽ അവനുമറിയില്ല.എങ്കിലും ഒരുങ്ങിയിറങ്ങുമ്പോൾ ഹൃദയത്തിനാ കുതിച്ചു ചാടലില്ല.ശാന്തൻ..!
അവനെ പോലെ തന്നെനടന്നു പോവാനാണ് ആഗ്രഹമെങ്കിലും പെട്ടന്ന് തിരികെയെത്തി സ്കൂളിലേക്ക് പോവേണ്ടതുണ്ട്.പാതി മനസ്സോടെ ബൈക്കെടുത്തു.പുലർക്കാലമതിന്റെ സൗന്ദര്യമെല്ലാം കാത്ത് വെച്ച വഴിയിൽ, പുലരി മഞ്ഞിനിടയിൽ കൂടി വളരെ പതിയെ തന്നെയാണ് ആദി വണ്ടിയോടിച്ചത്.
വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്തതിനാൽ… ബൈക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന മുന്നോട്ടുള്ള വഴി..
ആദികപ്പാടെയൊരു വല്ലാത്ത നിർവൃതി തോന്നി.
പടിക്കെട്ടിന് താഴെ ബൈക്കൊതുക്കി നിർത്തി പടികെട്ടുകൾ പതിയെ ഓടി കയറി.പോസിറ്റീവ് വൈബ് തരുന്ന ആ അന്തരീക്ഷത്തിനിടയിൽ കൂടി ഇടതടവില്ലാതെ അവന്റെ കണ്ണുകളാരെയോ തേടിയലഞ്ഞ് കൊണ്ടിരിക്കുന്നു..വല്ലാത്തൊരു ധൃതിയോടെ..ഇന്നൊന്തോ.. താൻ തേടുന്ന ആ ആളെ ഇവിടെ കണ്ടേക്കാമെന്നൊരു തോന്നൽ അവനിൽ ശക്തമായി.അത്യാവശ്യം വലിയ ആ അമ്പലത്തിൽ അവനൊന്നു ചുറ്റി നടന്നു.ഒടുവിൽ ശ്രീ കോവിലില് മുന്നിൽ വന്നു നിൽകുമ്പോൾ എന്ത് കൊണ്ടോ അറിയാതെ ആ നോട്ടം അകത്തേക്ക് നീണ്ടു.
കൈ കൂപ്പി നിന്നതെന്തിനെന്നോ.. അപ്പോൾ ഹൃദയത്തിൽ തോന്നിയ വികാരമെന്തെന്നോ ആദിക്കൊരു രൂപവുമില്ല.പക്ഷേ കണ്ണടച്ച് കൊണ്ടവൻ കുറച്ചേറേ നേരം അതേ നിൽപ്പ് തുടർന്നു.ശേഷം കണ്ണ് തുറക്കുമ്പോൾ ചിരിയോടെ ഇല ചീന്തിൽ പ്രസാദം നീട്ടി കൊണ്ട് ചിരിയോടെ ഒരാൾ മുന്നിലുണ്ട്.ആ അമ്പലത്തിലെ പൂജാരിയായേക്കും.
“മാധവൻ മാഷിന്റെ കൊച്ചുമോനാണ് ല്ലേ?”
നിറഞ്ഞ ചിരിയോടെ അദ്ദേഹമത് ചോദിച്ചതും ആദി ചിരിയോടെ അതേയെന്ന് തലയാട്ടി”പേരെന്താ..?”
“ആദിത് മഹാദേവ് “”പ്രസാദം വാങ്ങിച്ചോളൂ..”
അദ്ദേഹം ആവിശ്യപ്പെട്ടു.
അപ്പോഴാണ് ആദി കൈ നീട്ടി അത് വാങ്ങിയത്.
“വിശ്വാസമായിട്ട് കാണേണ്ട.. പക്ഷേ അതിരാവിലെ നെറ്റിയിലിത്തിരി ചന്ദനത്തിന്റെ തണുപ്പ് ചേരുന്നത് വളരെ നല്ലതാണെന്നു ശാസ്ത്രം പറയുന്നുണ്ടല്ലോ. വലിയ പഠിപ്പുള്ള ആളല്ലേ. അതൊക്കെ അറിയാമെന്നു കരുതുന്നു “അയാളുദ്ദേശിച്ചത് മനസ്സിലായത് പോലെ ആദിയാ ഇല കീറിൽ നിന്നൊരു നുള്ള് ചന്ദനമെടുത്ത് നെറ്റിയിൽ ചാർത്തി.
അതിന് ശേഷം അദ്ദേഹത്തെ നോക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അവനെ തന്നെ നോക്കുകയാണ്.
“മാഷിന്റെ കൊച്ചു മകൻ മാഷിനെക്കാൾ മിടുക്കനായ കഥയൊക്കെ ഇവിടേം എത്തിയിട്ടുണ്ട് കേട്ടോ.. ഞാനും കേട്ടു..”അദ്ദേഹം അതേ ചിരിയോടെ ആദിയെ നോക്കി പറഞ്ഞു”ഇന്നാണ് ല്ലേ ഉത്ഘാടനം..?”
അദ്ദേഹം വീണ്ടും ആദിയോട് ചോദിച്ചു.”അതേ….”
അവനും ചിരിയോടെ പറഞ്ഞു.”എന്റെ മകന്റെ മക്കളുണ്ട് നിങ്ങളുടെ സ്കൂളിൽ. കുട്ടികൾ വളരെ സന്തോഷത്തിൽ പറയുന്നത് കേട്ടു..”അത് കേട്ടതും ആദിയൊന്നും പറയാതെ അയാളെ ഒന്നു നോക്കി തലയാട്ടി.”നന്നായി വരും.. എല്ലാം നല്ല രീതിയിൽ തന്നെ നടക്കും. ഭഗവാൻ കൂടെയുണ്ടാവും..”
ശ്രീ കോവിലിലേക്കൊന്നു നോക്കി… അദ്ദേഹം ആദിയുടെ തലയിലൊന്ന് തഴുകി..”പോട്ടെ…”
അവനും ചിരിയോടെ യാത്ര ചോദിച്ചു.തിരിഞ്ഞ് നടന്നിട്ട് ഒന്ന് രണ്ടടി വെച്ചതിനു ശേഷമാണ് അവനാ കൃഷ്ണസ്തുതിയെ കുറിച്ചും അത് പാടിയ ആളെ കുറിച്ചും അദ്ദേഹത്തോടൊന്ന് ചോദിച്ചാലോ എന്ന തോന്നലുണ്ടായത്.ഇനി തനിക്കതറിയാനുള്ള വഴിയായി അദ്ദേഹം ഇങ്ങോട്ടെത്തിയതാണെങ്കിലോ?
ഒരു നിമിത്തം പോലെ..
ഒരിക്കൽ കൂടി ആലോചിച്ചു നോക്കുക പോലും ചെയ്യാതെ ആദി വീണ്ടും അയാൾക്ക് നേരെ നടന്നു..
അദ്ദേഹത്തെ എന്ത് വിളിക്കണം എന്നൊരു ആശങ്കയുണ്ടായിരുന്നു അവനപ്പോൾ.”അതേയ്…”
പിന്നിൽ നിന്നും അത്രയും ഉറക്കെയല്ലാതെ ആദി വിളിച്ചിട്ടും അദ്ദേഹം തിരിഞ്ഞുനോക്കി.”എന്തേ….?”
അവന് തന്നോട് എന്തോ ചോദിക്കാനുണ്ടെന്ന് മനസ്സിലായത് പോലെ അദ്ദേഹം ആദിയെ നോക്കി.
” അല്ല അത് പിന്നെ ഞാൻ… “ഒരു തുടക്കത്തിന് വേണ്ടി അവൻ നന്നായിട്ട് കഷ്ടപ്പെടുന്നുണ്ടെന്ന് ആദിയുടെ മുഖഭാവത്തിൽ നിന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നു.” പറഞ്ഞോളൂ.. ”
ശാന്തമായിത്തന്നെ ആദിക്കദ്ദേഹം അനുമതി നൽകി.
” പറയുന്നതും ചോദിക്കുന്നതും തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സിൽ രണ്ടുമൂന്നു ദിവസമായിട്ട് ഈ ചിന്തയുണ്ട്.. ”
ആദിയൊരു ക്ഷമപണത്തോടെയാണ് പറഞ്ഞു തുടങ്ങിയത്.” കാര്യം പറയൂ കുട്ടി.. “നിറഞ്ഞ ചിരിയോടെ തന്നെ അദ്ദേഹം ആദിയെ നോക്കി വീണ്ടും ആവശ്യപ്പെട്ടു.രണ്ടുദിവസങ്ങൾക്കു മുമ്പ് ഞാനെന്റെ മുത്തച്ഛന്റെ കൂടെ ഇവിടെ വന്നിരുന്നു.. ”
നേർത്തൊരു ചിരിയോടെ ആദി അന്നത്തെ ഓർമ്മയിലേക്ക് എടുത്തറിയപ്പെട്ടു.”മ്മ്…”
അദ്ദേഹമാവട്ടെ ക്ഷമയോടെ അവന് പറയാനുള്ളത് കേൾക്കാനുള്ള തയ്യാറെടുപ്പിലാണ്.” അന്ന് ഞാൻ കേറി വന്നപ്പോഴേ ഇവിടെനിന്നൊരു കൃഷ്ണ സ്തുതി കേട്ടിരുന്നു. അതെന്നെ ഒരുപാട്സ്പർശിച്ചു.അതിന്റെ ഭാവവും താളവും ഈണവും രണ്ടു ദിവസങ്ങൾക്കിപ്പുറവും എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.. “ആദി പറഞ്ഞു വരുന്നത് എന്താണെന്നറിയാത്തൊരു ആശങ്കയോടെ അദ്ദേഹം അവന്റെ നേരെ നോക്കി.
” അന്നത് പാടിയ ആളെ എനിക്ക്.. എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.. ഒന്നിനുമല്ല വെറുതെ… ഒന്ന് കണ്ടിട്ട് അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് തോന്നി…”തന്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിക്കപ്പെടുമോ എന്നൊരു ആശങ്കയോടെയാണ് ആദിപിന്നീടുള്ളവാക്കുകൾപറഞ്ഞത്.”അതിപ്പോ…”എന്തോ ആലോചിക്കുന്നത് പോലെ അദ്ദേഹം നെറ്റിതടവുന്നത് കണ്ടതും ആദിയുടെ ഉള്ളം വീണ്ടും തുടിച്ചു കൊണ്ടിരുന്നു..താൻ തേടി നടക്കുന്നയാൾ തനിക്ക് അരികിലേക്കെത്തുമെന്നൊരു തോന്നൽ അവനിൽ ശക്തമായി..” ഇവിടെ അങ്ങനെ ഒരുപാട് പേരൊന്നും വന്നിട്ട് പാടാറില്ല പക്ഷേ അന്നതു പാടിയത് ആരാണെന്ന്…..എനിക്കോർമ്മ വരുന്നില്ല കുട്ടി ”
അത് കേട്ടതും ആദിയുടെ മുഖം മങ്ങി പോയി.”ശരിയെന്നാ.. ഞാനൊന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചുവെന്ന് മാത്രം. അന്നത്രേം നന്നായിരുന്നു “ഇനിയൊന്നും ചോദിക്കാനില്ലാത്തത് പോലെ ആദി വീണ്ടും യാത്ര പറഞ്ഞു.തിരിഞ്ഞു നടക്കുമ്പോൾ ശ്രീ കോവിലിനരികിൽ കൈ കൂപ്പി കണ്ണടച്ച് നിൽക്കുന്നവളിൽ അവന്റെ മിഴികൾ കോർത്തു.കൃഷ്ണപ്രിയയാണ് അതെന്ന് ആദിക്ക് വളരെ വേഗത്തിൽ തന്നെ മനസ്സിലായി.ഇന്നവൾ ഒറ്റക്കാണെന്ന് തോന്നുന്നു.വളരെ വേഗം തന്നെ പ്രാർത്ഥന കഴിഞ്ഞു തിരിഞ്ഞു നടക്കുന്നവൾക്ക് വല്ലാതെ ധൃതിയുള്ളത് പോലെ..
വീണ്ടും തന്നെ അവളിവിടെ കണ്ടാൽ ഇനിയത് മതിയാവും ആ മരം കേറിക്ക് കളിയാക്കി ചിരിക്കാനെന്ന് തോന്നിയിട്ട് ആദിയും വേഗത്തിൽ നടക്കാൻ തുടങ്ങി.പക്ഷേ കൃത്യമായി രണ്ട് പേരും ഒരേ സമയമാണ് താഴെക്കുള്ള പടിക്കെട്ടിനരികിലെത്തിയത്.അവളെ കണ്ട് ആദിയൊന്ന് ഞെട്ടി പോയെങ്കിലും നെറ്റിയിൽ ചന്ദനകുറിയും കയ്യിലെ പ്രസാദവുമായി നിൽക്കുന്ന ആദി പ്രിയയിൽ ആശ്ചര്യമാണ് നിറച്ചത്.”മ്മ്…”
അവളുടെ നോട്ടവും ചിരിയോളിപ്പിച്ച ഭാവവും കണ്ടതും ആദി ഗൗരവത്തോടെ പുരികമുയർത്തി കൊണ്ടവളെ നോക്കി.”വിശ്വാസമിപ്പോൾ ഇച്ചിരി അധികമായോ കൊച്ചു മോന്..”കുഞ്ഞൊരു ചിരിയോടെ അവളത് പറയുബോൾ ആദിയാ കണ്ണിലേക്കാണ് നോക്കിയത്.
പ്രിയ മനഃപൂർവം ചൊറിയുകയാണെന്നറിഞ്ഞിട്ടും ആദിക്ക് ദേഷ്യമൊന്നും തോന്നിയില്ല.
പകരമവനാ മിഴിയാഴങ്ങളിലെന്തോ തിരഞ്ഞലഞ്ഞു..
ഹേയ്…പ്രിയയുടെ വിളി കേട്ടതോടെയാണ് ആദിക്ക് സ്വയബോധം വന്നത്.”കൊച്ചു മോനെന്തേങ്കിലും പ്രശ്നണ്ടോ..?പ്രിയ കുറച്ചു കൂടി അവനരികിലേക്ക് ചെന്ന് നിന്നിട്ട് ചോദിച്ചു.അവളുടെ മുഖത്തേക്ക് നോക്കി ആദി ഇല്ലെന്ന് തലയാട്ടി.ഒരക്ഷരം പോലും മിണ്ടാനാവാതെ താനെങ്ങനെ ഇങ്ങനെയായെന്ന് അവനോർത്തു.”അല്ല.. ഇന്നലെ മുതൽ.. എനിക്കങ്ങനെ തോന്നുന്നു…”നിറഞ്ഞ ചിരിയോടെ പ്രിയ വീണ്ടും പറഞ്ഞു കേട്ടതും ആദിയുടെ മനസിലാ അസ്വസ്ത്ഥത വീണ്ടും നിറഞ്ഞു.അവളുടെ ച്ചിരി…
ആ ഭാവം..സ്വപ്നം വീണ്ടും കണ്മുന്നിൽ ആവർത്തിക്കപ്പെടുന്നൊരു ഫീൽ..ആ നനുത്ത കുളിരിലും ആദി വിയർത്തു.ആ കലിപ്പ് തന്നെയായിരുന്നു ട്ടോ കൊച്ചു മോന് നല്ലത്.. അതായിരുന്നു ഇയാളോട് സംസാരിക്കാൻ കൂടുതൽ എളുപ്പം. ഇതിപ്പോ… ഏതാണ്ട് വെള്ളത്തിൽ വീണത് പോലെ..”പ്രിയ വീണ്ടും കളിയാക്കി കൊണ്ട് പറഞ്ഞു.ശെരിയെന്നാ.. പോട്ടെ..”അവൾക്ക് കൊടുക്കാനൊരു ഉത്തരമില്ലാത്തത് പോലെ ആദി വേഗം യാത്ര പറഞ്ഞു കൊണ്ട് ആ പടികൾ ഓടിയിറങ്ങി.താഴെയെത്തി… കയ്യിലെ പ്രസാദം പോക്കറ്റിലിട്ട് കൊണ്ടവൻ വേഗത്തിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു..പോവും മുന്നേ തിരിഞ്ഞു നോക്കുമ്പോഴും അവളാ പടികെട്ടിന് മുകളിൽ തന്നെ നോക്കി നിൽപ്പുണ്ടെന്നുള്ള കാഴ്ച അവന്റെ പരവേശം കൂട്ടി..
💞💞
ആദിയെത്തുമ്പോൾ സഞ്ജുവും മാഷും ഉമ്മറത്തു തന്നെയുണ്ട്.സഞ്ജുവിന്റെ മുഖത്തുള്ള ഭാവം കണ്ടതും ബൈക്കെടുത്തു തിരികെ പോവാനാണ് ആദിക്ക് തോന്നിയത്.”ഈശ്വരവിശ്വാസം ഇച്ചിരി കൂടുന്നുണ്ടോ മോനെ..അതത്ര നല്ലതല്ല കേട്ടോ.. അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ.. വിശ്വാസത്തിന്റെ കാര്യത്തിൽ അത് നൂറ് ശതമാനം ശരിയുമാണ് ”
പാതി കളിയായും പാതി കാര്യമായും മാഷ് വിളിച്ചു ചോദിച്ചത് കേട്ടതും ആദി ചിരിയോടെ അങ്ങോട്ട് ചെന്നു.തുണിതുമ്പുയർത്തി…ചന്ദനകുറിയൊക്കയായുള്ള ആ വരവിനൊരു വല്ലാത്ത ഭംഗിയുണ്ടായിരുന്നു.
പെട്ടന്ന് തന്നെ പോവേണ്ടത് കൊണ്ട് സഞ്ജുവിന്റെ ആക്രമണത്തിൽ നിന്നും ആദി രക്ഷപെട്ടു.എന്നിട്ടും പോവും വഴി മാഷ് കേൾക്കാതെ എന്തൊക്കെയോ ചികഞ്ഞു ചോദിക്കുന്നവന് മുന്നിൽ ഒന്നും വിട്ട് പറയാതെ ആദിയും കള്ളത്തരം കാണിച്ചു…
💞💞💞
ബാന്റും കൊട്ടും പാട്ടുമൊക്കെയായി ഗംഭീരമായാണ് പരിപാടി അറേൻജ് ചെയ്തത്.ഉത്ഘാടനസമയത്ത് കാറിൽ വന്നിറങ്ങുമെന്ന് പ്രതീക്ഷിച്ച സാജൻ സ്കറിയ ഓടി നടന്നു ബാക്കിയുള്ള പണികൾ ചെയ്യുന്നത് കണ്ടതും മാഷ് അർഥഗർഭമായി ആദിയെ ഒന്ന് നോക്കി.ഇപ്പൊ എങ്ങനെയുണ്ടെന്നുള്ളൊരു ചോദ്യമാണാ നോട്ടത്തിലുണ്ടായിരുന്നത്.ആദിക്കതു പെട്ടന്ന് മനസ്സിലായി.അന്നാട്ടിലെ ഓരോരുത്തരും അതവരുടെ ആഘോഷമായിട്ട് തന്നെയാണ് ഏറ്റെടുത്തത്.പരാതികളും പരിമിതികളുമെല്ലാം ഒരുമിച്ച് നിന്ന് നേരിട്ടു.മാഷ് പറഞ്ഞത് പോലെ തന്നെ.. സൂചി വീണാൽ കേൾക്കാവുന്ന അത്രേം നിശബ്ദതയോടെ സാജൻ സ്‌കറിയയുടെ വാക്കുകൾ കാത്തോർതിരിക്കുന്ന സദസ്സ് മുഴുവനും… തിരിച്ചിറങ്ങുമ്പോൾ അവനെ പോലെ ആവാൻ കൊതിക്കുണ്ടാവുമെന്ന് ആദിക്ക് തോന്നിയിരുന്നു.
ആദിയെ കുറിച്ചും അവന്റെ കഴിവിനെ കുറിച്ചുമെല്ലാം പരാമർശം വന്നപ്പോൾ കിട്ടിയ കയ്യടികളും ആർപ്പുവിളികളും അവനുള്ള അംഗീകാരം കൂടിയായിരുന്നു.പക്ഷേ അപ്പോഴും ചെകുത്താന്റെ മനസോടെ ഒരവസരം കാത്ത് ചുറ്റി തിരിയുന്നവരെ അവരാരുമറിഞ്ഞില്ല.ഫോണിലേക്ക് വന്നൊരു കോൾ..ആ ബഹളത്തിനിടെ ഒന്നും കേൾക്കാൻ കഴിയില്ലെന്ന് തോന്നിയിട്ടാണ് ആദി അത് കട്ട് ചെയ്തത്.തിരിച്ചു വിളിക്കാമെന്ന് കരുതി രണ്ട് പ്രാവശ്യം അങ്ങനെ തന്നെ തുടർന്നിട്ടും വീണ്ടും അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു.എന്തോ അത്യാവശ്യമാണെന്ന് തോന്നിയിട്ടാണ് ആദിയാ വേദി വീട്ടിറങ്ങി ഓഫീസിന്റെ ഭാഗത്തേക്ക് മാറിയത്.
തുടരെ അവൻ ഹലോയെന്ന് പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ മറുവശം..അവന്റെ നെറ്റി ചുളിഞ്ഞു.അങ്ങോട്ട് വിളിച്ചു നോക്കുമ്പോഴും ബെല്ലടിക്കുന്നുവെന്നല്ലാതെആരുമെടുക്കുന്നില്ല.ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞ ആദിയുടെ മേലേക്ക് പെട്ടന്നെന്തോ ശക്തിയായി വന്നു പതിച്ചു..അതൊരു മനുഷ്യനാണെന്ന് കണ്ടതും ആദിയത് തന്നിൽ നിന്നും ഊർന്ന് വീഴാതെ താങ്ങി പിടിച്ചു.പക്ഷേ കീറി പറിഞ്ഞ വേഷങ്ങളോടെ പാതി ബോധത്തിൽ തന്നിലേക്ക് വീണതൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതും ആദി നടുങ്ങി പോയിരുന്നു…
…….തുടരും..
ഉയ്യോ…. ഇനി ന്താവും..? രണ്ടൂസം ലീവെടുത്താലോ ന്നൊരു….. ആലോചന ഇല്ല 😬
ഇന്നാ പിന്നെ ഞാനങ്ങോട്ട് 🥰ചന്ദനം നെറ്റിയിൽ തൊട്ടാ തണുപ്പ് കിട്ടും എന്നതിനപ്പുറം ശാസ്ത്രം വല്ലതും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല 😎കഥക്ക് വേണ്ടി എഴുതി ചേർത്തതാ..അയിനുള്ള പൊങ്കാല സ്വീകരിക്കുന്നതല്ല.. ലെങ്ത് ഇല്ലെന്നുള്ള പരാതി ഇന്ന് തീർന്നില്ലേ.. റിവ്യൂ പോന്നോട്ടെ 😎സ്നേഹതോടെ ജിഫ് 🥰

by