05/03/2026

പ്രിയേ.. പ്രാണനെ: ഭാഗം 44

രചന : ജിഫ്ന നിസാർ ❤️

“എന്നിട്ട്…ബാക്കി പറ ഇന്ദു..”പ്രിയ ആവിശ്യപ്പെട്ടു.
മുന്നിൽ നാണിച്ചു നിൽക്കുന്ന കൂട്ടുകാരിക്ക് അവളന്നുവരെയും കാണാത്ത പുതിയൊരു ഭാവമായിരുന്നു.” എന്നിട്ട്…വൈഷ്ണവ് “പെണ്ണുകാണാൻ വന്നതിന്റെ വിശേഷങ്ങൾ അതുവരെയും വാചാലമായി പറഞ്ഞുകൊണ്ടിരുന്നവർ അവിടുന്നങ്ങോട്ട് വാക്കുകൾക്ക് വേണ്ടി പരതി കളിക്കുന്നത് പ്രിയ അടക്കിപ്പിടിച്ച് ചിരിയോടെ കണ്ടിരുന്നു പോയി.”മ്മ്.. പറയ്‌.. വൈഷ്ണവ് ..”
“പോടീ…കളിയാക്കാതെ..”ഇന്ദു അവളുടെ തുടയിൽ അമർത്തിയൊരു നുള്ള് കൊടുത്തു കൊണ്ട് കണ്ണുരുട്ടി കാണിച്ചു.

“ഓഹോ.. അപ്പം മോള് നീ കാണിച്ചുകൂട്ടുന്നതിന് ഒരു പ്രശ്നവുമില്ല.ഞാൻ കളിയാക്കുന്നതാണ് ഇപ്പോൾ കുറ്റം..?”ഇന്ദു നുള്ളി പറിച്ചെടുത്തിടത് നന്നായി വേദനിച്ചത് കൊണ്ട് തന്നെ അത് ഉഴിഞ്ഞുകൊണ്ട് പ്രിയ ഇന്ദുവിന് നേരെ കൂർപ്പിച്ചു നോക്കി.” നീ അങ്ങനെ കൂടുതലൊന്നും പറയണ്ട. വാ ഇങ്ങോട്ട് ഒരുപാട് നേരമായില്ലേ വന്നിട്ട്. കഥ കേട്ട് സുഖിച്ചിരുന്നിട്ട് സമയം എത്രയായെന്നാ..തിരിച്ചു പോകണ്ടേ..? “പറയുന്നതിനൊപ്പം തന്നെ ഇന്ദു എഴുന്നേറ്റിരുന്നു.” അപ്പൊ അധികം വൈകാതെ തന്നെ ഇന്ദുലേഖ, ഇന്ദുലേഖ വൈഷ്ണവായി മാറും എന്നല്ലേ ഈ പറഞ്ഞതിനെല്ലാം അർത്ഥം.. ഏഹ് ”

അവൾക്കൊപ്പം തന്നെ എഴുന്നേറ്റ് കൊണ്ട് പ്രിയ വീണ്ടും ചോദിച്ചതോടെ ഇന്ദുവിന്റെ മുഖം കൂടുതൽ ചുവന്നു.കൂട്ടുകാരിയുടെ മുഖത്തെ സന്തോഷം പ്രിയയുടെ ഉള്ളിലും സന്തോഷമായി തന്നെ വിരിയുന്നുണ്ടായിരുന്നു.” അത്ര പെട്ടെന്നുണ്ടാകുമോ എന്നൊന്നും അറിയില്ല. “അമ്പലക്കുളത്തിന്റെ പടികൾ തിരികെ കയറുന്നതിനിടെ ഇന്ദു വലിയ ഉറപ്പില്ലാത്ത രീതിയിൽ പറഞ്ഞു.” എനിക്ക് തോന്നുന്നു നിന്റെ വീട്ടുകാരൊരു ഒരു ലാഭകച്ചവടത്തിനുള്ള പരിപാടിയാണെന്ന് “പ്രിയ പറഞ്ഞത് കേട്ട് ഇന്ദു അവളെ തിരിഞ്ഞു നോക്കി.”ആഹ്… നിന്റെ ഏട്ടന്റെ കല്യാണം ഏതായാലും നാട്ടുക്കാരെ മൊത്തം വിളിച്ചു കൂട്ടി നടത്തേണ്ടതല്ലേ.ആ കൂട്ടത്തിൽ നിന്റെതും കൂടി നടത്തിയാൽ ആ ക്യാഷും ലാഭം അല്ലേ. അതായിരിക്കും അവരുടെ ബുദ്ധി ”

പ്രിയ പറഞ്ഞത് കേട്ട് ഇന്ദുവൊന്ന് തലയാട്ടി.
പിന്നെന്തോ ഓർത്തത് പോലെ അവളുടെ മുഖം വാടി.പ്രിയയുടെ നേരെ നോക്കാൻ കഴിയാതെ ആ മുഖം കുനിഞ്ഞു പോയി.”വേണ്ടാത്തതൊന്നുമിപ്പോ ഓർത്തിട്ട് വെറുതെ മനസ്സ് വിഷമിപ്പിക്കല്ലേ ഇന്ദു. നിന്റെ ലൈഫിലെ ഏറ്റവും സന്തോഷം നിറഞ്ഞൊരു സംഭവങ്ങളാണ് നടക്കാനൊരുങ്ങുന്നത്. അതിനിടയിലേക്ക് ദയവായി നീ എന്റെ പേര് വലിചിഴച്ചു കൊണ്ട് വന്നിട്ട് ആ സന്തോഷം ഇല്ലാതെയാക്കാരുത്. നിന്നെക്കാൾ അതെന്നെയാണ് വേദനിക്കുന്നത് ”

ഇന്ദുവിന്റെ മനസ്സുലെന്താണെന്ന് വ്യക്തമായും മനസ്സിലാക്കിയ പ്രിയ കൈകൾ കൊണ്ടവളെ ചുറ്റി പിടിച്ചു.വാക്കുകൾ കൊണ്ടവൾക്ക് ആശ്വാസം പകർന്നു.എന്നിട്ടും ഹൃദയത്തിൽ അവളെയോർത് വീണ പോറൽ ഇന്ദുവിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.. ഓരോ നിമിഷവും.

💞💞

“നശിപ്പിച്ചു.. “അതുവരെയും ഉത്സാഹത്തോടെ മൂളിപ്പാട്ടും പാടി വന്നവൻ അമ്പലപ്പടവ് കയറി തുടങ്ങിയപ്പോൾ തന്നെ തലയിൽ കൈവെച്ച് പറയുന്നത് കേട്ട് സഞ്ജു ആദിക്ക് നേരെ മുഖം ചുളിച്ചു നോക്കി.”ന്താടാ..?”സഞ്ജു ചോദിച്ചു.
“ഇതിൽ കൂടുതൽ ഇനി എന്താവാൻ.. ആ ഫ്ലോയങ്ങ് പോയി..”ആദിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.”നാല് പാടും നോക്കാതെ ദേ… നീ നേരെ നോക്ക്..”ആദിയുടെ ഭാവമാറ്റത്തിന്റെ കാരണം തേടിയുള്ള സഞ്ജുവിന്റെ നോട്ടം പല വഴിക്ക് ചിതറി തെറിച്ചു. സഞ്ജുവിന്റെ മുഖം നേരെ പിടിച്ചു നിർത്തി കൊണ്ട് ആദി പറഞ്ഞു.അവൻ ചൂണ്ടിയ നോട്ടത്തിനറ്റത്തു ഓടിയിറങ്ങി വരുന്ന പ്രിയയും അവൾക്ക് പിന്നിൽ അവളുടെ കൂട്ടുകാരിയെന്ന് പരിചയപെടുത്തിയ മറ്റൊരുവളും.

ഇഞ്ചി കടിച്ചത് പോലുള്ള ആദിയുടെ നിൽപ്പ് കണ്ടിട്ട് സഞ്ജു ചിരി അമർത്തി.” ഈ പെണ്ണുങ്ങൾ രണ്ടും അമ്പലത്തിൽ തന്നെയാണോ പൊറുതി.വീട്ടിലൊന്നും പോകാറില്ലേ എപ്പോ വന്നാലും രണ്ടും ഇവിടെ ഉണ്ടല്ലോ ?”അവരെ നോക്കി പിറുപിറുക്കുന്ന ആദിയെ സഞ്ജുവൊന്ന് ചുഴിഞ്ഞു നോക്കി.” ഹലോ അവര് വരുന്നത് അമ്പലത്തിൽ പ്രാർത്ഥിക്കാനാണ്. അതും നല്ല വിശ്വാസത്തോടെ കൂടി തന്നെ.അല്ലാതെ എന്നോ ഒരു പാട്ടു കേട്ടന്നും കരുതി അത് പാടിയ ആളെ തേടിപ്പിടിക്കാൻ വേണ്ടി ഓടി പിടഞ്ഞു വന്നവരല്ല അവര്. നിന്നെ പോലെ.”

മുന്നിലേക്ക് കയറി നിന്നിട്ട് സഞ്ജു പറയുന്നത് കേട്ടതും ആദി അവനെയോന്ന് തുറിച്ച് നോക്കി.
” ഉള്ള കാര്യം പറയുമ്പോൾ ഇങ്ങനെ തുറിച്ചു നോക്കിയത് കൊണ്ടൊന്നുമായില്ല ചങ്ങായി. നീ തന്നെ ഒന്നോർത്തു നോക്കിക്കേ.നിന്റെയും അവരുടെയും കാര്യത്തിലുള്ള വ്യത്യാസം.നീ വന്നത് പാട്ടുകാരിയെ കാണാൻ. അവര് വന്നത് പ്രാർത്ഥന നടത്താൻ.എന്നിട്ട് കുറ്റം മുഴുവനും അവർക്കും..ഇതെവിടുത്തെ ന്യായമാണ്?”” നിനക്കിതിന് ദിവസകൂലിയാണോ മാസക്കൂലിയാണോ? സഞ്ജുവിന്റെ ആവേശം കണ്ടതും ആദി ഒരു പുച്ഛചിരിയോടെ അവനെ നോക്കി ചോദിച്ചു.” അല്ല അവരെ പൊക്കി അടിക്കാൻ എപ്പോഴും നിനക്കൊരു ആവേശം കൂടുതലുണ്ട് അതുകൊണ്ട് അറിയാതെ ചോദിച്ചു പോയതാ.. മക്കള് ക്ഷമിക്ക് ”
സഞ്ജുവിന്റെ തുറിച്ചുനോട്ടം കണ്ടതും ആദി പെട്ടെന്ന് തന്നെ പറഞ്ഞു.

“ഇനി അതുങ്ങള് കാണാതെ എങ്ങനെ മുകളിലെത്തും..?”ഇടം വലം നോക്കിക്കൊണ്ട് ആദി സ്വയം ചോദിച്ചു.” നീയെന്താണ് ഇവിടുന്ന് വല്ലതും മോഷ്ടിച്ചോണ്ട് പോകാൻ വന്നതാണോ, ഇങ്ങനെ കള്ളന്മാരെ പോലെ ഒളിച്ചു പോകാൻ.അവർ കണ്ടുകൊണ്ട് അകത്തോട്ടു പോയാലെന്താണ് കുഴപ്പം? “സഞ്ജു ആദിക്ക് നേരെ തിരിഞ്ഞു നിന്നു.” എനിക്കാ മരംകേറിയെ കണ്ടാ ദേഷ്യം വരും.ആ ദേഷ്യത്തിൽ അവളെ ഞാൻ എന്തെങ്കിലും പറയും.അതിന് തിരിച്ചും അവൾ എന്നോട് പറയും.പിന്നെ അത് വഴക്കാവും..എന്തിനാണ് വെറുതെ..?”ആദി ചടപ്പോടെ സഞ്ജുവിനെ നോക്കി..

” അല്ലടാ എനിക്കൊരു സംശയം? “പ്രിയയും ഇന്ദുവും വളരെ പതിയെ നടന്നു വരുന്നത് നോക്കി സഞ്ജു പറഞ്ഞു.” നിന്റെ സംശയമല്ലേ. കോണിഷ്ട് വല്ലതുമാണെങ്കിൽ പറയണ്ട “ആദി അപ്പോഴും അവരെ കാണാതെ എങ്ങനെ അകത്ത് പോകാം എന്നുള്ള ആലോചനയോടെ ചുറ്റും വീക്ഷിച്ചു കൊണ്ടാണ് പറയുന്നത്.” അമ്പലത്തിലോട്ട് കയറാൻ ആകെ ഈ ഒരൊറ്റ വഴിയേ ഉള്ളൂ. ഇതിലൂടെ അല്ലാതെ അങ്ങോട്ട് കയറാനും ഇറങ്ങാനും മറ്റു വഴികളൊന്നുമില്ല”പരവേശം പിടിച്ച ആദിയുടെ അന്വേഷണം കണ്ടപ്പോൾ സഞ്ജു പെട്ടന്ന് പറഞ്ഞു.

അതോടെ ആദി നോട്ടം നിർത്തി വീണ്ടും ഇന്ദുവിന്റെയും പ്രിയയുടെ നേരെ സൂക്ഷിച്ചു നോക്കി.
” അല്ല,എന്തായിരുന്നു നിന്റെ സംശയം.അത് പറഞ്ഞില്ലല്ലോ? “ആദി ചോദിച്ചത് കേട്ട് സഞ്ജു ചിരിയാണ്.” ഇളിച്ചു നിൽക്കാതെ കാര്യം പറയെട… “ആദി കണ്ണുരുട്ടി.” അല്ലടാ ഈ സിനിമയിലൊക്കെ കാണുന്ന പോലെ അടികൂടി അടികൂടി ഒടുക്കം നീയും അവളും കൂടെ സെറ്റായാലോ എന്നൊരു കുഞ്ഞു സംശയമുണ്ടെനിക്ക്… “ആദിയുടെ കൈയ്യകലത്തിൽ നിന്നും മാറി നിന്നിട്ടാണ് സഞ്ജു അവന്റെയാ കുഞ്ഞു സംശയം വെളിപ്പെടുത്തിയത്.
ഇല്ലെങ്കിൽ അതിന് ആദിയിൽ നിന്നും കിട്ടുന്ന പാരിതോഷികം അത്ര ചെറുതായിരിക്കില്ലെന്നുള്ളത് അവനും ഉറപ്പായിരുന്നു.

” സിനിമയും ജീവിതവും രണ്ടും രണ്ടാണെന്ന് ഇപ്പോഴും മനസ്സിലാക്കാനുള്ള ബോധമില്ലാത്ത നീയൊക്കെ സപ്ലി അടിച്ചു നടക്കുന്നതിൽ യാതൊരു അത്ഭുതവും ഇല്ലടാ.. “ഒരു ലോഡ് പുച്ഛം വാരി വിതറി ആദി സഞ്ജുവിന്റെ നേരെ നോക്കി.”അല്ലേലും ആ ടീച്ചർക്ക് അത്ര നിർഭാഗ്യമുള്ളതണെന്നൊരു തോന്നലും എനിക്കില്ല.നിന്നെ പോലൊരു മൂരാച്ചിയെ സഹിക്കാൻ മാത്രം പാപമൊന്നും അത് ചെയ്തിട്ടുണ്ടാവില്ല..”ആത്മഗതം പോലെയുള്ള സഞ്ജുവിന്റെ വാക്കുകൾ കേട്ടതും ആദി അതിനെന്തോ ഉത്തരം പറയാൻ തിരിയുമ്പോൾ അവർക്ക് നേരെ വരുന്ന പ്രിയയെയും ഇന്ദുവിനെയും കണ്ടു.അവൻ പിന്നൊന്നും മിണ്ടിയില്ല.വളരെ അടുത്തെത്തിയിരിക്കുന്നു അവർ.പ്രിയയുടെ മുഖത്ത് ആദിയെ കണ്ടതും വല്ലാത്തൊരു ചിരി വലിഞ്ഞു കയറി.അതവനെ വിളറി പിടിപ്പിച്ചു.അവൾക്കത് മനസ്സിലാവുകയും ചെയ്തു.

ആ ദേഷ്യത്തോടെ തന്നെയാണ് അവരോട് ഒരക്ഷരം പോലും മിണ്ടാതെ അവരെ മറികടന്നിട്ട് ആദി മുന്നോട്ടു നടന്നത്.” ദൈവം എല്ലായിടത്തും ഉണ്ടെന്നും പ്രാർത്ഥിക്കാൻ വേണ്ടി മാത്രം അമ്പലത്തിൽ വരേണ്ടതില്ലെന്നും പറയുന്ന ഒരാളെ എനിക്ക് പരിചയമുണ്ടായിരുന്നു ഇന്ദു. അയാൾ ഇപ്പോൾ എവിടെയാണോ ആവോ.. “ഒന്നും മിണ്ടാതെ കയറ്റിപ്പിടിച്ച മുഖത്തോടെ താങ്കളെ കടന്നുപോകുന്ന ആദി കേൾക്കാൻ വേണ്ടി അല്പം ഉച്ചത്തോടെ തന്നെയാണ് പ്രിയ ഇന്ദുവിനോടത് പറഞ്ഞത്.സഡൻ ബ്രേക്ക് ഇട്ടതുപോലെ ആദി അവിടെ തന്നെ നിന്നത് കണ്ടതും അവൾ ചിരി അടക്കി പിടിച്ചു.

” അതിനു ഞാൻ പ്രാർത്ഥിക്കാൻ വേണ്ടിയിട്ടാണ് അമ്പലത്തിൽ വന്നതെന്ന് നിന്നോട് ആരാടീ പറഞ്ഞത്? “ആദി പ്രിയക്ക് നേരെ ചീറി.”അതിനാ ആള് കൊച്ചുമോനാണെന്ന് ഞാനും പറഞ്ഞില്ലല്ലോ?”
ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരി അമർത്തി പ്രിയ ആദിയെ നോക്കി.”എനിക്കൊരു പേരുണ്ട്. പറ്റുമെങ്കിൽ അത് വിളിക്കുക. ഇനി പറ്റുന്നില്ലെങ്കിലും വിളിക്കുക. അല്ലേൽ പിന്നെ വിളിക്കുമ്പോ വായിൽ പല്ലുണ്ടാവില്ല.. കേട്ടോടി..”ദേഷ്യത്തോടെ ആദിയുടെ വിരൽ പോലും വിറച്ചു.”അതിനിപ്പോ ഞാൻ തെറിയൊന്നും വിളിച്ചില്ലല്ലോ..”ആദിയെ നോക്കാതെ പ്രിയ പറഞ്ഞു.” ദേ… നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞതാണ് എന്റെ വഴിയിൽ നീ തടസമായി വരരുതെന്ന്.. എനിക്ക്.. എനിക്കിതൊന്നും ഇഷ്ടമല്ലെന്നും “ആദി അവൾക്ക് നേരെ വിരൽ ചൂണ്ടി.

” ആഹാ അതു കൊള്ളാലോ അതിനു ഞാൻ എപ്പോഴാ കൊച്ചുമോന്റെ സോറി.. സോറി ആദിത് മഹാദേവ് സാറിന്റെ വഴിയിൽ തടസ്സമായിട്ട് വന്നത്. ഇത് അമ്പലവഴിയാണ്.ഇതിലൂടെ പലരും വരും പോകും. ഇതങ്ങനെ ഒരാൾക്കും തീറെഴുതി കൊടുത്തിട്ടൊന്നുമില്ല.. കൂട്ടുകാരന് അതൊന്നും അറിയില്ലെങ്കിൽ ഒന്നു പറഞ്ഞുകൊടുക്ക് ചേട്ടാ”
ആദിയോട് പറഞ്ഞുകൊണ്ടിരുന്നവൾ പെട്ടെന്ന് സഞ്ജുവിന് നേരെ തിരിഞ്ഞു.” മതിയെടി.. വേറുതെ അയാളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നോക്കാതെ നീ “ഇന്ദു പ്രിയയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.സഞ്ജു ആദ്യയുടെ ദേഷ്യം പിടിച്ച ചുവന്ന പോയ മുഖത്തേക്ക് നോക്കി.

“പൊന്നു പെങ്ങളെ.. വിട്ടേക്ക്..”ഇനിയും അവരെ തമ്മിൽ സംസാരം തുടർന്നാൽ ഒടുവിൽ അതൊരു കയ്യാങ്കളിയിലെ അവസാനിപ്പിക്കു എന്നൊരു തോന്നൽ ഉണ്ടായതോടെ സഞ്ജു പ്രിയക്ക് നേരെ കൈകോപ്പി പറഞ്ഞിട്ട് വേഗം ആദിയെ പിടിച്ചുകൊണ്ട് പടവുകൾ കയറി തുടങ്ങി.” നീ വിട്ടേ സഞ്ജു.. അവളുടെ അസുഖം ഞാനിന്നൊന്ന് മാറ്റി കൊടുക്കുന്നുണ്ട്… ”
സഞ്ജുവിന്റെ കൈകുടഞ്ഞു മാറ്റി ആ പടികൾ തിരിച്ചടിയിറങ്ങി വരുന്നവനെ കണ്ടതും പ്രിയയൊന്ന് പകച്ചുപോയി.” എന്തേ നിനക്ക് ഒന്നും പറയാനില്ലേ…? “അത്രമേൽ അടുത്തേക്ക് വന്നു പറയുന്നവന്റെ കണ്ണിലേക്ക് നോക്കി പ്രിയ നിമിഷം തറഞ്ഞു നിന്നു.

ശ്വാസങ്ങളുടെ ഗന്ധം പരസ്പരം അറിയാവുന്നത്രയും അടുത്താണ് അവനുള്ളത് എന്ന് ഓർമ്മ സമയം അവളെ പരവേശപ്പെടുത്തി.” സോറി…അല്ലെങ്കിലും ഇവളിങ്ങനെങ്ങനെയാണ്. വഴിയേ പോകുന്ന എല്ലാ വയ്യാവേലികളും ഒന്ന് പോലും വിടാതെ മുഴുവൻ പിടിച്ചെടുത്തു തലയിൽ വെക്കും.. പ്ലീസ് ഇനി ഉണ്ടാവില്ല. ഇപ്രാവശ്യമാണ് ക്ഷമിച്ചേക്ക് ചേട്ടാ..പ്ലീസ് പ്ലീസ്.. “ഇന്ദു ആദിയെ നോക്കി പറഞ്ഞു.
അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം..പ്രിയയെ പിന്നിലേക്ക് വലിച്ചുപിടിച്ചുകൊണ്ട് ഇന്ദു ആദിയെ നെഞ്ചിടിപ്പോടെ നോക്കി.” മറ്റുള്ളവരെ ചട്ടം പ്പഠിപ്പിക്കാൻ കൂട്ടുകാരിക്ക് ഭയങ്കര ഉത്സാഹമാണല്ലോ. പക്ഷേ ആദ്യം ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണമെന്നും സ്വയം പഠിക്കേണ്ട ചട്ടങ്ങളെ കുറിച്ചൊന്നും ഒരു ബോധവുമില്ല.. സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെനന്നാക്കാൻഇറങ്ങിപ്പുറപ്പെടാനെന്ന് അറിയില്ലല്ലേ.. കഷ്ടം… “അതിന് മറുപടി പറയാൻ ഒരുങ്ങിയ പ്രിയയെ പിടിച്ചു വലിച്ചു കൊണ്ട് ഇന്ദു വേഗം മുന്നോട്ട് നടന്നിരുന്നു.

തുടരും..

വെറുതെ.. ഒന്നും ഉരിയാടാതെ.. അടങ്ങി ഒതുങ്ങി പോയ ന്റെ ചെക്കനെ കേറി ചൊറിഞ്ഞിട്ട്..ഇനി കുറ്റം മുഴുവനും ഓനാവും..എന്തോന്നിത്…
രണ്ടൂസം ലീവ് കിട്ടിയാ.. ഞാൻ ഇങ്ങൾക്ക് വേണ്ടി നല്ലോണം പ്രാർത്ഥന നടത്തും.. ഒരത്യാവശ്യകാര്യത്തിനാ..🫣

സ്നേഹത്തോടെ jiff❣️❣️