The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
“എന്തായി.. നിന്റെ തീരുമാനം?”
പിന്നിൽ നിന്നും ദേവന്റെ സ്വരം കേട്ടിട്ടാണ് ആദി തിരിഞ്ഞു നോക്കിയത്.
പുറത്ത് പോയി വന്നിട്ട് തന്റെ മുറിയിൽ കയറിയതേ ഒള്ളായിരുന്നു അവൻ.
അവൻ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നത് പോലെയാണ് ദേവന്റെ വരവും സംസാരവും.
“ആദി.. ഞാൻ നിന്നോടാ ചോദിച്ചത്? എനിക്കുത്തരം വേണം.”
ആദി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും ദേവൻ വീണ്ടും ചോദിച്ചു.
“എന്റെ തീരുമാനം എന്തെന്ന് വളരെ വ്യക്തമായി ഞാൻ അച്ഛനോട് മുൻപും പറഞ്ഞിട്ടുണ്ടല്ലോ. തത്കാലം അതിലൊരു മാറ്റവുമില്ല.”
ഗൗരവത്തോടെ അതും പറഞ്ഞിട്ടവൻ ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു .
ആദിയുടെ കൈകൾ ജനൽ കമ്പിയിൽ മുറുകുന്നുണ്ടായിരുന്നു.
“എടാ.. നിനക്കെന്താ പറഞ്ഞാ മനസ്സിലാവാത്തത്..?”
ദേവൻ ആദിക്കരികിൽ വന്നിട്ട് അവനെ പിടിച്ചുലച്ചു കൊണ്ട് അസഹ്യതയോടെ ചോദിച്ചു.
“അച്ഛനും.. ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലല്ലോ?”
വല്ലാത്തൊരു കടുപ്പം ആദിയുടെ മുഖത്തും ഉണ്ടായിരുന്നു.
“ആദി.. ബീ പ്രാകറ്റികൽ .. നിന്റെ ലൈഫ് പോകും.. ഇത് പോലൊരു പട്ടികാട്ടിൽ പെട്ടു പോയാൽ .. ഞാൻ പറയുന്നതൊന്നു കേൾക്ക് നീ. നിന്റെ നല്ലതിന് വേണ്ടിയാണ്.അച്ഛൻ വയസ്സായതിന്റെ ഓരോ ഭ്രാന്ത് പറയുന്നതാ. നീ അത് തലയിലേറ്റി വെറുതെ…”
ആദിയുടെ തീക്ഷണത നിറഞ്ഞ നോട്ടത്തിൽ ദേവൻ പാതി പറഞ്ഞു നിർത്തി.
“അതിപ്പോ അച്ഛന്റെ കൂടെ ആയാലും അത് തന്നായാവും എന്റെ അവസ്ഥ..”
പുച്ഛത്തോടെ ആദി ദേവനെ നോക്കി.
“പിന്നെ ഇപ്പൊ പറഞ്ഞതിൽ ചെറിയൊരു തിരുത്തും ആവാം.. എന്റെ നല്ലതിനല്ല ഈ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും. അച്ഛന് എന്നെ കൊണ്ടെന്തോ ലക്ഷ്യമുണ്ട്. അത് മുന്നിൽ കണ്ടിട്ടുള്ള വരവ് തന്നെയാണ് ഇതും..”
ആദി പുച്ഛത്തോടെ പറഞ്ഞതും ദേവൻ അവനെ നോക്കാതെ തിരിഞ്ഞു നിന്നു.
“പക്ഷേ അച്ഛനൊരു കാര്യം മനസ്സിലാക്കണം. ഞാൻ ചെറിയ കുട്ടിയല്ല. കാര്യങ്ങൾ അതിന്റെതായ രീതിയിൽ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവുമുണ്ടെനിക്ക്.അച്ഛനോ മുത്തച്ചനോ അല്ല.. എന്റെ ലൈഫ് എന്റെ തീരുമാനമാണ്.എന്റെ ഉത്തരവാദിത്തമാണ്. സൊ.. ഇത് പറയാൻ വേണ്ടി അച്ഛനിനി ഇങ്ങോട്ട് വരണമെന്നില്ല…എനിക്കിനിയും ഇതിനെ കുറിച്ചൊന്നും പറയാൻ താല്പര്യവുമില്ല ”
അറുത്തു മുറിച്ചു പറഞ്ഞു കൊണ്ടവൻ വാതിലിൽ ഊക്കിൽ തട്ടി കൊണ്ടവൻ പുറത്തേക്കിറങ്ങി പോയതും ദേവൻ ദേഷ്യത്തോടെ നെറ്റി തടവി കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് നിന്ന് പോയി..
❣️❣️
പ്രിയ വീട്ടിൽ നിന്നിറങ്ങി കവലയിലേക്ക് നടക്കുമ്പോൾ ഓർത്തതും രാജീവിനെ കുറിച്ചായിരുന്നു.
ഇനി വീണ്ടും അയാൾക്ക് മുന്നിൽ പോയി നിൽക്കണമെന്നോർക്കുമ്പോൾ ദേഹത്ത് മുഴുവൻ പുഴുക്കൾ അരിക്കുന്നത് പോലൊരു അസഹിഷ്ണുത അവളിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഇന്ദുവുമായി മൂന്നാലു വർഷത്തെ ആത്മാർത്ഥ സൗഹൃദത്തിനിടയിൽ ആകെ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നു രാജീവെന്ന അവളുടെ ഏട്ടനെ കണ്ടിട്ടുള്ളത്.
പക്ഷേ അവളുടെ സംസാരത്തിൽ കൂടി വളരെ അടുത്തറിയാവുന്ന ഒരാളായി അയാൾ മാറുകയായിരുന്നു.
രാജീവ് മാധവൻ മാഷിന്റെ സ്കൂളിൽ മാഷാണെന്ന് ഇന്ദു പറഞ്ഞിട്ടറിയാമായിരുന്നു.
ഒരു ചേച്ചി കൂടി ഉണ്ട് ഇന്ദുവിന്.
അവരുടെ കല്യാണം കഴിഞ്ഞതാണ്.
ഏട്ടന്റെ കല്യാണവിശേഷങ്ങൾ പറയുന്ന ഇന്ദുവിനെ താനെത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു.
പക്ഷേ അപ്പോഴും അറിഞ്ഞില്ല.. ആ ഒരാളെ തന്റെ ജീവിതത്തിൽ ചേർത്ത് വെക്കേണ്ടുന്ന ഒരവസരം കാലം കൊണ്ടെത്തിക്കുമെന്ന്.
അച്ഛന്റെ മരണവും അതിന് ശേഷമുള്ള സംഭവവികാസങ്ങളും തന്നെയും മാധവൻ മാഷിന്റെ സ്കൂളിൽ എത്തിച്ചു.
ഏതോ വിധിയുടെ കാണാത്ത നൂലിനറ്റം പോലെ…അനൂപിന്റെ രൂപത്തിലും തന്നെ അവിടെത്താൻ സഹായിച്ചു.
അവിടെത്തിയ നിമിഷം തന്നെ ഏക ആശ്വാസം ഇന്ദുവിന്റെ ഏട്ടൻ ഇവിടുണ്ടല്ലോ എന്നതായിരുന്നു.
സ്വന്തം പോലെ ഹൃദയത്തിലേറ്റി നടക്കുന്ന അവളുടെ ബന്ധങ്ങളെല്ലാം തനിക്കും സ്വന്തം പോലെ തന്നെയായിരുന്നു.
തുടക്കത്തിൽ രാജീവ് നന്നായി സഹായിച്ചു.
ഓരോ കാര്യങ്ങളെ കുറിച്ചും ക്ഷമയോടെ പറഞ്ഞു തന്നു.
സംഗീതം പഠിപ്പിക്കാനായിരുന്നു തന്നെ അവിടെ നിയോഗിച്ചത്.
മൂന്നാം ക്ലാസ് മുതൽ സംഗീതം പഠിക്കുന്നുണ്ടായായിരുന്നു. ഏറെ ഇഷ്ടത്തോടെ പഠിച്ചത് തന്നെ മുന്നിലിരിക്കുന്ന കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ആഹ്ലാദമുണ്ടായിരുന്നു ഉള്ളം നിറയെ..
അത് മാത്രമല്ല.. ഏത് നേരത്തും കേറി വന്നു അസഭ്യം പറയുന്ന അനൂപിനെ അവിടെ പേടിക്കേണ്ട എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസം..
സഹപ്രവർത്തകരെല്ലാം ഒരു ചിരിയോടെ താങ്ങളെ ഒരുമിച്ചു കാണുമ്പോഴെല്ലാം പരസ്പരം നോക്കും.
ജീവിക്കാൻ.. ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ഒരു ജോലി.. മാന്യമായൊരു ജോലി അത്യാവശ്യമാണെന്ന് മനസ്സിലാക്കിയതിനാൽ തുറിച്ചു നോട്ടങ്ങളെയോ.. ആക്കി ചിരിക്കളെയോ താൻ ഗൗരവത്തിൽ എടുത്തതുമില്ല.
മാധവൻ മാഷും വളരെ വലിയൊരു ആശ്വാസമായിരുന്നു.
ഏട്ടന്റെ സ്കൂളിൽ തന്നെ തനിക്കും ജോലി കിട്ടിയതോർത്ത് തന്നെക്കാളധികം സന്തോഷിച്ചത് ഒരുപക്ഷെ ഇന്ദുവായിരിക്കും.
ആ ജോലിയുടെ തണലിൽ ജീവിതവ്യഥകളെ മനഃപൂർവം മറന്ന് കൊണ്ടുള്ള കുറെയേറെ ദിവസങ്ങൾ.
കുട്ടികളുടെ പ്രിയപ്പെട്ട പ്രിയടീച്ചർ..
“എനിക്ക്.. എനിക്ക് പ്രിയയെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറയുമ്പോൾ.. എനിക്കെന്റെ ജീവിതത്തിൽ കൂടെ കൂട്ടാവുന്ന അത്രേം ഇഷ്ടം…”
പെട്ടന്നൊരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ രാജീവ് മുന്നിൽ വന്നു നിന്ന് പറയുമ്പോൾ പകച്ചുപോയി.
അയാൾക്കെന്ത് ഉത്തരം കൊടുക്കണമെന്നറിയില്ലായിരുന്നു.
കുടുംബത്തിൽ ആദ്യമായി നടത്തിയൊരു കല്യാണയോർമയിൽ ഞെട്ടി വിറച്ചു..ഹൃദയത്തെ ചുട്ടു പൊള്ളിച്ചു.
അവിടം മുതലാണ് ശാന്തമായി ഒഴുകി പോയിരുന്ന ജീവിതത്തിന്റെ താളം പിഴച്ചു തുടങ്ങിയത്.
ഭ്രാന്ത് പിടിച്ചത് പോലെ.. അലറി കുതിച്ചൊഴുകി.. പിന്നെയങ്ങോട്ട് നാശം മാത്രം വിതച്ചതും ആ കല്യാണത്തോടെയാണ്.
അത്തരം മോഹങ്ങളെയൊന്നും താലോലിച്ചു നടക്കാഞ്ഞതും കണ്മുന്നിലെ ചേച്ചിയുടെ ജീവിതം തന്നെയായിരുന്നു.
“രാജീവേട്ടന് പറ്റിയ ആളല്ല കേട്ടോ ഞാൻ ”
നേർത്തൊരു ചിരിയോടെ തന്നെയും തന്റെ കുടുംബത്തെയും കുറിച്ചുള്ളതെല്ലാം.. അനൂപിന്റെ ശല്യമുൾപ്പെടെ രാജീവിനോട് പറഞ്ഞു.
“ഇത് വരെയും ഉള്ളത് മറന്നേക്കൂ.. ഇനിയങ്ങോട്ട് ഞാനും നീയും ഒരുമിച്ചാണ് പ്രശ്നങ്ങളെ നേരിടുന്നതെന്ന് ഏറെ പ്രണയത്തോടെ പറഞ്ഞു.
എന്നിട്ടും സമ്മതിച്ചു കൊടുത്തില്ല.
ഒടുവിൽ തന്റെ സമ്മതമില്ലാതെ തന്നെ അയാളുടെ അമ്മയെയും കൂട്ടി വീട്ടിലേക്ക് വന്നു.
“മകന്റെ ഇഷ്ടത്തിനൊപ്പം നിൽക്കുന്ന ”
അയാളുടെ അമ്മ ജയശ്രിയുടെ മുഖത്തുണ്ടായിരുന്നു അവരുടെ സമ്മതമില്ലായ്മയുടെ പ്രകടമായ ഇഷ്ടക്കേടുകൾ.
വീട്ടിലെത്തിയ രാജീവ് താൻ കുറേയായി പ്രിയയെ മൗനമായി പ്രേമിച്ചു നടപ്പാണെന്ന് കൂടി പറഞ്ഞിട്ട് പോയതോടെ അമ്മയും ചേച്ചിയും അതിൽ പിടിച്ചു തൂങ്ങി.
കണ്ണീർ കാണിച്ചും കാല് പിടിച്ചും അവരുടെ ആവിശ്യം നിരന്തരം തന്നെ അറിയിച്ചു.അനൂപിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ചു.
അപ്പൊഴിക്കെയും രാജേവുമായി എന്തോ ഒരു ചേർച്ചയില്ലായ്മ തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.
ഒടുവിൽ ഇന്ദു കൂടി നിർബന്ധം പിടിച്ചു പറഞ്ഞതോടെ തനിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ വേറെ മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.
“എന്നെ കുറിച്ചുള്ളതെല്ലാം നീ ഒരുവട്ടം കൂടി വീട്ടിൽ പറയണമെന്നവളോട് കർശനമായി പറഞ്ഞു.
ഒടുവിൽ തന്റെ അർദ്ധസമ്മത്തോടെ രാജീവ് അയാളുടെ പേരെഴുതിയ മോതിരം അണിയിച് തമ്മിൽ അവകാശമുണ്ടാക്കിയെടുത്തു.
അപ്പോഴും തന്റെ മനസ്സിൽ വല്ലാത്തൊരു അകൽച്ച അത് പോലെ തന്നെ ഉണ്ടായിരുന്നു..
അയാൾ പ്രണയം പങ്ക് വെക്കാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെയെതോ അദൃശ്യശക്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് പോലൊരു ഫീൽ.
ഇന്ദുവിന് കൂടി കല്യാണം നോക്കുന്നുണ്ടായിരുന്നു.
രണ്ടും കൂടി ഒരുമിച്ചു നടത്താനാണ് പ്ലാണെന്ന് കൂടി അറിഞ്ഞു.
അപ്പോഴും അവളവിടെ ഉണ്ടെന്നതായിരുന്നു ഏക ആശ്വാസം.
ഏതോ വണ്ടിയുടെ നിർത്താതെയുള്ള ഹോൺ കേട്ടാണ് പ്രിയ ഞെട്ടിയത്.
അവൾക്ക് പോവാനുള്ള ബസ് ആണെന്ന് കണ്ടതും.. ഓർമകളെയെല്ലാം അവിടെയിട്ട് അവളോടി പോയി അതിലേക്ക് കയറി…
❣️❣️
കൂടപ്പിറപ്പിന്റെ പേര് ജപിച്ചു കൊണ്ട് തന്റെ മേൽ ഇഴഞ്ഞു കയറുന്ന സ്വന്തം ഭർത്താവ്..
പത്മ വെറുപ്പോടെയും അറപ്പോടെയും കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവന്റെ പേ കൂത്ത് സഹിച്ചു കിടന്നു.
അടഞ്ഞ കൺപോളകളെ നനയിച്ചു കൊണ്ട് കണ്ണുനീർ ഒഴുകിയിറങ്ങിയത് ശരീരം അനൂപേന്ന മൃഗം കടിച്ചു കുടയുന്നതിന്റെ വേദന കൊണ്ട് മാത്രമല്ലായിരുന്നു..തന്റെ ഗതികേട് ഓർത്തിട്ട് കൂടിയായിരുന്നു.
രാവിലെ പ്രിയ ഏൽപ്പിച്ച മോതിരം തിരികെ കൊടുക്കുവാൻ രാജീവിന്റെ വീട്ടിൽ പോയതാണ് സുജ.
അതിനി വെച്ച് താമസിപ്പിക്കണ്ടെന്ന് പോകും മുന്നേ കൂടി പ്രിയ ഓർമ്മിപ്പിച്ചതാണ്.
അത് കൊണ്ടാണ് മനസ്സില്ലാഞ്ഞിട്ടും സുജ അതുമായി പോയതും.
കഴുകനെ പോലെ കൊത്തി പറിക്കാൻ ഒരവസരം കാത്ത് ആ വീടിന് ചുറ്റും റോന്തു ചുറ്റുന്ന അനൂപ് അങ്ങനെ കയറി പറ്റിയതാണ് പത്മയുടെ അടുത്തേക്ക്.
സുജ ഉണ്ടെങ്കിലും അവനവിടെ വരും.. പക്ഷേ പ്രിയയുണ്ടെങ്കിൽ ആ പരിസരത്ത് പോലും അവനുണ്ടാവില്ല.
കാമം അടക്കാൻ കഴിയാത്ത അപൂർവ അവസരങ്ങളിൽ മാത്രം പത്മജ തന്റെ ഭാര്യയാണെന്ന് ഓർമ വരുന്ന ഒരു വിചിത്ര രോഗം കൂടി ഉണ്ടായിരുന്നു അനൂപിന്.
ഭാര്യ.. അവന്റെ മനസ്സിൽ അതിന് വേണ്ടി ഉള്ളവളാണല്ലോ..
അവൾക്ക് അതൊരു കടമയാണല്ലോ.. അവളോട് ആ കടമ തിരിച്ചു കാണിക്കുന്നുണ്ടോ എന്നാ ചോദ്യം പോലും അവിടെ അവനു മുന്നിൽ പ്രസക്തിയുണ്ടായിരുന്നില്ല.
അവൻ പറയും.. അതിനി എന്തായാലും അവൾ അനുസരിക്കണം. അതായിരുന്നു അവന്റെ മുന്നിലെ ദാമ്പത്യസൂത്രവാക്യം.
പറ്റില്ലെന്ന് പറയാനും അവനെ പോലൊരു നീചനെ തന്റെ വിരൽ തുമ്പിൽ പോലും തൊടിപ്പീക്കാതിരിക്കാനും കടലോളം ആഗ്രഹമുണ്ടെങ്കിലും സ്വയം നിയന്തിച്ചു കൊണ്ട് പത്മ അവന് വേണ്ടി കിടന്നു കൊടുക്കും.
“നീയല്ലങ്കിൽ നിന്റെ അനിയത്തി “എന്നാ അവന്റെ വാക്കുകളെ അവളത്ര മാത്രം ഭയന്നിരുന്നു.
തന്റെ അനിയത്തിയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ പ്രാപിക്കുന്ന ഭർത്താവിന്റെ അനീതിക്കെതിരെ… എന്ത് ചെയ്യണമെന്നോ.. ആരോട് പറയണമെന്നോ അവൾക്കറിയില്ലായിരുന്നു.
“നിനക്ക് കുളിയും നനയും ഒന്നുമില്ലെടി.. ഒരുമാതിരി ചീഞ്ഞു നാറുന്നു.. ശവം..”
അത് വരെയും അവളിൽ അലഞ്ഞു തിരിഞ്ഞു സ്വന്തം ആവിശ്യം നേടിയവൻ മുണ്ട് മുറുക്കിയെടുത്ത് ദേഷ്യത്തോടെ പറയുന്നത് കേട്ടിട്ടാണ് പത്മ ഇറുക്കിയടച്ച കണ്ണുകൾ വലിച്ചു തുറന്നു നോക്കിയത്.
എന്നത്തേയും പോലെ തന്നെ.
ആവിശ്യം നിറവേറ്റി കഴിഞ്ഞതും അവൾ അവന് മുന്നിൽ അറപ്പുളവാക്കുന്ന ഒരു നികൃഷ്ട ജീവിയാണ്.
അതും ആദ്യത്തെ സംഭവമല്ലാത്തതിനാൽ പത്മക്കപ്പോഴും വേദനിച്ചില്ല.
ഇതിൽ കൂടുതലൊന്നും അവനിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നുമില്ല.
“നിന്റെ തള്ള എവിടെ പോയെടി..?”
ജനലിൽ തൂക്കിയിട്ട അവന്റെ ഷർട്ട് എടുത്തിടുന്നതിനിടെ അനൂപ് പത്മയെ നോക്കി.
“എനിക്കറിയില്ല…”സുജ എന്തിന്
പോയന്നുള്ള കാര്യം അവനോട് പറയില്ലെന്നുറച്ച് പത്മ പതിയെ പറഞ്ഞു.
“അത് നുണ… നിങ്ങൾ മൂന്നും അറിയാതെ ഇവിടൊരു ഇല അനങ്ങത്തില്ല… അപ്പൊ നീ അത് വിട്..”
മുകളിൽ കെട്ടിയ കയറിൽ പിടിച്ചു പത്മ വളരെ കഷ്ടപ്പെട്ടു കൊണ്ട് എഴുന്നേറ്റു.
അവൾക്ക് ദേഹം മൊത്തം വേദനിക്കുന്നുണ്ടായിരുന്നു.
അത് കണ്ടിട്ടും അനൂപ് അനങ്ങിയില്ല.
“നിന്റെ അനിയത്തിയുടെ മറ്റവനില്ലേ.. ആ രാജീവ്.അവൻ പൂതി തീർത്തു കാല് മാറിയെന്നു കേട്ടല്ലോ.. ഉള്ളതാണോ?”
ഷർട്ടിന്റെ ബട്ടൺ പിടിച്ചിട്ട് കൊണ്ട് അനൂപ് ചോദിച്ചത് കേട്ടതും പത്മയുടെ നെഞ്ചോന്നാളി..
“അത് നിങ്ങളെങ്ങനെയറിഞ്ഞു ”
അവനോടത് ചോദിക്കുമ്പോഴും പത്മ വിറക്കുന്നുണ്ടായിരുന്നു.
“അതൊക്കെ ഞാൻ അറിഞ്ഞു…”
ഒരു വിജയചിരിയോടെ അനൂപ് പത്മയെ നോക്കി.
“ഞാൻ മാത്രമല്ലടി.. ഈ നാട്ടിൽ മൊത്തം ഇപ്പൊ ഇതാ വർത്താനം. രാജീവ് മാഷ് പൂതി തീർത്തു നൈസായിട്ട് മുങ്ങിയ കഥ..”
അതും പറഞ്ഞു കൊണ്ട് അനൂപ് ഉറക്കെ പൊട്ടിച്ചിരിച്ചു.
പത്മ ഭയത്തോടെ അവന്റെ ചിരിയിലേക്ക് നോക്കി.
“അവളീ അനൂപിനുള്ളതാടി.. അത് കൊണ്ടാ ഇതെല്ലാം ഇങ്ങനെ ആയി തീർന്നത്.ഇതെല്ലാം മുൻകൂട്ടി കണ്ടിട്ട് തന്നാ ഞാനിപ്പോഴും നീയെന്ന മാരണം തോളിൽ തൂക്കി നടക്കുന്നത്…”
അവൻ ക്രൂരമായൊരു ഭാവത്തിൽ പത്മയുടെ മുന്നിൽ ചെന്നു കുനിഞ്ഞു നിന്നു.
“എന്റെ പിടിയിൽ നിന്നും അവളെ രക്ഷപെടുത്തി എടുക്കാനല്ലേ നീയും നിന്റെ തള്ളയും നെട്ടോട്ടം ഓടിയത്.. എന്നിട്ടിപ്പോ എന്തായി…ഓടിയോടി അവളെന്റെ മുന്നിൽ തന്നെ വന്നു വീണില്ലേ..?’
അവൻ പത്മയുടെ കുനിഞ്ഞു പോയ മുഖം മുടിയിൽ പിടിച്ചുയർത്തി കൊണ്ട് വലിച്ചു പൊക്കി.
വേദന കൊണ്ടവളുടെ കണ്ണ് നിറഞ്ഞു.
“ഇനി നീയൊക്കെ കൺ കുളിർക്കെ കണ്ടോ.. അവളെ ഞാൻ എന്റെ കൂടെ കിടത്തുന്നത് ”
അതും പറഞ്ഞു കൊണ്ടവൻ വീണ്ടും ചിരിച്ചു.. ഉന്മാദത്തോടെ.. ഉറക്കെ… ഉറക്കെ…
“അത് പത്മയല്ല.. പ്രിയയാണ് ”
വേദനക്കിടയിലും പത്മ പറയുന്നുണ്ടായിരുന്നു….
തുടരും….