20/04/2026

പെയ്തൊഴിയാതെ : ഭാഗം 03

രചന – മിയ അവ

“മിസ്സ്‌ പാർവതി ”

പെട്ടെന്നുള്ള അലർച്ചയിൽ ഇരുന്നിടത്ത് നിന്ന് തുള്ളി പോയി പാറു. കയ്യിലിരുന്ന ചൂട് ചായ ടേബിളിൽ മുഴുവൻ തൂവി. അവൾ പേടിയോടെ വിളി കേട്ടിടത്തേക്ക് നോക്കി. തന്നെ ഇപ്പോ കടിച്ചു കീറുമെന്ന പാകത്തിൽ നിക്കുന്ന എം ഡി ശിവ ദേവ് സാറിനെ കണ്ടതും അവൾ നിന്ന് വിറയ്ക്കാൻ തുടങ്ങി. വാക്കുകൾ മുറിഞ്ഞാണെങ്കിലും അവന്റെ വിളിയ്ക്ക് അവൾ മറുപടി കൊടുത്തു.

“യെ.. യെസ് സർ…”

അപ്പോഴേക്കും അവൻ അവർക്കരികിൽ എത്തിയിരുന്നു.

“എൽപിച്ച ജോലി തീർത്തിട്ടാണോ ഇവിടെ വന്നിരുന്നുള്ള ലൂസ് ടോക്ക്…”

“അത്.. അത് പിന്നെ…”

“സെ യെസ് ഓർ നോ…”

“ന്.. നോ സർ…”

“ദെൻ വൈ യു ഹിയർ… ഓഫീസ് ടൈമിൽ ഇവിടെ വന്നു കാപ്പി കുടിക്കാനാണോ തന്നെ എന്റെ കമ്പനിയിലേക്ക് ഞാൻ സെലക്ട്‌ ചെയ്തത്….”

“ന്.. നോ സർ… യാം സോറി…ഞാൻ മാഡം വിളിച്ചപ്പോ…”

“ഐ ഡിഡിന്റ് ആസ്ക്‌ യു അനി എക്സ്പ്ലനഷൻ… ഡു വാട്ട്‌ ഐ സെയ്ഡ്…”

“ഓ.. ഓക്കേ സർ…”

“ഹേയ്.. പാറു അവിടെ നിന്നേ….”

പേടിച്ചു പോവാനൊരുങ്ങിയ പാറുവിനെ മായ പിടിച്ചു നിർത്തി. എന്നിട്ട് ശിവയ്ക്ക് നേരെ തിരിഞ്ഞു.

“ശിവ… നീയെന്തായി കാണിക്കുന്നേ… പാറു ഞാൻ വിളിച്ചിട്ടാ ഇവിടെ വന്നത്… ഒരു കാപ്പി കുടിച്ചെന്ന് കരുതി എന്താ ഇവിടെ സംഭവിക്കാൻ പോവുന്നത്…”

“മായ.. യാം നോട്ട് ടോക്കിങ് യു…”

“ബട്ട് യാം ടോക്കിങ് യു ശിവ…നമ്മുടെ കമ്പനിയിൽ നിന്റെ അതേ റോൾ തന്നെ എനിക്കും ഉണ്ട്… അതുകൊണ്ട് തന്നെ പറയുവാ ഇവൾ ഇവിടെ വന്നു ഒരു കോഫി കുടിച്ചതിന്റെ പേരിൽ ഏത് പ്രോജെക്ട് ആണോ നമുക്ക് നഷ്ടമാവുന്നത് അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തോളാം… പക്ഷെ തിരിച്ചു ഒന്നും പറയാത്ത ഈ പാവത്തിന്റെ നേരെയുള്ള നിന്റെയീ ഷോയ്ക്ക് ഇനി ഞാൻ കൂട്ടു നിൽക്കില്ല…നിവർത്തിക്കേട് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് കരുതി അതിനും കാണും ശിവ അതിന്റെതായ അഭിമാനം… നിനക്കിട്ടു തട്ടി കളിക്കാനുള്ളതല്ല അത്…മൈൻഡ് ഇറ്റ്…”

മായ ദേഷ്യത്തിൽ തന്നെ പാറുവിന്റെ കയ്യും പിടിച്ച് ക്യാമ്പിനിലേക്ക് നടന്നു. ശിവയ്ക്ക് ദേഷ്യം അരിച്ചു കയറി. ചുറ്റിലും ഒന്ന് നോക്കിയിട്ട് അവൻ അവിടെ നിന്നും പെട്ടെന്ന് തന്നെ ഇറങ്ങി താഴെ പോർച്ചിൽ നിന്നും കാറെടുത്ത് വീട്ടിലേക്ക് വിട്ടു. പേടിച്ചു നിന്ന പാറുവിനെ അടുത്തിരുത്തി മായ അവളുടെ കവിളിൽ മെല്ലെ തലോടി.

🍁🍁🍁

“മോളെ പാറു… മോളെ… എഴുന്നേക്ക് മോളെ…”

കവിളിൽ സ്നേഹത്തോടെയുള്ള തലോടൽ ഏറ്റപ്പോഴാണ് പാറു കണ്ണുകൾ തുറന്നത്. മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന മുഖം കണ്ടപ്പോൾ പാറു ഞെട്ടി പിടഞ്ഞെഴുന്നേറ്റു. ശിവ വഴക്ക് പറഞ്ഞ് ഇറങ്ങി പോയപ്പോൾ ഊർന്നിരുന്നു പോയ തറയിൽ കിടന്നു മയങ്ങി പോയത് അപ്പോഴാണ് അവൾ അറിഞ്ഞത്.

“അമ്മേ.. അമ്മ ഇതെപ്പോ വന്നു…”

“അമ്മ ഇതേ വന്നു കയറിയെ ഉള്ളു… കാലത്ത് താഴെ നടന്ന വഴക്ക് ജാനു പറഞ്ഞു… അപ്പോ അമ്മയ്ക്ക് തോന്നി മോള് ഇവിടെ ഉണ്ടാവുമെന്ന്.. നേരെ ഇങ്ങോട്ട് പോന്നു…മോള് എഴുന്നേക്ക്…”

ശ്രീദേവി അവളെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ചു നിർത്തി. ശിവയുടെ അമ്മയാണ് ശ്രീദേവി. അച്ഛൻ മഹാദേവൻ നേരത്തെ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയിരുന്നു. ശ്രീദേവിയുടെ ബന്ധു വീട്ടിൽ ഒരു വിവാഹം ഉണ്ടായിട്ട് പോയതായിരുന്നു അവര്. കൂടെ പാറുവിനെയും അവർ വിളിച്ചിരുന്നെങ്കിലും പോവാൻ ശിവ സമ്മതിച്ചില്ല. അവന്റെ ഭാര്യയെന്ന് പറഞ്ഞു ബന്ധു വീടുകളിൽ ഒന്നും അവളെ എഴുന്നള്ളിക്കാൻ അവൻ സമ്മതിക്കില്ലെന്ന് പറഞ്ഞു ഭയങ്കര വഴക്ക് ആയപ്പോൾ അവളെ അവിടെ ശിവയുടെ അച്ഛമ്മയായ സാവിത്രിയമ്മയെയും അച്ഛാച്ചൻ കൃഷ്ണ മേനോനെയും ഏല്പിച്ചാണ് ശ്രീദേവി പോയത്. ശ്രീദേവി പാറുവിനെയും കൂട്ടി ബാൽക്കണിയിലെ സിറ്റൗട്ടിലേക്ക് ഇരുന്നു. കുറെ നേരത്തേക്ക് രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല. പിന്നെ..

“മോളെ അവൻ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ ല്ലേ…”

“ഏയ്‌ ഇല്ല അമ്മേ…”

“മ്മ്…”

“അമ്മേ…”

“എന്താ മോളെ…”

“അമ്മ.. മായ ചേച്ചിയെ പോയി കണ്ടിരുന്നോ…”

“ഉവ്വ്.. അവളുടെ അടുത്ത് പോയിട്ടാ ഇങ്ങോട്ട് വന്നത്..”

“ചേച്ചി എന്നെ അന്വേഷിച്ചോ അമ്മേ…”

“നിന്നെ അന്വേഷിക്കാതിരിക്കോ അവൾ.. അവൾ അല്ലേ നിന്നെ ഇവിടെ എത്തിച്ചത് തന്നെ…”

“മ്മ്… എന്നോട്… എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ചേച്ചിയ്ക്ക്…”

“എന്തൊക്കെയാ മോളെ ചോദിക്കുന്നെ… നിന്നോട്‌ അവൾക്കെന്തിനാ ദേഷ്യം… നീയായിട്ട് ഒന്നും ചെയ്തതല്ലല്ലോ…”

“എന്നാലും അമ്മേ… ചേച്ചി ഒരുപാട് ആഗ്രഹിച്ച ജീവിതം അല്ലേ… ഞാൻ കാരണം… എന്റെ സ്ഥാനത്തു ചേച്ചി അല്ലായിരുന്നോ ഇവിടെ….”

പറയുമ്പോൾ വിങ്ങി പോയ പാറുവിനെ ശ്രീദേവി ചേർത്ത് നിർത്തി.

“കുട്ടി ഇനി അതൊന്നും ഓർക്കണ്ട… ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ.. എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ… അവൾക്കതിൽ പരിഭവൊന്നും ഇല്ല… ഉണ്ടെങ്കിൽ അവളുടെ പ്രാണനെ തന്നെ അവൾ നിന്റെ കയ്യിൽ ഏൽപ്പിക്കില്ലായിരുന്നല്ലോ….”

അത് കേട്ടതും പാറുവിന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി വിറ കൊണ്ടു.

….. പാവം ചേച്ചിയോ ഈ അമ്മയോ.. ഇവിടുത്തെ അച്ഛമ്മയോ അച്ചാച്ചനോ ഇങ്ങനൊക്കെ ആശ്വസിക്കുമ്പോഴും ഇവരൊന്നും അറിയുന്നില്ലല്ലോ ഈ പാറുവിന് ഇവിടെയുള്ളത് വെറും എണ്ണപ്പെട്ട ദിനങ്ങൾ മാത്രമാണെന്ന്… എനിക്കും ഈ താലി എന്റെ കഴുത്തിൽ കെട്ടിയ ആൾക്കും മാത്രം അറിയാവുന്ന വെറും ആറു മാസത്തെ കരാർ മാത്രമാണ് എന്റെ ഈ വിവാഹമെന്ന്….ഞാനിവിടെ ദിവസ കൂലിയ്ക്ക് ജോലി ചെയ്യുവാണെന്ന്…..

“മോളെന്താ ആലോചിക്കുന്നേ…”

“ഏയ്‌.. ഒന്നുമില്ലമ്മേ…”

പാറു ഒരു നിശ്വാസത്തോടെ ആ തോളിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു. ആ അമ്മയുടെ കൈകൾ അവളുടെ തലയിലൂടെ പതിയെ തലോടിക്കൊണ്ടിരുന്നു. അടഞ്ഞ പാറുവിന്റെ കണ്ണുകളിൽ വീണ്ടും ചിരിച്ചു നിൽക്കുന്ന മായയുടെ മുഖം തെളിഞ്ഞു.

🍁🍁🍁

“ചേച്ചി എനിക്ക് വേണ്ടി സാറിനോട് വഴക്കിടേണ്ടായിരുന്നു…”

“വെറുതെ ഒന്നും അല്ലല്ലോ.. ആവിശ്യത്തിന് തന്നെയല്ലേ ഞാൻ വഴക്കിട്ടത്….”

“എന്നാലും ചേച്ചി… സാറിന് ഇനി എന്നോട് കൂടുതൽ ദേഷ്യം ആവും.. മാത്രവുമല്ല ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു വഴക്ക്….”

“അയ്യേ.. നീയെന്തിനാ പെണ്ണെ അങ്ങനെയൊക്കെ ചിന്തിക്കുന്നേ… ഞങ്ങൾക്കിടയിൽ വഴക്ക് ഉണ്ടാവാൻ നീയൊരു കാരണം അല്ല.. അവന്റെ ഭാഗത്തു ഒരു തെറ്റ് കണ്ടാൽ അതിനെ ഞാനും എന്റെ ഭാഗത്ത് ഒരു തെറ്റ് കണ്ടാൽ അതിനെ അവനും എതിർക്കാറുണ്ട്.. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കും ഉണ്ടാവാറുണ്ട്… പക്ഷെ ഒരു ദിവസത്തിൽ കൂടുതൽ ആ വഴക്കിനു ആയുസ്സ് ഉണ്ടാവില്ല..നീണ്ടു പോയാൽ രണ്ടു പേർക്കും അത് സഹിക്കാൻ പറ്റില്ല…അത് കുഞ്ഞു നാൾ മുതലേ ഞങ്ങൾ അങ്ങനാ…അതോണ്ട് എന്റെ കുട്ടി പേടിക്കണ്ട ട്ടോ ഈ വഴക്ക് ഇന്ന് രാത്രിയോടെ തന്നെ തീരും…”

പാറുവിന്റെ കവിളിൽ നുള്ളി കൊണ്ട് മായ അവൾക്ക് തീർക്കാനുള്ള ഫയലിലെ ഓരോ കാര്യങ്ങളായി പറഞ്ഞു കൊടുക്കാൻ തുടങ്ങി. മായ പറഞ്ഞു കൊടുക്കുന്നതിനു അനുസരിച്ച് തെറ്റ് കൂടാതെ പാറുവും ഓരോന്നായി ക്ലിയർ ചെയ്തു. അങ്ങനെ ഏകദേശം ഏഴു മണിയോടെ ആ ഫയൽ അവർ ക്ലോസ് ചെയ്തു.

“ഹാ.. ഇന്ന് 8 മണിക്കുള്ളിൽ എന്നല്ലേ നിന്റെ ബോസ് സമയം പറഞ്ഞിരിക്കുന്നേ… ദേ മണി ഏഴ് ആയെ ഉള്ളു… കൊണ്ട് ചെന്ന് അവന്റെ ക്യാമ്പിനിൽ വെച്ചേക്ക് ഇത്….എന്നോട് വഴക്കിട്ടത് കൊണ്ട് മിക്കവാറും അവനവിടെ കാണില്ല… വീട്ടിലേക്ക് വിട്ടു കാണും….”

“ഹോ.. ഞാൻ ഒട്ടും വിചാരിച്ചില്ല ഇത് പറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ പറ്റുമെന്ന്..ചേച്ചി ഹെല്പ് ചെയ്തത് കൊണ്ട് മാത്രം ആണ്…ഒത്തിരി ഒത്തിരി താങ്ക്സ്… എന്റെ സ്വത്ത് ആണ് ചേച്ചി… ഉമ്മാ….”

മായയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തു പാറു.

“ഏയ്‌..ഞാൻ ഹെല്പ് ചെയ്തത് കൊണ്ട് മാത്രം അല്ല..നിന്റെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള വർക്ക്‌ കൊണ്ട് കൂടിയാ ഇത് ഇത്ര പെട്ടെന്ന് തീർന്നത്…അതോണ്ട് പകുതി ക്രെഡിറ്റ്‌ മതി എനിക്ക്.. ബാക്കി നീ തന്നെ വെച്ചോ…”

മായ പറഞ്ഞത് കേട്ട് പാറു അവളെ നോക്കി നന്നായൊന്ന് ചിരിച്ചു.

“അപ്പോ ഇനി വൈകിക്കണ്ട.. ചെല്ല് കൊണ്ട് വെച്ചിട്ട് വാ…ലേറ്റ് ആയില്ലേ.. ഞാൻ കൊണ്ട് വിടാം ഇന്ന് വീട്ടിൽ…”

“അയ്യോ.. ചേച്ചി.. അത്… അത് വേണ്ട…”

“വേണ്ടേ…അതെന്താ…”

“ചേച്ചി എന്റെ വീട്ടിലേക്ക് വരണ്ട.. അത്.. അത് ശരിയാവില്ല…”

സന്തോഷം കൊണ്ട് വിടർന്നു നിന്ന മുഖം പെട്ടെന്ന് വാടുന്നത് മായ ശ്രദ്ധിച്ചു.

(തുടരും )