The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ
നിറഞ്ഞ ചിരിയോടെ കയറി ചെല്ലുന്ന ആദിയെ സ്കൂളിലെ അധ്യാപകർ എല്ലാവരും തുറിച്ചു നോക്കുന്നുണ്ട്.പലരിലും തെളിഞ്ഞ പുച്ഛവും കളിയാക്കി ചിരിയും നല്ലത് പോലെ തിരിച്ചറിയാൻ കഴിഞ്ഞിട്ടും അവന്റെ ചിരിയിൽ അൽപ്പം പോലും മങ്ങലേറ്റില്ല.അതങ്ങനെ പൂർവാധികം ശക്തിയോടെ.. തെളിച്ചമോടെ അവനിലൊരു ഭംഗിയായി നിറഞ്ഞു നിന്നു.ഗുഡ്മോർണിംഗ്…കൂടി നിൽക്കുന്നവരോടെല്ലാമായിട്ടൊരു ഗുഡ്മോർണിംഗ് പറഞ്ഞു കൊണ്ടവൻ തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ മുന്നോട്ട് നടന്നു.’അപാരതൊലി കട്ടി തന്നെ.. അതെങ്ങനെ.. അവളോടൊപ്പമല്ലേ ചേർന്നിട്ടുള്ളത്.. അതിന്റെ ഗുണം കാണിക്കാതിരിക്കുമോ..?’
‘സമ്മതിച്ചു കൊടുക്കാതെ വയ്യ… ഇത്രേം വലിയൊരു നാണം കേട്ട പരിപാടി ചെയ്തിട്ടും വല്ല കൂസലും ഉണ്ടോ ന്ന് നോക്കിക്കേ..?”ക്ലോറോഫോം മണുപ്പിച്ചാലൊന്നും ബോധം പൂർണമായി പോവില്ല. ഇതൊക്കെ രണ്ടിന്റെയും നമ്പരാ സുഹൃത്തുക്കളെ..’
‘ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു..’എന്തായാലും ആ നാശംപിടിച്ചവളെയും എഴുന്നള്ളിച്ചു കൊണ്ട് വന്നില്ലല്ലോ സമാധാനം..’
മുറ്റത്തെ പാർക്കിനരികിൽ കൂടി അതെല്ലാം നോക്കി സംതൃപ്തിയോടെ നടക്കുന്ന ആദി ആ സംസാരങ്ങളൊക്കെയും വളരെയധികം കൂർമതയോടെ കേൾക്കുന്നുണ്ട്.പലതും കാതിലല്ല.. ഹൃദയം കൊണ്ടാണവൻ രേഖപ്പെടുത്തിയെടുക്കുന്നത്.ആ വാക്കുകളെല്ലാം അരോചകം സൃഷ്ടിക്കുന്നതിന് പകരം അത്തരം സംസാരങ്ങളെ അവനപ്പോൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
തനിക്ക് വേണ്ട പലതും… ഇവിടെ നിന്നും തന്നെ കിട്ടേണ്ടതുണ്ട്.ഇവരിൽ… ഇവരിൽ നിന്നാരോ തനിക്കൊരുക്കിയ ചാരനുണ്ട്.. അത് കണ്ട് പിടിക്കേണ്ടതാണ് താനിവിടെ ആദ്യം ചെയ്യേണ്ടുന്ന ജോലി.’പാർക്കിനെ വീക്ഷിച്ചു നടക്കുന്ന ആദിയുടെ കാതുകൾ പക്ഷേ അവനെ നോക്കി അസംതൃപ്തിയോടെ നിൽക്കുന്നവരെ വട്ടമിട്ട് പറന്നു.
അവരെല്ലാം വല്ലാത്തൊരു ഭാവത്തിലാണ് നോക്കുന്നത് പോലും.അതിനിടയിൽ മണിയേട്ടൻ അവനരികിലേക്ക് ചെന്നു.ചിരിയോടെ തന്നെ അവൻ അയാളോടും സംസാരിച്ചു.പിന്നെയും കുറച്ചു സമയം കൂടി… അവിടെ തന്നെ ചുറ്റി തിരിഞ്ഞ് നിന്നവൻ… മെല്ലെ വരാന്തയിലേക്ക് കയറി.’ഭാര്യയേ കൊണ്ട് വരാഞ്ഞതെന്തേ സർ…?”വിലാസിനി അടക്കി ചിരിച്ചു കൊണ്ട് ആദിയെ നോക്കി ചോദിച്ചു.
“കൊണ്ട് വരണന്നുണ്ടായിരുന്നു വിലാസിനി ടീച്ചറെ.. പക്ഷേ അവൾക്കൊട്ടും വയ്യ. വല്ലാത്ത ക്ഷീണം.. രണ്ടൂസം റസ്റ്റ് എടുക്കാൻ ഞാൻ തന്നാ പറഞ്ഞത്.. അവൾക്കിനി എപ്പോ വേണേലും വരാമല്ലോ..?”
കണ്ണ് ചിമ്മി ചിരിച്ച് കൊണ്ട് ആദിയത് പറയുമ്പോൾ… അവനെ മനഃപൂർവമൊന്നു പരിഹസിക്കാൻ വേണ്ടി കച്ച കെട്ടിയിറങ്ങിയ വിലാസിനി വിളറി പോയിരുന്നു.”അതെന്താ… പെട്ടന്നങ്ങനൊരു ക്ഷീണം സാറേ..?”അവനിലെ ച്ചിരി അവരിൽ പലർക്കും അസഹ്യമാണെന്ന് തെളിയിച്ചു കൊണ്ട് വീണ്ടും ചോദ്യമെത്തി..സുധേവ് സാറിന്റെ കല്യാണം കഴിഞ്ഞതാണല്ലോ അല്ലേ..?”
അതേ ചിരിയോടെ ആദി അയാളെ നോക്കി.അയാൾക്കും അതോടെ മതിയായി.അവനിലെ തകർച്ചയേ പ്രതീക്ഷിക്കുന്നവർക്ക് മുന്നിൽ.. ആത്മവിശ്വാസത്തോടെ.. പാന്റിന്റെ പോക്കറ്റിൽ രണ്ട് കയ്യുമിട്ട് നിറഞ്ഞ ചിരിയോടെ ആദി അതേ നിൽപ്പു തുടർന്നു.
അവനെ ഇത്രേം സന്തോഷത്തോടെ മുൻപ് കണ്ടിട്ടേയില്ലെന്ന് അവരെല്ലാം ഒരുപോലെ ഓർത്തു..
“ഏയ്.. അവളെങ്ങനെ പെട്ടന്ന് ക്ഷീണം പിടിക്കുന്ന ടൈപ് അല്ലല്ലോ സാറേ.. അത് കൃഷ്ണപ്രിയയാണ്. സാറിന് ചെലപ്പോ പുത്തിരിയായിരിക്കും.. പക്ഷേ അവൾക്കിതൊരു പുതുമയെ അല്ല..”പറഞ്ഞു തീരും മുന്നേ അവന്റെ മുഖത്തേക്കാദി ആഞ്ഞു തല്ലിയിരുന്നു.അപ്പോഴവന്റെ മുഖത്താ ചിരിയില്ല.
തീക്ഷണത നിറഞ്ഞ കണ്ണുകളിൽ രൗദ്രമാണ് മുന്നിട്ട് നിൽക്കുന്നതത്രയും .സൂക്ഷിച്ചു സംസാരിക്കാൻ ശ്രമിക്കണം.. അവളെന്റെ ഭാര്യയാണ്.. ഇത് പോലെ വല്ലതും ഇനി നിങ്ങളിലാരെങ്കിലും എന്റെ പെണ്ണിനെ കുറിച്ച് പറയുന്നത് കേട്ടാ… സസ്പെൻസ് ചെയ്തു കളയുമെന്നൊന്നും പറഞ്ഞു നിസ്സാരമാക്കുന്നില്ല ഞാൻ.. അതൊന്നും ചെയ്യാൻ ഞാനാളല്ല. പക്ഷേ.. കൃഷ്ണപ്രിയയെ ഇന്നോളം പഴി പറഞ്ഞത് പോലുള്ളൊരു ഉണ്ണാക്കനല്ല അവളുടെ ഭർത്താവെന്നുള്ളത് തെളിയിച്ചു തരും ഞാൻ.. മനസ്സിലായോ.. ”
ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെയാ ഭാവമാറ്റത്തിൽ അവരെല്ലാമൊന്നു പതറി പോയിരുന്നു.ഇത്രയും ദേഷ്യത്തിലും അവരാരും അവനെ കണ്ടിട്ടില്ലായിരുന്നു .”ഞങ്ങൾക്കിടയിൽ എന്ത് സംഭവിച്ചു എന്ന് നിങ്ങളെ ആരെയുംബോധിപ്പിക്കേണ്ടകടമഎനിക്കില്ല,അവൾക്കുമില്ല. അവളിപ്പോൾ എന്റെ ഭാര്യയാണ്. ഇനി എനിക്ക് മുന്നിൽ വന്നു നിന്നിട്ട് കൃഷ്ണപ്രിയയെ മുന്നേ ഇവിടെയിട്ട് നിങ്ങളിൽ പലരും പലതും പറഞ്ഞു രസിച്ചത് പോലെ ചെയ്യുമ്പോൾ…ഞാൻ അവളുടെ ഭർത്താവാണെന്ന് കാര്യം നിങ്ങൾ ആരും മറന്നു പോകാതിരിക്കാൻ വേണ്ടിയിട്ടുള്ള ഒരു ചെറിയ വെടിക്കെട്ട് മാത്രമാണ് ഇത്.. ഇതിനേക്കാൾ വലിയൊരു പൂരം ഞാൻ ബാക്കിയാക്കി വെച്ചിട്ടുണ്ട്.. എന്റെ ഉള്ളിൽ.എന്നെ കൊണ്ടിവിടെയത് നടത്തിക്കരുത് നിങ്ങൾ.. ”
അവരാരും ഒന്നും തന്നെ മിണ്ടുന്നില്ല.”ഞാനും നിങ്ങളും എന്നായിരുന്നില്ല ഇന്നലെ വരെയും എന്റെ മുന്നിൽ.. മനസ്സിൽ. പക്ഷേ ഇങ്ങയങ്ങോട്ട് അത് അങ്ങനെ തന്നെ മതി. കാരണം ഞാനെത്ര ശ്രമിച്ചാലും ഇനി നമ്മളാവില്ല.ഒരു സഹപ്രവർത്തകനൊരു അപകടം വരുമ്പോൾ നിങ്ങളുടെ സഹകരണം ഞാനും കണ്ടതാണല്ലോ”
ആദി അവരെയാകെയൊന്നു നോക്കി പുച്ഛത്തോടെ ചിരിച്ചു.”ഒരാൾക്കൊരു സഹായം വേണ്ടി വരുമ്പോൾ.. അത് ചെയ്യുന്നില്ലെന്നത് പോട്ടെ.. അതിനേക്കാൾ എത്രയോ നീചമായ പ്രവർത്തിയാണ്.. അവർ ചെയ്തത് ശെരിയോ തെറ്റോ എന്നറിയാതെ അവരെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത്… അവരതിൽ നിന്നൊന്ന് ഉയർന്നു വരാൻ ശ്രമിക്കുമ്പോൾ വീണ്ടും ചവിട്ടി താഴെയിടാൻ നോക്കുന്നത്..”
ആദി പറയുന്നത് കേട്ടിട്ടും അപ്പോൾ അവിടുള്ള ഒറ്റയൊന്നിനും ശബ്ദമുണ്ടായിരുന്നില്ല.
അവനെ കേറി ചൊറിഞ്ഞത് അബദ്ധമായെന്നൊരു തോന്നലാണ് അവർക്കെല്ലാം.”അപ്പൊ പറഞ്ഞു വന്നത്… അൽപ്പമെങ്കിലും മനുഷ്യത്വം കാണിക്കണം എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ അധ്യാപകർ എന്നുള്ള ബോധം അൽപ്പമെങ്കിലും ഉള്ളിൽ ബാക്കി വെച്ചേക്കണം..”അതും പറഞ്ഞുകൊണ്ട് അതേ ചിരിയോടെ പിന്തിരിഞ്ഞു നടക്കുന്നവനെ അവരെല്ലാം ഒരുപോലെ തുറിച്ചു നോക്കി.
” അവളാള് മിടുക്കിയാണ് രാജീവ് സാറേ..ഇത്രയും പെട്ടെന്ന് തന്നെ കണ്ടില്ലേ അവനിൽ ഇത്രയും വലിയ മാറ്റമുണ്ടാക്കിയത്.ചില്ലറക്കാരിയല്ല… ”
.ആദി അവിടെ നിന്നും പോയെന്ന് ഉറപ്പാക്കിയിട്ടാണ് വിലാസിനി ഏറ്റവും പിന്നിൽ ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന രാജീവിനെ നോക്കി അത് പറഞ്ഞത്.
ആദിയെ അന്നവിടെ കണ്ടതിന്റെ എല്ലാ അസ്വസ്ഥതയും രാജീവിൽ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു.അന്ന് തന്നെ ആദിയങ്ങോട്ട് വരുമന്ന് രാജീവ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.അതിനുപുറമെയാണ് കൃഷ്ണപ്രിയക്ക് വേണ്ടി അവൻ ഒരാൾക്കും മേൽ കൈ വച്ചിരിക്കുന്നു എന്നുള്ള തിരിച്ചറിവ്.
ആദി ഒരാളെ അടിച്ചു എന്നതിലല്ല.. ആ അടി അവന്റെ ഭാര്യയായ കൃഷ്ണപ്രിയക്ക് വേണ്ടിയാണെന്നുള്ളതാണ് രാജീവിന്റെ ഏറ്റവും വലിയ സങ്കടവും.ഒരാൾക്കുവേണ്ടി നമ്മൾ മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ അതിലത്രയും അടങ്ങിയിരിക്കുന്നത് എതിരെ നിൽക്കുന്നവരോടുള്ള സ്നേഹം തന്നെയാണെന്ന് രാജീവിനറിയാം.ആ സ്നേഹത്തിനെയാണ് രാജീവ് ഭയന്നത്… അത് തന്നെയാണ് അവനെ അത്രമേൽ അസ്വസ്ഥമാക്കിയത്.അങ്ങേയറ്റം പകയോടെയവൻ പ്രിയ തകർന്നു പോയത് കാണാൻ വേണ്ടി ചെയ്ത കാര്യം…അതവളെ അങ്ങേയറ്റം… ഭദ്രതയിലാക്കിയിരിക്കുകയാണെന്നുള്ള ഓർമ്മ അവനെ ഓരോ നിമിഷവും പൊള്ളിക്കുന്നുണ്ട്.
മണിയേട്ടൻ പത്തു മണിയോടുകൂടി ഫസ്റ്റ് ബെല്ലടിക്കുമ്പോൾ സഹപ്രവർത്തകരെല്ലാം പിറുപിറുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് കയറി പോയിട്ടും രാജീവ് അവിടെ വരാന്തയിൽ അതേ നിൽപ്പ് തന്നെയായിരുന്നു.ഒരാഴ്ച കൂടി മാത്രം ബാക്കിയുള്ള സ്വന്തം കല്യാണത്തെക്കുറിച്ച് അപ്പോഴും അവന്റെ മനസ്സിലൊന്നുമില്ലായിരുന്നു.മനസ്സിൽ മുഴുവൻ ഉണ്ടായിരുന്നത് ആദിയെയും കൃഷ്ണപ്രിയയും ഇനി എങ്ങനെയെങ്കിലും തമ്മിൽ പിരിക്കുകയെന്നത് മാത്രമായിരുന്നു.അവന്റെ മനസ്സിലേക്ക് ദേവന്റെ മുഖം ഒരിക്കൽ കൂടി തെളിഞ്ഞു വന്നു..
അതെ..ഒരിക്കൽ തമ്മിൽ വഴക്കുണ്ടാക്കി പിരിഞ്ഞതാണെങ്കിലും തന്നേയീ അസ്വസ്ഥതയിൽ നിന്നും രക്ഷപ്പെടുത്താൻ അയാൾക്ക് മാത്രമേ കഴിയുകയുള്ളു..രാജീവ് വീണ്ടും തിരിച്ചറിയുകയായിരുന്നു.തലേന്ന് നടന്ന ഡ്രസ്സെടുക്കൽ ചടങ്ങിന്റെ അവസാനത്തോട് കൂടി അവൻതീർത്തുംഅസ്വസ്ഥനായിരുന്നു.എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് തനിക്ക് പറ്റിയതെന്ന് അവരോട് പറഞ്ഞു കൊടുക്കാനാവാത്ത വിധം ഒരു അസഹിഷ്ണുതയും അസ്വസ്ഥതയും അവനെ ഒന്നാകെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.എനിക്ക് ഇത്രയും സ്വർണം ഒന്നും വേണ്ട..വളരെ അത്യാവശ്യത്തിനുള്ളത് മാത്രം മതി ബാക്കി എന്റെ പേരിൽ ഫിക്സിഡ് ഡെപ്പോസിറ്റാക്കിയിട്ടാൽ മതി.ഇത്രയും സ്വർണമൊന്നും ഞാൻ ഏതായാലും ഇട്ട് നടക്കാൻ പോകുന്നില്ല.. പിന്നെന്തിനാണ് വെറുതെ ഷോ കാണിക്കാൻ വേണ്ടിയിട്ട്. എനിക്ക് ഇതൊന്നും വേണ്ട.. ”
ഡ്രസ്സ് എടുപ്പ് കഴിഞ്ഞ് ജ്വല്ലറിയിലേക്ക് സ്വർണം എടുക്കാൻ കയറിയപ്പോൾ ഉള്ള നീതുവിന്റെ വാക്കുകൾ രാജീവിന്റെയുള്ളിലപ്പോഴും തിളച്ചു മറിഞ്ഞു.അവളത് പറഞ്ഞു കേട്ടപ്പോൾ അമ്മയുടെ മുഖം കറുത്തിരണ്ട് പോയത് രാജീവ് ശ്രദ്ധിച്ചിരുന്നു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം തെറ്റാണെന്ന് അറിയാം. പക്ഷേ .. സ്വന്തം മകൾക്ക് അച്ഛൻ കൊടുക്കുന്ന സമ്മാനം എന്ന ഒരു സുന്ദരപദത്തിൽ പൊതിഞ്ഞുപിടിച്ച് കൊണ്ട് കിട്ടുന്നതെല്ലാം ചോദിച്ചു വാങ്ങുന്ന ആർത്തിപ്പിടിച്ച അതേ മനസ്സ് തന്നെയായിരുന്നു രാജീവിന്..
അതുകൊണ്ടുതന്നെ നീതുവാ പറഞ്ഞത് ജയശ്രീയെ പോലെ അവനും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കല്യാണം കഴിയുന്നതോടെ പെണ്ണ് മാത്രമല്ല.പെണ്ണിനെ സംബന്ധിക്കുന്നതെല്ലാം അതിപ്പോൾ സ്വർണമായാലും പണമായാലും ഭർത്താവിന്റേതു തന്നെയാണ് എന്നുള്ള അവകാശവാദം ജയശ്രീയിൽ നിന്നും പലപ്പോഴും അവൻ കേട്ടിട്ടുണ്ട്.അത് അപ്പടി അവന്റെ മനസ്സിൽ ഉറച്ചു പോയിട്ടുമുണ്ട്.അതുകൊണ്ടുതന്നെ ആ തീരുമാനത്തോട് അംഗീകരിക്കാൻ അവനപ്പോഴും കഴിഞ്ഞിട്ടില്ല.അതിന്റെയൊരു വിങ്ങലും വേദനയും അവനിൽ നിന്ന് പോയിട്ടുമില്ല.അതിനിടയിലാണ് ഈ ഒരു സംഭവം കൂടി.സ്കൂളിൽനിന്നിറങ്ങി എങ്ങോട്ടെങ്കിലും ഓടി പോകാനാണ് രാജീവിനപ്പോൾ തോന്നിയത്.
💞💞
അകത്തെ മുറിയിൽ നിന്നും ഉറക്കെയുള്ള സംസാരങ്ങൾ കേൾക്കുന്നുണ്ട്.പതിഞ്ഞ സ്വരത്തിലൊരു കരച്ചിലും.മാളവിക ഞെട്ടി പിടഞ്ഞു കൊണ്ടെഴുന്നേറ്റു.പത്മയുടെ മുറിയിൽ നിന്നാണ് കോലാഹലങ്ങളെന്ന് മനസ്സിലായതും അവൾക്കൊരു വിറയൽ പാഞ്ഞു കയറി.എന്തൊക്കെ വന്നാലും ആ മുറിയിലേക്ക് വരരുതെന്നുള്ള പത്മയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചു കൊണ്ട് മാളവിക അങ്ങോട്ട് നടന്നു.അത്രമേൽ ഹൃദയഭേദകമയൊരു കരച്ചിലാണ് കേൾക്കുന്നത്.അനൂപിന്റെ കേട്ടാലറക്കുന്ന വാക്കുകൾ മുറിവിട്ട് പുറത്തേക്കൊഴുകി പടർന്നിരിക്കുന്നു.അങ്ങോട്ട് ചെല്ലുമ്പോൾ അവനെ ഒറ്റ വെട്ടിനു കൊല്ലാനുള്ള ദേഷ്യമാണവളിലുണ്ടായിരുന്നതും .
പക്ഷേ വിറയലുകാരണം നേരെ നിൽക്കാൻ കൂടി കഴിയാത്തത്രേം ചോർന്നു പോയ ധൈര്യം അവളെ വെല്ലുവിളിച്ചു.ഇതിനേക്കാൾ തന്നോട് ക്രൂരത ചെയ്‌തോരുത്തനെ പോലും പിറകിലുപേക്ഷിച്ചു പോന്ന തന്റെ അപ്പോഴാത്തെ ആത്മ രോഷം മാളവികയെ കളിയാക്കി തുടങ്ങിയിരുന്നു.സുജയെന്തോ സാധനങ്ങൾ വാങ്ങിക്കാൻ കവലയിലേക്ക് പോയതാണ്.ആ തക്കത്തിനാ മൃഗം ആ വീട്ടിലേക്ക് കയറി കൂടിയതും.അകത്തെ ശബ്ദങ്ങൾ നിലച്ചു..
കരച്ചിലും. പകരം ഞരങ്ങലും മൂലളുമായി വികൃതമായ മറ്റൊരു ശബ്ദം മുഴങ്ങി കൊണ്ടിരിന്നു.
കാതുകൾ പൊതിഞ്ഞു പിടിച്ചു തിരികെ ഓടുമ്പോൾ… എന്റെ തെറ്റെന്നു പറഞ്ഞു കൊണ്ട് മാളവികയുടെ ഹൃദയം അലമുറയിടുന്നുണ്ടായിരുന്നു.
💞💞
ഓഫിസ് മുറിയിലെക്ക് കയറിയ ആദി വാതിൽ ചേർത്തടച്ചു കൊണ്ടൊന്നു ശ്വാസമെടുത്തു.വല്ലാത്തൊരു സംതൃപ്തി അവനിൽ പ്രകടമായി തന്നെ ഉണ്ടായിരുന്നു.ഇന്നിപ്പോൾ ഒന്നും മിണ്ടാതെ പോന്നിരുന്നുവെങ്കിൽ നാളെ വീണ്ടും ഇതേ സംസാരം കേൾക്കേണ്ടി വന്നേനെ.അതിനൊരു തിരിച്ചടി അത്യാവശ്യമായിരുന്നു.പൊരുതി നിൽക്കാനുറച്ച മനസ്സോടെ അവരെ നേരിടാൻ കഴിഞ്ഞതിൽ ആദിക്ക് വല്ലാത്തൊരു നിർവൃതിയുണ്ടായിരുന്നു..തത്കാലം അതിനൊരു ശമനം കിട്ടിയേക്കും.തോറ്റോടില്ലെന്നു തീരുമാനിച്ചുറപ്പിച്ചു വന്നവനെ… തളർത്താൻ അവരുടെ ജല്പനങ്ങൾക്ക് ശക്തി പോരായിരുന്നു.
അവനിൽ ആ നിമിഷം തോന്നിയ ആത്മ വിശ്വാസം.. അത് വളരെ വലുതായി മാറുകയായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും..
💞💞
“അപ്പോൾ ഇത്രേം നേരം ഞാൻ പറഞ്ഞതൊന്നും മരുമോൾക്ക് മനസ്സിലായില്ല. അല്ലേ?
വല്ലാത്തൊരു ചിരിയോടെ തന്നിലേക്കടുത്തു വരുന്ന മഹാ ദേവന് നേരെ പ്രിയ ഭയമില്ലെന്നുള്ള ഭാവത്തിൽ നോക്കിയെങ്കിലും ഉള്ള് കൊണ്ടവൾ വിറക്കുന്നുണ്ട്.
അത്ര മാത്രം അതപതിച്ചു കൊണ്ടയാൾ ചവച്ച് തുപ്പിയ വാക്കുകൾ അവളെ കൂടുതൽ ഭയപ്പെടുത്തി.
മാധവൻ മാഷേന്ന അച്ഛന്റെയും ആദിത് മഹാ ദേവെന്ന മകന്റെയും വിദൂര സാദൃശ്യം പോലുമില്ല…യാതൊരു മനസാക്ഷിയുമില്ലാത്ത മഹാദേവനെന്ന മൃഗം..അങ്ങനെയാണ് പ്രിയക്കയളെ ഉപമിക്കാൻ കഴിയുന്നത്.സ്വന്തം മകന്റെ ഭാര്യയായി നിൽക്കുന്ന ഒരു പെൺകുട്ടിയോട് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അയാൾ പറഞ്ഞതൊക്കെയും.
“സഹതാപം നേടാൻ ഷോ കാണിച്ചു നടക്കുന്ന മാധവൻ മാഷേന്ന എന്റെ അച്ഛനെയും.. അച്ഛന് പഠിക്കുന്ന വിഡ്ഢിയായ എന്റെ മകനെയും കണ്ടുള്ള നിന്റെയീ തുള്ളലുണ്ടല്ലോ..അതീ മഹാദേവന് മുന്നിൽ വേണ്ട.നടക്കില്ല.. നിനക്കറിയില്ല എന്നെ..”
മഹാ ദേവൻ അരികിലേക്ക് വരുന്നതനുസരിച്ചു കൊണ്ടവൾ പിന്നിലേക്ക് നീങ്ങുന്നുണ്ട്.ഭയം മഹാദേവന് മുന്നിൽ നെഞ്ച് പൊളിച്ചു കൊണ്ട് പുറത്തേക്ക് ചാടുമോയെന്ന് തോന്നി പോയി പ്രിയക്ക്.
നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൾ അയാളെ നോക്കി.”മഹാദേവൻ ഇന്നോളം വിചാരിച്ചതൊന്നും നടക്കാതെ പോയിട്ടില്ല.. ഇനി നിന്നെ കൊന്നിട്ടായാലും ഞാനവനെ കൊണ്ട് പോയിരിക്കും”,ചുവരിൽ ചാരി നിൽക്കുന്ന പ്രിയക്ക് നേരെ അയാൾ കൈ ഉയർത്തിയതും വലിയൊരു ശബ്ദത്തിൽ അവർക്കപ്പുറം ചുവരിലക്കൊരു ഒരു സ്റ്റ്ലീൽ ഗ്ലാസ് വന്നു പതിച്ചു..
…തുടരും…
കൊള്ളാവോ..നിങ്ങൾക്ക് വേണ്ടിയാണ് ഇന്ന് രണ്ടു പാർട്ടിട്ടത്..അതുകൊണ്ട് നല്ലകുട്ടികളായി നീട്ടിയൊരു റിവ്യൂ എഴുതിയിട്ട് പോയെ…
സ്നേഹത്തോടെ jiff❣️