18/04/2026

മരുമകൾ : ഭാഗം 06

രചന – ഗംഗ ശലഭം

അതിനിടയിൽ അവരുടെ വീഡിയോ ഗ്രാഫർസ് വന്നു. അമ്മായിയെയും എന്നെയും ചേർത്ത് കുറേ സ്റ്റിൽസും വീഡിയോയും ഒക്കെ എടുത്തു. ഇടയ്ക്ക് ആരും പറയാതെ തന്നെ അമ്മായി എന്നെ ചേർത്ത് പിടിച്ചു ഉമ്മയൊക്കെ തന്നു. ഫോട്ടോഗ്രാഫെഴ്‌സ് കിട്ടിയ അവസരം പാഴാക്കാതെ അതും ക്യാമറയ്ക്കുള്ളിലാക്കി.

അമ്മായി…
അല്ല… അമ്മ…
ഇനി മുതൽ അങ്ങനെ അല്ലെ വിളിക്കേണ്ടത്?
അമ്മ നല്ല സ്നേഹത്തിലാണ് എന്നോട് പെരുമാറിയതൊക്കെ… എനിക്ക് നേരിയ ആശ്വാസം തോന്നി. ഈ കാണിക്കുന്നതൊക്കെ സത്യം ആയിരുന്നെങ്കിൽ… എനിക്ക് ഇവരെ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ..
ഞാൻ ആത്മാർത്ഥമായിട്ട് ആശിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരൊക്കെയോ വന്ന് മുഹൂർത്തം ആയെന്നും പറഞ്ഞ് എന്നെ മണ്ഡപത്തിലേക്ക് കൊണ്ട് പോയി. അമ്മേടേം അച്ഛന്റേം അച്ഛമ്മേടേം കാലു തൊട്ട് അനുഗ്രഹം വാങ്ങി. അമ്മ കണ്ണ് നിറച്ചെന്നെ അനുഗ്രഹിച്ചു. അച്ഛനും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ. എന്തൊക്കെ പറഞ്ഞാലും ഒറ്റ മോളല്ലേ ഞാൻ? അതോ ഇനി ആൾക്കാരെ കാണിക്കാനോ?

മണ്ഡപത്തിലേക്ക് കയറുന്നതിനിടയ്ക്ക് ആളിനെ ഞാൻ ഒന്ന് പാളി നോക്കി. എന്റെ ഭർത്താവാകാൻ പോകുന്ന മനുഷ്യനെ… ഹരിശങ്കറിനെ….
എന്നെ നോക്കിയിരിക്കുന്നു. ഒരു ചെറു ചിരിയുണ്ടാ ചുണ്ടത്ത്.

എല്ലാം കണ്ണുകളും എന്നിലാണെന്ന് അറിഞ്ഞപ്പോ ആകെ ഒരു പരവേശം. വെള്ളം കുടിക്കാനൊക്കെ തോന്നുന്നുണ്ട്. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. ഞാൻ അത് പോലൊക്കെ ചെയ്തു. ഒടുവിൽ സദസ്സിൽ നോക്കി തൊഴുതിട്ട് ഹരിയേട്ടന് അടുത്തേക്ക് ഇരിക്കാൻ പറഞ്ഞതും എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. ഹരിയേട്ടാ എന്ന് വിളിക്കാമോ? ഇഷ്ടമാകുമോ? അറിയില്ല. അങ്ങനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്… അല്ലാതെ വേറെ എന്ത് വിളിക്കും?

താലിയുമായി ആളിന്റെ കൈ എന്റെ കഴുത്തിലേക്ക് നീണ്ടതും തൊഴുകയ്യുമായി ഞാൻ കണ്ണടച്ചിരുന്നു. ചുറ്റിനും ചിരിയലകൾ ഉയർന്നപ്പോഴാണ് താലി കെട്ടാൻ നേരം ആളെന്തോ അബദ്ധം കാണിച്ചെന്നെനിക്ക് മനസ്സിലായത് തന്നെ. എന്നെക്കാൾ ടെൻഷൻ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോ അറിയാതെ എന്റെ ചുണ്ടിലൊരു ചിരി മിന്നി.

താലി കെട്ട് കഴിഞ്ഞ്, ഹാരവുമിട്ട് പുടവയും കൈമാറിക്കഴിഞ്ഞ് അച്ഛൻ എന്റെ കൈ പിടിച്ച് ആളിന്റെ കയ്യിലേക്ക് ചേർത്തുവച്ചു. ഞാൻ അന്നേരം അച്ഛന്റെ മുഖത്തേക്കാണ് നോക്കിയത്. വലിയൊരു ബാധ്യത ഒഴിച്ച് വിടുന്നതിന്റെ സന്തോഷമേ എനിക്കവിടെ കാണാൻ കഴിഞ്ഞുള്ളൂ…

എന്റെ കൂട്ടുകാരി ഗായത്രിയെ കൈ പിടിച്ചു കൊടുക്കുമ്പോ അവളുടെ അച്ഛൻ കരഞ്ഞു കൊണ്ട് ചിരിച്ച ചിരി എനിക്ക് ഓർമ്മ വന്നു. ഞാൻ ഒരു ദീർഘശ്വാസം എടുത്തു വിട്ടു.

കല്യാണം കഴിഞ്ഞതും ഫോട്ടോഗ്രാഫർസ് വളഞ്ഞു. പിന്നീട് നിന്ന് തിരിയാൻ നേരം കിട്ടിയില്ല. ആരൊക്കെയോ വന്നു സംസാരിച്ചു. കൂട്ടത്തിൽ ഹരിയേട്ടന്റെ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

ഇടയ്ക്ക് ഏതോ ടീച്ചർ എന്നെ നോക്കി ഹരിയേട്ടനോട് ‘സുന്ദരിയാ കേട്ടോ’ എന്ന് കമന്റ് പറയുന്നത് കേട്ട് അറിയാതെ എന്റെ മുഖം ചുവന്നു. ആളും എന്നെ നോക്കുന്നത് കണ്ടു. ഞാൻ പിന്നെ ആ ഭാഗത്തേക്കേ നോക്കാൻ പോയില്ല.

ഹരിയേട്ടന്റെ സ്റ്റുഡന്റസ് ഫോട്ടോ എടുക്കാൻ വന്നപ്പോ ഒരു മേളമായിരുന്നു. പാട്ടും കൂത്തും ആകെ ബഹളം. ആളും കുട്ടികളും തമ്മിലുള്ള ഇടപെടൽ കണ്ടപ്പോഴേ കുട്ടികളോട് ഫ്രീ ആയിട്ട് ഇടപഴകുന്ന ഒരദ്ധ്യാപകനാണെന്ന് തോന്നി.

അല്ല എന്നോടും അങ്ങനെ തന്നെയാണ് കേട്ടോ… ഈ കുറഞ്ഞ സമയത്തിനുള്ളിൽ എന്റെ മുഖത്തെ തെളിച്ചക്കുറവ് കണ്ടിട്ടാകണം ‘are you ok?’ ‘are you ok?’ എന്ന് എത്ര വട്ടം ചോദിച്ചെന്നൊ? അപ്പോഴൊക്കെ ഞാൻ ചിരിച്ചിട്ട് തലയാട്ടും. ഒരു മിനിറ്റ് ആകും മുന്നേ ചിരി മങ്ങി വീണ്ടും എന്റെ മുഖത്ത് ടെൻഷൻ നിറയും.

ആൾക്കാർ ഫോട്ടോ എടുക്കാൻ വരുമ്പോ കൃത്രിമച്ചിരി ചിരിച്ച് ചിരിച്ച് എന്റെ കവിളൊക്കെ വേദനിച്ചു തുടങ്ങി. അപ്പോഴേക്കും ഞങ്ങളുടെ മാത്രമുള്ള ഫോട്ടോസ് എടുക്കണമെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർസ് എങ്ങോട്ടോ വിളിച്ചോണ്ട് പോയി.

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. എനിക്കും ടെൻഷൻ ആളിനും ടെൻഷൻ… രണ്ട് ടെൻഷനും കൂടി ചെന്നപ്പോ ഫോട്ടോഗ്രാഫർസിന് പണിയായി എന്ന് പറഞ്ഞാൽ മതിയല്ലോ?

ചേർന്ന് നിൽക്ക്… ചേർന്ന് നിൽക്ക്… എന്ന് പറഞ്ഞ് അവർക്ക് നാവു കഴിച്ചപ്പോ അവര് തന്നെ വന്ന് ഞങ്ങളെ പിടിച്ചു ചേർത്ത് നിർത്തി. എന്റെ വിറയലും ടെൻഷനും കൂടിയെങ്കിലും ‘കുട്ടിയെക്കാൾ കഷ്ടമാണ് ചേട്ടന്റെ കാര്യം’ എന്ന വീഡിയോ ചേട്ടന്റെ ഒറ്റ ഡയലോഗിൽ എന്റെ പരിഭ്രമം ചിരിക്ക് വഴി മാറി.

അപ്പോഴാണ് ഊണ് കഴിക്കാൻ വിളിക്കുന്നത്. ഫോട്ടോ ഗ്രാഫർസ് വിടുമോ? അവര് അഞ്ചു മിനിറ്റ് അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ് ഏതാണ്ട് അര മണിക്കൂർ കൂടെ തള്ളി നീക്കി. ടെൻഷൻ കേറീട്ടാകും എനിക്ക് വിശപ്പൊന്നും തോന്നിയതേയില്ല.

അവസാനം അമ്മായി ടെററായി.

” നേരം എത്രയായെന്ന് അറിയാമോ? പിള്ളേര് എപ്പോ കഴിച്ചതാണെന്നാ? ആ കൊച്ചിന്റെ മുഖം കണ്ടോ? ആകെ വാടി തളർന്ന്… നിനക്കൊക്കെ ബോധമുണ്ടോ? മതി ഫോട്ടോയും കുന്തവുമൊക്കെ… നിങ്ങൾ വാ പിള്ളേരെ…”

ഫോട്ടോഗ്രാഫർക്ക് നല്ലത് കൊടുത്തിട്ട് അമ്മായി വന്നെന്റെ കൈ പിടിച്ചു. ഞാൻ അന്തംവിട്ട് അവരുടെ മുഖത്തേക്ക് നോക്കി. ഇത്രയും ആൾക്കാരുടെ മുന്നിൽവച്ച് ഇതുപോലെ റൈസ് ആയി സംസാരിക്കണമെങ്കിൽ ഇവർ വീട്ടിൽ എങ്ങനെയായിരിക്കും? ഞാൻ ആളിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവിടെ ‘ഇതൊക്കെ എന്ത്?’ എന്ന ഭാവത്തിൽ നിൽക്കുകയാണ്. കേട്ട് തഴമ്പിച്ചതാണെന്ന് തോന്നുന്നു…

അമ്മേടെ വഴക്ക് കേട്ട് പേടിച്ചിട്ടോ എന്തോ അവരപ്പോ തന്നെ കഴിക്കാൻ പൊയ്ക്കോളാൻ പറഞ്ഞു.

കഴിക്കാൻ ഇരുന്നപ്പോ സമയം മൂന്നു മണിയായിട്ടുണ്ടാവും. എന്റെ അമ്മയും അതുവരെയും കഴിക്കാതെ കാത്ത് നിന്നിരുന്നു. മീനുവും മധുവും മാമിയും മാമനും പിന്നെ വേറെ കുറച്ചു പേരും മാത്രമേ ഞങ്ങടെ ഒപ്പം ഊണ് കഴിക്കാൻ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അച്ഛമ്മയും ഹരിയേട്ടന്റെ അച്ഛനും അമ്മയും ഒക്കെ നേരത്തെ കഴിച്ചു കഴിഞ്ഞെന്നു തോന്നുന്നു. നേരം ഇത്രേം ആയില്ലേ? അതാകും…

അമ്മ എന്റെ അടുത്താണ് ഇരുന്നത്. ഞങ്ങൾ കഴിച്ച് കഴിയുന്നതുവരെ ആളിന്റെ അമ്മ ഞങ്ങടെ ഒപ്പം തന്നെ നിന്നു. അമ്മയോടും എന്തൊക്കെയൊ സംസാരിക്കുന്നത് കേട്ടു. ഇപ്പോൾ എന്തായാലും തീരെ തലക്കനമുണ്ടായിരുന്നില്ല.

ഇവരെ ഏതാണ്ട് അന്യനിലെ വിക്രമിനെ പോലെയാണെനിക്ക് തോന്നിയത്. മിനിറ്റിനു മിനിറ്റിനു ഭാവം മാറുന്നു. ഇവരുടെ തനിസ്വഭാവം തീരെ പിടികിട്ടുന്നില്ലെനിക്ക്.

നാലരയ്ക്കാണ് ഹരിയേട്ടന്റെ വീട്ടിൽ കയറാനുള്ള സമയം. ഇപ്പോഴേ മണി മൂന്നരയായി. ഇനി രണ്ട് സാരി മാറാനില്ലേ? ഒന്നിനും സമയം തികയില്ല എന്നും പറഞ്ഞ് ആളിന്റെ അമ്മ എന്റെ കയ്യിൽ പിടിച്ചു. ഞാൻ അവരുടെ ഒപ്പം പോകാൻ നേരം മീനൂന്റെ കയ്യും കൂടി പിടിച്ചു. എനിക്കൊരു കൂട്ടിന്….

” ആ കുട്ടിയെ വിട്ടേക്ക് മോളെ…. ഇനിയിപ്പോ മോള് ഞങ്ങടെ ആളായില്ലേ? ഇനി ഞങ്ങടെ കൂടെ ഉള്ളവരാ സാരിയൊക്കെ മാറി തരേണ്ടത്….”

ഞാൻ അവര് പറഞ്ഞത് കേട്ട് ഒരു നിമിഷം അമ്പരന്ന് നിന്നു. അങ്ങനെയൊക്കെ ഉണ്ടോ? ഇനി അങ്ങനെ ഉണ്ടെങ്കിൽത്തന്നെ മീനു ഒപ്പം വന്നാൽ എന്താണ്? അവള് സാരി മാറാൻ സഹായിക്കാതിരുന്നാൽ പോരെ?

എനിക്കെന്തോ നല്ല വിഷമം തോന്നി. ഞാൻ തിരിഞ്ഞു മീനൂനെ നോക്കി. അവൾ പല്ല് കടിച്ച് നിൽക്കുന്നുണ്ട്. ഞാൻ അവളെ നോക്കി ഒന്നും പറയല്ലേ എന്ന് കണ്ണ് ചുരുക്കി. ഫോട്ടോഗ്രാഫേർസിനോട് അവര് ചൂടായത് ഓർമ്മ വന്നെനിക്ക്. മീനു വല്ലതും പറഞ്ഞു പോയാൽ അവരത് ഒരു പ്രശ്നം ആക്കിയാലോ? മീനുവിന്റെ സ്വഭാവം വച്ച് അവളും വിട്ട് കൊടുക്കില്ല.

എന്റെ അവസ്ഥ മനസ്സിലായത് കൊണ്ടാകും മീനു എന്റെ കവിളിൽ തട്ടി പോട്ടേടി എന്നും പറഞ്ഞു തിരിഞ്ഞു നടന്നു. പോകുന്ന പോക്കിൽ അമ്മായിയെ ഒന്ന് തറപ്പിച്ചു നോക്കാനും മറന്നില്ല.

**********

അഭിപ്രായം പറയണേ….