The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
അന്നുച്ചയോടെ തന്നെ പത്മ കണ്ണ് തുറന്നെന്നും മരുന്നുകളോട് അവളുടെ ബോഡി പ്രതികരിച്ചു തുടങ്ങിയെന്നുമുള്ള സന്തോഷവാർത്തയാണ് അവരെ തേടിയെത്തിയത്.നേരം വെളുത്തയുടനെ തന്നെ മാധവൻ മാഷും ബാലൻ മാഷും കൂടി അങ്ങോട്ടെത്തിയിരുന്നു.കാര്യങ്ങൾ സഞ്ജുവിനെ വിളിച്ചറിയിക്കാനും ആദി മറന്നില്ല.പക്ഷേ ഇതിന് വേണ്ടി ഓടിപിടച്ചിങ്ങോട്ട് വരേണ്ടന്നും വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയിട്ട് വന്നാൽ മതിയെന്നും അവനോട് പറയാൻ ആദി മറന്നില്ല.അല്ലെങ്കിൽ അവനങ്ങോട്ട് വരുമെന്നും അതിന് വേണ്ടി എന്തും ചെയ്യുമെന്നും ആദിക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.
അവൻ വന്നില്ലെങ്കിലും സഞ്ജു വിളിച്ചു പറഞ്ഞതനുസരിച്ചു അജുവും ലക്ഷ്മിയും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു.അവരോടെല്ലാം ആലോചിച്ചു കൊണ്ടാണ് ആദി അവന്റെ തീരുമാനം അറിയിച്ചത്.പത്മക് വിദഗ്ദ്ധമായ ഒരു ചികിത്സ ആവിശ്യമാണെന്നും എങ്കിൽ അവളെഴുന്നേറ്റ് നടക്കുമെന്നും അവൻ പറയുബോൾ അവർക്കാർക്കും പിന്നെ വേറെയൊരു അഭിപ്രായവും പറയനില്ലായിരുന്നു.കാശെത്ര ചിലവായാലും വേണ്ടില്ലെടാ മോനെ.. ആ കുട്ടിയെ എഴുന്നേൽപ്പിച്ചു നടത്തണം നമ്മുക്കെന്ന് മാധവൻ മാഷ് ആദിയുടെ തോളിൽ തട്ടി കൊണ്ട് പറയുമ്പോൾ സുജ കൈ കൂപ്പി കൊണ്ട് കരഞ്ഞു പോയിരുന്നു.അവർക്കൊപ്പം കണ്ണ് നിറക്കുന്ന തന്റെ പ്രാണനെ നെഞ്ചിൽ ചേർക്കുന്നതിനൊപ്പം തന്നെ ആദി സുജയെ കൂടി തന്നിലേക്ക് ചേർത്തിരുന്നു.
പിന്നെയെല്ലാം വളരെയേളുപ്പത്തിൽ തന്നെ നടന്നു.
ആ സിറ്റിയിലെ ഏറ്റവും വലിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് പത്മയെ മാറ്റി.”പോലീസിൽ ഇൻഫോ ചെയ്യണ്ട കേസാണ്. ഞാൻ പറയാതെ തന്നെ തനിക്കും അറിയാമല്ലോ ആദിത്. പിന്നെ താൻ അത്രേം കാര്യമായി പറഞ്ഞത് കൊണ്ടാണ്.. എന്തായാലും വേണ്ടില്ല.. പത്മജക്കു വേണ്ടി എനിക്കിത്രയെങ്കിലും ചെയ്യാനായല്ലോ.അത്രേം ക്രൂവല്ലായിട്ടാണെടൊ അതിനോട്.. ദേഹം മൊത്തം മുറിവുകളാണ്.. കണ്ടാൽ നമ്മുക്ക് തന്നെ സഹിക്കില്ല.. അപ്പൊ ഒന്നെഴുന്നേൽക്കാൻ കൂടി കഴിയാതെ.. ആരോടും പറയാനാവാതെ ആ കുട്ടിയെത്ര സഹിച്ചു കാണും..”ഡോക്ടർ അവരവിടെ നിന്നും പോകും മുന്നേ ആദിയെ വിളിച്ചു പറഞ്ഞിരുന്നു.
“അവൻ.. അവനിനി എഴുന്നേറ്റു നടന്നിട്ട് വേണ്ടേ ഡോക്ടർ അവളെ ഉപദ്രവിക്കുന്നത്.. വേദനയെന്തെന്നുള്ളത് ആ നാ**&₹ ഇനിയാണ് അറിയാൻ പോണത് “ഡോക്ടർക്കുത്തരം കൊടുക്കുമ്പോൾ ദേഷ്യം കൊണ്ടവന്റെ മുഷ്ടികൾ ചുരുണ്ടു കൂടി.. പല്ലുകൾ ഞെരിഞ്ഞമർന്നു..
അവിടെ നിന്നും ആംബുലൻസിൽ പത്മക്കൊപ്പം സുജയും പ്രിയയും കയറിയപ്പോൾ ആദി മുന്നിലേക്ക് കയറി.മാധവൻ മാഷും ബാലൻ മാഷും അവരുടെ വണ്ടിയിലും അജുവും ലക്ഷ്മിയും അവരുടെ വണ്ടിയിലുമാണ് അവർക്കൊപ്പം പോയത്.
വാർഡ് മതിയെന്ന് സുജ പറഞ്ഞിട്ടും ആദിയും അജുവും കൂടി എല്ലാത്തിനും ഓടി നടന്നു.
വലിയൊരു മുറി തന്നെയായിരുന്നു അവർക്ക് കിട്ടിയത്.പത്മയുടെ നിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു അവിടുത്തെ ഡോക്ടമാരും.
അജുവും ലക്ഷ്മിയും കൂടി പോയിട്ട് അവർക്കെല്ലാം കഴിക്കാനുള്ളത് വാങ്ങിച്ചു വന്നു.അപ്പോഴും സങ്കടതിന്റെ ഭാരം കൊണ്ട് തളർന്നിരുന്ന സുജയെയും പ്രിയയെയും അവരെല്ലാം നിർബന്ധിച്ചു പറഞ്ഞു കൊണ്ടാണത് കഴിപ്പിച്ചതും.പത്മയുടെ വിവരം വല്ലതുമറിയാനുള്ള കാത്തിരിപ്പിലായിരുന്നു പിന്നീടുള്ള നിമിഷങ്ങൾ.കണ്ണ് നിറയുമ്പോഴൊക്കെയും ആദി നോട്ടംകൊണ്ട്പ്രിയയെആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു.
അവർക്കിടയിൽ നിന്നും അത്രയുമേ അവനപ്പോൾ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു.. അപ്പോഴവൾക്ക് അത് പോലും വല്ലാത്തൊരുആശ്വാസവുമായിരുന്നു…
പ്രതീക്ഷിച്ചത് പോലെ തന്നെ.. നല്ല ചികിത്സ കിട്ടിയത്തോടെ പത്മയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.
കണ്ണ് തുറന്നു കൊണ്ടവൾ അമ്മയെ അനേഷിച്ചു…
❣️❣️
ദുഹാ മോളെ നോക്കുമ്പോഴൊക്കെയും മാളവികയുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു.കുറ്റബോധത്തോടെ അവൾ ഷമീറിനെ നോക്കും.മോൾക്ക് കാര്യമായ മുറിവൊന്നുമില്ല.എങ്കിലും നെറ്റിയിൽ ചെറിയൊരു മുറിവുണ്ട് .രക്തം കുറച്ചധികം പോയത് കൊണ്ടും മോള് നന്നായി ഭയന്നത് കൊണ്ടുമുള്ള ക്ഷീണമുണ്ട്.
അത് കൊണ്ട് ഡ്രിപ്പ് ഇട്ടിവിടെ കിടത്താമെന്ന് ഡോക്ടർ പറയുമ്പോൾ ഷമീർ മറുതൊന്നും പറഞ്ഞില്ല.അല്ലെങ്കിലും അപ്പോഴൊന്നും പറയാനുള്ള മാനസികവസ്ഥയിലുമായിരുന്നില്ല അവൻ.അത്രമേൽ തകർന്ന് ചുവരിൽ ചാരി കണ്ണടച്ച് കൊണ്ടിരിക്കുന്നവനെ നോക്കുമ്പോൾ മാളവിക ഹൃദയം പൊട്ടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു.
അവന്റെയും നെറ്റിയിൽ മുറിവുണ്ട്.. ചുണ്ടിലും കയ്യിലുമെല്ലാം ചോരപ്പാടുകളുമുണ്ട്..
അനൂപ് വലിച്ചു പിടിച്ചിട്ട് ഷർട്ടിന്റെ ബട്ടണുകളിൽ പലതും പൊട്ടി പോയിട്ടുണ്ട്.
ഭംഗിയായ് അവൻ ചീകിയൊതുക്കി വെക്കാറുള്ള മുടിയിഴകൾ പാറി പറന്നു കിടപ്പുണ്ട്.
മൊത്തത്തിൽ വല്ലാത്തൊരവസ്ഥ..കിടക്കയിലേക്ക് നീട്ടി വെച്ച അവന്റെ കാലുകളിൽ നേർത്തൊരു തണുപ്പ് പടരുന്നതറിഞ്ഞു കൊണ്ടാണ് അവൻ ഞെട്ടി കണ്ണ് തുറന്നത്.ടോ.. എന്തായീ ചെയ്യുന്നേ?”
തന്റെ കാലിലേക്ക് നെറ്റി മുട്ടിച്ചു വിങ്ങി കരയുന്ന മാളുവിനെ പിടിച്ചു മാറ്റി കൊണ്ട് ഷമീർ അസഹിഷ്ണുതയോടെ ചോദിച്ചു.”എന്റെ.. എന്റെ തെറ്റാണ്..?”അവനെ നോക്കി കൊണ്ടാവൾ കൈ കൂപ്പി കരഞ്ഞു.ഇയാളെന്ത് തെറ്റ് ചെയ്തു.. വെറുതെ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ മാളവിക “ഷമീർ കടുപ്പത്തിൽ പറഞ്ഞു.”ഞാൻ.. ഞാൻ കാരണമാണ് അത്രയും നീചനായ ആ മനുഷ്യൻ എന്റെ കുടുംബത്തിലേക്ക് കയറി പറ്റിയത്.. ഞാനാണ്.. ഞാൻ മാത്രമാണ് കാരണം.. എന്റെ തെറ്റാണ്.. ഞാനെന്നെ പറ്റി.. എന്റെ സന്തോഷങ്ങളെ പറ്റി.. ജീവിതത്തിനെ പറ്റി മാത്രം ഓർത്തു..അത് കൊണ്ടല്ലേ.. ആണ് ആണ്…”
വീണ്ടും അവനെ നോക്കി കരച്ചിലോടെ തന്നെ മാളവിക പറയുമ്പോൾ അവളോടിനിയെന്ത് പറയണമെന്നവനും അറിയില്ലായിരുന്നു.സത്യത്തിൽ അവളെക്കാൾ തകർന്ന് നിൽക്കുന്നത് താനാണെന്ന് അവന് തോന്നി.അത്രമേൽ തകർത്ത് കളയുന്ന ഒരു ആരോപണം..പ്രാണനെ പോലെ സ്നേഹിച്ചവൾ.. കൂടെ കൂട്ടിയവൾ..നിഷ്കരുണം അവളുപേക്ഷിച്ചു പോയിട്ടും ഇന്നീ നിമിഷം വരെയും അങ്ങനൊന്നു ചിന്തിച്ചു നോകിയിട്ടില്ല.ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ മറ്റൊരുത്തിയെ തേടണമെന്ന് തോന്നിയിട്ടുമില്ല.എന്നിട്ടും..രോഷമടക്കാൻ കഴിയാതെ അവന്റെ മുഖവും വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.
❣️❣️
പത്മയെ ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാമെന്ന് വൈകുന്നേരം അറിയിപ്പ് കിട്ടിയതോടെ സുജയെ പറഞ്ഞു വിട്ടു.മോളെ… “നെഞ്ചിലൊരു കരച്ചിൽ വെമ്പി നിന്നെങ്കിലും ഇനിയും ആ മുന്നിൽ പോയിട്ട് കരഞ്ഞു വിളിച്ചിട്ട് അവളെ കൂടി സങ്കടപ്പെടുത്തരുത്.. നമ്മളിപ്പോ അതിജീവനത്തിന്റെ പാതയിലാണെന്ന് അവൾക്കുറപ്പ് കൊടുക്കണമെന്നുള്ള ആദിയുടെ വാക്കുകളോർത്തു കൊണ്ടാണ് സുജയാ കരച്ചിൽ തടഞ്ഞിട്ട് പകരമൊരു ചിരിയോടെ അവളുടെ അരികിലേക്ക് ചെന്നത്..
അമ്മേ… വിളിക്കുമ്പോൾ പത്മയുടെ ശബ്ദത്തിൽ പോലും അവശതയുണ്ടായിരുന്നു.”അമ്മയെ അനൂപേട്ടൻ വല്ലതും ചെയ്‌തോ?”ഭയത്തോടെ ആദ്യം അവളതായിരുന്നു ചോദിച്ചത്.
ഇല്ലെന്ന് സുജ തലയാട്ടി കാണിച്ചു കൊണ്ടവളുടെ നെറുകയിൽ തലോടി.ഇതെങ്ങനെ ഇവിടെത്തി..?”
കണ്ണിൽ സംശയങ്ങൾ നിറച്ചു കൊണ്ട് പത്മ വീണ്ടും ചോദിച്ചു.”ഇത്രേം വലിയൊരു.. ഒരുപാട് കാശാവില്ലേ അമ്മേ. നമ്മള്.. നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്. ”
സുജ മിണ്ടുന്നില്ലെന്ന് കണ്ടതും പത്മ വീണ്ടും ചോദിച്ചു.ആദിയും പ്രിയയും പുറത്തുണ്ട് മോളെ..”അവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിട്ടായിരുന്നു സുജയങ്ങനെ പറഞ്ഞത്.
അത് കേട്ടതും പത്മ ഒരുനിമിഷം മിണ്ടാതെ കിടന്നു.
“വേണ്ടായിരുന്നു അമ്മേ.. അവനെതൊരു ബുദ്ധിമുട്ടായി കാണും. അല്ലെങ്കിൽ തന്നെ നമ്മള് കാരണം ഒരുപാട് അപമാനം സഹിച്ചവനാണ്.. വേണ്ടായിരുന്നു. അമ്മയ്ക്ക് പറഞ്ഞൂടായിരുന്നോ വേണ്ടാന്ന് “ആദിയെ ബുദ്ധിമുട്ടിച്ചല്ലോ എന്നൊരു വല്ലായ്മയാണ് പത്മയുടെ വാക്കുകളിലും മുഖത്തും നിറഞ്ഞു നിൽക്കുന്നത്.അത്രത്തോളം പരിതാപകരമായ ആ അവസ്ഥയിലും താൻ കാരണം മറ്റുള്ളവർക്കൊരു ബുദ്ധിമുട്ട് വന്നുകൂടാ എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത..
“എന്റെ മോളെ.. ഇത്രേം പാവമായിട്ട് എന്തിനാണ് നീയീ നശിച്ച ലോകത്ത് ജനിച്ചു പോയത്?”
കണ്ണ് നിറച്ചു കൊണ്ട് സുജ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.”അതൊന്നുമിപ്പോ എന്റെ കുഞ്ഞ് ഓർക്കേണ്ട.. ഒന്നുറപ്പിച്ചോ ഇനി അവനെന്റെ മോളുടെ ദേഹത്തു തൊടില്ല “അവളുടെ അരികിലേക്ക് ചാഞ്ഞു നിന്നിട്ട് സുജ ഉറപ്പോടെ പറയുമ്പോൾ പത്മയുടെ മനസ്സിൽ വീണ്ടും അനേകം സംശയങ്ങൾ ഊറി കൂടുന്നുണ്ടായിരുന്നു.
പക്ഷേ പിന്നീടൊന്നും അവൾ സുജയോട് ചോദിച്ചില്ല..
❣️❣️
“എടോ.. താൻ ഞാൻ പറയുന്നതൊന്നു കേൾക്ക്.. “ഷമീർ നിസ്സഹായതയോടെ മാളുവിനെ നോക്കി.
അവന്റെ കാറിൽ ദുഹാ മോളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് പിന്നിലിരുന്നവൾക്ക് നേരെ അവനും തിരിഞ്ഞിരുന്നു.വൈകുന്നേരത്തോടെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു.മാളവികയെ എന്തു ചെയ്യുമെന്ന് അന്നേരം മുതൽ അവനോർക്കുകയാണ്.
വീട്ടിലേക്ക് പോണമെന്നു മാളവിക പറഞ്ഞുവെങ്കിലും എന്തോ അവനത് ചെയ്യാൻ തോന്നിയില്ല.കലി തുള്ളി നിൽക്കുന്ന അനൂപിന്റെ ചിത്രം അപ്പോഴെല്ലാം അവന്റെ മനസ്സിൽ നിറഞ്ഞു.അസ്വസ്ഥത നിറച്ചു..
“എടോ.. അയാള്.. അയാള് നിന്നെ കൊന്ന് കളയും..”മനസ്സിൽ തോന്നിയ ആശങ്ക ഒടുവിൽ അവളോട് പറയുമ്പോൾ മാളവികയുടെ മുഖത്തൊരു പുച്ഛമായിരുന്നു.അവന്റെ കൈ കൊണ്ട് ചാവേണ്ടവൾ തന്നെയാണ് സർ ഞാൻ.. അതിനേറ്റവും അർഹത എനിക്ക് തന്നെയാണ്.”ദുഹാ മോളെ നെറ്റിയിൽ പതിയെ തലോടി കൊണ്ടവൾ പറഞ്ഞു കേട്ടതും ഷമീറിന് ദേഷ്യമാണ് തോന്നിയത്.ഹാ.. എന്നാ അങ്ങോട്ട് തന്നെ ചെല്ല്. കൊന്ന് കൊലവിളിക്കാൻ വ്യഗ്രത പൂണ്ടു നിൽക്കുന്നവന്റെ വായിലേക്ക് തന്നെ ചെന്നു കേറി കൊടുക്ക്.. അപ്പഴും അതിന് പിറകെ ഞാനും എന്റെ വയ്യാത്ത കുഞ്ഞും തൂങ്ങണ്ടേ..?”
സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു കൊണ്ടവൻ പറഞ്ഞു കേട്ടതും മാളു ഞെട്ടി വിറച്ചു കൊണ്ട് കൂടുതൽ പതുങ്ങി.
അപ്പോഴാണ് അവളതിനെ കുറിച്ചോർത്തത്..
ചത്താൽ പോലും തനിക്കിനി രക്ഷയില്ലെന്നൊരു തോന്നൽ അവളിൽ ശക്തമായി..സീറ്റിലേക്ക് ചാരി കണ്ണടച്ച് കൊണ്ട് ഷമീർ അൽപ്പനേരമിരുന്നു.മാളവിക തനിപ്പോ ഞാൻ പറയുന്നതൊന്ന് കേൾക്ക്. എടുത്തു ചാടി ഓരോന്നു ചെയ്തിട്ട് പിന്നെ അതിൽ വിഷമിച്ചിരിക്കുന്നത് ബുദ്ധിയല്ല.. തെറ്റ് ചെയ്തത് താനല്ല.. അതവനാണ്. ശിക്ഷ വേണ്ടത് അവനാണ്. അതിനുള്ള വഴിയാണ് നമ്മൾ നോക്കേണ്ടത്. അവനെ സഹിക്കുകയല്ല.. എതിർക്കുകയാണ് വേണ്ടത്..”ഷമീർ വീണ്ടും അനുനയത്തോടെ അവളെ നോക്കി.മാളു അവനെ നോകിയതല്ലാതെ ഒന്നും പറഞ്ഞില്ല.ഒരുപ്രാവിശ്യം അനൂപിനെ എതിർത്തതിന്റെ സമ്മാനം അപ്പോഴും അവളുടെ നെറ്റിയിൽ നീലിച്ചു കിടപ്പുണ്ടായിരിന്നു.
“തനിക്കെനിക്കൊപ്പം വരാൻ പേടിയുണ്ടോ..?”
അവൻ ചോദിക്കുമ്പോൾ ഒരു നിമിഷം പോലും താമസിക്കാതെ അവൾ ഇല്ലെന്ന് തലയാട്ടി.
തനിക്കൊരു ജോലി വേണമെന്ന് പറഞ്ഞിരുന്നില്ലേ.. എനിക്കെന്റെ മകളെ ഏല്പിക്കാൻ വിശ്വാസമുള്ളൊരു ആളെയും വേണം. തത്കാലം നമ്മുക്ക് നമ്മുടെ പ്രശ്നത്തിന് തന്നെ ആദ്യം പരിഗണന കൊടുക്കാം. ബാക്കിയൊക്കെ പിന്നെ ആലോചിച്ചു കൊണ്ടൊരു തീരുമാനമെടുക്കാം.ഒക്കെയല്ലേ .”ഷമീർ പറഞ്ഞു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.
“വീട്ടിലേക്കൊന്നു വിളിച്ചു പറയണമെന്നുണ്ടോ തനിക്ക്?”കാർ കുറച്ചു ദൂരം മുന്നോട്ടു പോയതും ഷമീർ പിന്നിലേക്ക് നോക്കി ചോദിച്ചു.വേണമെന്നവൾ മൂളി.പോക്കറ്റിലെ ഫോണെടുത്തു കൊണ്ടവൻ അവൾക്ക് നേരെ നീട്ടി.മാളവിക അത് വാങ്ങിയിട്ട് സുജയുടെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും ആരുമെടുക്കാതെ അത് തനിയെ നിലച്ചു.ഒരുവട്ടം കൂടി ശ്രമിച്ചിട്ടും അത് തന്നെ ആവർത്തിച്ചപ്പോൾ അവൾ ഫോൺ അവന് തന്നെ തിരികെയെൽപ്പിച്ചു.
അവളപ്പോഴും കരയുന്നുണ്ടായിരുന്നു.
❣️❣️
പ്രതീക്ഷിച്ചത് പോലെ തന്നെ വൈകുന്നേരം ഓഫീസിൽ നിന്നും അൽപ്പം നേരത്തെയിറങ്ങിയ സഞ്ജു ഓടി പിടഞ്ഞു കൊണ്ട് ഹോസ്പിറ്റലിലെത്തിയിരുന്നു.പത്മയിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെ അവിടെല്ലാവർക്കും നല്ല ആശ്വാസമുണ്ടായിരുന്നു.എന്തായെടാ..?”
വന്നയുടനെ സഞ്ജു ആദിയെ നോക്കി ചോദിച്ചു.
അതിന് മുന്നേ ഹോസ്പിറ്റലിലേക്ക് മാറുന്ന കാര്യം ആദി അവനോടും വിളിച്ചു പറഞ്ഞിരുന്നു.പെർഫെക്ട് “അവനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് ആദി പറഞ്ഞു.”ദാ.. ഇത് പെങ്ങൾക്കുള്ളതാ ”
കയ്യിലെ പൊതി പ്രിയക്ക് നേരെ നോക്കി സഞ്ജു ചിരിയോടെ പറഞ്ഞു.
“പിന്നെ.. നിന്റെ പെങ്ങൾക്ക് മാത്രമല്ല ഇതൊന്നും കഴിച്ചാലിറങ്ങുന്നത് “ആദി അവനെ നോക്കി ചുണ്ട് കോട്ടി.സഞ്ജുവെന്തോ പറയാൻ വന്നതിനിടയിലേക്കാണ് സുജ അങ്ങോട്ട് കയറി വന്നത്.”കണ്ടില്ലേ..?”അവരുടെ കരഞ്ഞു വിങ്ങിയ മുഖം കണ്ടതും ആദി ജിജ്ഞാസയോടെ ചോദിച്ചു.
“മ്മ്..”സുജ കരഞ്ഞു കൊണ്ട് തന്നെയാണ് തലയാട്ടിയത്.പിന്നെന്താ അമ്മേ.. ഇനിയും കരയുന്നത്.. ചേച്ചിക്ക് വീണ്ടും..”പ്രിയയും ആകുലതയോടെ അവർക്കരികിലേക്ക് വന്നിട്ട് ചോദിച്ചു.
“ഒന്നുല്ല.. അവൾക്ക്.. നല്ല മാറ്റമുണ്ട് “സുജ മുഖം തുടച്ചു കൊണ്ടൊരു ചിരിയോടെപറഞ്ഞു.”പിന്നെന്തിന് ഇനി കരയുന്നേ?”സഞ്ജു അവരുടെ തോളിൽ കൂടി കയ്യിട്ടു പിടിച്ചു കൊണ്ട് ചോദിച്ചു.”എനിക്ക്…. എനിക്ക് സന്തോഷം കൊണ്ട്… ആദി.. ആദി മോനില്ലായിരുന്നുവെങ്കിൽ.. ദൈവമായിട്ടാ.. ന്റെ മക്കളുടെ രക്ഷക്കായി ദൈവമായിട്ടാ മോനെയിങ്ങോട്ട് കൊണ്ടെത്തിച്ചത് “സുജ ആദിക്ക് നേരെ നിന്നിട്ട് കൈ കൂപ്പി.അവന്റെ മുഖം കുനിഞ്ഞു പോയി..
“അമ്മയുടെ മകനായിരുന്നുവെങ്കിൽ ഇങ്ങനെ കൈ കൂപ്പി നിൽക്കുമായിരുന്നോ..?”വിളറിയൊരു ചിരിയോടെ അവൻ ചോദിച്ചു.
“അങ്ങനല്ല മോനെ…”സുജക്കവന്റെ മുഖം കണ്ടതും കൂടുതൽ വിഷമമായി.”എങ്ങനെ ആണേലും ഇനിയിങ്ങനെ ചെയ്യല്ലേ.. ഞാൻ.. ഞാനെന്റെ സ്വന്തം ഇഷ്ടത്തിനു ചെയ്യുന്നതാ ഇതൊരു കടപ്പാടിന്റെ പറ്റിലേക്ക് എഴുതി ചേർക്കല്ലേ.. എനിക്കതാ സങ്കടം “അവനാ കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.”ഇല്ല.. ഇനി ഉണ്ടാവില്ല.ഞാനെന്റെ സന്തോഷം കൊണ്ട്.. ദൈവത്താണെ ഇനിയമ്മ അങ്ങനെ പറയൂല ”
സുജ ആദിയുടെ കവിളിൽ തൊട്ട് കൊണ്ട് പറയുമ്പോൾ അവന്റെ കണ്ണുകൾ പ്രിയയുടെ നേരെയായിരുന്നു.തനിക്ക് വേണ്ടി മാത്രം തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങളാണ് അവളുടെ കണ്ണുകളെന്ന് അവനൊരു നിമിഷം തോന്നി.
“ഇങ്ങനെ സെന്റിയടിച്ചാ എന്റെ പെങ്ങളുടെ ഉള്ളിൽ കയറി പറ്റാമെന്ന് ഒരു ചിന്തയുണ്ടല്ലേ..?”
ആദിക്കരികിലേക്ക് നീങ്ങി നിന്നിട്ട് സഞ്ജു അവന് കേൾക്കാൻ മാത്രമായി ചോദിച്ചു.”ചെറുതായി…”
പ്രിയയെ പ്രണയത്തോടെ നോക്കി കൊണ്ട് തന്നെയായിരുന്നു ആദി ചിരിയോടെ അത് പറഞ്ഞത്.
“എങ്കിൽ അത് നടക്കില്ല..”സഞ്ജു പുച്ഛത്തോടെ അവനെ നോക്കി.”അതൊക്കെ എപ്പഴേ നടന്നു..ഇനി നിനക്കെന്റെ പെങ്ങളെ മെരുക്കാൻ വല്ല ഐഡിയും വേണോ..അത് പറ..”അവനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് ആദി പറയുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു..
……തുടരും..
പിന്നല്ല..ചെക്കനൊക്കെ എപ്പഴേ ഉള്ളിൽ കയറി പറ്റി.. അപ്പഴാ 🥰🥰എഴുതിയിട്ടങ്ങോട്ട് ശെരിയാവുന്നുണ്ടായിരുന്നില്ല ഇന്ന്..നിങ്ങൾക്കത് ഫീൽ ചെയ്‌തോ 😔എന്തോ ഒരു ഇഴച്ചിൽ പോലെ.. ഞാൻ ഉദ്ദേശിച്ചിടത്ത് എന്നിട്ടും എത്തിയില്ല..
നാളെ ഉഷാറാക്ക ട്ടാ 😘റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jiff❤️