16/04/2026

പ്രിയേ.. പ്രാണനെ : ഭാഗം106

രചന : ജിഫ്ന നിസാർ ❣️

“ഇന്ദുവിനെ വിളിച്ചായിരുന്നോ അമ്മാ ”
എന്നും ചോദിച്ചു കൊണ്ടാണ് നീതു അടുക്കളയിലേക്ക് വന്നത്.ജയശ്രീക്കൊപ്പം ചാരു കൂടി അവളെ തിരിഞ്ഞു നോക്കി.”അവിടെന്തായിപ്പോ വിശേഷം.. വിളിക്കാൻ മാത്രം?”മുഖം ചുളിച്ചു കൊണ്ടുള്ള ജയശ്രീയുടെ ചോദ്യം കേട്ടതും നീതു അവരെയൊന്നു സൂക്ഷിച്ചു നോക്കി.വിശേഷമുണ്ടാവണോ മകൾക്കൊന്ന് വിളിക്കാൻ?ഇന്നലെ വിവാഹം കഴിഞ്ഞു പോയതാണ്.ആ വീടും വീട്ടുകാരും അവൾക്ക് തീർത്തും അപരിചിതരാണ്.അതിന്റേതായ എല്ലാ ആശങ്കകളും ബുദ്ധിമുട്ടുകളും പേറിയാവും അവളവിടെ നിൽക്കുന്നത്.

ആ സമയം മോളെ… എന്നൊരു വിളി കേൾക്കാൻ.. എന്തുണ്ട് വിശേഷം.. നീ അവിടെ ഒക്കെയല്ലേ എന്നൊരു ചോദ്യം കേൾക്കാൻ… അതിനെല്ലാം എന്ത് മാത്രം കൊതിയുണ്ടാവും?
അതൊന്നും അമ്മക്കറിയാഞ്ഞിട്ടല്ലല്ലോ..?അമ്മയും ഇതേ അവസ്ഥകളെ തരണം ചെയ്തിട്ട് തന്നെയാവില്ലേ ഇന്നീ നിലയിൽ എത്തിപ്പെട്ടിട്ടുള്ളത്.?
അങ്ങനെയാവുമ്പോൾ ആ വിളി മറ്റാരും പറയാതെ ചെയ്യണ്ടതല്ലേ?നീതുവിന്റെ മനസ്സിൽ ആശങ്കകൾ പെരുകി.ഇവരെന്താ ഇങ്ങനെയെന്നവൾ ചിന്തിച്ചു..”വിശേഷം വലതുമുണ്ടായിട്ട് വേണേ അമ്മേ അവൾക്കൊന്ന് വിളിക്കാൻ.. ഇന്നലെ ഇവിടുന്ന് പോയവളല്ലേ.. അവൾക്കവിടെ എങ്ങനെയുണ്ടെന്ന് വിളിച്ചൊന്നു ചോദിക്കേണ്ടത് അമ്മയല്ലേ?”
ജയശ്രീക്ക് മനസ്സിലാവുന്ന പോലെയത് പറഞ്ഞു കൊടുക്കുമ്പോഴും നീതു ആ ഭാവത്തിൽ നിന്ന് തന്നെ അവരെ അളന്നിരുന്നു.

“ഓ.. അതൊക്കെയിപ്പോ വിളിച്ചു ചോദിക്കണ്ട കാര്യമെന്തുവാ.. ആ വീട്ടിൽ എങ്ങനെയായിരുന്നാലും പിടിച്ചു നിൽക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണ്. അല്ല… അതിപ്പോ അവൾക്കറിയാം.. ഞാനെന്റെ മക്കളെ അങ്ങനെയാണ് പറഞ്ഞു കൊടുത്തു വളർത്തിയത്. ഏതു സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ അവർക്കറിയാം.. “ലേശം അഹങ്കാരത്തോടെയാണ് ജയശ്രീ അത് പറഞ്ഞത്.പക്ഷേ അത് കേട്ടതും ചാരുവിന്റെ മുഖമൊന്നു പുച്ഛത്തോടെ കോടി പോയതിലേക്കായിരുന്നു നീതുവിന്റെ ശ്രദ്ധയത്രയും.
“പിന്നെ മിനിറ്റിനു മിനിറ്റിനു വിളിച്ചിട്ട് എന്റെ സ്നേഹം പ്രകടനം നടത്തേണ്ട ഗതികേടൊന്നും സത്യത്തിൽ എനിക്കില്ല കേട്ടോ.. എന്റെ സ്നേഹവും കരുതലും എന്റെ മക്കൾക്ക് നന്നായി അറിയാം…”

ജയശ്രീ കൂട്ടി ചേർത്ത് പറഞ്ഞത് തനിക്കുള്ളൊരു കൊട്ടാണെന്ന് മനസ്സിലായിട്ടും നീതുവിന്റെ ഭാവം പോലും മാറിയില്ല.ഇന്നലെ രാത്രിയിൽ ഒരു പ്രാവിശ്യവും ഇന്നിപ്പോൾ ഇന്നേരത്തിനുള്ളിൽ രണ്ടു പ്രാവശ്യവും അവളുടെ വീട്ടിൽ നിന്നും തേടി വന്ന ഫോൺ വിളികൾ ജയശ്രീക്ക് അത്ര പിടിച്ചിട്ടില്ലെന്ന് നീതുവിന് മനസ്സിലായതാണ്.”മക്കളും ഒരു അവസരം കിട്ടിയാ ഇത് തന്നെ പറയുമായിരിക്കും . അല്ലേ അമ്മേ “തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ചോദ്യം കേട്ടതും ജയശ്രീ അവളെ തുറിച്ചു നോക്കി..
നീതു തിരികെ ഹാളിലെത്തുമ്പോൾ രാധാകൃഷ്ണൻ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് അവൾക്ക് നേരെ വരുന്നുണ്ട്.

അവളെ കണ്ടതും ഹൃദ്യമായൊരു ചിരിയോടെ അയാൾ അവളുടെ അരികിലേക്ക് വന്നു.ഇന്ദുവാ മോളെ…”വാത്സല്യത്തോടെ തന്നെ അയാൾ അവളോട് പറഞ്ഞു.നീതു ചിരിയോടെ തലയാട്ടി.
“മോൾക്ക് സംസാരിക്കണോ?”ആ ചോദ്യം കേട്ടതും നീതുവിനെന്തോ പോലെ തോന്നി.വേണമെന്ന് തല കുലുക്കി കൊണ്ടവൾ കൈ നീട്ടുമ്പോൾ “മോളെ.. ഞാൻ നീതു മോൾക്ക് കൊടുക്കാം കേട്ടോ “യെന്ന് സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ആ ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തു..ഇന്ദു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നി..നീതു വളരെ സ്നേഹത്തോടെ.. എന്നാൽ വല്ലാതെ ഒലിപ്പിച്ചു ചളമാക്കാതെ തന്നെ ഇന്ദുവിനോട് സംസാരിച്ചു..

“നീ അവിടെ ഒക്കെയല്ലേ ഇന്ദു.. എന്തുണ്ടങ്കിലും പറയണേ എന്ന് നീതുവിന്റെ ഓർമപ്പെടുത്തലിനു മുന്നിൽ ഒരു നിമിഷം ഇന്ദു പകച്ചു നിന്ന് പോയെന്ന് നീതുവിനും മനസിലായി.”കുഴപ്പമില്ല നീതു.. ഞാൻ ഒക്കെയാണ്.. നീ ചോദിച്ചല്ലോ.. എനിക്ക്.. എനിക്കൊരുപാട് സന്തോഷമായിട്ടോ “അവളുടെയാ സന്തോഷം ആ ശബ്ദത്തിൽ നിന്ന് തന്നെ നീതുവിന് മനസ്സിലായിരുന്നു.പിന്നെയും കുറച്ചു വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ട് അവളാ ഫോൺരാധാകൃഷ്ണന്റെ കയ്യിൽ തന്നെ തിരികെയെല്പിച്ചു.

ചിരിയോടെ അയാളെ ഒന്ന് നോക്കിയിട്ട് അവൾ മുറിയിലേക്ക് പോകുമ്പോൾ അയാൾക്ക് അവളോടൊരുപാട് സ്നേഹം തോന്നി…മുറിയിലേക്ക് ചെല്ലുമ്പോൾ രാജീവ് ഫോണിലെന്തോ നോക്കിയിരിക്കുന്നു.നീതു അവനരികിലേക്കിരുന്നു..
“എന്താണ്.. ഇത്രേം കാര്യമായിട്ട് ആലോചിച്ചു കൂട്ടുന്നതെന്റെ പ്രിയതമേ “അവളെ കണ്ടതും ഫോൺ മാറ്റി വെച്ചിട്ട് നീതുവിന്റെ ഇരിപ്പ് ശ്രദ്ധിച്ചു കൊണ്ട് രാജീവൊരു ചിരിയോടെ ചോദിച്ചു..”മ്മ്ഹ്ഹ്.. ഒന്നുമില്ല രാജീവ്..”നീതു അവനെ നോക്കി ചിരിയോടെ തന്നെ പറഞ്ഞു.

“അത് വെറുതെ.. പോയ പോലെ അല്ലല്ലോ ഈ മുഖം..”അവനവളെ കൈ നീട്ടി തന്നിലേക്ക് വലിച്ചു ചേർത്ത് കൊണ്ട് ചോദിച്ചു.”അമ്മ വല്ലതും പറഞ്ഞോ?”രാജീവിന് അതായിരുന്നു ഭയം.കാരണം കല്യാണഡ്രസ്സ് അവൾ മാറ്റിയത് അമ്മയോട് പറഞ്ഞില്ല എന്നും പറഞ്ഞ് കൊണ്ട് ഇന്ന് രാവിലെ തന്നെ അമ്മയോരു ഉപദേശപത്രിക തന്നിരുന്നു.
“അമ്മയെന്ത് പറയാൻ..?”നീതു മുഖം ചുളിച്ചു കൊണ്ടവനെ നോക്കി.

“അതല്ല നീതു.. അമ്മയൊരു പ്രതേക സ്വഭാവക്കാരിയാ.. ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണൂല.. എന്തൊക്കെയാ വിളിച്ചു പറയുന്നതെന്ന് യാതൊരു ഊഹവുമുണ്ടാവില്ല.. പക്ഷേ സ്നേഹമില്ലാഞ്ഞിട്ടൊന്നും അല്ല കേട്ടോ.. ഞങ്ങളെന്ന് വെച്ചാൽ അമ്മയ്ക്ക് ജീവനാ.. സ്നേഹകൂടുതൽ കൊണ്ടുള്ള അസുഖമില്ലേ.. അതാണ്‌ അമ്മയ്ക്ക് “രാജീവ് നയത്തിൽ നീതുവിനൊരു സൂചന കൊടുത്തു.”ആ.. അത് കൊള്ളാം.. എനിക്കൊരു കമ്പനിയായല്ലോ.. ഇതേ അസുഖം എനിക്കുമുള്ളതാ.. ഇനിയിപ്പോ അത് പറഞ്ഞു കൊണ്ട് രാജീവും അമ്മയും പ്രശ്നമുണ്ടാക്കില്ലല്ലോ.. താങ്ക്സ് ഗോഡ് ”

രാജീവിനെ നോക്കി നീതു പറയുമ്പോൾ അവന്റെ കണ്ണുകൾ മിഴിഞ്ഞു..”ന്ത്‌ പറ്റി…?”
വിളറി വെളുത്ത പോയ അവന്റെ മുഖം കണ്ടതും നീതു ചോദിച്ചു..”ഏയ്.. ഇവിടൊരു യുദ്ധഭൂമിയാവുമോ എന്നോർത്ത് പോയതാ ഞാൻ..”
പാതി കളിയായും പാതി കാര്യമായും രാജീവ് പറയുമ്പോൾ നീതു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു..”രാജീവ് ഇന്ദുവിനെ വിളിച്ചായിരുന്നോ?”ഇല്ലെന്നുറപ്പുണ്ടായിട്ടും നീതു അവനോട് ചോദിച്ചു.”ഏയ്. ഇല്ല. അവൾക്കെന്തു പറ്റി..?”അവനവളിലേക്ക് അലിഞ്ഞു ചേരാനുള്ള വ്യഗ്രതയോടെയാണത് ചോദിച്ചത്.

“അവൾക്കൊന്നുല്ല. എന്നാലും വിളിക്കേണ്ടതല്ലേ രാജീവ്.. അവളുടെ ഏട്ടനല്ലേ നിങ്ങൾ..അവളത് ആഗ്രഹിക്കുന്നുണ്ടാവില്ലേ?”നീതു തന്റെ കഴുത്തിലേക്കിഴയുന്ന അവന്റെ മുഖം പിടിച്ചു വെച്ച് കൊണ്ട് ചോദിച്ചു.”മ്മ്.. വിളിക്കാം നീതു.. ഇപ്പൊ നീയിങ്ങ് വാ..”ഒട്ടും താല്പര്യമില്ലാതെയാണ് അവനാ പറയുന്നതെന്ന് അവൾക്കുറപ്പുണ്ടായിരുന്നു…

❤️❤️

“ആരാ…?”അകത്ത് നിന്നുമിറങ്ങി വന്നത് അനൂപായിരുന്നു.ഷമീർ ദുഹാ മോളെ എടുത്തു കൊണ്ട് തന്നെ അവനെ നോക്കി.കലങ്ങി ചുവന്നു കിടക്കുന്ന അവന്റെ കണ്ണുകളും രൂപവും.. വല്ലാത്തൊരു നോട്ടവും. ഷമീറിന്റെ മുഖം ചുളിഞ്ഞു.
“മാളവികയില്ലേ…?”ഷമീർ ചിരിയോടെ തന്നെയാണ് ചോദിച്ചത്.അനൂപിന്റെ കണ്ണുകൾ പിടച്ചു.. മുഖം കൂടുതൽ വലിഞ്ഞു മുറുകി.അവളെയെങ്ങനെ നീയറിയും?”ചോദ്യത്തിനൊപ്പം അവന്റെ നോട്ടവും ഷമീറിന് നേരെ നീണ്ടു.”ഇതൊക്കെ ഞാൻ പറയാം.. ആദ്യം നിങ്ങൾ അവളെയൊന്ന് വിളിക്കൂ…”ഷമീർ അസഹിഷ്ണതയോടെ അനൂപിനെ നോക്കി.

“ഓഹോ.. അപ്പൊ മോൻ അവളുമായിട്ടുള്ള ഇടപാടിന് വന്നതാ അല്ലേ..?”ഒരു വഷളൻ ചിരിയോടെ അനൂപ് താടിയുഴിഞ്ഞു.മനസ്സിലായില്ല..”
ഷമീറിന്റെയും മുഖം കടുത്തു.”പക്ഷേ എനിക്കെല്ലാം മനസ്സിലായെടോ.. പൂതി കേറി അവൻ വീട് വരെയും എത്തി… കൊള്ളാം.. ഇനിയീ ബിസിനസ് പൊളിക്കും അല്ലേലും അവളുമാർക്ക് അറിയാവുന്ന പണിയല്ലേ ചെയ്യാൻ പറ്റൂ.. പണിക്കെന്നു പറഞ്ഞു ഒരുങ്ങി കെട്ടി പോയന്ന് തന്നെ ഞാൻ കരുതിയതാ ഇതിങ്ങനെയേ വരൂ എന്നുള്ളത്.. എന്തായാലും അവള് കൊള്ളാം… ഒറ്റ ദിവസം കൊണ്ട് ആള് പിറകെ അന്വേഷിച്ചു വന്നല്ലോ ”

അനൂപ് ഉറക്കെ തന്നെയാണ് പറയുന്നത്. ദുഹാ മോൾ ഭയന്ന് കൊണ്ട് ഷമീറിന്റെ കഴുത്തിൽ ചുറ്റി പിടിച്ചു.”ദേ.. കാര്യമറിയാതെ അനാവശ്യം പറഞ്ഞാലുണ്ടല്ലോ….?”മോളെ അടക്കി പിടിച്ചു.. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖത്തോടെ ഷമീർ അനൂപിന് നേരെ വിരൽ ചൂണ്ടി.”നീ എന്ത് ചെയ്യുമെടാ.. ഏഹ്.. എന്റെ വീട്ടിൽ കയറി വന്നിട്ട് എന്നോട് നീ വീമ്പ് പറയുന്നോ.. “അനൂപ് ഷമീറിന്റെ നെഞ്ചിൽ തള്ളി.മോളെ അടക്കി പിടിച്ചു കൊണ്ട് തന്നെ ഷമീർ പിന്നിലേക്ക് നീങ്ങി.”നിങ്ങൾ മാളവികയെ വിളിക്ക്.. എനിക്ക് സംസാരിക്കാനുള്ളത് അവളോടാ…”ഷമീർ വീണ്ടും ആത്മനിയന്ത്രണത്തോടെ അനൂപിനെ നേരെ നോക്കി പറഞ്ഞു.

“ആഹ്.. അവളെ തന്നെ വിളിക്കാം. അല്ലേലും നീ ഉദ്ദേശിച്ചു വന്ന കാര്യം ചെയ്തു തരാൻ എനിക്ക് കഴിയില്ലല്ലോ..”വീണ്ടും അതേ വഷളൻ ചിരി..അപ്പോഴേക്കും അകത്തു നിന്നും അവരുടെ സംസാരം കേട്ടിട്ട് സുജ ഇറങ്ങി വന്നിരുന്നു.
ഷമീറിനെയും മകളെയും കണ്ട് അവരുടെ മുഖംചുളിഞ്ഞു..പരിഹാസചിരിയോടെ അനൂപ് സുജയെ തിരിഞ്ഞു നോക്കി.

“മകളെ അന്വേഷിച്ചു വന്നതാ.. അകത്തേക്ക് വിളിച്ചിട്ട് സൗകര്യം ചെയ്തു കൊടുക്ക്.. ആ ഒരുമ്പട്ടോൾ പോയപ്പോ ദാരിദ്രത്തിലല്ലേ.. അത് രണ്ടാമത്തെ മകള് നികത്തി തരും.. നിങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കിൽ നല്ലൊരു ബിസിനസ് തന്നെയാക്കി ഇത് മുന്നോട്ട് കൊണ്ട് പോകാവുന്നതേയുള്ളൂ..”ഷമീന്റെ മുന്നിൽ നിന്നും അവനാ പറഞ്ഞു കേട്ടതും തൊലിയുരിഞ്ഞു പോകുന്നത്രേം നാണക്കെടോടെ സുജ നിന്നു.

“ഞാൻ ഷമീർ.. ഇതെന്റെമകൾ..ദുഹാ.മാളവികയെ എനിക്കറിയാം.. അവൾക്കൊരു ജോലി വേണമെന്ന് എന്നോട് പറഞ്ഞിരുന്നു.. എന്റെ മകളെ നോക്കാൻ എനിക്കൊരാളെ അത്യാവശ്യമാണ്. മാളവികക്കൊരു ജോലിയും. അപ്പൊ ഞങ്ങളുടെ രണ്ടു പേരുടെയും കാര്യം ഒരുപോലെ നടന്നു കിട്ടും. അതിനെ കുറിച്ചൊന്നു സംസാരിച്ചു ക്ലിയർ ചെയ്യാനാണ് ഞാൻ വന്നത്.. മാളവികയെ ഞാൻ വിളിച്ചിരുന്നു.
പക്ഷേ കിട്ടിയില്ല. അത് കൊണ്ടാ ഞാൻ നേരിട്ടു വന്നത്..”വല്ലാത്തൊരു വെപ്രാളത്തിലാണ് ഷമീർ അത് പറയുന്നത്.മുന്നിൽ നിൽക്കുന്നവനെ പോലെ സുജയും തന്നെ തെറ്റ്ധരിച്ചു പോകുമോയെന്നൊരു ഭയമായിരുന്നു അവന്റെയാ വെപ്രാളം.

“സഭാഷ്… നല്ല ബെസ്റ്റ് ഐഡിയ..”ചെറുതായി കയ്യടിച്ചു കൊണ്ട് അനൂപ് പറയുമ്പോൾ സുജ അവനെ വെറുപ്പോടെ നോക്കി.”ബാക്കി ഉള്ളോരൊക്കെ പൊട്ടൻമാരാണെന്ന് കരുതിയോടാ പുന്നാര മോനെ നീ.. അവന്റെയൊരു ഐഡിയ..”
മനഃപൂർവം ഒരു പ്രശ്നമുണ്ടാക്കുക എന്നത് തന്നെയാണ് അനൂപിന്റെ ഉദ്ദേശം.പ്രിയയെ പോലല്ല മാളവിക.പ്രിയയുടെ അത്രയും വീര്യമില്ല.ഒന്നാഞ്ഞു ശ്രമിച്ചാൽ അവളെ കൂടി തന്റെ വരുതിയിൽ നിർത്താനാവുമെന്ന് ഇതിനോടകം തന്നെ അനൂപ് മനസ്സിലാക്കിയിരുന്നു.

ഗതികേടിന്റെ അങ്ങേയറ്റമാണ് മാളവിക.മാത്രമല്ല… ഒരാണിന്റെ കൂടെ അവൾ ജീവിച്ചതുമാണ്.ഇതെല്ലാം അനൂപിന്റെ പ്രതീക്ഷകളെ വാനോളം വളർത്തി വലുതാക്കി.അത് കൊണ്ട് തന്നെ അവളുടെ ജോലിക്ക് പോക്കിന് തടയിടേണ്ടത് തന്റെ ആവിശ്യമാണിപ്പോ.അതിന് വേണ്ടത് ചെയ്തെ മതിയാവൂ.ഇല്ലെങ്കിൽ ഒരു ജോലി കിട്ടിയാൽ.. ജീവിക്കാനൊരു മാർഗം മുന്നിൽ തെളിഞ്ഞാൽ പിന്നെ കാര്യങ്ങളൊന്നും താൻ പ്രതീക്ഷിക്കുന്നത്രേം ഈസിയായി നടന്നു കിട്ടില്ല എന്നവൻ ക്രൂരതയോടെ ഓർത്തു കൊണ്ടാണ് ഷമീറിന്റെ നേരെ നടന്നത്..

❣️❣️

“പോയിട്ട് വാ…”ലക്ഷ്മി നിറഞ്ഞ സ്നേഹത്തോടെ ആദിയെ ചേർത്ത് പിടിച്ചു കൊണ്ട്പറഞ്ഞു.”മോളിന്നിവിടെ നിന്നോട്ടെ ആദി…”
അവർക്ക് രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞെടുത്തു കൊണ്ടങ്ങോട്ട് വന്ന നളിനി പറഞ്ഞു.പ്രിയ മറുപടിയൊന്നും പറയാതെ ആദിയെ നോക്കി.”അത്.. അത് നാളെ മുതൽ അവളുടെ ലീവ് തീരുകയാണ് നളിനിയാന്റി.. പിന്നോരൂസം ഞങ്ങൾ തീർച്ചയായും വരാം “അപ്പോൾ വായിൽ തോന്നിയൊരു കാരണം പറഞ്ഞു കൊണ്ട് ആദിയാ ആഗ്രഹത്തെ തടഞ്ഞു..അവൾ അവനെയൊന്നു സൂക്ഷിച്ചു നോക്കി..അവൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നൊരു ചിരിയോടെ നിൽക്കുന്നവൻ അവളെ നോക്കിയതേ ഇല്ലായിരുന്നു.

മാധവൻ മാഷും ബാലൻ മാഷും വൈകുന്നേരം തന്നെ ബാലൻ മാഷിന്റെ സ്കൂട്ടിയിൽ തിരികെ പോയിരുന്നു.അമ്പലത്തിൽ അവർക്കെന്തോ മീറ്റിംഗ് ഉണ്ടായിരുന്നു.ഉത്സവത്തിനോട് അനുബന്ധിച്ചുള്ളത്.ആദിയും പ്രിയയും രാത്രിയിൽ തിരികെ പോകാമെന്നു കരുതി അവിടെ തന്നെ നിന്നു.സംഘർഷം നിറഞ്ഞ ആ അന്തരീക്ഷത്തിനൊരു അയവ് വന്നിരുന്നു.

മനസ്സ് നിറഞ്ഞാർക്കും സന്തോഷമില്ലെങ്കിൽ കൂടിയും ആശ്വാസമുണ്ടായിരുന്നു.നന്ദുവിന്റെ പപ്പയുടെയും അമ്മയുടെയും ചടങ്ങുകൾ തീരും വരെയും അവളിവിടെ തന്നെ നിൽക്കട്ടെയെന്നുള്ളത് സഞ്ജുവിന്റെ തീരുമാനമായിരുന്നു.അവനവിടെ നിന്നും ജോലിക്ക് പോയി വരാൻ നല്ല ബുദ്ധിമുട്ടാണ്.
പക്ഷേ അത് സാരമില്ലന്ന് അവൻ തന്നെ പറയുമ്പോൾ ആർക്കും പിന്നെ എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.”ഏട്ടനാണ്..എന്താവിശ്വാമുണ്ടെങ്കിലും ആ അവകാശത്തോടെ തന്നെ വിളിക്കണം.. ഞാൻ വരും..”നന്ദുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾക്കരികിലുരുന്നു കൊണ്ട് ആദി യാത്ര പറഞ്ഞു.

നിറഞ്ഞ ചിരിയോടെ അത് നോക്കി നിന്നവർക്കെല്ലാം കണ്ണുകൾക്കൊപ്പം ഹൃദയം കൂടി നിറഞ്ഞു.കെട്ടിപിടിച്ചു കൊണ്ട് നന്ദുവിന്റെ നെറുകയിൽ ഉമ്മ കൊടുത്തു കൊണ്ടാണ് പ്രിയയും യാത്ര പറഞ്ഞിറങ്ങിയത്.നന്ദു ആരോടും സംസാരിക്കുന്നില്ലേലും അവളുടെ മുഖത്തൊരു ശാന്തതയുണ്ടായിരുന്നു..ആദി ചെല്ലുമ്പോൾ സഞ്ജു സിറ്റൗട്ടിലാണ്.”പോട്ടെ ഡാ.. ഇനി പിന്നെ വരാം..”
അവനെ ഹൃദ്യമായൊന്ന് പുണർന്നു കൊണ്ട് ആദി പതിയെ പറഞ്ഞു.അവനെ തിരികെ ഇറുകെ കെട്ടിപിടിച്ചു എന്നല്ലാതെ സഞ്ജുവൊന്നും പറഞ്ഞില്ല.”മാറിയിരിക്കാതെ എന്റെ പെങ്ങളുടെ അരികിലേക്ക് ചെല്ലടാ..”ആദി അവന്റെ നേരെ നോക്കി കളി പറഞ്ഞു.

“നിന്നോടൊന്നും പറഞ്ഞില്ലെന്നുള്ള പരാതിയുണ്ടോടാ?”അവനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കാറിനരികിലേക്ക് നടന്നു കൊണ്ട് ആദി ചോദിച്ചു.ഇല്ലെടാ..””അവരത് ആവിശ്യപ്പെട്ടില്ലായിരുന്നെങ്കിൽ കൂടിയും ഞാനതപ്പോൾ നിന്നോട് പറയില്ലായിരുന്നു.. എന്തിനെന്നോ…?”
ആദി ചിരിയോടെ അവനെ നോക്കി.സഞ്ജു ഇല്ലെന്ന് തലയാട്ടി.”നിനക്കവളോടുള്ള സ്നേഹത്തിന്റെ ഏറ്റവും ഡീപ്ലെവലിൽനീഎത്തിചേരണം.നഷ്ടപ്പെടാതിരുന്നെങ്കിൽ എന്ന് നീ അത്രമാത്രം കൊതിക്കണം.. കാരണം നിനക്ക് വേണ്ടി അവളത്രയും വേദനിച്ചിട്ടുണ്ട്. അത് നീയും അനുഭവിക്കണം.. ആ വേദനയിൽ നിന്നും അവളെ നിനക്ക് സ്വന്തമാവുമ്പോൾ പിന്നീടൊരിക്കലും വെറുതെ പോലും നന്ദുവിനെ വേദനിപ്പിക്കാൻ നിനക്ക് കഴിയില്ല. അപ്പോഴൊക്കെയും നിനക്ക് ഇന്നത്തെ നിന്റെ അവസ്ഥ ഓർമ വരണം..”

ആദി പതിയെ പറഞ്ഞു..സഞ്ജു അവനെ നോക്കിയൊന്ന് ചിരിക്കുക മാത്രം ചെയ്തു.”അവൾക്ക് പരാതിയുണ്ടാവും. പരിഭവമുണ്ടാവും.. അവളുടെ ഭാഗത്ത് നിന്നു നോക്കിയാൽ അതെല്ലാം ന്യായമാണെന്ന് എന്നെ പോലെ നിനക്കും അറിയാം..”ആദി കാറിലേക്ക് ചാരി നിന്നിട്ട് അവനെ നോക്കി.”സ്നേഹം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന നിരവധി മുറിവുകൾ നിറഞ്ഞ അവളുടെ ഹൃദയത്തിലിപ്പോഴും നിന്നോടുള്ള നിറഞ്ഞ സ്നേഹമുണ്ട് സഞ്ജു.. കാത്തിരിക്കണം.. ക്ഷമയോടെ അവൾ പഴയ രീതിയിലേക്ക് വരും വരെയും നീ സ്നേഹത്തോടെ കാത്തിരിക്കണം.. ഭർത്താവിന്റെ റോൾ മാത്രമല്ല ഇനി അവളുടെ ജീവിതത്തിൽ നിനക്കുള്ളത്.. അവൾക്ക് നീ അവളുടെ പപ്പയാവണം.. അമ്മയാവണം.. അവളുടെ കുറുമ്പുകൾക്ക് കൂട്ടിരിക്കുന്ന കൂട്ടുകാരനാവണം..ഉത്തരവാദിത്തങ്ങൾ വളരെയേറെയാണ് മിഷ്ടർ സഞ്ജയ്‌ ബാലകൃഷ്ണൻ ”

ആദി നേർത്തൊരു ചിരിയോടെ അവനെ ഓർമ്മിപ്പിച്ചു..”എല്ലാം ചെയ്യാം..എന്റെ പ്രാണനെ പോലെ ഞാനവളെ സ്നേഹിച്ചോളാം. പക്ഷേ.. പക്ഷേ എന്ത് ചെയ്താലാണെടാ.. എങ്ങനെ ചെയ്താലാണ് അങ്കിലിനോടുള്ള എന്റെ കടപ്പാട് തീരുന്നത്.. എനിക്കൊരു നന്ദി പറയാനുള്ള അവസരം കൂടി തന്നില്ലല്ലോ..”സഞ്ജുവിന്റെ സ്വരമിടറി.. മുഖം കുനിഞ്ഞു.”ആ മനുഷ്യന്റെ ഉയിരിവിടെ നിന്നെ ഏല്പിച്ചല്ലേ സഞ്ജു പോയിരിക്കുന്നത്. നന്ദി കാണിക്കാൻ നിനക്ക് വളരെ എളുപ്പമാണ്.. ആ മകളെ നീ സ്നേഹിക്കണം. ഇത്രേം സ്നേഹിക്കാൻ താൻ അർഹയാണോ എന്നവൾക്ക് പോലും തോന്നും വിധം നിന്നിലേക്കവളെ ചേർത്ത് വെച്ചാൽ മാത്രം മതിയാവും. അതിൽപരം സന്തോഷമൊന്നും ആ ആത്മാവിന് നിനക്കിനി കൊടുക്കാൻ കഴിയില്ല…”ആദി വീണ്ടും സഞ്ജുവിനെ തോളിൽ കൂടി കയ്യിട്ടു കൊണ്ട് കോർത്തു പിടിച്ചു.

“വിഷമിക്കണ്ട ടാ.. സത്യത്തിൽ വലിയൊരു വിഷമത്തിൽ നിന്നും ആ മനുഷ്യൻ നിങ്ങളെ രണ്ടു പേരെയും രക്ഷപെടുത്തുകയാണ് ചെയ്തിട്ടുള്ളത്.. ഒരാൾക്കു പകരമാവുന്നതും ആ ആളാവുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഓർത്തു ജീവിക്കാൻ വിടാതെ നിങ്ങൾക്കൊരുമിക്കാൻ കഴിഞ്ഞില്ലേ.. അതിനേക്കാൾഭാഗ്യംമറ്റെന്തുണ്ട്മനസ്സിനിഷ്ടമില്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കുക എന്നതിനേക്കാൾ ഒരു മനുഷ്യന് വന്നു ചേരുന്ന മറ്റൊരു ദുർവിധിയില്ല..”

സഞ്ജുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ആദി പറഞ്ഞു..അപ്പോഴേക്കും പ്രിയയും അവൾക്ക് പിറകെ ബാക്കിയുള്ളവരും അങ്ങോട്ടിറങ്ങി വന്നു.”അപ്പോയിനി രാത്രി യാത്രയില്ല.. ആ പെണ്ണിന് കാലിന് വയ്യാത്തതതാണ്.. കൂട്ടത്തിൽ അതും നീ മറക്കരുത്. കേട്ടാ..അവനെ നോക്കി കള്ളചിരിയോടെ ആദി പറയുമ്പോൾ സഞ്ജു അവനെ ചിറഞ്ഞു നോക്കി..”ഇതിപ്പോ നീ എന്തിന് പറയുന്നു?”സഞ്ജു അവനെ നോക്കി കണ്ണുരുട്ഏയ്.. ചുമ്മാ.. വെറുതെ പറഞ്ഞു ന്ന് മാത്രം.. ന്തേ നിനക്ക് പറ്റിയില്ലേ?”ആദി അവനെ നോക്കി പുരികം പൊക്കി.

“പിന്നെ.. എനിക്ക് വല്ലാണ്ട് ഇഷ്ടമായി.. അവന്റെയൊരു…”സഞ്ജു പല്ല് കടിച്ചു.”ഇഷ്ടമായില്ലേലും പൊന്ന് മോൻ സഹിച്ചേ പറ്റൂ.. നിന്റെയാ പരട്ട പെങ്ങളെയും കൂട്ട് പിടിച്ചിട്ട് കുറച്ചൊന്നുമല്ല നീയെന്നെ നിർത്തി ജീവനോടെ ദഹിപ്പിച്ചു കളഞ്ഞിട്ടുള്ളത്.. ഇപ്പൊ പന്ത് എന്റെ കോർട്ടിലാണെടാ മകാനേ.. ഞാനത് മിസ് ചെയ്യാൻ പാടുണ്ടോ.. ഉണ്ടോ..”ആദി അതെ ചിരിയോടെ ഈണത്തിൽ ചോദിച്ചു കൊണ്ട് സഞ്ജുവിനെ നോക്കി..”നീ.. പകരം വീട്ടുകയാണ്.. അല്ലേടാ തെണ്ടി..”സഞ്ജുവും അതേ ഈണത്തിൽ ചോദിച്ചു..
“പക.. അത് വീട്ടാനുള്ളതാടാ മോനെ സഞ്ജയ്‌ ബാലകൃഷ്ണ…”ആദി കോളർ വലിച്ചു പൊക്കി കൊണ്ട് അവന്റെ കവിളിലൊന്ന് തട്ടി പറയുന്നത് കേട്ടതും സഞ്ജുവിനു ച്ചിരി വന്നു…

അപ്പോഴേക്കും പ്രിയ അവരുടെ അരികിലേക്ക് വന്നു..”പോട്ടെ…”സഞ്ജുവിന്റെ മുടിയൊന്ന് ചിക്കി കൊണ്ടവൾ യാത്ര ചോദിച്ചു.”ഇനിയെപ്പഴാ വരിക?”
അവനും സ്നേഹത്തോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.ഇനിയെപ്പഴും വരാലോ…”പ്രിയ ചിരിയോടെ അവനെ നോക്കി.ആദി അവളുടെ കയ്യിലുള്ള കവർ വാങ്ങി കാറിന്റെ പിന്നിലെ ഡോർ തുറന്നിട്ട്‌ അതുള്ളിലേക്ക് വെച്ച് കൊണ്ടവനെ നോക്കി.”പോയൊന്നു കിടന്നുറങ്ങേടാ.. ഈ ക്ഷീണമൊന്നു പോട്ടെ..”അതും പറഞ്ഞു കൊണ്ടവൻ കാറിലേക്ക് കയറി..ഒന്ന് കൂടി അവരെയെല്ലാം നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിട്ട്..അവന് പിറകെ പ്രിയയും..

…തുടരും..

മിക്കവാറും വണ്ടി നേരെ സ്റ്റേഷനിലോട്ട് പോകേണ്ടി വരുമെന്ന് ഒരിത്..ഇങ്ങക്കുണ്ടോ ആ ഇത് 😎
റിവ്യൂ ഇട്ടിട്ട് പോണേ..സ്നേഹത്തോടെ jiff❤️