രചന – ജിഫ്ന നിസാർ
“അവനിനിയും വരും മോനെ ”
ഗേറ്റ് കടന്നു പോകുന്ന മഹാദേവന്റെ കാറിന്റെ നേരെ നോക്കി തൊട്ടരികിൽ നിൽക്കുന്ന ആദിയോട് മാധവൻ പറഞ്ഞു.
“ഈ അച്ഛനെന്താ മുത്തച്ഛ.. എന്നെയൊന്നു മനസ്സിലാക്കാത്തത്?”
വളരെയേറെ സങ്കടത്തോടെയായിരുന്നു ആദി ആ ചോദിച്ചത്.
എയർപോർട്ടിലേക്ക് അവൻ കൊണ്ട് വിടാമെന്ന് പറഞ്ഞിട്ടും ആദിയോടുള്ള ദേഷ്യത്തിന് അയാളത് അത് പാടെ നിഷേധിച്ച് ഒരു ടാക്സി വിളിച്ചു വരുത്തിയാണ്, ദേവൻ പോയത്.
മകൻ തന്നെ വേദനിപ്പിച്ചു.. അത് മന്ത്രം പോലെ പറഞ്ഞു നടക്കുമ്പോഴും മകനെ താൻ വേദനിപ്പിക്കുന്നുണ്ടോ എന്നയാൾ ഒരിക്കൽ പോലും ആലോചിച്ചു നോക്കിയിട്ടില്ല.
“നീ വിഷമിക്കുകയൊന്നും വേണ്ടടാ മോനെ.. നിന്റച്ഛന് ചെറുപ്പം മുതലുള്ള ശീലമാണ്. അവനാഗ്രഹിക്കുന്നതെന്തോ… അത് തന്നെ നടക്കണമെന്നുള്ളത്. അത് നടത്താനോ.. അല്ലങ്കിൽ അത് നടത്തി കഴിഞ്ഞതിനു ശേഷമോ ആരെങ്കിലും വേദനിക്കുന്നുണ്ടോ എന്നൊന്നും അവനോർക്കാറില്ല.. ഒരു തരം സ്വാർഥത.അതിപ്പോഴും തുടരൂന്നുണ്ട് .”
ആദിയുടെ തോളിൽ തട്ടി നേർത്തൊരു ചിരിയോടെ മാധവൻ മാഷ് പറഞ്ഞു.
അവനൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
“നിന്റെ ഭാവി നശിപ്പിച്ചത് ഞാനാണെന്ന് ഒരിക്കൽ നീയെന്റെ മുഖത്തു നോക്കി പറയുമെന്നായിരുന്നു ഏറ്റവും അവസാനത്തെ ഭീക്ഷണി ”
ഉമ്മറത്തെ.. കസേരയിലേക്കിരുന്നു കൊണ്ട് മാഷ് പറഞ്ഞു.
“ഏഹ്..അങ്ങനെയും പറഞ്ഞോ..അതെപ്പോ?”
ആദി മാഷേ നോക്കി കൊണ്ട് സിമന്റിട്ടാ വെറും നിലത്തേക്കിരുന്നു.
“അതൊക്കെ പറഞ്ഞു…”
മാഷ് ചിരിച്ചു കൊണ്ടവനെ നോക്കി.
“മുത്തച്ഛന്.. അങ്ങനൊരു പേടിയുണ്ടോ?”
കുഞ്ഞൊരു ചിരിയോടെ കണ്ണ് ചിമ്മി കൊണ്ട് ആദി ചോദിച്ചു.
“ഏഹ്.. എവിടുന്ന്..”
അയാളും അവന്റെ നേരെ കണ്ണിറുക്കി.
“അങ്ങനെ കേൾക്കാൻ ഒരു വിധി ദൈവം എന്റെ തലക്ക് മുകളിൽ എഴുതി ചേർത്തിട്ടുണ്ടെങ്കിൽ.. തീർച്ചയായും ഞാനത് ഏതെങ്കിലും വിധത്തിൽ കേൾക്കുക തന്നെ ചെയ്യും. പിന്നെ പേടിച്ചത് കൊണ്ടോ കരഞ്ഞത് കൊണ്ടോ.. അതില്ലാതായി പോവില്ലല്ലോ…?”
ആദിയെ നോക്കി മാഷ് പറഞ്ഞു.
“പിന്നെ… നിന്റെ ഭാവി നശിപ്പിക്കാൻ വേണ്ടിയിട്ടൊന്നും ഞാനായിട്ട് ചെയ്തിട്ടില്ല. നിന്റെയെന്നല്ല.. ആരുടേയും കണ്ണ് നിറച്ചു കൊണ്ട് ഇക്കാലം വരെയും ഞാനൊന്നും നേടിയിട്ടില്ലെന്ന് എനിക്ക് നെഞ്ചുറപ്പോടെ പറയാൻ കഴിയുന്നിടത്തോളം കാലം.. ഞാൻ എന്തിന് പേടിക്കണം ”
“റൈറ്റ് മുത്തച്ഛ”
മാഷ് പറഞ്ഞു നിർത്തിയതും ആദി കൈവവിരൽ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.
“അല്ലാ… ആദി..എന്നിട്ട് ഇനിയെന്താ നിന്റെ പ്ലാൻ. അതിനെ കുറിച്ചൊന്നും നീ പിന്നെ പറഞ്ഞില്ലല്ലോ..?”
മാഷ് നിവർന്നിരിന്നു കൊണ്ട് ആദിയെ നോക്കി.
“ഓഓഓ.. അത് ഞാൻ വിട്ടു പോയി.. ഒൺ മിനിറ്റ് ”
സ്വന്തം നെറ്റിയിലൊന്ന് തട്ടിയിട്ട് ആദി എഴുന്നേറ്റു അകത്തേക്ക് ഓടി കയറി പോയി.
ഒന്ന് രണ്ട് മിനിറ്റ് കൊണ്ട് തിരികെ അവനിറങ്ങി വരുമ്പോൾ കയ്യിലവന്റെ ലാപ്പും ഉണ്ടായിരുന്നു.
അതിലെന്തോക്കെയോ ടൈപ്പ് ചെയ്തു കൊണ്ടവൻ മാഷിന് അരികിൽ തന്നെ ഇരുന്നു.
“നോക്ക് മുത്തച്ഛ”
ആദി ലാപ്പ് സ്ക്രീൻ മാഷിന് നേരെ തിരിച്ചു.
ഏതോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപ്പോയിന്മെന്റ് ഓർഡറാണെന്ന് മാത്രം മാഷിന് മനസ്സിലായി.
“ഇതെന്താടാ…?”
മാഷ് ആദിയെ നോക്കി.
“അങ്ങോട്ട് വായിച്ചു നോക്ക് മുത്തച്ചാ ”
ആദി ചിരിയോടെ ലാപ്പ് കുറച്ചു കൂടി മാഷിന്റെ അരികിലേക്ക് നീക്കി.
“നീ വായിച്ചു മനസിലാക്കിയത് എനിക്കിങ്ങു പറഞ്ഞു താടാ. ഒന്നാമതേ എനിക്കിപ്പോ കണ്ണ് പിടിക്കാത്ത പോലാ.. കണ്ണട മാറ്റേണ്ടി വരും മിക്കവാറും ”
മാഷ് അവനെ നോക്കി.
“എന്നാലും വയസ്സായെന്ന് സമ്മതിച്ചു തരരുത്. ”
മാഷിനുള്ള ഉത്തരം ഉറക്കെ പറഞ്ഞു കൊണ്ടാണ് സഞ്ജു അങ്ങോട്ട് കയറി വന്നത്.
“ഓഓഓ… സപ്പ്ളി കുട്ടൻ ഇന്ന് ഇച്ചിരി വൈകിയോ?”
മാഷ് ചിരിയോടെ അവനെ നോക്കി ചോദിച്ചു.
“കളിയാക്കണ്ട മാഷേ.. ഇത്തവണ ഈ സഞ്ജു പിടിക്കും ”
ആദിയുടെ അരികിലേക്കിരുന്നു കൊണ്ട് സഞ്ജു ചുണ്ട് കൊട്ടി.
“പിടിച്ചാ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ അപ്പുന്റെ കൂടെയും നീ സപ്പ്ളി എഴുതി നടക്കേണ്ടി വരും ”
മാഷ് തലയാട്ടി കൊണ്ട് പറഞ്ഞു.
“ദേ.. കടുവേടെ കൂട്ടുകാരൻ ആണെന്ന് കരുതി കടുവേടെ സ്വാഭാവം എടുക്കരുത് കേട്ടോ. എനിക്കത് തീരെ ഇഷ്ടമല്ല ”
സഞ്ജു അൽപ്പം ഗൗരവത്തോടെയാണ് പറഞ്ഞത്.
“പിന്നെ പിന്നെ… എന്റെ വീട്ടിൽ ഞാൻ നിന്റെ ഇഷ്ടത്തിനല്ലേ ജീവിക്കേണ്ടത്. ഒന്ന് പോഡെർക്കാ..”
മാഷ് അവനെ പുച്ഛത്തോടെ നോക്കി.
“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും..”
സഞ്ജു അതിനെന്തോ മറുപടി പറയാൻ വന്നത് ആദിയുടെ ചോദ്യത്തോടെ വിഴുങ്ങി.
“നീ പറയെടാ ആദി..”
മാഷ് വീണ്ടും ആദിയെ നോക്കി.
“ഡൽഹിയിലെ ഫെമസ് വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവിടെ എനിക്ക് ജോയിൻ ചെയ്യാനുള്ള അപ്പോയിന്മേന്റെ ഓർഡറാണ് ഇത് ”
കയ്യിക്കുള്ള ലാപ്പ് വീണ്ടും മാഷിന് നേരെയും പിന്നെ സഞ്ജുവിന് നേരെയും നീട്ടി കൊണ്ട് ആദി പറഞ്ഞു.
രണ്ട് പേർക്കും നിറഞ്ഞ സന്തോഷമാണെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാൻ കഴിയുന്നുണ്ട്.
“പക്ഷേ ഒരു പ്രോബ്ലമുണ്ട് ”
ലാപ്പ് അടച്ചു വെച്ച് കൊണ്ട് ആദി രണ്ട് പേരെയും നോക്കി.
“അതെന്താ… ഫീസ് ഓവറാണോ..?”
സഞ്ജു അവനെ നോക്കി.
“അതൊന്നുമല്ലട..”
ആദി ചിരിച്ചു.
“പിന്നെന്താ..നീ കാര്യം പറ ആദി ”
മാഷ് അവനെ നോക്കി.
“ലണ്ടനിൽ പഠിക്കുന്ന ടൈമിൽ അവിടുള്ള എന്റെയൊരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഞാൻ അവർക്കൊരു മെയിൽ അയച്ചിട്ടത്. ആ വർഷം എന്റെ പഠനം പൂർത്തിയായി ഞാനിങ്ങോട്ട് പോരുകയും ചെയ്തു.”
ആദി ചുവരിലേക്ക് ചാരിയിരുന്നു കൊണ്ട് പറഞ്ഞു.
സഞ്ജുവും മാഷും അവനെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു.
“പക്ഷേ ഇവിടെത്തി അടുത്ത ആഴ്ച തന്നെ ആ മെയിലിനുള്ള റിപ്ലൈ എനിക്ക് കിട്ടി. ഈ വർഷത്തെ കോഴ്സ് തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി. ഇനി നെക്സ്റ്റ് ജോയിൻ ചെയ്യാനാവുന്നത് ആറു മാസത്തിന് ശേഷമുള്ള ബാചിലേക്കാണെന്നും പറഞ്ഞു കൊണ്ട് ”
അൽപ്പം നിരാശയുണ്ടായിരുന്നു ആദി അത് പറയുമ്പോൾ.
“അതാണോ കാര്യം… ഞാൻ കരുതി..”
സഞ്ജു ചിരിയോടെ അവനെ നോക്കി.
“നീയത് വിടെടാ.. വേറെയും ഇൻസ്റ്റിറ്റ്യൂട്ട് കാണുമല്ലോ. നമ്മുക്കവിടെ നോക്കാം ”
സഞ്ജു അവനെ ആശ്വാസിപ്പിച്ചു.
“വിട്ടു കളയാൻ തോന്നുന്നില്ലെടാ. ഇതത്ര ചെറിയ ഓഫറൊന്നുമല്ല. വർഷങ്ങളായി അവിടെ ജോയിൻ ചെയ്യാനായി കാത്ത് നിൽക്കുന്നവരുണ്ട്. എനിക്കെന്തോ ഭാഗ്യം കൊണ്ട് അപ്പോയിന്മെന്റ് കിട്ടിയതാ. ആറു മാസം കാത്തിരുന്നാലും അവിടെ പഠിക്കാൻ പറ്റിയ.. അതൊരു ലക്ക് തന്നെയാണ്..”
ആദി രണ്ട് പേരെയും നോക്കിയാണ് പറഞ്ഞത്.
“ആറു മാസത്തെ കാര്യമല്ലേ ആദി.. നീയിത് വിട്ടു കളയേണ്ട. ഒരുപാട് മോഹിച്ചതല്ലേ നീ? ”
മാഷ് അവന്റെ നേരെ നോക്കി.
“അത് വരെയും എന്തും ചെയ്യും മുത്തച്ഛ..?അറിയാലോ അച്ഛൻ… അച്ഛനൊരു കാരണം കാത്ത് നടക്കുവാണ്.അങ്ങനെയുള്ളപ്പോൾ…”ആദി ആശങ്കയോടെ മാഷിനെ നോക്കി.
“വിഷമിക്കാതെടാ.. ഒരു വഴി കണ്ടു പിടിക്കാം ”
മാഷ് അവന്റെ നേരെ നോക്കി ചിരിയോടെ പറഞ്ഞു.
❣️❣️
പ്രിയ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ.
അവളെ കണ്ടത് മുതൽ പല മുഖങ്ങൾക്കും പല ഭാവങ്ങൾ.
വിവരങ്ങളെല്ലാം അവിടെല്ലാരും അറിഞ്ഞു കഴിഞ്ഞു കാണുമെന്നു അവൾക്കുറപ്പായി.
അതിന് പിന്നിൽ രാജീവ് തന്നെയാവും.
കാര്യങ്ങൾ അയാൾക്കനുകൂലമായി വരണമെങ്കിൽ അത് അയാൾ തന്നെ അവിടെ അവതരിപ്പിക്കണമല്ലോ.?
യാതൊരു കാരണവുമില്ലാതെ മോതിരമാറ്റം കഴിഞ്ഞു കല്യാണത്തിനൊരുങ്ങിയിരിക്കുന്നൊരു പെൺകുട്ടിയേ ഉപേക്ഷിച്ചു കളഞ്ഞെന്നുള്ള ആരോപണം തനിക്കു നേരെ വരാതെ നോക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ..?
അതവിടെ അയാൾ ഭംഗിയായി ചെയ്‌തിട്ടുണ്ടെന്ന് പ്രിയക്ക് മനസ്സിലായി.
അവൾക്കപ്പോഴും ചിരിക്കാനാണ് തോന്നിയത്.
രാജീവിനെ പോലെ.. അവിടത്ര പ്രിയമല്ല പലർക്കും പ്രിയ.
എടുത്തടിച്ചത് പോലുള്ള അവളുടെ സംസാരവും.. കൊഞ്ചി കുഴഞ്ഞു സംസാരിക്കാനുള്ള കഴിവുകേടും അവളോടുള്ള അപ്രിയം കൂട്ടുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട്.
“നോക്കണേ.. ഇപ്പഴും അഹങ്കാരത്തിന് യാതൊരു കുറവും വന്നിട്ടില്ല ”
അറ്റന്റൻസ് ഒപ്പിട്ട് കൊണ്ട് ആരെയും ഗൗനിക്കാതെ തന്റെ സിറ്റിൽ പോയിരിക്കുമ്പോഴും പിന്നിൽ നിന്നാരോ അരിശത്തോടെ പിറുപിറുക്കുന്നത് പ്രിയ വ്യക്തമായും കേട്ടിരുന്നു..
തുടരും…

by