25/05/2026

പ്രിയേ… പ്രാണനെ : ഭാഗം 83

രചന : ജിഫ്ന നിസാർ

അന്നൊരു ദിവസം കൂടി icu വിൽ കിടക്കേണ്ടി വന്നു നന്ദുവിന്.തലയിലൊരു ചെറിയ മുറിവ്.. കയ്യിലും..
കാൽ ഒടിഞ്ഞിട്ടുണ്ട്..പക്ഷേ പേടിക്കാനില്ല..എങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.അത് തന്നെയായിരുന്നു വലിയൊരു നോവിനിടയിലും അവരുടെ ഏറ്റവും ആശ്വാസവും.കണ്ണ് തുറന്നു നോക്കിയവൾ ശ്വാസമെടുക്കുന്നുണ്ട്..
അവരുടെ വാക്കുകൾക്ക് കാതോർത്ത് കിടപ്പുണ്ട്..
പക്ഷേ അവര് ഭയന്നത് പോലൊരു ചോദ്യവും അവൾ ചോദിക്കുന്നില്ല.ആരും പറഞ്ഞു കൊടുക്കാതെ തന്നെ അവൾക്കെല്ലാം അറിയാവുന്നപോലെ..അല്ലെങ്കിലും.. ജീവനോടെ ഈ ലോകത്തിൽ എവിടെയുണ്ടെങ്കിലും താനീ അവസ്ഥയിൽ കിടക്കുമ്പോൾ അച്ഛനും അമ്മയും വന്നു കാണുമെന്നവൾക്കറിയാം.

പക്ഷേ അവർ വരുന്നില്ല..നന്ദുവിന്റെ വേദനയിൽ കൂടെചേർന്നിരിക്കാൻഅവരോടിയെത്തിയില്ല..സാരമില്ല.. എളുപ്പം മാറുമെന്ന് പറഞ്ഞു കൊണ്ട് തലയിൽ തലോടിയില്ല..അലിവോടെ.. സ്നേഹത്തോടെ നെറ്റിയിലുമ്മ വെച്ചില്ല..അവരിനിയീ ലോകത്തില്ലെന്നുറപ്പിക്കാൻ അവൾക്കിനി മറ്റൊരു തെളിവും വേണമെന്നില്ലായിരുന്നു..ഒരുവേള.. നന്ദുവിന്റെ മനോനിലയിൽ തകരാറ് സംഭവിച്ചോ എന്ന് പോലും അവിടുള്ളവർ ഭയന്നു.അവരുണരും മുന്നേ അവളുടെ ചോദ്യങ്ങളെ ഭയന്നിരുന്നവർ… അവളൊന്നും ചോദിക്കുന്നില്ലല്ലോ, ഹൃദയം പൊട്ടി കരഞ്ഞില്ലല്ലോ എന്നായിരുന്നു പിന്നെയെറേ ഭയന്നതും.

വിങ്ങലോടെ അന്നത്തെ ദിവസവും കഴിഞ്ഞു പോയി..പ്രിയ നിർബന്ധിച്ചു കൊണ്ട് സഞ്ജുവിനെ ജോലിക്ക് പറഞ്ഞു വിട്ടിരുന്നു.അവനെത്ര തളർന്നു പോയെന്ന് അറിയാമായിരുന്നിട്ടും അതിനേക്കാൾ അവന് അത്യാവശ്യം ആ ജോലിയാണെന്ന് അവൾക്കും തോന്നിയിരുന്നു.ഇപ്പോഴോരു ആവേശത്തിൽ വിട്ട് കളഞ്ഞാലും പിന്നെ വേണമെന്ന് തോന്നുമ്പോൾ അത്രത്ര നിസ്സാരമായി നേടിയെടുക്കാൻ കഴിയില്ലെന്നും അവളവനെ പറഞ്ഞു മനസിലാക്കി.ബാലൻ മാഷവിടെ നിന്നെങ്കിലും ആദി സഞ്ജുവിന്റെ കൂടെ വീട്ടിലേക്ക് പോയി.രണ്ട് പേരും കൂടി വീട്ടിലെത്തി കുളിച്ചു മാറ്റി ജോലിക്ക് പോയിട്ട് തിരികെ ഹോസ്പിറ്റലിലേക്ക് തന്നെ വന്നു.
സഞ്ജു തികച്ചും മൗനമായിരുന്നു.

ആദി മുറിയിലേക്ക് കയറി നന്ദുവിനെ കണ്ടെങ്കിലും സഞ്ജു പുറത്തെ കസേരയിലിരുന്നു.”ഇതെന്താ ഇവിടിരുന്നേ… അകത്തേക്ക് വാ സഞ്ജു..”
ആദി അകത്തു ചെന്ന് സഞ്ജു പുറത്തുണ്ടെന്ന് പറഞ്ഞത് കേട്ട് ഇറങ്ങി വന്ന പ്രിയ അവനരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു”ഞാൻ.. എനിക്കവളെ അങ്ങനെ കാണണ്ട പെങ്ങളെ…”സഞ്ജു പതിഞ്ഞൊരു ചിരിയോടെ പ്രിയയെ നോക്കി..
അവളെന്തോ പറയാൻ തുടങ്ങും മുന്നേ ആ മുറിയെ ലക്ഷ്യമാക്കി രണ്ടു പേര് ധൃതിയിൽ നടന്നു വരുന്നത് കണ്ടതും… പ്രിയ എഴുന്നേറ്റു..

“നന്ദനയുടെ റൂം.. ഐ മീൻ.. പ്രാകാശിന്റെ മകൾ നന്ദന. ഇന്നലെ ആക്സിഡന്റായ…”
അവരുടെ ചോദ്യം കേട്ടതും സഞ്ജുവിനെയൊന്നു നോക്കിയിട്ട് പ്രിയ അവരോട് അതേയെന്ന് തലയാട്ടി കാണിച്ചു.അവളോട് താങ്ക്സ് പറഞ്ഞു കൊണ്ടവർ വാതിൽ തുറന്നു അകത്തേക്ക് കയറി.”വാ.. നമ്മുക്ക് പോയി നോക്കാം..”പ്രിയ വീണ്ടും അവന്റെ നേരെ നോക്കി വിളിച്ചു.”പെങ്ങളങ്ങോട്ട് ചെല്ല്.. ”
അതും പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റു പോകുന്നത് നോക്കി പ്രിയ നെടുവീർപ്പോടെ നിന്ന് പോയി..

💞💞

വന്നിരിക്കുന്നയാൾ പ്രകാശിന്റെ ആത്മസുഹൃത്ത് തന്നെയാണോ എന്ന കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു.. അവിടെല്ലാർക്കും.
കാരണം അതുപോലെയായിരുന്നു അയാളുടെ പ്രവർത്തികളും സംസാരങ്ങളും.അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള സങ്കടമൊന്നുമല്ല ആ മുഖത്തുള്ളത്.അവസാനമായി ആ മുഖമൊന്ന് കാണുവാൻ എത്തിപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്നതുമല്ല ആ മുഖത്തുള്ള വിഷമം..

മറിച്ച് പ്രകാശിന്റെ ഇനിയുള്ള ബിസിനസുകൾ എങ്ങനെ മുന്നോട്ടു പോകും.. പാതിയിൽ മുടങ്ങി പോയ പുതിയ പ്രൊജക്റ്റുകൾ ഇനിയെങ്ങനെ പൂർത്തിയാക്കുമെന്ന് മാത്രമാണ് ആത്മാർത്ഥ സുഹൃത്ത് അവിടെയിരുന്ന് പരിതപിച്ചത് മുഴുവനും.’അയാളുടെ കൂടെയുള്ളത് പ്രകാശ് പറഞ്ഞ മകനാണെന്ന് വ്യക്തം.. പക്ഷേ അവനും… ഗൗരവം നിറഞ്ഞൊരു മുഖഭാവം മാത്രം.അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയാണ് കൺമുന്നിൽ കിടക്കുന്നതെന്നും അവളുടെ മുന്നിൽ വച്ചാണ് അവളുടെ അച്ഛനും അമ്മയും മരിച്ചതിനെ കുറിച്ച് സംസാരിക്കരുതെന്നുള്ള.. അവൾക്കത് വല്ലാത്തൊരു വേദന നൽകുമെന്നുപോലുമെന്നുള്ള സാമാന്യ ബോധമില്ലാത്ത ഒരച്ഛനും മകനും…

കെട്ടാനുറപ്പിച്ച പെണ്ണിന്റെ നേരെയുള്ള അവന്റെ നോട്ടത്തിൽ അലിവിന്റെ ഒരു ചെറിയ കണിക പോലുമില്ല.എന്തോ കടമ ചെയ്യുന്നത് പോലെ..
ഇവരെയാണോ ഏട്ടൻ സ്നേഹനിധികളെന്ന് വാഴ്ത്തിയതെന്ന് ലക്ഷ്മിക്ക് അതിശയിക്കേണ്ടി വന്നു.ലക്ഷ്മിക്ക് അവരെ അവിടെ നിന്നും അടിച്ചോടിക്കണം എന്നായിരുന്നു ആഗ്രഹം.
നന്ദനയെ നോക്കുമ്പോഴൊക്കെയും അവളുടെ നിർജീവമായ കണ്ണുകളിലേക്ക് നോക്കുമ്പോഴേക്കും അവൾക്ക് അതിനുള്ള ത്വര കൂടിക്കൂടി വരികയായിരുന്നു.പക്ഷേ അവർ അങ്ങോട്ട് കയറിവന്ന അതിഥികളാണെന്നും ആ അതിഥികൾ തന്റെ പ്രിയപ്പെട്ട ഏട്ടന്റെ ആത്മാർത്ഥ സൗഹൃദമാണെന്നുമുള്ള ഓർമ്മയിൽ ലക്ഷ്മി സ്വയംമനം പാലിച്ചു നിന്നു.

അത്രയുമേ അവൾക്കപ്പോൾ ചെയ്യാനാവുമായിരുന്നുള്ളൂ..ഇനിയൊരിക്കലും മടങ്ങിവരാത്ത പ്രകാശിന്റെ മേന്മപറയുന്ന അച്ഛനും മകനും പറഞ്ഞപ്പോഴും.. അവിടെയുള്ളവരുടെ നോട്ടം നന്ദുവിന്റെ നേരെയായിരുന്നു. പക്ഷേ
ക്ഷേ അവൾ അതൊന്നും അറിയുന്നതു പോലുമില്ലാത്ത ഒരേ കിടപ്പാണ്.
അരമണിക്കൂർ നേരത്തെ ദീർഘമായ സംസാരത്തിനുശേഷം അവർ പോകാൻ ഇറങ്ങുമ്പോഴും നന്ദനയുടെ അരികിലേക്ക് ഒന്ന് ചെല്ലുകയോ അവളോട് എന്തെങ്കിലും ഒന്ന് പറയുകയോ ചെയ്യാനുള്ള സന്മനസ്സ് പോലും കാണിച്ചില്ല..അപ്പോഴൊക്കെ ലക്ഷ്മിയുടെ മനസ്സിൽ പ്രകാശിന്റെ വാക്കുകൾ ആയിരുന്നു.

“എന്റെ മകൾക്ക് ഇനി ആരുമില്ല..ഞാൻ അവൾക്കായി പറഞ്ഞു ഉറപ്പിച്ച കല്യാണം നടത്തിയെടുക്കാൻ അവൾക്കൊപ്പം നിൽക്കണം “എന്നുമുള്ള ആ വാക്കുകൾ ലക്ഷ്മി അപ്പോൾ ഒരുപാട് വേദനിപ്പിച്ചു.വേദനയൊഴുകി പിടഞ്ഞിട്ടും ആരോടും പറഞ്ഞില്ല.ആ കിടക്കയിൽ കൺമുന്നിലെ ശൂന്യതയിലേക്ക് കണ്ണും നട്ട് കിടക്കുന്ന നന്ദനയായിരുന്നു അവരെയെല്ലാം അപ്പോഴും വേദനിപ്പിച്ചത്..

രണ്ടു ദിവസങ്ങൾക്ക് ശേഷം നന്ദനയ്ക്ക് ഡോക്ടഡിസ്ചാർജ് ഷീറ്റ് എഴുതി.. മരണത്തിന്റെ ഗന്ധമുള്ള തണുപ്പുള്ള ആ വീട്ടിലേക്ക് അവളെയും കൂട്ടി പോകണ്ട എന്ന് തന്നെയായിരുന്നു അവരുടെയെല്ലാം ആഗ്രഹം.പക്ഷേ അപ്പോൾ മാത്രം നന്ദു സംസാരിച്ചു..അങ്ങോട്ടല്ലാതെ എങ്ങോട്ടുമില്ലെന്ന് വാശി പോലെ പറഞ്ഞവളെ വീണ്ടും വേദനിപ്പിക്കാൻ വയ്യെന്നത് പോലെ..മനസ്സോടെയല്ലങ്കിലും അവരെല്ലാം അത് അംഗീകരിക്കുകയും ചെയ്തു.ആ രണ്ടു ദിവസവും സഞ്ജു ഹോസ്പിറ്റലിൽ വരാറുണ്ടായിരുന്നുവെങ്കിലും അവനൊരിക്കൽ പോലും നന്ദനയുടെ മുന്നിലേക്ക് പോയില്ല.

അവരെല്ലാം നിർബന്ധിച്ചു വിളിച്ചിട്ടും അവനൊന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.ആദി മാത്രം അവനോടൊന്നും പറഞ്ഞില്ല.ആ മനസ്സിലെന്താണെന്ന് വ്യക്തമായി അറിയാവുന്നത് പോലെ അവൻ സഞ്ജുവിനോട് ചേർന്ന് നിന്നു..അതായിരുന്നു.. അത് മാത്രമായിരുന്നു അവനപ്പോൾ ആഗ്രഹിക്കുന്നതും..

❣️❣️
ഞാൻ.. ഞാൻ മാളവികയാണ്.. “ഷെമീർ നൽകിയ കാർഡിലെ നമ്പറിൽ വിളിക്കുമ്പോൾ മാളു നന്നായി വിറക്കുന്നുണ്ടായിരുന്നു.ഒരു ജോലിക്ക് വേണ്ടിയുള്ള തന്റെ അവസാനത്തെ ആശ്രയമാണെന്നത് അവൾ അവളെ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്.നാട്ടിലൊരിടത്തും തനിക്കൊരു ജോലി കിട്ടില്ലെന്ന്‌ അവൾക്കുറപ്പുണ്ടായിരുന്നു.”മാളവികാ…”
എതിർ വശം മനസ്സിലാവാത്തത് പോലെ ആ പേര് വീണ്ടും പറയുന്നത്കേട്ടതുംഅവളുടെചങ്കിടിച്ചു.”സർ.. ഞാനന്ന് ട്രെയിനിൽ.. നിങ്ങളെന്നെ… രക്ഷപെടുത്തിയില്ലേ… എന്റെ വീട്ടിൽ കൊണ്ട് വിട്ടില്ലേ?”അവൾ വെപ്രാളത്തോടെ പറഞ്ഞു.’ഓഓഓ.. മാളവിക.. റിയലി സോറി കേട്ടോ.. എനിക്കിക്കദ്യം മനസ്സിലായില്ല.. അതാണ്‌..”ഷെമീർ പറയുന്നത് കേട്ടതും അവൾക്കൊരു നേരിയ ആശ്വാസം തോന്നി.

കുഞ്ഞൊരു പ്രതീക്ഷയും..ഓർക്കുന്നുണ്ടല്ലോ…
തത്കാലം അത് പോലുമൊരു കച്ചിതുരുമ്പായിരുന്നു അവൾക്ക് മുന്നിലപ്പോൾ..”മാളവിക.. പറയെടോ.. ന്താ വിശേഷം.. വീട്ടിൽ.. വല്ല… പ്രശ്നവും ”
ഷമീർ മടിച്ചു മടിച്ചു കൊണ്ടാണത് ചോദിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.”എല്ലാം.. എല്ലാം ഞാൻ പറയാം.. ഞാനിപ്പോ വിളിച്ചത് മറ്റൊരു സഹായം കൂടി എനിക്ക് ചെയ്യുവോ ന്ന് ചോദിക്കാനാ.. അന്ന്.. അന്നെന്നോട് പറഞ്ഞില്ലേഎന്തേലുംആവിശ്യമുണ്ടങ്കിൽ വിളിക്കണമെന്ന്.. അത് കൊണ്ട് വിളിച്ചതാ ഞാൻ.. ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നരുത് കേട്ടോ…”
മാളവിക കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അത് പറയുമ്പോൾ..

❣️❣️

ആദി കുളിച്ചിറങ്ങി വരുമ്പോൾ ആ മുറിയിൽ തന്നെ പ്രിയയുണ്ട്.സത്യത്തിൽ അങ്ങനൊരു പതിവില്ലാത്തത് കൊണ്ട് തന്നെ അവനൊരു മുണ്ടെടുത്തു കൊണ്ടാണിറങ്ങി വന്നതും.പകലൊക്കെയും അവനുണ്ടങ്കിലും ഇല്ലെങ്കിലും അവളാ മുറിയിലേക്ക് കയറാറില്ലെന്ന് അവനറിയാം.അത് കൊണ്ട് അവൾക്ക് മുന്നിൽ ആ കോലത്തിലിറങ്ങി വന്ന് നല്ലത് പോലെ ചമ്മി നാറി..അവനെ കണ്ടതും പ്രിയ വേഗം തിരിഞ്ഞു നിന്നു..ധൃതിയിൽ അവൻ ഷെൽഫിൽ നിന്നൊരു ട്രാക്ക് സൂട്ടും ബനിയനും വലിച്ചെടുത്തു കൊണ്ട് തിരികെ ബാത്റൂമിലേക്ക് തന്നെ കയറി..

അപ്പോഴാണ് പ്രിയ നേരെ ശ്വാസം വിട്ടതും.
അങ്ങിങായി കിടക്കുന്ന ആദിയുടെ വസ്ത്രങ്ങളെല്ലാം അവൾ അലക്കാനായി പൊറുക്കി കൂട്ടി.രണ്ടു ദിവസവും ഹോസ്പിറ്റലിലേക്ക് വരവും പോക്കുമായിരുന്നത് കൊണ്ട് തന്നെ കാര്യങ്ങളുടെ ആ കൃതത നഷ്ടം വന്നിട്ടുണ്ട്.രമണിയോട് രണ്ടു ദിവസം വരേണ്ടന്ന് വിളിച്ചു പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെആകെയൊരുവൃത്തിയില്ലായ്മ..ഉച്ചയോടെയാണ് തിരികെ എത്തിയത്.അജുവിന്റെ കൂടെ അവരെല്ലാം നനന്ദയുടെ വീട്ടിലേക്ക് പോയി..പ്രിയയെയും മാഷിനെയും കൂട്ടാൻ ആദിയാണ് പോയത്.
അവനന്ന് ഉച്ചക്ക് ലീവെടുത്തു.

തിരികെ പോരും വഴി ഉച്ചക്കുള്ള ഭക്ഷണം കൂടി വാങ്ങിച്ചിരുന്നു.ആദി തിരിച്ചിറങ്ങി വരുമ്പോഴേക്കും പ്രിയ കിടക്കവിരി കൂടി അലക്കാൻ വലിച്ചെടുത്തു കഴിഞ്ഞിരുന്നു.”വേറെ.. വേറെ ഷീറ്റെല്ലാം എവിടാ വെച്ചിരിക്കുന്നത്. ഇതാകെ മുഷിഞ്ഞു പോയിരിക്കുന്നു..”അവനെ നോക്കി പ്രിയ ചോദിച്ചു.
ആദി ഷെൽഫിനു നേരെ വിരൽ ചൂണ്ടി കൊണ്ട് ചാർജിലിട്ട ഫോണെടുത്തു.അജുവിനെ വിളിച്ചപ്പോൾ അവരവിടെയെത്തി പ്രതേകിച്ചു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതും ആദി ഫോൺ കട്ട് ചെയ്തു.പ്രിയ അപ്പോഴും ബെഡ്ഷീറ്റ് തിരയുകയാണ്.
അത് നോക്കി നിന്ന ആദി ഫോൺ തിരികെ മേശയിലേക്ക് തന്നെ വെച്ച്… അവൾക്കരികിലേക്ക് ചെന്നു.പ്രിയക്ക് പിറകിൽ നിന്ന് കൊണ്ട് തന്നെ അവൻ ഷെൽഫിൽ നിന്നൊരു ഷീറ്റ് വലിച്ചെടുത്തു.

തൊട്ട് പിന്നിലെ അവന്റെ സാന്നിധ്യം..അവനരികിൽ വരുമ്പോഴുള്ള ഗന്ധം..പ്രിയ ശ്വാസം പിടിച്ചു നിന്ന് പോയി.ഷെൽഫിന്റെ കണ്ണാടിയിൽ കൂടി അവളുടെ മുഖം കണ്ടതും ആദിയൊരു നിമിഷം നോക്കി നിന്നു.
കണ്ണ് വെട്ടിച്ചു തിരിയുമ്പോൾ അവന്റെ ചുണ്ടിലൊരു പതിഞ്ഞ ചിരിയുണ്ടായിരുന്നു..കയ്യിലുള്ള ഷീറ്റവൻ പ്രിയയുടെ തോളിലിട്ട് കൊടുത്തു..അവനെ നോക്കാതെയായിരുന്നു പിന്നീടുള്ള അവളുടെ പ്രവർത്തികളെല്ലാം തന്നെ..ആദിയിറങ്ങി പോകുമെന്ന് പ്രിയ കരുതിയെങ്കിലും ഫോണുമായി അവനവിടെ മേശയിൽ ചാരി നിന്നു.

ഇടയ്ക്കിടെ പ്രിയക്ക് നേരെ നീളുന്ന നോട്ടങ്ങളൊന്നും അവളറിയുന്നില്ല..പക്ഷേ എന്ത് കൊണ്ടോ അവനതൊരു പുതുമ പോലെ തോന്നി.രണ്ടു ദിവസവും ഹോസ്പിറ്റലിൽ അവളോടിത്തിരി സ്നേഹം കാണിച്ചതിന്റെ നന്ദി ഒരായിരമിരട്ടിയായി പകർന്നു കൊടുക്കുന്നതവൻ നിരവധി തവണ കണ്ടിരുന്നു.
നളിനിക്കും ലക്ഷ്മിക്കും അവൾ കൂടെയുള്ളത് ചില്ലറ ആശ്വാസമൊന്നുമായിരുന്നില്ല.സഞ്ജുവിനും അവളായിരുന്നു ആശ്രയം..ഒന്നും പറഞ്ഞു കൊടുക്കാതെ… ആവിശ്യപ്പെട്ടാതെ തന്നെ കണ്ടറിഞ്ഞു ചെയ്യാനുള്ള അവളുടെ കഴിവും മനസ്സും അവനൊന്നു കൂടി വ്യക്തമായിരുന്നു ആ രണ്ട് ദിവസങ്ങളിലും..ആദി നോക്കിയിരിക്കെ തന്നെ പ്രിയ വൃത്തിയായി വിരിച്ചു കഴിഞ്ഞു.. ശേഷം ഒന്നുകൂടി അവിടെയൊന്നാകെ കണ്ണുകളോടിച്ചപ്പോഴാണ് ഫോണും കയ്യിൽ പിടിച്ചു കൊണ്ട് തന്നെ നോക്കിയിരിക്കുന്ന ആദിയുടെ നോട്ടവുമായി അവളുടെ കണ്ണുകൾ കൊരുത്തത്..ഞൊടിയിട കൊണ്ടവൾ… വീണ്ടും വിറച്ചു തുടങ്ങി..

തുടരും..

ഒരൊഴിവുമില്ല..സൺ‌ഡേ ഇങ്ങനാണ് 🥴റിവ്യൂ ഇട്ടിട്ട് പോണേ..സ്നേഹത്തോടെ jiff🥰🥰