23/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 80

രചന : ജിഫ്ന നിസാർ

“അയ്യേ.. സാർ എന്തൊരു പൊട്ടനാ.. സ്വന്തം ഭാര്യയുടെ ഫോൺ നമ്പർ പോലും കയ്യിൽ ഇല്ല..ല്ലേ…?”കൂട്ടത്തിലേതോ കുറുമ്പി അത്യാവശ്യം കാര്യമായിത്തന്നെ കളിയാക്കിയപ്പോൾ ആദി അവളെ നോക്കിയൊന്ന് കണ്ണുരുട്ടി.അമൃതയുടെ കരച്ചിലൊതുക്കാൻ വേണ്ടി അവളോട് പ്രിയയെ വിളിച്ചു തരാമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞു പോക്കറ്റിൽ കയ്യിട്ടു ഫോണെടുത്തതോടെയാണ് പ്രിയയുടെ നമ്പർ തന്റെ കയ്യിലില്ലെന്ന് ഒരു ഞെട്ടലോടെ ആദി മനസ്സിലാക്കിയത്.ചമ്മിയ ചിരിയോടെ അവൻ പിള്ളേരെ നോക്കി.

അവരപ്പോഴും അവൻ പ്രിയയെ വിളിക്കുന്നതും കാത്ത് പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്.പിന്നെ ഒരുവിധത്തിലാണ് താൻ പോരുമ്പോൾ പ്രിയ ടീച്ചർ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയെന്നും അതുകൊണ്ടുതന്നെ ഫോൺ വീട്ടിലായതിനാൽ അവളെ വിളിച്ചാൽ കിട്ടില്ല, നമുക്ക് ഉച്ചകഴിഞ്ഞശേഷം അവളെ വിളിച്ചു നോക്കാമെന്നും അവരെ ആശ്വസിപ്പിച്ചു ആദി തൽക്കാലം തടി തപ്പി.
പക്ഷേ അവരത് വിശ്വസിച്ചിട്ടില്ല.. സാറിന്റെ കയ്യിൽ ടീച്ചറിന്റെ നമ്പറില്ലെന്ന് ആ കുറുമ്പികൾ കണ്ട് പിടിച്ചു.. ആദിയെ കണക്കിന് കളിയാക്കി..

അവനും അവരും തമ്മിലുള്ള അകലത്തിന്റെ നേർത്ത രേഖകളും അവസാനിച്ചു കഴിഞ്ഞിരുന്നു..എന്നിട്ടും തെളിയാത്ത അമൃതയുടെ കുഞ്ഞുമുഖത്തെക്ക് രണ്ടു കൈകളും കൊണ്ട് ചേർത്തുപിടിച്ച് ആദി ഗോഡ് പ്രോമിസ് എന്ന് പറഞ്ഞിട്ടാണ് അവളുടെ ആ മുഖത്ത് ഒരു ചെറിയ ചിരിയെങ്കിലുംപ്രത്യക്ഷപ്പെട്ടത്.പ്രിയയോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം തന്നെയാണ് ആ പിഞ്ചു കുഞ്ഞുങ്ങളെല്ലാം തന്നിലേക്കും വച്ച് നീട്ടുന്നത് ആദിക്കാ നിമിഷം തോന്നുകയുണ്ടായി.അതവന്റെ തോന്നൽ മാത്രമായിരുന്നില്ല..

അതുതന്നെയായിരുന്നു സത്യം.പ്രിയയോട് തോന്നുന്ന അതേ ഇഷ്ടം അവർക്ക് ആദിയോടും തോന്നുകയുണ്ടായിരുന്നു.അവരുടെ മനസ്സിൽ പ്രിയ ടീച്ചറുടെ ആളാണ് ആദി സാർ.അപ്പോൾ പിന്നെ ടീച്ചറോടുള്ള ഇഷ്ടം സാറിനോടും തോന്നണമല്ലോ.?
അതുമാത്രമല്ല അവന്റെ അന്നത്തെയാ ചേർത്തുപിടിക്കലും ചിരിയോടെയുള്ള സംസാരങ്ങളും കളിയാക്കലും എല്ലാം കുട്ടികൾക്കും ഒരുപാട് ഇഷ്ടമായിരുന്നു.അവരന്നോളം കാണാത്ത ഒരു ആദി സാറായിരുന്നു അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്.
പ്രിയ ടീച്ചറെ ഉടനെ കൊണ്ടുവരുമെന്ന് അവർക്ക് വാക്ക് കൊടുത്തിട്ടാണ് ആദി ക്ലാസിലേക്ക് പറഞ്ഞുവിട്ടത്.ഈ മരം കേറി ആളു കൊള്ളാമല്ലോ.ഞാൻ വിചാരിച്ചത് പോലെ ഒന്നുമല്ല..ഇവൾക്ക് ഇത്രയും വിശാലമനസ്കത ഒക്കെ ഉണ്ടോ..? കണ്ടാൽ പറയൂല…”

തിരികെ ഓഫീസ് റൂമിലേക്ക് നടക്കുമ്പോൾ ആദിയുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.പക്ഷേ സ്റ്റാഫ് റൂമിന്റെ മുന്നിൽ അവനെ നോക്കിനിൽക്കുന്ന രാജീവിനെ കണ്ടതും ആ ചിരി അൽപ്പം മങ്ങി..
“രാജീവ് സാർ എന്താണ് ഇവിടെ തന്നെ കളഞ്ഞത്..?”തന്നെ കണ്ടതും ഒരു വിളറിയ ചിരിയോടെ അകത്തേക്ക് വലിയാൻ നോക്കുന്ന രാജീവിനെ വിടാനുള്ള ഭാവമില്ലാതെ ആദി പെട്ടെന്ന് ചോദിച്ചു.” ഞാൻ…ഒന്നുമില്ല ഞാനിപ്പോ വെറുതെയൊന്ന് പുറത്തേക്കിറങ്ങിയതാണ് അപ്പോഴാണ് ആദി സാറും പിള്ളേരുമായിട്ട്… ”
ചെറിയൊരു പരിഹാസമുണ്ടാ വാക്കുകൾക്കെന്ന് ആദിക്ക് തോന്നി.

എപ്പോഴത്തെയും പോലെ രാജീവ് അന്നും അവനോട്‌ സംസാരിക്കുമ്പോൾ വിക്കി കൊണ്ടാണ് പറയുന്നത്.
“ഓഓഓ.. അതായിരുന്നോ കാര്യം.. അതവർ പ്രിയ ടീച്ചറേ കുറിച്ച് ചോദിക്കാൻ വന്നതാ..”ആദി മനോഹരമായൊരു ചിരിയോടെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു നിന്ന്കൊണ്ട്രാജീവിനെനോക്കി.”അതെന്താ… അവളെ കുറിച്ച് ഇത്രേം ചോദിക്കാൻ..?”എത്ര പെട്ടന്നാണ് അത് പറയുമ്പോൾ രാജീവിന്റെ സ്വരവും മുഖവും മാറിയെതെന്നായിരുന്നു ആദി ചിന്തിച്ചത്.

“കൃഷ്ണ പ്രിയ എന്റെ ഭാര്യയാണ് രാജീവ് സാറെ…”
ഗൗരവം നിറഞ്ഞ ആ ഓർമ്മപ്പെടുത്തലിൽ തന്നെ താൻ അവളെ പറഞ്ഞ രീതി ആദിക്ക് ഇഷ്ടമായിട്ടില്ലെന്ന് രാജീവിന് മനസ്സിലായി.അവന്റെ മുഖം കൂടുതൽ വിളറിവെളുത്തു.” എന്റെ പ്രിയയെ കുറിച്ച് അവരെന്നോട് തന്നെയല്ലെ ചോദിക്കേണ്ടത്.. എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതും ഞാനല്ലേ…? “ആദി രാജീവിനെ നോക്കി പുരികം പൊക്കി..രാജീവൊന്നുംമിണ്ടിയില്ല..”എനിക്കും…രാജീവ് സാറിനും മറ്റാർക്കും അറിയാത്ത ഒരു കൃഷ്ണപ്രിയയെ കുറിച്ച് അവരെന്നോട് പറഞ്ഞതാണ്.. “എന്നിട്ടും രാജീവിന്റെ ചോദ്യത്തിന് ഉത്തരം പറയണമെന്ന് ആദിക്ക് തോന്നിയിരുന്നു.

” നമ്മളൊക്കെ നമ്മുടെ ജോലി ചെയ്യാനാണ് ഇങ്ങോട്ട് വരുന്നത്.പക്ഷേ കൃഷ്ണപ്രിയ അങ്ങനെ ആണെന്ന് എനിക്ക് തോന്നുന്നില്ല.. പ്രത്യേകിച്ച് കുഞ്ഞു കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ ജോലി ചെയ്യുക എന്നതിനേക്കാൾ അതൊരു വളരെ വലിയ ഉത്തരവാദിത്വമെന്നാണ് എനിക്ക് തോന്നുന്നത്.. സോറി.. സോറി അങ്ങനല്ല എന്നെനിക്ക് ആ കുട്ടികൾ മനസ്സിലാക്കി തന്നത്.ആ കുരുന്നുകളുടെ മനസ്സിൽ നിന്നും മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാനായത് നമ്മളെല്ലാവരും അവരെ കണ്ണു കൊണ്ടേ കാണുന്നുള്ളൂ. പക്ഷേ അങ്ങനല്ല അവരോട് വേണ്ടത്…അവരുടെ മനസ്സ് നമ്മളാരും അറിയാൻ ശ്രമിച്ചിട്ടില്ല… “രാജീവിനായി ആ ഉത്തരം പറയുമ്പോഴും ആദിയുടെ മനസ്സിൽ കൃഷ്ണപ്രിയയുടെ മുഖമുണ്ടായിരുന്നു.അന്നുവരെയും അവൻ കണ്ടിട്ടില്ലാത്ത അവളുടെ അലിവ് നിറഞ്ഞ ചിരി ഉണ്ടായിരുന്നു..

” സത്യത്തിൽ ഏതാ വിവരമില്ലാത്തവൻ ചെയ്ത ചതിയായിരുന്നെങ്കിലും അവൾ…അവളെന്റെ ഭാഗ്യമാണ് രാജീവ് സാറേ… “രാജീവിന്റെ വീർത്തുവരുന്ന മുഖത്തേക്ക് നോക്കി.. വല്ലാത്തൊരു ആത്മസംതൃപ്തിയോടെയാണ് ആദിയാ വാക്കുകൾ ഈണത്തിലാണ് പറഞ്ഞത്…നിറഞ്ഞ ചിരിയോടെ തനിക്ക് മുന്നിൽ നിന്നിട്ട് അവളുടെ മഹത്യം പറയുന്നവന്റെ മുന്നിൽ ചെന്ന് പെട്ട ദുർവിധിയോർത്ത് കൊണ്ട് രാജീവ് സ്വയം ശപിച്ചു..”ഇന്നലെ രാജീവ് സർ ജെകെ ടെക്സ്റ്റെയിൽസിൽ ഉണ്ടായിരുന്നോ..?”
ആദി ചോദിച്ചതും രാജീവൊന്ന് ഞെട്ടി.അവൻ തന്നെ കണ്ടിട്ടില്ലന്നാണ് കരുതിയിരുന്നത്.”സത്യത്തിൽ ഞാൻ കണ്ടതല്ല കേട്ടോ.. വീട്ടിലെത്തി എന്റെ വൈഫ് പറഞ്ഞു സാറും ഒരു പെൺകുട്ടിയും അവിടുണ്ടെന്ന്.. കൂടെയുള്ളത് ആരെന്നറിയില്ലല്ലോ.. അതാണ് അവള് മിണ്ടാതെ പോയതെന്ന് “ഒരാക്കി ചിരിയോടെ ആദി പറഞ്ഞതും രാജീവ് ഞെട്ടി പോയി..

“ഹേയ്… അതെന്റെ.. വുഡ്‌ബിയാണ്.. നീതു…”
രാജീവ് വെപ്രാളത്തോടെ പറഞ്ഞു.ഓഓഓ.. റിയലി സോറി.. ഞങ്ങൾ കരുതി..”ആദി ചിരി അമർത്തി കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചതും രാജീവ് പല്ല് കടിച്ചു..”ഓക്കേ.. രാജീവ്.. ഞാനങ്ങോട്ട് ”
അവന്റെയാ ദേഷ്യം ആസ്വദിച്ചു കൊണ്ട് തന്നെ ആദി ചിരിച്ചു കൊണ്ട് തിരിഞ്ഞു.രാജീവിന് അവനെ ഞെരടി കൊല്ലാനുള്ളത്രേം ദേഷ്യമാണ് തോന്നിയത്..
പക്ഷേ ഒന്നും മിണ്ടാതെ പോവാനെ കഴിയൂ.. ആദിയെ പരമാവധി പ്രകോപിപ്പിക്കാത്തിരിക്കുന്നതാണ് തനിക്കെന്തു കൊണ്ടും നല്ലതെന്ന് അവനറിയാം.
“രാജീവ്.. ഒരു മിനിറ്റ്..”തിരിഞ്ഞ് സ്റ്റാഫ് മുറിയിലേക്ക് കയറും മുന്നേ വീണ്ടും ആദിയുടെ വിളി കേട്ടതും രാജീവിന്റെ നെഞ്ചോന്നാളി..

“രാജീവിന്റെ കയ്യിലൊരു രുദ്രാക്ഷം കെട്ടിയ ബ്രെസ്ലെറ്റ് ഉണ്ടായിരുന്നില്ലേ..?”ആദി ചോദിച്ചത് കേട്ടതും രാജീവ് വിയർത്തു..”നമ്മളന്നു ഫസ്റ്റ് മീറ്റ് ചെയ്തപ്പോൾ രാജീവെനിക്ക് ഷേക്ക് ഹാൻഡ് തന്നപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു അത്…”ആദി അത് ഓർത്തിരിക്കാനുള്ള കാരണം കൂടി വിശദമായി പറഞ്ഞു കൊടുക്കുമ്പോൾ അത് നിഷേധിക്കാൻ രാജീവിന്മുന്നിൽവേറെമാർഗമൊന്നുമുണ്ടായിരുന്നില്ല.”ഓഓഓ… യെസ്.. ഉണ്ടായിരുന്നു..”
രാജീവ് തലയാട്ടി.”ഉണ്ടായിരുന്നു.. എന്ന് വെച്ചാൽ ഇപ്പോഴില്ലെന്നോ..?”ആദിയുടെ നോട്ടം രാജീവിന്റെ കണ്ണിലേക്കു നീണ്ടു.

“അത്… അത് വീട്ടിലെവിടെയോ.. ഉണ്ട്. ഞാൻ.. ഞാൻ ഊരി വെച്ചതാണ്… വേറൊരു മോഡൽ വാങ്ങിക്കാൻ വേണ്ടി..”രാജീവ് വിക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു..”ഓ.. താങ്ക് ഗോഡ്.. ഞാൻ കരുതി…”ആദി ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി.രാജീവിന്റെ മിഴികൾ പിടിച്ചത് ആദി വ്യക്തമായും കണ്ടിരുന്നു.”തനിക്കത് നഷ്ടപെട്ടുവെന്ന്. രണ്ടു മൂന്നു ദിവസമായി അത് തന്റെ കയ്യിൽ കാണുന്നില്ല. ഞാൻ ചോദിക്കണമെന്ന് കരുതിയിരുന്നു “ആദി ചിരിയോടെ പറഞ്ഞതും രാജീവ് ശ്വാസമെടുത്തു.”എനിക്കാ മോഡൽ നല്ല ഇഷ്ടമായി. രാജീവിന് ബുദ്ധിമുട്ടില്ലങ്കിൽ..അതൊന്ന് കൊണ്ട് വന്നിരുന്നുവെങ്കിൽ എനിക്കാ മോഡൽ കാണിച്ചു കൊടുത്തിട്ട് അത് പോലൊരണ്ണം വാങ്ങിക്കാമായിരുന്നു.. റെയർ പീസ് മോഡലാണ് അതെന്ന് തോന്നുന്നു. പറഞ്ഞു കൊടുത്താൽ ചിലപ്പോൾ അത്ര പെർഫെക്ട് ആയിട്ട് കിട്ടില്ല. മോഡൽ കാണിച്ചു കൊടുത്താൽ പിന്നെ ആ പ്രശ്നമില്ലല്ലോ.. അത് കൊണ്ടാ..”

ആദി പറഞ്ഞു..”രാജീവിന് ബുദ്ധിമുട്ടില്ലല്ലോ..?”
ഒന്നും മിണ്ടാതെ നിൽക്കുന്ന രാജീവിനെ സൂക്ഷിച്ചു നോക്കി കൊണ്ട് ആദി വീണ്ടും ചോദിച്ചു.”ഏയ്.. എന്ത് ബുദ്ധിമുട്ട്.. ഞാൻ കൊണ്ട് വരാം..”
രാജീവ് പറഞ്ഞു.”വീട്ടിൽ ഉണ്ടല്ലോ അല്ലേ..”
ആദി അവനെ നോക്കി.”ആഹ്..ഉണ്ടാവണം… ഉണ്ടാവും..”രാജീവിന് എങ്ങനെയെങ്കിലും അവിടെ നിന്നൊന്ന് പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു..
തിരികെ നടക്കുന്ന ആദിയുടെ ചുണ്ടിൽ നിഗൂഡമായൊരു ചിരിയുണ്ടായിരുന്നു….

💞💞

“ഞാൻ.. ഞാൻ കൂടിയൊരു ജോലിക്ക് ശ്രമിച്ചാലോ അമ്മേ?”സുജയോടത് ചോദിക്കാൻ മാളുവിന്‌ നല്ല മടിയുണ്ടായിരുന്നു.പക്ഷേ ആ വീട്ടിലെ അവസ്ഥ നന്നായി മനസ്സിലാക്കിയ അവൾക്കാ ചോദ്യം ഇനിയും തടഞ്ഞു നിർത്താനും തോന്നിയില്ല.അത്ര മാത്രം ഞെരുങ്ങിയാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്.സുജ ഒരു നിമിഷം അവളെയൊന്നു നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.അല്ലെങ്കിലും അവളുടെയാ ചോദ്യത്തിനുത്തരം എന്ത് പറയണമെന്നവർക്കും അറിയില്ലായിരുന്നു.ആ വീട്ടിൽ ഒരു ജോലിയില്ലാതെ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവളെക്കാൾ മുന്നേ മനസ്സിലാക്കിയതും സുജ തന്നെയാണ്.പക്ഷേ.. എന്ത് ജോലി?

എവിടെ..?ഈ രണ്ട് ചോദ്യങ്ങളും അറ്റമില്ലാത്ത കടൽ പോലെ അവർക്ക് മുന്നിൽ അനന്തമാണ്.
യാതൊരു തെറ്റും ചെയ്യാത്ത പ്രിയക്ക് പോലും ഒരു ജോലിയെന്നത് വളരെയേറെ വെല്ലുവിളിയായിരുന്നു.
അങ്ങനെയുള്ള നാട്ടിൽ.. നാട്ടുകാർക്കിടയിൽ… എല്ലാം അറിഞ്ഞു കൊണ്ട് മാളുവിനെങ്ങനെയൊരു ജോലി…?മനസിലെ സംശയങ്ങൾ പക്ഷേ സുജ മകളോട് പറഞ്ഞില്ല.ഒന്നും പറയാതെ തിരിഞ്ഞു നടക്കുന്ന അമ്മയെ നോക്കുമ്പോഴും മാളുവിന്റെ മനസ്സിൽ പുതിയ കണക്ക്കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു…

💞💞

ഹൃദ്യമായൊരു സ്വീകരണമായിരുന്നു സഞ്ജുവിന് പുതിയ ജോലി സ്ഥലത്തു കിട്ടിയത്.സംഘർഷം നിറഞ്ഞ അവന്റെ മനസ്സിന് അൽപ്പം ആശ്വാസം പകരുന്ന ചുറ്റുപാടും… ഒപ്പം ജോലി ചെയ്യുന്നവരും.
അവരെല്ലാം ഒരേ വൈബിലാണെന്ന് മനസ്സിലായതും അവന്റെ മുഖം തെളിഞ്ഞു.ജോലിക്ക് വേണ്ടത് ഉയർന്ന ശമ്പളമല്ല.. അത് ചെയ്യാനുള്ള സമാധാനം നിറഞ്ഞ അന്തരീക്ഷവും കൂടെ നിന്നിട്ട് കുതികാൽ വെട്ടാത്ത സഹപ്രവർത്തകരുമാണെന്ന് സഞ്ജു ഇടയ്ക്കിടെ ആദിയോട് പറയാറുള്ളതാണ്.

ലക്ഷങ്ങൾ ശമ്പളം കിട്ടിയാലും വഴിപാട് പോലെ ജോലി ചെയ്യുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു.അവന്റെ മനസ്സറിഞ്ഞു കിട്ടിയത് പോലൊരു ജോലി…വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്ന ആ മന്ദത പതിയെ പതിയെ അവനെ വിട്ടൊഴിഞ്ഞു പോവുന്നുണ്ടായിരുന്നു.ഇടക്ക് കിട്ടിയൊരു ഫ്രീ ടൈമിൽ അവൻ ആദിക്ക് വിളിച്ചു.
രാവിലെ വരുമെന്ന് കരുതി നിന്ന കാര്യം അവനും പറഞ്ഞപ്പോൾ സഞ്ജുവിനൊരു വിഷമം തോന്നി..
വൈകുന്നേരം വന്നിട്ട് കാണാമെന്ന് പറഞ്ഞു കൊണ്ട് ആദി തന്നെ അവനെ ആശ്വാസിപ്പിച്ചു..പക്ഷേ അന്നത്തെ വൈകുന്നേരം.. അവന്റെ ജീവിതത്തിലെ ഏറ്റവും മോശമായൊരു ദിവസമായിരുന്നുവെന്ന് തെളിയിച്ചു കൊണ്ട് അന്ന് ജോലി കഴിഞ്ഞു സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ സഞ്ജുവിന്റെ ഫോണിലേക്ക് വന്ന കോൾ തെളിയിച്ചു കൊടുത്തു…

തുടരും.
നാളെ ലീവെടുത്താലോ തെറി സ്റ്റോക്ക് എടുക്കണ്ട.. ഞാൻ ബെർതെ പറഞ്ഞതാ
റിവ്യൂ ഇടണേ..കഥയെ കഥയായി കാണണെ… സന്തോഷം വരുമ്പോൾ നിങ്ങൾ ഓക്കേയാണ്.. പക്ഷേ സങ്കടം വരുമ്പോ നിങ്ങൾക്കിത് ജീവിതമാകുന്നത് പോലൊരു ഫീലാണ്.. അത് കൊണ്ട് പറഞ്ഞതാ കേട്ടോ 💞പിന്നെ.. പ്രിയയെ ഞാൻ പാട്ട് പാടിക്കും.. എപ്പോ ന്ന് ചോദിക്കരുത്.. പക്ഷേ ഞാൻ ചെയ്തിരിക്കും.. പാട്ട് കേട്ടിട്ടാണ് ഒരാൾക്ക് സ്വന്തം ഭാര്യയോടിഷ്ടം തോന്നേണ്ടത് എന്നെനിക്ക് തോന്നുന്നില്ല 😀
സ്നേഹത്തോടെ jiff❤️❤️