24/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 96

രചന : ജിഫ്ന നിസാർ

“ഒരബദ്ധം.. ഇനി.. ഇനിയൊരിക്കലും ഞാൻ.. ഞാനത് ചെയ്യില്ല പെങ്ങളെ.. ഒരു പ്രാവശ്യം. ഒറ്റ പ്രാവശ്യം മാത്രം ക്ഷമിച്ചൂടെ.. പ്ലീസ്..”സഞ്ജു പ്രിയയുടെ പിറകെ നടന്നു കെഞ്ചുന്നത് കണ്ടു കൊണ്ടാണ് ആദിയങ്ങോട്ട് വന്നത്.അവന്റെ യാചനയോടെയുള്ള നിൽപ്പും.. ഉള്ളിലവനോട് അൽപ്പം പോലും ദേഷ്യമില്ലാതെ പുറമെ കലിപ്പിട്ട് നിൽക്കുന്ന പ്രിയയുടെ ഭാവവും കണ്ടിട്ട് ആദിക്ക് ചിരി വന്നു.അടുക്കള വാതിലിൽ ചാരി കൈ കെട്ടി നിന്ന് കൊണ്ടവൻ അവരെ നോക്കി നിന്നു.

“സത്യം.. പെങ്ങളാണെ സത്യം.. സഞ്ജീവ് ബാലകൃഷ്ണനെന്ന ഞാൻ.. ഇനി ജീവിതത്തിലൊരിക്കലും കള്ള് കുടിക്കുന്നത് പോയിട്ട് കുടിക്കുന്നതിനെ കുറിച്ചാലോചിച്ചിക്കുക പോലുമില്ല.. ഇത് സത്യം.. സത്യം.. സ.. ത്യം…പ്ലീസ് “”ഇവനെന്തോന്ന്.. സത്യപ്രതിജ്ഞ ചെയ്യുവാണോ?”
അവർ രണ്ടാളും കേൾക്കാതെ ആദി പതിയെ പറഞ്ഞു.തിരക്കിട്ടന്തോ ജോലി ചെയ്യുന്ന പ്രിയയെ പിടിച്ചു നിർത്തി തനിക്കു നേരെ തിരിച്ചു നിർത്തി കൊണ്ട് സഞ്ജു പറഞ്ഞു.എനിക്ക്.. വിശ്വാസമില്ല.. സോറി..”പ്രിയ ഗൗരവമൊട്ടും ചോരാതെ അവനെ നോക്കി പറഞ്ഞതും വീണ്ടും സഞ്ജുവിന്റെ മുഖം മങ്ങി…

“ഒന്ന് മതിയാക്കെടാ സഞ്ജു.. പിണങ്ങുന്നവരെയും വിട്ട് പോണവരെയും ഇത്രേം ഫോഴ്സ് ചെയ്തു പിടിച്ചു വെക്കുന്നതെന്തിനാ നീ.. പോകുന്നവരു പോട്ടെടാ.. അവര് പോകാൻ കരുതിയതാ.. ഇതല്ലെങ്കിൽ മറ്റൊരു കാരണം കണ്ടു പിടിക്കും.. വിട്ടേക്ക്..”കലിപ്പിട്ട് നിൽക്കുന്ന പ്രിയയെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു കൊണ്ട് ആദിയങ്ങോട്ടിറങ്ങി ചെന്നു.മിണ്ടാതിരിയെടാ തെണ്ടി.. ഞാനിതൊന്നു റെഡിയാക്കി എടുത്തോട്ടെ..”സഞ്ജു ആദിയുടെ കൈ പിടിച്ചു ഞെരിച്ചു.”എന്തിന്.. പെങ്ങളില്ലാതെയല്ലേ നീയീ ഇരുപതാറ് വർഷം ജീവിച്ചത്. ഇനിയും അത് പറ്റില്ലേ.. അല്ല പിന്നെ.. ഇങ്ങനുണ്ടോ ഒരു ജാഡ ”

ചുണ്ടിലൊളിപ്പിച്ചു പിടിച്ച ചിരിയോടെ ആദി പ്രിയയെ നോക്കി.ദേഷ്യത്തോടെയാണ് അവന് നേരെ തിരിഞ്ഞതെങ്കിലും..കറുത്തൊരു ഇന്നർ ബനിയന് പുറമെ സിപ് തുറന്നിട്ട ചുവന്ന ഫുള്ള് കയ്യുള്ളൊരു ബനിയനും… ട്രാക് സൂട്ട് പാന്റും…വല്ലാത്തൊരു കള്ളചിരിയും.പ്രിയ കണ്ണിമ വെട്ടാതവനെ നോക്കി നിന്ന് പോയി.ദയവായി ആ തിരുവാ ഒന്നടക്കുവോ നീ..ഒന്ന് മിണ്ടാതിരിക്കാൻ നിനക്ക് ഞാനിപ്പോ വല്ലതും തരണോ?”ആദിക്ക് നേരെ കൈ കൂപ്പി കൊണ്ട് സഞ്ജു ചോദിച്ചു.”അങ്ങനെ.. ചോദിച്ചാ.. ഇന്നലെ ഒരൊറ്റ അടിയോടെ നിന്റെ പെങ്ങള് കളമൊഴിഞ്ഞു പോയിരുന്നു. പിന്നെ നിന്റെ എൻപത് കിലോ ഭാരം ഞാനൊറ്റക്ക് ചുമന്നു കൊണ്ടാ മുറിയിലേക്കെത്തിച്ചത്..”

“എൺപതില്ലഡാ… എഴുപത്തിയാറ് ”
സഞ്ജു പെട്ടന്ന് തിരുത്തി കൊടുത്തു.”ആഹ്.. എത്രയായാലും ഞാനൊറ്റക്കാ അത് താങ്ങിയത്. ആരും സഹായിച്ചില്ല. ആങ്ങളായെന്ന് പറയുന്നവരൊക്കെ ഇനി താങ്ങി പിടിക്കേണ്ടി വരുമോന്നോർത്ത് വലിഞ്ഞതാണോന്ന് എനിക്ക് നല്ല സംശയമുണ്ട്..”ആദി വീണ്ടും പ്രിയയെ നോക്കി.
അവൾ തിരിഞ്ഞ് നിന്നിട്ട്… അടുപ്പത്തെന്തോ ഇളക്കി കൊണ്ടിരിപ്പാണ്.”തീർന്നില്ല…”
അടുക്കള സ്‌ലാബിലേക്ക് കയറിയിരുന്ന് കൊണ്ട് ആദി വീണ്ടും സഞ്ജുവിനെ നോക്കി.”താങ്ങി കൊണ്ട് പോയി കുളിപ്പിക്കാൻ കയറ്റിയ നീ വാള് വെച്ച് നാശമാക്കിയത് ഞാനാ വൃത്തിയാക്കിയത്.. കുളിപ്പിച്ച് കഴിഞ്ഞ ശേഷമെന്നേ കെട്ടിപിടിച്ചു പോത്തമറുന്നത് പോലെ കരഞ്ഞു മെഴുകിയ നിന്നെ…”

“മതി.. മതി.. ഇനിയും നീ പറയുന്നത് കേൾക്കാനുള്ള ത്രാണിയെനിക്കില്ല..”
ആദി പറയുന്നതിനിടക്ക് തന്നെ സഞ്ജു അവന്റെ വാ പൊത്തി പിടിച്ചു കൊണ്ട് വല്ലായ്മയോടെ പറഞ്ഞു.
തല ചെരിച്ചു നോക്കിയ പ്രിയ അവന്റെ നിൽപ്പ് കണ്ടതും പിടി വിട്ട് ചിരിച്ചു പോയി.ചുവരിൽ ചാരി ഉറക്കെ ചിരിക്കുന്നവളെ സഞ്ജുവും ആദിയും നോക്കി.”ദോണ്ട്.. ച്ചിരിക്കുന്നു… ദേഷ്യം പോയോ..?”സഞ്ജു സന്തോഷത്തോടെ പ്രിയയെ നോക്കി.”പോയോ.. ന്ന് ചോദിച്ച മുഴുവനും പോയിട്ടില്ല..”അവൾ ചിരിയോടെ തന്നെ അവന്റെ തലക്കൊരു മേട്ടം കൊടുത്തു.

എങ്കിലും സഞ്ജുവിന്റെ മുഖം തെളിഞ്ഞിരുന്നു.
ആദിയും ചിരിയോടെ അവളെ നോക്കിയിരിപ്പാണ്.
“എന്റെ ആങ്ങളക്ക് കൊറച്ചു കൂടി.. ചങ്കുറപ്പ് ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.. ആ വിശ്വാസം പോയി “പ്രിയ സഞ്ജുവിനെ നോക്കി.”എങ്കിൽ എന്ത് കൊണ്ടും കൃഷ്ണയാ പോസ്റ്റ്‌ തിരികെ വാങ്ങുന്നതായിരിക്കും നല്ലത്. കാരണം ആ ഉറപ്പ് ഇവനിനിയും തെറ്റിക്കും.”സഞ്ജു ആദിയെ ചിറഞ്ഞു നോക്കി.ആദിയതോ പാട്ട് ചൂളമിട്ട് അവനെ നോക്കി പുരികം പൊക്കി.”ഇല്ല പെങ്ങളെ.. ഇനിയുണ്ടാവില്ല. എന്റെമ്മയാണെ.. പെങ്ങളാണെ സത്യം.. ഇനി സഞ്ജുവിനെ അങ്ങോനൊരവസ്ഥയിൽ നിങ്ങൾക്ക് കാണേണ്ടി വരില്ല..”അവൻ പ്രിയയുടെ രണ്ടു കൈകളും പിടിച്ചെടുത്തു കൊണ്ട് പറഞ്ഞു.

“ഉറപ്പിക്കാവോ?”ആദിയാണ് വിളിച്ചു ചോദിക്കുന്നത്.
“നിനക്കിനിയും മതിയായില്ല.. അല്ലേടാ തെണ്ടി..”
സഞ്ജു ആദിയെ നോക്കി പല്ല്കടിച്ചു.അവനൊന്നിളിച്ചു കാണിച്ചു.”സെറ്റല്ലേ..?”സഞ്ജു പ്രിയയെ നോക്കി മുഖം ചുളിച്ചു.അവൾ ചിരിയോടെ അവന്റെ മുടിയൊന്ന് ചിക്കി.ഹാവൂ… “സഞ്ജു സമാധാനത്തിന്റെ ശ്വാസമെടുത്തത് കണ്ടു കൊണ്ടാണ് മാഷെങ്ങോട്ട് വന്നത്.”എന്ത് പറ്റി.. തലവേദന കുറവില്ലേ?”മാഷ് ചോദിച്ചു.”വലിയൊരു തലവേദന ഒഴിഞ്ഞു കിട്ടിയ ആശ്വാസമാണ് മാഷേ ഇത്…”
സഞ്ജു ചിരിയോടെ പറഞ്ഞു..

“അത്രേം വേദനയുണ്ടായിട്ടും പിന്നെന്തെടാ നീ ഡോക്ടറെ കാണിക്കാഞ്ഞത്. ഇപ്പോഴത്തെ എല്ലാ അസുഖങ്ങളെയും പേടിക്കണം..”മാഷ് ഗൗരവത്തോടെ പറഞ്ഞു.”അയ്യോ.. ഇതവൻ സ്വയം കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത തലവേദനയാണ് മുത്തച്ഛ.. ഡോക്ടറെ കണ്ടാലൊന്നും മാറില്ലായിരുന്നു “ആദിയൊരു ചിരിയോടെ പറയുന്നത് കേട്ടതും സഞ്ജുവിന്റെ നെഞ്ചന്നാളി.പ്രിയയും പതറികൊണ്ടവനെ നോക്കി.”അതെന്താടാ അങ്ങനൊരു വേദന..?”മാഷ് സഞ്ജുവിനെയൊന്ന് ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.”അല്ല.. അത് പിന്നെ…”സഞ്ജു പരുങ്ങി..

“ദേ.. ബാലനിവിടെ ഇല്ലെന്ന് കരുതി ഉടായിപ്പ് വല്ലതും കാണിച്ചാലുണ്ടല്ലോ.. നിന്നെ നേരെയാക്കാൻ അവനോളം എനിക്കും കടമയുണ്ട്. കേട്ടോടാ..”
മാഷ് കണ്ണുരുട്ടി പറഞ്ഞത് കേട്ടതും സഞ്ജു വേഗം തലയാട്ടി സമ്മതിച്ചു.”അവനിന്നലേ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടി തലവേദന വന്നതാ മുത്തച്ഛ. അതിപ്പോ ഒക്കെയായി. ഇനി ഉണ്ടാവുകയാണെങ്കിൽ….”തനിക്ക് മുന്നിലെ കട്ടിങ് ബോർഡ് അരികിലേക്ക് വലിച്ച് നീട്ടി.. പ്രിയ കഴുകി വെച്ച പച്ചക്കറികളോരോന്നായി മുറിച്ചെടുത്തു കൊണ്ട് ആദിയൽപ്പം ഗൗരവത്തോടെയാണത് പറഞ്ഞത്.
മാഷൊന്ന് മൂളിയതല്ലാതെ പിന്നൊന്നും പറഞ്ഞില്ല.
ആഹ്.. പിന്നെ ആദി നീ രമണിയോടിനി വരേണ്ടന്ന് പറഞ്ഞോ.. അവരെന്നെ വിളിച്ചിരുന്നു..”

മാഷ് ചോദിക്കുമ്പോൾ ആദിയൊന്ന് നിശ്ചലമായി. എത്രയൊതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ പ്രിയയുടെ നേരെയൊന്ന് പാളി വീണു.
പ്രതീക്ഷിച്ചത് പോലെ തന്നെ… അമ്പരപ്പോടെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിലൊരു ചിരി മിന്നി പൊലിഞ്ഞു.”രമണി ചേച്ചിക്ക്… വീട്ടുകാരിയെക്കാൾ പാവറാണ് മുത്തച്ഛ പലപ്പോഴും. നമ്മളതങ്ങനെ അനുവദിച്ചു കൊടുക്കാൻ പാടില്ലല്ലോ “പച്ചക്കറി മുറിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാണ് അവനത് പറഞ്ഞതെങ്കിലും പ്രിയയുടെ മുഖം പൂനിലാവ് പോലെ തിളങ്ങി.തനിക്കു വേണ്ടിയാണ് അവനാ തീരുമാനമെടുത്തതെന്ന് അവളുടെ ഹൃദയം പിടഞ്ഞു കൊണ്ടൊർമ്മിപ്പിച്ചു.

“ഇനി.. പെട്ടന്നൊരാളെ എവിടെ നിന്നും തപ്പിയെടുക്കും ആദി?”അവനെന്തോ മനസ്സിലുദ്ദേശിച്ചു കൊണ്ടാണാ തീരുമാനമെടുത്തതെന്ന് മനസ്സിലായത് കൊണ്ട് തന്നെ മാഷ് പിന്നതിനെ കുറിച്ചൊന്നും കൂടുതൽ ചികഞ്ഞു ചോദിക്കാൻ ശ്രമിച്ചില്ല.”ഇവിടിപ്പോ എനിക്ക് ചെയ്യാനുള്ള ജോലിയല്ലേ ഒള്ളു മുത്തച്ഛ.. ഇനിയാരും വേണ്ടല്ലോ?”
പറയുന്നതവർക്ക് ഇഷ്ടമാവുമോ എന്നൊരു ആശങ്കയോടെ അൽപ്പം പതറി കൊണ്ടാണ് പ്രിയ അവളുടെ തീരുമാനം പറഞ്ഞത്.”അങ്ങനിപ്പോ പൊന്നുമോള് ത്യാഗം ചെയ്യേണ്ടതില്ല.. ഈ വീട് മൊത്തത്തിൽ അടിക്കാനും തുടക്കാനുമുള്ള ആരോഗ്യം ഇപ്പൊ നിനക്കില്ല. അത് കൊണ്ട് അമ്മാതിരി ആലോചനയൊന്നും വേണ്ട കേട്ടോ… അടുത്താഴ്ച്ച മുതൽ മര്യാദക്ക് സ്കൂളിൽ വന്നേക്കണം..”മാഷ് പ്രിയയുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.

“ഡോണ്ട് വറി മുത്തച്ഛ.. നാളെ വെളുപ്പിന് പുതിയ ആളിങ്ങേതും.. ഇന്നൊരു ദിവസം നമ്മൾക്ക് അഡ്ജസ്റ്റ് ചെയ്യണം..അത് പോരെ “ആദിയൊരു ചിരിയോടെ ചോദിച്ചതും മാഷൊന്ന് തല കുലുക്കി കൊണ്ട് അവിടെ നിന്നും തിരികെ നടന്നു.”ഇന്ന് നീ സ്കൂളിലോട്ട് വരുന്നുണ്ടോടാ?”അടുക്കള വാതിൽ കടക്കും മുന്നേ മാഷ് ചോദിച്ചു.”ഇല്ല.. എനിക്കൊന്ന് ടൗണിൽ പോകാനുണ്ട്. ചെറിയൊരു ഷോപ്പിംഗ്..”
പ്രിയയെ ഒന്ന് നോക്കിയിട്ടാണ് ആദിയത് പറഞ്ഞത്.
ഒന്ന് മൂളിയിട്ട് മാഷ് കയറി പോയതിന് പിന്നാലെ അടുക്കളതോട്ടത്തിൽ നിന്നും തോരനുള്ള എന്തോ പറിച്ചെടുക്കാൻ പ്രിയയും മുറ്റത്തേക്കിറങ്ങി.
സഞ്ജുവിന് ചോറ് പൊതിഞ്ഞു കെട്ടി കൊടുക്കാനുള്ള ജോലിയുടെ തിരക്കിലാണവൾ.

“അതെന്തിനാടാ നീ രമണി ചേച്ചിയെ പെട്ടന്ന് പിടിച്ചു പുറത്താക്കിയത്.. സംതിങ് റാങ് മിസ്റ്റർ ആദിത് ”
സഞ്ജു ആദിയെ ചുഴിഞ്ഞു നോക്കി കൊണ്ട് വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു.ആദിക്കൊരു കള്ളചിരിയുണ്ട്.”കാര്യം പറഞ്ഞിട്ടിളിക്കെടാ…”
സഞ്ജു കലിപ്പോടെ പറഞ്ഞു.ആദിയവനെ കണ്ണുകൾ കൊണ്ടടുത്തേക്ക് വിളിച്ചു.”ഭാര്യയേ അത്രമേൽ സ്നേഹിക്കുന്നവർ.. ചൊറിയുന്ന വേലകാരികളെ എങ്ങനെ വേണമെന്ന് പറയും?”ഒറ്റ കണ്ണിറുക്കി ചിരിച്ചു കൊണ്ട് ആദി പറഞ്ഞത് കേട്ടതും സഞ്ജു ഞെട്ടി കൊണ്ടവനെ നോക്കി.ആദി അവനെ നോക്കി പുരികം പൊക്കി കാണിച്ചു.”ശെരിക്കും..?”
സഞ്ജു വിശ്വാസമില്ലാത്ത പോലെ ആദിയെ നോക്കി.
“ശെരിക്കും “ആദി നാണിച്ചത് പോലൊരു ചിരിയോടെ മുഖം കുനിച്ചു.അപ്പാ നിങ്ങള് സെറ്റായോ..?”
സഞ്ജുവിന് ആവേശം കയറിയതും ശബ്ദമൽപ്പം ഉയർന്നു.

ആദി ഞൊടിയിട കൊണ്ടവന്റെ വാ പൊത്തി.പതിയെ പറയെടാ..”ആദി കണ്ണുരുട്ടി പല്ല് കടിച്ചു.”അപ്പൊ.. നീയും പെങ്ങളും സെറ്റായോ..?”സ്വകാര്യം പറയുന്നത്രേം ശബ്ദം കുറച്ചു കൊണ്ട് സഞ്ജു ചോദിച്ചു.എനിക്കറിയില്ല..”ആദിയും അവൻ പറഞ്ഞത് പോലെ തന്നെ മന്ത്രിച്ചു.”അറിയില്ലേ?”
സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു.ഇല്ലന്നേ..”ആദി വീണ്ടും പച്ചക്കറി അരിയുന്നതു തുടർന്ന് കൊണ്ട് പറഞ്ഞു.”നിനക്കറിയില്ലേൽ പിന്നെ.. നിന്റെ തന്ത ആ ആർത്തി പണ്ടാരത്തിനോട് ചോദിക്കാൻ പറ്റുവോയിത്?”സഞ്ജു ആദിയുടെ ചുമലിൽ അമർത്തിയൊരു അടി കൊടുത്തു കൊണ്ട് ചോദിച്ചു.

“എനിക്കറിയില്ലെന്ന് പറഞ്ഞത് സത്യമാണേടാ ശവമേ..”അടി കിട്ടിയിടത്തുഴിഞ്ഞു കൊണ്ട് ആദി സഞ്ജുവിനെ നോക്കി പല്ല് കടിച്ചു.”ശെന്തൊരു.. കഷ്ടമാണെന്ന് നോക്കിയേ..”സഞ്ജു തലയുഴിഞ്ഞു കൊണ്ട് ആദിയെ നോക്കി.”എടാ.. നിനക്കവളെ കാണുമ്പോ.. വെറുതെ ചിരി വരാറുണ്ടോ..?”
സഞ്ജു അവനരികിലേക്ക് നീങ്ങി നിന്ന് ചോദിച്ചു.
“ഇല്ല..”ആദി വീണ്ടും അരിയല് തുടർന്ന് കൊണ്ട് താളത്തോടെ പറഞ്ഞു.അവളുടെ അരികിലിരിക്കുമ്പോൾ വെറുതെ സന്തോഷം തോന്നാറുണ്ടോ?”ആദി ഇല്ലെന്ന് ചുമൽ വെട്ടിച്ചു.

“അവളെ കാണുമ്പോൾ… എന്താ.. പറയ്യാ.. ആഹ്.. ഈ അടിവയറ്റിൽ ഒരു ആളൽ..അല്ലെങ്കിൽ മഞ്ഞു വീണത് പോലൊരു തണുപ്പ് തോന്നാറുണ്ടോ?”
സഞ്ജു ആകാംഷയോടെ ആദിയെ നോക്കി.
“മ്മ്ഹ്ഹ്.. ഇല്ല “ആദി അവനെ നോക്കാതെ തന്നെ ചിരിയോടെ ഉത്തരം പറഞ്ഞു.പിന്നെ.. നിനക്കെന്ത് തേങ്ങയാണ് തോന്നാറ്?”ആദിയെ പിടിച്ചു തിരിച്ചു കൊണ്ട് സഞ്ജു സഹിക്കെട്ടത് പോലെ ചോദിച്ചു.
“അറിയണോ നിനക്കത്..?”കയ്യിലുള്ള കത്തിയും കാരറ്റും തിരികെ വെച്ച് കൊണ്ട് ആദി സ്ലാബിൾ നിന്നും ചാടിയിറങ്ങി.”ആഹ്.. പറയ്യ്..”സഞ്ജു അവനെ നോക്കി തലയാട്ടി.”പറഞ്ഞു തരട്ടെ ഞാനത്..?”ആദി സഞ്ജുവിന്റെ കണ്ണിലേക്കൂറ്റു നോക്കി അൽപ്പം നാടകീയതയോടെ ചോദിച്ചു.

“നിന്ന് സീരിയൽ പോലെ വലിച്ചു നീട്ടാതെ ഒന്ന് പറഞ്ഞു തുലക്കെടാ.”സഞ്ജു അവനെ തൊഴുതു കൊണ്ട് പറഞ്ഞു.”എനിക്കവളോട് വെറുതെ വഴക്കുണ്ടാക്കാൻ തോന്നും. അവളുടെ ദേഷ്യം കൊണ്ട് ചുവക്കുന്ന മുഖവും കലിപ്പിട്ട് നോക്കുന്ന കണ്ണുകളും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നും. അതിന് വേണ്ടി വെറുതെ അവളെ കേറി ചൊറിഞ്ഞിട്ട് അവളുടെ വായിലിരിക്കുന്നത് മുഴുവനും കേട്ട് ഉരുളകുപ്പേരി പോലെ മറുപടി കൊടുക്കാൻ തോന്നും..”നേർത്തൊരു ചിരിയോടെ പറയുന്നവനെ സഞ്ജു തുറിച്ചു നോക്കി..

“ആദി… നിന്റെ കാര്യം പോക്കാടാ…”ഒരു നിമിഷം അതേ നിൽപ്പ് തുടർന്നിട്ട് അങ്ങേയറ്റം സങ്കടം ഭാവിച്ചു സഞ്ജു പറയുമ്പോൾ ആദിയുടെ മുഖം ചുളിഞ്ഞു.
“നിനക്കെന്തൊ മാരകമായ മുന്തിയത്തരം അസുഖമാണ്. മെഡിക്കൽ സയൻസിൽ ഇതിന് മരുന്നില്ല്യ.. അത് കൊണ്ട് കുട്ടി അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ ട്ടോ ”
ആദിയുടെ തോളിൽ മുറുകെ പിടിച്ചു കൊണ്ട് പറയുന്നതിനിടെ തന്നെ സഞ്ജു തകർത്തു കണ്ണ് തുടക്കുന്നുണ്ട്.”പക്ഷേ… ഈ അസുഖമിപ്പോ എന്റെ സന്തോഷമായി മാറിയിട്ടുണ്ട്..”സഞ്ജുവിന്റെ കൈകളെടുത്തു മാറ്റി അവനെതിരെ തിരിഞ്ഞു കൊണ്ടത് പറയുമ്പോൾ ആദിയിലൊരു നേർത്ത ചിരിയുണ്ടായിരുന്നു…

തുടരും

വായിച്ചു പോകുമ്പോ നിങ്ങൾ ഹാപ്പിയാണോ… എങ്കിൽ ഞാൻ ഹാപ്പിയാണ്.അത്രയുമേ ഈ കഥ കൊണ്ട് ഞാനും ഉദ്ദേശിക്കുന്നുള്ളു 🥰🥰
അഭിപ്രായം പറഞ്ഞിട്ട് പോണേ..ഇല്ലേൽ ഇന്റേം ഇങ്ങളേം സന്തോഷം ഇല്ലാണ്ടാവും 😎
സ്നേഹത്തോടെ jiff❣️