രചന – ജിഫ്ന നിസാർ
“ദേ പ്രിയേ ഒന്ന് മതിയാക്കി എഴുന്നേറ്റു വരുന്നുണ്ടോ നീ. നേരം ഒരുപാടായി പെണ്ണേ. എന്തോന്നാ ഇതിന് മാത്രം ഈ കുളത്തിലിങ്ങനെ നോക്കിയിരിക്കാൻ?”
ഇന്ദു പ്രിയയെ നോക്കി കണ്ണുരുട്ടി.
“നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ ഇന്ദു പൊയ്ക്കോളാൻ ”
പ്രിയ അവളെ നോക്കി ചിരിയോടെയാണ് പറഞ്ഞത്.
“ആഹ്.. എന്നെ പറഞ്ഞു വിട്ട് നിനക്കിവിടെയിരുന്നു വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടാനല്ലേ.എന്നിട്ട് വെറുതെ വേദനിക്കാൻ.അങ്ങനെ ഞാനിപ്പോ പോണില്ല ”
ഇന്ദു പ്രിയയെ നോക്കി.
“ഇല്ലെടി.. ഞാൻ പറഞ്ഞില്ലേ. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടപ്പാ. വീട്ടിൽ പോയാലും ഒരു സമാധാനമുണ്ടാവില്ല. നാളെ.. നാളെ വീണ്ടും അവന് മുന്നിൽ തന്നെ പോയി നിൽക്കുന്ന കാര്യമോർക്കുമ്പോ തന്നെ ന്തോ പോലെ..”
വീണ്ടും കുളത്തിലേക്ക് തന്നെ നോക്കി കൊണ്ട് പ്രിയ പതിയെ പറഞ്ഞു.
“എന്ന് കരുതി പോവാതിരിക്കാനും കഴിയില്ലല്ലോ പ്രിയേ ”
ഇന്ദു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ആധിയോടെ ചോദിച്ചു.
“അതൊട്ടും നടക്കില്ല..”
കണ്ണടച്ച് ചിരിച്ചു കൊണ്ട് പ്രിയ അവളെ നോക്കി.
“ഇവിടിങ്ങനെയിരുന്നാ നിന്റെ പ്രശ്നങ്ങളൊക്കെ തീർന്ന് സമാധാനം കിട്ടുവോ..?”
ഇന്ദു വീണ്ടും കണ്ണുരുട്ടി.
“ഇവിടിരിക്കുമ്പോ വല്ലാതൊരു സുഖവും സമാധാനവും തോന്നുന്നുണ്ട്. നിനക്കറിയാലോ.. ഞാനാദ്യവും അമ്പലത്തില് വന്ന ഇവിടല്ലേ കൂടുതൽ നേരവുമിരിക്കാറുള്ളത് .?”
പ്രിയ അവളെ നോക്കി ചിരിയോടെ ചോദിച്ചു.
“നീ പോയിക്കോ ഇന്ദു. ഞാൻ കുറച്ചു നേരം കൂടി ഇങ്ങനിരിക്കും. ഇനി ഇവിടിങ്ങനെയിരുന്നിട്ട് അതിന്റെ പേരിൽ നിനക്ക് വീട്ടീന്ന് ചീത്ത കേൾക്കണ്ട.. ചെല്ല് ”
പ്രിയ അവളെ നിർബന്ധിച്ചു.
“എന്നാലും.. എനിക്ക് നിന്നെ ഇവിടിങ്ങനെയിട്ട്…”
ഇന്ദു സങ്കടത്തോടെ പ്രിയയെ നോക്കി.
“ഒന്നുല്ല. നീ വേണ്ടാത്തൊന്നും ചിന്തിച്ചു സമയം കളയാതെ പോവാൻ നോക്ക് ഇന്ദു..ഞാനേതായാലും ഇതിൽ ചാടി ചാവാനൊന്നും പോണില്ല. ഇതിനേക്കാൾ വലിയ ആരോപണം കേട്ടിട്ട് തളർന്നു പോയിട്ടില്ല. പിന്നെയാ. ”
പ്രിയ വീണ്ടും അവളോട് പറഞ്ഞു.
മനസ്സില്ലാ മനസ്സോടെയാണ് ഇന്ദു എഴുന്നേറ്റത്.
“നല്ലോണം ഇരുട്ടും മുന്നേ കയറി പൊയ്ക്കോണം കേട്ടോ..”
ഇന്ദു ഓർമ്മിപ്പിച്ചു.
“മ്മ്.. ഏറ്റു ”
പ്രിയ ചിരിയോടെ തലയാട്ടി.
“ഇതൊക്കെ ന്തൊരു ഭ്രാന്താണോ എന്തോ ”
ഞൊടിഞ്ഞു കൊണ്ട് പടികൾ കയറി പോകുന്ന ഇന്ദുവിനെ നോക്കി പ്രിയ അടക്കി ചിരിച്ചു.
അവളോട് പറഞ്ഞത് സത്യമാണ്.
ഇവിടിങ്ങനെയിരിക്കുമ്പോൾ വല്ലാത്തൊരാശ്വാസം തനിക്കു കിട്ടുന്നുണ്ട്.
വീട്ടിലെത്തിയാ ചിന്തകൾക്ക് കാട്ടു കടന്നലിന്റെ സ്വഭാവമാണ്.
വെറുതെ കുത്തി നോവിക്കും..
കുഞ്ഞിലേ മുതൽ ഇവിടെത്തിയ അച്ഛന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് ദേവിയെ കാണുന്നതിലും മുന്നേ ആവേശത്തിൽ ഈ പാടവുകളിറങ്ങി ഓടി വന്നിവിടെ ഇരിക്കുമായിരുന്നു.
അന്നീ കുളം നിറയെ വെളുത്ത ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ടാവും.
നല്ലൊരു വീട് വേണം എന്ന മോഹത്തേക്കാൾ വലുതായിരുന്നു വീട്ടിൽ തനിക്ക് നോക്കിയിരുന്നു സന്തോഷിക്കാനൊരു കുളം വേണമെന്നുള്ളത്.
ആകെയുള്ള പത്തു സെന്റ് പുരയിടത്തിൽ കുളമൊന്ന് കുത്താൻ അന്നൊക്കെ വല്ലാതെ പ്ലാൻ ചെയ്തിട്ടുണ്ട്.
പിന്നെ തോന്നി പഠിച്ചൊരു നല്ല ജോലി വാങ്ങിച്ചിട്ട് കുഞ്ഞൊരു വീടും.. അതിനോട് ചേർന്നു സ്വപ്നം പോലെ വലിയൊരു കുളവും നിറയെ ആമ്പലും..
സ്വപ്നങ്ങൾക്കെന്തു നിറമുണ്ടായിരുന്നു.!
അച്ഛൻ മരിക്കും വരെയും…
പ്രിയക്ക് കണ്ണ് കടയുന്നുണ്ടായിരുന്നു.
അച്ഛൻ പോയതോടെ.. സ്വപ്നങ്ങളും ആ കൂടെ തിരിഞ്ഞു നോക്കാതെ നടന്നു മറഞ്ഞു.
പിൻവിളിക്ക് കാത്തോർക്കാൻ പോലും പിന്നെയങ്ങോട്ട് ധൈര്യമുണ്ടായിരുന്നില്ല.
മുന്നോട്ടെങ്ങനെ ജീവിക്കുമെന്നതായി പിന്നെ ഓരോ ദിവസത്തെ സ്വപ്നവും.
ആർത്തുല്ലസിച്ചാലും തിങ്ങി ഞെരുങ്ങി കഷ്ടപെട്ട് മുന്നോട്ട് നീങ്ങിയാലും വേദനകൊണ്ട് പിടഞ്ഞാലും എല്ലാത്തിനും പേര് ജീവിതമെന്ന് തന്നെ!
വൃത്തിയായി അടുക്കിവെച്ച ഓർമകളിലെവിടെയോ ചിതറി കിടപ്പുണ്ട് അന്നത്തെയാ അനുസരണയില്ലാത്ത ബാല്യവും അതിന്റെ കുസൃതികളും..
ഇന്നും…
പ്രിയ കണ്ണടച്ച് പിടിച്ചു കൊണ്ട് ശ്വാസമെടുത്തു..
ഹൃദയം വല്ലാതെ…. വല്ലാതെ നോവുന്നുണ്ടായിരുന്നുവപ്പോൾ…
എന്തിനോ….
❣️❣️
“അല്ലേലും ഞാൻ പ്രാർത്ഥിക്കുമ്പോ മാത്രം നിനക്കൊരു വേറെ കാണലാണല്ലോ. അത് തന്നെയാ എനിക്കും നിന്നോടിച്ചിരി വിശ്വാസം കുറഞ്ഞു പോയത്. ഒരു പാലമിട്ടാ അങ്ങോട്ട് മാത്രം പോരാ.. ആ നന്ദി ഇങ്ങോട്ട് കാണിക്കണം. അല്ല പിന്നെ..ദൈവമാണത്രേ.. ഹും ”
സിറ്റൗട്ടിലെത്തും മുന്നേ തന്നെ അകത്തു നിന്നും നന്ദുവിന്റെ ഉച്ചത്തിലുള്ള ചിരി കേട്ടതും സഞ്ജു പല്ല് കടിച്ചു കൊണ്ട് മുറ്റത്തു തന്നെ നിന്നിട്ട് ദൈവത്തിനോടുള്ള പരിഭവം പറച്ചിലായിരുന്നു.
“ഇനി ഇന്നെന്തൊക്കെ സഹിക്കേണ്ടി വരുമോ ന്തോ?”
മുകളിലേക്ക് നോക്കി കലിപ്പോടെ പറഞ്ഞിട്ട് ഷൂ അഴിച്ചു കൊണ്ട് സഞ്ജു അകത്തേക്ക് ചെന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ.. നന്ദുവിന്റെ ചുറ്റുമിരുന്നിട്ട് അവളെന്തോ പറയുന്നത് കേട്ടിട്ട് ചിരിച്ചു മറിയുന്നവരെ സഞ്ജു പുച്ഛത്തോടെയാണ് നോക്കിയത്.
“നിനക്കിന്നു സ്പെഷ്യൽ ൽ
ക്ലാസ് വല്ലോം ഉണ്ടായിരുന്നോടാ…?”
അവനെ കണ്ടതും നളിനി ചോദിച്ചു.
“ഇല്ല..”
സഞ്ജു കടുപ്പത്തിൽ മറുപടി പറയുബോഴും അവനെ നോക്കി നിൽക്കുന്നവൾക്ക് നേരെയാണ് നോട്ടം മുഴുവനും.
“പിന്നെ നീ ഇത്രേം നേരം എവിടായിരുന്നു?”
“ഞാൻ.. ഞാനാദിയുടെ കൂടെയായിരുന്നു. അങ്ങോട്ടാണ് നേരെ വന്നത് ”
കുസൃതിയോടെ അവനെ നോക്കി നിൽക്കുന്ന നന്ദുവിനെ നോക്കി പല്ല് കടിച്ചു കൊണ്ടാണ് സഞ്ജു പറയുന്നത്.
“വാടാ.. നല്ല ചായയും മൊരിഞ്ഞ പരിപ്പ് വടയുമുണ്ട്. ”
ലക്ഷ്മി സഞ്ജുവിനെ കൈ കാട്ടി വിളിച്ചു.
നന്ദു അപ്പുവിന്റെ തോളിൽ കയ്യിട്ടു പിടിച്ചു കൊണ്ടിരിപ്പാണ്.
സഞ്ജുവിന് മാത്രം മനസ്സിലാവുന്നൊരു കള്ളത്തരം അവളുടെ കണ്ണിലും മുഖത്തും ഒളിച്ചു കിടപ്പുണ്ട്.
അത് കാണുമ്പോഴാണ് അവനേറെ ദേഷ്യം വരുന്നതും.
“കഴിച്ചു നോക്കെടാ മോനെ.. നന്ദു മോളുണ്ടാക്കിയതാ ”
നളിനി നന്ദുവിന്റെ താടിയിൽ പിടിച്ചോമനിച്ചു കൊണ്ടാണത് പറഞ്ഞത്.
അവളാവട്ടെ സഞ്ജുവിനെയൊരു വെല്ലുവിളി പോലെയാണ് നോക്കുന്നതും.
“പറഞ്ഞത് നന്നായി… ഇനിയിപ്പോ എനിക്കെന്തായാലും വേണ്ട. ഫുഡ് പോഴസണടിച്ചാ നരകിച്ചേ ചാവൂ ന്ന് ആരോ പറഞ്ഞതായി ഓർക്കുന്നു. നമ്മളില്ലേയ്..”
നന്ദുവിനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ടാണ് സഞ്ജുവത് പറഞ്ഞത്.
“വേണ്ടാത്തവരെ നീയെന്തിനാ നളിനി നിർബന്ധിച്ചു തീറ്റിക്കുന്നത്. നല്ലതൊന്നും നായ്ക്ക് പറ്റൂലെന്ന് നീയും കേട്ടിട്ടില്ലേ?”
അങ്ങോട്ട് വന്നു കൊണ്ട് ബാലൻ കൃഷ്ണൻ പറഞ്ഞതും സഞ്ജു പല്ല് കടിച്ചു.
“ഓഓഓ.. ഇവിടുണ്ടായിരുന്നോ..?”
അവൻ ആരും കേൾക്കാതെ പിറപിറുത്തു.
“ഇങ്ങോട്ട് തന്നെ നീ.. എന്റെ കൊച്ചിന്റെ കൈപ്പുണ്യം ഞാനുമൊന്നറിയട്ടെ…”
നന്ദുവിനെ നോക്കി ചിരിയോടെ ബാലൻ മാഷ് പറഞ്ഞെങ്കിലും അവളുടെ മുഖം വാടി പോയിരുന്നു.
“ആ ജന്തുവല്ല. ഞാനാ ഇങ്ങേരുടെ ഒറിജിനൽ കൊച്ചെന്ന് ഈ കടുവയോടാരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കുമോ ന്നാവോ ”
സഞ്ജു വീണ്ടും വാക്കുകൾ ചുണ്ടിനടിയിൽ മാത്രം ഒളിപ്പിച്ചു.
“കൊള്ളാം.. നല്ലസ്സല് പരിപ്പ് വട…”
ബാലൻമാഷ് മനസ്സറിഞ്ഞു കൊണ്ട് തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടും നന്ദുവൊരു വിളറിയ ചിരിയോടെയാണ് അയാളെ നോക്കി താങ്ക്സ് പറഞ്ഞത്.
സഞ്ജു ഒന്നുകൂടി അവരെയെല്ലാം പുച്ഛത്തോടെ നോക്കിയിട്ട് വേഗം അവന്റെ മുറിയിലേക്ക് കയറി പോയതും അവളുടെ കൈകൾ അപ്പുവിന്റെ കയ്യിൽ മുറുകി.
“എന്നെ ഞെക്കി കൊല്ലാതെ നന്ദുവേച്ചി… ഇതിവിടെ പതിവാണെന്നറിയില്ലേ?”
അപ്പു അരികിൽ നിൽക്കുന്നവളുടെ കാതിൽ പതിയെ മറ്റാർക്കും കേൾക്കാതെ പറഞ്ഞു.
“മോളിതൊന്നും കാര്യമാക്കണ്ട. ഇങ്ങേർക്ക് അവനെയൊന്ന് കണ്ട കേറി ചൊറിഞ്ഞില്ലങ്കിൽ അന്നുറക്കം വരില്ല. അതാ..”
അത് വരെയും ചിരിച്ചു കൊണ്ടോരോന്നു പറഞ്ഞവളുടെ വാടി തൂങ്ങിയ മുഖം കണ്ടതും നളിനി നന്ദുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
“സഞ്ജുവേട്ടന് പരിപ്പ് വട നല്ലയിഷ്ടമാണെന്ന് അപ്പു പറഞ്ഞിരുന്നു. പിന്നെന്തേയാവോ കഴിക്കാഞ്ഞത്?”
ഉള്ളിലെ വിങ്ങലൊതുക്കി ചിരിയോടെയാണ് നന്ദുവത് പറഞ്ഞത്.
“അത് തന്നെയാ ഞാനും ഓർക്കുന്നത്? ഇവിടെ ഞങ്ങളുടെ വീതം കൂടി തട്ടി പറിച്ചു കഴിക്കുന്നതാ അവൻ. ഇന്നിപ്പോ എന്താ പറ്റിയെന്നാവോ?”
നളിനിയും അത്ഭുതത്തോടെയാണ് പറഞ്ഞത്.
“അവൻ ആദിയുടെ അടുത്തായിരുന്നെന്ന് പറഞ്ഞില്ലേ അമ്മേ. അവിടുന്ന് കഴിച്ചുണ്ടാവും ”
ലക്ഷ്മി പറഞ്ഞു.
“ആഹ്.. എന്നാ പിന്നെ അതാവും.”
നളിനിയും ലക്ഷ്മി പറഞ്ഞതിനോട് യോജിച്ചു.
“ഞാനൊന്ന് മുറിയിൽ കൊണ്ട് പോയി കൊടുത്തു നോക്കട്ടെ.. ചിലപ്പോൾ കഴിച്ചാലോ?”
തന്നെ നോക്കി അടക്കി ചിരിക്കുന്ന അപ്പുവിനെ കണ്ണുരുട്ടി കാണിച്ചു കൊണ്ടാണ് നന്ദുവത് പറഞ്ഞത്.
“അതൊന്നും വേണ്ട.. വേണമെന്നുള്ളവർ ഇവിടെ വന്നു കഴിച്ചോളും.. അല്ലാതെ ഇവിടാർക്കാ അവനെ കൊഞ്ചിച്ച് ഊട്ടാനൊക്കെ നേരം ”
നന്ദു പറഞ്ഞു തീർത്തതും ബാലൻ മാഷ് ആ തീരുമാനത്തെ കടുത്ത എതിർപ്പോടെ അവഗണിച്ചു.
“നിങ്ങളൊന്നു മിണ്ടാതിരിക്ക് മാഷേ.. മോള് പോയി കൊടുത്തു നോക്ക്. ഒന്നൂടെ പറഞ്ഞിരുന്നുവെങ്കിൽ അവൻ വാങ്ങിച്ചേനെ. അതെങ്ങനെ.. അപ്പോഴേക്കും കൃത്യമായി എത്തിയില്ലേ.. അവനെ ദേഷ്യം പിടിപ്പിക്കാൻ ”
നളിനി ബാലൻ മാഷിനെ നോക്കി കണ്ണുരുട്ടി കൊണ്ടാണത് പറഞ്ഞത്.
“മോള് കൊണ്ട് പോയി കൊടുത്തു നോക്ക് ”
നളിനി അനുവാദം കൊടുത്തതോടെ കുതിച്ചു തുള്ളിയ മനസ്സിനെയൊതുക്കാൻ നന്ദു വളരെയധികം കഷ്ടപ്പെടുന്നുണ്ടായിരുന്നു.
അവളുടെ കള്ളത്തരം മനസ്സിലായത് പോലെ അപ്പു ചിരിക്കുന്നുണ്ട്.
“പോടാ…”
മറ്റാരും കാണാതെ അപ്പുവിനെ നോക്കിയൊന്ന് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ടാണ് നന്ദു സഞ്ജുവിന്റെ മുറിയിലേക്ക് ചെന്നത്.
കള്ളചിരിയോടെ വാതിൽ തുറന്നു കയറി ചെല്ലുമ്പോൾ അവൾക്കൊരു ആവേശമുണ്ടായിരുന്നു.
പക്ഷേ സഞ്ജു അകത്തുണ്ടായിരുന്നില്ല.
ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവളുടെ മുഖം ചുളിച്ചു.
“സപ്ലി കുട്ടൻ കുളിക്കുവാണല്ലേ… സാരല്ല.. വെയിറ്റ് ചെയ്യാം ”
കയ്യിലുള്ള പാത്രം കിടക്കക്കരികിലെ മേശയിലേക്ക് വെച്ച് കൊണ്ട് നന്ദു കിടക്കയിൽ അവനായി കാത്തിരുന്നു.
അവളകത്തുണ്ടെന്നറിയാതെ വളരെ പെട്ടന്ന് തന്നെ കുളി കഴിഞ്ഞിറങ്ങി വന്നവൻ നന്ദു കിടക്കയിലിരിക്കുന്നത് കണ്ടതും തോർത്ത് മാത്രമുടുത്തു നിൽക്കുന്ന തന്റെ രൂപത്തിലേക്കൊന്ന് പാളി നോക്കി..
ഇറങ്ങിയതിനേക്കാൾ സ്പീഡിൽ അവനകത്തേക്ക് തന്നെ കയറിയതും നന്ദു പൊട്ടിവന്ന ചിരിയൊതുക്കി.
“നാശം.. ഡോർ കുറ്റിയിടാൻ മറന്നു പോയതാ ”
സഞ്ജു സ്വയം നെറ്റിയിലിടിച്ചു കൊണ്ടാണ് പറഞ്ഞത്.
“സഞ്ജുവേട്ടാ.. ഇങ്ങോട്ടിറങ്ങി വാ. ഞാനിവിടെ കാത്തിരിക്കുന്നത് കണ്ടില്ലേ?”
ബാത്റൂമിന്റെ വാതിലിൽ മുട്ടി നന്ദു വിളിച്ചു.
“എനിക്കിച്ചിരി നാണമുണ്ടേടി ജന്തു.. ഈ കോലത്തിൽ നിന്റെ മുന്നിൽ വരാൻ എനിക്ക് വട്ടൊന്നുമില്ല. നീ പോയെ..”
വാതിൽ അൽപ്പം തുറന്ന് തല മാത്രം വെളിയിലെക്കിട്ട് സഞ്ജു പറഞ്ഞു.
“ഞാനൊന്നും ചെയ്യില്ലന്നെ… ”
നന്ദു പരമാവധി നിഷ്കളങ്കത വാരി വലിച്ചിട്ട് കൊണ്ടാണ് പറഞ്ഞത്.
“എന്തിനാ നീ ചെയ്യുന്നത്. കഴുകനെ പോലുള്ള നിന്റെ നോട്ടം മതിയല്ലോ?”
സഞ്ജു പുച്ഛത്തോടെ പറഞ്ഞു.
“പരിപ്പ് വട തരാൻ വന്നതാ..അത് വാങ്ങിച്ച ഞാൻ പോയിക്കോളാം ”
നന്ദു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
“ആർക്ക് വേണം നിന്റെ പരിപ്പ് വട. എടുത്തോണ്ട് പോടീ ”
സഞ്ജു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“സഞ്ജുവേട്ടന് പരിപ്പ് വട ഭയങ്കര ഇഷ്ടമാണെന്ന് അപ്പു പറഞ്ഞു കേട്ടിട്ട് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ ”
നന്ദു അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
“നിന്നോട് ഞാൻ പറഞിട്ടൊന്നുമില്ലല്ലോ.. കഷ്ടപ്പെടാൻ.. ഉണ്ടോ?”
സഞ്ജു ദേഷ്യത്തോടെ അവളെ നോക്കി.
“ആഹാ.. അത്രക്കായോ? എന്നാ സഞ്ജുവേട്ടനിറങ്ങി വന്നിട്ട് ഇതിൽ നിന്നോന്നെടുക്കാതെ ഞാൻ ഇവിടുന്ന് പോവില്ല ”
നന്ദു വാശിയോടെ പറഞ്ഞിട്ട് വീണ്ടും കിടക്കയിലെക്കിരുന്നു.
“”ഡീ.. ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ…?”
സഞ്ജു ഇറങ്ങി വരാനും അവിടെ നിൽക്കാനും കഴിയാത്തൊരു വീർപ്പുമുട്ടലോടെ നന്ദുവിനെ നോക്കി.
“ഇറങ്ങി വാ സഞ്ജുവേട്ടാ.. അത് തന്നെയല്ലേ ഞാനും പറയുന്നത് ”
നന്ദു വെല്ലുവിളി പോലെ അവനെ നോക്കി.
സഞ്ജു അരിശത്തോടെ ബാത്റൂമിന്റെ വാതിലടച്ചു.
കുറച്ചു നേരം കഴിഞ്ഞത് തുറന്നു നോക്കുമ്പോഴും നന്ദു അതേയിരിപ്പാണ്.
അവനൊന്നു ശ്വാസമെടുത്തു.
“ഞാൻ.. ഞാനെടുത്തോളാം. നീ അതവിടെ വെച്ചിട്ട് പോ.എനിക്ക് ഈ കോലത്തിലിറങ്ങി വരാൻ കഴിയാഞ്ഞിട്ടാ..”
ഉള്ളിലെ ദേഷ്യമടക്കി സ്വരം പരമാവധി മയപ്പെടുത്തി സഞ്ജുവൊരു സന്ധി സംഭാക്ഷണത്തിനൊരുങ്ങി.
“ഉറപ്പാണോ?”
നന്ദു അവനെ കൂർപ്പിച്ചു.
“മ്മ്..”
പല്ല് കടിച്ചു കൊണ്ടാണ് സഞ്ജു അവൾക്കുള്ള ഉറപ്പ് കൊടുത്തത്.
“ശരി.. ഞാൻ പോണ്..”
നന്ദു അവനെയൊന്ന് കൂടി നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയതും സഞ്ജു മുറിയിലേക്ക് ചാടിയിറങ്ങി.
അവളുടെയൊരു പരിപ്പ് വട.. ”
മേശയിൽ നന്ദു വെച്ചിട്ട് പോയ പാത്രത്തിലേക്ക് നോക്കി സഞ്ജു പിറു പിറുത്തു.
പക്ഷേ തൊട്ടടുത്ത നിമിഷം അവൻ കൈ നീട്ടി അതിലൊരെണ്ണമെടുത്ത് കടിച്ചു.
“എങ്ങനുണ്ട്. കൊള്ളവോ?സഞ്ജുവേട്ടൻ സ്പെഷ്യൽ പരിപ്പ് വടയാണ് ”
വാതിലിന് പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്ന നന്ദു കള്ളചിരിയോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി…
തുടരും
“എഴുന്നേറ്റില്ലെടാ..?”
ഫോണെടുത്തയുടനെ സഞ്ജുവിന്റെ ചോദ്യം.
“ഒരു മണിക്കൂറായി ”
അപ്പോഴും ഉറക്കചടവോടെ ആദി പറഞ്ഞു.
“എന്നിട്ടിനിയും എന്തോ നോക്കിയിരിക്കുവാ.എഴുന്നേറ്റു റെഡിയാവുന്നില്ലേ? ഇന്ന് നിനക്ക് സ്കൂളിൽ പോണ്ടേ.. മാപ്പ് പറയാനൊക്കെയുള്ളതല്ലേ?സഞ്ജു പറഞ്ഞു കേട്ടതും ആദി കണ്ണുകൾ ഇറുക്കി അടച്ചു.
ഇന്നലെ കണ്ണിലുറക്കം പിടിക്കോളവും ഇന്ന് കണ്ണ് തുറന്ന് ഉറക്കം വിട്ടേഴുന്നേറ്റത് മുതലും മനസ്സിൽ ആകെയുള്ള ചിന്ത അത് മാത്രമായിരുന്നു.
അങ്ങോട്ട് പോണമല്ലോ എന്നോർക്കുമ്പോൾ തന്നെ ആകെയൊരു ചടപ്പ്.
ആ ഒരൊറ്റ കാര്യമോർക്കുമ്പോൾ വീണ്ടുമാ മരംകേറിയോട് തോന്നുന്നത് ദേഷ്യമാണ്.
ആറ് മാസമുള്ളുവെങ്കിലും ഇത്രമേൽ വെറുപ്പോടെയെങ്ങനെ താനാ സീറ്റിൽ പോയിരിക്കുമെന്നുള്ള ആകുലത.. അതവളുടെ സംഭാവനയാണ്.
അവളോട് ചെയ്തത് തെറ്റാണ്.
അതിന് മാപ്പ് പറയാമെന്നും ഉറപ്പിച്ചതാണ്.
അതൊരു വലിയ കുറച്ചിലായ് തോന്നുന്നുമില്ല.
സഞ്ജു പറഞ്ഞത് പോലെ ആദിത് മഹാദേവനത് ആദ്യ അനുഭവമാണ്.
അതിന്റെ കുറച്ചിലൊന്നുമില്ല.
പക്ഷേ തന്റെ മനസ്സിത്ര മാത്രം കലുഷിതമായത്, അത് തീർച്ചയായും അവൾ കാരണമാണ്.
അതോർക്കുമ്പോൾ അവളോട് മാപ്പ് പറയണമെന്നുറപ്പിച്ച മനസ്സിനൊരു ചാഞ്ചാട്ടമുണ്ട്.
ആദിക്കെല്ലാം കൂടി തല പെരുത്ത് തുടങ്ങി.
“ആദി.. ഡാ.. നീ വീണ്ടും കിടന്നുറങ്ങി പോയോ?”
സഞ്ജു വിളിച്ചു ചോദിക്കുന്നുണ്ട്.
“ഇല്ലെടാ… നീ പറ..”ആദി ചിരിയോടെ ആവിശ്യപ്പെട്ടു.
“എനിക്കത്ര മാത്രം പറയാനൊന്നുമില്ല. നീ എഴുന്നേറ്റു റെഡിയായെ. വെറുതെയിരുന്ന് ഓരോന്നോർത്തിട്ട് വീണ്ടും ചെന്നിട്ടാ ടീച്ചറോട് തട്ടി കയറും നീ..”
സഞ്ജു മുന്നറിയിപ്പ് പോലെ പറഞ്ഞു.
ആദി അതിനുത്തരമൊന്നും തന്നെ പറഞ്ഞില്ല.
“ആദി നീ കേൾക്കുന്നില്ലേ..?”
“ആ.. ടാ .. ഞാൻ എഴുന്നേറ്റു..”
ആദി പുതപ്പ് മാറ്റി കൊണ്ട് കിടക്കയിൽ നിന്നും താഴേക്കിറങ്ങി.
“ഞാൻ വെക്കുവാ. എനിക്കിന്നങ്ങോട്ട് വരാൻ നേരമില്ല. എഴുന്നേൽക്കാൻ തന്നെ വൈകി. ഇനിയിപ്പോ അങ്ങോട്ട് കൂടി വന്നാൽ കോളേജിലെത്താൻ താമസിക്കും..”
സഞ്ജു പറഞ്ഞു.
“വേണ്ടടാ.. ഞാനും പോകാൻ റെഡിയാവട്ടെ..”
ആദി പറഞ്ഞത് കേട്ട് ഒന്ന് മൂളിയിട്ട് സഞ്ജു കോൾ കട്ട് ചെയ്തു.
ഫോൺ മേശയിലേക്കിട്ട് ആദിയും ഒന്ന് ശ്വാസമെടുത്തു..
❣️❣️
“നാളെ ലീവ് പറഞ്ഞേക്ക് കേട്ടോ ”
കഴിച്ചെഴുന്നേറ്റ് പോരുമ്പോഴാണ് ജയശ്രീ പിന്നിൽ നിന്നും പറഞ്ഞത്.
“എന്താ കാര്യം?”
യാതൊരു മയവുമില്ലാതെ ഇന്ദു അമ്മയെ നോക്കി.
“നാളെ നീതുവിന്റെ വീട്ടിൽ നിന്നും ആളുകൾ വരുന്നുണ്ട് ഇങ്ങോട്ട്. ചാരുവിനോടും ഞാൻ വൈകുന്നേരം വരാൻ പറഞ്ഞിട്ടുണ്ട് ”
സന്തോഷത്തോടെ ജയശ്രീ പറഞ്ഞു കേട്ടതും ഇന്ദുവിന് പുച്ഛമാണ് തോന്നിയത്.
പക്ഷേ അവളൊന്നും മിണ്ടിയില്ല.
ലീവെടുക്കാമെന്നോ എടുക്കില്ലന്നോ പറയാഞ്ഞത് കൊണ്ട് തന്നെ ജയശ്രീ സംശയത്തോടെ അവളെ നോക്കുന്നുണ്ട്.
പക്ഷേ അവളൊടെന്തെങ്കിലും പറഞ്ഞിട്ട് വീണ്ടുമൊരു വഴക്കിനു നിൽക്കാൻ അവരൊട്ടും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
ഇന്ദുവിന്റെ കാര്യത്തിൽ രാജീവ് പറഞ്ഞത് തന്നെയാണ് മികച്ച പോംവഴി.
അവൾക്കൊരു ജോലിയായി.
ഇത് വരെയും അത് കഴിഞ്ഞു മതി കല്യാണമെന്ന് അവൾ പറഞ്ഞത് അനുസരിച്ചതാണ്.
ഇനിയത് വയ്യ.
പ്രിയയെ തഴഞ്ഞ നീരസം ഇന്ദു നീതുവിനോട് കാണിക്കുമോയെന്ന് രാജീവ് ഭയപ്പെടുന്നുണ്ട്.
അവനാ കുട്ടിയെ അത്രമാത്രം ഇഷ്ടമായെന്ന് അവന്റെ പെരുമാറ്റം കൊണ്ട് തന്നെ മനസ്സിലാവും.
അവൻ കരുതുന്നത് പോലെ ഇന്ദുവിന്റെ കാര്യത്തിലൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.
ചാരുവിനെ പോലെയല്ല.
വെട്ടൊന്ന് മുറി രണ്ടു എന്നുള്ള അവളുടെ സ്വഭാവം തനിക്കും ശരിക്കറിയാമല്ലോ?
ബ്രോക്കറോട് അവളുടെ കാര്യമോന്നേൽപ്പിക്കാൻ രാധേട്ടനോട് പറയണം.
ജയശ്രീയുടെ മനസ്സിൽ നിരവധി കണക്ക് കൂട്ടലുകളായിരുന്നു.
ഒത്തു കിട്ടുകയാണെങ്കിൽ രാജീവിന്റെ കല്യാണത്തിനൊപ്പം തന്നെ ഇന്ദുവിന്റെയും കല്യാണം നടത്തണം.
ഒറ്റ ചിലവിൽ കാര്യമൊതുങ്ങുമെന്ന് മാത്രമല്ല.. നീതുവിനെതിരെ പട പൊരുതാൻ ഇന്ദുവിന് അവസരം കിട്ടുന്നില്ല എന്നൊരു വലിയ ലാഭം കൂടിയാണ് മുന്നിലുള്ളത്..
തനിക്കെതിരെ നടക്കുന്ന കരുനീക്കങ്ങളൊന്നുമറിയാതെ ഇന്ദു ഓഫീസിലേക്ക് പോകാനിറങ്ങി..
💞💞
“രാജീവിട്ട് നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്. അല്ലേ പ്രിയേ..? ”
പത്മ ചോദിച്ചത് കേട്ട് പ്രിയ അവളെ മിഴിച്ചു നോക്കി.
“നിന്റെ മുഖം കണ്ടാലേ അറിയാടീ.. നിനക്കെങ്ങോട്ട് പോവാനെ തോന്നുന്നില്ലെന്ന് ”
പത്മ അവളെ നോക്കി സങ്കടത്തോടെ ചോദിച്ചു.
പ്രിയ അവളെ നോക്കിയോന്ന് കണ്ണ് ചിമ്മി കാണിച്ചു.
“ഇനി രാജീവ് വല്ലാത്തൊന്നും ശല്യമായി വരില്ല ചേച്ചി ”
പ്രിയ പത്മയെ നോക്കി ചിരിയോടെയാണ് പറയുന്നത്.
“അതെന്താ.. അവന് ബോധം വെച്ചോ?”
സുജ രാജീവിനോടുള്ള നീരസത്തോടെ പ്രിയയെ നോക്കി.
“അയാളുടെ കല്യാണമുറപ്പിച്ചു. അത് തന്നെ കാര്യം ”
യാതൊരു ഭാവഭേദവുമില്ലാതെ പ്രിയ അത് പറയുബോൾ സുജയും പത്മയും പരസ്പരം നോക്കി.
“ആര് പറഞ്ഞു…?”
വല്ലാത്തൊരു മനപ്രയാസത്തോടെയാണ് സുജ പ്രിയയെ നോക്കി ചോദിച്ചത്.
“ഇന്ദു.. അവളിന്ന് അമ്പലത്തിൽ വന്നിരുന്നു. അപ്പൊ പറഞ്ഞതാ അമ്മേ..”
കഴിച്ചു തീർന്ന പാത്രമെടുത്ത് എഴുന്നേൽക്കുന്നതിനിടെ പ്രിയ പറഞ്ഞു.
“വല്ലാത്തൊരു ദുഷ്ടൻ തന്നെ..”
സുജക്കരിശം തീരുന്നില്ല.
“ഇത് നല്ല കൂത്ത്..”
പ്രിയ ചിരിയോടെ കെറുവിച്ചു നിൽക്കുന്ന അമ്മയെയും ചേച്ചിയെയും നോക്കി.
“എന്നായാലും രാജീവിനൊരു ജീവിതം വേണ്ടേ അമ്മേ..അതയാള് ചെയ്തു. അതിലെവിടെയാ ഇതിന് മാത്രം ദുഷ്ടത്തരമുള്ളത് .?”
“എന്നാലും ഇത്ര പെട്ടന്നൊരു ”
സുജ അവളെ നോക്കാതെ മുഖം തിരിച്ചു നിന്നിട്ടാണ് പരിഭവം മുഴുവനും പറയുന്നത്.
“അതെത്രയും പെട്ടന്ന് നടക്കണേന്ന് പ്രാർത്ഥിച്ചോണ്ട ഞാനോരോ നിമിഷവും നടക്കുന്നത്. അപ്പഴാ പെട്ടന്നായി പോയെന്നുള്ള അമ്മയുടെ പരാതി ”
പ്രിയ സുജയെ നോക്കി കണ്ണുരുട്ടി.
“നമ്മളെ വേണ്ടാത്തവരെ കുറിച്ചോർത്തു കൊണ്ട് നമ്മളെന്തിനാ അമ്മേ വെറുതെ വേവലാതിപ്പെടുന്നത്. അവരെ അവരുടെ വഴിക്ക് വിട്ടേക്കണം. നമ്മെ ഉപേക്ഷിച്ചു പോയവരാണ്. അതിനി എന്തിന്റെ പേരിലായിരുന്നാലും നമ്മളോട് ചേരാൻ താല്പര്യമില്ലായിരുന്നു എന്ന് തന്നെയാണ് ആ പിൻവാങ്ങൽ കൊണ്ട് നമ്മൾ മനസ്സിലാക്കിയെടുക്കേണ്ടത്..അത് അംഗീകരിക്കുകയല്ലേ വേണ്ടത്? അതിന് പകരം വീണ്ടും വീണ്ടും അവരിലേക്കിറങ്ങി ചെന്നിട്ട്.. അവരെങ്ങനെ ചെയ്തില്ലല്ലോ ഇങ്ങനെ ചെയ്‌തില്ലല്ലോ എന്നൊക്കെയോർത്തു വേദനിക്കുന്നവർ വിഡ്ഢികളല്ലേ..? എന്റെയമ്മ അങ്ങനൊരു വിഡ്ഢിയാവുന്നതെനിക്കിഷ്ട്ടമല്ല കേട്ടോ ”
തിരിഞ്ഞു നിൽക്കുന്ന സുജയെ തനിക്ക് നേരെ തിരിച്ചു നിർത്തി വളരെ ശാന്തമായിട്ടായിരുന്നു പ്രിയയത് പറഞ്ഞതും.
അവർ മറുപടിയൊന്നും പറഞ്ഞില്ലേലും നീറുന്ന കണ്ണുകളോടെ മകളുടെ കവിളിൽ അരുമയായി തഴുകി.
“എന്നെ വേണ്ടാത്തവനെ എനിക്കിന്നലെയെ വേണ്ട… എന്റച്ഛൻ പറയും പോലെ… എന്റെ രാജകുമാരൻ വരും.. പറന്നു വരും ”
കൈകൾ കൊണ്ടാഗ്യം കാണിച്ചിട്ട് പ്രിയ പറഞ്ഞു കേട്ടതും സുജ സങ്കടം മറന്നിട്ട് ചിരിച്ചു പോയി.
“അതോണ്ട് ആ പരട്ട രാജീവിനെ ഓർത്തിട്ട് എന്റെയമ്മ വെറുതെ സങ്കടപ്പെടരുത്.. ട്ടോ ”
പ്രിയ സുജയുടെ നേരെ നോക്കി കുറുമ്പോടെ പറഞ്ഞു.
അറിയാതെ തന്നെ സുജ തലയാട്ടി.
“ശരിയെന്ന.. ഞാൻ പോവാണ്. ബസ് വിട്ട് പോയ സ്കൂളിലെത്താനും വൈകും..”
പ്രിയ സുജയെ വിട്ടിട്ട് യാത്ര പറഞ്ഞു.
“നിനക്കെന്ത് പറ്റി ചേച്ചി. ഇന്നലെ മുതൽ ഒരുമാതിരി അവസ്ഥ. വയ്യേ.. ചായേം കുടിച്ചില്ലല്ലോ?”
അടുക്കള വാതിൽക്കൽ വീൽചെയറിലിരിക്കുന്ന പത്മയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി പ്രിയ ചോദിച്ചു.
“ഒന്നുല്ല പ്രിയേ.. ചായ.. എനിക്കിപ്പോ വേണ്ടാഞ്ഞിട്ട. കുറച്ചു കഴിഞ്ഞിട്ട് ഞാൻ കുടിച്ചോളാം ”
പ്രിയയെ നോക്കാതെ പത്മയത് പറയുമ്പോൾ ഉള്ളിലെ പതർച്ച മറ്റാർക്കും മനസ്സിലാവാതിരിക്കാൻ അവൾ വേഗം അകത്തേക്ക് വീൽചെയറുരുട്ടി.
❣️❣️
മെറൂൺ കളർ ഷർട്ടിലും ക്രീം കളർ പാന്റിലും ആദിക്കൊരു വല്ലാത്ത പ്രൌഡി തോന്നുന്നുണ്ടായിരുന്നു.
വൃത്തിയായി മുട്ടോളം മടക്കി വെച്ച ഷർട്ടിന്റെ കൈകൾ താഴ്ത്തി അത് ഫുള്ളായിയിട്ടാൽ കൂടുതൽ ഭംഗിയുണ്ടാവുമെന്ന് തോന്നിയിട്ടും അവനെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന മാധവൻ മാഷ് അതവനോട് പറഞ്ഞില്ല.
ഡ്രസ്സിംഗ് സ്റ്റൈലൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണല്ലോ.. സ്വതന്ത്ര്യമാണല്ലോ.?
അവനവന് കംഫേർട് ആണെന്ന് തോന്നുന്ന ഡ്രസ്സ് യൂസ് ചെയ്യുകയെന്നതാണ് ഒരാളുടെ ഏറ്റവും വലിയ കോൺഫിഡൻസ്.
“ഇതെന്താ മുത്തച്ഛ ഇങ്ങനെ നോക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ?”
മാഷിന്റെ നോട്ടം കണ്ടതും സ്വയമൊന്നു കൂടി നോക്കി ആദി ചിരിയോടെ ചോദിച്ചു.
“നിനക്ക് ചേരുന്നുണ്ട് ആദി… ഇപ്പൊ കാണുമ്പോൾ നിന്റച്ഛനെ പോലെ..”
നനുത്തൊരു മന്ദഹാസത്തോടെ മാഷ് പറഞ്ഞു.
“അത്രേ ഒള്ളോ.. ഞാൻ കരുതി ഞാനിന്ന് വളരെ ബോറായിട്ടാണ് ഡ്രസ്സ് ചെയ്തതെന്ന്..”
അച്ഛനെ കുറിച്ചുള്ള പരാമർശം വന്നതും ആദിയുടെ ഉള്ളിലൂടെയൊരു നെഗറ്റീവ് ഫീൽ വന്നതും അതിനെ പുറത്തെടുക്കാതെ അവൻ മാഷിനെ നോക്കി ചിരിയോടെ പറഞ്ഞു.
“ഏയ്… നന്നായിട്ടുണ്ട്. നീ കൈ കഴുകി വാ.. ഭക്ഷണം കഴിക്കാം ”
മാഷ് അവനെ നോക്കി ചിരിയോടെ പറഞ്ഞു.
ആദി കൈ കഴുകി തുടച്ചു കൊണ്ട് മാഷിന്റെ അരികിൽ പോയിരുന്നു.
“ഇന്നലത്തെ അതേ ആവേശം ഇന്നുമുണ്ടോ.. നിനക്ക് പോകാൻ?”
കഴിക്കുന്നതിനിടെ മാഷ് ആദിയെ നോക്കി ചോദിച്ചു.
ആ ചോദ്യത്തിന്റെ പൊരുളെന്താണെന്ന് മനസ്സിലായില്ലയെങ്കിലും ആദി അതേയെന്ന് തലയാട്ടി.
അല്ലങ്കിലും പോവാനൊക്കെ നല്ല ഉത്സാഹമുണ്ട്.
പക്ഷേ ഉള്ളിലെ ഭയം മുഴുവനും തന്നിലേക്ക് വലിഞ്ഞു കയറി വരുന്ന ദേഷ്യത്തെയാണ്.
ദേഷ്യം നിറഞ്ഞു കഴിഞ്ഞാൽ പിന്നെ നീ മറ്റൊരാളാണെന്ന് തന്നെ കുറിച്ച് കുറെ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.
അത് സത്യമാണെന്ന് തനിക്കറിയുകയും ചെയ്യും.
അതിനെതിരെ എന്ത് പ്രതിവിധിയാണ് തേടേണ്ടതെന്ന് മാത്രമാണ് ഇനിയും മനസ്സിലാക്കാനുള്ളത്.
ആദി… ”
മാഷിന്റെ വിളി കേട്ടതും അവനൊന്നു തല കുടഞ്ഞു.
“ചോദിച്ചത് കേട്ടില്ലേ നീ. പ്രിയയെ കണ്ടായിരുന്നോ നീയിന്നലെ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ?”
മാഷിന്റെ ചോദ്യം കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു.
“പ്രിയ…?”
അവൻ ചോദ്യഭാവത്തിൽ മാഷിനെ നോക്കി.
“ആ..ടാ.. കൃഷ്ണ പ്രിയ.അവളെ കുറിച്ച് എന്നോട് വളരെ കാര്യമായിട്ട് ചോദിച്ചു മനസ്സിലാക്കിയതല്ലേ നീ മുൻപ്.ഞാൻ കരുതി സ്കൂളിലെത്തിയ നീയാദ്യം അവളെയായിരിക്കും അന്വേഷിക്കുകയെന്ന് ”
മാഷ് ചിരിയോടെ പറഞ്ഞു കേട്ടതും ആദിയുടെ കണ്ണുകൾ വിടർന്നു.
“ഓഓഓഓ.. മുത്തച്ഛന്റെ പെറ്റ്.. കൃഷ്ണപ്രിയ..”
അവൻ മനോഹരമായൊരു ചിരിയോടെ മാഷിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“പോടാ.. അവളെനിക്ക് നിന്നെ പോലെ തന്നെയാണ്. നിന്നോടുള്ള അതേ ഇഷ്ടം എനിക്കവളോടും നിനക്കെന്നോടുള്ളത്രേം ഇഷ്ടം അവൾക്കെന്നോടുമുണ്ട്… ”
മാഷൊരു ചിരിയോടെ ആദിയെ നോക്കി.
“ഇന്നലെ എനിക്ക് മിസ്സായി മുത്തച്ഛന്റെ കൊച്ചു മോളെ പരിചയപ്പെടാനുള്ള അപൂർവ ചാൻസ്.. പക്ഷേ ഇന്നെന്തായാലും ഞാനാ കൃഷ്ണപ്രിയയെ മീറ്റ് ചെയ്തിരിക്കും ”
കഴിച്ചു കഴിഞ്ഞേഴുന്നേറ്റ് പോകും വഴി പറഞ്ഞു.
മാഷ് ചിരിയോടെ അവനെ നോക്കി.
“പോട്ടെ…”
കൈ കഴുകി തുടച്ചു കൊണ്ട് മാഷിന് മുന്നിൽ വന്നു നിന്നിട്ട് ആദി യാത്ര ചോദിച്ചു.
“മ്മ്.. പോയിട്ട് വാ ”
മാഷവനെ നോക്കി പറഞ്ഞു..
കാറിലേക്ക് കയറിയതും മാക്സിമം സന്തോഷമുള്ളത് മാത്രം ഓർക്കാനാണ് ആദി ശ്രമിച്ചത്.
കാരണം മനസ്സിൽ മൂടികെട്ടിയ തന്റെ സങ്കടങ്ങളാണ് ഇന്നലെയത്രേം ശക്തമായി പൊട്ടി തെറിച്ചു പോയതെന്നവനറിയാം.
കാറിൽ പതിഞ്ഞ ശബ്ദത്തിൽ പാടുന്ന പാട്ടിനൊപ്പം ആദിയും മൂളി..
ആസ്വദിച്ചു ഡ്രൈവ് ചെയ്തത് കൊണ്ടാണോ എന്തോ… വിചാരിച്ചതിലും വളരെ നേരത്തെ തന്നെ അവൻ സ്കൂളിൽ എത്തി ചേർന്നിരുന്നു.
നിറഞ്ഞ ചിരിയോടെയാണ് കാറൊതുക്കി പുറത്തെക്കിറങ്ങിയത്.
തലേന്ന് വേഗം ഓഫിസ് മുറിയിലേക്ക് കയറി പോയതിനാൽ സ്കൂളൊ അതിന്റെ പരിസരമോ ഒന്നും കണ്ണിലുടക്കി നിന്നിട്ടില്ല.
ഓടിട്ട നീണ്ട കുറെയേറെ കെട്ടിടങ്ങളായി അതങ്ങനെ പടർന്നു കിടപ്പുണ്ട്.
ആ ഗ്രാമത്തിന്റെ വിശുദ്ധി പോലെ..
“മോനിന്ന് നേരത്തെയാണല്ലോ?”
അവൻ വന്നതറിഞ്ഞു കൊണ്ടോടിയെത്തിയ മണിക്ക് നേരെ ആദി ചിരിച്ചു കൊണ്ടാണ് ഗുഡ്മോർണിംഗ് പറഞ്ഞത്.
“ഗുഡ്മോർണിംഗ്…മാഷിന് എങ്ങനെയുണ്ട് മോനെ..?”
മണിയേട്ടൻ അവനെ നോക്കി കൊണ്ട് ചോദിച്ചു.
“ഇപ്പൊ കുഴപ്പമില്ല മണിയേട്ടാ.. ആള് ഒക്കെയാണ് ”
പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു ചുറ്റും കണ്ണോടിച്ചു നോക്കുന്നതിനിടെ ആദി പറഞ്ഞു.
“ഇന്നലെ ഇവിടെയൊന്നും കാണാൻ പറ്റിയില്ല. അല്ലേ?”
അവന്റെ നോട്ടം കണ്ടതും മണിയേട്ടൻ ചിരിയോടെ ആദിയെ നോക്കി ചോദിച്ചു.
“ഇല്ല.. എത്ര മണിക്കാ ഫസ്റ്റ് ബെല്ലടിക്കുന്നെ..?”
കയ്യിലെ വാച്ചിലേക്ക് നോക്കിയാണ് ആദി ചോദിച്ചത്.
“പത്തു മണിക്ക്..”
“മ്മ്.. പത്തു മിനിറ്റ് കൂടിയുണ്ട്. ഞാനൊന്ന് നടന്നിട്ട് വരാം ”
ആദി പറഞ്ഞു.
“ബാക്കി ടീച്ചഴെസ് എല്ലാരും എത്തിയിട്ടുണ്ടോ..?”
അവൻ മണിയേട്ടനെ നോക്കി.
“ഒന്ന് രണ്ടു പേര് കൂടി എത്താനുണ്ട്.. അവര് വരുന്ന സമയം ആകുന്നൊള്ളു…”
“മ്മ്.. ഓക്കേ.. മണിയേട്ടൻ പോയികോളു.ബെല്ലടിക്കുമ്പോഴേക്കും ഞാൻ വരാം ”
അത് പറഞ്ഞു കൊണ്ട് ആദിയാ വരാന്തയിലേക്ക് കയറി.
നിരന്നു നിൽക്കുന്ന ക്ലാസിലും ഇടയ്ക്കിടെ ഉരുണ്ട തൂണുകളുള്ള നീണ്ടു വരാന്തയിലുമായി ചിതറി കിടക്കുന്ന ബാല്യങ്ങൾ.
ചിലരെല്ലാം അവന്റെ രൂപവും അവൻ അരികിലെത്തുമ്പോൾ അവനിൽ നിന്നോഴുകി പരക്കുന്ന ഹൃദ്യമായ സുഗന്ധവും ആസ്വദിച്ചു കൊണ്ട് അത്ഭുതത്തോടെ നോക്കുന്നുണ്ട്.
അരികിലൂടെ ഓടി പാഞ്ഞു പോയവനെ കണ്ടിട്ട് ആദി ചിരിച്ചു പോയി.
തൊട്ടരികിൽ വന്നിട്ട് അവനെ നോക്കി ചിരിക്കുന്നവന്റെ തലയിലൊന്ന് തട്ടി..ആദി മുന്നോട്ടു നടന്നു.
മുത്തച്ഛൻ പറയുന്നതെത്ര നേരാണ്!
ആസ്വദിക്കാൻ കഴിയുമെങ്കിൽ ഇവിടൊരു സ്വർഗം മറഞ്ഞിരിക്കുന്നുണ്ട്.
ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന വളരെ വലിയൊരു സ്വർഗം..
💞💞
ഫസ്റ്റ് ബെല്ലടിക്കാൻ അഞ്ചു മിനിറ്റ് കൂടിയേ ബാക്കിയൊള്ളു.
ആ ധൃതിയിൽ മുന്നോട്ട് നടക്കുമ്പോഴും തലേന്ന് വീണതിന്റെ ഓർമ മനസ്സിൽ മായാതെ പറ്റി പിടിച്ചു കിടപ്പുള്ളത് കൊണ്ട് തന്നെ പരമാവധി ശ്രദ്ധിച്ചാണ് പ്രിയ നടക്കുന്നത്.
വീണ്ടുമാ ജാഡക്കാരന് മുന്നിൽ പോയി നിൽക്കണമല്ലോ എന്നയോർമയിൽ മനം മടുപ്പിക്കുന്നെണ്ടെങ്കിലും വരുന്നിടത്തു വെച്ച് കാണാമെന്നുള്ളൊരു മാനസികയാവസ്ഥയിലെത്തി ചേർന്നിരുന്നു.
സ്റ്റാഫ് റൂമിൽ ബാഗ് വെച്ചിട്ടാണ് ഓഫീസിൽ പോയി രെജിസ്റ്ററിൽ അറ്റന്റൻസ് ഒപ്പ് വെക്കാറുള്ളത്.
സ്റ്റാഫ് റൂമിൽ തലേന്നുള്ള മൗനം മാറിയിട്ടൊരു ഓളം വന്നിട്ടുണ്ട്.
“വരുന്നുണ്ട്.. വരുന്നുണ്ട്..”
പ്രിയയെ കണ്ടതും വിലാസിനി ടീച്ചർ പറയുന്നത് പ്രിയയും കൂടി വ്യക്തമായി കേൾക്കാവുന്നത്ര ശബ്ദത്തിലായിരുന്നു.
നിറഞ്ഞ ചിരിയോടെയിരിക്കുന്ന രാജീവിനെ കണ്ടതും പ്രിയയിലും മനോഹരമായൊരു ചിരിയുണ്ടായിരുന്നു.
“അങ്ങോട്ട് കൊടുക്ക് രാജീവ് സാറേ.. ഇവിടെ ചിലരുടെ മനസ്സിൽ ഇനിയും വല്ല മോഹവും ബാക്കിയുണ്ടെങ്കിൽ അതൊക്കെയങ് അവസാനിച്ചുവെന്നറിയിച്ചു കൊടുക്ക് ”
വിലാസിനി ടീച്ചർക്കാണ് വല്ലാത്ത ആവേശം.
ഒരുവേള അവരെല്ലാം തന്നെ കാത്തിരുക്കുകയായിരുന്നോ എന്ന് പോലും പ്രിയക്ക് തോന്നി പോയി.
“ദാ… മധുരമെടുക്ക്. ”
അവളെ നോക്കിയൊരു പുച്ഛത്തോടെ രാജീവ് കൈയ്യിലുള്ള മിടായി പ്രിയക്ക് നേരെ നീട്ടി.
“എന്താ വിശേഷം..?”
അതിൽ നിന്നൊരണമെടുത്ത് പ്രിയ അതേ ചിരിയോടെ രാജീവിനെ നോക്കി.
അതവൻ പറഞ്ഞു കേൾക്കാൻ വല്ലാത്തൊരു കൊതിയുണ്ടായിരുന്നു അവളിലപ്പോൾ.
“എന്റെ വിവാഹമുറപ്പിച്ചു ”
വെല്ലുവിളി പോലൊരു ചിരിയിൽ രാജീവത് പറയുമ്പോൾ ഹൃദ്യമായൊരു ചിരിയോടെ പ്രിയ അവനെ നോക്കി കൺഗ്രാജുലേഷൻ പറഞ്ഞു.
അവന് മുന്നിൽ വെച്ച് തന്നെ അവളാ മിടായി പൊതി അഴിച്ചിട്ടു വായിലിട്ട് നുണഞ്ഞു.
“ഞാൻ ഒപ്പിട്ടിട്ട് വരാം ”
തന്നിലെ വേദനയും നിരാശയും ഒപ്പിയെടുത്തു രസിക്കാൻ കാത്ത് നിന്നവരെ തീർത്തും നിരാശപ്പെടുത്തി കൊണ്ട് നേർത്തൊരു ചിരിയോടെ.. യാതൊരു പരിഭവം പോലുമില്ലാതെ പ്രിയയിറങ്ങി പോയി…
❣️❣️
ഓഫീസിൽ മുറിയിലേക്ക് കയറുമ്പോൾ അന്ന് വരെയുമില്ലാത്ത വെപ്രാളവും പരവേശവുമായിരുന്നു അവൾക്കെങ്കിൽ.. അവളെങ്ങോട്ട് കയറി ചെന്നത് മുതൽ ശ്വാസം പോലും പിടിച്ചിരിപ്പായിരുന്നു ആദി.
മുന്നിലുള്ള ഫയലിൽ നോക്കിയാണ് അവനിരിക്കുന്നത്.
പ്രിയ ചെന്നപ്പോഴൊന്ന് തലയുയർത്തി നോക്കിയിട്ട് അതേ സ്പീഡിൽ തല താഴ്ത്തി.
അവന്റെ വലിഞ്ഞു മുറുകിയ മുഖത്തേക്കൊന്ന് നോക്കിയിട്ട് അവളും അതേ സെക്കന്റിൽ അവളും നോട്ടം തിരിച്ചു.
മേശക്ക് മുകളിലെ രെജിസ്റ്റർ ബുക്കിൽ ഒപ്പിട്ടു കൊണ്ട് പ്രിയ വേഗം തന്നെ തിരിഞ്ഞു നടന്നു.
“ടോ… ഒന്ന് നിന്നേ…”
വാതിലിന്റെ ലോക്കിൽ പിടിച്ചു തുറക്കും മുന്നേ പിന്നിൽ നിന്നും ആദിയുടെ മുഴക്കമുള്ള സ്വരം കേട്ടതും പ്രിയ സ്വയമറിയാതെ തന്നെ അവിടെ നിന്ന് പോയിരുന്നു…
തുടരും..

by